വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 3

വഴി ഒരുക്കു​ന്നവൻ ജനിക്കു​ന്നു

വഴി ഒരുക്കു​ന്നവൻ ജനിക്കു​ന്നു

ലൂക്കോസ്‌ 1:57-79

  • സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ ജനനവും പേരി​ട​ലും

  • ഭാവി​യിൽ യോഹ​ന്നാൻ ചെയ്യാ​നി​രി​ക്കു​ന്നതു സെഖര്യ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു

എലിസ​ബ​ത്തി​നു പ്രസവ​ത്തി​നുള്ള സമയമാ​യി. മൂന്നു മാസമാ​യിട്ട്‌ ബന്ധുവായ മറിയ എലിസ​ബ​ത്തി​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. പക്ഷേ ഇപ്പോൾ മറിയ​യ്‌ക്കു തിരികെ പോകണം. അങ്ങനെ മറിയ വടക്ക്‌ നസറെ​ത്തി​ലുള്ള വീട്ടി​ലേക്കു മടങ്ങുന്നു. നല്ല ദൂരമുണ്ട്‌ അങ്ങോട്ട്‌. ഏതാണ്ട്‌ ആറു മാസം കഴിയു​മ്പോൾ മറിയ​യ്‌ക്കും ജനിക്കും ഒരു കുഞ്ഞ്‌!

മറിയ പോയി. അധികം വൈകാ​തെ എലിസ​ബത്ത്‌ പ്രസവി​ച്ചു. സുഖ​പ്ര​സവം! അമ്മയ്‌ക്കും കുഞ്ഞി​നും കുഴപ്പ​മൊ​ന്നു​മില്ല. എല്ലാവർക്കും സന്തോ​ഷ​മാ​യി. എലിസ​ബത്ത്‌ ആ ആൺകു​ഞ്ഞി​നെ അയൽക്കാ​രെ​യും ബന്ധുക്ക​ളെ​യും കാണി​ക്കു​മ്പോൾ അവർക്കും സന്തോഷം!

ദൈവം ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​ത്തിൽ ഒരു ആൺകുഞ്ഞ്‌ ജനിച്ച്‌ എട്ടാം ദിവസം അവനെ പരി​ച്ഛേദന ചെയ്യണ​മെന്നു പറഞ്ഞി​രു​ന്നു. ആ സമയത്താ​ണു കുഞ്ഞിനു പേരി​ടു​ന്ന​തും. (ലേവ്യ 12:2, 3) കുഞ്ഞിനു സെഖര്യ​യു​ടെ പേരി​ട​ണ​മെന്നു ചിലർ പറയുന്നു. എന്നാൽ എലിസ​ബത്ത്‌ പറയുന്നു: “അതു വേണ്ടാ, അവനു യോഹ​ന്നാൻ എന്നു പേരി​ടണം.” (ലൂക്കോസ്‌ 1:60) ഈ കുഞ്ഞിനു യോഹ​ന്നാൻ എന്നു പേരി​ട​ണ​മെന്ന്‌ ഗബ്രി​യേൽ ദൈവ​ദൂ​തൻ പറഞ്ഞതു നിങ്ങൾ ഓർക്കു​ന്നി​ല്ലേ?

എന്നാൽ അയൽക്കാ​രും ബന്ധുക്ക​ളും എതിർക്കു​ന്നു. “നിങ്ങളു​ടെ ബന്ധുക്ക​ളിൽ ആർക്കും ആ പേരി​ല്ല​ല്ലോ” എന്നാണ്‌ അവരുടെ വാദം. (ലൂക്കോസ്‌ 1:61) അതു​കൊണ്ട്‌ മകന്‌ എന്തു പേരി​ട​ണ​മെന്ന്‌ അവർ സെഖര്യ​യോട്‌ ആംഗ്യ​ത്തി​ലൂ​ടെ ചോദി​ക്കു​ന്നു. ഒരു എഴുത്തു​പലക ആവശ്യ​പ്പെ​ട്ടിട്ട്‌, സെഖര്യ തന്റെ മറുപടി അതിൽ എഴുതു​ന്നു: “അവന്റെ പേര്‌ യോഹ​ന്നാൻ എന്നാണ്‌.”​—ലൂക്കോസ്‌ 1:63.

അതോടെ സെഖര്യ​യു​ടെ സംസാ​ര​പ്രാപ്‌തി അത്ഭുത​ക​ര​മാ​യി തിരി​കെ​ക്കി​ട്ടു​ന്നു. എലിസ​ബ​ത്തിന്‌ ഒരു മകൻ ജനിക്കു​മെന്നു ദൂതൻ പറഞ്ഞ​പ്പോൾ അതു വിശ്വ​സി​ക്കാ​ഞ്ഞ​തു​കൊണ്ട്‌ സെഖര്യ​ക്കു സംസാ​ര​പ്രാപ്‌തി നഷ്ടപ്പെ​ട്ടതു നിങ്ങൾ ഓർക്കു​ന്നി​ല്ലേ? അതു​കൊണ്ട്‌ സെഖര്യ സംസാ​രി​ക്കു​മ്പോൾ അയൽക്കാർ അതിശ​യ​ത്തോ​ടെ “ഈ കുഞ്ഞ്‌ ആരായി​ത്തീ​രും” എന്നു തമ്മിൽത്ത​മ്മിൽ പറയുന്നു. (ലൂക്കോസ്‌ 1:66) യോഹ​ന്നാന്‌ ആ പേരു നൽകി​യ​തി​നു പിന്നിൽ ദൈവ​മാ​ണെന്ന്‌ അവർ തിരി​ച്ച​റി​യു​ന്നു.

പിന്നെ, പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​നാ​യി സെഖര്യ പറയുന്നു: “ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ. ദൈവം തന്റെ ജനത്തിനു നേരെ ശ്രദ്ധ തിരിച്ച്‌ അവരെ വിടു​വി​ച്ച​ല്ലോ. ദൈവം തന്റെ ദാസനായ ദാവീ​ദി​ന്റെ ഭവനത്തിൽ നമുക്കാ​യി രക്ഷയുടെ ഒരു കൊമ്പ്‌ ഉയർത്തി​യി​രി​ക്കു​ന്നു.” (ലൂക്കോസ്‌ 1:68, 69) “രക്ഷയുടെ ഒരു കൊമ്പ്‌” എന്നു പറഞ്ഞത്‌ ജനിക്കാ​നി​രി​ക്കുന്ന യേശു​വി​നെ​ക്കു​റി​ച്ചാണ്‌. യേശു​വി​ലൂ​ടെ ദൈവം “ശത്രു​ക്ക​ളു​ടെ കൈയിൽനിന്ന്‌ നമ്മളെ വിടു​വി​ച്ച​ശേഷം തിരു​സ​ന്നി​ധി​യിൽ ജീവി​ത​കാ​ലം മുഴുവൻ വിശ്വസ്‌ത​ത​യോ​ടും നീതി​യോ​ടും കൂടെ നിർഭയം ദൈവ​ത്തി​നു വിശു​ദ്ധ​സേ​വനം” ചെയ്യാൻ നമുക്കു പദവി നൽകും എന്നു സെഖര്യ പറയുന്നു.​—ലൂക്കോസ്‌ 1:74, 75.

സ്വന്തം മകനെ​ക്കു​റിച്ച്‌ സെഖര്യ ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു: “നീയോ കുഞ്ഞേ, നീ അത്യു​ന്ന​തന്റെ പ്രവാ​ച​ക​നെന്നു വിളി​ക്ക​പ്പെ​ടും. കാരണം നീ മുമ്പേ പോയി യഹോ​വയ്‌ക്കു വഴി ഒരുക്കു​ക​യും പാപങ്ങൾ ക്ഷമിച്ചു​കി​ട്ടു​ന്ന​തി​ലൂ​ടെ ലഭിക്കുന്ന രക്ഷയെ​ക്കു​റി​ച്ചുള്ള അറിവ്‌ ദൈവ​ജ​ന​ത്തി​നു പകർന്നു​കൊ​ടു​ക്കു​ക​യും ചെയ്യും. ഇതെല്ലാം നമ്മുടെ ദൈവ​ത്തി​ന്റെ ആർദ്രാ​നു​ക​മ്പ​യാണ്‌. ഈ അനുകമ്പ നിമിത്തം, ഉന്നതങ്ങ​ളിൽനിന്ന്‌ പ്രഭാ​ത​കി​ര​ണങ്ങൾ നമ്മുടെ മേൽ പ്രകാ​ശി​ക്കും. അതു കൂരി​രു​ട്ടി​ലും മരണത്തി​ന്റെ നിഴലി​ലും കഴിയു​ന്ന​വർക്കു വെളിച്ചം നൽകും; നമ്മുടെ കാലടി​കളെ സമാധാ​ന​ത്തി​ന്റെ വഴിയിൽ നയിക്കും.” (ലൂക്കോസ്‌ 1:76-79) എത്ര പ്രോ​ത്സാ​ഹനം പകരുന്ന ഒരു പ്രവചനം!

അപ്പോ​ഴേ​ക്കും മറിയ നസറെ​ത്തി​ലെ വീട്ടിൽ തിരി​ച്ചെ​ത്തു​ന്നു. മറിയ​യു​ടെ വിവാഹം അപ്പോ​ഴും കഴിഞ്ഞി​ട്ടില്ല. അതു​കൊണ്ട്‌ മറിയ ഗർഭി​ണി​യാ​ണെന്ന്‌ എല്ലാവ​രും അറിയു​മ്പോൾ എന്തായി​രി​ക്കും സംഭവി​ക്കുക?