വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 2

ജനിക്കു​ന്ന​തി​നു മുമ്പേ യേശു​വി​നു ബഹുമാ​നം കിട്ടുന്നു

ജനിക്കു​ന്ന​തി​നു മുമ്പേ യേശു​വി​നു ബഹുമാ​നം കിട്ടുന്നു

ലൂക്കോസ്‌ 1:34-56

  • മറിയ ബന്ധുവായ എലിസ​ബ​ത്തി​നെ സന്ദർശി​ക്കു​ന്നു

മറിയ​യ്‌ക്ക്‌ ഒരു മകൻ ജനിക്കും, അവന്റെ പേര്‌ യേശു എന്നായി​രി​ക്കും, അവൻ എന്നെന്നും രാജാ​വാ​യി​രി​ക്കും എന്നൊക്കെ ഗബ്രി​യേൽ ദൈവ​ദൂ​തൻ മറിയ​യോ​ടു പറയുന്നു. അപ്പോൾ മറിയ, “ഞാൻ ഒരു പുരു​ഷ​നു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാത്ത സ്ഥിതിക്ക്‌ ഇത്‌ എങ്ങനെ സംഭവി​ക്കും” എന്നു ചോദി​ക്കു​ന്നു.​—ലൂക്കോസ്‌ 1:34.

അപ്പോൾ ഗബ്രി​യേൽ പറയുന്നു: “പരിശു​ദ്ധാ​ത്മാവ്‌ നിന്റെ മേൽ വരും. അത്യു​ന്ന​തന്റെ ശക്തി നിന്റെ മേൽ നിഴലി​ടും. അക്കാര​ണ​ത്താൽ, ജനിക്കാ​നി​രി​ക്കു​ന്നവൻ വിശു​ദ്ധ​നെന്ന്‌, ദൈവ​ത്തി​ന്റെ മകനെന്ന്‌, വിളി​ക്ക​പ്പെ​ടും.”—ലൂക്കോസ്‌ 1:35.

തന്റെ സന്ദേശം സ്വീക​രി​ക്കാൻ മറിയയെ സഹായി​ക്കു​ന്ന​തിന്‌ ഗബ്രി​യേൽ പറയുന്നു: “നിന്റെ ബന്ധുവായ എലിസ​ബ​ത്തും ഇപ്പോൾ ഗർഭി​ണി​യാണ്‌. വയസ്സായ എലിസ​ബ​ത്തിന്‌ ഒരു മകൻ ജനിക്കാൻപോ​കു​ന്നു. വന്ധ്യ എന്നു പറഞ്ഞി​രു​ന്ന​വൾക്ക്‌ ഇത്‌ ഇപ്പോൾ ആറാം മാസം. ദൈവ​ത്തിന്‌ ഒരു കാര്യ​വും അസാധ്യ​മല്ല.”​—ലൂക്കോസ്‌ 1:36, 37.

മറിയ​യു​ടെ മറുപ​ടി​യിൽനിന്ന്‌ ഗബ്രി​യേൽ പറയു​ന്നതു മറിയ അംഗീ​ക​രി​ക്കു​ന്നെന്നു മനസ്സി​ലാ​ക്കാം. “ഇതാ, യഹോ​വ​യു​ടെ ദാസി! അങ്ങ്‌ പറഞ്ഞതു​പോ​ലെ എനിക്കു സംഭവി​ക്കട്ടെ” എന്നു മറിയ പറയുന്നു.​—ലൂക്കോസ്‌ 1:38.

ഗബ്രി​യേൽ പോയ ഉടനെ മറിയ എലിസ​ബ​ത്തി​നെ കാണാൻ പോകു​ന്നു. എലിസ​ബ​ത്തും ഭർത്താവ്‌ സെഖര്യ​യും യഹൂദ​യി​ലെ മലനാ​ട്ടിൽ, യരുശ​ലേ​മിന്‌ അടുത്താ​ണു താമസി​ക്കു​ന്നത്‌. നസറെ​ത്തി​ലുള്ള മറിയ​യു​ടെ വീട്ടിൽനിന്ന്‌ അവിടെ എത്താൻ ചില​പ്പോൾ മൂന്നോ നാലോ ദിവസം വേണ്ടി​വ​രും.

അങ്ങനെ മറിയ സെഖര്യ​യു​ടെ വീട്ടിൽ എത്തുന്നു. മറിയ അവിടെ ചെന്ന ഉടനെ എലിസ​ബ​ത്തി​നെ അഭിവാ​ദനം ചെയ്യുന്നു. എലിസ​ബത്ത്‌ അപ്പോൾ പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​ളാ​യി മറിയ​യോ​ടു പറയുന്നു: “സ്‌ത്രീ​ക​ളിൽ നീ അനുഗൃ​ഹീത! നിന്റെ ഗർഭത്തി​ലെ കുഞ്ഞും അനുഗൃ​ഹീ​തൻ! എന്റെ കർത്താ​വി​ന്റെ അമ്മ എന്നെ കാണാൻ വന്നല്ലോ. എത്ര വലിയ ഒരു അനു​ഗ്രഹം! ദേ! നീ അഭിവാ​ദനം ചെയ്യു​ന്നതു കേട്ട ഉടനെ എന്റെ വയറ്റിൽ കിടന്ന്‌ കുഞ്ഞ്‌ സന്തോ​ഷം​കൊണ്ട്‌ തുള്ളി.”​—ലൂക്കോസ്‌ 1:42-44.

ഹൃദയം നിറഞ്ഞ വിലമ​തി​പ്പോ​ടെ മറിയ പറയുന്നു: “എന്റെ ദേഹി യഹോ​വയെ വാഴ്‌ത്തു​ന്നു. എന്റെ ആത്മാവ്‌ എങ്ങനെ എന്റെ രക്ഷകനായ ദൈവ​ത്തിൽ സന്തോ​ഷി​ച്ചു​ല്ല​സി​ക്കാ​തി​രി​ക്കും! വെറു​മൊ​രു സാധാ​ര​ണ​ക്കാ​രി​യായ ഈ എളിയ ദാസിയെ ദൈവം അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്ന​ല്ലോ. ഇനിമു​തൽ എല്ലാ തലമു​റ​ക​ളും എന്നെ അനുഗൃ​ഹീത എന്നു വിളി​ക്കും. കാരണം ശക്തനായ ദൈവം എനിക്കു​വേണ്ടി വലിയ കാര്യങ്ങൾ ചെയ്‌തി​രി​ക്കു​ന്നു.” മറിയ​യ്‌ക്ക്‌ ദൈവ​ത്തി​ന്റെ പ്രീതി ലഭി​ച്ചെ​ങ്കി​ലും എല്ലാ മഹത്ത്വ​വും മറിയ ദൈവ​ത്തി​നു കൊടു​ക്കു​ന്നതു ശ്രദ്ധി​ച്ചോ? “ദൈവ​ത്തി​ന്റെ പേര്‌ പരിശു​ദ്ധ​മാണ്‌. തന്നെ ഭയപ്പെ​ടു​ന്ന​വ​രു​ടെ മേൽ ദൈവ​ത്തി​ന്റെ കരുണ തലമു​റ​ത​ല​മു​റ​യോ​ള​മി​രി​ക്കും” എന്നും മറിയ പറയുന്നു.​—ലൂക്കോസ്‌ 1:46-50.

ദൈവ​പ്ര​ചോ​ദി​ത​മായ പ്രാവ​ച​നി​ക​വാ​ക്കു​ക​ളിൽ ദൈവത്തെ സ്‌തു​തി​ച്ചു​കൊണ്ട്‌ മറിയ വീണ്ടും പറയുന്നു: “ദൈവം തന്റെ കൈ​കൊണ്ട്‌ വലിയ കാര്യങ്ങൾ ചെയ്‌തി​രി​ക്കു​ന്നു. ഹൃദയ​ത്തിൽ ധാർഷ്ട്യ​മു​ള്ള​വരെ ചിതറി​ച്ചി​രി​ക്കു​ന്നു. അധികാ​ര​ത്തി​ലി​രി​ക്കു​ന്ന​വരെ ദൈവം സിംഹാ​സ​ന​ങ്ങ​ളിൽനിന്ന്‌ താഴെ ഇറക്കു​ക​യും സാധു​ക്കളെ ഉയർത്തു​ക​യും ചെയ്‌തി​രി​ക്കു​ന്നു. വിശന്നി​രി​ക്കു​ന്ന​വരെ വിശി​ഷ്ട​വസ്‌തു​ക്കൾകൊണ്ട്‌ തൃപ്‌ത​രാ​ക്കി, സമ്പന്നരെ വെറു​ങ്കൈ​യോ​ടെ പറഞ്ഞയ​ച്ചി​രി​ക്കു​ന്നു. ദൈവം തന്റെ ദാസനായ ഇസ്രാ​യേ​ലി​ന്റെ സഹായ​ത്തിന്‌ എത്തിയി​രി​ക്കു​ന്നു. അബ്രാ​ഹാ​മി​നോ​ടും അബ്രാ​ഹാ​മി​ന്റെ സന്തതി​യോ​ടും എന്നും കരുണ കാണി​ക്കു​മെന്നു പറഞ്ഞത്‌ ഓർത്താ​ണു ദൈവം അങ്ങനെ ചെയ്‌തത്‌. അതാണ​ല്ലോ നമ്മുടെ പൂർവി​ക​രോ​ടു ദൈവം പറഞ്ഞത്‌.”​—ലൂക്കോസ്‌ 1:51-55.

മൂന്നു മാസ​ത്തോ​ളം മറിയ എലിസ​ബ​ത്തി​ന്റെ​കൂ​ടെ താമസി​ക്കു​ന്നു. പ്രസവം അടുത്തി​രുന്ന എലിസ​ബ​ത്തിന്‌ അതു വലി​യൊ​രു സഹായ​മാ​യി​രു​ന്നി​രി​ക്കണം. ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹ​ത്താൽ ഗർഭി​ണി​ക​ളായ ആ വിശ്വസ്‌തസ്‌ത്രീ​കൾക്ക്‌ അവരുടെ ജീവി​ത​ത്തി​ലെ ഈ പ്രത്യേ​ക​സ​മ​യത്ത്‌ ഒരുമി​ച്ചാ​യി​രി​ക്കാൻ കഴിഞ്ഞത്‌ എത്ര നന്നായി​രു​ന്നു!

ജനിക്കു​ന്ന​തി​നു മുമ്പു​തന്നെ യേശു​വി​നു ലഭിച്ച ബഹുമാ​നം നിങ്ങൾ ശ്രദ്ധി​ച്ചോ? എലിസ​ബത്ത്‌ യേശു​വി​നെ ‘എന്റെ കർത്താവ്‌’ എന്നു വിളിച്ചു. മറിയ അവിടെ ചെന്ന​പ്പോൾ എലിസ​ബ​ത്തി​ന്റെ വയറ്റിൽ കിടന്ന്‌ കുഞ്ഞ്‌ “സന്തോ​ഷം​കൊണ്ട്‌ തുള്ളി.” മറിയ​യോ​ടും മറിയ​യ്‌ക്ക്‌ ജനിക്കാ​നി​രുന്ന കുഞ്ഞി​നോ​ടും മറ്റുള്ളവർ പെരു​മാ​റി​യ​തിൽനിന്ന്‌ വളരെ വ്യത്യസ്‌ത​മാ​യി​രു​ന്നു ഇത്‌. അതെക്കു​റിച്ച്‌ നമ്മൾ പിന്നീട്‌ കാണും.