വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 11

ധാർമി​ക​കാ​ര്യ​ങ്ങ​ളി​ലെ ശുദ്ധീ​ക​രണം—ദൈവ​ത്തി​ന്റെ വിശുദ്ധി പ്രതി​ഫ​ലി​പ്പി​ക്കു​ന്നു

ധാർമി​ക​കാ​ര്യ​ങ്ങ​ളി​ലെ ശുദ്ധീ​ക​രണം—ദൈവ​ത്തി​ന്റെ വിശുദ്ധി പ്രതി​ഫ​ലി​പ്പി​ക്കു​ന്നു

മുഖ്യവിഷയം

ദൈവത്തിന്റെ ധാർമി​ക​നി​ല​വാ​ര​ങ്ങളെ ആദരി​ക്കാൻ രാജാവ്‌ പ്രജകളെ പഠിപ്പി​ക്കു​ന്നു

യഹോവയുടെ ആത്മീയാ​ല​യ​ത്തി​ന്റെ പുറത്തെ മുറ്റ​ത്തേ​ക്കുള്ള കവാട​ത്തി​ലേക്കു കയറു​ന്ന​താ​യി ഭാവന​യിൽ കണ്ടു​നോ​ക്കൂ

1. നമ്മളെ അത്ഭുത​പ്പെ​ടു​ത്തുന്ന ഏതു കാഴ്‌ച​യാണ്‌ യഹസ്‌കേൽ കണ്ടത്‌?

 ഇരുപ​ത്തഞ്ചു നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ യഹസ്‌കേൽ പ്രവാ​ച​ക​നു​ണ്ടാ​യ​തു​പോ​ലുള്ള ഒരു അനുഭവം നിങ്ങൾക്കു​ണ്ടാ​യാ​ലോ? ഇങ്ങനെ ചിന്തി​ക്കുക: നിങ്ങൾ അതിഗം​ഭീ​ര​മായ ഒരു ആലയസ​മു​ച്ച​യ​ത്തി​ലേക്ക്‌ നടന്നടു​ക്കു​ക​യാണ്‌. അവിടം മുഴുവൻ പ്രകാ​ശ​ത്തിൽ കുളി​ച്ചു​നിൽക്കു​ന്നു. ആ സ്ഥലമാകെ കൊണ്ടു​ന​ടന്ന്‌ കാണി​ച്ചു​ത​രാൻ അതിശ​ക്ത​നായ ഒരു ദൈവ​ദൂ​ത​നുണ്ട്‌. അവി​ടെ​യുള്ള മൂന്നു കവാട​ങ്ങ​ളി​ലൊ​ന്നിന്‌ അടു​ത്തേക്കു നിങ്ങൾ ചെല്ലുന്നു. അതി​ലേക്കു പ്രവേ​ശി​ക്കാൻ ഏഴു പടികൾ കയറണം. അതു പിന്നിട്ട്‌ കവാട​ത്തിന്‌ അകത്ത്‌ എത്തിയ നിങ്ങൾ ആ കാഴ്‌ച കണ്ട്‌ അത്ഭുതസ്‌ത​ബ്ധ​നാ​കു​ന്നു. ആ കവാട​ത്തിന്‌ ഏതാണ്ട്‌ 100 അടി ഉയരമുണ്ട്‌! പ്രവേ​ശ​ന​മാർഗ​ത്തിന്‌ ഇരുവ​ശ​വും കാവൽക്കാർക്കാ​യി മുറി​ക​ളു​മുണ്ട്‌. ഈന്തപ്പ​ന​യു​ടെ രൂപമാ​തൃക പകർത്തിയ പ്രൗഢ​ഗം​ഭീ​ര​മായ തൂണുകൾ അവിടെ കാണാം.—യഹ. 40:1-4, 10, 14, 16, 22; 41:20.

2. (എ) ദിവ്യ​ദർശ​ന​ത്തിൽ കണ്ട ദേവാ​ലയം എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു? (അടിക്കു​റി​പ്പും കാണുക.) (ബി) ദേവാ​ല​യ​ത്തി​ലേ​ക്കുള്ള കവാട​ങ്ങ​ളു​ടെ സവി​ശേ​ഷ​ത​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​നുണ്ട്‌?

2 ഇതാണു ദിവ്യ​ദർശ​ന​ത്തിൽ കണ്ട ആലങ്കാ​രി​ക​മായ ആത്മീയാ​ലയം. യഹസ്‌കേൽ വളരെ വിശദ​മാ​യി​ത്തന്നെ ആ ദേവാ​ല​യ​ത്തെ​ക്കു​റിച്ച്‌ വിവരി​ച്ച​തു​കൊണ്ട്‌ ആ വിവരണം യഹസ്‌കേൽ എന്ന പ്രവച​ന​പുസ്‌ത​ക​ത്തി​ന്റെ 40 മുതൽ 48 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ നിറഞ്ഞു​നിൽക്കു​ന്നു. ശുദ്ധമായ ആരാധ​നയ്‌ക്കു​വേ​ണ്ടി​യുള്ള യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ത്തെ​യാണ്‌ ഈ ദേവാ​ലയം പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌. അതിന്റെ ഓരോ സവി​ശേ​ഷ​തയ്‌ക്കും ചില അർഥങ്ങ​ളുണ്ട്‌. ഈ അവസാ​ന​കാ​ലത്ത്‌ നമ്മൾ നടത്തുന്ന ആരാധ​ന​യു​മാ​യും അവയ്‌ക്കു ബന്ധമുണ്ട്‌. a ഉയർന്നു​നിൽക്കുന്ന ആ കവാട​ങ്ങ​ളു​ടെ അർഥം എന്താണ്‌? ശുദ്ധാ​രാ​ധ​നയ്‌ക്കുള്ള യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ത്തി​ലേക്കു പ്രവേ​ശി​ക്കു​ന്നവർ യഹോ​വ​യു​ടെ ഉയർന്ന, നീതി​യുള്ള നിലവാ​രങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കാൻ ബാധ്യ​സ്ഥ​രാ​ണെന്ന്‌ അവ ഓർമി​പ്പി​ക്കു​ന്നു. ഈന്തപ്പ​ന​യു​ടെ രൂപങ്ങൾക്കും അതു​പോ​ലൊ​രു അർഥമുണ്ട്‌. കാരണം ചില​പ്പോ​ഴെ​ല്ലാം ബൈബിൾ ഈന്തപ്പ​ന​കളെ, നീതി എന്ന ഗുണത്തെ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (സങ്കീ. 92:12) കാവൽക്കാ​രു​ടെ മുറി​ക​ളോ? ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങളെ ആദരി​ക്കാൻ പരാജ​യ​പ്പെ​ടു​ന്ന​വരെ ശുദ്ധാ​രാ​ധ​ന​യു​ടെ ഈ മനോ​ഹ​ര​മാർഗ​ത്തി​ലേക്ക്‌, ജീവനി​ലേക്കു നയിക്കുന്ന മാർഗ​ത്തി​ലേക്ക്‌, പ്രവേ​ശി​ക്കാൻ അനുവ​ദി​ക്കില്ല എന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു.—യഹ. 44:9.

3. ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്കു തുടർച്ച​യായ ശുദ്ധീ​ക​രണം വേണ്ടി​വ​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

3 യഹസ്‌കേ​ലി​ന്റെ ദിവ്യ​ദർശനം നിറ​വേ​റി​യി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? ഈ പുസ്‌ത​ക​ത്തി​ന്റെ രണ്ടാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ യഹോവ 1914 മുതൽ 1919-ന്റെ ആദ്യഭാ​ഗം വരെയുള്ള കാലത്ത്‌ ക്രിസ്‌തു​വി​നെ ഉപയോ​ഗിച്ച്‌ തന്റെ ജനത്തെ ഒരു പ്രത്യേക ശുദ്ധീ​ക​ര​ണ​പ്ര​ക്രി​യയ്‌ക്കു വിധേ​യ​രാ​ക്കി. എന്നാൽ ശുദ്ധീ​ക​രണം അതോടെ അവസാ​നി​ച്ചോ? ഒരിക്ക​ലു​മില്ല! പെരു​മാ​റ്റ​ത്തി​ന്റെ കാര്യ​ത്തിൽ യഹോവ വെച്ചി​രി​ക്കുന്ന വിശു​ദ്ധ​നി​ല​വാ​ര​ങ്ങളെ കഴിഞ്ഞ നൂറ്റാ​ണ്ടി​ലു​ട​നീ​ളം ക്രിസ്‌തു ഉയർത്തി​പ്പി​ടി​ച്ചി​ട്ടുണ്ട്‌. അതു​കൊ​ണ്ടു​തന്നെ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്കു തുടർച്ച​യായ ശുദ്ധീ​ക​രണം വേണ്ടി​വന്നു. എന്തു​കൊ​ണ്ടാണ്‌ അവരെ ശുദ്ധീ​ക​രി​ക്കേ​ണ്ടി​വ​ന്നത്‌? കാരണം, ധാർമി​ക​മാ​യി അധഃപ​തിച്ച ഈ ലോക​ത്തിൽനി​ന്നാ​ണു ക്രിസ്‌തു തന്റെ അനുഗാ​മി​കളെ കൂട്ടി​ച്ചേർത്തു​കൊ​ണ്ടി​രി​ക്കു​ന്നത്‌. പോരാ​ത്ത​തിന്‌ അവരെ വീണ്ടും അധാർമി​ക​ത​യു​ടെ ചെളി​ക്കു​ണ്ടി​ലേക്കു വലിച്ചു​കൊ​ണ്ടു​പോ​കാ​നുള്ള ശ്രമങ്ങൾ സാത്താൻ ഒരിക്ക​ലും നിറു​ത്തു​ന്ന​തു​മില്ല. (2 പത്രോസ്‌ 2:20-22 വായി​ക്കുക.) സത്യ​ക്രിസ്‌ത്യാ​നി​കൾക്കു തുടർച്ച​യായ ശുദ്ധീ​ക​രണം ആവശ്യ​മാ​യി​വന്ന മൂന്നു മണ്ഡലങ്ങൾ നമുക്ക്‌ ഇപ്പോൾ നോക്കാം. ധാർമി​ക​കാ​ര്യ​ങ്ങ​ളിൽ വേണ്ടിവന്ന ചില ശുദ്ധീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു നമ്മൾ ആദ്യം പഠിക്കുക. പിന്നെ, സഭയുടെ ശുദ്ധി കാത്തു​സൂ​ക്ഷി​ക്കാ​നുള്ള പ്രധാ​ന​പ്പെട്ട ഒരു ക്രമീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും ഒടുവിൽ കുടും​ബ​ക്ര​മീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും നമ്മൾ ചർച്ച ചെയ്യും.

ധാർമി​ക​കാ​ര്യ​ങ്ങ​ളിൽ വേണ്ടിവന്ന ചില ശുദ്ധീ​ക​ര​ണ​ങ്ങൾ

4, 5. ഏതു തന്ത്രമാ​ണു സാത്താൻ ഏറെക്കാ​ല​മാ​യി ഉപയോ​ഗി​ച്ചു​പോ​ന്നി​ട്ടു​ള്ളത്‌, അതു വിജയം കണ്ടോ?

4 നല്ല ധാർമി​ക​നി​ല​വാ​രങ്ങൾ പാലി​ച്ചു​കൊ​ണ്ടുള്ള ജീവി​ത​രീ​തി​യെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ യഹോ​വ​യു​ടെ ജനത്തിന്‌ എല്ലാ കാലത്തും താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ട്ടുണ്ട്‌. അതു​കൊ​ണ്ടു​തന്നെ തങ്ങൾ മനസ്സി​ലാ​ക്കി​യി​രു​ന്ന​തി​നെ​ക്കാൾ വ്യക്തമായ നിർദേ​ശങ്ങൾ എപ്പോൾ കിട്ടി​യാ​ലും അവർ അവ ഇരു​കൈ​യും നീട്ടി സ്വീക​രി​ച്ചി​ട്ടുണ്ട്‌. ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

5 ലൈം​ഗിക അധാർമി​കത. വിവാ​ഹി​ത​യി​ണകൾ തമ്മിലുള്ള ലൈം​ഗി​ക​ബന്ധം ശുദ്ധവും ആസ്വാ​ദ്യ​വും ആയിരി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു യഹോ​വ​യു​ടെ ഉദ്ദേശ്യം. എന്നാൽ അമൂല്യ​മായ ആ സമ്മാനത്തെ അതിന്റെ ഉചിത​മായ സ്ഥാനത്തു​നിന്ന്‌ ഇളക്കി​മാ​റ്റി വികൃ​ത​മാ​യി അവതരി​പ്പി​ക്കു​ന്ന​തിൽ ആനന്ദി​ക്കു​ന്ന​യാ​ളാ​ണു സാത്താൻ. കാരണം, അത്‌ ഉപയോ​ഗിച്ച്‌ യഹോ​വ​യു​ടെ ജനത്തെ പ്രലോ​ഭി​പ്പി​ക്കാ​നും അങ്ങനെ അവർക്കുള്ള ദൈവ​പ്രീ​തി നഷ്ടമാ​ക്കാ​നും ആണ്‌ അവന്റെ ശ്രമം. ബിലെ​യാ​മി​ന്റെ കാലത്ത്‌ ആ തന്ത്രം പ്രയോ​ഗിച്ച്‌ ഫലം കണ്ടവനാ​ണു സാത്താൻ. എന്തൊരു ദുരന്ത​മാ​യി​രു​ന്നു അത്‌! എന്നാൽ തീർന്നില്ല! ഈ അവസാ​ന​കാ​ല​ത്താ​ണു മുമ്പ്‌ എന്നത്തെ​ക്കാ​ളും അധികം സാത്താൻ ആ തന്ത്രം പ്രയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.—സംഖ്യ 25:1-3, 9; വെളി. 2:14.

6. ഏതു പ്രതി​ജ്ഞ​യാ​ണു വീക്ഷാ​ഗോ​പു​ര​ത്തിൽ പ്രസി​ദ്ധീ​ക​രി​ച്ചത്‌, എപ്പോ​ഴാണ്‌ അതു ചൊല്ലി​യി​രു​ന്നത്‌, അതു ക്രമേണ നിറു​ത്തി​യത്‌ എന്തു​കൊണ്ട്‌? (അടിക്കു​റി​പ്പും കാണുക.)

6 സാത്താന്റെ ശ്രമങ്ങൾക്കു തടയി​ടാ​നാ​യി 1908 ജൂൺ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ ഒരു പ്രതിജ്ഞ പ്രസി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി. അതിൽ ഇങ്ങനെ​യൊ​രു പ്രസ്‌താ​വ​ന​യു​ണ്ടാ​യി​രു​ന്നു: “ഏതു സമയത്താ​യാ​ലും സ്ഥലത്താ​യാ​ലും ശരി, എതിർലിം​ഗ​ത്തിൽപ്പെട്ട ഒരാ​ളോ​ടു ഞാൻ ഒരു പൊതു​സ്ഥ​ല​ത്തു​വെച്ച്‌ എങ്ങനെ പെരു​മാ​റു​മോ അതു​പോ​ലെ​ത​ന്നെ​യാ​യി​രി​ക്കും ഞങ്ങൾ ഇരുവ​രും മാത്ര​മു​ള്ള​പ്പോ​ഴും പെരു​മാ​റുക.” b എല്ലാവ​രും ഈ പ്രതി​ജ്ഞ​യെ​ടു​ക്ക​ണ​മെന്നു നിർബ​ന്ധ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും പലരും അങ്ങനെ ചെയ്‌തു. സീയോ​ന്റെ വീക്ഷാ​ഗോ​പു​ര​ത്തിൽ പ്രസി​ദ്ധീ​ക​രി​ക്കാൻ തങ്ങളുടെ പേരുകൾ നൽകു​ക​യും ചെയ്‌തു. എന്നാൽ വർഷങ്ങൾക്കു ശേഷം ഒരു കാര്യം സംഘട​ന​യു​ടെ ശ്രദ്ധയിൽപ്പെട്ടു. അക്കാലത്ത്‌ ആ പ്രതിജ്ഞ പലരെ​യും സഹായി​ച്ചി​രു​ന്നെ​ങ്കി​ലും അതു ചൊല്ലു​ന്നതു വെറു​മൊ​രു ചടങ്ങു​പോ​ലെ​യാ​യി​ത്തീർന്നി​രു​ന്നു. അതു​കൊണ്ട്‌ അതു ക്രമേണ നിറുത്തി. എന്നാൽ അതിന്റെ ആധാര​ത​ത്ത്വ​ങ്ങൾക്ക്‌ അവ അർഹി​ക്കുന്ന പ്രാധാ​ന്യം എന്നും കൊടു​ത്തു​പോ​ന്നി​ട്ടുണ്ട്‌.

7. 1935-ൽ വീക്ഷാ​ഗോ​പു​രം ഏതു പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ എഴുതി, ദൈവ​ജ​ന​ത്തിൽനിന്ന്‌ പ്രതീ​ക്ഷി​ക്കുന്ന ഏതു നിലവാ​ര​മാണ്‌ അതു വീണ്ടും വ്യക്തമാ​ക്കി​യത്‌?

7 എന്നാൽ സാത്താന്റെ ആക്രമ​ണങ്ങൾ ശക്തിയാർജി​ച്ചു​കൊ​ണ്ടി​രു​ന്നു. ദൈവ​ജ​ന​ത്തി​ന്റെ ഇടയിൽ വർധി​ച്ചു​വ​രുന്ന ഒരു പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ 1935 മാർച്ച്‌ 1 ലക്കം വീക്ഷാ​ഗോ​പു​രം തുറ​ന്നെ​ഴു​തി. ശുശ്രൂ​ഷയ്‌ക്കു പോകു​ന്നു​ണ്ടെ​ങ്കിൽപ്പി​ന്നെ, തങ്ങളുടെ സ്വകാ​ര്യ​ജീ​വി​ത​ത്തിൽ യഹോ​വ​യു​ടെ ധാർമി​ക​നി​ല​വാ​ര​ങ്ങ​ളോ​ടു പറ്റിനി​ന്നി​ല്ലെ​ങ്കി​ലും കുഴപ്പ​മില്ല എന്നൊരു ധാരണ ചിലർക്കു​ണ്ടാ​യി​രു​ന്നെന്നു തോന്നു​ന്നു. എന്നാൽ വീക്ഷാ​ഗോ​പു​രം ഒരു കാര്യം വ്യക്തമാ​ക്കി: “ശുശ്രൂ​ഷയ്‌ക്കു പോകു​ന്ന​തു​കൊ​ണ്ടു​മാ​ത്രം എല്ലാമാ​യി എന്ന്‌ ആരും കരുത​രുത്‌. യഹോ​വ​യു​ടെ സാക്ഷികൾ യഹോ​വ​യു​ടെ പ്രതി​നി​ധി​ക​ളാണ്‌. യഹോ​വ​യെ​യും ദൈവ​രാ​ജ്യ​ത്തെ​യും യോഗ്യ​മായ വിധത്തിൽ പ്രതി​നി​ധീ​ക​രി​ക്കാ​നുള്ള ബാധ്യത അവർക്കുണ്ട്‌.” തുടർന്ന്‌ ആ ലേഖനം ദാമ്പത്യ​ത്തെ​യും ലൈം​ഗിക ധാർമി​ക​ത​യെ​യും കുറിച്ച്‌ വ്യക്തമായ ഉപദേശം നൽകി. ‘അധാർമി​ക​പ്ര​വൃ​ത്തി​ക​ളിൽനിന്ന്‌ ഓടി​യ​ക​ലാൻ’ ദൈവ​ജ​ന​ത്തി​നു നല്ലൊരു സഹായ​മാ​യി​രു​ന്നു അത്‌.—1 കൊരി. 6:18.

8. ലൈം​ഗിക അധാർമി​കത എന്നതി​നുള്ള ഗ്രീക്കു​വാ​ക്കി​ന്റെ മുഴു​വ​നായ അർഥം വീക്ഷാ​ഗോ​പു​രം ആവർത്തിച്ച്‌ ഊന്നി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നത്‌ എന്തിന്‌?

8 ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ ലൈം​ഗിക അധാർമി​കത എന്നതിന്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​വാ​ക്കായ പോർണി​യ​യു​ടെ ശരിയായ നിർവ​ച​ന​ത്തെ​ക്കു​റിച്ച്‌ വീക്ഷാ​ഗോ​പു​രം കഴിഞ്ഞ ഏതാനും ദശകങ്ങ​ളാ​യി ആവർത്തിച്ച്‌ ഊന്നി​പ്പ​റ​യു​ന്നുണ്ട്‌. പോർണിയ എന്ന വാക്കിന്റെ അർഥം ലൈം​ഗി​ക​വേഴ്‌ച എന്നതു മാത്ര​മ​ല്ലെ​ന്നും അതിൽ വ്യത്യസ്‌ത​തരം അധാർമി​ക​പ്ര​വൃ​ത്തി​കൾ ഉൾപ്പെ​ടു​ന്നു​ണ്ടെ​ന്നും അതു വ്യക്തമാ​ക്കി. പൊതു​വിൽ, വേശ്യാ​ല​യ​ങ്ങ​ളിൽ അരങ്ങേ​റുന്ന എല്ലാ തരം വഷളത്ത​ങ്ങ​ളും അതിൽപ്പെ​ടും. ലോക​മെ​മ്പാ​ടും ഇന്നു ധാരാ​ള​മാ​ളു​കളെ ലൈം​ഗിക അസാന്മാർഗി​കത എന്ന ബാധ പിടി​കൂ​ടി​യി​രി​ക്കു​ന്നെ​ങ്കി​ലും വീക്ഷാ​ഗോ​പു​ര​ത്തി​ലൂ​ടെ വന്ന ആ വിശദീ​ക​ര​ണങ്ങൾ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്ക്‌ ഒരു സംരക്ഷ​ണ​മാ​യി​രി​ക്കു​ന്നു.എഫെസ്യർ 4:17-19 വായി​ക്കുക.

9, 10. (എ) 1935-ലെ വീക്ഷാ​ഗോ​പു​രം ധാർമി​ക​ത​യോ​ടു ബന്ധപ്പെട്ട ഏതു പ്രശ്‌നം ചർച്ച ചെയ്‌തു? (ബി) മദ്യത്തി​ന്റെ ഉപയോ​ഗ​ത്തെ​ക്കു​റിച്ച്‌ ബൈബി​ളിൽ കാണുന്ന സമനി​ല​യുള്ള കാഴ്‌ച​പ്പാട്‌ എന്താണ്‌?

9 മദ്യത്തി​ന്റെ ദുരു​പ​യോ​ഗം. 1935 മാർച്ച്‌ 1 ലക്കം വീക്ഷാ​ഗോ​പു​രം ധാർമി​ക​ത​യോ​ടു ബന്ധപ്പെട്ട മറ്റൊരു പ്രശ്‌നം ചർച്ച ചെയ്‌തു: “വേറൊ​രു കാര്യം​കൂ​ടെ ശ്രദ്ധയിൽപ്പെ​ട്ടി​ട്ടുണ്ട്‌. (മദ്യ)ലഹരി​യിൽ ചിലർ വയൽസേ​വ​ന​ത്തി​നു പോകു​ന്ന​താ​യും സംഘട​ന​യി​ലെ മറ്റു ചില ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യു​ന്ന​താ​യും ശ്രദ്ധി​ച്ചി​രി​ക്കു​ന്നു. ഏതു വ്യവസ്ഥ​യി​ലാ​ണു തിരു​വെ​ഴു​ത്തു​കൾ വീഞ്ഞ്‌ ഉപയോ​ഗി​ക്കാൻ അനുമതി തന്നിട്ടു​ള്ളത്‌? കർത്താ​വി​ന്റെ സംഘട​ന​യിൽ ചെയ്യുന്ന സേവനത്തെ ബാധി​ക്കുന്ന അളവോ​ളം വീഞ്ഞു കുടി​ക്കു​ന്നതു ശരിയാ​ണോ?”

10 അതിനുള്ള ഉത്തരമാ​യി, ലഹരി​പാ​നീ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ ദൈവ​വ​ച​ന​ത്തിൽ കാണുന്ന സമനി​ല​യുള്ള കാഴ്‌ച​പ്പാട്‌ എന്താ​ണെന്നു വിശദീ​ക​രി​ക്കു​ക​യു​ണ്ടാ​യി. വീഞ്ഞോ മറ്റു ലഹരി​പാ​നീ​യ​ങ്ങ​ളോ മിതമാ​യി ഉപയോ​ഗി​ക്കു​ന്ന​തി​നെ ബൈബിൾ കുറ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ങ്കി​ലും അമിത​മായ മദ്യപാ​നത്തെ അതു ശക്തമായ ഭാഷയിൽ കുറ്റം വിധി​ക്കു​ന്നുണ്ട്‌. (സങ്കീ. 104:14, 15; 1 കൊരി. 6:9, 10) മദ്യത്തി​ന്റെ സ്വാധീ​ന​ത്തി​ലാ​യി​രി​ക്കെ വിശു​ദ്ധ​സേ​വനം ചെയ്യു​ന്ന​തി​നെ​ക്കു​റി​ച്ചോ? ദൈവ​ത്തി​ന്റെ യാഗപീ​ഠ​ത്തിൽ നിഷി​ദ്ധ​മായ അഗ്നി അർപ്പി​ച്ച​തി​ന്റെ പേരിൽ ദൈവം അഹരോ​ന്റെ രണ്ട്‌ ആൺമക്കളെ കൊന്നു​ക​ള​ഞ്ഞ​തി​നെ​പ്പ​റ്റി​യുള്ള ബൈബിൾവി​വ​രണം ഏറെ നാളു​ക​ളാ​യി ദൈവ​സേ​വ​ക​രു​ടെ ശ്രദ്ധയിൽപ്പെ​ടു​ത്തി​യി​ട്ടു​ള്ള​താണ്‌. ആ പുരു​ഷ​ന്മാർ അത്രയ്‌ക്ക്‌ അനുചി​ത​മായ ഒരു കാര്യം ചെയ്യാൻ കാരണം എന്തായി​രി​ക്കും? ആ വിവര​ണ​ത്തി​ലെ തൊട്ട​ടുത്ത ഒരു ഭാഗത്ത്‌ അതിനുള്ള ഒരു സാധ്യത വെളി​പ്പെ​ടു​ത്തു​ന്നുണ്ട്‌. വിശു​ദ്ധ​സേ​വനം ചെയ്യു​മ്പോൾ പുരോ​ഹി​ത​ന്മാ​രിൽ ആരും മദ്യം കഴിക്ക​രു​തെ​ന്നുള്ള ഒരു നിയമം ദൈവം നൽകു​ന്ന​താ​യി നമ്മൾ അവിടെ കാണുന്നു. (ലേവ്യ 10:1, 2, 8-11) ആ വിവര​ണ​ത്തി​ലെ തത്ത്വം ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ ഇന്നും ബാധക​മാ​ക്കു​ന്നു. വിശു​ദ്ധ​സേ​വനം ചെയ്യു​മ്പോൾ മദ്യത്തി​ന്റെ സ്വാധീ​ന​ത്തി​ലാ​കു​ന്നത്‌ ഒഴിവാ​ക്കാൻ അവർ ശ്രദ്ധി​ക്കു​ന്നു.

11. മദ്യാ​സ​ക്തി​യെ​ക്കു​റിച്ച്‌ കൂടു​ത​ലായ ഗ്രാഹ്യം കിട്ടി​യത്‌ ദൈവ​ജ​ന​ത്തിന്‌ ഒരു അനു​ഗ്ര​ഹ​മാ​യത്‌ എങ്ങനെ?

11 ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്കു കഴിഞ്ഞ ഏതാനും ദശകങ്ങ​ളിൽ മദ്യാ​സക്തി എന്ന വിഷയ​ത്തെ​ക്കു​റിച്ച്‌ കൂടു​ത​ലായ ഗ്രാഹ്യം കിട്ടി​യി​ട്ടുണ്ട്‌. മദ്യാ​സക്തൻ സ്ഥിരമാ​യി മദ്യപി​ക്കുന്ന ഒരാളാ​യി​രി​ക്കും, മദ്യത്തിന്‌ അടിമ​യു​മാ​യി​രി​ക്കും. ഒരു അനു​ഗ്ര​ഹ​മെ​ന്നോ​ണം ഈ വിഷയ​ത്തിൽ കൃത്യ​സ​മ​യത്ത്‌ ആത്മീയ​ഭ​ക്ഷണം ലഭിച്ച​തി​ന്റെ ഫലമായി പലർക്കും ഈ സാഹച​ര്യ​ത്തെ ശരിയായ രീതി​യിൽ കൈകാ​ര്യം ചെയ്യാ​നാ​യി​ട്ടുണ്ട്‌. അങ്ങനെ അവർക്ക്‌ അവരുടെ ജീവി​ത​ത്തി​ന്റെ നിയ​ന്ത്രണം തിരി​ച്ചു​കി​ട്ടി​യി​രി​ക്കു​ന്നു. സഹായം ലഭിച്ച​തു​കൊണ്ട്‌ ചിലർക്ക്‌ ഈ ശീലം പാടേ ഉപേക്ഷി​ക്കാൻപോ​ലും കഴിഞ്ഞി​ട്ടുണ്ട്‌. തങ്ങളുടെ അന്തസ്സ്‌, കുടും​ബം, എല്ലാറ്റി​ലു​മു​പരി യഹോ​വ​യു​ടെ ശുദ്ധാ​രാ​ധ​ന​യിൽ പങ്കെടു​ക്കാ​നുള്ള പദവി എന്നിവ​യൊ​ന്നും കവർന്നെ​ടു​ക്കാൻ മദ്യത്തി​ന്റെ ദുരു​പ​യോ​ഗത്തെ ആരും അനുവ​ദി​ക്ക​രുത്‌. ഇക്കാര്യ​ത്തിൽ നമ്മൾ നിസ്സഹാ​യ​ര​ല്ലെന്ന്‌ ഓർക്കുക.

“നമ്മുടെ കർത്താവ്‌ വായിൽനിന്ന്‌ പുക ഊതി​വി​ടു​ന്ന​തി​നെക്കുറി​ച്ചോ അശുദ്ധമായത്‌ എന്തെങ്കി​ലും വായിൽ ഇടുന്ന​തി​നെക്കുറി​ച്ചോ നമുക്കു ചിന്തി​ക്കാൻപോ​ലും പറ്റുമോ?” —സി. റ്റി. റസ്സൽ

12. അവസാ​ന​കാ​ലം തുടങ്ങു​ന്ന​തി​നു മുമ്പു​തന്നെ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്കു പുകയി​ല​യു​ടെ ഉപയോ​ഗ​ത്തെ​ക്കു​റി​ച്ചുള്ള കാഴ്‌ച​പ്പാട്‌ എന്തായി​രു​ന്നു?

12 പുകയി​ല​യു​ടെ ഉപയോ​ഗം. അവസാ​ന​കാ​ലം തുടങ്ങു​ന്ന​തി​നു മുമ്പു​തന്നെ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ പുകയി​ല​യു​ടെ ഉപയോ​ഗത്തെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു. ചെറു​പ്പ​ത്തിൽ തനിക്കു​ണ്ടായ ഒരു അനുഭവം കുറെ വർഷങ്ങൾക്കു മുമ്പ്‌ ചാൾസ്‌ കേപ്പൻ സഹോ​ദരൻ പറഞ്ഞു. 19-ാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌ ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ സഹോ​ദ​രനെ ആദ്യമാ​യി കണ്ടപ്പോ​ഴാ​യി​രു​ന്നു ആ സംഭവം. 13 വയസ്സു​ണ്ടാ​യി​രുന്ന കേപ്പൻ സഹോ​ദ​ര​നും അദ്ദേഹ​ത്തി​ന്റെ മൂന്നു സഹോ​ദ​ര​ന്മാ​രും അന്നു പെൻസിൽവേ​നി​യ​യി​ലെ അലഗാ​നി​യി​ലുള്ള ‘ബൈബിൾ ഭവന’ത്തിന്റെ ഗോവ​ണി​പ്പ​ടി​ക​ളിൽ നിൽക്കു​ക​യാ​യി​രു​ന്നു. അപ്പോ​ഴാ​ണു റസ്സൽ സഹോ​ദരൻ അതുവഴി പോയത്‌. അദ്ദേഹം ചോദി​ച്ചു: “കുട്ടി​കളേ, നിങ്ങൾ എന്താ പുക വലിക്കു​ക​യാ​ണോ? പുകയി​ല​യു​ടെ മണം വരുന്നു​ണ്ട​ല്ലോ.” പുക വലിച്ചതേ ഇല്ലെന്ന്‌ അവർ അദ്ദേഹ​ത്തോ​ടു പറഞ്ഞു. എന്തായാ​ലും ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹ​ത്തി​ന്റെ കാഴ്‌ച​പ്പാട്‌ എന്താ​ണെന്ന്‌ അവർക്ക്‌ അതോടെ വ്യക്തമാ​യി. 1895 ആഗസ്റ്റ്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ 2 കൊരി​ന്ത്യർ 7:1-നെ ആധാര​മാ​ക്കി റസ്സൽ സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “ഒരു ക്രിസ്‌ത്യാ​നി ഏതെങ്കി​ലും രൂപത്തിൽ പുകയില ഉപയോ​ഗി​ച്ചാൽ അത്‌ എങ്ങനെ​യാ​ണു ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ന്ന​തെ​ന്നോ അയാൾക്കു​തന്നെ പ്രയോ​ജ​ന​പ്പെ​ടു​ന്ന​തെ​ന്നോ എനിക്കു മനസ്സി​ലാ​കു​ന്നില്ല. . . . നമ്മുടെ കർത്താവ്‌ വായിൽനിന്ന്‌ പുക ഊതി​വി​ടു​ന്ന​തി​നെ​ക്കു​റി​ച്ചോ അശുദ്ധ​മാ​യത്‌ എന്തെങ്കി​ലും വായിൽ ഇടുന്ന​തി​നെ​ക്കു​റി​ച്ചോ നമുക്കു ചിന്തി​ക്കാൻപോ​ലും പറ്റുമോ?”

13. 1973-ൽ കൂടു​ത​ലായ എന്തു ശുദ്ധീ​ക​രണം നടന്നു?

13 1935-ൽ വീക്ഷാ​ഗോ​പു​രം പുകയി​ലയെ “അശുദ്ധ​മായ കള” എന്നു വിളിച്ചു. അതു വലിക്കാ​നോ വായി​ലിട്ട്‌ ചവയ്‌ക്കാ​നോ തീരു​മാ​നി​ക്കുന്ന ആർക്കും ബഥേൽ കുടും​ബ​ത്തി​ലെ അംഗമാ​യി​രി​ക്കാ​നോ മുൻനി​ര​സേ​വനം, സഞ്ചാര​ശു​ശ്രൂഷ എന്നീ മേഖല​ക​ളിൽ ദൈവ​സം​ഘ​ട​ന​യു​ടെ പ്രതി​നി​ധി​യാ​യി സേവി​ക്കാ​നോ കഴിയി​ല്ലെ​ന്നും അതു വ്യക്തമാ​ക്കി. 1973-ൽ ഈ ധാർമി​ക​വി​ഷ​യ​ത്തിൽ കൂടു​ത​ലാ​യൊ​രു ശുദ്ധീ​ക​രണം വന്നു. മരണത്തി​നു കാരണ​മാ​കുന്ന, അശുദ്ധ​വും സ്‌നേ​ഹ​ര​ഹി​ത​വും ആയ ഈ ശീലം നിറു​ത്താത്ത യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലാർക്കും സഭയിലെ ഒരു അംഗമാ​യി തുടരാ​നാ​കി​ല്ലെന്നു ജൂൺ 1 ലക്കം വീക്ഷാ​ഗോ​പു​രം വിശദീ​ക​രി​ച്ചു. പുകയി​ല​യു​ടെ ദുരു​പ​യോ​ഗം നിറു​ത്താൻ വിസമ്മ​തി​ക്കുന്ന എല്ലാവ​രെ​യും പുറത്താ​ക്ക​ണ​മാ​യി​രു​ന്നു. c തന്റെ അനുഗാ​മി​കളെ ശുദ്ധീ​ക​രി​ക്കാൻ ക്രിസ്‌തു സ്വീക​രിച്ച സുപ്ര​ധാ​ന​മായ മറ്റൊരു നടപടി​യാ​യി​രു​ന്നു അത്‌.

14. രക്തം ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ദൈവം വെച്ചി​ട്ടുള്ള നിലവാ​രം എന്താണ്‌, രക്തപ്പകർച്ച സർവസാ​ധാ​ര​ണ​മാ​യി മാറി​യത്‌ എങ്ങനെ?

14 രക്തത്തിന്റെ ദുരു​പ​യോ​ഗം. രക്തം ഭക്ഷിക്കു​ന്നതു തെറ്റാ​ണെന്നു നോഹ​യു​ടെ നാളു​ക​ളിൽ ദൈവം പ്രസ്‌താ​വി​ച്ചി​രു​ന്നു. ഇസ്രാ​യേൽ ജനതയ്‌ക്കു കൊടുത്ത നിയമ​ത്തി​ലും ദൈവം ആ നിലപാ​ടു വീണ്ടും വ്യക്തമാ​ക്കി. സമാന​മാ​യി, ‘രക്തം . . . ഒഴിവാ​ക്കാ​നുള്ള’ നിർദേശം ക്രിസ്‌തീ​യ​സ​ഭയ്‌ക്കും ദൈവം ലഭ്യമാ​ക്കി. (പ്രവൃ. 15:20, 29; ഉൽപ. 9:4; ലേവ്യ 7:26) അതു​കൊ​ണ്ടു​തന്നെ, ദൈവം വെച്ച ഈ നിലവാ​രത്തെ അവഗണി​ക്കാൻ പലരെ​യും പ്രേരി​പ്പി​ക്കാ​നാ​യി സാത്താൻ ആധുനി​ക​കാ​ലത്ത്‌ ഒരു വഴി കണ്ടെത്തി. 19-ാം നൂറ്റാ​ണ്ടിൽ ഡോക്‌ടർമാർ രക്തപ്പകർച്ച​യെ​പ്പറ്റി പല പരീക്ഷ​ണ​ങ്ങ​ളും നടത്തു​ന്നു​ണ്ടാ​യി​രു​ന്നു. എന്നാൽ രക്തഗ്രൂ​പ്പു​കൾ കണ്ടെത്തി​യ​തോ​ടെ രക്തപ്പകർച്ച കൂടുതൽ വ്യാപ​ക​മാ​യി​ത്തീർന്നു. രക്തം ശേഖരിച്ച്‌ രക്തബാ​ങ്കു​ക​ളിൽ സൂക്ഷി​ക്കുന്ന രീതിക്ക്‌ 1937-ൽ തുടക്ക​മാ​യി. രക്തപ്പകർച്ച​യ്‌ക്കു പ്രചാരം നേടി​ക്കൊ​ടു​ക്കു​ന്ന​തിൽ, പിന്നീടു നടന്ന രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു വലിയ പങ്കുണ്ടാ​യി​രു​ന്നു. അധികം വൈകാ​തെ, ഇതു ലോക​മെ​മ്പാ​ടും സർവസാ​ധാ​ര​ണ​മാ​യി മാറി.

15, 16. (എ) രക്തപ്പകർച്ച​യു​ടെ കാര്യ​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ എന്തു നിലപാ​ടെ​ടു​ത്തു? (ബി) രക്തപ്പകർച്ച, രക്തരഹിത ചികി​ത്സാ​രീ​തി​കൾ എന്നിവ​യു​ടെ കാര്യ​ത്തിൽ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്ക്‌ എന്തു സഹായം കിട്ടി​യി​രി​ക്കു​ന്നു, എന്താണ്‌ അതിന്റെ ഫലം?

15 രക്തപ്പകർച്ച സ്വീക​രി​ക്കു​ന്നത്‌, ഒരു തരത്തിൽ രക്തം ഭക്ഷിക്കു​ന്ന​തു​പോ​ലെ​യാ​ണെന്ന്‌ 1944-ൽത്തന്നെ വീക്ഷാ​ഗോ​പു​രം സൂചി​പ്പി​ച്ചി​രു​ന്നു. തിരു​വെ​ഴു​ത്ത​ധിഷ്‌ഠി​ത​മായ ആ നിലപാടു ശരിയാണെന്നു തെളി​യി​ക്കുന്ന കൂടു​ത​ലായ വിശദീ​ക​ര​ണങ്ങൾ തൊട്ട​ടുത്ത വർഷം ലഭിച്ചു. ആരോ​ഗ്യ​രം​ഗത്തെ വിദഗ്‌ധ​രു​മാ​യി സംസാ​രി​ക്കേ​ണ്ടി​വ​രു​മ്പോൾ ദൈവ​ജ​ന​ത്തിന്‌ ഉപകാ​ര​പ്പെ​ടുന്ന കുറെ ചോദ്യ​ങ്ങ​ളും ഉത്തരങ്ങ​ളും 1951-ഓടെ പ്രസി​ദ്ധീ​ക​രി​ച്ചു. പലപ്പോ​ഴും പരിഹാ​സ​വും എതിർപ്പും കടുത്ത ഉപദ്ര​വ​വും നേരി​ടേ​ണ്ടി​വ​ന്നി​ട്ടും ലോക​മെ​ങ്ങും ക്രിസ്‌തു​വി​ന്റെ വിശ്വസ്‌താ​നു​ഗാ​മി​കൾ ഇക്കാര്യ​ത്തിൽ ധീരമായ ഒരു നിലപാ​ടെ​ടു​ത്തു. ക്രിസ്‌തു തന്റെ സംഘട​നയെ ഉപയോ​ഗിച്ച്‌ അവർക്ക്‌ ആവശ്യ​മായ പിന്തുണ കൊടു​ത്തു​കൊ​ണ്ടി​രു​ന്നു. നന്നായി ഗവേഷണം ചെയ്‌ത്‌, സൂക്ഷ്‌മ​മായ വിശദാം​ശ​ങ്ങ​ളോ​ടെ തയ്യാറാ​ക്കിയ ലഘുപ​ത്രി​ക​ക​ളും ലേഖന​ങ്ങ​ളും സംഘടന പ്രസി​ദ്ധീ​ക​രി​ച്ചു.

16 ഡോക്‌ടർമാ​രോ​ടു നമ്മുടെ നിലപാ​ടു വ്യക്തമാ​യി വിശദീ​ക​രി​ക്കാ​നും അവർക്കു തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ അതിന്റെ കാരണങ്ങൾ കാണി​ച്ചു​കൊ​ടു​ക്കാ​നും രക്തത്തിനു പകരമുള്ള ചികി​ത്സാ​രീ​തി​ക​ളെ​ക്കു​റിച്ച്‌ അവരോ​ടു പറയാ​നും 1979-ൽ ചില മൂപ്പന്മാർ ആശുപ​ത്രി​കൾ സന്ദർശി​ച്ചു​തു​ടങ്ങി. 1980-ൽ ഐക്യ​നാ​ടു​ക​ളി​ലെ 39 നഗരങ്ങ​ളിൽനി​ന്നുള്ള മൂപ്പന്മാർക്ക്‌ ഈ പ്രവർത്ത​ന​ത്തി​നു വേണ്ട പ്രത്യേ​ക​പ​രി​ശീ​ലനം കിട്ടി. കാല​ക്ര​മേണ, ലോക​മെ​ങ്ങും ആശുപ​ത്രി ഏകോ​പ​ന​സ​മി​തി​കൾ സ്ഥാപി​ക്കാൻ ഭരണസം​ഘം അനുമതി നൽകി. വർഷങ്ങൾ കടന്നു​പോ​യി​രി​ക്കു​ന്നു. ഈ ശ്രമങ്ങൾകൊണ്ട്‌ എന്തെങ്കി​ലും നേട്ടമു​ണ്ടാ​യോ? ഇന്ന്‌, ആരോ​ഗ്യ​രം​ഗത്ത്‌ പ്രവർത്തി​ക്കുന്ന പതിനാ​യി​ര​ക്ക​ണ​ക്കി​നു വിദഗ്‌ധർ ആശുപ​ത്രി​ക​ളി​ലെ​ത്തുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു സഹകരി​ക്കു​ന്നുണ്ട്‌. ഇതിൽ ഡോക്‌ടർമാ​രും ശസ്‌ത്ര​ക്രി​യാ​വി​ദഗ്‌ധ​രും അനസ്‌തേ​ഷ്യാ​വി​ദഗ്‌ധ​രും ഉൾപ്പെ​ടും. രക്തരഹിത ചികി​ത്സാ​രീ​തി​കൾ ഉപയോ​ഗി​ക്കാ​നുള്ള നമ്മുടെ തീരു​മാ​നത്തെ അവർ ആദരി​ക്കു​ന്നു. കൂടു​തൽക്കൂ​ടു​തൽ ആശുപ​ത്രി​കൾ ഇപ്പോൾ രക്തരഹി​ത​ചി​കി​ത്സയ്‌ക്കു തയ്യാറാ​കു​ന്നുണ്ട്‌. ഇതിനെ ആരോ​ഗ്യ​പ​രി​പാ​ല​ന​രം​ഗത്തെ ഏറ്റവും മികച്ച രീതി​യാ​യി കണക്കാ​ക്കുന്ന ആശുപ​ത്രി​ക​ളു​മുണ്ട്‌. തന്റെ അനുഗാ​മി​ക​ളു​ടെ ശുദ്ധിയെ കളങ്ക​പ്പെ​ടു​ത്താൻ സാത്താൻ നടത്തിയ ശ്രമങ്ങ​ളിൽനിന്ന്‌ യേശു അവരെ സംരക്ഷി​ച്ചി​രി​ക്കു​ന്നു എന്നു വ്യക്തം. അതി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു നമ്മളെ ആവേശം കൊള്ളി​ക്കു​ന്നി​ല്ലേ?എഫെസ്യർ 5:25-27 വായി​ക്കുക.

കൂടുതൽക്കൂടുതൽ ആശുപ​ത്രി​കൾ ഇപ്പോൾ രക്തരഹി​ത​ചി​കി​ത്സയ്‌ക്കു തയ്യാറാ​കു​ന്നുണ്ട്‌. ഇതിനെ ആരോ​ഗ്യ​പ​രി​പാ​ല​ന​രം​ഗത്തെ ഏറ്റവും മികച്ച രീതി​യാ​യി കണക്കാ​ക്കുന്ന ആശുപ​ത്രി​ക​ളു​മുണ്ട്‌

17. ക്രിസ്‌തു തന്റെ അനുഗാ​മി​കളെ ശുദ്ധീ​ക​രി​ക്കു​ന്ന​തി​നോ​ടു നമുക്കു വിലമ​തി​പ്പു​ണ്ടെന്ന്‌ എങ്ങനെ കാണി​ക്കാം?

17 നമ്മൾ സ്വയം ഇങ്ങനെ ചോദി​ക്കു​ന്നതു നല്ലതാണ്‌: ‘യഹോ​വ​യു​ടെ ഉന്നതമായ ധാർമി​ക​നി​ല​വാ​ര​ങ്ങ​ളോ​ടു പറ്റിനിൽക്കാ​നുള്ള പരിശീ​ലനം നൽകി, ക്രിസ്‌തു തന്റെ അനുഗാ​മി​കളെ ശുദ്ധീ​ക​രി​ക്കു​ന്ന​തി​നോ​ടു നമുക്കു വിലമ​തി​പ്പു​ണ്ടോ?’ എങ്കിൽ ഒരു കാര്യം എപ്പോ​ഴും ഓർക്കുക: ദൈവ​ത്തി​ന്റെ ധാർമി​ക​നി​ല​വാ​ര​ങ്ങ​ളോ​ടുള്ള നമ്മുടെ ആദരവി​നു മങ്ങലേൽപ്പിച്ച്‌ യഹോ​വ​യിൽനി​ന്നും യേശു​വിൽനി​ന്നും നമ്മളെ അകറ്റാ​നുള്ള ശ്രമം സാത്താൻ നിറു​ത്തി​യി​ട്ടില്ല. ആ സ്വാധീ​നത്തെ ചെറു​ത്തു​നിൽക്കാൻവേ​ണ്ടി​യാണ്‌ യഹോ​വ​യു​ടെ സംഘടന ഈ ലോക​ത്തി​ന്റെ അധാർമി​ക​മായ വഴിക​ളെ​ക്കു​റിച്ച്‌ നമുക്കു നിരന്തരം സ്‌നേ​ഹ​ത്തോ​ടെ മുന്നറി​യി​പ്പു​ക​ളും ഓർമി​പ്പി​ക്ക​ലു​ക​ളും തരുന്നത്‌. അതു​കൊണ്ട്‌ നമ്മളെ സഹായി​ക്കാ​നാ​യുള്ള അത്തരം ഉപദേ​ശ​ങ്ങൾക്കാ​യി നമുക്കു കാതോർത്തി​രി​ക്കാം, താമസം​വി​നാ അതി​നോ​ടു പ്രതി​ക​രി​ക്കാം, അത്‌ അനുസ​രി​ക്കാം.—സുഭാ. 19:20.

സഭയെ ആക്ഷേപ​ത്തിൽനിന്ന്‌ സംരക്ഷി​ക്കു​ന്നു

18. യഹസ്‌കേ​ലി​നു കിട്ടിയ ദിവ്യ​ദർശനം, ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങളെ മനഃപൂർവം ധിക്കരി​ക്കു​ന്ന​വ​രെ​ക്കു​റിച്ച്‌ എന്തു വ്യക്തമാ​ക്കു​ന്നു?

18 ധാർമി​ക​കാ​ര്യ​ങ്ങ​ളിൽ ശുദ്ധീ​ക​രണം വേണ്ടിവന്ന രണ്ടാമത്തെ മണ്ഡലം സഭയാണ്‌. സഭയുടെ ശുദ്ധി കാത്തു​സൂ​ക്ഷി​ക്കാൻ സ്വീക​രിച്ച നടപടി​കൾ അതിൽപ്പെ​ടും. യഹോവ വെച്ചി​രി​ക്കുന്ന നിലവാ​രങ്ങൾ അംഗീ​ക​രിച്ച്‌ ഒരിക്കൽ ദൈവ​ത്തി​നു സ്വയം സമർപ്പി​ക്കുന്ന എല്ലാവ​രും തങ്ങളുടെ ആ തീരു​മാ​ന​ത്തോട്‌ എന്നും വിശ്വ​സ്‌തത പുലർത്താ​റില്ല എന്നതാണു സങ്കടക​ര​മായ ഒരു കാര്യം. കാലം കടന്നു​പോ​കു​മ്പോൾ മനസ്സു​മാ​റുന്ന ചിലർ അത്തരം നിലവാ​ര​ങ്ങളെ മനഃപൂർവം ധിക്കരി​ക്കാൻ തുടങ്ങു​ന്നു. ഇങ്ങനെ​യു​ള്ള​വരെ എന്തു ചെയ്യും? ഈ അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തിൽ കണ്ട, ആത്മീയാ​ല​യ​ത്തെ​ക്കു​റി​ച്ചുള്ള യഹസ്‌കേ​ലി​ന്റെ ദിവ്യ​ദർശ​ന​ത്തിൽ അതി​നെ​പ്പറ്റി ഒരു സൂചന​യുണ്ട്‌. ഉയർന്നു​നിൽക്കുന്ന ആ കവാടങ്ങൾ ഓർക്കു​ന്നു​ണ്ടോ? ഓരോ പ്രവേ​ശ​ന​മാർഗ​ത്തി​ലും കാവൽക്കാർക്കാ​യി മുറി​ക​ളു​ണ്ടാ​യി​രു​ന്നു. ആ കാവൽക്കാർ ദേവാ​ലയം സംരക്ഷി​ക്കു​ന്ന​വ​രാ​യി​രു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ , “ഹൃദയ​ത്തി​ലെ . . . അഗ്രചർമം പരി​ച്ഛേ​ദി​ക്കാത്ത” ആളുകൾ ദേവാ​ല​യ​ത്തിൽ പ്രവേ​ശി​ക്കു​ന്നതു തടയാ​നാ​യി​രു​ന്നു അവരെ നിറു​ത്തി​യി​രു​ന്നത്‌. (യഹ. 44:9) യഹോ​വ​യു​ടെ ശുദ്ധമായ നിലവാ​രങ്ങൾ ജീവി​ത​ത്തിൽ പകർത്താൻ പരി​ശ്ര​മി​ക്കു​ന്ന​വർക്കു മാത്രമേ ശുദ്ധാ​രാ​ധ​ന​യിൽ പങ്കെടു​ക്കാ​നുള്ള പദവി ലഭിക്കൂ എന്ന്‌ അതു വ്യക്തമാ​ക്കു​ന്നി​ല്ലേ? അതു​പോ​ലെ​ത​ന്നെ​യാണ്‌ ഇന്നത്തെ കാര്യ​വും. സഹക്രിസ്‌ത്യാ​നി​ക​ളോ​ടു ചേർന്ന്‌ ആരാധന നടത്താ​നുള്ള പദവി ഇന്ന്‌ എല്ലാവർക്കും ലഭിക്കുന്ന ഒന്നല്ല.

19, 20. (എ) ഗുരു​ത​ര​മായ തെറ്റുകൾ ഉൾപ്പെട്ട കേസുകൾ കൈകാ​ര്യം ചെയ്യുന്ന രീതി സ്‌ഫുടം ചെയ്‌തെ​ടു​ക്കാൻ ക്രിസ്‌തു അനുഗാ​മി​കളെ പടിപ​ടി​യാ​യി സഹായി​ച്ചത്‌ എങ്ങനെ? (ബി) പശ്ചാത്താ​പ​മി​ല്ലാത്ത ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രനെ സഭയിൽനിന്ന്‌ പുറത്താ​ക്കാ​നുള്ള മൂന്നു കാരണങ്ങൾ ഏതെല്ലാം?

19 1892-ൽ വീക്ഷാ​ഗോ​പു​രം ഇങ്ങനെ​യൊ​രു പ്രസ്‌താ​വന നടത്തി: “ക്രിസ്‌തു തന്നെത്തന്നെ എല്ലാവർക്കും​വേണ്ടി ഒരു മോച​ന​വി​ല​യാ​യി (ഒരു തത്തുല്യ​വി​ല​യാ​യി) അർപ്പിച്ചു എന്ന കാര്യം നേരി​ട്ടോ അല്ലാ​തെ​യോ നിഷേ​ധി​ക്കുന്ന എല്ലാ ക്രിസ്‌ത്യാ​നി​ക​ളെ​യും പുറത്താ​ക്കുക എന്നതു നമ്മുടെ കടമയാണ്‌.” (2 യോഹ​ന്നാൻ 10 വായി​ക്കുക.) തെറ്റായ കാര്യങ്ങൾ ചെയ്യു​ന്നതു നിറു​ത്താ​ത്തവർ സഭയുടെ ധാർമി​ക​തയ്‌ക്കു​തന്നെ ഒരു ഭീഷണി​യാ​ണെന്ന കാര്യം 1904-ൽ പുറത്തി​റ​ങ്ങിയ പുതിയ സൃഷ്ടി (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം സമ്മതി​ച്ചു​പ​റഞ്ഞു. അന്നൊക്കെ, ഗുരു​ത​ര​മായ തെറ്റുകൾ ഉൾപ്പെട്ട കേസുകൾ കൈകാ​ര്യം ചെയ്യാൻ സഭ ഒന്നാകെ കൂടി​വന്ന്‌ “സഭാവി​ചാ​ര​ണകൾ” നടത്തു​മാ​യി​രു​ന്നു. പക്ഷേ അതൊക്കെ വളരെ അപൂർവ​മാ​യി​രു​ന്നു. എന്നാൽ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളി​ലുള്ള സഹോ​ദ​ര​ന്മാർ മാത്രമേ അത്തരം കാര്യങ്ങൾ കൈകാ​ര്യം ചെയ്യാവൂ എന്ന്‌ 1944-ൽ വീക്ഷാ​ഗോ​പു​രം വ്യക്തമാ​ക്കി. നീതി​ന്യാ​യ​കാ​ര്യ​ങ്ങൾ ബൈബി​ള​ധിഷ്‌ഠി​ത​മാ​യി കൈകാ​ര്യം ചെയ്യേ​ണ്ട​തി​ന്റെ നടപടി​ക്രമം 1952-ലെ വീക്ഷാ​ഗോ​പു​ര​ത്തിൽ പ്രസി​ദ്ധീ​ക​രി​ച്ചു. പശ്ചാത്താ​പ​മി​ല്ലാ​ത്ത​വരെ പുറത്താ​ക്കാ​നുള്ള ഒരു സുപ്ര​ധാ​ന​കാ​ര​ണ​വും അത്‌ എടുത്തു​പ​റഞ്ഞു—സഭയുടെ ശുദ്ധി കാത്തു​സൂ​ക്ഷി​ക്കുക എന്നതാ​യി​രു​ന്നു അത്‌.

20 തുടർന്ന്‌ വന്ന ദശകങ്ങ​ളിൽ, ഗുരു​ത​ര​മായ തെറ്റുകൾ ഉൾപ്പെട്ട കേസുകൾ കൈകാ​ര്യം ചെയ്യുന്ന രീതി സ്‌ഫുടം ചെയ്‌തെ​ടു​ക്കാ​നും അതിനു കുറച്ചു​കൂ​ടെ വ്യക്തത പകരാ​നും ക്രിസ്‌തു തന്റെ അനുഗാ​മി​കളെ സഹായി​ച്ചി​രി​ക്കു​ന്നു. യഹോ​വ​യെ​പ്പോ​ലെ നീതി​ന്യാ​യ​കാ​ര്യ​ങ്ങൾ നീതി​യോ​ടെ​യും അതേസ​മയം കരുണ​യോ​ടെ​യും കൈകാ​ര്യം ചെയ്യാൻ ക്രിസ്‌തീ​യ​മൂ​പ്പ​ന്മാ​രെ ശ്രദ്ധ​യോ​ടെ പരിശീ​ലി​പ്പി​ക്കാ​റുണ്ട്‌. പശ്ചാത്താ​പ​മി​ല്ലാത്ത ഒരു ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രനെ സഭയിൽനിന്ന്‌ പുറത്താ​ക്കാൻ കുറഞ്ഞതു മൂന്നു കാരണ​ങ്ങ​ളു​ണ്ടെന്ന്‌ ഇന്നു വ്യക്തമാണ്‌: (1) യഹോ​വ​യു​ടെ പേരിനു നിന്ദ വരാതി​രി​ക്കാൻ, (2) ഗുരു​ത​ര​മായ ആ പാപം സഭയെ കളങ്ക​പ്പെ​ടു​ത്തു​ന്നതു തടയാൻ, (3) സാധി​ക്കു​മെ​ങ്കിൽ ആ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രനെ പശ്ചാത്താ​പ​ത്തി​ലേക്കു നയിക്കാൻ.

21. പുറത്താ​ക്കൽ ക്രമീ​ക​രണം ഇന്നു ദൈവ​ജ​ന​ത്തിന്‌ ഒരു അനു​ഗ്ര​ഹ​മാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നത്‌ എങ്ങനെ?

21 പുറത്താ​ക്കൽ ക്രമീ​ക​രണം ഇന്നു ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്ക്‌ ഒരു അനു​ഗ്ര​ഹ​മാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. അത്‌ എങ്ങനെ​യാ​ണെന്നു മനസ്സി​ലാ​യോ? പുരാ​ത​ന​കാ​ലത്തെ ഇസ്രാ​യേ​ലി​ലെ ദുഷ്‌പ്ര​വൃ​ത്തി​ക്കാർ മിക്ക​പ്പോ​ഴും ആ മുഴു​ജ​ന​ത​യു​ടെ​യും ധാർമി​ക​തയ്‌ക്ക്‌ ഒരു ഭീഷണി​യാ​യി​രു​ന്നു. സംഖ്യാ​ബലം നോക്കി​യാൽ, യഹോ​വയെ സ്‌നേ​ഹിച്ച്‌ ശരിയാ​യതു ചെയ്യാൻ പരി​ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രെ​ക്കാൾ ചില​പ്പോ​ഴൊ​ക്കെ അവരാ​യി​രു​ന്നു മുന്നിൽ. അതു​കൊണ്ട്‌, പലപ്പോ​ഴും ആ ജനത യഹോ​വ​യു​ടെ പേരിനു നിന്ദ വരുത്തി​വെച്ചു, അവർക്കു ദൈവ​ത്തി​ന്റെ പ്രീതി നഷ്ടമാ​കു​ക​യും ചെയ്‌തു. (യിരെ. 7:23-28) എന്നാൽ ഇന്നത്തെ കാര്യ​മോ? ഇന്ന്‌, യഹോവ ഇടപെ​ടു​ന്നത്‌ ആത്മീയ​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ ഒരു സമൂഹ​ത്തോ​ടാണ്‌. മനം തഴമ്പി​ച്ചു​പോയ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രെ നമ്മുടെ ഇടയിൽനിന്ന്‌ നീക്കി​ക്ക​ള​യാ​റു​ള്ള​തു​കൊണ്ട്‌ ഒരർഥ​ത്തിൽ, സാത്താന്റെ കൈയി​ലെ ആയുധ​ങ്ങ​ളാ​കു​ന്ന​തിൽനിന്ന്‌ നമ്മൾ അവരെ തടയു​ക​യാ​ണെന്നു പറയാം. അതുവഴി അവരിൽനിന്ന്‌ സഭയ്‌ക്കും അതിന്റെ ശുദ്ധമായ നിലയ്‌ക്കും കൂടു​ത​ലായ ഹാനി വരാതെ നോക്കു​ക​യാ​ണു നമ്മൾ. അതിലൂ​ടെ അവരുടെ സ്വാധീ​ന​ത്തി​നു തടയി​ടാൻ നമുക്കാ​കു​ന്നു. ഒരു കൂട്ടമെന്ന നിലയിൽ നമുക്കു തുടർന്നും യഹോ​വ​യു​ടെ പ്രീതി​യു​ണ്ടെന്നു നമ്മൾ അതിലൂ​ടെ ഉറപ്പാ​ക്കു​ക​യാണ്‌. “നിനക്ക്‌ എതിരെ ഉണ്ടാക്കുന്ന ഒരു ആയുധ​വും ഫലിക്കില്ല” എന്ന യഹോ​വ​യു​ടെ വാഗ്‌ദാ​നം എപ്പോ​ഴും ഓർക്കുക. (യശ. 54:17) നീതി​ന്യാ​യ​കേ​സു​കൾ കൈകാ​ര്യം ചെയ്യാ​നുള്ള ഭാരിച്ച ഉത്തരവാ​ദി​ത്വം വഹിക്കു​ന്ന​വ​രാ​ണു ക്രിസ്‌തീയ മൂപ്പന്മാർ. അങ്ങനെ​യെ​ങ്കിൽ നമ്മളോ​ടുള്ള ചോദ്യം ഇതാണ്‌: നമ്മൾ അവരെ വിശ്വസ്‌ത​മാ​യി പിന്തു​ണയ്‌ക്കാ​റു​ണ്ടോ?

എല്ലാ കുടും​ബ​ങ്ങൾക്കും പേര്‌ വരാൻ കാരണ​മാ​യ​വനെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു

22, 23. 20-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തോ​ട​ടുത്ത്‌ ജീവി​ച്ചി​രുന്ന നമ്മുടെ സഹക്രിസ്‌ത്യാ​നി​ക​ളോ​ടു നമുക്കു വിലമ​തി​പ്പു തോന്നു​ന്നത്‌ എന്തു​കൊണ്ട്‌, എന്നാൽ കുടും​ബ​ത്തി​ന്റെ കാര്യ​ത്തിൽ അവർക്കു കുറച്ചു​കൂ​ടെ സമനില ആവശ്യ​മാ​യി​രു​ന്നു എന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

22 ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്കു തുടർച്ച​യായ ശുദ്ധീ​ക​രണം വേണ്ടിവന്ന മൂന്നാ​മത്തെ മണ്ഡലമാ​ണു ദാമ്പത്യ​വും കുടും​ബ​ജീ​വി​ത​വും. എന്നാൽ, കുടും​ബ​ത്തെ​ക്കു​റി​ച്ചുള്ള നമ്മുടെ കാഴ്‌ച​പ്പാ​ടിന്‌ എന്നെങ്കി​ലും ഒരു മാറ്റം വന്നിട്ടു​ണ്ടോ, അതിന്‌ ഒരു ശുദ്ധീ​ക​രണം വേണ്ടി​വ​ന്നി​ട്ടു​ണ്ടോ? ഉണ്ട്‌! 20-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തോ​ട​ടുത്ത്‌ ജീവി​ച്ചി​രുന്ന ദൈവ​സേ​വ​ക​രു​ടെ കാര്യം​തന്നെ ഉദാഹ​രണം. അവരുടെ അനുഭ​വങ്ങൾ വായി​ക്കു​മ്പോൾ, അവർ കാണിച്ച ആത്മത്യാ​ഗം നമ്മളെ അതിശ​യി​പ്പി​ക്കും, അതു നമ്മുടെ മനസ്സിൽ മായാത്ത ഒരു മുദ്ര പതിപ്പി​ക്കും. ജീവി​ത​ത്തിൽ മറ്റ്‌ എന്തി​നെ​ക്കാ​ളും വിശു​ദ്ധ​സേ​വ​ന​ത്തി​നു പ്രാധാ​ന്യം കൊടു​ത്ത​തി​ന്റെ പേരിൽ അവരോ​ടു നമുക്കു വലിയ വിലമ​തി​പ്പും തോന്നും. എന്നാൽ അതേസ​മയം അവർ ഒരു കാര്യ​ത്തിൽ കുറച്ചു​കൂ​ടെ സമനില കാണി​ക്കേ​ണ്ട​താ​യി​രു​ന്നി​ല്ലേ എന്നും നമുക്കു തോന്നാം. എന്തി​നെ​ക്കു​റി​ച്ചാ​ണു നമ്മൾ പറഞ്ഞു​വ​രു​ന്നത്‌?

23 സഞ്ചാര​വേല ഉൾപ്പെടെ ശുശ്രൂ​ഷ​യി​ലെ വിവി​ധ​നി​യ​മ​ന​ങ്ങ​ളു​മാ​യി സഹോ​ദ​ര​ന്മാർ മാസങ്ങ​ളോ​ളം വീട്ടിൽനിന്ന്‌ മാറി​നിൽക്കു​ന്നത്‌ അന്നൊക്കെ സാധാ​ര​ണ​മാ​യി​രു​ന്നു. തിരു​വെ​ഴു​ത്തു​കൾ അനുവ​ദി​ക്കു​ന്ന​തി​നെ​ക്കാൾ ശക്തമായി ചില​പ്പോ​ഴൊ​ക്കെ വിവാ​ഹത്തെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​പോ​ലും ചെയ്‌തി​രു​ന്നു. എന്നാൽ ക്രിസ്‌തീ​യ​ദാ​മ്പ​ത്യം ശക്തമാ​ക്കാൻ എന്തു ചെയ്യാം എന്നതി​നെ​പ്പറ്റി താരത​മ്യേന വളരെ​ക്കു​റച്ച്‌ വിവരങ്ങൾ മാത്രമേ വന്നിരു​ന്നു​ള്ളൂ. പക്ഷേ ഇന്നോ? ഇന്നത്തെ ക്രിസ്‌ത്യാ​നി​ക​ളു​ടെ ഇടയിലെ സാഹച​ര്യം അതാണോ? ഒരിക്ക​ലു​മല്ല!

ദിവ്യാധിപത്യ നിയമ​ന​ങ്ങ​ളു​ടെ പേരിൽ കുടും​ബ​പ​ര​മായ ഉത്തരവാ​ദി​ത്വ​ങ്ങൾ ബലിക​ഴി​ക്ക​രുത്‌

24. ദാമ്പത്യം, കുടും​ബം എന്നീ വിഷയ​ങ്ങ​ളിൽ കൂടുതൽ സമനി​ല​യുള്ള ഒരു കാഴ്‌ച​പ്പാ​ടു​ണ്ടാ​യി​രി​ക്കാൻ ക്രിസ്‌തു വിശ്വ​സ്‌തരെ എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

24 ഇന്ന്‌, ദിവ്യാ​ധി​പ​ത്യ​നി​യ​മ​ന​ങ്ങ​ളു​ടെ പേരിൽ കുടും​ബ​പ​ര​മായ ഉത്തരവാ​ദി​ത്വ​ങ്ങൾ ബലിക​ഴി​ക്ക​രുത്‌ എന്നതാണു നമ്മുടെ കാഴ്‌ച​പ്പാട്‌. (1 തിമൊ​ഥെ​യൊസ്‌ 5:8 വായി​ക്കുക.) ഇനി, ഭൂമി​യി​ലെ തന്റെ വിശ്വസ്‌താ​നു​ഗാ​മി​കൾക്കു​വേണ്ടി ക്രിസ്‌തു എന്താണു ചെയ്‌തി​രി​ക്കു​ന്നത്‌? ദാമ്പത്യം, കുടും​ബ​ജീ​വി​തം എന്നീ വിഷയ​ങ്ങ​ളിൽ സമനി​ല​യു​ള്ള​തും ഉപകാ​ര​പ്ര​ദ​വും ആയ തിരു​വെ​ഴു​ത്തു​പ​ദേ​ശങ്ങൾ അവർക്കു മുടങ്ങാ​തെ കിട്ടു​ന്നെന്നു ക്രിസ്‌തു ഉറപ്പു​വ​രു​ത്തി​യി​രി​ക്കു​ന്നു. (എഫെ. 3:14, 15) 1978-ൽ, നിങ്ങളു​ടെ കുടും​ബ​ജീ​വി​തം സന്തുഷ്ട​മാ​ക്കൽ എന്ന പുസ്‌തകം പ്രസി​ദ്ധീ​ക​രി​ച്ചു. ഏതാണ്ട്‌ 18 വർഷങ്ങൾക്കു ശേഷം, കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം എന്ന പുസ്‌ത​ക​വും പുറത്തി​റങ്ങി. ഇതു കൂടാതെ, വിവാ​ഹ​ബ​ന്ധ​ത്തിൽ തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങൾ ബാധക​മാ​ക്കാൻ ദമ്പതി​കളെ സഹായി​ക്കുന്ന അനവധി ലേഖനങ്ങൾ വീക്ഷാ​ഗോ​പു​ര​ത്തി​ലൂ​ടെ​യും വന്നിട്ടുണ്ട്‌.

25-27. കഴിഞ്ഞു​പോയ വർഷങ്ങ​ളിൽ, വിവി​ധ​പ്രാ​യ​ക്കാ​രായ കുട്ടി​ക​ളു​ടെ ആവശ്യ​ങ്ങൾക്കു കൂടു​തൽക്കൂ​ടു​തൽ ശ്രദ്ധ ലഭിച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

25 ചെറു​പ്പ​ക്കാ​രു​ടെ കാര്യ​മോ? കഴിഞ്ഞു​പോയ വർഷങ്ങ​ളിൽ, അവരുടെ ആവശ്യ​ങ്ങൾക്കു കൂടു​തൽക്കൂ​ടു​തൽ ശ്രദ്ധ ലഭിച്ചി​ട്ടു​ള്ള​താ​യി കാണാം. വിവി​ധ​പ്രാ​യ​ക്കാ​രായ കുട്ടി​കൾക്കു​വേണ്ടി യഹോ​വ​യു​ടെ സംഘടന പണ്ടുമു​തലേ നിരവധി സമ്മാനങ്ങൾ നൽകി​പ്പോ​ന്നി​ട്ടുണ്ട്‌. എന്നാൽ, അന്ന്‌ അത്‌ ഇറ്റിറ്റ്‌ വീഴുന്ന വെള്ളത്തു​ള്ളി​ക​ളാ​യി​രു​ന്നെ​ങ്കിൽ ഇന്ന്‌ അതു നിലയ്‌ക്കാ​തെ നിറ​ഞ്ഞൊ​ഴു​കുന്ന ഒരു വൻനദി​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, 1919 മുതൽ 1921 വരെ സുവർണ​യു​ഗ​ത്തിൽ, “യുവജന ബൈബിൾപ​ഠ​ന​സ​ഹാ​യി” എന്നൊരു ലേഖന​പ​രമ്പര പ്രത്യ​ക്ഷ​പ്പെട്ടു. പിന്നീട്‌ 1920-ൽ, സുവർണ​യു​ഗം എബിസി (ഇംഗ്ലീഷ്‌) എന്നൊരു ലഘുപ​ത്രി​ക​യും 1941-ൽ, കുട്ടികൾ (ഇംഗ്ലീഷ്‌) എന്നൊരു പുസ്‌ത​ക​വും പുറത്തി​റങ്ങി. 1970-കളിൽ മഹദ്‌ഗു​രു​വി​നെ ശ്രദ്ധിക്കൽ, നിങ്ങളു​ടെ യൗവനം—അതു പരമാ​വധി ആസ്വദി​ക്കുക, എന്റെ ബൈബിൾ കഥാപു​സ്‌തകം എന്നീ പുസ്‌ത​ക​ങ്ങ​ളും ലഭ്യമാ​യി. 1982-ൽ, “യുവജ​നങ്ങൾ ചോദി​ക്കു​ന്നു” എന്നൊരു ലേഖന​പ​രമ്പര ഉണരുക!-യിൽ വന്നുതു​ടങ്ങി. അതു പിന്നീട്‌ 1989-ൽ, യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും—പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പേരിൽ പ്രസി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി.

എന്റെ ബൈബിൾ പാഠങ്ങൾ എന്ന ലഘുപ​ത്രിക കിട്ടി​യ​പ്പോ​ഴത്തെ സന്തോഷം (ജർമനി​യി​ലെ ഒരു കൺ​വെൻ​ഷൻ)

26 ഇന്നു നമുക്കു രണ്ടു വാല്യ​ങ്ങ​ളി​ലാ​യി യുവജ​നങ്ങൾ ചോദി​ക്കു​ന്നു പുസ്‌തകം ലഭ്യമാണ്‌. വർത്തമാ​ന​കാ​ല​പ്ര​സ​ക്തി​യുള്ള അനേകം വിഷയങ്ങൾ അതിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അതേ പേരി​ലുള്ള ഒരു ലേഖന​പ​രമ്പര നമ്മുടെ വെബ്‌സൈ​റ്റായ jw.org-ലും പ്രസി​ദ്ധീ​ക​രി​ച്ചു​പോ​രു​ന്നു. മഹാനായ അധ്യാ​പ​ക​നിൽനിന്ന്‌ പഠിക്കാം! എന്നൊരു പുസ്‌ത​ക​വും നമുക്കുണ്ട്‌. ബൈബിൾ കഥാപാ​ത്ര കാർഡു​കൾ, വിവി​ധ​പ്രാ​യ​ക്കാ​രായ കുട്ടി​കൾക്കുള്ള ‘ബൈബിൾപ​ഠനം രസകര​മാ​ക്കാം’ പരമ്പര, ചില കളികൾ, വീഡി​യോ​കൾ, ബൈബിൾ ചിത്ര​ക​ഥകൾ, മൂന്നു വയസ്സും അതിൽ താഴെ​യും ഉള്ള കുട്ടി​കൾക്കുള്ള ബൈബിൾപാ​ഠങ്ങൾ എന്നിങ്ങനെ ചെറു​പ്രാ​യ​ക്കാർക്കു​വേ​ണ്ടി​യുള്ള ധാരാളം സവി​ശേ​ഷ​തകൾ അടങ്ങിയ ഒരു വെബ്‌സൈ​റ്റാ​ണു നമ്മു​ടേത്‌. ഇതിൽനിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌. ഒന്നാം നൂറ്റാ​ണ്ടിൽ, കുട്ടി​കളെ കൈയിൽ എടുത്ത്‌ തന്നോടു ചേർത്തു​പി​ടിച്ച ക്രിസ്‌തു​വിന്‌ അവരോ​ടുള്ള പ്രിയ​ത്തിന്‌ ഇന്നും മാറ്റ​മൊ​ന്നു​മില്ല. (മർക്കോ. 10:13-16) തങ്ങൾ വേണ്ട​പ്പെ​ട്ട​വ​രാ​ണെന്നു കുട്ടി​കൾക്ക്‌ അനുഭ​വ​പ്പെ​ടണം, ആത്മീയ​ഭ​ക്ഷണം മതിയാ​വോ​ളം കിട്ടു​ന്ന​തി​ന്റെ സംതൃപ്‌തി​യും അവർക്കു ലഭിക്കണം. അതാണു ക്രിസ്‌തു​വി​ന്റെ ആഗ്രഹം.

27 കുട്ടി​കൾക്കെ​തി​രെ​യുള്ള അതി​ക്ര​മ​ങ്ങ​ളിൽനിന്ന്‌ അവരെ സംരക്ഷി​ക്ക​ണ​മെ​ന്നും യേശു ആഗ്രഹി​ക്കു​ന്നു. ധാർമി​കത കൈ​മോ​ശം വന്ന ഈ ലോകം അടിക്കടി അധഃപ​തി​ച്ചു​കൊ​ണ്ടി​രി​ക്കെ കുട്ടി​കളെ ചൂഷണം ചെയ്യുന്ന പ്രവണ​ത​യും കൂടി​ക്കൂ​ടി​വ​രു​ന്നു. അതു​കൊണ്ട്‌, ഈ ദുഷിച്ച നടപടിക്ക്‌ ഇരയാ​കു​ന്ന​തിൽനിന്ന്‌ കുട്ടി​കളെ സംരക്ഷി​ക്കാൻ മാതാ​പി​താ​ക്കളെ സഹായി​ക്കുക എന്ന ലക്ഷ്യത്തിൽ, വളച്ചു​കെ​ട്ടി​ല്ലാ​തെ​യും വ്യക്തത​യോ​ടെ​യും വിവരങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌. d

28. (എ) ദേവലാ​യ​ത്തെ​ക്കു​റി​ച്ചുള്ള യഹസ്‌കേ​ലി​ന്റെ ദിവ്യ​ദർശനം സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌, ശുദ്ധാ​രാ​ധ​ന​യിൽ പങ്കെടു​ക്കാ​നുള്ള യോഗ്യത എന്താണ്‌? (ബി) എന്തു ചെയ്യാ​നാ​ണു നിങ്ങളു​ടെ തീരു​മാ​നം?

28 തന്റെ അനുഗാ​മി​കളെ തുടർച്ച​യാ​യി ശുദ്ധീ​ക​രി​ക്കാൻ ക്രിസ്‌തു ചെയ്‌തു​പോ​ന്നി​ട്ടുള്ള കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നമുക്ക്‌ ആവേശം തോന്നു​ന്നി​ല്ലേ? യഹോ​വ​യു​ടെ ഉന്നതമായ ധാർമി​ക​നി​ല​വാ​ര​ങ്ങളെ ആദരി​ക്കാ​നും അവയനു​സ​രിച്ച്‌ ജീവി​ക്കാ​നും അവയിൽനിന്ന്‌ പ്രയോ​ജനം നേടാ​നും ക്രിസ്‌തു അവരെ പരിശീ​ലി​പ്പി​ച്ചി​രി​ക്കു​ന്നു. യഹസ്‌കേൽ ദിവ്യ​ദർശ​ന​ത്തിൽ കണ്ട ആ ദേവാ​ലയം ഒന്നുകൂ​ടി മനസ്സിൽ കണ്ടു​നോ​ക്കൂ. അതിന്റെ ഉയർന്നു​നിൽക്കുന്ന ആ കവാടങ്ങൾ ഓർക്കു​ന്നി​ല്ലേ? ആ ദേവാ​ലയം ഭൂമി​യി​ലു​ള്ളതല്ല, മറിച്ച്‌ ആത്മീയ​മാ​ണെന്നു നമുക്ക്‌ അറിയാം. എന്നാൽ അങ്ങനെ ഒരു ആലയമു​ണ്ടെന്നു നമ്മൾ ശരിക്കും വിശ്വ​സി​ക്കു​ന്നു​ണ്ടോ? അതി​ലേക്കു പ്രവേ​ശി​ക്ക​ണ​മെ​ങ്കിൽ കേവലം രാജ്യ​ഹാ​ളി​ലേക്കു പോയ​തു​കൊ​ണ്ടോ ബൈബിൾ തുറന്ന്‌ നോക്കി​യ​തു​കൊ​ണ്ടോ ശുശ്രൂ​ഷയ്‌ക്കാ​യി വീടു​തോ​റും പോയി ആളുകളെ മുട്ടി​വി​ളി​ച്ച​തു​കൊ​ണ്ടോ മാത്ര​മാ​യില്ല. അവയെ​ല്ലാം മനുഷ്യ​രെ കാണി​ക്കാ​നാ​കുന്ന പ്രവൃ​ത്തി​കൾ മാത്ര​മാണ്‌. ഇതെല്ലാം ചെയ്യാൻ ഒരു കപടനാ​ട്യ​ക്കാ​ര​നു​പോ​ലു​മാ​കും. പക്ഷേ അയാൾ ഇതേവരെ യഹോ​വ​യു​ടെ ദേവാ​ല​യ​ത്തിൽ പ്രവേ​ശി​ച്ചി​ട്ടു​ണ്ടാ​ക​ണ​മെ​ന്നില്ല. എന്നാൽ, നമ്മൾ അത്തരം കാര്യങ്ങൾ ചെയ്യു​ന്ന​തോ​ടൊ​പ്പം​തന്നെ യഹോ​വ​യു​ടെ ഉയർന്ന ധാർമി​ക​നി​ല​വാ​രങ്ങൾ പാലിച്ച്‌ ജീവി​ക്കു​ക​യും ശരിയായ മനോ​ഭാ​വ​ത്തോ​ടെ ശുദ്ധാ​രാ​ധന നടത്തു​ക​യും ചെയ്യു​ന്നെ​ങ്കിൽ, പരമപ​രി​ശു​ദ്ധ​മായ ആ സ്ഥലത്തേക്ക്‌, അതായത്‌ ദൈവ​മായ യഹോ​വയെ ശുദ്ധമാ​യി ആരാധി​ക്കാ​നുള്ള ക്രമീ​ക​ര​ണ​ത്തി​ലേക്ക്‌, നമ്മൾ പ്രവേ​ശി​ച്ചു​ക​ഴി​ഞ്ഞു. അതെ, എങ്കിൽ മാത്രമേ നമ്മൾ ഇപ്പോൾ അവിടെ സേവി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്നു പറയാ​നാ​കൂ. അമൂല്യ​മായ ആ പദവിയെ നമുക്ക്‌ എന്നും വില​പ്പെ​ട്ട​താ​യി കാണാം. യഹോ​വ​യു​ടെ നീതി​യുള്ള നിലവാ​ര​ങ്ങളെ പിന്തു​ണ​ച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ വിശുദ്ധി പ്രതി​ഫ​ലി​പ്പി​ക്കാൻ നമുക്കു തുടർന്നും നമ്മുടെ പരമാ​വധി പരി​ശ്ര​മി​ക്കു​ക​യും ചെയ്യാം!

a ദൈവ​ജ​നത്തെ മാതൃ​ദേ​ശ​ത്തേക്കു തിരികെ കൊണ്ടു​വ​രു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ബൈബിൾപ്ര​വ​ച​നങ്ങൾ ആധുനി​ക​കാ​ലത്ത്‌ നിറ​വേ​റു​ന്നതു ജഡിക ഇസ്രാ​യേ​ലിൽ അഥവാ ഇന്നത്തെ ഇസ്രാ​യേൽ രാഷ്‌ട്ര​ത്തിൽ അല്ല, പകരം ആത്മീയ ഇസ്രാ​യേ​ലിൽ ആണെന്നു സംസ്ഥാ​പനം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ രണ്ടാം വാല്യം 1932-ൽ ആദ്യമാ​യി വിശദീ​ക​രി​ച്ചു. ശുദ്ധാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥാ​പ​ന​ത്തെ​യാണ്‌ ആ പ്രവച​നങ്ങൾ സൂചി​പ്പി​ച്ചത്‌. യഹസ്‌കേ​ലി​ന്റെ ദേവാ​ല​യ​ദർശ​ന​വും പുനഃ​സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചുള്ള അത്തരം ഒരു പ്രവച​ന​മാ​ണെ​ന്നും അതു​കൊ​ണ്ടു​തന്നെ അവസാ​ന​കാ​ലത്ത്‌ അതിനു വളരെ പ്രധാ​ന​പ്പെട്ട ഒരു ആത്മീയ​നി​വൃ​ത്തി​യു​ണ്ടെ​ന്നും 1999 മാർച്ച്‌ 1 ലക്കം വീക്ഷാ​ഗോ​പു​രം വിശദീ​ക​രി​ച്ചു.

b ആ പ്രതി​ജ്ഞ​യ​നു​സ​രിച്ച്‌, ഒരു മുറി​യിൽ ഒരു സ്‌ത്രീ​യും പുരു​ഷ​നും മാത്രമേ ഉള്ളൂ എങ്കിൽ അവർ വാതിൽ മലർക്കെ തുറന്നി​ട​ണ​മാ​യി​രു​ന്നു. വിവാ​ഹി​ത​യി​ണ​കൾക്കും അടുത്ത കുടും​ബാം​ഗ​ങ്ങൾക്കും മാത്രമേ ഈ നിബന്ധ​ന​യിൽനിന്ന്‌ ഒഴിവു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഏതാനും വർഷക്കാ​ലം, ബഥേലി​ലെ പ്രഭാ​താ​രാ​ധ​ന​യു​ടെ ഭാഗമാ​യി ദിവസ​വും ഈ പ്രതിജ്ഞ ചൊല്ലുന്ന പതിവു​ണ്ടാ​യി​രു​ന്നു.

c പുകയില വലിക്കു​ന്ന​തോ ചവയ്‌ക്കു​ന്ന​തോ അത്തരം ആവശ്യ​ങ്ങൾക്കാ​യി കൃഷി ചെയ്യു​ന്ന​തോ എല്ലാം പുകയി​ല​യു​ടെ ദുരു​പ​യോ​ഗ​ത്തിൽപ്പെ​ടു​ന്നു.