വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 22

ദൈവ​രാ​ജ്യം ഭൂമി​യിൽ ദൈവ​ത്തി​ന്റെ ഇഷ്ടം നടപ്പാ​ക്കു​ന്നു

ദൈവ​രാ​ജ്യം ഭൂമി​യിൽ ദൈവ​ത്തി​ന്റെ ഇഷ്ടം നടപ്പാ​ക്കു​ന്നു

മുഖ്യവിഷയം

ദൈവരാജ്യം മനുഷ്യ​രെ​ക്കു​റി​ച്ചും ഭൂമി​യെ​ക്കു​റി​ച്ചും ഉള്ള ദൈവ​ത്തി​ന്റെ എല്ലാ വാഗ്‌ദാ​ന​ങ്ങ​ളും നിറ​വേ​റ്റു​ന്നു

1, 2. (എ) പറുദീസ ഒരു യാഥാർഥ്യ​മാ​യി കാണാൻ ചില​പ്പോ​ഴൊ​ക്കെ നമുക്കു ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ദൈവത്തിന്റെ വാഗ്‌ദാനങ്ങളിലുള്ള വിശ്വാ​സം ബലപ്പെ​ടു​ത്താൻ നമ്മളെ എന്തു സഹായി​ക്കും?

 വിശ്വ​സ്‌ത​നായ ആ സഹോ​ദരൻ അന്നും യോഗ​ത്തിന്‌ എത്തി. ഒരു പകലിന്റെ അധ്വാ​ന​ഭാ​രം മുഴുവൻ പേറി ക്ഷീണി​ത​നാ​യാ​ണു വന്നിരി​ക്കു​ന്നത്‌. കർക്കശ​ക്കാ​ര​നായ തൊഴി​ലു​ട​മ​യു​ടെ പെരു​മാ​റ്റ​വും കുടും​ബം പോറ്റു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ചിന്താ​ഭാ​ര​വും ഭാര്യ​യു​ടെ അസുഖ​ത്തെ​ക്കു​റി​ച്ചുള്ള ആകുല​ത​യും അദ്ദേഹത്തെ വല്ലാതെ അലട്ടു​ന്നുണ്ട്‌. അപ്പോ​ഴാ​ണു പ്രാരം​ഭ​ഗീ​ത​ത്തി​ന്റെ സംഗീതം തുടങ്ങി​യത്‌. അദ്ദേഹം ആശ്വാ​സ​ത്തോ​ടെ ഒരു നെടു​വീർപ്പി​ട്ടു. സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ​കൂ​ടെ രാജ്യ​ഹാ​ളിൽ ഇരിക്കു​ന്ന​തി​ന്റെ സന്തോഷം ഒന്നു വേറെ​തന്നെ! പറുദീ​സ​യി​ലെ ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള പാട്ടാണ്‌. അതിന്റെ ഈരടി​കൾ അദ്ദേഹ​ത്തെ​യും പറുദീ​സ​യി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു. അവിടെ ആയിരി​ക്കു​ന്ന​താ​യി അദ്ദേഹം ഭാവന​യിൽ കാണുന്നു. ഇത്‌ അദ്ദേഹ​ത്തിന്‌ വളരെ ഇഷ്ടപ്പെട്ട പാട്ടാണ്‌. കുടും​ബ​ത്തോ​ടൊ​പ്പം അതു പാടി​യ​പ്പോൾ അസ്വസ്ഥ​മായ തന്റെ ഹൃദയ​ത്തിൽ പ്രതീ​ക്ഷ​യു​ടെ തിരി​നാ​ളം തെളി​യു​ന്നത്‌ അദ്ദേഹ​ത്തിന്‌ അനുഭ​വ​പ്പെ​ടു​ന്നു.

2 നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും അങ്ങനെ തോന്നി​യി​ട്ടു​ണ്ടോ? സംശയ​മില്ല, നമ്മളിൽ മിക്കവർക്കും തോന്നി​യി​ട്ടു​ണ്ടാ​കും. എന്നാൽ ഈ പഴയ വ്യവസ്ഥി​തി​യി​ലെ ജീവിതം, വരാൻപോ​കുന്ന പറുദീ​സയെ ഒരു യാഥാർഥ്യ​മാ​യി കാണു​ന്നതു പ്രയാ​സ​മാ​ക്കി​യേ​ക്കാം. കാരണം, “ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ” ആണ്‌ ഇത്‌. (2 തിമൊ. 3:1) നമ്മൾ ജീവി​ക്കുന്ന ഈ ലോക​മോ? അതിനെ പറുദീ​സ​യോ​ടു താരത​മ്യ​പ്പെ​ടു​ത്താ​നേ പറ്റില്ല. അങ്ങനെ​യെ​ങ്കിൽ പ്രത്യാ​ശി​ക്കുന്ന കാര്യങ്ങൾ യാഥാർഥ്യ​മാ​കു​മെന്ന ബോധ്യ​മു​ണ്ടാ​യി​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? ഉടൻതന്നെ മനുഷ്യ​കു​ടും​ബത്തെ മുഴുവൻ ദൈവ​രാ​ജ്യം ഭരിച്ചു​തു​ട​ങ്ങു​മെന്നു നമുക്ക്‌ എങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാം? യഹോ​വ​യിൽനി​ന്നുള്ള ചില പ്രവച​നങ്ങൾ നമുക്ക്‌ ഇപ്പോൾ പരി​ശോ​ധി​ക്കാം. ആദ്യം, പുരാ​ത​ന​കാ​ലത്ത്‌ ദൈവ​ജ​ന​ത്തി​ന്റെ കൺമു​ന്നിൽ അവ നിറ​വേ​റി​യത്‌ എങ്ങനെ​യെന്നു നമ്മൾ കാണും. തുടർന്ന്‌ അവയും സമാന​മായ മറ്റു ചില പ്രവച​ന​ങ്ങ​ളും ആവേശ​ക​ര​മായ രീതി​യിൽ ഇന്നു നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു നമ്മൾ മനസ്സി​ലാ​ക്കും. അതു തീർച്ച​യാ​യും നമ്മുടെ വിശ്വാ​സം ബലപ്പെ​ടു​ത്തും. ഏറ്റവും ഒടുവിൽ ആ പ്രവച​നങ്ങൾ ഭാവി​യിൽ എങ്ങനെ നിറ​വേ​റു​മെ​ന്നും നമ്മൾ പഠിക്കു​ന്ന​താ​യി​രി​ക്കും.

പുരാ​ത​ന​കാ​ലത്ത്‌ യഹോവ തന്റെ വാഗ്‌ദാ​നങ്ങൾ പാലി​ച്ചത്‌ എങ്ങനെ?

3. ബാബി​ലോ​ണിൽ പ്രവാ​സി​ക​ളാ​യി കഴിഞ്ഞി​രുന്ന ജൂതന്മാ​രെ ആശ്വസി​പ്പിച്ച വാഗ്‌ദാ​നം എന്തായി​രു​ന്നു?

3 ബി. സി. ആറാം നൂറ്റാ​ണ്ടിൽ ബാബി​ലോ​ണിൽ പ്രവാ​സി​ക​ളാ​യി കഴിഞ്ഞി​രുന്ന ജൂതന്മാ​രു​ടെ ജീവിതം എങ്ങനെ​യാ​യി​രു​ന്നെന്ന്‌ ഓർത്തു​നോ​ക്കൂ. പലരും പ്രവാ​സി​ക​ളാ​യാ​ണു വളർന്നു​വ​ന്നത്‌. പലരു​ടെ​യും മാതാ​പി​താ​ക്ക​ളും അങ്ങനെ​യാ​യി​രു​ന്നു. ബുദ്ധി​മു​ട്ടു​കൾ നിറഞ്ഞ ഒരു ജീവിതം. യഹോ​വ​യി​ലുള്ള അവരുടെ വിശ്വാ​സ​ത്തി​ന്റെ പേരിൽ ബാബി​ലോൺകാർ അവരെ കളിയാ​ക്കു​ക​യും ചെയ്‌തി​രു​ന്നു. (സങ്കീ. 137:1-3) എന്നാൽ അവർക്കു ജ്വലി​ക്കുന്ന ഒരു പ്രത്യാ​ശ​യു​ണ്ടാ​യി​രു​ന്നു. തന്റെ ജനത്തെ അവരുടെ മാതൃ​ദേ​ശ​ത്തേക്കു തിരി​ച്ചു​കൊ​ണ്ടു​വ​രു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു. വിശ്വ​സ്‌ത​രായ ജൂതന്മാർ പതിറ്റാ​ണ്ടു​ക​ളോ​ളം ആ പ്രത്യാശ കെടാതെ കാത്തു. ആ ദേശത്തെ ജീവി​ത​സാ​ഹ​ച​ര്യ​ങ്ങൾ മികച്ച​താ​യി​രി​ക്കു​മെന്ന്‌ യഹോവ അവരോ​ടു പറഞ്ഞി​രു​ന്നു. ആളുകൾ മടങ്ങി​വ​ന്നു​ക​ഴി​യു​മ്പോൾ യഹൂദാ​ദേശം ഏദെൻതോ​ട്ടം പോ​ലെ​യാ​കു​മെ​ന്നു​പോ​ലും യഹോവ പറഞ്ഞു. അതെ, മനോ​ഹ​ര​മാ​യൊ​രു പറുദീസ! (യശയ്യ 51:3 വായി​ക്കുക.) അത്തരം വാഗ്‌ദാ​നങ്ങൾ ദൈവ​ജ​ന​ത്തി​നു ധൈര്യ​മേ​കാൻ ഉദ്ദേശി​ച്ചു​ള്ള​വ​യാ​യി​രു​ന്നു എന്നതിനു സംശയ​മില്ല. അവരുടെ ഹൃദയ​ങ്ങ​ളിൽ ഉയർന്നു​വ​ന്നേ​ക്കാ​വുന്ന ഏതൊരു സംശയ​ത്തെ​യും അവ ദൂരീ​ക​രി​ക്കു​മാ​യി​രു​ന്നു. അത്‌ എങ്ങനെ? അതു മനസ്സി​ലാ​ക്കാൻ നമുക്കു ചില പ്രവച​നങ്ങൾ അടുത്ത്‌ പരി​ശോ​ധി​ക്കാം.

4. ജൂതന്മാർക്കു മാതൃ​ദേ​ശത്ത്‌ ലഭിക്കാ​നി​രുന്ന സുരക്ഷ​യെ​ക്കു​റിച്ച്‌ യഹോവ എന്ത്‌ ഉറപ്പാണു കൊടു​ത്തത്‌?

4 സുരക്ഷി​ത​ത്വം. പ്രവാ​സി​ക​ളാ​യി കഴിഞ്ഞി​രുന്ന അവർ തിരി​ച്ചു​ചെ​ല്ലാൻപോ​കു​ന്നത്‌ ഒരു പറുദീ​സ​യി​ലേ​ക്കൊ​ന്നു​മാ​യി​രു​ന്നില്ല. 70 വർഷമാ​യി ആൾപ്പാർപ്പി​ല്ലാ​തെ കിടക്കുന്ന ഒരു സ്ഥലമാ​യി​രു​ന്നു അത്‌. അവരിൽ മിക്കവ​രും ഒരിക്കൽപ്പോ​ലും കണ്ടിട്ടി​ല്ലാത്ത ഒരു വിദൂ​ര​ദേശം. അന്നൊക്കെ ബൈബിൾനാ​ടു​ക​ളിൽ സിംഹങ്ങൾ ധാരാ​ള​മാ​യു​ണ്ടാ​യി​രു​ന്നു. ചെന്നാ​യും പുള്ളി​പ്പു​ലി​യും മറ്റു ക്രൂര​മൃ​ഗ​ങ്ങ​ളും ഉള്ള ഒരു സ്ഥലം. ഏതൊരു കുടും​ബ​നാ​ഥ​നും ഇങ്ങനെ ചിന്തി​ക്കാൻ സാധ്യ​ത​യുണ്ട്‌: ‘എന്റെ ഭാര്യ​യ്‌ക്കും കുട്ടി​കൾക്കും എന്തെങ്കി​ലും അപകടം സംഭവി​ച്ചാ​ലോ? എന്റെ ആടുമാ​ടു​കളെ ഞാൻ എങ്ങനെ സംരക്ഷി​ക്കും?’ അങ്ങനെ ചിന്തി​ച്ചു​പോ​കു​ന്നതു തികച്ചും സ്വാഭാ​വി​ക​മാണ്‌. എന്നാൽ യശയ്യ 11: 6-9-ലെ (വായി​ക്കുക.) ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം ഒന്ന്‌ ഓർത്തു​നോ​ക്കൂ. അത്‌ ആ പ്രവാ​സി​കളെ എത്രമാ​ത്രം ആശ്വസി​പ്പി​ച്ചു​കാ​ണും! കാവ്യ​ഭാ​ഷ​യി​ലുള്ള മനോഹരമായ വാക്കുകൾ. അവരും അവരുടെ കന്നുകാ​ലി​ക​ളും സുരക്ഷി​ത​രാ​യി​രി​ക്കു​മെന്ന്‌ യഹോവ ഉറപ്പു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സിംഹം വയ്‌ക്കോൽ തിന്നും എന്നു പറഞ്ഞതി​ന്റെ അർഥം അവ ജൂതന്മാ​രു​ടെ കന്നുകാ​ലി​കളെ കൊന്നു​തി​ന്നു​ക​യില്ല എന്നായി​രു​ന്നു. വിശ്വ​സ്‌തർക്ക്‌ അത്തരം ക്രൂര​മൃ​ഗങ്ങൾ ഒരു ഭീഷണി​യാ​കി​ല്ലാ​യി​രു​ന്നു. യഹൂദ​യി​ലേക്കു തന്റെ ജനം മടങ്ങി​യെ​ത്തി​ക്ക​ഴി​യു​മ്പോൾ വിജന​ഭൂ​മി​യി​ലും വനാന്ത​ര​ങ്ങ​ളി​ലും പോലും അവർ സുരക്ഷി​ത​രാ​യി​രി​ക്കും എന്നും യഹോവ വാക്കു​കൊ​ടു​ത്തു.—യഹ. 34:25.

5. യഹോവ തങ്ങളുടെ ആവശ്യ​ങ്ങൾക്കു​വേണ്ടി സമൃദ്ധ​മാ​യി കരുതു​മെന്നു മാതൃ​ദേ​ശ​ത്തേക്കു മടങ്ങുന്ന പ്രവാ​സി​കൾക്ക്‌ ഉറപ്പു​കൊ​ടുത്ത പ്രവച​നങ്ങൾ ഏതെല്ലാ​മാ​യി​രു​ന്നു?

5 സമൃദ്ധി. മറ്റ്‌ ഉത്‌ക​ണ്‌ഠ​ക​ളും അവർക്കു തോന്നി​യി​രി​ക്കാം. ‘അവിടെ ചെന്നു​ക​ഴി​യു​മ്പോൾ എന്റെ കുടും​ബത്തെ പോറ്റാൻ ഞാൻ എന്തു ചെയ്യും? ഞങ്ങൾ എവിടെ താമസി​ക്കും? എനിക്ക്‌ എന്തെങ്കി​ലും ജോലി കിട്ടു​മോ? ജോലി കിട്ടി​യാൽത്തന്നെ മറുനാ​ട്ടിൽ വിദേ​ശി​ക​ളു​ടെ കീഴിൽ ചെയ്‌തു​പോന്ന അടിമ​പ്പ​ണി​യെ​ക്കാൾ മെച്ചമാ​യി​രി​ക്കു​മോ?’ വളരെ പരിഗ​ണ​ന​യോ​ടെ യഹോവ ആ ചോദ്യ​ങ്ങൾക്കും ചില പ്രവച​ന​ങ്ങ​ളി​ലൂ​ടെ ഉത്തരം കൊടു​ത്തു. അനുസ​ര​ണ​മുള്ള തന്റെ ജനത്തിനു കാലാ​കാ​ല​ങ്ങ​ളിൽ മഴ കിട്ടു​മെ​ന്നും നിലം ‘സമൃദ്ധ​മാ​യി’ “പോഷ​ക​സ​മ്പു​ഷ്ട​മായ അപ്പം” തരു​മെ​ന്നും യഹോവ വാഗ്‌ദാ​നം ചെയ്‌തു. (യശ. 30:23) ഇനി, താമസ​സ്ഥ​ല​ത്തി​ന്റെ​യും ജോലി​യു​ടെ​യും കാര്യ​മോ? തന്റെ ജനത്തെ​ക്കു​റിച്ച്‌ യഹോവ ഇങ്ങനെ വാഗ്‌ദാ​നം ചെയ്‌തു: “അവർ വീടുകൾ പണിത്‌ താമസി​ക്കും, മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കി അവയുടെ ഫലം അനുഭ​വി​ക്കും. മറ്റുള്ള​വർക്കു താമസി​ക്കാ​നാ​യി​രി​ക്കില്ല അവർ വീടു പണിയു​ന്നത്‌; മറ്റുള്ള​വർക്കു ഭക്ഷിക്കാ​നാ​യി​രി​ക്കില്ല അവർ കൃഷി ചെയ്യു​ന്നത്‌.” (യശ. 65:21, 22) അതെ, വ്യാജാ​രാ​ധന നിലനി​ന്നി​രുന്ന ബാബി​ലോ​ണി​ലെ പ്രവാ​സ​ജീ​വി​ത​ത്തോ​ടു താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ അവരുടെ ജീവിതം പല കാര്യ​ങ്ങ​ളി​ലും എന്തു​കൊ​ണ്ടും മെച്ചമാ​യി​രു​ന്നേനേ. പക്ഷേ അവരുടെ ഏറ്റവും പ്രധാ​ന​പ്പെട്ട പ്രശ്‌ന​ങ്ങ​ളു​ടെ കാര്യ​മോ? അവർ പ്രവാ​സി​ക​ളാ​യി പോ​കേ​ണ്ടി​വ​ന്ന​തി​ന്റെ പ്രമു​ഖ​കാ​ര​ണം​തന്നെ അതായി​രു​ന്നു. അതി​നെ​ക്കു​റി​ച്ചാ​ണു നമ്മൾ അടുത്ത​താ​യി കാണാൻപോ​കു​ന്നത്‌.

6. ദൈവ​ജ​ന​ത്തിന്‌ ഏറെ നാളു​ക​ളാ​യി ഏതെല്ലാം ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു, പ്രവാ​സ​ത്തിൽനിന്ന്‌ മടങ്ങി​വ​രു​ന്ന​വർക്ക്‌ യഹോവ എന്ത്‌ ഉറപ്പാണു കൊടു​ത്തത്‌?

6 ആത്മീയാ​രോ​ഗ്യം. ദൈവ​ജ​നത്തെ ബന്ദിക​ളാ​യി പ്രവാ​സ​ത്തി​ലേക്കു കൊണ്ടു​പോ​കു​ന്ന​തിന്‌ ഏറെ നാളു​കൾക്കു മുമ്പേ അവർ ആത്മീയ​മാ​യി രോഗി​ക​ളാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. യശയ്യ പ്രവാ​ച​ക​നി​ലൂ​ടെ യഹോവ തന്റെ ജനത്തെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളു​ടെ തല മുഴുവൻ രോഗം ബാധി​ച്ചി​രി​ക്കു​ന്നു, നിങ്ങളു​ടെ ഹൃദയം മുഴുവൻ ദീനം പിടി​ച്ചി​രി​ക്കു​ന്നു.” (യശ. 1:5) അവർ വീണ്ടും​വീ​ണ്ടും യഹോ​വ​യു​ടെ ഉപദേ​ശ​ത്തി​നു നേരെ ചെവി​യ​ട​ച്ചു​ക​ളഞ്ഞു. യഹോ​വ​യിൽനി​ന്നുള്ള ആത്മീയ​പ്ര​കാ​ശ​ത്തി​നു നേരെ അവർ പലയാ​വർത്തി കണ്ണടച്ചു. അതു​കൊണ്ട്‌ ആത്മീയാർഥ​ത്തിൽ അവർ അന്ധരും ബധിര​രും ആയിരു​ന്നു. (യശ. 6:10; യിരെ. 5:21; യഹ. 12:2) പ്രവാ​സ​ത്തിൽനിന്ന്‌ മടങ്ങി​വ​രു​ന്ന​വർക്കും ഇതേ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കിൽ അവർക്കു സുരക്ഷി​ത​ത്വം കിട്ടു​മെന്നു പ്രതീ​ക്ഷി​ക്കാ​നാ​കു​മാ​യി​രു​ന്നോ? അവർക്കു വീണ്ടും യഹോ​വ​യു​ടെ പ്രീതി നഷ്ടമാ​കു​മാ​യി​രു​ന്നി​ല്ലേ? എന്നാൽ യഹോ​വ​യു​ടെ ഈ വാഗ്‌ദാ​നം അവരെ എത്രമാ​ത്രം ബലപ്പെ​ടു​ത്തി​ക്കാ​ണും: “അന്നു ബധിരൻ ആ പുസ്‌ത​ക​ത്തി​ലെ വാക്കുകൾ കേൾക്കും, ഇരുളും മൂടലും നീങ്ങി അന്ധന്റെ കണ്ണുകൾക്കു കാഴ്‌ച ലഭിക്കും.” (യശ. 29:18) അതെ, തിരുത്തൽ ലഭിച്ച്‌ പശ്ചാത്താ​പ​മു​ള്ള​വ​രാ​യി​ത്തീർന്ന തന്റെ ജനത്തിന്റെ ആത്മീയ​രോ​ഗാ​വസ്ഥ യഹോവ സുഖ​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. പ്രതി​ക​ര​ണ​ശേ​ഷി​യു​ള്ള​വ​രും അനുസ​ര​ണ​മു​ള്ള​വ​രും ആയി തുടരു​ന്നി​ട​ത്തോ​ളം കാലം അവർക്ക്‌ യഹോ​വ​യിൽനിന്ന്‌ മാർഗ​നിർദേ​ശ​വും ആത്മീയ​വെ​ളി​ച്ച​വും ലഭിക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. അത്‌ അവരെ ജീവന്റെ പാതയിൽ നയി​ച്ചേനേ.

7. പ്രവാ​സി​ക​ളാ​യി കഴിഞ്ഞി​രുന്ന തന്റെ ജനത്തോ​ടുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റി​യത്‌ എങ്ങനെ, അതു നമ്മുടെ വിശ്വാ​സത്തെ ശക്തി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ​യാണ്‌?

7 യഹോവ വാക്കു പാലി​ച്ചോ? ചരി​ത്ര​ത്താ​ളു​ക​ളിൽ അതിനുള്ള ഉത്തരമുണ്ട്‌. മാതൃ​ദേ​ശ​ത്തേക്കു മടങ്ങിവന്ന ജൂതന്മാർക്കു സുരക്ഷി​ത​ത്വ​വും സമൃദ്ധി​യും ആത്മീയാ​രോ​ഗ്യ​വും നൽകി യഹോവ അനു​ഗ്ര​ഹി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ശക്തിയി​ലും സംഖ്യാ​ബ​ല​ത്തി​ലും ഏറെ മുന്നി​ലാ​യി​രുന്ന അയൽജ​ന​ത​ക​ളിൽനിന്ന്‌ യഹോവ അവരെ സംരക്ഷി​ച്ചു. ഇരപി​ടി​യ​ന്മാർ ജൂതന്മാ​രു​ടെ വളർത്തു​മൃ​ഗ​ങ്ങളെ കൊ​ന്നൊ​ടു​ക്കി​യില്ല. യശയ്യ, യിരെമ്യ, യഹസ്‌കേൽ എന്നിവർ എഴുതിയ പറുദീ​സാ​പ്ര​വ​ച​ന​ങ്ങ​ളു​ടെ ചെറി​യൊ​രു നിവൃത്തി മാത്രമേ ആ ജൂതന്മാർ കണ്ടുള്ളൂ. എങ്കിലും അതു​പോ​ലും അവരെ ആവേശ​ഭ​രി​ത​രാ​ക്കാൻപോ​ന്ന​താ​യി​രു​ന്നു. അന്നത്തെ കാലത്ത്‌ അവർക്ക്‌ എന്താണോ ആവശ്യ​മാ​യി​രു​ന്നത്‌, കൃത്യ​മാ​യി അതാണ്‌ അവർക്ക്‌ ലഭിച്ച​തെന്നു പറയാം. തന്റെ ജനത്തി​നു​വേണ്ടി യഹോവ അക്കാലത്ത്‌ ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർക്കു​ന്നതു നമ്മുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തും. ആ പ്രവച​ന​ങ്ങ​ളു​ടെ ചെറി​യൊ​രു അളവി​ലുള്ള ആദ്യനി​വൃ​ത്തി​തന്നെ ഇത്ര ആവേശ​ക​ര​മാ​യി​രു​ന്നെ​ങ്കിൽ അതിന്റെ വലിയ നിവൃത്തി എങ്ങനെ​യു​ള്ള​താ​യി​രി​ക്കു​മെന്ന്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. ശരി, ഇന്നു നമുക്കു​വേണ്ടി യഹോവ എന്തെല്ലാം ചെയ്‌തി​രി​ക്കു​ന്നെന്ന്‌ ഇപ്പോൾ നോക്കാം.

നമ്മുടെ കാലത്ത്‌ യഹോവ തന്റെ വാഗ്‌ദാ​നങ്ങൾ പാലി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

8. ദൈവ​ജനം ഇന്ന്‌ ഏതു ‘ദേശത്താ​ണു’ കഴിയു​ന്നത്‌?

8 ഇന്ന്‌ യഹോ​വ​യു​ടെ ജനം ഭൂമി​യി​ലെ ഒരു പ്രത്യേ​ക​ജ​ന​ത​യിൽനിന്ന്‌ മാത്ര​മു​ള്ള​വരല്ല, ഭൂമി​യി​ലെ ഒരു പ്രത്യേ​ക​രാ​ജ്യ​ത്തു​നി​ന്നു​ള്ള​വ​രു​മല്ല. പകരം അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ, ‘ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ’ എന്ന ആത്മീയ​ജ​ന​ത​യു​ടെ ഭാഗമാണ്‌. (ഗലാ. 6:16) ‘വേറെ ആടുക​ളിൽപ്പെട്ട’ അവരുടെ സഹകാ​രി​കൾ അവരോ​ടൊ​പ്പം ഒരു ആത്മീയ‘ദേശത്താ​ണു’ കഴിയു​ന്നത്‌. ഏതാണ്‌ ആ “ദേശം?” അവർ ഐക്യ​ത്തോ​ടെ ദൈവ​മായ യഹോ​വയെ ആരാധി​ക്കുന്ന ഒരു പ്രവർത്ത​ന​മ​ണ്ഡ​ല​മാണ്‌ അത്‌. അവരുടെ ജീവി​ത​രീ​തി​ത​ന്നെ​യാണ്‌ ആ ആരാധന. (യോഹ. 10:16; യശ. 66:8) യഹോവ നമുക്കു തന്നിരി​ക്കുന്ന ആ “ദേശം” എങ്ങനെ​യു​ള്ള​താണ്‌? അതൊരു ആത്മീയ​പ​റു​ദീ​സ​യാണ്‌. ഏദെനി​ലേ​തു​പോ​ലുള്ള അവസ്ഥകൾ വരുമെന്ന യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങൾക്ക്‌ അവിടെ വിസ്‌മ​യ​ക​ര​മാ​യൊ​രു ആത്മീയ​നി​വൃ​ത്തി​യു​ണ്ടാ​യി​രി​ക്കു​ന്നു. അതിനു ചില ഉദാഹ​ര​ണങ്ങൾ നമുക്കു നോക്കാം.

9, 10. (എ) യശയ്യ 11: 6-9 വരെയുള്ള പ്രവചനം ഇന്നു നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? (ബി) ദൈവ​ജ​ന​ത്തിന്‌ ഇടയിൽ സമാധാ​ന​മു​ണ്ടെന്ന്‌ എങ്ങനെ പറയാൻ കഴിയും?

9 സുരക്ഷി​ത​ത്വം. യശയ്യ 11: 6-9 വരെയുള്ള ഭാഗത്തെ പ്രവചനം, ഒരുമ​യു​ടെ​യും സമാധാ​ന​ത്തി​ന്റെ​യും ഒരു മനോ​ഹ​ര​ചി​ത്രം രചിക്കു​ന്നു. അവിടെ മനുഷ്യർക്കും അവരുടെ വളർത്തു​മൃ​ഗ​ങ്ങൾക്കും വന്യമൃ​ഗ​ങ്ങളെ പേടി​യില്ല. വന്യമൃ​ഗ​ങ്ങൾക്കു തിരി​ച്ചും അങ്ങനെ​തന്നെ. ആ അവസ്ഥയ്‌ക്ക്‌ ഇന്ന്‌ ഒരു ആത്മീയ​നി​വൃ​ത്തി​യു​ണ്ടോ? ഉണ്ട്‌! അത്തരം മൃഗങ്ങൾ ആർക്കും ദ്രോ​ഹ​മോ നാശമോ വരുത്താ​ത്ത​തി​ന്റെ കാരണം ഒൻപതാം വാക്യ​ത്തിൽ വിശദീ​ക​രി​ച്ചി​രി​ക്കു​ന്നതു ശ്രദ്ധി​ക്കുക: “കാരണം, സമു​ദ്ര​ത്തിൽ വെള്ളം നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഭൂമി മുഴുവൻ യഹോ​വ​യു​ടെ പരിജ്ഞാ​നം നിറഞ്ഞി​രി​ക്കും.” ഇതിന്റെ അർഥം “യഹോ​വ​യു​ടെ പരിജ്ഞാ​നം” മൃഗങ്ങ​ളു​ടെ സ്വഭാവം മാറ്റു​മെ​ന്നാ​ണോ? അല്ല. അത്യു​ന്ന​ത​നായ ദൈവത്തെ അറിയു​ന്ന​തും ദൈവ​ത്തി​ന്റെ സമാധാ​ന​പൂർണ​മായ വഴികൾ അനുക​രി​ക്കാൻ പഠിക്കു​ന്ന​തും ഒക്കെ മാറ്റങ്ങൾ വരുത്തു​ന്നതു മനുഷ്യ​രി​ലാണ്‌. അതു​കൊ​ണ്ടാണ്‌ ഇന്നത്തെ നമ്മുടെ ആത്മീയ​പ​റു​ദീ​സ​യിൽ അതിന്റെ മനംകു​ളിർപ്പി​ക്കുന്ന ഒരു നിവൃത്തി നമുക്കു കാണാൻ കഴിയു​ന്നത്‌. പേടി​പ്പെ​ടു​ത്തുന്ന, മൃഗതു​ല്യ​മായ സ്വഭാ​വ​സ​വി​ശേ​ഷ​തകൾ ഉപേക്ഷിച്ച്‌ തങ്ങളുടെ ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം ഒരുമ​യി​ലും സമാധാ​ന​ത്തി​ലും കഴിയാൻ ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

10 ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ ഈ പുസ്‌ത​ക​ത്തിൽ ക്രിസ്‌തീ​യ​നി​ഷ്‌പ​ക്ഷ​ത​യെ​ക്കു​റിച്ച്‌ പഠിച്ചത്‌ ഓർക്കു​ന്നു​ണ്ടോ? നമ്മൾ അങ്ങനെ​യൊ​രു നിലപാ​ടെ​ടു​ക്കു​ന്ന​തി​ന്റെ തിരു​വെ​ഴു​ത്ത​ടി​സ്ഥാ​ന​വും നിഷ്‌പ​ക്ഷ​രാ​യി നിന്നതി​ന്റെ പേരിൽ ദൈവ​ജ​ന​ത്തി​നു നേരിട്ട ഉപദ്ര​വ​ങ്ങ​ളെ​ക്കു​റി​ച്ചും നമ്മൾ ചർച്ച ചെയ്‌തി​രു​ന്നു. അക്രമം നിറഞ്ഞ ഈ ലോക​ത്തിൽ, വധഭീ​ഷ​ണി​യു​ണ്ടാ​യാൽപ്പോ​ലും ഒരിക്ക​ലും അക്രമ​ത്തി​ന്റെ മാർഗം സ്വീക​രി​ക്കാത്ത വലി​യൊ​രു “ജനത”യുണ്ടെന്ന കാര്യം ഒരു അതിശയം തന്നെയല്ലേ? ഇന്നു മിശി​ഹൈ​ക​രാ​ജാ​വി​ന്റെ പ്രജകൾ യശയ്യ വർണി​ച്ച​തു​പോ​ലുള്ള സമാധാ​നം ആസ്വദി​ക്കു​ന്നുണ്ട്‌ എന്നതിന്റെ എത്ര ശക്തമായ തെളി​വാണ്‌ ഇത്‌! തന്റെ അനുഗാ​മി​കൾ അവർക്കി​ട​യി​ലുള്ള സ്‌നേ​ഹ​ത്തി​ന്റെ പേരിൽ അറിയ​പ്പെ​ടു​മെന്നു യേശു പറഞ്ഞെ​ന്നും ഓർക്കുക. (യോഹ. 13:34, 35) സമാധാ​ന​പ്രി​യ​രും സ്‌നേ​ഹ​മു​ള്ള​വ​രും ശാന്തരും ആയിരി​ക്കാൻ എല്ലാ സത്യ​ക്രി​സ്‌ത്യാ​നി​കൾക്കും യേശു ക്രിസ്‌തീ​യ​സ​ഭ​യിൽ ക്ഷമയോ​ടെ പരിശീ​ലനം നൽകി​പ്പോ​രു​ന്നു. അതിനാ​യി യേശു തന്റെ “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ”യെ ഉപയോ​ഗി​ക്കു​ന്നു.—മത്താ. 24:45-47.

11, 12. ഏതുതരം ക്ഷാമമാണ്‌ ഈ ലോകത്തെ പിടി​കൂ​ടി​യി​രി​ക്കു​ന്നത്‌, എങ്കിലും യഹോവ തന്റെ ജനത്തി​നു​വേണ്ടി സമൃദ്ധ​മാ​യി കരുതി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

11 സമൃദ്ധി. ഈ ലോകം ആത്മീയ​ക്ഷാ​മ​ത്തി​ന്റെ പിടി​യി​ലാണ്‌. ബൈബിൾ അതെക്കു​റിച്ച്‌ ഇങ്ങനെ​യൊ​രു മുന്നറി​യി​പ്പു തന്നിരു​ന്നു: “പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: ‘ഇതാ, ഞാൻ ദേശത്ത്‌ ക്ഷാമം അയയ്‌ക്കുന്ന നാളുകൾ വരുന്നു! ആഹാര​മി​ല്ലാ​ത്ത​തു​കൊ​ണ്ടുള്ള ക്ഷാമമല്ല, വെള്ളത്തി​നാ​യുള്ള ദാഹവു​മല്ല, പകരം യഹോ​വ​യു​ടെ വചനം കേൾക്കാ​നി​ല്ലാ​ത്ത​തു​കൊ​ണ്ടുള്ള ക്ഷാമം.’” (ആമോ. 8:11) ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജക​ളും ക്ഷാമം അനുഭ​വി​ക്കു​ന്നു​ണ്ടോ? തന്റെ ജനവും തന്റെ ശത്രു​ക്ക​ളും തമ്മിൽ ഒരു കാര്യ​ത്തിൽ വ്യത്യ​സ്‌ത​രാ​യി​രി​ക്കു​മെന്ന്‌ യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു: “എന്റെ ദാസന്മാർ ഭക്ഷിക്കും, നിങ്ങൾ വിശന്നി​രി​ക്കും, എന്റെ ദാസന്മാർ കുടി​ക്കും; നിങ്ങൾ ദാഹി​ച്ചി​രി​ക്കും, എന്റെ ദാസന്മാർ സന്തോ​ഷി​ക്കും, നിങ്ങൾ അപമാ​നി​ത​രാ​കും.” (യശ. 65:13) ആ വാക്കുകൾ നിറ​വേ​റു​ന്നതു നിങ്ങളു​ടെ ശ്രദ്ധയിൽപ്പെ​ട്ടി​ട്ടു​ണ്ടോ?

12 ആഴവും പരപ്പും കൂടി​ക്കൂ​ടി​വ​രുന്ന ഒരു നദി​പോ​ലെ ആത്മീയ​ഭ​ക്ഷണം നമ്മളി​ലേക്ക്‌ ഒഴുകി​യെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഈ ലോകം ആത്മീയ​മാ​യി പട്ടിണി​യി​ലാണ്‌. എങ്കിലും നമ്മുടെ ബൈബി​ള​ധി​ഷ്‌ഠി​ത​പ്ര​സി​ദ്ധീ​ക​ര​ണങ്ങൾ, റെക്കോർഡി​ങ്ങു​കൾ, വീഡി​യോ​കൾ, യോഗങ്ങൾ, കൺ​വെൻ​ഷ​നു​കൾ, നമ്മുടെ വെബ്‌​സൈ​റ്റിൽ പ്രസി​ദ്ധീ​ക​രി​ച്ചു​വ​രുന്ന വിവരങ്ങൾ എന്നിവ​യെ​ല്ലാം ചേർന്നുള്ള ആത്മീയ​ഭ​ക്ഷ​ണ​ത്തി​ന്റെ നിലയ്‌ക്കാത്ത ഒരു പ്രവാ​ഹ​ത്തി​നാ​ണു നമ്മൾ സാക്ഷ്യം വഹിച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌. (യഹ. 47:1-12; യോവേ. 3:18) സമൃദ്ധി​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ അനുദി​ന​ജീ​വി​ത​ത്തിൽ നിറ​വേ​റു​ന്ന​താ​യി കാണു​മ്പോൾ നിങ്ങൾക്ക്‌ ആവേശം തോന്നാ​റി​ല്ലേ? യഹോ​വ​യു​ടെ മേശയിൽനിന്ന്‌ പതിവാ​യി ഭക്ഷണം കഴിക്കു​ന്നു​ണ്ടെന്നു നിങ്ങൾ ഉറപ്പു​വ​രു​ത്തു​ന്നു​ണ്ടോ?

ആത്മീയപോഷണം തരുന്ന സഭകൾ ആത്മീയ​മായ സുരക്ഷി​ത​ത്വ​വും ആരോ​ഗ്യ​വും നൽകുന്നു

13. ആളുക​ളു​ടെ അന്ധത മാറു​മെ​ന്നും ബധിരത നീങ്ങു​മെ​ന്നും ഉള്ള യഹോ​വ​യു​ടെ വാഗ്‌ദാ​നം എങ്ങനെ​യാ​ണു നിറ​വേ​റി​യി​രി​ക്കു​ന്നത്‌?

13 ആത്മീയാ​രോ​ഗ്യം. ആത്മീയ​മായ അന്ധതയും ബധിര​ത​യും ഇന്ന്‌ ഒരു പകർച്ച​വ്യാ​ധി​പോ​ലെ വ്യാപി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (2 കൊരി. 4:4) എങ്കിലും ക്രിസ്‌തു ഇന്നു ലോക​മെ​ങ്ങും വൈക​ല്യ​ങ്ങ​ളും രോഗ​ങ്ങ​ളും സുഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ആളുക​ളു​ടെ അന്ധത മാറു​ന്ന​തും ബധിരത നീങ്ങു​ന്ന​തും നിങ്ങൾ നേരിട്ട്‌ കണ്ടിട്ടു​ണ്ടോ? ഒരിക്കൽ സത്യം മനസ്സി​ലാ​ക്കാൻ കഴിയാ​തെ അന്ധതയി​ലും ബധിര​ത​യി​ലും കഴിഞ്ഞ ആളുകൾ ദൈവ​വ​ച​ന​ത്തി​ന്റെ ശരിയായ അറിവ്‌ നേടി മതപര​മായ നുണകൾ ഉപേക്ഷി​ക്കു​ന്നതു കണ്ടിട്ടു​ണ്ടെ​ങ്കിൽ ഈ വാഗ്‌ദാ​നം നിറ​വേ​റു​ന്നതു നിങ്ങൾ കണ്ണാലെ കണ്ടിട്ടു​ണ്ടെന്നു പറയാം: “അന്നു ബധിരൻ ആ പുസ്‌ത​ക​ത്തി​ലെ വാക്കുകൾ കേൾക്കും, ഇരുളും മൂടലും നീങ്ങി അന്ധന്റെ കണ്ണുകൾക്കു കാഴ്‌ച ലഭിക്കും.” (യശ. 29:18) ലോക​മെ​ങ്ങും ആയിര​ക്ക​ണ​ക്കിന്‌ ആളുക​ളാണ്‌ ഓരോ വർഷവും അങ്ങനെ ആത്മീയ​സൗ​ഖ്യം നേടു​ന്നത്‌. ബാബി​ലോൺ എന്ന മഹതിയെ പിന്നിൽ ഉപേക്ഷിച്ച്‌ ഒരു ആത്മീയ​പ​റു​ദീ​സ​യിൽ നമ്മളോ​ടൊ​പ്പം ആരാധന നടത്തുന്ന ഓരോ വ്യക്തി​യും യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റി​യി​രി​ക്കു​ന്നു എന്നതി​നുള്ള ജീവി​ക്കുന്ന തെളി​വാണ്‌!

14. ഏതു തെളി​വു​കൾ ധ്യാനി​ക്കു​ന്നതു നമ്മുടെ വിശ്വാ​സം ശക്തമാ​ക്കും?

14 ഈ അവസാ​ന​കാ​ലത്ത്‌ ക്രിസ്‌തു തന്റെ അനുഗാ​മി​കളെ യഥാർഥ​മായ ഒരു ആത്മീയ​പ​റു​ദീ​സ​യി​ലേക്കു കൊണ്ടു​വ​ന്നി​രി​ക്കു​ക​യാണ്‌ എന്നതി​നുള്ള ശക്തമായ തെളി​വു​കൾ ഈ പുസ്‌ത​ക​ത്തി​ന്റെ ഓരോ അധ്യാ​യ​ത്തി​ലു​മുണ്ട്‌. ഇന്ന്‌ ആ പറുദീ​സ​യി​ലൂ​ടെ ലഭിക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്കു മുടങ്ങാ​തെ ധ്യാനി​ക്കാം. അങ്ങനെ ചെയ്‌താൽ ഭാവി​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളിൽ നമുക്കുള്ള വിശ്വാ​സം കൂടുതൽ ശക്തമാ​യി​ക്കൊ​ണ്ടി​രി​ക്കും.

“അങ്ങയുടെ രാജ്യം വരേണമേ”

15. ഭൂമി ഒരു പറുദീ​സ​യാ​കു​മെന്നു നമുക്ക്‌ എങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

15 ഭൂമി മുഴുവൻ ഒരു പറുദീ​സ​യാ​ക്കി​മാ​റ്റുക എന്നതു പണ്ടുമു​തലേ യഹോ​വ​യു​ടെ ഉദ്ദേശ്യ​മാണ്‌. ആദാമി​നെ​യും ഹവ്വയെ​യും മനോ​ഹ​ര​മായ ഒരു ഉദ്യാ​ന​ത്തി​ലാ​ക്കിയ യഹോവ അവരുടെ സന്താന​ങ്ങ​ളെ​ക്കൊണ്ട്‌ ഭൂമി നിറയ്‌ക്കാ​നും ഭൂമി​യി​ലെ എല്ലാ ജീവി​ക​ളെ​യും പരിപാ​ലി​ക്കാ​നും അവരോ​ടു കല്‌പി​ച്ചു. (ഉൽപ. 1:28) അത്‌ അനുസ​രി​ക്കു​ന്ന​തി​നു പകരം സാത്താന്റെ പക്ഷം ചേർന്ന്‌ ധിക്കാരം കാട്ടിയ ആദാമും ഹവ്വയും അവരുടെ അനന്തര​ത​ല​മു​റ​കളെ അപൂർണ​ത​യു​ടെ​യും പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും പിടി​യി​ലേക്കു തള്ളിവി​ട്ടു. എങ്കിലും യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​നു മാറ്റം വന്നില്ല. യഹോവ ഒരു കാര്യം പറഞ്ഞാൽ അത്‌ എപ്പോ​ഴും അക്ഷരം​പ്രതി നിറ​വേ​റി​യി​രി​ക്കും. (യശയ്യ 55:10, 11 വായി​ക്കുക.) അതു​കൊണ്ട്‌ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും പിൻത​ല​മു​റ​ക്കാർ ഈ ഭൂമി​യിൽ നിറഞ്ഞ്‌ അതിനെ അടക്കി​ഭ​രി​ക്കു​മെ​ന്നും ഭൂമി മുഴുവൻ വ്യാപി​ക്കുന്ന പറുദീ​സ​യിൽ യഹോ​വ​യു​ടെ സൃഷ്ടി​കളെ സ്‌നേ​ഹ​ത്തോ​ടെ പരിപാ​ലി​ക്കു​മെ​ന്നും നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. പറുദീ​സാ​വ​സ്ഥ​യി​ലെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ പ്രവാ​സി​ക​ളായ ജൂതന്മാ​രോ​ടു പറഞ്ഞ പ്രവച​നങ്ങൾ അന്നായി​രി​ക്കും മുഴു​വ​നാ​യി നിറ​വേ​റുക. അതിനു ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

16. പറുദീ​സ​യിൽ നമുക്കു ലഭിക്കാ​നി​രി​ക്കുന്ന സുരക്ഷി​ത​ത്വ​ത്തെ ബൈബിൾ എങ്ങനെ​യാ​ണു വിവരി​ക്കു​ന്നത്‌?

16 സുരക്ഷി​ത​ത്വം. ഒടുവിൽ, യശയ്യ 11:6-9-ൽ വർണി​ച്ചി​രി​ക്കുന്ന ആ മനോ​ഹ​ര​ചി​ത്രം അക്ഷരാർഥ​ത്തിൽത്തന്നെ മുഴു​വ​നാ​യും നിറ​വേ​റുന്ന സമയം വന്നെത്തും. ഭൂമി​യിൽ എവിടെ പോയാ​ലും സ്‌ത്രീ​കൾക്കും പുരു​ഷ​ന്മാർക്കും കുട്ടി​കൾക്കും സുരക്ഷി​ത​മാ​യി നടക്കാ​വുന്ന ഒരു സമയം! മനുഷ്യ​രാ​കട്ടെ മൃഗങ്ങ​ളാ​കട്ടെ ആരും ആർക്കും ഒരു ഭീഷണി​യാ​കാത്ത കാലം! ഭൂമി മുഴുവൻ നിങ്ങളു​ടെ സ്വന്തം വീടായി കാണാ​നാ​കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! യാതൊ​രു പേടി​യും​കൂ​ടാ​തെ നദിക​ളി​ലും തടാക​ങ്ങ​ളി​ലും കടലി​ലും നീന്തി​ത്തു​ടി​ക്കാം, പർവത​നി​രകൾ കീഴട​ക്കാം, വിശാ​ല​മായ പുൽപ്പു​റ​ങ്ങ​ളി​ലൂ​ടെ മതിവ​രു​വോ​ളം സഞ്ചരി​ക്കാം. ഇരുട്ടു പരന്നാ​ലും നിങ്ങൾക്ക്‌ ഒരു ഭയവും തോന്നില്ല. തീർന്നില്ല, യഹസ്‌കേൽ 34:25-ലെ വാക്കുകൾ നിറ​വേ​റുന്ന അക്കാലത്ത്‌ ദൈവ​ജനം “വിജന​ഭൂ​മി​യിൽ സുരക്ഷി​ത​രാ​യി കഴിയും, വനാന്ത​ര​ങ്ങ​ളിൽ കിടന്നു​റ​ങ്ങും.”

17. ദൈവ​രാ​ജ്യം മുഴു​ഭൂ​മി​യെ​യും ഭരിക്കുന്ന സമയത്ത്‌ യഹോവ നമുക്കു​വേണ്ടി സമൃദ്ധ​മാ​യി കരുതു​മെന്നു നമുക്ക്‌ എങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും?

17 സമൃദ്ധി. ദാരി​ദ്ര്യം, വികല​പോ​ഷണം, ക്ഷാമം, അഗതി​കൾക്കുള്ള ക്ഷേമപ​രി​പാ​ടി​കൾ എന്നിവ​യെ​ക്കു​റി​ച്ചൊ​ന്നും കേട്ടു​കേൾവി​പോ​ലു​മി​ല്ലാത്ത ഒരു കാലം ഭാവന​യിൽ കണ്ടു​നോ​ക്കൂ! ഇന്നു ദൈവ​ജനം ആസ്വദി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ആത്മീയ​സ​മൃ​ദ്ധി, ഭാവി​യിൽ മിശി​ഹൈ​ക​രാ​ജാവ്‌ എല്ലാ വിധത്തി​ലും തന്റെ പ്രജകളെ പോഷി​പ്പി​ക്കും എന്നതി​നുള്ള ഒരു ഉറപ്പാണ്‌. അത്തരം വാഗ്‌ദാ​നങ്ങൾ നിറ​വേ​റ്റാൻ തനിക്കു കഴിവു​ണ്ടെന്നു ഭൂമി​യി​ലാ​യി​രി​ക്കെ യേശു ചെറു​താ​യൊ​ന്നു തെളി​യി​ച്ചു​കാ​ണി​ച്ച​താണ്‌. ഏതാനും അപ്പവും കുറച്ച്‌ മീനും കൊണ്ട്‌ യേശു, വിശന്നി​രുന്ന ആയിര​ക്ക​ണ​ക്കിന്‌ ആളുക​ളു​ടെ വിശപ്പ​ടക്കി. (മത്താ. 14:17, 18; 15:34-36; മർക്കോ. 8:19, 20) ദൈവ​രാ​ജ്യം മുഴു​ഭൂ​മി​യെ​യും ഭരിക്കുന്ന സമയത്ത്‌ പിൻവ​രു​ന്ന​തു​പോ​ലുള്ള പ്രവച​നങ്ങൾ അക്ഷരാർഥ​ത്തിൽ നിറ​വേ​റു​ന്നതു നമ്മൾ കാണും: “നീ വിതയ്‌ക്കുന്ന വിത്തി​നാ​യി ദൈവം മഴ പെയ്യി​ക്കും; ദേശം സമൃദ്ധ​മാ​യി ആഹാരം ഉത്‌പാ​ദി​പ്പി​ക്കും; അതു പോഷ​ക​സ​മ്പു​ഷ്ട​മായ അപ്പം തരും. അന്നു നിന്റെ മൃഗങ്ങൾ വിശാ​ല​മായ പുൽപ്പു​റ​ങ്ങ​ളിൽ മേഞ്ഞു​ന​ട​ക്കും.”—യശ. 30:23.

18, 19. (എ) യശയ്യ 65:20-22-ലെ പ്രവചനം നിങ്ങൾക്ക്‌ എങ്ങനെ​യാണ്‌ ആശ്വാസം പകരു​ന്നത്‌? (ബി) നമ്മുടെ “ആയുസ്സു വൃക്ഷങ്ങ​ളു​ടെ ആയുസ്സു​പോ​ലെ​യാ​കും” എന്നു പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥം എന്താണ്‌?

18 നല്ലൊരു വീടു​ണ്ടാ​യി​രി​ക്കു​ന്ന​തോ സംതൃ​പ്‌തി തരുന്ന, നല്ല ജോലി​യു​ണ്ടാ​യി​രി​ക്കു​ന്ന​തോ നടക്കാത്ത ഒരു സ്വപ്‌ന​മാ​യി​ട്ടാണ്‌ ഇന്നു പലർക്കും തോന്നു​ന്നത്‌. ഈ ദുഷിച്ച വ്യവസ്ഥി​തി​യിൽ എത്ര നേരം കഷ്ടപ്പെ​ട്ടാ​ലും തങ്ങൾക്കും കുടും​ബ​ത്തി​നും വേണ്ടത്ര വരുമാ​നം കിട്ടു​ന്ന​താ​യി പലർക്കും തോന്നു​ന്നില്ല. അവരുടെ നോട്ട​ത്തിൽ ധനിക​രും അത്യാ​ഗ്ര​ഹി​ക​ളും ആണ്‌ ലാഭം മുഴുവൻ കൊയ്‌തെ​ടു​ക്കു​ന്നത്‌. എന്നാൽ പിൻവ​രുന്ന പ്രവചനം ലോകം മുഴു​വ​നും നിറ​വേ​റി​ക്ക​ഴി​യു​മ്പോൾ സാഹച​ര്യ​ങ്ങൾ എങ്ങനെ​യാ​യി​രി​ക്കു​മെന്ന്‌ ഓർത്തു​നോ​ക്കൂ: “അവർ വീടുകൾ പണിത്‌ താമസി​ക്കും, മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കി അവയുടെ ഫലം അനുഭ​വി​ക്കും. മറ്റുള്ള​വർക്കു താമസി​ക്കാ​നാ​യി​രി​ക്കില്ല അവർ വീടു പണിയു​ന്നത്‌; മറ്റുള്ള​വർക്കു ഭക്ഷിക്കാ​നാ​യി​രി​ക്കില്ല അവർ കൃഷി ചെയ്യു​ന്നത്‌. എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷങ്ങ​ളു​ടെ ആയുസ്സു​പോ​ലെ​യാ​കും, ഞാൻ തിര​ഞ്ഞെ​ടു​ത്തവർ മതിവ​രു​വോ​ളം തങ്ങളുടെ അധ്വാ​ന​ഫലം ആസ്വദി​ക്കും.”—യശ. 65:20-22.

19 നമ്മുടെ “ആയുസ്സു വൃക്ഷങ്ങ​ളു​ടെ ആയുസ്സു​പോ​ലെ​യാ​കും” എന്നു പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥം എന്താണ്‌? ഒരു പടുകൂ​റ്റൻ വൃക്ഷത്തി​ന്റെ ചുവട്ടിൽ നിൽക്കു​മ്പോൾ അതിന്റെ പഴക്ക​ത്തെ​ക്കു​റിച്ച്‌ ഓർത്ത്‌ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും അത്ഭുത​പ്പെ​ട്ടി​ട്ടു​ണ്ടോ? ഒരുപക്ഷേ നിങ്ങളു​ടെ മുതു​മു​ത്തച്ഛൻ ജനിക്കു​ന്ന​തിന്‌ ഏറെ നാളു​കൾക്കു മുമ്പു​പോ​ലും അത്‌ അവി​ടെ​യുണ്ട്‌. എന്നാൽ നിങ്ങൾ അപൂർണാ​വ​സ്ഥ​യിൽ തുടരു​ന്നി​ട​ത്തോ​ളം മറ്റൊരു സാധ്യ​ത​യും അവശേ​ഷി​ക്കു​ന്നു. എന്തിനുള്ള സാധ്യത? നിങ്ങൾ മരിച്ചു​ക​ഴി​ഞ്ഞും ആ വൃക്ഷം ചില​പ്പോൾ അവി​ടെ​ത്തന്നെ കണ്ടേക്കാം. നിങ്ങൾ വെറു​മൊ​രു ഓർമ​യാ​യി മാറി​യാ​ലും അത്‌ അവിടെ ഇലകൾ വീശി സ്വച്ഛമാ​യി നിൽപ്പു​ണ്ടാ​കും. എന്നാൽ വരാനി​രി​ക്കുന്ന പറുദീ​സ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. സമാധാ​നം നിറഞ്ഞ സ്വച്ഛസു​ന്ദ​ര​മായ ഒരു ജീവി​ത​വും ദീർഘാ​യു​സ്സും ആണ്‌ ഉദാര​നായ യഹോവ നമുക്കു വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നത്‌. (സങ്കീ. 37:11, 29) എന്നേക്കു​മുള്ള ജീവി​ത​മാ​യി​രി​ക്കും അന്നു നമ്മുടെ മുന്നി​ലു​ള്ളത്‌. അന്നും അവിടെ ദീർഘാ​യു​സ്സുള്ള വൃക്ഷങ്ങ​ളു​ണ്ടാ​യി​രി​ക്കും. പക്ഷേ നമ്മുടെ ആയുസ്സി​നോ​ടു താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ അവ നമുക്ക്‌ അൽപ്പാ​യു​സ്സായ പുൽനാ​മ്പു​കൾപോ​ലെയേ തോന്നൂ.

20. ദൈവ​രാ​ജ്യ​ത്തി​ന്റെ വിശ്വ​സ്‌ത​പ്ര​ജ​കൾക്കു പൂർണ​മായ ആരോ​ഗ്യം ലഭിക്കു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കും?

20 പൂർണ​മായ ആരോ​ഗ്യം. ഇന്നു രോഗ​വും മരണവും ലോക​മെ​ങ്ങും കരിനി​ഴൽ വീഴ്‌ത്തി നിൽക്കു​ന്നു. ഒരർഥ​ത്തിൽ നമ്മളെ​ല്ലാ​വ​രും രോഗി​ക​ളാണ്‌, പാപം എന്ന ഗുരു​ത​ര​മായ രോഗ​ത്തി​ന്റെ പിടി​യി​ലാ​ണു നമ്മൾ. ക്രിസ്‌തു മോച​ന​വി​ല​യാ​യി നൽകിയ ബലിയാണ്‌ അതിനുള്ള ഏക പ്രതി​വി​ധി. (റോമ. 3:23; 6:23) ആ ബലിയിൽനിന്ന്‌ പൂർണ​പ്ര​യോ​ജനം നേടാൻ ആയിരം​വർഷ ഭരണകാ​ലത്ത്‌ യേശു​വും സഹഭര​ണാ​ധി​പ​ന്മാ​രും ആളുകളെ സഹായി​ക്കും. അങ്ങനെ, വിശ്വ​സ്‌ത​മ​നു​ഷ്യ​രിൽനിന്ന്‌ പാപത്തി​ന്റെ എല്ലാ കണിക​ക​ളും അവർ ക്രമേണ നീക്കം ചെയ്യും. യശയ്യയു​ടെ ഈ പ്രവചനം എല്ലാ അർഥത്തി​ലും അന്നു നിവൃ​ത്തി​യേ​റും: “‘എനിക്കു രോഗ​മാണ്‌’ എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല. അവിടെ താമസി​ക്കു​ന്ന​വ​രു​ടെ തെറ്റു​കൾക്കു ക്ഷമ ലഭിച്ചി​രി​ക്കും.” (യശ. 33:24) ഒന്നു സങ്കൽപ്പി​ച്ചു​നോ​ക്കൂ! ആരും അന്ധനോ ബധിര​നോ അംഗ​വൈ​ക​ല്യ​മു​ള്ള​വ​നോ ആയിരി​ക്കാത്ത ഒരു സമയം. (യശയ്യ 35:5, 6 വായി​ക്കുക.) ശാരീ​രി​ക​മോ മാനസി​ക​മോ വൈകാ​രി​ക​മോ ആയ ഏത്‌ അസുഖ​വു​മാ​കട്ടെ, ഒന്നു​പോ​ലും യേശു​വി​നു സുഖ​പ്പെ​ടു​ത്താൻ പറ്റാത്ത​താ​യി കാണില്ല. ദൈവ​രാ​ജ്യ​ത്തി​ന്റെ വിശ്വ​സ്‌ത​പ്ര​ജ​കൾക്കെ​ല്ലാം പൂർണ​മായ ആരോ​ഗ്യ​മു​ണ്ടാ​യി​രി​ക്കും.

21. മരണത്തിന്‌ എന്തു സംഭവി​ക്കും, ആ വാഗ്‌ദാ​നം നിങ്ങളെ ആശ്വസി​പ്പി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

21 അങ്ങനെ​യെ​ങ്കിൽ, രോഗം നമ്മളെ കൊണ്ടു​ചെന്ന്‌ എത്തിക്കുന്ന മരണത്തി​ന്റെ കാര്യ​മോ? പാപത്തി​ന്റെ, ഒഴിവാ​ക്കാൻ പറ്റാത്ത ഒരു ഫലമാണ്‌ അത്‌. അപൂർണ​രായ എല്ലാ മനുഷ്യ​രും ഇന്നല്ലെ​ങ്കിൽ നാളെ ആ ശത്രു​വി​നു മുന്നിൽ നിസ്സഹാ​യ​രാ​യി നിൽക്കേ​ണ്ടി​വ​രും. മരണം നമ്മുടെ ‘അവസാ​നത്തെ ശത്രു​വാണ്‌.’ (1 കൊരി. 15:26) എന്നാൽ മരണം യഹോ​വ​യ്‌ക്ക്‌ അത്രമാ​ത്രം വെല്ലു​വി​ളി​യു​യർത്തുന്ന ഒരു ശത്രു​വാ​ണോ? യശയ്യ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌ എന്താ​ണെന്നു നോക്കുക: “ദൈവം മരണത്തെ എന്നേക്കു​മാ​യി ഇല്ലാതാ​ക്കും, പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോവ എല്ലാ മുഖങ്ങ​ളിൽനി​ന്നും കണ്ണീർ തുടച്ചു​മാ​റ്റും.” (യശ. 25:8) ആ സമയം മനക്കണ്ണിൽ കാണാൻ നിങ്ങൾക്കാ​കു​ന്നു​ണ്ടോ? മേലാൽ ശവസം​സ്‌കാ​ര​ച്ച​ട​ങ്ങു​ക​ളില്ല, സെമി​ത്തേ​രി​ക​ളില്ല, നൊമ്പ​ര​ക്ക​ണ്ണീ​രില്ല! എന്നാൽ ആളുകൾ അന്ന്‌ ആനന്ദക്ക​ണ്ണീ​രൊ​ഴു​ക്കും എന്നു തീർച്ച​യാണ്‌. എപ്പോൾ? മരിച്ച​വരെ ജീവനി​ലേക്കു തിരികെ കൊണ്ടു​വ​രും എന്ന വിസ്‌മ​യ​ക​ര​മായ വാഗ്‌ദാ​നം യഹോവ നിറ​വേ​റ്റു​മ്പോൾ. (യശയ്യ 26:19 വായി​ക്കുക.) മരണം വരുത്തി​വെച്ച എണ്ണമറ്റ മുറി​വു​ക​ളെ​ല്ലാം അങ്ങനെ ഒടുവിൽ സുഖമാ​കും.

22. മിശി​ഹൈ​ക​രാ​ജ്യം ഭൂമി​യിൽ ദൈവ​ത്തി​ന്റെ ഇഷ്ടം നടപ്പാ​ക്കി​ക്ക​ഴി​യു​മ്പോൾ എന്തു സംഭവി​ക്കും?

22 ആയിരം​വർഷ​ത്തി​ന്റെ അവസാ​ന​മാ​കു​മ്പോ​ഴേ​ക്കും ദൈവ​രാ​ജ്യം ഭൂമി​യിൽ ദൈവ​ത്തി​ന്റെ ഇഷ്ടം നടപ്പാ​ക്കി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​കും. തുടർന്ന്‌ ക്രിസ്‌തു പിതാ​വി​നു ഭരണം കൈമാ​റും. (1 കൊരി. 15:25-28) അപ്പോ​ഴേ​ക്കും മനുഷ്യ​കു​ടും​ബം പൂർണ​ത​യിൽ എത്തിയി​രി​ക്കും. അഗാധ​ത്തി​ലെ നിഷ്‌ക്രി​യാ​വ​സ്ഥ​യിൽനിന്ന്‌ സാത്താൻ മോചി​ത​നാ​കു​മ്പോ​ഴത്തെ അന്തിമ​പ​രി​ശോ​ധ​നയെ നേരി​ടാൻ അവർ സജ്ജരാ​യി​രി​ക്കും. ആ പരി​ശോ​ധ​ന​യെ​ത്തു​ടർന്ന്‌ ക്രിസ്‌തു ആ ദുഷ്ടസർപ്പ​ത്തെ​യും അവനെ പിന്തു​ണ​യ്‌ക്കുന്ന എല്ലാവ​രെ​യും അന്തിമ​മാ​യി തകർത്ത്‌ ഇല്ലാതാ​ക്കും. (ഉൽപ. 3:15; വെളി. 20:3, 7-10) എന്നാൽ യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​ത്തിന്‌ ഇളക്കം​ത​ട്ടാ​തെ വിശ്വ​സ്‌ത​രാ​യി നിൽക്കു​ന്ന​വർക്കെ​ല്ലാം ശോഭ​ന​മാ​യൊ​രു ഭാവി​പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രി​ക്കും. എന്താണ്‌ അത്‌? ദൈവ​പ്ര​ചോ​ദി​ത​മാ​യി രേഖ​പ്പെ​ടു​ത്തിയ ഒരു ഭാഗം ആ ചോദ്യ​ത്തിന്‌ ഉത്തരം തരുന്നു. അതിനെ ഇതിലും ഭംഗി​യാ​യി വർണി​ക്കാൻ വേറെ വാക്കു​ക​ളില്ല. അതെ, വിശ്വ​സ്‌ത​രാ​യവർ “ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യം നേടും.” എത്ര അത്ഭുത​ക​ര​മാ​യൊ​രു വാഗ്‌ദാ​നം!—റോമ. 8:21.

ദൈവരാജ്യം മനുഷ്യ​കു​ടും​ബ​ത്തെ​ക്കു​റി​ച്ചും ഭൂമി​യെ​ക്കു​റി​ച്ചും ഉള്ള യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം നിറ​വേ​റ്റും

23, 24. (എ) ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റു​മെന്ന്‌ ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്‌? (ബി) എന്താണു നിങ്ങളു​ടെ തീരു​മാ​നം?

23 ആ വാഗ്‌ദാ​നങ്ങൾ വെറും സ്വപ്‌ന​ങ്ങളല്ല, വെറു​മൊ​രു പ്രതീ​ക്ഷ​യു​ടെ​യോ ആഗ്രഹ​ത്തി​ന്റെ​യോ പുറത്ത്‌ നൽകിയ വാഗ്‌ദാ​ന​ങ്ങ​ളു​മല്ല. യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റു​മെന്ന്‌ ഉറപ്പാണ്‌! എന്തു​കൊണ്ട്‌? ഈ പുസ്‌ത​ക​ത്തി​ന്റെ ആദ്യത്തെ അധ്യാ​യ​ത്തിൽ നമ്മൾ ചർച്ച ചെയ്‌ത യേശു​വി​ന്റെ വാക്കുകൾ ഓർക്കു​ന്നു​ണ്ടോ? യഹോ​വ​യോട്‌ ഇങ്ങനെ പ്രാർഥി​ക്കാൻ യേശു അനുഗാ​മി​കളെ പഠിപ്പി​ച്ചു: “അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും നടക്കേ​ണമേ.” (മത്താ. 6:9, 10) ദൈവ​രാ​ജ്യം എന്നത്‌ ആരു​ടെ​യും ഭാവന​യിൽ വിരിഞ്ഞ ഒരു സങ്കൽപ്പമല്ല. അത്‌ ഒരു യാഥാർഥ്യ​മാണ്‌! അത്‌ ഇപ്പോൾ സ്വർഗ​ത്തിൽനിന്ന്‌ ഭരിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഒരു നൂറ്റാ​ണ്ടാ​യി അതു വ്യത്യ​സ്‌ത​വി​ധ​ങ്ങ​ളിൽ യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ ക്രിസ്‌തീ​യ​സ​ഭ​യിൽ നിറ​വേ​റ്റി​യി​രി​ക്കു​ന്നു. നമുക്ക്‌ അതു വളരെ വ്യക്തമാ​യി കാണാ​നാ​കു​ന്നു​മുണ്ട്‌. അതു​കൊണ്ട്‌, ദൈവ​രാ​ജ്യം ഭൂമി​യു​ടെ മേൽ അതിന്റെ അധികാ​രം മുഴു​വ​നാ​യി പ്രയോ​ഗി​ക്കാൻ വരു​മ്പോൾ യഹോ​വ​യു​ടെ എല്ലാ വാഗ്‌ദാ​ന​ങ്ങ​ളും നിറ​വേ​റും എന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം!

24 ദൈവ​രാ​ജ്യം വരു​മെന്നു നമുക്ക്‌ അറിയാം. യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ ഒന്നൊ​ഴി​യാ​തെ നിറ​വേ​റു​മെ​ന്നും നമുക്ക്‌ അറിയാം. എന്തു​കൊണ്ട്‌? കാരണം ദൈവ​രാ​ജ്യം ഭരിക്കു​ന്നു! എന്നാൽ നമ്മൾ ഓരോ​രു​ത്ത​രും നമ്മളോ​ടു​തന്നെ ചോദി​ക്കേണ്ട ഒരു ചോദ്യ​മുണ്ട്‌: ‘ദൈവ​രാ​ജ്യം എന്നെ ഭരിക്കു​ന്നു​ണ്ടോ?’ ഇന്നു ദൈവ​രാ​ജ്യ​ത്തോ​ടു കൂറുള്ള പ്രജക​ളാ​യി ജീവി​ക്കാൻ നമ്മളെ​ക്കൊണ്ട്‌ ആകുന്ന​തെ​ല്ലാം നമുക്കു ചെയ്യാം. എങ്കിൽ എല്ലാം തികഞ്ഞ, നീതി​നി​ഷ്‌ഠ​മായ ആ ഭരണത്തി​ന്റെ പ്രയോ​ജ​നങ്ങൾ നമുക്കു ഭാവി​യി​ലും ആസ്വദി​ക്കാം. അതെ, എന്നെന്നും!