വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 21

ദൈവ​രാ​ജ്യം ശത്രു​ക്കളെ തുടച്ചു​നീ​ക്കു​ന്നു

ദൈവ​രാ​ജ്യം ശത്രു​ക്കളെ തുടച്ചു​നീ​ക്കു​ന്നു

മുഖ്യവിഷയം

അർമഗെദോൻ യുദ്ധത്തി​ലേക്കു നയിക്കുന്ന സംഭവങ്ങൾ

1, 2. (എ) നമ്മുടെ രാജാവ്‌ 1914-ൽ ഭരണം തുടങ്ങി​യെന്ന്‌ എന്തു തെളി​യി​ക്കു​ന്നു? (ബി) ഈ അധ്യാ​യ​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

 ചുറ്റും ശത്രു​ക്ക​ളു​ണ്ടാ​യി​രി​ക്കെ​ത്തന്നെ ദൈവ​രാ​ജ്യം എന്തെല്ലാം നേട്ടങ്ങ​ളാ​ണു കൈവ​രി​ച്ചത്‌! അതെല്ലാം അവലോ​കനം ചെയ്‌തതു നമ്മുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തി എന്നതിനു സംശയ​മില്ല. (സങ്കീ. 110:2) മനസ്സൊ​രു​ക്ക​ത്തോ​ടെ പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്ന​വ​രു​ടെ ഒരു സൈന്യ​ത്തെ നമ്മുടെ രാജാവ്‌ സജ്ജമാ​ക്കി​യി​രി​ക്കു​ന്നു. ആത്മീയ​മാ​യും ധാർമി​ക​മാ​യും രാജാവ്‌ തന്റെ അനുയാ​യി​കളെ ശുദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു. അതു മാത്രമല്ല, നമ്മളെ ഭിന്നി​പ്പി​ക്കാൻ ദൈവ​രാ​ജ്യ​ത്തി​ന്റെ ശത്രുക്കൾ സർവ​ശ്ര​മ​വും നടത്തി​യി​ട്ടും ഇന്നു ലോക​മെ​ങ്ങും നമ്മൾ ഒറ്റക്കെ​ട്ടാണ്‌. ഇവയും നമ്മൾ ചർച്ച​ചെയ്‌ത ദൈവ​രാ​ജ്യ​ത്തി​ന്റെ മറ്റു നേട്ടങ്ങ​ളും ഒരു കാര്യം അനി​ഷേ​ധ്യ​മാ​യി തെളി​യി​ക്കു​ന്നു: 1914 മുതൽ നമ്മുടെ രാജാവ്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ ശത്രു​ക്ക​ളു​ടെ ഇടയിൽ വാഴ്‌ച നടത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

2 അതിലും അതിശ​യ​ക​ര​മായ കാര്യങ്ങൾ ദൈവ​രാ​ജ്യം ഉടൻതന്നെ ചെയ്യാ​നി​രി​ക്കു​ന്നു! അതു ‘വന്ന്‌’ അതിന്റെ ശത്രു​ക്ക​ളെ​യെ​ല്ലാം ‘തകർത്ത്‌ ഇല്ലാതാ​ക്കും.’ (മത്താ. 6:10; ദാനി. 2:44) എന്നാൽ അതിനു മുമ്പ്‌ സുപ്ര​ധാ​ന​മായ ചില സംഭവങ്ങൾ അരങ്ങേ​റാ​നുണ്ട്‌. ഏതെല്ലാം സംഭവങ്ങൾ? ധാരാളം ബൈബിൾപ്ര​വ​ച​നങ്ങൾ അതിന്‌ ഉത്തരം തരുന്നു. നടക്കാ​നി​രി​ക്കുന്ന സംഭവങ്ങൾ ഏതെല്ലാ​മാ​ണെന്ന്‌ അറിയാൻ നമുക്ക്‌ ഇപ്പോൾ ആ പ്രവച​ന​ങ്ങ​ളിൽ ചിലതു പരി​ശോ​ധി​ക്കാം.

‘പെട്ടെ​ന്നുള്ള നാശത്തി​ന്റെ’ വരവ്‌ അറിയി​ക്കുന്ന സംഭവം

3. നമ്മൾ കാത്തി​രി​ക്കുന്ന ആദ്യത്തെ സംഭവ​വി​കാ​സം ഏതാണ്‌?

3 സമാധാ​നം പ്രഖ്യാ​പി​ക്കു​ന്നു. നമ്മൾ കാത്തി​രി​ക്കുന്ന ആദ്യത്തെ സംഭവ​വി​കാ​സ​ത്തെ​ക്കു​റിച്ച്‌ തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ കത്തിൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വിശദീ​ക​രി​ക്കു​ന്നുണ്ട്‌. (1 തെസ്സ​ലോ​നി​ക്യർ 5:2, 3 വായി​ക്കുക.) അതിൽ പൗലോസ്‌ ‘യഹോ​വ​യു​ടെ ദിവസത്തെ’ക്കുറിച്ച്‌ പറയുന്നു. “ബാബി​ലോൺ എന്ന മഹതി”ക്കു നേരെ​യുള്ള ആക്രമ​ണ​ത്തോ​ടെ​യാ​യി​രി​ക്കും ആ ദിവസം തുടങ്ങുക. (വെളി. 17:5) എന്നാൽ യഹോ​വ​യു​ടെ ദിവസം തുടങ്ങു​ന്ന​തി​നു തൊട്ടു​മുമ്പ്‌ രാഷ്‌ട്രങ്ങൾ “സമാധാ​നം! സുരക്ഷി​ത​ത്വം!”എന്നു പറയും. ഈ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌ ഏതെങ്കി​ലു​മൊ​രു പ്രഖ്യാ​പ​ന​ത്തെ​യോ ശ്രദ്ധേ​യ​മായ ചില പ്രസ്‌താ​വ​ന​ക​ളു​ടെ പരമ്പര​യെ​യോ ആയിരി​ക്കാം. മതനേ​താ​ക്കൾ ഇതിൽ ഉൾപ്പെ​ടു​മോ? ലോക​ത്തി​ന്റെ ഭാഗമാ​യ​തു​കൊണ്ട്‌ അവരും സാധ്യ​ത​യ​നു​സ​രിച്ച്‌ രാഷ്‌ട്ര​ങ്ങ​ളോ​ടൊ​പ്പം “സമാധാ​നം!” എന്നു പറയും. (യിരെ. 6:14; 23:16, 17; വെളി. 17:1, 2) സമാധാ​ന​ത്തെ​ക്കു​റി​ച്ചും സുരക്ഷി​ത​ത്വ​ത്തെ​ക്കു​റി​ച്ചും ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നത്‌ യഹോ​വ​യു​ടെ ദിവസം തുടങ്ങാ​റാ​യി എന്നു സൂചി​പ്പി​ക്കും. ദൈവ​രാ​ജ്യ​ത്തി​ന്റെ ശത്രു​ക്കൾക്ക്‌ എന്തു സംഭവി​ക്കും? “ഒരുത​ര​ത്തി​ലും അവർക്കു രക്ഷപ്പെ​ടാ​നാ​കില്ല.”

4. “സമാധാ​നം! സുരക്ഷി​ത​ത്വം!”എന്ന പ്രഖ്യാ​പ​ന​ത്തെ​ക്കു​റിച്ച്‌ പൗലോസ്‌ പ്രവചി​ച്ച​തി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കു​ന്നതു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

4 ഈ പ്രവച​ന​ത്തി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കു​ന്നതു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും? പൗലോസ്‌ പറയുന്നു: “പകൽവെ​ളി​ച്ചം കള്ളന്മാരെ ഓർക്കാ​പ്പു​റത്ത്‌ പിടി​കൂ​ടു​ന്ന​തു​പോ​ലെ ആ ദിവസം നിങ്ങളെ ഓർക്കാ​പ്പു​റത്ത്‌ പിടി​കൂ​ടാൻ നിങ്ങൾ ഇരുട്ടി​ലു​ള്ള​വ​ര​ല്ല​ല്ലോ.” (1 തെസ്സ. 5:3, 4) ലോക​ത്തി​ലുള്ള മറ്റ്‌ ആളുക​ളെ​പ്പോ​ലെയല്ല നമ്മൾ. ഇന്നു നടന്നു​കൊ​ണ്ടി​രി​ക്കുന്ന സംഭവ​ങ്ങ​ളു​ടെ പോക്ക്‌ എങ്ങോ​ട്ടാ​ണെന്നു നമുക്ക്‌ അറിയാം. എന്നാൽ, സമാധാ​ന​ത്തെ​ക്കു​റി​ച്ചും സുരക്ഷി​ത​ത്വ​ത്തെ​ക്കു​റി​ച്ചും ഉള്ള ഈ പ്രവചനം കൃത്യ​മാ​യി ഏതു രീതി​യി​ലാ​യി​രി​ക്കും നിറ​വേ​റുക? അതു നമുക്ക്‌ അറിയില്ല. ലോക​സം​ഭ​വങ്ങൾ എങ്ങനെ ചുരു​ള​ഴി​യു​മെന്നു കാത്തി​രുന്ന്‌ കാണേ​ണ്ടി​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌, “നമുക്ക്‌ ഉണർന്ന്‌ സുബോ​ധ​ത്തോ​ടെ​യി​രി​ക്കാം.”—1 തെസ്സ. 5:6; സെഫ. 3:8.

മഹാകഷ്ടത തുടങ്ങു​ന്നു

5. “മഹാകഷ്ടത”യ്‌ക്കു തുടക്കം കുറി​ക്കു​ന്നത്‌ എന്തായി​രി​ക്കും?

5 മതത്തിനു നേരെ​യുള്ള ആക്രമണം. “എപ്പോ​ഴാ​ണോ അവർ ‘സമാധാ​നം! സുരക്ഷി​ത​ത്വം!’ എന്നു പറയു​ന്നത്‌ അപ്പോൾ . . . അവരുടെ മേൽ പെട്ടെ​ന്നുള്ള നാശം വരും” എന്നാണു പൗലോസ്‌ പറഞ്ഞ​തെന്ന്‌ ഓർക്കുക. ഒരു മിന്നൽപ്പി​ണർ കാണു​ന്ന​തി​നു തൊട്ടു​പി​ന്നാ​ലെ ഇടിനാ​ദം കേൾക്കു​ന്ന​തു​പോ​ലെ “സമാധാ​നം! സുരക്ഷി​ത​ത്വം!” എന്ന പ്രഖ്യാ​പ​ന​ത്തി​നു തൊട്ടു​പി​ന്നാ​ലെ “പെട്ടെ​ന്നുള്ള നാശം വരും.” എന്തി​നെ​യാ​യി​രി​ക്കും നശിപ്പി​ക്കുക? ആദ്യം, ലോക​മെ​ങ്ങു​മുള്ള വ്യാജ​മ​ത​ങ്ങ​ളു​ടെ സാമ്രാ​ജ്യ​മായ “ബാബി​ലോൺ എന്ന മഹതി”യെ നശിപ്പി​ക്കും. ബൈബിൾ അതിനെ “വേശ്യ” എന്നും വിളി​ച്ചി​ട്ടുണ്ട്‌. (വെളി. 17:5, 6, 15) ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നും മറ്റെല്ലാ വ്യാജ​മ​ത​സം​ഘ​ട​ന​കൾക്കും സംഭവി​ക്കുന്ന ഈ നാശമാ​യി​രി​ക്കും “മഹാകഷ്ടത”യ്‌ക്കു തുടക്കം കുറി​ക്കു​ന്നത്‌. (മത്താ. 24:21; 2 തെസ്സ. 2:8) പലരെ​യും ഇത്‌ അമ്പരപ്പി​ച്ചു​ക​ള​യും. എന്തു​കൊണ്ട്‌? കാരണം, ‘ഒരിക്ക​ലും ദുഃഖി​ക്കേ​ണ്ടി​വ​രി​ല്ലാത്ത’ ഒരു “രാജ്ഞി”യാണു താനെ​ന്നാ​യി​രി​ക്കും ആ സമയം വരെ ആ വേശ്യ​യു​ടെ വിചാരം. പക്ഷേ തന്റെ ആത്മവി​ശ്വാ​സം അസ്ഥാന​ത്താ​യി​പ്പോ​യെന്ന്‌ അധികം വൈകാ​തെ അവൾ തിരി​ച്ച​റി​യും. “ഒറ്റ ദിവസം​കൊണ്ട്‌” എന്നപോ​ലെ പൊടു​ന്നനെ അവളെ നീക്കി​ക്ക​ള​യും.—വെളി. 18:7, 8.

6. ആര്‌ അല്ലെങ്കിൽ എന്ത്‌ ആയിരി​ക്കും ‘ബാബി​ലോൺ എന്ന മഹതിയെ’ ആക്രമി​ക്കു​ന്നത്‌?

6 ആര്‌ അല്ലെങ്കിൽ എന്ത്‌ ആയിരി​ക്കും ‘ബാബി​ലോൺ എന്ന മഹതിയെ’ ആക്രമി​ക്കു​ന്നത്‌? ‘പത്തു കൊമ്പുള്ള’ ഒരു ‘കാട്ടു​മൃ​ഗം.’ ഈ കാട്ടു​മൃ​ഗം ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു വെളി​പാട്‌ പുസ്‌തകം സൂചി​പ്പി​ക്കു​ന്നു. പത്തു കൊമ്പു​ക​ളോ? ‘കടുഞ്ചു​വപ്പു നിറമുള്ള ആ കാട്ടു​മൃ​ഗത്തെ’ പിന്തു​ണ​യ്‌ക്കുന്ന നിലവി​ലുള്ള എല്ലാ രാഷ്‌ട്രീ​യ​ശ​ക്തി​ക​ളെ​യു​മാണ്‌ ആ കൊമ്പു​കൾ പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌. (വെളി. 17:3, 5, 11, 12) ആ ആക്രമണം വരുത്തി​വെ​ക്കുന്ന നാശം എത്ര​ത്തോ​ള​മാ​യി​രി​ക്കും? ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യു​ടെ ഭാഗമായ രാഷ്‌ട്രങ്ങൾ വേശ്യ​യു​ടെ സ്വത്തുക്കൾ കൊള്ള​യ​ടി​ക്കും, അവളുടെ മാംസം ആർത്തി​യോ​ടെ തിന്നും, “അവളെ ചുട്ടു​ക​രിച്ച്‌ ഇല്ലാതാ​ക്കും.”വെളി​പാട്‌ 17:16 വായി​ക്കുക. a

7. മത്തായി 24:21, 22-ലെ യേശു​വി​ന്റെ വാക്കുകൾ എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ നിറ​വേ​റി​യത്‌ എങ്ങനെ, ഭാവി​യിൽ അവ എങ്ങനെ​യാ​യി​രി​ക്കും നിറ​വേ​റുക?

7 നാളുകൾ വെട്ടി​ച്ചു​രു​ക്കു​ന്നു. മഹാക​ഷ്ട​ത​യു​ടെ ആ ഘട്ടത്തിൽ സംഭവി​ക്കാൻപോ​കുന്ന ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ നമ്മുടെ രാജാവ്‌ വെളി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. “തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ​പ്രതി ആ നാളുകൾ വെട്ടി​ച്ചു​രു​ക്കും” എന്നു യേശു പറഞ്ഞു. (മത്തായി 24:21, 22 വായി​ക്കുക.) എ.ഡി. 66-ൽ യരുശ​ലേ​മി​നു നേരെ​യുള്ള റോമൻ​സൈ​ന്യ​ത്തി​ന്റെ ആക്രമണം യഹോവ ‘വെട്ടി​ച്ചു​രു​ക്കി​യ​പ്പോൾ’ യേശു​വി​ന്റെ ആ വാക്കു​കൾക്കു ചെറിയ അളവി​ലുള്ള നിവൃ​ത്തി​യു​ണ്ടാ​യി. (മർക്കോ. 13:20) ആ സംഭവം യരുശ​ലേ​മി​ലെ​യും യഹൂദ്യ​യി​ലെ​യും ക്രിസ്‌ത്യാ​നി​കൾക്കു സ്വന്തം ജീവൻ രക്ഷിക്കാൻ അവസര​മൊ​രു​ക്കി. അങ്ങനെ​യെ​ങ്കിൽ വരാനി​രി​ക്കുന്ന മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ ആ വാക്കു​കൾക്കു ഗോള​വ്യാ​പ​ക​മായ എന്തു നിവൃ​ത്തി​യു​ണ്ടാ​കും? മതത്തിന്റെ നേരെ ഐക്യ​രാ​ഷ്‌ട്ര സംഘടന നടത്തുന്ന ആക്രമണം യഹോവ നമ്മുടെ രാജാ​വി​നെ ഉപയോ​ഗിച്ച്‌ “വെട്ടി​ച്ചു​രു​ക്കും.” അതിലൂ​ടെ, വ്യാജ​മ​ത​ങ്ങ​ളോ​ടൊ​പ്പം സത്യമ​ത​വും നശിക്കു​ന്നത്‌ യഹോവ തടയും. എല്ലാ വ്യാജ​മ​ത​സം​ഘ​ട​ന​ക​ളും നശിപ്പി​ക്ക​പ്പെ​ടു​മ്പോ​ഴും ഒരേ ഒരു മതം, അതായത്‌ സത്യമതം മാത്രം അതിജീ​വി​ക്കും. (സങ്കീ. 96:5) മഹാക​ഷ്ട​ത​യു​ടെ ഈ ഘട്ടം കഴിഞ്ഞാ​ലോ? തുടർന്ന്‌ എന്തെല്ലാം സംഭവ​ങ്ങ​ളാ​ണു നടക്കാ​നി​രി​ക്കു​ന്ന​തെന്നു നമുക്ക്‌ ഇപ്പോൾ നോക്കാം.

അർമ​ഗെ​ദോ​നി​ലേക്കു നയിക്കുന്ന സംഭവങ്ങൾ

8, 9. യേശു ഏതു പ്രതി​ഭാ​സ​ത്തെ​ക്കു​റി​ച്ചാ​യി​രി​ക്കാം സൂചി​പ്പി​ച്ചത്‌, കാണുന്ന കാഴ്‌ച​ക​ളോ​ടുള്ള ആളുക​ളു​ടെ പ്രതി​ക​രണം എന്തായി​രി​ക്കും?

8 അർമ​ഗെ​ദോ​നു മുമ്പുള്ള സമയത്ത്‌ സുപ്ര​ധാ​ന​മായ പല സംഭവ​വി​കാ​സ​ങ്ങ​ളും നടക്കു​മെന്ന്‌ അവസാ​ന​കാ​ല​ത്തെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ പ്രവചനം സൂചി​പ്പി​ക്കു​ന്നുണ്ട്‌. അവയിൽ രണ്ടെണ്ണം നമ്മൾ ഇപ്പോൾ പരി​ശോ​ധി​ക്കും. ആ രണ്ടു സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചും മത്തായി​യു​ടെ​യും മർക്കോ​സി​ന്റെ​യും ലൂക്കോ​സി​ന്റെ​യും സുവി​ശേ​ഷ​ങ്ങ​ളിൽ പരാമർശ​മുണ്ട്‌.മത്തായി 24:29-31 വായി​ക്കുക; മർക്കോ. 13:23-27; ലൂക്കോ. 21:25-28.

9 ആകാശ​ത്തി​ലെ പ്രതി​ഭാ​സങ്ങൾ. “സൂര്യൻ ഇരുണ്ടു​പോ​കും. ചന്ദ്രൻ വെളിച്ചം തരില്ല. നക്ഷത്രങ്ങൾ ആകാശ​ത്തു​നിന്ന്‌ വീഴും” എന്നു യേശു പറഞ്ഞു. എന്തായാ​ലും ആ സമയത്ത്‌ ആളുകൾ ആത്മീയ​പ്ര​കാ​ശ​ത്തി​നാ​യി മതനേ​താ​ക്ക​ളി​ലേക്കു നോക്കില്ല. കാരണം, മേലാൽ അവർ മതനേ​താ​ക്കൾ എന്ന പേരിൽ അറിയ​പ്പെ​ടില്ല. ഇനി, ആകാശത്ത്‌ ചില അസാധാ​ര​ണ​കാ​ഴ്‌ചകൾ കാണു​മെ​ന്നും യേശു സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നോ? സാധ്യ​ത​യ​നു​സ​രിച്ച്‌, അതെ. (യശ. 13:9-11; യോവേ. 2:1, 30, 31) കാണുന്ന കാഴ്‌ച​ക​ളോ​ടുള്ള ആളുക​ളു​ടെ പ്രതി​ക​രണം എന്തായി​രി​ക്കും? “എന്തു ചെയ്യണ​മെന്ന്‌ അറിയാ​തെ (അവർ) തീവ്ര​വേ​ദ​ന​യി​ലാ​കും.” (ലൂക്കോ. 21:25; സെഫ. 1:17) ദൈവ​രാ​ജ്യ​ത്തി​ന്റെ ശത്രു​ക്ക​ളായ ‘രാജാ​ക്ക​ന്മാർമു​തൽ അടിമ​കൾവരെ’ “എന്തു സംഭവി​ക്കാൻ പോകു​ന്നു എന്ന ആശങ്ക കാരണം . . . പേടിച്ച്‌ ബോധം​കെ​ടും,” അവർ അഭയം തേടി ഓടും. പക്ഷേ നമ്മുടെ രാജാ​വി​ന്റെ ക്രോ​ധ​ത്തിൽനിന്ന്‌ സംരക്ഷ​ണ​മേ​കുന്ന ഒരു ഒളിയി​ട​വും അവർ കണ്ടെത്തില്ല.—ലൂക്കോ. 21:26; 23:30; വെളി. 6:15-17.

10. യേശു എന്തു വിധി പ്രഖ്യാ​പി​ക്കും, ദൈവ​രാ​ജ്യ​ത്തെ പിന്തു​ണ​യ്‌ക്കു​ന്ന​വ​രു​ടെ​യും എതിർക്കു​ന്ന​വ​രു​ടെ​യും പ്രതി​ക​രണം എന്തായി​രി​ക്കും?

10 വിധി പ്രഖ്യാ​പി​ക്കു​ന്നു. പിന്നെ ദൈവ​രാ​ജ്യ​ത്തി​ന്റെ എല്ലാ ശത്രു​ക്കൾക്കും ഒരു സംഭവ​ത്തി​നു സാക്ഷി​ക​ളാ​കേ​ണ്ടി​വ​രും. അത്‌ അവരുടെ തീവ്ര​വേ​ദ​ന​യ്‌ക്ക്‌ ആക്കം കൂട്ടും. യേശു പറഞ്ഞു: “മനുഷ്യ​പു​ത്രൻ വലിയ ശക്തി​യോ​ടെ​യും മഹത്ത്വ​ത്തോ​ടെ​യും മേഘങ്ങ​ളിൽ വരുന്നത്‌ അവർ കാണും.” (മർക്കോ. 13:26) വിധി പ്രഖ്യാ​പി​ക്കാ​നാ​യി യേശു വന്നിരി​ക്കു​ന്നെന്ന്‌, പ്രകൃ​ത്യ​തീ​ത​മായ ഈ ശക്തി​പ്ര​ക​ടനം സൂചി​പ്പി​ക്കും. ആ സമയത്ത്‌ നടത്തുന്ന വിധി​പ്ര​ഖ്യാ​പ​ന​ത്തെ​ക്കു​റി​ച്ചുള്ള കൂടു​ത​ലായ വിശദാം​ശങ്ങൾ, അവസാ​ന​കാ​ല​ത്തെ​ക്കു​റി​ച്ചുള്ള ഇതേ പ്രവച​ന​ത്തി​ന്റെ മറ്റൊരു ഭാഗത്ത്‌ യേശു നൽകു​ന്നുണ്ട്‌. ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും കുറി​ച്ചുള്ള ദൃഷ്ടാ​ന്ത​ക​ഥ​യി​ലാണ്‌ ആ വിവരങ്ങൾ കാണു​ന്നത്‌. (മത്തായി 25:31-33, 46 വായി​ക്കുക.) ദൈവ​രാ​ജ്യ​ത്തെ വിശ്വ​സ്‌ത​മാ​യി പിന്തു​ണ​യ്‌ക്കു​ന്ന​വരെ ‘ചെമ്മരി​യാ​ടു​ക​ളാ​യി’ കണക്കാ​ക്കും. ‘മോചനം അടുത്തു​വ​രു​ന്നു’ എന്നു തിരി​ച്ച​റി​യുന്ന അവർ തങ്ങളുടെ ‘തല ഉയർത്തി​പ്പി​ടി​ക്കും.’ (ലൂക്കോ. 21:28) എന്നാൽ ദൈവ​രാ​ജ്യ​ത്തെ എതിർക്കു​ന്ന​വരെ ‘കോലാ​ടു​ക​ളാ​യി’ വിധി​ക്കും. തങ്ങളെ “എന്നേക്കു​മാ​യി നിഗ്ര​ഹി​ച്ചു​ക​ള​യും” എന്നു തിരി​ച്ച​റി​യുന്ന അവർ “നെഞ്ചത്ത​ടിച്ച്‌ വിലപി​ക്കും.”—മത്താ. 24:30; വെളി. 1:7.

11. ഭാവി​യിൽ നടക്കാ​നി​രി​ക്കുന്ന സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കു​മ്പോൾ നമ്മൾ ഏതു കാര്യം മനസ്സിൽപ്പി​ടി​ക്കണം?

11 “എല്ലാ ജനതക​ളെ​യും”കുറിച്ച്‌ യേശു വിധി പ്രഖ്യാ​പി​ച്ച​തി​നു ശേഷവും ചില സുപ്ര​ധാ​ന​സം​ഭ​വങ്ങൾ അരങ്ങേ​റാ​നുണ്ട്‌. പിന്നീ​ടാ​യി​രി​ക്കും അർമ​ഗെ​ദോൻ യുദ്ധം തുടങ്ങുക. (മത്താ. 25:32) അവയിൽ രണ്ടെണ്ണം നമുക്ക്‌ ഇപ്പോൾ നോക്കാം: ഗോഗി​ന്റെ ആക്രമ​ണ​വും അഭിഷി​ക്ത​രു​ടെ കൂട്ടി​ച്ചേർക്ക​ലും. ആ സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കു​മ്പോൾ, അവ നടക്കേണ്ട കൃത്യ​സ​മയം ദൈവ​വ​ചനം വെളി​പ്പെ​ടു​ത്തു​ന്നില്ല എന്ന കാര്യം നമ്മൾ മനസ്സിൽപ്പി​ടി​ക്കണം. എന്നാൽ, അതിൽ ആദ്യ​ത്തേത്‌ അവസാ​നി​ക്കു​ന്ന​തി​നു മുമ്പു​തന്നെ രണ്ടാമ​ത്തേത്‌ ആരംഭി​ക്കാൻ സാധ്യ​ത​യുണ്ട്‌.

12. ദൈവ​രാ​ജ്യ​ത്തിന്‌ എതി​രെ​യുള്ള സാത്താന്റെ ഉഗ്രമായ ആക്രമണം ഏതായി​രി​ക്കും?

12 ഉഗ്രമായ ഒരു ആക്രമണം. അഭിഷി​ക്ത​രിൽ ബാക്കി​യു​ള്ള​വ​രെ​യും വേറെ ആടുക​ളായ അവരുടെ സഹകാ​രി​ക​ളെ​യും മാഗോ​ഗി​ലെ ഗോഗ്‌ ആക്രമി​ക്കും. (യഹസ്‌കേൽ 38:2, 11 വായി​ക്കുക.) സ്വർഗ​ത്തിൽനിന്ന്‌ പുറത്താ​ക്ക​പ്പെ​ട്ട​പ്പോൾമു​തൽ അഭിഷി​ക്ത​രിൽ ശേഷി​ക്കു​ന്ന​വർക്കെ​തി​രെ സാത്താൻ നടത്തി​പ്പോ​രുന്ന യുദ്ധത്തി​ലെ അവസാ​ന​പോ​രാ​ട്ട​മാ​യി​രി​ക്കും സ്ഥാപി​ത​മായ ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തിന്‌ എതി​രെ​യുള്ള ഈ ആക്രമണം. (വെളി. 12:7-9, 17) പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ക്രിസ്‌തീ​യ​സ​ഭ​യി​ലേക്ക്‌ അഭിഷി​ക്തർ ശേഖരി​ക്ക​പ്പെ​ടാൻ തുടങ്ങി​യ​പ്പോൾമു​തൽ അവരുടെ ആത്മീയ​സ​മൃ​ദ്ധി നശിപ്പി​ക്കാൻ സാത്താൻ പ്രത്യേ​ക​ശ്രമം നടത്തി​യി​ട്ടുണ്ട്‌. പക്ഷേ അതു ഫലം കണ്ടിട്ടില്ല. (മത്താ. 13:30) എന്നാൽ എല്ലാ വ്യാജ​മ​ത​സം​ഘ​ട​ന​ക​ളും ഇല്ലാതാ​കുന്ന സമയത്ത്‌ ദൈവ​ജനം പ്രത്യ​ക്ഷ​ത്തിൽ ‘മതിലു​ക​ളു​ടെ​യോ ഓടാ​മ്പ​ലു​ക​ളു​ടെ​യോ കവാട​ങ്ങ​ളു​ടെ​യോ സംരക്ഷ​ണ​മി​ല്ലാ​തെ’ ജീവി​ക്കു​ന്ന​താ​യി കാണ​പ്പെ​ടുന്ന ഒരു സമയം വരും. അതൊരു സുവർണാ​വ​സ​ര​മാ​യി കാണുന്ന സാത്താൻ, ദൈവ​രാ​ജ്യ​ത്തെ പിന്തു​ണ​യ്‌ക്കു​ന്ന​വ​രു​ടെ മേൽ ഉഗ്രമായ ഒരു ആക്രമണം അഴിച്ചു​വി​ടാൻ ദുഷ്ടന്മാ​രായ തന്റെ കൂട്ടാ​ളി​കളെ പ്രേരി​പ്പി​ക്കും.

13. ഭൂമി​യി​ലെ തന്റെ സേവകർക്കു​വേണ്ടി യഹോവ ഇടപെ​ടു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കും?

13 സംഭവി​ക്കാൻപോ​കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഒരു വിവരണം യഹസ്‌കേൽ തരുന്നുണ്ട്‌. ഗോഗി​നെ​ക്കു​റിച്ച്‌ പ്രവചനം പറയുന്നു: “നീ നിന്റെ സ്ഥലത്തു​നിന്ന്‌, വടക്ക്‌ അതിവി​ദൂ​ര​ഭാ​ഗ​ങ്ങ​ളിൽനിന്ന്‌, വരും. നിന്റെ​കൂ​ടെ അനേകം ജനതക​ളും ഉണ്ടായി​രി​ക്കും. എല്ലാവ​രും കുതി​ര​പ്പു​റത്ത്‌ ഒരു വൻസമൂ​ഹ​മാ​യി, ഒരു മഹാ​സൈ​ന്യ​മാ​യി, വരും. മേഘം ദേശത്തെ മൂടു​ന്ന​തു​പോ​ലെ നീ എന്റെ ജനമായ ഇസ്രാ​യേ​ലിന്‌ എതിരെ വരും.” (യഹ. 38:15, 16) അവരു​ടേതു തടുക്കാ​നാ​കാത്ത ഒരു മുന്നേ​റ്റ​മാ​യി കാണ​പ്പെ​ട്ടേ​ക്കാം. പക്ഷേ യഹോവ അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ക്കും? “എന്റെ ഉഗ്ര​കോ​പം കത്തിക്കാ​ളും” എന്ന്‌ യഹോവ പറയുന്നു. ഞാൻ “ഒരു വാൾ അയയ്‌ക്കും” എന്നും ദൈവം പറയുന്നു. (യഹ. 38:18, 21; സെഖര്യ 2:8 വായി​ക്കുക.) അതെ, ഭൂമി​യി​ലെ തന്റെ സേവകർക്കു​വേണ്ടി യഹോവ ഇടപെ​ടും. ആ ഇടപെ​ട​ലാണ്‌ അർമ​ഗെ​ദോൻ യുദ്ധം!

14, 15. സാത്താന്റെ ഉഗ്രമായ ആക്രമണം തുടങ്ങി​യ​തി​നു ശേഷം നടക്കാ​നി​രി​ക്കുന്ന ഒരു സംഭവം ഏതാണ്‌?

14 അർമ​ഗെ​ദോൻ യുദ്ധത്തി​ന്റെ സമയത്ത്‌ യഹോവ തന്റെ ജനത്തെ സംരക്ഷി​ക്കു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കും? അതി​ലേക്കു നമ്മൾ പിന്നീടു വരുന്ന​താ​യി​രി​ക്കും. എന്നാൽ അതിനു മുമ്പ്‌ നടക്കാ​നി​രി​ക്കുന്ന മറ്റൊരു സുപ്ര​ധാ​ന​സം​ഭവം നമുക്ക്‌ ഇപ്പോൾ പരി​ശോ​ധി​ക്കാം. അതു നടക്കു​ന്നതു സാത്താന്റെ ഉഗ്രമായ ആക്രമണം തുടങ്ങു​ന്ന​തി​നും അർമ​ഗെ​ദോ​നി​ലൂ​ടെ യഹോവ ഇടപെ​ടു​ന്ന​തി​നും ഇടയ്‌ക്കുള്ള ഏതോ ഒരു സമയത്താ​യി​രി​ക്കും. 11-ാം ഖണ്ഡിക​യിൽ നമ്മൾ കണ്ടതു​പോ​ലെ അഭിഷി​ക്ത​ശേ​ഷി​പ്പിൽ ബാക്കി​യു​ള്ള​വരെ കൂട്ടി​ച്ചേർക്കു​ന്ന​താണ്‌ ഈ രണ്ടാമത്തെ സംഭവം.

15 അഭിഷി​ക്തരെ കൂട്ടി​ച്ചേർക്കു​ന്നു. ‘തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​വരെ’ക്കുറിച്ച്‌ അഥവാ ആത്മാവി​നാൽ അഭിഷി​ക്ത​രായ ക്രിസ്‌ത്യാ​നി​ക​ളെ​ക്കു​റിച്ച്‌ യേശു നടത്തിയ പ്രസ്‌താ​വന മത്തായി​യും മർക്കോ​സും രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ അർമ​ഗെ​ദോൻ പൊട്ടി​പ്പു​റ​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ നടക്കുന്ന ഒരു സംഭവ​പ​ര​മ്പ​ര​യു​ടെ ഭാഗമാ​യി​ട്ടാണ്‌. (ഖണ്ഡിക 7 കാണുക.) രാജാ​ധി​കാ​ര​ത്തിൽ വരുന്ന തന്നെക്കു​റിച്ച്‌ യേശു ഇങ്ങനെ പ്രവചി​ച്ചു: “പിന്നെ മനുഷ്യ​പു​ത്രൻ ദൂതന്മാ​രെ അയയ്‌ക്കും. തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​വരെ അവർ ഭൂമി​യു​ടെ അറുതി​മു​തൽ ആകാശ​ത്തി​ന്റെ അറുതി​വരെ നാലു ദിക്കിൽനി​ന്നും കൂട്ടി​ച്ചേർക്കും.” (മർക്കോ. 13:27; മത്താ. 24:31) കൂട്ടി​ച്ചേർക്കു​മെന്നു പറഞ്ഞ​പ്പോൾ യേശു ഇവിടെ എന്താണ്‌ ഉദ്ദേശി​ച്ചത്‌? അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളിൽ ശേഷി​ക്കു​ന്ന​വ​രു​ടെ അന്തിമ​മു​ദ്ര​യി​ട​ല​ല്ലാ​യി​രു​ന്നു യേശു​വി​ന്റെ മനസ്സിൽ. കാരണം ആ മുദ്ര​യി​ടൽ നടക്കു​ന്നതു മഹാകഷ്ടത തുടങ്ങു​ന്ന​തി​നു തൊട്ടു​മു​മ്പാ​യി​രി​ക്കും. (വെളി. 7:1-3) എന്നാൽ, ഭാവി​യിൽ മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ സംഭവി​ക്കുന്ന ഒരു കാര്യ​ത്തെ​ക്കു​റി​ച്ചാ​ണു യേശു ഇവിടെ സംസാ​രി​ച്ചത്‌. അതു​കൊണ്ട്‌ സാധ്യ​ത​യ​നു​സ​രിച്ച്‌, ദൈവ​ജ​ന​ത്തിന്‌ എതിരെ സാത്താൻ അഴിച്ചു​വി​ടുന്ന ഉഗ്രമായ ആക്രമണം തുടങ്ങി​ക്ക​ഴി​ഞ്ഞുള്ള ഏതോ ഒരു സമയത്ത്‌ ഭൂമി​യിൽ ബാക്കി​യുള്ള അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കളെ സ്വർഗ​ത്തി​ലേക്കു കൂട്ടി​ച്ചേർക്കും.

16. പുനരു​ത്ഥാ​ന​പ്പെട്ട അഭിഷി​ക്തർക്ക്‌ അർമ​ഗെ​ദോൻ യുദ്ധത്തി​ലുള്ള പങ്ക്‌ എന്തായി​രി​ക്കും?

16 അഭിഷി​ക്ത​രിൽ ബാക്കി​യു​ള്ള​വ​രു​ടെ ഈ കൂട്ടി​ച്ചേർക്ക​ലും തുടർന്ന്‌ നടക്കാ​നി​രി​ക്കുന്ന അർമ​ഗെ​ദോ​നും തമ്മിലുള്ള ബന്ധം എന്താണ്‌? കൂട്ടി​ച്ചേർക്കൽ നടക്കുന്ന സമയം സൂചി​പ്പി​ക്കു​ന്നത്‌, ദൈവ​ത്തി​ന്റെ യുദ്ധമായ അർമ​ഗെ​ദോൻ തുടങ്ങു​ന്ന​തി​നു മുമ്പ്‌ എല്ലാ അഭിഷി​ക്ത​രും സ്വർഗ​ത്തി​ലു​ണ്ടാ​യി​രി​ക്കും എന്നാണ്‌. യേശു​വി​നോ​ടൊ​പ്പം ദൈവ​രാ​ജ്യ​ത്തി​ന്റെ എല്ലാ ശത്രു​ക്കൾക്കു​മെ​തി​രെ നാശത്തി​ന്റെ “ഇരുമ്പു​കോൽ” പ്രയോ​ഗി​ക്കാ​നുള്ള അധികാ​രം സ്വർഗ​ത്തിൽവെച്ച്‌ ക്രിസ്‌തു​വി​ന്റെ ആ 1,44,000 സഹഭര​ണാ​ധി​കാ​രി​കൾക്കു ലഭിക്കും. (വെളി. 2:26, 27) തുടർന്ന്‌ എന്തു സംഭവി​ക്കും? പുനരു​ത്ഥാ​ന​പ്പെട്ട ഈ അഭിഷി​ക്തർ അതിശ​ക്ത​രായ ദൂതന്മാ​രോ​ടൊ​പ്പം വീര​യോ​ദ്ധാ​വായ ക്രിസ്‌തു എന്ന രാജാ​വി​നു പിന്നിൽ അണിനി​ര​ക്കും. യഹോ​വ​യു​ടെ ജനത്തെ വളഞ്ഞടു​ക്കുന്ന ശത്രു​ക്ക​ളു​ടെ ‘മഹാ​സൈ​ന്യ​ത്തെ’ നേരി​ടാൻപോ​കുന്ന ക്രിസ്‌തു​വി​നോ​ടൊ​പ്പം അവരും ചേരും. (യഹ. 38:15) ഭയങ്കര​മാ​യൊ​രു പോരാ​ട്ടം നടക്കും. ആ യുദ്ധമാണ്‌ അർമ​ഗെ​ദോൻ!—വെളി. 16:16.

മഹാക​ഷ്ട​ത​യ്‌ക്കു ഗംഭീ​ര​മാ​യൊ​രു പരിസ​മാ​പ്‌തി

അർമഗെദോൻ യുദ്ധം തുടങ്ങു​ന്നു!

17. അർമ​ഗെ​ദോ​നിൽ ‘കോലാ​ടു​കൾക്ക്‌’ എന്തു സംഭവി​ക്കും?

17 വിധി നടപ്പാ​ക്കു​ന്നു. അർമ​ഗെ​ദോൻ യുദ്ധ​ത്തോ​ടെ​യാ​യി​രി​ക്കും മഹാകഷ്ടത അവസാ​നി​ക്കുക. ആ സമയത്ത്‌ യേശു മറ്റൊരു നിയോ​ഗം​കൂ​ടെ ഏറ്റെടു​ക്കും. ‘എല്ലാ ജനതക​ളു​ടെ​യും’ ന്യായാ​ധി​പ​നായ യേശു ആ സമയത്ത്‌, മുമ്പ്‌ താൻ ‘കോലാ​ടു​കൾ’ എന്നു വിധിച്ച എല്ലാ ആളുക​ളു​ടെ​യും വധനിർവാ​ഹ​ക​നു​മാ​കും. (മത്താ. 25:32, 33) “നീണ്ട, മൂർച്ച​യേ​റിയ ഒരു വാൾ” ഉപയോ​ഗിച്ച്‌ നമ്മുടെ രാജാവ്‌ ‘ജനതകളെ വെട്ടും.’ അതെ, ‘രാജാ​ക്ക​ന്മാർ’ മുതൽ ‘അടിമകൾ’ വരെ കോലാ​ടു​തു​ല്യ​രായ എല്ലാവ​രെ​യും “എന്നേക്കു​മാ​യി നിഗ്ര​ഹി​ച്ചു​ക​ള​യും.”—വെളി. 19:15, 18; മത്താ. 25:46.

18. (എ) ‘ചെമ്മരി​യാ​ടു​ക​ളു​ടെ’ സാഹച​ര്യം അവർക്ക്‌ അനുകൂ​ല​മാ​യി മാറി​മ​റി​യു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കും? (ബി) യേശു തന്റെ വിജയം എങ്ങനെ പൂർത്തി​യാ​ക്കും?

18 യേശു ‘ചെമ്മരി​യാ​ടു​ക​ളാ​യി’ വേർതി​രി​ച്ച​വ​രു​ടെ കാര്യ​മോ? അവരുടെ സാഹച​ര്യം ആകെ മാറി​മ​റി​യും. അത്‌ എങ്ങനെ? യാതൊ​രു പ്രതി​രോ​ധ​വു​മി​ല്ലാ​തെ നിസ്സഹാ​യ​രാ​യി കാണ​പ്പെ​ടുന്ന ‘ചെമ്മരി​യാ​ടു​ക​ളു​ടെ’ ‘മഹാപു​രു​ഷാ​രത്തെ,’ അസംഖ്യം ‘കോലാ​ടു​കൾ’ ചേർന്ന സാത്താന്റെ വൻസേന കാൽക്കീ​ഴെ ചവിട്ടി​മെ​തി​ക്കു​മെന്നു തോന്നു​മെ​ങ്കി​ലും അവർ ശത്രു​ക്ക​ളു​ടെ ആക്രമ​ണത്തെ അതിജീ​വി​ക്കും, ‘മഹാക​ഷ്ട​ത​യി​ലൂ​ടെ കടന്നു​വ​രു​ക​യും’ ചെയ്യും. (വെളി. 7:9, 14) ദൈവ​രാ​ജ്യ​ത്തി​ന്റെ എല്ലാ മാനു​ഷി​ക​ശ​ത്രു​ക്ക​ളെ​യും കീഴടക്കി ഇല്ലാതാ​ക്കി​യ​ശേഷം യേശു സാത്താ​നെ​യും അവന്റെ ഭൂതങ്ങ​ളെ​യും അഗാധ​ത്തി​ലേക്ക്‌ എറിയും. ആയിരം വർഷ​ത്തേക്ക്‌ അവർ അവിടെ മരണതു​ല്യ​മായ നിഷ്‌ക്രി​യാ​വ​സ്ഥ​യി​ലാ​യി​രി​ക്കും.വെളി​പാട്‌ 6:2; 20:1-3 വായി​ക്കുക.

നമുക്ക്‌ എങ്ങനെ ഒരുങ്ങി​യി​രി​ക്കാം?

19, 20. യശയ്യ 26:2030:21 എന്നീ വാക്യ​ങ്ങ​ളിൽ അടങ്ങി​യി​രി​ക്കുന്ന പാഠം നമുക്ക്‌ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാം?

19 വരാനി​രി​ക്കുന്ന പ്രകമ്പ​നം​കൊ​ള്ളി​ക്കുന്ന സംഭവ​ങ്ങൾക്കാ​യി നമുക്ക്‌ എങ്ങനെ ഒരുങ്ങി​യി​രി​ക്കാം? ‘അതിജീ​വനം അനുസ​ര​ണ​ത്തിൽ അധിഷ്‌ഠി​ത​മാ​യി​രി​ക്കും’ എന്നാണ്‌ ഏതാനും വർഷം മുമ്പ്‌ വീക്ഷാ​ഗോ​പു​രം പറഞ്ഞത്‌. അത്‌ എങ്ങനെ? പുരാ​ത​ന​ബാ​ബി​ലോ​ണിൽ ബന്ദിക​ളാ​യി കഴിഞ്ഞി​രുന്ന ജൂതന്മാർക്ക്‌ യഹോവ കൊടുത്ത ഒരു മുന്നറി​യി​പ്പിൽ അതിനുള്ള ഉത്തരമുണ്ട്‌. ബാബി​ലോൺ കീഴട​ക്ക​പ്പെ​ടും എന്ന്‌ യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. പക്ഷേ ആ സംഭവ​ത്തി​നാ​യി ഒരുങ്ങി​യി​രി​ക്കാൻ ദൈവ​ജനം എന്തു ചെയ്യണ​മാ​യി​രു​ന്നു? യഹോവ പറഞ്ഞു: “എന്റെ ജനമേ, ചെന്ന്‌ നിങ്ങളു​ടെ ഉൾമു​റി​ക​ളിൽ കയറി, വാതിൽ അടയ്‌ക്കുക. ക്രോധം കടന്നു​പോ​കു​ന്ന​തു​വരെ അൽപ്പ​നേ​ര​ത്തേക്ക്‌ ഒളിച്ചി​രി​ക്കുക!” (യശ. 26:20) ആജ്ഞാസ്വ​ര​ത്തിൽ നൽകിയ ഒരു കല്‌പ​ന​യാ​യി​രു​ന്നു അത്‌. ആ വാക്യ​ത്തി​ലെ ക്രിയാ​പ​ദങ്ങൾ ശ്രദ്ധി​ച്ചോ? ‘ചെല്ലുക,’ ‘കയറുക,’ “അടയ്‌ക്കുക,” “ഒളിച്ചി​രി​ക്കുക.” ഈ വാക്കു​കൾക്കു ചെവി കൊടുത്ത ജൂതന്മാർ വീട്ടി​നു​ള്ളിൽത്തന്നെ ഇരു​ന്നേനേ. അങ്ങനെ ചെയ്‌താൽ അവർക്കു തെരു​വു​ക​ളി​ലൂ​ടെ കീഴട​ക്കി​മു​ന്നേ​റുന്ന സൈനി​ക​രു​ടെ കണ്ണിൽപ്പെ​ടാ​തെ രക്ഷപ്പെ​ടാ​മാ​യി​രു​ന്നു. അതെ, അവരുടെ ജീവൻ രക്ഷപ്പെ​ടു​മോ ഇല്ലയോ എന്നത്‌ യഹോ​വ​യു​ടെ നിർദേ​ശ​ങ്ങ​ളോ​ടുള്ള അവരുടെ അനുസ​ര​ണത്തെ ആശ്രയി​ച്ചി​രു​ന്നു. b

20 നമുക്ക്‌ എന്തു പാഠമാ​ണു പഠിക്കാ​നു​ള്ളത്‌? ആ പുരാ​ത​ന​കാല ദൈവ​സേ​വ​ക​രു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, നമ്മൾ വരാനി​രി​ക്കുന്ന സംഭവ​ങ്ങളെ അതിജീ​വി​ക്കു​മോ ഇല്ലയോ എന്നത്‌ യഹോ​വ​യു​ടെ നിർദേ​ശ​ങ്ങ​ളോ​ടുള്ള നമ്മുടെ അനുസ​ര​ണത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നു. (യശ. 30:21) സഭാ​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ​യാണ്‌ അത്തരം നിർദേ​ശങ്ങൾ നമുക്കു കിട്ടു​ന്നത്‌. അതു​കൊണ്ട്‌ നമുക്കു ലഭിക്കുന്ന മാർഗ​നിർദേ​ശങ്ങൾ ഹൃദയ​പൂർവം അനുസ​രി​ക്കുന്ന രീതി നമ്മൾ ഇപ്പോൾത്തന്നെ വളർത്തി​യെ​ടു​ക്കണം. (1 യോഹ. 5:3) ഇന്നു നമ്മൾ അതു ചെയ്യു​ന്നെ​ങ്കിൽ ഭാവി​യി​ലും മനസ്സോ​ടെ അനുസ​രി​ക്കാൻ നമുക്ക്‌ എളുപ്പ​മാ​യി​രി​ക്കും. എങ്കിൽ നമ്മുടെ പിതാ​വായ യഹോ​വ​യു​ടെ​യും രാജാ​വായ യേശു​വി​ന്റെ​യും സംരക്ഷണം നമുക്കു​ണ്ടാ​യി​രി​ക്കും. (സെഫ. 2:3) ആ ദിവ്യ​സം​ര​ക്ഷ​ണ​മു​ണ്ടെ​ങ്കിൽ ദൈവ​രാ​ജ്യം അതിന്റെ ശത്രു​ക്ക​ളെ​യെ​ല്ലാം ഉന്മൂലനം ചെയ്യു​ന്നതു നമ്മൾ സ്വന്തക​ണ്ണാ​ലെ കാണും. എത്ര അവിസ്‌മ​ര​ണീ​യ​മായ ഒരു അനുഭ​വ​മാ​യി​രി​ക്കും അത്‌!

a “ബാബി​ലോൺ എന്ന മഹതി”യുടെ നാശം കുറി​ക്കു​ന്നതു പ്രധാ​ന​മാ​യും വ്യാജ​മ​ത​സം​ഘ​ട​ന​ക​ളു​ടെ നാശ​ത്തെ​യാണ്‌ അല്ലാതെ മതഭക്ത​രായ എല്ലാ ആളുക​ളു​ടെ​യും ഒരു കൂട്ട​ക്കൊ​ല​യെയല്ല എന്നു ന്യായ​മാ​യും നിഗമനം ചെയ്യാ​നാ​കും. അതു​കൊ​ണ്ടു​തന്നെ “ബാബി​ലോൺ എന്ന മഹതി”യുടെ മുൻ അനുയാ​യി​ക​ളിൽ മിക്കവ​രും ആ നാശത്തെ അതിജീ​വി​ക്കും. സെഖര്യ 13:4-6 സൂചി​പ്പി​ക്കു​ന്ന​പ്ര​കാ​രം, സാധ്യ​ത​യ​നു​സ​രിച്ച്‌ പുറ​മേ​യെ​ങ്കി​ലും അവർ തുടർന്ന്‌ മതത്തിൽനിന്ന്‌ അകലം പാലി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യും.