വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 5

ദൈവ​രാ​ജ്യ​ത്തി​ന്മേൽ രാജാവ്‌ പ്രകാശം ചൊരി​യു​ന്നു

ദൈവ​രാ​ജ്യ​ത്തി​ന്മേൽ രാജാവ്‌ പ്രകാശം ചൊരി​യു​ന്നു

മുഖ്യവിഷയം

ദൈവരാജ്യം, അതിന്റെ ഭരണാ​ധി​കാ​രി​കൾ, പ്രജകൾ, വിശ്വസ്‌ത​ത​യു​ടെ പ്രാധാ​ന്യം എന്നിവ​യെ​ക്കു​റി​ച്ചുള്ള സുപ്ര​ധാന സത്യങ്ങൾ ദൈവ​ജനം തിരി​ച്ച​റി​യു​ന്നു

1, 2. യേശു​വി​നെ ജ്ഞാനി​യായ വഴികാ​ട്ടി എന്നു വിളി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

 അതിശ​യി​പ്പി​ക്കുന്ന കാഴ്‌ചകൾ ഒളിപ്പിച്ച്‌ കാത്തി​രി​ക്കുന്ന അതിമ​നോ​ഹ​ര​മായ ഒരു നഗരം ചുറ്റി​ക്കാ​ണു​ക​യാ​ണു നിങ്ങൾ! കൂട്ടിന്‌ അനുഭ​വ​പ​രി​ച​യ​മുള്ള ഒരു വഴികാ​ട്ടി​യു​മുണ്ട്‌. ആ നഗരത്തിൽ നിങ്ങൾ ഇത്‌ ആദ്യമാണ്‌, കൂടെ​യു​ള്ള​വ​രു​ടെ കാര്യ​വും അങ്ങനെ​തന്നെ. അതു​കൊ​ണ്ടു​തന്നെ വഴികാ​ട്ടി​യു​ടെ ഓരോ വാക്കി​നും നിങ്ങൾ കാതു​കൂർപ്പി​ക്കു​ന്നുണ്ട്‌. കാണാ​നി​രി​ക്കുന്ന ചില കാഴ്‌ച​ക​ളെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ ഇടയ്‌ക്കൊ​ക്കെ നിങ്ങൾക്കും കൂടെ​യു​ള്ള​വർക്കും ആവേശം അടക്കാ​നാ​കു​ന്നില്ല. പക്ഷേ അതെക്കു​റിച്ച്‌ ചോദി​ക്കു​മ്പോൾ അദ്ദേഹം ഒന്നും മിണ്ടു​ന്നില്ല. സമയമാ​കട്ടെ പറയാം എന്ന ഭാവമാണ്‌ ആ മുഖത്ത്‌. മിക്ക​പ്പോ​ഴും ഒരു കാഴ്‌ച നിങ്ങളു​ടെ കൺമു​ന്നി​ലേക്കു വരുമ്പോഴായിരിക്കും അദ്ദേഹം അതിന്‌ ഉത്തരം തരുക. സമയം കടന്നു​പോ​കും​തോ​റും നിങ്ങൾക്ക്‌ അദ്ദേഹ​ത്തി​ന്റെ ജ്ഞാനത്തിൽ കൂടു​തൽക്കൂ​ടു​തൽ മതിപ്പു തോന്നു​ന്നു. കാരണം, നിങ്ങൾ ഒരു കാര്യം അറിയേണ്ട കൃത്യ​സ​മ​യ​ത്താണ്‌ അദ്ദേഹം അതു പറഞ്ഞു​ത​രു​ന്നത്‌.

2 ഒരുത​ര​ത്തിൽ പറഞ്ഞാൽ സത്യ​ക്രിസ്‌ത്യാ​നി​ക​ളു​ടെ​യെ​ല്ലാം സാഹച​ര്യം ആ വിനോ​ദ​സഞ്ചാ​രി​ക​ളു​ടേ​തു​പോ​ലെ​യാണ്‌. എന്തു​കൊണ്ട്‌? എല്ലാ നഗരങ്ങ​ളി​ലും​വെച്ച്‌ ഏറ്റവും അതിശ​യി​പ്പി​ക്കുന്ന ‘ഉറച്ച അടിസ്ഥാ​ന​ങ്ങ​ളുള്ള നഗര​ത്തെ​ക്കു​റിച്ച്‌,’ അതായത്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌, ഉത്സാഹ​ത്തോ​ടെ പഠിക്കു​ന്ന​വ​രാ​ണു നമ്മൾ. (എബ്രാ. 11:10) ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ തന്റെ അനുഗാ​മി​കൾക്ക്‌ ആ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ആഴമായ അറിവ്‌ പകർന്നു​കൊ​ടു​ത്തു​കൊണ്ട്‌ യേശു അവർക്ക്‌ ഒരു വഴികാ​ട്ടി​യാ​യി. എന്നാൽ അവരുടെ എല്ലാ ചോദ്യ​ങ്ങൾക്കും യേശു ഉത്തരം കൊടു​ത്തോ? ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ എല്ലാ കാര്യ​ങ്ങ​ളും അവർക്ക്‌ ഉടനടി പറഞ്ഞു​കൊ​ടു​ത്തോ? ഇല്ല. യേശു പറഞ്ഞു: “ഇനിയും ഒരുപാ​ടു കാര്യങ്ങൾ എനിക്കു നിങ്ങ​ളോ​ടു പറയാ​നുണ്ട്‌. പക്ഷേ ഇപ്പോൾ നിങ്ങൾക്ക്‌ അതൊ​ന്നും ഉൾക്കൊ​ള്ളാൻ പറ്റില്ല.” (യോഹ. 16:12) തന്റെ ശിഷ്യ​ന്മാർക്ക്‌ ഉൾക്കൊ​ള്ളാൻ പറ്റാത്ത രീതി​യിൽ അറിവ്‌ പകർന്നു​കൊ​ടുത്ത്‌ അവരെ ഭാര​പ്പെ​ടു​ത്താൻ യേശു ഒരിക്കൽപ്പോ​ലും മുതിർന്നില്ല. ഏറ്റവും ജ്ഞാനി​യായ വഴികാ​ട്ടി​യാ​യി​രു​ന്നി​ല്ലേ യേശു?

3, 4. (എ) യേശു ഇപ്പോ​ഴും ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ വിശ്വസ്‌തരെ പഠിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) ഈ അധ്യാ​യ​ത്തിൽ നമ്മൾ എന്തു പഠിക്കും?

3 യോഹ​ന്നാൻ 16:12-ലെ ആ വാക്കുകൾ യേശു പറഞ്ഞതു തന്റെ ഭൗമി​ക​ജീ​വി​ത​ത്തി​ന്റെ അവസാ​ന​രാ​ത്രി​യി​ലാ​യി​രു​ന്നു. എന്നാൽ മരണ​ശേഷം യേശു ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ വിശ്വസ്‌തരെ എങ്ങനെ പഠിപ്പി​ക്കും? അപ്പോസ്‌ത​ല​ന്മാർക്ക്‌ യേശു ഈ ഉറപ്പു കൊടു​ത്തു: “സത്യത്തി​ന്റെ ആത്മാവ്‌ . . . നിങ്ങളെ നയിക്കും. അങ്ങനെ നിങ്ങൾക്കു സത്യം മുഴു​വ​നാ​യി മനസ്സി​ലാ​കും.” a (യോഹ. 16:13) നമുക്കു പരിശു​ദ്ധാ​ത്മാ​വി​നെ, ക്ഷമയുള്ള ഒരു വഴികാ​ട്ടി​യാ​യി മനസ്സിൽ കാണാം. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ തന്റെ ശിഷ്യ​ന്മാർ അറിയേണ്ട ഏതു കാര്യ​വും, അത്‌ അവർ അറിയേണ്ട കൃത്യ​സ​മ​യത്ത്‌ പഠിപ്പി​ക്കാൻ യേശു പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗി​ക്കു​ന്നു.

4 ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിവ്‌ നേടാൻ ആത്മാർഥ​ഹൃ​ദ​യ​രായ ക്രിസ്‌ത്യാ​നി​കളെ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാവ്‌ നയിച്ചു​പോ​ന്നത്‌ എങ്ങനെ​യാ​ണെന്നു നമുക്ക്‌ ഇപ്പോൾ നോക്കാം. ദൈവ​രാ​ജ്യം ഭരിച്ചു​തു​ട​ങ്ങിയ വർഷം നമുക്ക്‌ എങ്ങനെ മനസ്സി​ലാ​യെ​ന്നാണ്‌ ആദ്യമാ​യി കാണാൻപോ​കു​ന്നത്‌. തുടർന്ന്‌, ദൈവ​രാ​ജ്യ​ത്തി​ന്റെ ഭരണാ​ധി​കാ​രി​ക​ളും പ്രജക​ളും ആരൊ​ക്കെ​യാ​ണെ​ന്നും അവരുടെ പ്രത്യാ​ശകൾ എന്താ​ണെ​ന്നും നമ്മൾ പരി​ശോ​ധി​ക്കും. ഒടുവിൽ, ദൈവ​രാ​ജ്യ​ത്തോ​ടുള്ള വിശ്വസ്‌ത​ത​യിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​പ്പറ്റി ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്കു വ്യക്തമായ അറിവ്‌ കിട്ടി​യത്‌ എങ്ങനെ​യെ​ന്നും നമ്മൾ പഠിക്കും.

അതി​പ്ര​ധാ​ന​മായ ഒരു വർഷം

5, 6. (എ) ദൈവ​രാ​ജ്യം സ്ഥാപി​ത​മാ​കു​ന്ന​തി​നെ​ക്കു​റി​ച്ചും കൊയ്‌ത്തി​നെ​ക്കു​റി​ച്ചും ബൈബിൾവി​ദ്യാർഥി​കൾക്ക്‌ എന്തെല്ലാം തെറ്റി​ദ്ധാ​ര​ണ​ക​ളു​ണ്ടാ​യി​രു​ന്നു? (ബി) യേശു​വി​ന്റെ അനുഗാ​മി​കൾക്ക്‌ അത്തരം ചില തെറ്റി​ദ്ധാ​ര​ണ​ക​ളു​ണ്ടാ​യി​രു​ന്നെന്നു കരുതി, യേശു അവരെ വഴികാ​ണി​ച്ചി​രു​ന്നോ എന്നു നമ്മൾ സംശയി​ക്കേ​ണ്ട​തു​ണ്ടോ?

5 ഈ പുസ്‌ത​ക​ത്തി​ന്റെ രണ്ടാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, ബൈബിൾപ്ര​വ​ച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യിൽ 1914 എന്ന വർഷത്തി​നുള്ള പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ ദശകങ്ങ​ളോ​ളം ബൈബിൾവി​ദ്യാർഥി​കൾ മറ്റുള്ള​വ​രോ​ടു പറഞ്ഞു​പോ​ന്നി​രു​ന്നു. എന്നാൽ ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യം 1874-ൽ തുടങ്ങി​ക്ക​ഴി​ഞ്ഞെ​ന്നാണ്‌ അന്ന്‌ അവർ വിശ്വ​സി​ച്ചി​രു​ന്നത്‌. ക്രിസ്‌തു 1878-ൽ സ്വർഗ​ത്തിൽ ഭരണം തുടങ്ങി​യെ​ന്നും 1914 ഒക്‌ടോ​ബ​റിൽ മാത്രമേ ദൈവ​രാ​ജ്യം പൂർണ​മാ​യും സ്ഥാപി​ത​മാ​കൂ എന്നും അവർ കരുതി​യി​രു​ന്നു. കൊയ്‌ത്ത്‌ 1874 മുതൽ 1914 വരെ നീളു​മെ​ന്നും അഭിഷി​ക്തരെ സ്വർഗ​ത്തി​ലേക്കു കൂട്ടി​ച്ചേർക്കു​ന്ന​തോ​ടെ അത്‌ അവസാ​നി​ക്കു​മെ​ന്നും അവർ ധരിച്ചു​വെ​ച്ചി​രു​ന്നു. ആ വിശ്വസ്‌തർക്ക്‌ ഇതു​പോ​ലുള്ള ചില തെറ്റി​ദ്ധാ​ര​ണ​ക​ളു​ണ്ടാ​യി​രു​ന്നെന്നു കരുതി, യേശു അവരെ ശരിക്കും പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ വഴികാ​ണി​ച്ചി​രു​ന്നോ എന്നു നമ്മൾ സംശയി​ക്ക​ണോ?

6 ഒരിക്ക​ലും വേണ്ടാ! നമ്മൾ തുടക്ക​ത്തിൽ പറഞ്ഞ ഉദാഹ​ര​ണ​ത്തി​ലേക്ക്‌ ഒന്നുകൂ​ടി ശ്രദ്ധ തിരിക്കൂ. ആ വിനോ​ദ​സ​ഞ്ചാ​രി​കൾ സമയത്തി​നു മുമ്പേ പല കാര്യങ്ങൾ ചിന്തി​ച്ചു​കൂ​ട്ടി, അവർ ആവേശം കയറി ചില ചോദ്യ​ങ്ങൾ ചോദി​ച്ചു. അവർക്ക്‌ അതി​നെ​ല്ലാം ഉടനടി ഉത്തരം കിട്ടി​യി​ല്ലെന്നു കരുതി അദ്ദേഹം ഒരു നല്ല വഴികാ​ട്ടി​യ​ല്ലെ​ന്നോ അദ്ദേഹത്തെ ആശ്രയി​ക്കാൻ കൊള്ളി​ല്ലെ​ന്നോ ചിന്തി​ക്കു​ന്നതു ശരിയാ​ണോ? അല്ല. അതു​പോ​ലെ​ത​ന്നെ​യാ​ണു ദൈവ​ജ​ന​ത്തി​ന്റെ കാര്യ​വും. യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​ന്റെ വിശദാം​ശ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള സത്യങ്ങ​ളി​ലേക്കു പരിശു​ദ്ധാ​ത്മാവ്‌ ദൈവ​ജ​നത്തെ നയിക്കാ​നുള്ള സമയമാ​കു​ന്ന​തി​നു മുമ്പേ അതു മനസ്സി​ലാ​ക്കാൻ അവർ ചില​പ്പോ​ഴൊ​ക്കെ ശ്രമി​ക്കാ​റുണ്ട്‌. എങ്കിലും യേശു​വാണ്‌ അവരെ നയിക്കു​ന്ന​തെന്ന കാര്യ​ത്തിൽ സംശയം വേണ്ടാ! വിശ്വസ്‌ത​രായ അവരുടെ അത്തരം ശ്രമങ്ങൾ, അവർ തിരുത്തൽ സ്വീക​രി​ക്കു​ന്ന​വ​രാ​ണെന്നു തെളി​യി​ക്കാ​നുള്ള അവസരം ഒരുക്കു​ന്നു. അവർ താഴ്‌മ​യോ​ടെ തങ്ങളുടെ കാഴ്‌ച​പ്പാ​ടി​നു വേണ്ട മാറ്റങ്ങൾ വരുത്തു​ക​യും ചെയ്യുന്നു.—യാക്കോ. 4:6.

7. ആത്മീയ​വെ​ളി​ച്ചം പകർന്ന ഏതെല്ലാം ഒളിമി​ന്ന​ലു​കൾ ദൈവ​ജ​ന​ത്തി​നു ലഭിച്ചു?

7 1919-നു ശേഷമുള്ള വർഷങ്ങ​ളിൽ, ദൈവ​ജ​ന​ത്തി​നു വീണ്ടും​വീ​ണ്ടും ആത്മീയ​പ്ര​കാ​ശ​ത്തി​ന്റെ ഒളിമി​ന്ന​ലു​കൾ ലഭിച്ചു. (സങ്കീർത്തനം 97:11 വായി​ക്കുക.) 1925-ൽ “ഒരു ജനതയു​ടെ ജനനം” എന്നൊരു ചരി​ത്ര​പ്ര​ധാ​ന​ലേ​ഖനം വീക്ഷാ​ഗോ​പു​ര​ത്തിൽ പ്രത്യ​ക്ഷ​പ്പെട്ടു. ദൈവ​ത്തി​ന്റെ സ്വർഗീ​യസ്‌ത്രീ പ്രസവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ വെളി​പാട്‌ 12-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രവചനം നിറ​വേ​റ്റി​ക്കൊണ്ട്‌ 1914-ൽ മിശി​ഹൈ​ക​രാ​ജ്യം ജനിച്ചു എന്നു ബോധ്യ​പ്പെ​ടു​ത്തുന്ന തിരു​വെ​ഴു​ത്തു​തെ​ളി​വു​കൾ ആ ലേഖന​ത്തി​ലു​ണ്ടാ​യി​രു​ന്നു. b സാത്താനെ സ്വർഗ​ത്തിൽനിന്ന്‌ താഴേക്കു വലി​ച്ചെ​റി​ഞ്ഞെ​ന്നും തനിക്കു “കുറച്ച്‌ കാലമേ ബാക്കി​യു​ള്ളൂ എന്ന്‌ അറിഞ്ഞ്‌ (സാത്താൻ) ഉഗ്ര​കോ​പ​ത്തോ​ടെ” നടക്കു​ക​യാ​ണെ​ന്നും യുദ്ധകാ​ലത്ത്‌ യഹോ​വ​യു​ടെ ജനം അനുഭ​വിച്ച ഉപദ്ര​വ​ങ്ങ​ളും കഷ്ടപ്പാ​ടു​ക​ളും അതിന്റെ വ്യക്തമായ സൂചന​ക​ളാ​ണെ​ന്നും ആ ലേഖനം വിശദീ​ക​രി​ച്ചു.—വെളി. 12:12.

8, 9. (എ) ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രാധാ​ന്യ​ത്തിന്‌ ഊന്നൽ ലഭിച്ചത്‌ എങ്ങനെ? (ബി) നമ്മൾ ഏതു ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കും?

8 ദൈവ​രാ​ജ്യ​ത്തിന്‌ എത്ര പ്രാധാ​ന്യ​മുണ്ട്‌? നമുക്ക്‌ ഓരോ​രു​ത്തർക്കും മോച​ന​വി​ല​യി​ലൂ​ടെ സാധ്യ​മായ രക്ഷയെ​ക്കാൾ പ്രധാ​ന​മാ​ണു ദൈവ​രാ​ജ്യം എന്ന കാര്യ​ത്തിന്‌ 1928 മുതൽ വീക്ഷാ​ഗോ​പു​രം ഊന്നൽ നൽകി​ത്തു​ടങ്ങി. അതെ, തന്റെ പേരിന്റെ പരിശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കാ​നും തന്റെ പരമാ​ധി​കാ​ര​മാണ്‌ ഉചിത​മെന്നു തെളി​യി​ക്കാ​നും മനുഷ്യ​കു​ടും​ബ​ത്തെ​ക്കു​റി​ച്ചുള്ള തന്റെ ഉദ്ദേശ്യ​ങ്ങ​ളെ​ല്ലാം നടപ്പാ​ക്കാ​നും യഹോവ ഉപയോ​ഗി​ക്കു​ന്നത്‌ ആ മിശി​ഹൈ​ക​രാ​ജ്യ​ത്തെ​യാ​യി​രി​ക്കും.

9 ദൈവ​രാ​ജ്യ​ത്തിൽ ക്രിസ്‌തു​വി​ന്റെ​കൂ​ടെ ഭരിക്കു​ന്നത്‌ ആരൊ​ക്കെ​യാ​യി​രി​ക്കും? ആ രാജ്യ​ത്തി​നു ഭൂമി​യി​ലുള്ള പ്രജകൾ ആരൊക്കെ? ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ ഏതു പ്രവർത്ത​ന​ത്തി​ലാ​ണു മുഴു​കേ​ണ്ടത്‌?

കൊയ്‌ത്ത്‌ അഭിഷി​ക്ത​രിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നു

10. ദൈവ​ജ​ന​ത്തി​നു പണ്ടുമു​തലേ 1,44,000-ത്തെക്കു​റിച്ച്‌ എന്ത്‌ അറിയാ​മാ​യി​രു​ന്നു?

10 ക്രിസ്‌തു​വി​ന്റെ വിശ്വസ്‌താ​നു​ഗാ​മി​ക​ളായ 1,44,000 പേർ ക്രിസ്‌തു​വി​ന്റെ​കൂ​ടെ സ്വർഗ​ത്തിൽ ഭരിക്കു​മെന്ന്‌ 1914-നു ദശകങ്ങൾക്കു മുമ്പേ സത്യ​ക്രിസ്‌ത്യാ​നി​കൾക്ക്‌ അറിയാ​മാ​യി​രു​ന്നു. c അത്‌ ഒരു അക്ഷരീ​യ​സം​ഖ്യ​യാ​ണെ​ന്നും അതി​ലേക്ക്‌ എ.ഡി. ഒന്നാം നൂറ്റാ​ണ്ടു​മു​തൽ ആളുകളെ കൂട്ടി​ച്ചേർക്കാൻ തുടങ്ങി​യെ​ന്നും ആ ബൈബിൾവി​ദ്യാർഥി​കൾ മനസ്സി​ലാ​ക്കി​യി​രു​ന്നു.

11. ക്രിസ്‌തു​വി​ന്റെ മണവാ​ട്ടി​യു​ടെ ഭാഗമാ​കാൻപോ​കു​ന്ന​വർക്കു ഭൂമി​യി​ലെ തങ്ങളുടെ നിയമ​ന​ത്തെ​ക്കു​റിച്ച്‌ വ്യക്തമായ എന്തു ഗ്രാഹ്യം കിട്ടി?

11 എന്നാൽ, ക്രിസ്‌തു​വി​ന്റെ മണവാ​ട്ടി​യു​ടെ ഭാഗമാ​കാൻപോ​കുന്ന അവർക്ക്‌, ഭൂമി​യിൽ ശേഷി​ച്ചി​രി​ക്കുന്ന കാലത്ത്‌ ചെയ്യാൻ നിയമി​ച്ചു​കി​ട്ടിയ ജോലി എന്തായി​രു​ന്നു? യേശു പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ ഊന്നൽ കൊടു​ത്തെ​ന്നും അതിനെ ഒരു കൊയ്‌ത്തു​കാ​ല​ത്തോ​ടു ബന്ധപ്പെ​ടു​ത്തി​യെ​ന്നും അവർ മനസ്സി​ലാ​ക്കി. (മത്താ. 9:37; യോഹ. 4:35) രണ്ടാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, കൊയ്‌ത്തു​കാ​ലം 40 വർഷം നീണ്ടു​നിൽക്കു​മെ​ന്നും ആ കാലഘ​ട്ട​ത്തി​ന്റെ ഒടുവിൽ അഭിഷി​ക്തരെ സ്വർഗ​ത്തി​ലേക്കു കൂട്ടി​ച്ചേർക്കു​മെ​ന്നും അവർ ഒരു കാലത്ത്‌ ധരിച്ചു​വെ​ച്ചി​രു​ന്നു. പക്ഷേ ആ 40 വർഷത്തി​നു ശേഷവും പ്രസം​ഗ​പ്ര​വർത്തനം തുടർന്ന​തോ​ടെ കൂടുതൽ വിശദീ​ക​രണം ആവശ്യ​മാ​യി​വന്നു. കൊയ്‌ത്തു​കാ​ലം 1914-ലാണു തുടങ്ങി​യ​തെന്ന്‌ ഇന്നു നമുക്ക്‌ അറിയാം. വിശ്വസ്‌ത അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​കളെ അഥവാ ഗോത​മ്പി​നെ കപട​ക്രിസ്‌ത്യാ​നി​ക​ളായ കളകളിൽനിന്ന്‌ വേർതി​രി​ക്കാ​നു​ള്ള​താണ്‌ ആ കാലഘ​ട്ട​മെ​ന്നും നമ്മൾ ഇപ്പോൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. എന്നാൽ, സ്വർഗ​ത്തി​ലേക്കു പോകാ​നു​ള്ള​വ​രു​ടെ സംഖ്യ തികഞ്ഞി​ട്ടി​ല്ലാ​യി​രു​ന്നു. ആ ഗണത്തിൽ ബാക്കി​യു​ള്ള​വ​രെ​യും​കൂ​ടെ കൂട്ടി​ച്ചേർക്കു​ന്ന​തി​നാ​യി​രു​ന്നു തുടർന്ന്‌ പ്രധാ​ന​ശ്രദ്ധ കൊടു​ക്കേ​ണ്ടി​യി​രു​ന്നത്‌!

1914 എന്ന വർഷം കൊയ്‌ത്തു​കാ​ല​ത്തി​നു തുടക്കം കുറിച്ചു (11-ാം ഖണ്ഡിക കാണുക)

12, 13. അവസാ​ന​കാ​ലത്ത്‌, പത്തു കന്യക​മാ​രെ​ക്കു​റി​ച്ചും താലന്തു​ക​ളെ​ക്കു​റി​ച്ചും ഉള്ള യേശു​വി​ന്റെ ദൃഷ്ടാ​ന്തങ്ങൾ നിറ​വേ​റി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

12 1919 മുതൽ, പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ ഊന്നൽ കൊടു​ക്കുക എന്ന ലക്ഷ്യ​ത്തോ​ടെ വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമയെ ക്രിസ്‌തു വഴിന​യി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഒന്നാം നൂറ്റാ​ണ്ടി​ലാ​ണു ക്രിസ്‌തു ആ നിയമനം കൊടു​ത്തത്‌. (മത്താ. 28:19, 20) ആ പ്രസം​ഗ​നി​യ​മനം നിറ​വേ​റ്റാൻ തന്റെ അഭിഷി​ക്താ​നു​ഗാ​മി​കൾക്ക്‌ ഏതെല്ലാം ഗുണങ്ങൾ ആവശ്യ​മാ​ണെ​ന്നും യേശു സൂചി​പ്പി​ച്ചി​രു​ന്നു. എങ്ങനെ? ആദ്യം പത്തു കന്യക​മാ​രു​ടെ ദൃഷ്ടാന്തം നോക്കാം. 1,44,000 പേർ അടങ്ങുന്ന ‘മണവാ​ട്ടി​യു​മാ​യി’ ക്രിസ്‌തു ഒരുമി​ക്കു​മ്പോൾ സ്വർഗ​ത്തിൽവെച്ച്‌ നടക്കുന്ന ഗംഭീര കല്യാ​ണ​വി​രു​ന്നി​ന്റെ ഭാഗമാ​ക​ണ​മെ​ങ്കിൽ, അതായത്‌ തങ്ങളുടെ ആ ആത്യന്തി​ക​ല​ക്ഷ്യ​ത്തിൽ അഭിഷി​ക്തർ എത്തി​ച്ചേ​ര​ണ​മെ​ങ്കിൽ, അവരെ​ല്ലാം ആത്മീയാർഥ​ത്തിൽ ഉണർന്ന്‌ ജാഗ്ര​ത​യോ​ടി​രി​ക്ക​ണ​മെന്നു യേശു അതിലൂ​ടെ വ്യക്തമാ​ക്കി. (വെളി. 21:2) താലന്തു​ക​ളെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്ത​ത്തി​ലും ഇതി​നെ​പ്പറ്റി സൂചന​യു​ണ്ടാ​യി​രു​ന്നു. താൻ ഏൽപ്പി​ച്ചു​കൊ​ടുത്ത പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്ന​തിൽ ശുഷ്‌കാ​ന്തി​യു​ള്ള​വ​രാ​യി​രി​ക്കും തന്റെ അഭിഷി​ക്ത​ദാ​സ​രെ​ന്നാ​ണു യേശു അതിലൂ​ടെ സൂചി​പ്പി​ച്ചത്‌.—മത്താ. 25:1-30.

13 തങ്ങൾ ജാഗ്ര​ത​യു​ള്ള​വ​രും ശുഷ്‌കാ​ന്തി​യു​ള്ള​വ​രും ആണെന്ന്‌ അഭിഷി​ക്തർ കഴിഞ്ഞ ഒരു നൂറ്റാ​ണ്ടു​കാ​ലം തെളി​യി​ച്ച​താണ്‌. ഉണർന്നി​രി​ക്കുന്ന അവർക്ക്‌ അതിനുള്ള പ്രതി​ഫലം ലഭിച്ചി​രി​ക്കും! എന്നാൽ ആ വലിയ കൊയ്‌ത്തി​ന്റെ ഉദ്ദേശ്യം ക്രിസ്‌തു​വി​ന്റെ 1,44,000 സഹഭര​ണാ​ധി​കാ​രി​ക​ളിൽ ബാക്കി​യു​ള്ള​വരെ കൂട്ടി​ച്ചേർക്കുക എന്നതു മാത്ര​മാ​യി​രു​ന്നോ? നമുക്കു നോക്കാം.

ദൈവ​രാ​ജ്യം ഭൂമി​യി​ലെ പ്രജകളെ കൂട്ടി​ച്ചേർക്കു​ന്നു

14, 15. പൂർത്തി​യായ മർമം എന്ന പുസ്‌ത​ക​ത്തിൽ ഏതു നാലു കൂട്ടങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞി​രു​ന്നു?

14 വെളി​പാട്‌ 7:9-14 വരെയുള്ള ഭാഗത്ത്‌ പറഞ്ഞി​രി​ക്കുന്ന “മഹാപു​രു​ഷാ​രം” ആരാ​ണെന്ന്‌ അറിയാൻ വിശ്വസ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാർക്കു പണ്ടുമു​തലേ വലിയ താത്‌പ​ര്യ​മാ​യി​രു​ന്നു. എന്നാൽ മുമ്പ്‌ ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ വന്നിട്ടുള്ള മിക്ക വിശദീ​ക​ര​ണ​ങ്ങ​ളും നമുക്ക്‌ ഇന്ന്‌ അറിയാ​വുന്ന, നമ്മൾ പ്രിയ​പ്പെ​ടുന്ന വ്യക്തവും ലളിത​വും ആയ സത്യങ്ങ​ളു​മാ​യി തീരെ യോജി​ക്കാ​ത്ത​താ​യി​രു​ന്നു. അതിൽ അതിശ​യി​ക്കാ​നില്ല. കാരണം ഈ വലിയ കൂട്ടം ആരാ​ണെന്നു വെളി​പ്പെ​ടു​ത്താ​നുള്ള ക്രിസ്‌തു​വി​ന്റെ സമയം അതുവരെ വന്നിട്ടി​ല്ലാ​യി​രു​ന്നു.

15 1917-ൽ പുറത്തി​റ​ങ്ങിയ പൂർത്തി​യായ മർമം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “സ്വർഗീ​യരക്ഷ രണ്ടു തരമുണ്ട്‌. ഭൗമി​ക​ര​ക്ഷ​യും രണ്ടു തരമുണ്ട്‌.” എങ്കിൽ, ലഭിക്കാ​നി​രി​ക്കുന്ന രക്ഷയെ​ക്കു​റിച്ച്‌ വ്യത്യസ്‌ത​മായ പ്രത്യാ​ശ​ക​ളുള്ള ആ നാലു കൂട്ടങ്ങൾ ആരൊ​ക്കെ​യാ​യി​രു​ന്നു? ക്രിസ്‌തു​വി​ന്റെ​കൂ​ടെ ഭരിക്കാ​നി​രി​ക്കുന്ന 1,44,000 ആയിരു​ന്നു ഒന്നാമത്തെ കൂട്ടം. രണ്ടാമത്തെ കൂട്ടം മഹാപു​രു​ഷാ​ര​മാ​യി​രു​ന്നു. അപ്പോ​ഴും ക്രൈസ്‌ത​വ​ലോ​ക​സ​ഭ​ക​ളു​ടെ ഭാഗമാ​യി തുടർന്ന നാമമാ​ത്ര​ക്രിസ്‌ത്യാ​നി​ക​ളാ​ണു മഹാപു​രു​ഷാ​ര​മെ​ന്നാണ്‌ അന്നു ധരിച്ചി​രു​ന്നത്‌. അവർക്കു കുറെ​യൊ​ക്കെ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഏതു സാഹച​ര്യ​ത്തി​ലും നിഷ്‌ക​ളങ്കത മുറുകെ പിടി​ക്കാൻമാ​ത്രം വിശ്വാ​സ​മി​ല്ലാ​ത്ത​തു​കൊണ്ട്‌ സ്വർഗ​ത്തിൽ താരത​മ്യേന താഴ്‌ന്ന സ്ഥാനങ്ങ​ളാ​യി​രി​ക്കും അവർക്കു ലഭിക്കുക എന്ന്‌ അന്നു കരുതി​പ്പോ​ന്നു. ഭൂമി​യി​ലെ കാര്യ​മോ? അബ്രാ​ഹാ​മും മോശ​യും വിശ്വസ്‌ത​രായ മറ്റുള്ള​വ​രും ഉൾപ്പെട്ട “പുരാ​ത​ന​കാല യോഗ്യർ” എന്ന മൂന്നാ​മ​തൊ​രു കൂട്ടം ഭൂമി​യി​ലു​ണ്ടാ​യി​രി​ക്കു​മെ​ന്നും അവരുടെ അധികാ​ര​പ​ദ​വി​ക​ളിൻകീ​ഴിൽ വരുന്ന​വ​രാ​യി​രി​ക്കും മനുഷ്യ​സ​മൂ​ഹ​മെന്ന നാലാ​മത്തെ കൂട്ട​മെ​ന്നും അന്നു ധരിച്ചി​രു​ന്നു.

16. 1923-ലും 1932-ലും ആത്മീയ​വെ​ളി​ച്ച​ത്തി​ന്റെ ഏതെല്ലാം ഒളിമി​ന്ന​ലു​കൾ ലഭിച്ചു?

16 ഇന്നു നമ്മൾ മനസ്സി​ലാ​ക്കി​യി​രി​ക്കുന്ന വില​യേ​റിയ സത്യങ്ങൾ ഗ്രഹി​ക്കാൻ പരിശു​ദ്ധാ​ത്മാവ്‌ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കളെ വഴിന​യി​ച്ചത്‌ എങ്ങനെ​യാണ്‌? അത്‌ ആത്മീയ​വെ​ളി​ച്ച​ത്തി​ന്റെ പലപല ഒളിമി​ന്ന​ലു​ക​ളി​ലൂ​ടെ പടിപ​ടി​യാ​യാ​ണു വെളി​പ്പെ​ട്ടത്‌. ക്രിസ്‌തു​വി​ന്റെ ഭരണത്തിൻകീ​ഴിൽ ഭൂമി​യിൽ ജീവി​ക്കുന്ന, സ്വർഗീ​യ​പ്ര​തീ​ക്ഷ​ക​ളി​ല്ലാത്ത ഒരു കൂട്ട​ത്തെ​ക്കു​റിച്ച്‌ 1923-ൽത്തന്നെ വീക്ഷാ​ഗോ​പു​രം പറഞ്ഞി​രു​ന്നു. 1932-ലെ വീക്ഷാ​ഗോ​പു​ര​ത്തി​ലും ഒരു ലേഖനം പ്രത്യ​ക്ഷ​പ്പെട്ടു. ദൈവ​ത്തി​ന്റെ അഭിഷി​ക്ത​നാ​യി​രുന്ന യേഹു എന്ന ഇസ്രാ​യേ​ല്യ​രാ​ജാ​വി​നെ വ്യാജാ​രാ​ധ​നയ്‌ക്കെ​തി​രെ​യുള്ള പോരാ​ട്ട​ത്തിൽ പിന്തു​ണയ്‌ക്കാൻ അദ്ദേഹ​ത്തി​ന്റെ​കൂ​ടെ ചേർന്ന യോനാ​ദാബ്‌ (യഹോ​നാ​ദാബ്‌) എന്ന വ്യക്തി​യെ​ക്കു​റിച്ച്‌ അതിൽ പറഞ്ഞി​രു​ന്നു. (2 രാജാ. 10:15-17) യോനാ​ദാ​ബി​നെ​പ്പോ​ലെ​യുള്ള ഒരു ഗണം ആധുനി​ക​നാ​ളി​ലു​മു​ണ്ടെ​ന്നും യഹോവ ആ ഗണത്തെ, “കഷ്ടത നിറഞ്ഞ അർമ​ഗെ​ദോ​ന്റെ അപ്പുറത്ത്‌ എത്തിക്കും” എന്നും ആ ലേഖനം കൂട്ടി​ച്ചേർത്തു.

17. (എ) ആത്മീയ​വെ​ളി​ച്ച​ത്തി​ന്റെ ഉജ്ജ്വല​മായ ഏത്‌ ഒളിമി​ന്ന​ലാണ്‌ 1935-ൽ ലഭിച്ചത്‌? (ബി) മഹാപു​രു​ഷാ​ര​ത്തെ​ക്കു​റി​ച്ചുള്ള പുതിയ ഗ്രാഹ്യം വിശ്വസ്‌ത​ക്രിസ്‌ത്യാ​നി​കളെ ബാധി​ച്ചത്‌ എങ്ങനെ​യാണ്‌? (“ ആശ്വാ​സ​ത്തി​ന്റെ ഒരു നിശ്വാ​സം ഉയർന്നു” എന്ന ചതുരം കാണുക.)

17 അങ്ങനെ​യി​രി​ക്കെ, 1935-ൽ ആത്മീയ​വെ​ളി​ച്ച​ത്തി​ന്റെ ഉജ്ജ്വല​മാ​യൊ​രു ഒളിമി​ന്നൽ ലഭിച്ചു. മഹാപു​രു​ഷാ​രം ഭൂമി​യിൽ ജീവി​ക്കുന്ന ഒരു ഗണമാ​യി​രി​ക്കു​മെ​ന്നും അവർത​ന്നെ​യാ​ണു ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും കുറി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ക​ഥ​യി​ലെ ചെമ്മരി​യാ​ടു​ക​ളെ​ന്നും വാഷിങ്‌ടൺ ഡി.സി.-യിൽവെച്ച്‌ നടന്ന കൺ​വെൻ​ഷ​നിൽ വിശദീ​ക​രി​ച്ചു. (മത്താ. 25:33-40) “ഈ തൊഴു​ത്തിൽപ്പെ​ടാത്ത വേറെ ആടുക​ളും എനിക്കുണ്ട്‌. അവയെ​യും ഞാൻ അകത്ത്‌ കൊണ്ടു​വ​രേ​ണ്ട​താണ്‌” എന്ന യേശു​വി​ന്റെ വാക്കു​ക​ളി​ലെ ‘വേറെ ആടുക​ളു​ടെ’ ഭാഗമാ​യി​രി​ക്കും ആ മഹാപു​രു​ഷാ​രം എന്നും അന്നു വിശദീ​ക​രി​ക്കു​ക​യു​ണ്ടാ​യി. (യോഹ. 10:16) ആ പ്രസം​ഗ​ത്തിന്‌ ഇടയിൽ ജെ.എഫ്‌. റഥർഫോർഡ്‌ സഹോ​ദരൻ, “ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശി​ക്കുന്ന എല്ലാവ​രും ദയവായി എഴു​ന്നേ​റ്റു​നിൽക്കാ​മോ” എന്നു ചോദി​ച്ച​പ്പോൾ സദസ്സിന്റെ പകുതി​യി​ല​ധി​കം എഴു​ന്നേറ്റു! അപ്പോൾ അദ്ദേഹം പ്രഖ്യാ​പി​ച്ചു: “കാൺമിൻ! മഹാപു​രു​ഷാ​രം!” അങ്ങനെ ഒടുവിൽ തങ്ങളുടെ ഭാവി​പ്ര​ത്യാ​ശ വ്യക്തമാ​ക്കി​ക്കി​ട്ടി​യതു പലരെ​യും ആഴമായി സ്‌പർശി​ച്ചു.

18. ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ ശുശ്രൂ​ഷ​യിൽ ഏതു പ്രത്യേ​ക​കാ​ര്യ​ത്തി​ലാ​ണു ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌, ഫലം എന്താണ്‌?

18 ഒരു പ്രത്യേ​ക​കാ​ര്യം ചെയ്യാൻ അന്നുമു​തൽ ഇന്നോളം ക്രിസ്‌തു തന്റെ ജനത്തെ നയിച്ചി​ട്ടുണ്ട്‌. മഹാക​ഷ്ട​തയെ അതിജീ​വി​ക്കുന്ന മഹാപു​രു​ഷാ​ര​ത്തി​ലെ അംഗങ്ങ​ളാ​കാ​നു​ള്ള​വരെ കൂട്ടി​ച്ചേർക്കു​ന്ന​തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക എന്നതാ​യി​രു​ന്നു അത്‌. എന്നാൽ ആദ്യ​മൊ​ന്നും ഈ കൂട്ടി​ച്ചേർക്ക​ലിന്‌ അത്ര വേഗത​യി​ല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ, “‘മഹാപു​രു​ഷാ​രം’ ഇനിയും അധികം വർധി​ക്കു​മെന്നു തോന്നു​ന്നില്ല” എന്നു​പോ​ലും റഥർഫോർഡ്‌ സഹോ​ദരൻ ഒരിക്കൽ അഭി​പ്രാ​യ​പ്പെട്ടു. എന്നാൽ അന്നുമു​തൽ ഇന്നുവരെ യഹോവ കൊയ്‌ത്തി​നെ എത്ര നന്നായി അനു​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടെന്നു നമുക്ക്‌ അറിയാം. ഇന്നു യേശു​വി​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും വഴിന​ട​ത്തി​പ്പിൻകീ​ഴിൽ അഭിഷി​ക്ത​രും ‘വേറെ ആടുക​ളിൽപ്പെട്ട’ അവരുടെ സഹകാ​രി​ക​ളും യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ​തന്നെ ‘ഒരു ഇടയന്റെ’ കീഴിലെ ‘ഒറ്റ ആട്ടിൻകൂ​ട്ട​മാ​യി​രി​ക്കു​ന്നു.’

മഹാപുരുഷാരം എത്ര​ത്തോ​ളം വർധി​ക്കു​മെന്നു മുൻകൂ​ട്ടി​ക്കാ​ണാൻ റഥർഫോർഡ്‌ സഹോ​ദ​ര​നാ​യി​ല്ല (ഇടത്തുനിന്ന്‌: നേഥൻ എച്ച്‌. നോർ, ജോസഫ്‌ എഫ്‌. റഥർഫോർഡ്‌, ഹെയ്‌ഡൻ സി. കവിങ്‌ടൺ)

19. മഹാപു​രു​ഷാ​ര​ത്തി​ന്റെ സംഖ്യ ഇനിയും ഉയർത്താൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കും?

19 വിശ്വസ്‌ത​രാ​യ​വ​രിൽ ബഹുഭൂ​രി​പക്ഷം പേരും ക്രിസ്‌തു​വി​ന്റെ​യും 1,44,000 സഹഭര​ണാ​ധി​കാ​രി​ക​ളു​ടെ​യും ഭരണത്തിൻകീ​ഴിൽ ഭൂമി​യി​ലെ ഒരു പറുദീ​സ​യിൽ എന്നെന്നും ജീവി​ക്കും. തിരു​വെ​ഴു​ത്തു​കൾ നൽകുന്ന ഭാവി​പ്ര​ത്യാ​ശയ്‌ക്ക്‌ ഇത്രയും വ്യക്തത​യേ​കാൻ ക്രിസ്‌തു ദൈവ​ജ​നത്തെ വഴിന​യി​ച്ച​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ വലിയ സന്തോഷം തോന്നു​ന്നി​ല്ലേ? ശുശ്രൂ​ഷ​യിൽ കണ്ടുമു​ട്ടു​ന്ന​വ​രോട്‌ ആ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ പറയാ​നാ​കു​ന്നത്‌ എത്ര വലി​യൊ​രു പദവി​യാണ്‌! സാഹച​ര്യം അനുവ​ദി​ക്കു​ന്നി​ട​ത്തോ​ളം നമുക്ക്‌ അത്‌ ഊർജ​സ്വ​ല​ത​യോ​ടെ ചെയ്യാം. അങ്ങനെ മഹാപു​രു​ഷാ​ര​ത്തി​ന്റെ സംഖ്യ ഇനിയു​മി​നി​യും ഉയരട്ടെ. അതുവഴി യഹോ​വ​യു​ടെ നാമത്തി​നു മുമ്പെ​ന്ന​ത്തേ​തി​ലും ഉച്ചത്തിൽ സ്‌തുതി മുഴങ്ങട്ടെ!ലൂക്കോസ്‌ 10:2 വായി​ക്കുക.

മഹാപുരുഷാരത്തിന്റെ സംഖ്യ അടിക്കടി വർധി​ക്കു​ക​യാണ്‌

ദൈവ​രാ​ജ്യ​ത്തോ​ടുള്ള വിശ്വസ്‌ത​ത​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്താണ്‌?

20. സാത്താന്റെ സംഘടന പണിതു​യർത്തി​യി​രി​ക്കു​ന്നത്‌ ഏതെല്ലാം ഘടകങ്ങൾകൊ​ണ്ടാണ്‌, അതും ക്രിസ്‌തീ​യ​വി​ശ്വസ്‌ത​ത​യും തമ്മിലുള്ള ബന്ധം എന്താണ്‌?

20 ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ കൂടു​തൽക്കൂ​ടു​തൽ കാര്യങ്ങൾ മനസ്സി​ലാ​ക്കി​ക്കൊ​ണ്ടി​രുന്ന ദൈവ​ജ​ന​ത്തി​നു വ്യക്തമായ ഗ്രാഹ്യം ലഭിക്കേണ്ട ഒരു കാര്യ​മു​ണ്ടാ​യി​രു​ന്നു. ആ സ്വർഗീ​യ​ഗ​വൺമെ​ന്റി​നോ​ടുള്ള വിശ്വസ്‌തത എന്താ​ണെന്ന്‌ അവർ മനസ്സി​ലാ​ക്ക​ണ​മാ​യി​രു​ന്നു. ഈ വിഷയം ചർച്ച ചെയ്‌ത 1922-ലെ ഒരു വീക്ഷാ​ഗോ​പു​രം, പ്രവർത്ത​ന​ത്തി​ലുള്ള രണ്ടു സംഘട​ന​കളെ പരിച​യ​പ്പെ​ടു​ത്തി—ഒന്ന്‌ യഹോ​വ​യു​ടേ​തും മറ്റേതു സാത്താ​ന്റേ​തും. വാണിജ്യ-മത-രാഷ്‌ട്രീയ ഘടകങ്ങൾകൊ​ണ്ടാ​ണു സാത്താന്റെ സംഘടന കെട്ടി​പ്പൊ​ക്കി​യി​രി​ക്കു​ന്ന​തെന്ന്‌ അതിൽ വിശദീ​ക​രി​ച്ചു. സാത്താന്റെ സംഘട​ന​യു​ടെ ഏതെങ്കി​ലു​മൊ​രു ഘടകവു​മാ​യി ഉചിത​മ​ല്ലാത്ത വിധത്തിൽ പങ്കാളി​ത്ത​ത്തി​ലാ​യി​ക്കൊണ്ട്‌, ക്രിസ്‌തു​വി​ന്റെ കീഴിലെ ദൈവ​രാ​ജ്യ​ത്തോ​ടുള്ള വിശ്വസ്‌തത ആരും ബലിക​ഴി​ക്ക​രു​തെ​ന്നും അതു വ്യക്തമാ​ക്കി. (2 കൊരി. 6:17) എന്താണ്‌ അതിന്റെ അർഥം?

21. (എ) വൻകിട ബിസി​നെസ്സ്‌ സംരം​ഭ​ങ്ങ​ളെ​ക്കു​റിച്ച്‌ വിശ്വസ്‌ത​നായ അടിമ ദൈവ​ജ​ന​ത്തിന്‌ എന്തു മുന്നറി​യി​പ്പു തന്നിട്ടുണ്ട്‌? (ബി) “ബാബി​ലോൺ എന്ന മഹതി”യെക്കു​റിച്ച്‌ 1963-ൽ വീക്ഷാ​ഗോ​പു​രം എന്തു വെളി​പ്പെ​ടു​ത്തി?

21 വിശ്വസ്‌ത​നായ അടിമ നൽകുന്ന ആത്മീയ​ഭ​ക്ഷണം, വൻകിട ബിസി​നെസ്സ്‌ സംരം​ഭ​ങ്ങ​ളു​ടെ വഴിവിട്ട രീതികൾ നിരന്തരം തുറന്നു​കാ​ട്ടി​യി​ട്ടുണ്ട്‌. അവ ഉന്നമി​പ്പി​ക്കുന്ന, കടിഞ്ഞാ​ണി​ല്ലാത്ത ഭൗതി​കാ​സ​ക്തി​ക്കു വഴി​പ്പെ​ട​രു​തെ​ന്നും അടിമ​യിൽനിന്ന്‌ ദൈവ​ജ​ന​ത്തി​നു മുന്നറി​യി​പ്പു ലഭിച്ചി​ട്ടുണ്ട്‌. (മത്താ. 6:24) അതു​പോ​ലെ, സാത്താന്റെ സംഘട​ന​യു​ടെ മതഘട​ക​ത്തി​ന്റെ ഉള്ളുക​ള്ളി​ക​ളും നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വെളി​ച്ചത്ത്‌ കൊണ്ടു​വ​ന്നി​ട്ടുണ്ട്‌. “ബാബി​ലോൺ എന്ന മഹതി” പ്രതി​നി​ധീ​ക​രി​ക്കു​ന്നതു ക്രൈസ്‌ത​വ​ലോ​കത്തെ മാത്രമല്ല, മറിച്ച്‌ വ്യാജ​മ​ത​ങ്ങ​ളു​ടെ ലോക​സാ​മ്രാ​ജ്യ​ത്തെ മുഴു​വ​നു​മാ​ണെന്ന്‌ 1963-ൽ വീക്ഷാ​ഗോ​പു​രം വ്യക്തമാ​ക്കി. അങ്ങനെ, ഈ പുസ്‌ത​ക​ത്തി​ന്റെ പത്താം അധ്യാ​യ​ത്തിൽ നമ്മൾ വിശദ​മാ​യി പഠിക്കാൻപോ​കു​ന്ന​തു​പോ​ലെ, പലപല നാടു​ക​ളി​ലും സംസ്‌കാ​ര​ങ്ങ​ളി​ലും നിന്നുള്ള ദൈവ​ജ​ന​ത്തിന്‌ എല്ലാ വ്യാജ​മ​താ​ചാ​ര​ങ്ങ​ളിൽനി​ന്നും മുക്തി നേടി ‘അവളിൽനിന്ന്‌ പുറത്ത്‌ കടക്കാൻ’ സഹായം ലഭിച്ചി​രി​ക്കു​ന്നു.—വെളി. 18:2, 4.

22. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയത്ത്‌ ദൈവ​ജ​ന​ത്തിൽ പലർക്കും റോമർ 13:1-ലെ ഉദ്‌ബോ​ധനം മനസ്സി​ലാ​യത്‌ എങ്ങനെ​യാണ്‌?

22 എന്നാൽ സാത്താന്റെ സംഘട​ന​യു​ടെ രാഷ്‌ട്രീ​യ​ഭാ​ഗ​ത്തി​ന്റെ കാര്യ​മോ? രാഷ്‌ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങ​ളി​ലും ഏറ്റുമു​ട്ട​ലു​ക​ളി​ലും സത്യ​ക്രിസ്‌ത്യാ​നി​കൾ പങ്കെടു​ക്കാൻ പാടു​ണ്ടോ? ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ സഹമനു​ഷ്യ​രെ കൊല്ലാൻ പാടി​ല്ലെന്ന കാര്യം ബൈബിൾവി​ദ്യാർഥി​കൾക്ക്‌ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ഏറെക്കു​റെ വ്യക്തമാ​യി​രു​ന്നു. (മത്താ. 26:52) എന്നാൽ, റോമർ 13:1-ൽ ‘ഉന്നതാ​ധി​കാ​രി​കളെ’ അനുസ​രി​ക്കാൻ പറഞ്ഞി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിലർക്കുള്ള ധാരണ ഇതായി​രു​ന്നു: തങ്ങൾ സൈന്യ​ത്തിൽ ചേരണം, പട്ടാള​വേഷം ധരിക്കണം, ആയുധ​വും കൈയി​ലെ​ടു​ക്കണം; പക്ഷേ ശത്രു​വി​നെ കൊല്ലാൻ ആജ്ഞ കിട്ടി​യാൽ വായു​വി​ലേക്കു മാത്രമേ വെടി വെക്കാവൂ.

23, 24. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയത്ത്‌ നമ്മൾ റോമർ 13:1 മനസ്സി​ലാ​ക്കി​യി​രു​ന്നത്‌ എങ്ങനെ​യാണ്‌, ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്കു കൂടുതൽ കൃത്യ​ത​യുള്ള ഏതു വിശദീ​ക​രണം ലഭിച്ചു?

23 1939-ൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെട്ട അതേ സമയത്ത്‌ വീക്ഷാ​ഗോ​പു​ര​ത്തിൽ നിഷ്‌പ​ക്ഷ​ത​യെ​ക്കു​റിച്ച്‌ ഗഹനമാ​യി ചർച്ച ചെയ്യുന്ന ഒരു ലേഖനം പ്രത്യ​ക്ഷ​പ്പെട്ടു. സാത്താന്റെ ലോക​ത്തി​ലെ രാഷ്‌ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങ​ളി​ലും ഏറ്റുമു​ട്ട​ലു​ക​ളി​ലും ക്രിസ്‌ത്യാ​നി​കൾ ഒരു വിധത്തി​ലും ഉൾപ്പെ​ടി​ല്ലെന്ന കാര്യം ആ ലേഖനം വ്യക്തമാ​ക്കി. എത്ര കൃത്യ​മായ സമയത്താ​യി​രു​ന്നു ആ ലേഖനം വന്നത്‌! ആ യുദ്ധത്തിൽ ഉൾപ്പെട്ട രാഷ്‌ട്ര​ങ്ങൾക്കു വഹി​ക്കേ​ണ്ടി​വന്ന ഭയാന​ക​മായ രക്തച്ചൊ​രി​ച്ചി​ലി​ന്റെ കുറ്റത്തിൽനിന്ന്‌ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ അങ്ങനെ ഒഴിവു​ള്ള​വ​രാ​യി. എന്നാൽ റോമർ 13:1-ലെ ഉന്നതാ​ധി​കാ​രി​കൾ എന്ന പ്രയോ​ഗം ലൗകി​ക​ഭ​ര​ണാ​ധി​കാ​രി​കളെ ഉദ്ദേശി​ച്ചു​ള്ള​ത​ല്ലെ​ന്നും അതു കുറി​ക്കു​ന്നത്‌ യഹോ​വ​യെ​യും യേശു​വി​നെ​യും ആണെന്നും 1929 മുതൽ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വിശദീ​ക​രി​ച്ചി​രു​ന്നു. പക്ഷേ അക്കാര്യ​ത്തിൽ കുറച്ചു​കൂ​ടെ കൃത്യ​മായ ഒരു വിശദീ​ക​രണം ആവശ്യ​മാ​യി​രു​ന്നു.

24 പരിശു​ദ്ധാ​ത്മാവ്‌ വഴിന​ട​ത്തി​യ​തു​കൊണ്ട്‌ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്ക്‌ 1962-ൽ അത്തര​മൊ​രു വിശദീ​ക​രണം ലഭിച്ചു. ആ വർഷം, വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ നവംബർ 15 ലക്കത്തി​ലും ഡിസംബർ 1 ലക്കത്തി​ലും റോമർ 13:1-7 വാക്യ​ങ്ങളെ ആധാര​മാ​ക്കി ചരി​ത്ര​പ്ര​ധാ​ന​മായ ലേഖനങ്ങൾ പ്രത്യ​ക്ഷ​പ്പെട്ടു. അങ്ങനെ ഒടുവിൽ, “സീസർക്കു​ള്ളതു സീസർക്കും ദൈവ​ത്തി​നു​ള്ളതു ദൈവ​ത്തി​നും കൊടു​ക്കുക” എന്ന പ്രശസ്‌ത​മായ വാക്കു​ക​ളി​ലൂ​ടെ യേശു വെളി​പ്പെ​ടു​ത്തിയ ആപേക്ഷി​ക​മായ കീഴ്‌പെ​ട​ലി​ന്റെ തത്ത്വം ദൈവ​ജ​ന​ത്തി​നു മനസ്സി​ലാ​യി. (ലൂക്കോ. 20:25) ഉന്നതാ​ധി​കാ​രി​കൾ ഈ ലോക​ത്തി​ലെ ലൗകി​കാ​ധി​കാ​രി​ക​ളാ​ണെ​ന്നും ക്രിസ്‌ത്യാ​നി​കൾ അവർക്കു കീഴ്‌പെ​ട്ടി​രി​ക്ക​ണ​മെ​ന്നും സത്യ​ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇന്ന്‌ അറിയാം. എന്നാൽ ആ കീഴ്‌പെടൽ ആപേക്ഷി​ക​മാണ്‌. ദൈവ​മായ യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കാൻ ലൗകി​കാ​ധി​കാ​രി​കൾ നമ്മളോട്‌ ആവശ്യ​പ്പെ​ട്ടാൽ, പണ്ട്‌ അപ്പോസ്‌ത​ല​ന്മാർ കൊടുത്ത അതേ ഉത്തരമാ​യി​രി​ക്കും നമ്മൾ കൊടു​ക്കുക. അവർ പറഞ്ഞു: “ഞങ്ങൾ മനുഷ്യ​രെയല്ല, ദൈവ​ത്തെ​യാണ്‌ അനുസ​രി​ക്കേ​ണ്ടത്‌.” (പ്രവൃ. 5:29) ക്രിസ്‌തീ​യ​നിഷ്‌പ​ക്ഷ​ത​യു​ടെ തത്ത്വം ക്രിസ്‌ത്യാ​നി​കൾ പ്രവൃ​ത്തി​പ​ഥ​ത്തിൽ കൊണ്ടു​വ​ന്നി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ ഈ പുസ്‌ത​ക​ത്തി​ന്റെ 1314 അധ്യാ​യ​ങ്ങ​ളിൽ നമ്മൾ കൂടു​ത​ലാ​യി പഠിക്കു​ന്ന​താ​യി​രി​ക്കും.

ബൈബിളിലെ നിത്യജീവന്റെ പ്രത്യാശ പകർന്നു കൊടുക്കുന്നത്‌ എത്ര വലിയൊരു പദവിയാണ്‌!

25. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ പരിശു​ദ്ധാ​ത്മാവ്‌ വഴിന​യി​ച്ച​തിൽ നിങ്ങൾക്കു നന്ദി തോന്നു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

25 കഴിഞ്ഞ ഒരു നൂറ്റാ​ണ്ടിൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്ക്‌ എന്തെല്ലാം കാര്യ​ങ്ങ​ളാ​ണു പഠിക്കാ​നാ​യത്‌! ദൈവ​രാ​ജ്യം സ്വർഗ​ത്തിൽ സ്ഥാപി​ത​മാ​യത്‌ എന്നാ​ണെ​ന്നും അതിന്‌ എത്ര​ത്തോ​ളം പ്രാധാ​ന്യ​മു​ണ്ടെ​ന്നും നമ്മൾ പഠിച്ചു. വിശ്വസ്‌ത​രാ​യ​വർക്കു മുന്നി​ലുള്ള ആ രണ്ടു പ്രത്യാ​ശ​ക​ളെ​ക്കു​റിച്ച്‌, അതായത്‌ സ്വർഗീ​യ​പ്ര​ത്യാ​ശ​യെ​ക്കു​റി​ച്ചും ഭൗമി​ക​പ്ര​ത്യാ​ശ​യെ​ക്കു​റി​ച്ചും, ഇന്നു നമുക്കുള്ള ഗ്രാഹ്യം സുവ്യ​ക്ത​മാണ്‌. ഒരേ സമയം ദൈവ​രാ​ജ്യ​ത്തോ​ടു വിശ്വസ്‌ത​രാ​യി​രി​ക്കാ​നും ലൗകി​കാ​ധി​കാ​രി​ക​ളോട്‌ ആപേക്ഷി​ക​കീഴ്‌പ്പെടൽ കാണി​ക്കാ​നും സാധി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും നമ്മൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘അമൂല്യ​മായ ഈ സത്യങ്ങൾ മനസ്സി​ലാ​ക്കാ​നും പഠിപ്പി​ക്കാ​നും യേശു​ക്രിസ്‌തു ഭൂമി​യി​ലെ തന്റെ വിശ്വസ്‌ത​നായ അടിമയെ വഴിന​യി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഞാൻ ഇതിൽ ഏതെങ്കി​ലു​മൊ​രു കാര്യം എന്നെങ്കി​ലും അറിയാൻ സാധ്യ​ത​യു​ണ്ടോ?’ നമുക്കു വഴി കാണി​ച്ചു​ത​രാൻ ക്രിസ്‌തു​വും പരിശു​ദ്ധാ​ത്മാ​വും ഉള്ളതു​കൊണ്ട്‌ നമ്മൾ എത്ര അനുഗൃ​ഹീ​ത​രാണ്‌!

a ഒരു ആധികാ​രി​ക​ഗ്രന്ഥം പറയു​ന്ന​ത​നു​സ​രിച്ച്‌, ഈ വാക്യ​ത്തി​ലെ ‘നയിക്കുക’ എന്നതി​നുള്ള ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “വഴി കാണി​ച്ചു​ത​രുക” എന്നാണ്‌.

b റോമൻ കത്തോ​ലി​ക്കാ​സ​ഭ​യും റോമാ​സാ​മ്രാ​ജ്യ​ത്തി​ലെ അ​ക്രൈസ്‌ത​വ​മ​ത​ങ്ങ​ളും തമ്മിലുള്ള ഒരു യുദ്ധ​ത്തെ​യാണ്‌ ആ ദർശനം കുറി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു മുമ്പുള്ള ധാരണ.

c 1914-ഓടെ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രുന്ന ജൂതവം​ശ​ജ​രാണ്‌ 1,44,000 എന്നായി​രു​ന്നു 1880 ജൂൺ ലക്കം സീയോ​ന്റെ വീക്ഷാ​ഗോ​പു​രം വിശദീ​ക​രി​ച്ചത്‌. എന്നാൽ ഈ വിശദീ​ക​ര​ണ​ത്തിൽ വന്ന ഒരു മാറ്റം 1880-ന്റെ അവസാ​ന​ഭാ​ഗത്ത്‌ പ്രസി​ദ്ധീ​ക​രി​ച്ചു. ഇന്നും അതിനു വലിയ മാറ്റങ്ങ​ളൊ​ന്നും വന്നിട്ടില്ല.