വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 10

രാജാവ്‌ തന്റെ ജനത്തെ ആത്മീയ​മാ​യി ശുദ്ധീ​ക​രി​ക്കു​ന്നു

രാജാവ്‌ തന്റെ ജനത്തെ ആത്മീയ​മാ​യി ശുദ്ധീ​ക​രി​ക്കു​ന്നു

മുഖ്യവിഷയം

യേശു തന്റെ അനുഗാ​മി​കളെ ആത്മീയ​മാ​ലി​ന്യ​ങ്ങൾ നീക്കി ശുദ്ധീ​ക​രി​ച്ചത്‌ എങ്ങനെ, എന്തു​കൊണ്ട്‌?

1-3. ദേവാ​ലയം മലിന​മാ​ക്ക​പ്പെ​ടു​ന്നതു കണ്ടപ്പോൾ യേശു എന്താണു ചെയ്‌തത്‌?

 യേശു​വിന്‌ യരുശ​ലേ​മി​ലെ ദേവാ​ല​യ​ത്തോ​ടു വലിയ ആദരവാ​യി​രു​ന്നു. കാരണം, ആലയം എന്തി​നെ​യാ​ണു പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌ എന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. കാലങ്ങ​ളാ​യി ഭൂമി​യി​ലെ സത്യാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി​രു​ന്നു ആ ദേവാ​ലയം. വിശു​ദ്ധ​ദൈ​വ​മായ യഹോ​വയ്‌ക്കുള്ള ആരാധന ശുദ്ധവും നിർമ​ല​വും ആയിരി​ക്ക​ണ​മ​ല്ലോ. എന്നാൽ എ.ഡി. 33, നീസാൻ 10-നു ദേവാ​ല​യ​ത്തി​ലേക്കു ചെന്ന യേശു​വിന്‌, അതു മലിന​മാ​ക്ക​പ്പെ​ടു​ന്നതു കണ്ടപ്പോൾ എന്തു തോന്നി​ക്കാ​ണു​മെന്ന്‌ ഊഹി​ക്കാ​മോ? അവിടെ എന്താണു നടന്നു​കൊ​ണ്ടി​രു​ന്നത്‌?മത്തായി 21:12, 13 വായി​ക്കുക.

2 ജനതക​ളു​ടെ മുറ്റം എന്ന്‌ അറിയ​പ്പെ​ടുന്ന ഭാഗത്ത്‌, ആർത്തി​പൂണ്ട കച്ചവട​ക്കാ​രും നാണയം മാറ്റി​ക്കൊ​ടു​ക്കു​ന്ന​വ​രും യഹോ​വയ്‌ക്കു യാഗങ്ങൾ അർപ്പി​ക്കാൻ വരുന്ന ആരാധ​കരെ അന്യാ​യ​മാ​യി ചൂഷണം ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. a യേശു “(ദേവാ​ല​യ​ത്തിൽ) വിൽക്കു​ക​യും വാങ്ങു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്ന​വ​രെ​യെ​ല്ലാം പുറത്താ​ക്കി. നാണയം മാറ്റി​ക്കൊ​ടു​ക്കു​ന്ന​വ​രു​ടെ മേശക​ളും . . . മറിച്ചി​ട്ടു.” (നെഹമ്യ 13:7-9 താരത​മ്യം ചെയ്യുക.) പിതാ​വി​ന്റെ ഭവനം “കവർച്ച​ക്കാ​രു​ടെ ഗുഹ”യാക്കി മാറ്റി​യ​തി​നു യേശു സ്വാർഥ​രായ ആ മനുഷ്യ​രെ പരസ്യ​മാ​യി കുറ്റം വിധിച്ചു. ദേവാ​ല​യ​ത്തോ​ടും അത്‌ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നോ അതി​നോ​ടും ഉള്ള ആദരവാ​യി​രു​ന്നു ആ പ്രവൃ​ത്തി​യിൽ തെളി​ഞ്ഞു​നി​ന്നത്‌. പിതാ​വി​ന്റെ ആരാധന നിർമ​ല​മാ​യി സൂക്ഷിച്ചേ തീരൂ എന്നായി​രു​ന്നു യേശു​വിന്‌!

3 നൂറ്റാ​ണ്ടു​കൾ കഴിഞ്ഞ്‌, മിശി​ഹൈ​ക​രാ​ജാ​വാ​യി സ്ഥാന​മേ​റ്റ​ശേഷം യേശു വീണ്ടും ഒരു ദേവാ​ലയം ശുദ്ധീ​ക​രി​ച്ചു. സ്വീകാ​ര്യ​മായ രീതി​യിൽ ഇന്ന്‌ യഹോ​വയെ ആരാധി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രെ​ല്ലാം ഉൾപ്പെ​ടുന്ന ഒന്നാണ്‌ ആ ആലയം. അന്നു യേശു ശുദ്ധീ​ക​രിച്ച ആ ആലയം ഏതാണ്‌?

“ലേവി​പു​ത്ര​ന്മാ​രെ” ശുദ്ധീ​ക​രി​ക്കു​ന്നു

4, 5. (എ) 1914 മുതൽ 1919 വരെയുള്ള കാലത്ത്‌ എങ്ങനെ​യാ​ണു യേശു​വി​ന്റെ അഭിഷി​ക്താ​നു​ഗാ​മി​കളെ മാലി​ന്യം നീക്കി ശുദ്ധീ​ക​രി​ച്ചത്‌? (ബി) ദൈവ​ജ​ന​ത്തി​ന്റെ ശുദ്ധീ​ക​രണം അതോടെ അവസാ​നി​ച്ചോ? വിശദീ​ക​രി​ക്കുക.

4 ഈ പുസ്‌ത​ക​ത്തി​ന്റെ രണ്ടാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ 1914-ൽ രാജാ​വാ​യ​ശേഷം യേശു പിതാ​വി​നോ​ടൊ​പ്പം ആത്മീയ​മായ ആലയം പരി​ശോ​ധി​ക്കാൻ വന്നു. സത്യാ​രാ​ധ​നയ്‌ക്കു​വേ​ണ്ടി​യുള്ള ക്രമീ​ക​ര​ണ​മാണ്‌ ആ ആത്മീയാ​ലയം. b ആ പരി​ശോ​ധ​ന​യിൽ അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​കൾക്ക്‌ അതായത്‌ ‘ലേവി​പു​ത്ര​ന്മാർക്ക്‌’ ഒരള​വോ​ളം ശുദ്ധീ​ക​രണം ആവശ്യ​മാ​ണെന്നു രാജാവ്‌ കണ്ടു. (മലാ. 3:1-3) ശുദ്ധീ​ക​രി​ക്കു​ന്ന​വ​നായ യഹോവ, 1914 മുതൽ 1919 വരെയുള്ള കാലത്ത്‌ തന്റെ ജനം വിവിധ പരി​ശോ​ധ​ന​ക​ളി​ലൂ​ടെ​യും കഷ്ടപ്പാ​ടു​ക​ളി​ലൂ​ടെ​യും കടന്നു​പോ​കാൻ അനുവ​ദി​ച്ചു. മാലി​ന്യം നീക്കി അവരെ ശുദ്ധീ​ക​രി​ക്കാൻ അത്‌ ഉപകരി​ച്ചു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ആ അഭിഷി​ക്തർ അഗ്നിപ​രി​ശോ​ധ​ന​ക​ളെ​യെ​ല്ലാം അതിജീ​വിച്ച്‌ കുറെ​ക്കൂ​ടി ശുദ്ധി​യു​ള്ള​വ​രാ​യി പുറത്ത്‌ വന്നു. മിശി​ഹൈ​ക​രാ​ജാ​വി​നെ പിന്തു​ണയ്‌ക്കു​ന്നെന്നു തെളി​യി​ക്കാൻ വലിയ ഉത്സാഹ​മാ​യി​രു​ന്നു അവർക്ക്‌!

5 ദൈവ​ജ​ന​ത്തി​ന്റെ ശുദ്ധീ​ക​രണം അതോടെ അവസാ​നി​ച്ചോ? ഇല്ല. അവസാ​ന​കാ​ലത്ത്‌ ഉടനീളം യഹോവ മിശി​ഹൈ​ക​രാ​ജാ​വി​ലൂ​ടെ ദൈവ​ജ​നത്തെ ശുദ്ധരാ​യി​രി​ക്കാൻ സഹായി​ച്ചു​പോ​ന്നി​ട്ടുണ്ട്‌. അവർക്ക്‌ ആത്മീയാ​ല​യ​ത്തിൽത്തന്നെ തുടരാൻ കഴി​യേ​ണ്ട​തി​നാണ്‌ യഹോവ അതു ചെയ്യു​ന്നത്‌. അടുത്ത രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ, യഹോവ അവരെ ധാർമി​ക​മാ​യും സംഘട​നാ​പ​ര​മാ​യും ശുദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു നമ്മൾ കാണും. ആദ്യം നമുക്ക്‌ ആത്മീയ​മായ ശുദ്ധീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ ചർച്ച ചെയ്യാം. തന്റെ അനുഗാ​മി​കളെ ആത്മീയ​മാ​യി ശുദ്ധരാ​ക്കി​നി​റു​ത്താൻ, വളരെ വ്യക്തമാ​യി തിരി​ച്ച​റി​യാ​വുന്ന വിധത്തി​ലും അണിയ​റ​യി​ലി​രുന്ന്‌ നമുക്കു കാണാ​നാ​കാത്ത വിധത്തി​ലും യേശു പ്രവർത്തി​ച്ചി​ട്ടുണ്ട്‌. അത്‌ എങ്ങനെ​യാ​ണെന്നു നോക്കാം. അതു മനസ്സി​ലാ​ക്കു​ന്നതു നമ്മുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തും.

“ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​വിൻ”

6. ആത്മീയ​ശു​ദ്ധി​യിൽ എന്തെല്ലാം ഉൾപ്പെ​ടു​ന്നു​ണ്ടെന്നു മനസ്സി​ലാ​ക്കാൻ ജൂത​പ്ര​വാ​സി​ക​ളോ​ടുള്ള യഹോ​വ​യു​ടെ കല്‌പ​നകൾ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

6 എന്താണ്‌ ആത്മീയ​മായ ശുദ്ധി? അതിന്‌ ഉത്തരം കാണാൻ, ബി.സി. ആറാം നൂറ്റാ​ണ്ടിൽ ബാബി​ലോൺ വിട്ടു​പോ​രാൻ തുടങ്ങുന്ന ജൂതന്മാ​രോ​ടാ​യി യഹോവ പറഞ്ഞ വാക്കുകൾ പരി​ശോ​ധി​ക്കാം. (യശയ്യ 52:11 വായി​ക്കുക.) ആ പ്രവാ​സി​കൾ സ്വന്തനാ​ടായ യരുശ​ലേ​മി​ലേക്കു മടങ്ങി​പ്പോ​രു​ന്നതു പ്രധാ​ന​മാ​യും ദേവാ​ലയം വീണ്ടും പണിയാ​നും സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാ​നും വേണ്ടി​യാ​യി​രു​ന്നു. (എസ്ര 1:2-4) തന്റെ ജനം ബാബി​ലോ​ണി​ലെ മതത്തിന്റെ എല്ലാ തരം സ്വാധീ​ന​ങ്ങ​ളും പിന്നിൽ ഉപേക്ഷി​ച്ചു​പോ​ര​ണ​മെ​ന്നാ​യി​രു​ന്നു യഹോ​വ​യു​ടെ ആഗ്രഹം. “അശുദ്ധ​മാ​യത്‌ ഒന്നും തൊട​രുത്‌,” “അവളുടെ മധ്യേ​നിന്ന്‌ പുറത്ത്‌ കടക്കു​വിൻ,” “ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​വിൻ” എന്നിങ്ങനെ കല്‌പ​ന​ക​ളു​ടെ ഒരു പരമ്പര​തന്നെ യഹോവ അവർക്കു കൊടു​ത്തെന്ന കാര്യം ശ്രദ്ധി​ക്കുക. യഹോ​വ​യു​ടെ സത്യാ​രാ​ധന ഒരു കാരണ​വ​ശാ​ലും വ്യാജാ​രാ​ധ​ന​യാൽ കളങ്ക​പ്പെ​ടാൻ പാടി​ല്ലാ​യി​രു​ന്നു. അതിൽനിന്ന്‌ നമ്മൾ എന്തു മനസ്സി​ലാ​ക്കണം? ആത്മീയ​മായ ശുദ്ധി​യിൽ വ്യാജ​മ​ത​ത്തി​ന്റെ ഉപദേ​ശ​ങ്ങ​ളിൽനി​ന്നും ആചാര​ങ്ങ​ളിൽനി​ന്നും പൂർണ​മാ​യും വിട്ടു​നിൽക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു.

7. ആത്മീയ​മാ​യി ശുദ്ധരാ​യി​രി​ക്കാൻ യേശു തന്റെ അനുഗാ​മി​കളെ സഹായി​ച്ചി​രി​ക്കു​ന്നത്‌ ഏതു സരണി​യി​ലൂ​ടെ​യാണ്‌?

7 രാജാ​വാ​യി വാഴി​ക്ക​പ്പെട്ട ഉടനെ​തന്നെ, വ്യക്തമാ​യി തിരി​ച്ച​റി​യാൻ സാധി​ക്കുന്ന ഒരു സരണിയെ യേശു ഏർപ്പെ​ടു​ത്തി. അതിലൂ​ടെ യേശു തന്റെ അനുഗാ​മി​കളെ ആത്മീയ​മാ​യി ശുദ്ധരാ​യി​രി​ക്കാൻ സഹായി​ച്ചി​രി​ക്കു​ന്നു. 1919-ൽ ക്രിസ്‌തു നിയമി​ച്ചാ​ക്കിയ വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമ​യാണ്‌ ആ സരണി. (മത്താ. 24:45) ആ വർഷമാ​യ​പ്പോ​ഴേ​ക്കും മതപര​മായ ധാരാളം വ്യാ​ജോ​പ​ദേ​ശങ്ങൾ വിട്ടു​ക​ളഞ്ഞ്‌ ബൈബിൾവി​ദ്യാർഥി​കൾ തങ്ങളെ​ത്തന്നെ ശുദ്ധീ​ക​രി​ച്ചി​രു​ന്നു. എങ്കിലും അവർ പിന്നെ​യും ആത്മീയ​മാ​യി ശുദ്ധീ​ക​രി​ക്ക​പ്പെ​ടേ​ണ്ടി​യി​രു​ന്നു. തന്റെ അനുഗാ​മി​കൾ ഉപേക്ഷി​ച്ചു​ക​ള​യേണ്ട പലപല ആചരണ​ങ്ങ​ളെ​യും നാട്ടു​ന​ട​പ്പു​ക​ളെ​യും കുറിച്ച്‌ വിശ്വസ്‌ത​നായ അടിമ​യി​ലൂ​ടെ ക്രിസ്‌തു അവരെ പടിപ​ടി​യാ​യി ബോധ​വാ​ന്മാ​രാ​ക്കി. (സുഭാ. 4:18) ചില ഉദാഹ​ര​ണങ്ങൾ നമുക്കു നോക്കാം.

ക്രിസ്‌ത്യാ​നി​കൾ ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ക്ക​ണോ?

8. ബൈബിൾവി​ദ്യാർഥി​കൾ ക്രിസ്‌തു​മ​സ്സി​നെ​ക്കു​റിച്ച്‌ വളരെ നേര​ത്തേ​തന്നെ ഏതു കാര്യം അംഗീ​ക​രി​ച്ചി​രു​ന്നു, എന്നിട്ടും അവർക്ക്‌ ഏതു കാര്യം ആവശ്യ​മാ​ണെന്നു തോന്നി​യില്ല?

8 ക്രിസ്‌തു​മ​സ്സി​ന്റെ ഉത്ഭവം ക്രിസ്‌തീ​യ​മ​ല്ലാത്ത മതങ്ങളിൽനി​ന്നാ​ണെ​ന്നും യേശു ജനിച്ചതു ഡിസംബർ 25-ന്‌ അല്ലെന്നും ബൈബിൾവി​ദ്യാർഥി​കൾ വളരെ നേര​ത്തേ​തന്നെ അംഗീ​ക​രി​ച്ചി​രു​ന്നു. 1881 ഡിസംബർ ലക്കം സീയോ​ന്റെ വീക്ഷാ​ഗോ​പു​രം ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “മറ്റു മതങ്ങളിൽപ്പെട്ട ലക്ഷക്കണ​ക്കിന്‌ ആളുക​ളെ​യാ​ണു ക്രിസ്‌തീ​യ​സ​ഭ​യി​ലേക്കു കൊണ്ടു​വ​ന്നത്‌. പക്ഷേ അവരുടെ മാറ്റം മിക്ക​പ്പോ​ഴും പേരിൽ മാത്ര​മാ​യി ഒതുങ്ങി. കാരണം മറ്റു മതങ്ങളി​ലെ പുരോ​ഹി​ത​ന്മാർ ക്രിസ്‌തീ​യ​പു​രോ​ഹി​ത​ന്മാ​രാ​യി, അവരുടെ വിശേ​ഷ​ദി​വ​സ​ങ്ങൾക്കെ​ല്ലാം ക്രിസ്‌തീ​യ​മായ പേരു​ക​ളും ഇട്ടു, അത്രമാ​ത്രം! അങ്ങനെ​യുള്ള ഒരു വിശേ​ഷ​ദി​വ​സ​മാ​ണു ക്രിസ്‌തു​മസ്സ്‌.” 1883-ലെ ഒരു വീക്ഷാ​ഗോ​പു​ര​ത്തിൽ, “യേശു എന്നാണു ജനിച്ചത്‌?” എന്ന തലക്കെ​ട്ടിൽ ഒരു ലേഖന​മു​ണ്ടാ​യി​രു​ന്നു. യേശു​വി​ന്റെ ജനനം ഒക്‌ടോ​ബർ മാസത്തി​ന്റെ തുടക്ക​ത്തോട്‌ അടുപ്പി​ച്ചാ​ണെന്ന്‌ അതു വിശദീ​ക​രി​ച്ചു. c എന്നിട്ടും ക്രിസ്‌തു​മസ്സ്‌ ആഘോഷം അവസാ​നി​പ്പി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ണെന്ന്‌ അന്നു ബൈബിൾവി​ദ്യാർഥി​കൾക്ക്‌ അത്രകണ്ട്‌ തോന്നി​യില്ല. ബ്രൂക്‌ലിൻ ബഥേൽ കുടും​ബ​ത്തി​ലെ അംഗങ്ങൾപോ​ലും ക്രിസ്‌തു​മസ്സ്‌ തുടർന്നും ആഘോ​ഷി​ച്ചു. എന്നാൽ 1926-നു ശേഷം കാര്യ​ങ്ങ​ളെ​ല്ലാം മാറാൻ തുടങ്ങി. എന്തായി​രു​ന്നു കാരണം?

9. ക്രിസ്‌തു​മ​സ്സി​നെ​ക്കു​റിച്ച്‌ ബൈബിൾവി​ദ്യാർഥി​കൾ എന്തു തിരി​ച്ച​റി​യാൻ ഇടയായി?

9 ആ വിഷയം ശ്രദ്ധാ​പൂർവം വിശക​ലനം ചെയ്‌ത ബൈബിൾ വിദ്യാർഥി​കൾക്ക്‌ ഒരു കാര്യം ബോധ്യ​മാ​യി: ക്രിസ്‌തു​മ​സ്സി​ന്റെ ഉത്ഭവവും അതി​നോ​ടു ബന്ധപ്പെട്ട ആചാര​ങ്ങ​ളും യഥാർഥ​ത്തിൽ ദൈവത്തെ അപമാ​നി​ക്കു​ക​യാണ്‌! 1927 ഡിസംബർ 14 ലക്കം സുവർണ​യു​ഗ​ത്തിൽ വന്ന “ക്രിസ്‌തു​മ​സ്സി​ന്റെ ഉത്ഭവം” എന്ന ലേഖനം, ക്രിസ്‌തു​മസ്സ്‌ ക്രിസ്‌തീ​യ​മ​ല്ലാത്ത ഒരു ആഘോ​ഷ​മാ​ണെന്നു പറഞ്ഞു. ഉല്ലാസ​ത്തി​മിർപ്പി​നു പ്രാധാ​ന്യം കൊടു​ക്കുന്ന ആ ആഘോ​ഷ​ത്തിൽ വിഗ്ര​ഹാ​രാ​ധന ഉൾപ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അതു ചൂണ്ടി​ക്കാ​ണി​ച്ചു. ഇത്‌ ആഘോ​ഷി​ക്കാൻ ക്രിസ്‌തു കല്‌പി​ച്ചി​ട്ടി​ല്ലെന്നു വിശദീ​ക​രിച്ച ആ ലേഖനം ക്രിസ്‌തു​മ​സ്സി​നെ​ക്കു​റിച്ച്‌ അതിന്റെ ഉപസം​ഹാ​ര​ത്തിൽ ഇങ്ങനെ പറഞ്ഞു: “യഹോ​വ​യു​ടെ സേവന​ത്തി​നു പൂർണ​മാ​യി അർപ്പിച്ച ആളുകൾ ഇത്‌ ആഘോ​ഷി​ക്ക​രുത്‌. കാരണം, ഈ ആഘോഷം തുടരു​ന്ന​തി​നെ അനുകൂ​ലി​ക്കു​ന്നതു ലോക​വും ജഡവും പിശാ​ചും ആണ്‌. ഇക്കാര്യ​ത്തിൽ ഇതിൽപ്പരം ഒരു കാരണം ആവശ്യ​മില്ല.” അതു​കൊ​ണ്ടു​തന്നെ, ബഥേൽ കുടും​ബം ആ ഡിസം​ബ​റി​ലെന്നല്ല പിന്നീട്‌ ഒരിക്കൽപ്പോ​ലും ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ച്ചി​ട്ടില്ല.

10. (എ) ക്രിസ്‌തു​മ​സ്സി​നെ​ക്കു​റിച്ച്‌ 1928 ഡിസം​ബ​റിൽ കുറച്ചു​കൂ​ടെ വ്യക്തമായ ഒരു ചിത്രം കിട്ടി​യത്‌ എങ്ങനെ? (“ ക്രിസ്‌തു​മസ്സ്‌—ഉത്ഭവവും ഉദ്ദേശ്യ​വും” എന്ന ചതുര​വും കാണുക.) (ബി) ഒഴിവാ​ക്കേണ്ട മറ്റു വിശേ​ഷ​ദി​വ​സ​ങ്ങ​ളും ആഘോ​ഷ​ങ്ങ​ളും സംബന്ധിച്ച്‌ ദൈവ​ജ​ന​ത്തിന്‌ എങ്ങനെ​യുള്ള ഓർമി​പ്പി​ക്ക​ലു​കൾ ലഭിച്ചു? (“ മറ്റു വിശേ​ഷ​ദി​വ​സ​ങ്ങ​ളു​ടെ​യും ആഘോ​ഷ​ങ്ങ​ളു​ടെ​യും മറ നീക്കുന്നു” എന്ന ചതുരം കാണുക.)

10 അടുത്ത വർഷം ബൈബിൾവി​ദ്യാർഥി​കൾക്കു ക്രിസ്‌തു​മ​സ്സി​നെ​ക്കു​റിച്ച്‌ കുറച്ചു​കൂ​ടെ വ്യക്തമായ ഒരു ചിത്രം കിട്ടി. ലോകാ​സ്ഥാ​നത്ത്‌ പ്രവർത്തി​ച്ചി​രുന്ന റിച്ചാർഡ്‌ എച്ച്‌. ബാർബർ സഹോ​ദരൻ 1928 ഡിസംബർ 12-നു നടത്തിയ റേഡി​യോ പ്രഭാ​ഷണം ഈ വിശേ​ഷ​ദി​വ​സ​ത്തി​ന്റെ അശുദ്ധ​മായ ഉത്ഭവം തുറന്നു​കാ​ണി​ച്ചു. ലോകാ​സ്ഥാ​ന​ത്തു​നി​ന്നുള്ള വ്യക്തമായ ഈ നിർദേ​ശ​ത്തോ​ടു ദൈവ​ജനം എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? താനും കുടും​ബ​വും ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ക്കു​ന്നതു നിറു​ത്തിയ സമയ​ത്തെ​പ്പറ്റി ചാൾസ്‌ ബ്രാൻഡ്‌ലൈൻ സഹോ​ദരൻ ഓർക്കു​ന്നു: “ക്രിസ്‌തീ​യ​മ​ല്ലാത്ത ആ കാര്യങ്ങൾ വിട്ടു​ക​ള​ഞ്ഞ​തു​കൊണ്ട്‌ ഞങ്ങൾക്ക്‌ എന്തെങ്കി​ലും വിഷമ​മു​ണ്ടാ​യോ? ഒട്ടുമില്ല. . . . ചെളി പുരണ്ട ഒരു ഉടുപ്പ്‌ ഊരി​യെ​റി​യു​ന്ന​തു​പോ​ലെയേ തോന്നി​യു​ള്ളൂ.” പിന്നീട്‌ ഒരു സഞ്ചാര​മേൽവി​ചാ​ര​ക​നാ​യി സേവിച്ച ഹെൻറി എ. കാന്റ്‌വെൽ സഹോ​ദ​രന്റെ വാക്കു​ക​ളി​ലും അതേ വികാ​ര​ങ്ങ​ളാ​ണു​ള്ളത്‌. അദ്ദേഹം പറയുന്നു: “ഞങ്ങൾക്ക്‌ ഒരു കാര്യം ഉപേക്ഷി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും യഹോ​വ​യോ​ടുള്ള സ്‌നേഹം തെളി​യി​ക്കാ​നാ​യ​ല്ലോ. അതിൽ ഞങ്ങൾക്കു സന്തോ​ഷ​മാ​യി​രു​ന്നു.” ക്രിസ്‌തു​വി​ന്റെ വിശ്വസ്‌ത​രായ അനുഗാ​മി​കൾ ആവശ്യ​മായ മാറ്റങ്ങൾ വരുത്താൻ തയ്യാറാ​യി​രു​ന്നു. അശുദ്ധ​മായ ആരാധ​ന​യിൽനിന്ന്‌ മുള​പൊ​ട്ടിയ ഒരു ആഘോഷം തീർത്തും ഒഴിവാ​ക്കാൻ അവർക്ക്‌ ഒരു മടിയു​മി​ല്ലാ​യി​രു​ന്നു. dയോഹ. 15:19; 17:14.

11. മിശി​ഹൈ​ക​രാ​ജാ​വി​നെ പിന്തു​ണയ്‌ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

11 വിശ്വസ്‌ത​രായ ആ ബൈബിൾവി​ദ്യാർഥി​കൾ നമുക്കു​വേണ്ടി എത്ര നല്ലൊരു മാതൃ​ക​യാ​ണു വെച്ചത്‌! ആ മാതൃ​ക​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നമ്മൾ ഇങ്ങനെ​യൊ​രു ആത്മപരി​ശോ​ധന നടത്തു​ന്നതു നല്ലതാണ്‌: ‘വിശ്വസ്‌ത​നായ അടിമ​യിൽനിന്ന്‌ നമുക്കു ലഭിക്കുന്ന നിർദേ​ശ​ങ്ങളെ ഞാൻ എങ്ങനെ​യാ​ണു കാണു​ന്നത്‌? ഞാൻ അവ നന്ദി​യോ​ടെ സ്വീക​രി​ക്കാ​റു​ണ്ടോ? ആ കാര്യങ്ങൾ ഞാൻ പ്രാവർത്തി​ക​മാ​ക്കാ​റു​ണ്ടോ?’ മനസ്സോ​ടെ അനുസ​രി​ക്കുക! എങ്കിൽ, തക്കസമ​യത്തെ ആത്മീയ​ഭ​ക്ഷണം വിതരണം ചെയ്യാൻ വിശ്വസ്‌ത​നായ അടിമയെ ഉപയോ​ഗി​ക്കുന്ന മിശി​ഹൈ​ക​രാ​ജാ​വി​നെ നമ്മൾ പിന്തു​ണയ്‌ക്കു​ക​യാണ്‌.—പ്രവൃ. 16:4, 5.

ക്രിസ്‌ത്യാ​നി​കൾ കുരിശ്‌ ഉപയോ​ഗി​ക്ക​ണോ?

കുരിശിന്റെയും കിരീ​ട​ത്തി​ന്റെ​യും അടയാളം (12, 13 ഖണ്ഡികകൾ കാണുക)

12. വർഷങ്ങ​ളോ​ളം കുരി​ശി​ന്റെ കാര്യ​ത്തിൽ ബൈബിൾവി​ദ്യാർഥി​ക​ളു​ടെ നിലപാട്‌ എന്തായി​രു​ന്നു?

12 കുരി​ശി​നെ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ പ്രതീ​ക​മാ​യി അംഗീ​ക​രി​ക്കു​ന്ന​തിൽ തെറ്റി​ല്ലെ​ന്നാ​യി​രു​ന്നു വർഷങ്ങ​ളോ​ളം ബൈബിൾവി​ദ്യാർഥി​ക​ളു​ടെ നിലപാട്‌. എന്നാൽ കുരി​ശി​നെ ആരാധി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ അവർക്ക്‌ ഒട്ടും തോന്നി​യില്ല. കാരണം വിഗ്ര​ഹാ​രാ​ധന തെറ്റാ​ണെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. (1 കൊരി. 10:14; 1 യോഹ. 5:21) “എല്ലാ തരം വിഗ്ര​ഹാ​രാ​ധ​ന​യും ദൈവ​ത്തിന്‌ അറപ്പാണ്‌” എന്ന്‌ 1883-ൽത്തന്നെ വീക്ഷാ​ഗോ​പു​രം തുറന്നു​പ​റ​ഞ്ഞി​രു​ന്നു. എങ്കിലും കുരി​ശി​ന്റെ ഉചിത​മായ ഉപയോ​ഗ​മെന്നു തങ്ങൾ ധരിച്ചു​വെ​ച്ചി​രുന്ന ചില കാര്യങ്ങൾ ചെയ്യു​ന്ന​തിൽ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടെന്ന്‌ ആദ്യ​മൊ​ന്നും ബൈബിൾവി​ദ്യാർഥി​കൾക്കു തോന്നി​യില്ല. ഉദാഹ​ര​ണ​ത്തിന്‌ അവർ അഭിമാ​ന​ത്തോ​ടെ, കുരി​ശി​ന്റെ​യും കിരീ​ട​ത്തി​ന്റെ​യും രൂപങ്ങ​ളുള്ള ഒരു അടയാളം തിരി​ച്ച​റി​യൽചി​ഹ്ന​മാ​യി വസ്‌ത്ര​ത്തിൽ കുത്തി നടക്കാ​റു​ണ്ടാ​യി​രു​ന്നു. മരണം​വരെ വിശ്വസ്‌ത​രാ​യി നിന്നാൽ തങ്ങൾക്കു ജീവകി​രീ​ടം ലഭിക്കു​മെ​ന്ന​തി​ന്റെ പ്രതീ​ക​മാ​യി​ട്ടാണ്‌ അവർ അതിനെ കണ്ടത്‌. 1891 മുതൽ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ പുറം​താ​ളിൽ കുരി​ശി​ന്റെ​യും കിരീ​ട​ത്തി​ന്റെ​യും രൂപങ്ങ​ളുള്ള ഒരു അടയാളം പ്രത്യ​ക്ഷ​പ്പെ​ട്ടു​തു​ടങ്ങി.

13. കുരി​ശി​ന്റെ ഉപയോ​ഗ​ത്തെ​ക്കു​റിച്ച്‌ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്ക്‌ എന്തു വിശദാം​ശങ്ങൾ ലഭിച്ചു? (“ കുരി​ശി​ന്റെ ഉപയോ​ഗ​ത്തെ​ക്കു​റിച്ച്‌ കൂടു​ത​ലായ വിശദാം​ശങ്ങൾ” എന്ന ചതുര​വും കാണുക.)

13 കുരി​ശി​ന്റെ​യും കിരീ​ട​ത്തി​ന്റെ​യും അടയാളം ബൈബിൾവി​ദ്യാർഥി​കൾക്കു വലിയ ഇഷ്ടമാ​യി​രു​ന്നു. എന്നാൽ 1920-കളുടെ അവസാ​ന​ത്തോ​ടെ കുരി​ശി​ന്റെ ഉപയോ​ഗ​ത്തെ​ക്കു​റിച്ച്‌ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്കു കൂടു​ത​ലായ വിശദാം​ശങ്ങൾ ലഭിച്ചു​തു​ടങ്ങി. യു.എസ്‌.എ.-യിലെ മിഷി​ഗ​ണി​ലുള്ള ഡി​ട്രോ​യി​റ്റിൽവെച്ച്‌ 1928-ൽ നടന്ന സമ്മേള​ന​ത്തെ​ക്കു​റിച്ച്‌ പിൽക്കാ​ലത്ത്‌ ഭരണസം​ഘാം​ഗ​മാ​യി സേവിച്ച ഗ്രാന്റ്‌ സ്യൂട്ടർ സഹോ​ദരൻ ഓർക്കു​ന്നു: “കുരി​ശി​ന്റെ​യും കിരീ​ട​ത്തി​ന്റെ​യും അടയാളം ആവശ്യ​മി​ല്ലെന്നു മാത്രമല്ല, തീർത്തും ഒഴിവാ​ക്കേ​ണ്ട​താ​ണെ​ന്നും സമ്മേളനം വ്യക്തമാ​ക്കി.” അടുത്ത ഏതാനും വർഷങ്ങ​ളിൽ ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ ലഭ്യമാ​യി. അതെ, ആത്മീയ​ശു​ദ്ധി​യുള്ള നിർമ​ല​മായ ആരാധ​ന​യിൽ കുരി​ശി​നു യാതൊ​രു സ്ഥാനവു​മി​ല്ലെന്നു വ്യക്തമാ​യി​രു​ന്നു.

14. കുരി​ശി​നെ​ക്കു​റിച്ച്‌ കൂടു​ത​ലായ വിശദാം​ശങ്ങൾ പടിപ​ടി​യാ​യി ലഭിച്ച​പ്പോൾ ദൈവ​ജനം എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

14 കുരി​ശി​നെ​ക്കു​റിച്ച്‌ കൂടു​ത​ലായ വിശദാം​ശങ്ങൾ പടിപ​ടി​യാ​യി ലഭിച്ച​പ്പോൾ ദൈവ​ജനം എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? അവർക്ക്‌ ഏറെ പ്രിയ​പ്പെ​ട്ട​താ​യി​രുന്ന കുരി​ശി​ന്റെ​യും കിരീ​ട​ത്തി​ന്റെ​യും അടയാളം ഉപയോ​ഗി​ക്കു​ന്നതു നിറു​ത്താൻ അവർക്കു മടി തോന്നി​യോ? യഹോ​വയെ ദീർഘ​കാ​ല​മാ​യി സേവി​ച്ചു​വന്ന ലിലാ റോബർട്ട്‌സ്‌ എന്ന സഹോ​ദരി ഓർക്കു​ന്നു: “അത്‌ എന്തി​നെ​യാ​ണു പ്രതീ​ക​പ്പെ​ടു​ത്തു​ന്ന​തെന്ന്‌ അറിഞ്ഞ​പ്പോൾ ഒരു മടിയും കൂടാതെ ഞങ്ങൾ അത്‌ ഉപേക്ഷി​ച്ചു.” മറ്റൊരു വിശ്വസ്‌ത​സ​ഹോ​ദ​രി​യായ ഉർസുല സറെൻകോ ഇങ്ങനെ പറഞ്ഞു: “നമ്മുടെ കർത്താ​വി​ന്റെ മരണത്തി​ന്റെ​യും നമ്മുടെ ക്രിസ്‌തീ​യ​ഭ​ക്തി​യു​ടെ​യും പ്രതീ​ക​മോ അടയാ​ള​മോ ആയി നമ്മൾ ഒരിക്കൽ ചേർത്തു​പി​ടി​ച്ചി​രുന്ന ഇത്‌ യഥാർഥ​ത്തിൽ ഒരു വ്യാജ​മ​ത​ചി​ഹ്ന​മാ​യി​രു​ന്നു എന്നു ഞങ്ങൾ തിരി​ച്ച​റി​ഞ്ഞു. സുഭാ​ഷി​തങ്ങൾ 4:18-ൽ പറയു​ന്ന​തു​പോ​ലെ പാത കൂടു​തൽക്കൂ​ടു​തൽ പ്രകാ​ശ​മാ​ന​മാ​കു​ന്നതു കണ്ട്‌ ഞങ്ങൾക്കെ​ല്ലാം നന്ദി തോന്നി.” മിക്കയാ​ളു​കൾക്കും ഇതേ അഭി​പ്രാ​യ​മാ​യി​രു​ന്നു. അശുദ്ധ​മായ വ്യാജ​മ​താ​ചാ​ര​ങ്ങ​ളിൽ യാതൊ​രു പങ്കുമു​ണ്ടാ​യി​രി​ക്കാൻ ക്രിസ്‌തു​വി​ന്റെ വിശ്വസ്‌താ​നു​ഗാ​മി​കൾ ആഗ്രഹി​ച്ചില്ല!

15, 16. യഹോ​വ​യു​ടെ ആത്മീയാ​ല​യ​ത്തി​ന്റെ ഭാഗമായ, ഭൂമി​യി​ലെ മുറ്റങ്ങൾ ശുദ്ധമാ​യി സൂക്ഷി​ക്കാൻ തീരു​മാ​നി​ച്ചു​റ​ച്ചി​രി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ തെളി​യി​ക്കാം?

15 അതേ നിശ്ചയ​ദാർഢ്യ​മാണ്‌ ഇന്നു നമുക്കു​മു​ള്ളത്‌. തന്റെ ജനത്തെ ആത്മീയ​മാ​യി ശുദ്ധരാ​യി സൂക്ഷി​ക്കാൻ ക്രിസ്‌തു, വ്യക്തമാ​യി തിരി​ച്ച​റി​യാ​വുന്ന ഒരു സരണിയെ—തന്റെ വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമയെ—ഉപയോ​ഗി​ച്ചു​പോ​ന്നി​ട്ടു​ണ്ടെന്നു നമ്മൾ അംഗീ​ക​രി​ക്കു​ന്നു. അതു​കൊണ്ട്‌ വ്യാജ​മ​ത​ത്തി​ന്റെ കറ പുരണ്ട ആചരണങ്ങൾ, നാട്ടു​ന​ട​പ്പു​കൾ, രീതികൾ എന്നിവ​യെ​ക്കു​റിച്ച്‌ ആത്മീയ​ഭ​ക്ഷ​ണ​ത്തി​ലൂ​ടെ മുന്നറി​യി​പ്പു​കൾ തരു​മ്പോൾ നമ്മൾ അപ്പോൾത്തന്നെ അതിനു ചെവി​കൊ​ടു​ക്കു​ന്നു. ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​ത്തി​ന്റെ ആരംഭ​കാ​ലത്ത്‌ ജീവി​ച്ചി​രുന്ന നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ​പ്പോ​ലെ, യഹോ​വ​യു​ടെ ആത്മീയാ​ല​യ​ത്തി​ന്റെ ഭൂമി​യി​ലെ മുറ്റങ്ങൾ ശുദ്ധമാ​യി സൂക്ഷി​ക്കാൻ നമ്മളും തീരു​മാ​നി​ച്ചു​റ​ച്ചി​രി​ക്കു​ന്നു.

16 അവസാ​ന​കാ​ലത്ത്‌ ഉടനീളം, ആത്മീയ​മാ​യി ദുഷി​പ്പി​ക്കാൻ സാധ്യ​ത​യുള്ള വ്യക്തി​ക​ളിൽനിന്ന്‌ യഹോ​വ​യു​ടെ ജനത്തിന്റെ സഭകളെ സംരക്ഷി​ക്കുക എന്ന ഉദ്ദേശ്യ​ത്തോ​ടെ, അണിയ​റ​യി​ലി​രുന്ന്‌ നമുക്കു കാണാ​നാ​കാത്ത വിധത്തി​ലും ക്രിസ്‌തു പ്രവർത്തി​ച്ചി​ട്ടുണ്ട്‌. ക്രിസ്‌തു എങ്ങനെ​യാണ്‌ അതു ചെയ്‌തി​രി​ക്കു​ന്നത്‌? നമുക്കു നോക്കാം.

“നീതി​മാ​ന്മാ​രു​ടെ ഇടയിൽനിന്ന്‌ ദുഷ്ടന്മാ​രെ” വേർതി​രി​ക്കു​ന്നു

17, 18. വലയുടെ ദൃഷ്ടാ​ന്ത​ക​ഥ​യിൽ, (എ) കടലി​ലേക്ക്‌ ഒരു വല ഇറക്കു​ന്നത്‌, (ബി) ‘എല്ലാ തരം മീനു​ക​ളെ​യും പിടി​ക്കു​ന്നത്‌,’ (സി) കൊള്ളാ​വു​ന്ന​വ​യെ​യെ​ല്ലാം പാത്ര​ങ്ങ​ളിൽ ശേഖരി​ക്കു​ന്നത്‌, (ഡി) കൊള്ളാ​ത്ത​വയെ എറിഞ്ഞു​ക​ള​യു​ന്നത്‌ എന്നിവ​യിൽ ഓരോ​ന്നി​ന്റെ​യും അർഥം എന്താണ്‌?

17 ഭൂമി​യി​ലെ​മ്പാ​ടു​മുള്ള ദൈവ​ജ​ന​ത്തി​ന്റെ സഭകളെ രാജാ​വായ യേശു​ക്രിസ്‌തു ജാഗ്ര​ത​യോ​ടെ നിരീ​ക്ഷി​ക്കു​ന്നുണ്ട്‌. നമുക്കു പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ പറ്റാത്ത വിധങ്ങ​ളിൽ ക്രിസ്‌തു​വും ദൂതന്മാ​രും ഒരു വേർതി​രി​ക്കൽപ്ര​വർത്തനം നടത്തി​വ​രു​ന്നു. യേശു ഈ പ്രവർത്ത​നത്തെ വലയുടെ ദൃഷ്ടാ​ന്ത​ക​ഥ​യി​ലൂ​ടെ വിവരി​ക്കു​ന്നുണ്ട്‌. (മത്തായി 13:47-50 വായി​ക്കുക.) ഈ ദൃഷ്ടാ​ന്ത​ക​ഥ​യു​ടെ അർഥം എന്താണ്‌?

മനുഷ്യസമൂഹമെന്ന കടലി​ലെ​ങ്ങും നടക്കുന്ന, ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​യാ​ണു വല ചിത്രീ​ക​രി​ക്കു​ന്നത്‌ (ഖണ്ഡിക 18 കാണുക)

18 ‘കടലി​ലേക്ക്‌ ഒരു വല ഇറക്കുന്നു.’ മനുഷ്യ​സ​മൂ​ഹ​മെന്ന കടലി​ലെ​ങ്ങും നടക്കുന്ന, ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​യാ​ണു വല ചിത്രീ​ക​രി​ക്കു​ന്നത്‌. ‘എല്ലാ തരം മീനു​ക​ളെ​യും പിടി​ക്കു​ന്നു.’ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത എല്ലാ തരം ആളുക​ളെ​യും ആകർഷി​ക്കു​ന്നു. ഇക്കൂട്ട​ത്തിൽ, സത്യ​ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രാൻ നടപടി​ക​ളെ​ടു​ക്കു​ന്ന​വ​രും, കൂടാതെ തുടക്ക​ത്തിൽ കുറ​ച്ചൊ​ക്കെ താത്‌പ​ര്യം കാണി​ച്ചേ​ക്കാ​മെ​ങ്കി​ലും പിന്നീടു സത്യാ​രാ​ധ​നയ്‌ക്കു​വേണ്ടി ഉറച്ച നിലപാ​ടെ​ടു​ക്കാൻ മടിക്കുന്ന അനേക​രും ഉൾപ്പെ​ടും. e ‘കൊള്ളാ​വു​ന്ന​വ​യെ​യെ​ല്ലാം പാത്ര​ങ്ങ​ളിൽ ശേഖരി​ക്കു​ന്നു.’ ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ സഭകളെന്ന പാത്ര​ങ്ങ​ളിൽ ശേഖരി​ക്കു​ന്നു. അവിടെ, യഹോ​വയ്‌ക്കു ശുദ്ധമായ ആരാധന അർപ്പി​ക്കാൻ അവർക്കു കഴിയു​ന്നു. ‘കൊള്ളാ​ത്ത​വയെ എറിഞ്ഞു​ക​ള​യു​ന്നു.’ അവസാ​ന​കാ​ലത്ത്‌ ഉടനീളം, ക്രിസ്‌തു​വും ദൂതന്മാ​രും ‘നീതി​മാ​ന്മാ​രു​ടെ ഇടയിൽനിന്ന്‌ ദുഷ്ടന്മാ​രെ വേർതി​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.’ f അതിന്റെ ഫലമായി, ശരിയായ ഹൃദയ​നി​ല​യി​ല്ലാത്ത ആളുകളെ, അതായത്‌ ഒരുപക്ഷേ തെറ്റായ വിശ്വാ​സ​ങ്ങ​ളോ ആചാര​ങ്ങ​ളോ വിട്ടു​ക​ള​യാൻ മനസ്സി​ല്ലാ​ത്ത​വരെ, സഭകളെ കളങ്ക​പ്പെ​ടു​ത്തു​ന്ന​തിൽനിന്ന്‌ തടയാ​നാ​യി​രി​ക്കു​ന്നു. g

19. ദൈവ​ജ​ന​ത്തി​ന്റെ ആത്മീയ​ശു​ദ്ധി​യും സത്യാ​രാ​ധ​ന​യു​ടെ പരിശു​ദ്ധി​യും കാത്തു​സൂ​ക്ഷി​ക്കാൻ ക്രിസ്‌തു ഇന്നോളം പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

19 നമ്മുടെ രാജാ​വായ യേശു​ക്രിസ്‌തു തന്റെ പരിപാ​ല​ന​ത്തി​ലു​ള്ള​വ​രു​ടെ സംരക്ഷ​ക​നാ​ണെന്ന്‌ അറിയു​ന്നതു നമുക്കു ധൈര്യം പകരു​ന്നി​ല്ലേ? ഒന്നാം നൂറ്റാ​ണ്ടിൽ ആലയം ശുദ്ധീ​ക​രിച്ച സമയത്തെ അതേ തീക്ഷ്‌ണ​ത​ത​ന്നെ​യാണ്‌ യേശു​വിന്‌ ഇപ്പോ​ഴും സത്യാ​രാ​ധ​ന​യു​ടെ​യും സത്യാ​രാ​ധ​ക​രു​ടെ​യും കാര്യ​ത്തി​ലു​ള്ള​തെന്ന്‌ അറിയു​മ്പോൾ നമുക്ക്‌ ആശ്വാസം തോന്നു​ന്നി​ല്ലേ? ദൈവ​ജ​ന​ത്തി​ന്റെ ആത്മീയ​ശു​ദ്ധി​യും സത്യാ​രാ​ധ​ന​യു​ടെ പരിശു​ദ്ധി​യും കാത്തു​സൂ​ക്ഷി​ക്കാൻ ക്രിസ്‌തു ഇന്നോളം പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌! വ്യാജ​മ​ത​വു​മാ​യുള്ള എല്ലാ സമ്പർക്ക​വും ഒഴിവാ​ക്കി​ക്കൊണ്ട്‌ നമുക്കു രാജാ​വി​നോ​ടും രാജ്യ​ത്തോ​ടും കൂറു​ള്ള​വ​രാ​ണെന്നു കാണി​ക്കാം.

a ഒരു പ്രത്യേ​ക​തരം കറൻസി കൈവ​ശ​മു​ണ്ടെ​ങ്കിൽ മാത്രമേ അന്യനാ​ടു​ക​ളിൽനിന്ന്‌ വരുന്ന ജൂതന്മാർക്കു വാർഷിക ദേവാ​ല​യ​നി​കു​തി കൊടു​ക്കാൻ സാധി​ക്കു​മാ​യി​രു​ന്നു​ള്ളൂ. അവരുടെ കൈവ​ശ​മുള്ള നാണയങ്ങൾ ആ പ്രത്യേ​ക​ക​റൻസി​യാ​യി മാറ്റി​ക്കൊ​ടു​ക്കാൻ, ‘നാണയം മാറ്റി​ക്കൊ​ടു​ക്കു​ന്നവർ’ ഫീസ്‌ ഈടാ​ക്കി​യി​രു​ന്നു. യാഗങ്ങൾ അർപ്പി​ക്കാൻവേണ്ട മൃഗങ്ങളെ, അന്യനാ​ട്ടു​കാ​രായ ജൂതന്മാർക്കു വിലയ്‌ക്കു വാങ്ങേ​ണ്ടി​യും വന്നിരി​ക്കാം. ആ വ്യാപാ​രി​കൾ അന്യാ​യ​മായ വില വാങ്ങി​യി​രു​ന്ന​തു​കൊ​ണ്ടോ തങ്ങളുടെ സേവന​ങ്ങൾക്കു ഭീമമായ ഫീസ്‌ ഈടാ​ക്കി​യി​രു​ന്ന​തു​കൊ​ണ്ടോ ആയിരി​ക്കാം യേശു അവരെ ‘കവർച്ച​ക്കാർ’ എന്നു വിളി​ച്ചത്‌.

b ദൈവ​ജനം യഹോ​വ​യു​ടെ മഹത്തായ ആത്മീയാ​ല​യ​ത്തി​ന്റെ ഭൂമി​യി​ലെ മുറ്റങ്ങ​ളിൽ യഹോ​വയെ ആരാധി​ക്കു​ന്നു.

c യേശു​വി​ന്റെ ജന്മദിനം “ശൈത്യ​കാ​ല​ത്താ​ണെ​ന്നുള്ള വാദവും ഇടയന്മാർ തങ്ങളുടെ ആട്ടിൻകൂ​ട്ട​ങ്ങ​ളു​മാ​യി വെളി​യിൽ കഴിയു​ക​യാ​യി​രു​ന്നെ​ന്നുള്ള വസ്‌തു​ത​യും തമ്മിൽ അത്ര യോജി​പ്പി​ല്ലെന്ന്‌” ഈ ലേഖനം ചൂണ്ടി​ക്കാ​ണി​ച്ചു.—ലൂക്കോ. 2:8.

d 1927 നവംബർ 14-ന്‌ അയച്ച വ്യക്തി​പ​ര​മായ ഒരു കത്തിൽ ഫ്രെഡ​റിക്‌ ഡബ്ല്യു. ഫ്രാൻസ്‌ സഹോ​ദരൻ ഇങ്ങനെ എഴുതി: “നമുക്ക്‌ ഈ വർഷം ക്രിസ്‌തു​മസ്സ്‌ ഉണ്ടായി​രി​ക്കില്ല. മേലാൽ ക്രിസ്‌തു​മസ്സ്‌ വേണ്ടെ​ന്നാ​ണു ബഥേൽ കുടും​ബ​ത്തി​ന്റെ തീരു​മാ​നം.” ഏതാനും മാസങ്ങൾ കഴിഞ്ഞ്‌, 1928 ഫെബ്രു​വരി 6-ന്‌ ഫ്രാൻസ്‌ സഹോ​ദരൻ എഴുതി: “പിശാ​ചി​ന്റെ ബാബി​ലോ​ണി​യൻ സംഘട​ന​യു​ടെ തെറ്റു​ക​ളിൽനിന്ന്‌ കുറേ​ശ്ശെ​ക്കു​റേശ്ശെ കർത്താവ്‌ നമ്മളെ ശുദ്ധീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.”

e ഒരു ഉദാഹ​രണം നോക്കുക: 2013-ൽ പ്രചാ​ര​ക​രു​ടെ എണ്ണം 79,65,954-ലെത്തി. എന്നാൽ, ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ വാർഷിക സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു കൂടി​വ​ന്നത്‌ 1,92,41,252 പേരാ​യി​രു​ന്നു.

f കൊള്ളാ​വുന്ന മീനു​ക​ളെ​യും കൊള്ളാത്ത മീനു​ക​ളെ​യും തമ്മിൽ വേർതി​രി​ക്കു​ന്ന​തും ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും തമ്മിൽ വേർതി​രി​ക്കു​ന്ന​തും രണ്ടും രണ്ടാണ്‌. (മത്താ. 25:31-46) കോലാ​ടു​ക​ളും ചെമ്മരി​യാ​ടു​ക​ളും തമ്മിലുള്ള വേർതി​രി​ക്കൽ അഥവാ അന്തിമ​ന്യാ​യ​വി​ധി നടക്കു​ന്നതു വരാനി​രി​ക്കുന്ന മഹാക​ഷ്ട​ത​യു​ടെ സമയത്താണ്‌. അതുവരെ, കൊള്ളാത്ത മീനു​ക​ളെ​പ്പോ​ലെ​യു​ള്ള​വർക്ക്‌ യഹോ​വ​യി​ലേക്കു മടങ്ങി​വ​രാ​നും സഭകളെന്ന പാത്ര​ങ്ങ​ളി​ലേക്കു ശേഖരി​ക്ക​പ്പെ​ടാ​നും ഉള്ള അവസര​മുണ്ട്‌.—മലാ. 3:7.

g കൊള്ളാ​ത്ത​വയെ പിന്നീട്‌ ആലങ്കാ​രി​കാർഥ​ത്തിൽ ഒരു എരിയുന്ന തീച്ചൂ​ള​യി​ലേക്ക്‌ എറിയും. അതു ഭാവി​യിൽ അവർക്കു വരാനി​രി​ക്കുന്ന നാശത്തെ സൂചി​പ്പി​ക്കു​ന്നു.