വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 4

മറിയ​—ഗർഭി​ണി​യെ​ങ്കി​ലും അവിവാ​ഹിത

മറിയ​—ഗർഭി​ണി​യെ​ങ്കി​ലും അവിവാ​ഹിത

മത്തായി 1:18-25; ലൂക്കോസ്‌ 1:56

  • മറിയ ഗർഭി​ണി​യാ​ണെന്നു യോ​സേഫ്‌ അറിയു​ന്നു

  • യോ​സേഫ്‌ മറിയയെ കല്യാ​ണം​ക​ഴി​ക്കു​ന്നു

മറിയ ഇപ്പോൾ നാലു മാസം ഗർഭി​ണി​യാണ്‌. ഗർഭി​ണി​യായ ഉടനെ കുറച്ചു​കാ​ലം മറിയ തെക്ക്‌ യഹൂദ​യി​ലെ മലനാ​ട്ടിൽ താമസി​ക്കുന്ന ബന്ധുവായ എലിസ​ബ​ത്തി​ന്റെ​കൂ​ടെ​യാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ നസറെ​ത്തി​ലുള്ള വീട്ടിൽ തിരി​ച്ചെ​ത്തി​യി​രി​ക്കു​ന്നു. മറിയ ഗർഭി​ണി​യാ​ണെന്ന്‌ പെട്ടെ​ന്നു​തന്നെ എല്ലാവ​രും അറിയും. മറിയ​യു​ടെ അവസ്ഥ ഒന്നാ​ലോ​ചി​ച്ചു നോക്കൂ!

പക്ഷേ, പ്രശ്‌നം അവിടം​കൊണ്ട്‌ തീരു​ന്നില്ല. കാരണം യോ​സേഫ്‌ എന്നു പേരുള്ള ആ നാട്ടിലെ ഒരു മരപ്പണി​ക്കാ​ര​നു​മാ​യി മറിയ​യു​ടെ കല്യാണം ഉറപ്പി​ച്ചി​രി​ക്കു​ക​യാണ്‌. ഇസ്രാ​യേ​ലി​നു കൊടുത്ത ദൈവ​നി​യ​മ​മ​നു​സ​രിച്ച്‌ വിവാ​ഹ​നി​ശ്ചയം കഴിഞ്ഞ ഒരു സ്‌ത്രീ മറ്റൊ​രാ​ളു​മാ​യി മനസ്സോ​ടെ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്നെ​ങ്കിൽ അവളെ കല്ലെറിഞ്ഞ്‌ കൊല്ല​ണ​മെന്നു മറിയ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. (ആവർത്തനം 22:23, 24) അതു​കൊണ്ട്‌ അധാർമി​ക​ബ​ന്ധ​ത്തി​ലൊ​ന്നും ഏർപ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും തന്റെ അവസ്ഥ​യെ​ക്കു​റിച്ച്‌ എങ്ങനെ യോ​സേ​ഫി​നോ​ടു പറയും, അപ്പോൾ എന്തായി​രി​ക്കും സംഭവി​ക്കുക എന്നൊക്കെ മറിയ ചിന്തി​ച്ചി​ട്ടു​ണ്ടാ​കണം.

മൂന്നു മാസമാ​യി യോ​സേഫ്‌ മറിയയെ കണ്ടിട്ട്‌. അതു​കൊ​ണ്ടു​തന്നെ ഒന്നു നേരിൽ കാണാൻ യോ​സേഫ്‌ എത്രമാ​ത്രം ആഗ്രഹി​ക്കു​ന്നു​ണ്ടാ​കും! സാധ്യ​ത​യ​നു​സ​രിച്ച്‌ യോ​സേ​ഫി​നെ കാണു​മ്പോൾ മറിയ തന്റെ അവസ്ഥ​യെ​ക്കു​റിച്ച്‌ പറയുന്നു. പരിശു​ദ്ധാ​ത്മാ​വി​നാ​ലാ​ണു താൻ ഗർഭി​ണി​യാ​യ​തെന്ന്‌ യോ​സേ​ഫി​നെ പറഞ്ഞു മനസ്സി​ലാ​ക്കാ​നും മറിയ ശ്രമി​ച്ചി​ട്ടു​ണ്ടാ​കും. എന്നാൽ ഇതൊക്കെ യോ​സേ​ഫി​നു മനസ്സി​ലാ​ക്കാ​നും വിശ്വ​സി​ക്കാ​നും ബുദ്ധി​മു​ട്ടുള്ള കാര്യ​ങ്ങ​ളാണ്‌. അതു നമുക്ക്‌ ഊഹി​ക്കാ​വു​ന്നതേ ഉള്ളൂ.

മറിയ നല്ലവളാണ്‌, മറിയ​യ്‌ക്കു നല്ലൊരു പേരുണ്ട്‌ എന്നെല്ലാം യോ​സേ​ഫിന്‌ അറിയാം. യോ​സേഫ്‌ മറിയയെ അതിയാ​യി സ്‌നേ​ഹി​ക്കു​ന്നു​മുണ്ട്‌. കാര്യങ്ങൾ മറിയ പറഞ്ഞെ​ങ്കി​ലും മറിയ​യു​ടെ ഗർഭത്തിന്‌ ഉത്തരവാ​ദി മറ്റൊരു പുരു​ഷ​നാ​ണെന്നു യോ​സേഫ്‌ കരുതു​ന്നു. എന്നാൽ മറിയയെ കല്ലെറിഞ്ഞ്‌ കൊല്ലാ​നോ നാട്ടു​കാ​രു​ടെ​യും വീട്ടു​കാ​രു​ടെ​യും മുന്നിൽ മറിയ അപമാ​നി​ത​യാ​കാ​നോ യോ​സേഫ്‌ ആഗ്രഹി​ക്കു​ന്നില്ല. അതു​കൊണ്ട്‌ ആരും അറിയാ​തെ മറിയയെ വിവാ​ഹ​മോ​ചനം ചെയ്യാൻ യോ​സേഫ്‌ തീരു​മാ​നി​ക്കു​ന്നു. അക്കാലത്ത്‌ വിവാ​ഹ​നി​ശ്ചയം കഴിഞ്ഞ​വരെ വിവാ​ഹി​ത​രാ​യാ​ണു കണക്കാ​ക്കി​യി​രു​ന്നത്‌. അതു​കൊണ്ട്‌ ആ ബന്ധം അവസാ​നി​പ്പി​ക്കു​ന്ന​തി​നു വിവാ​ഹ​മോ​ചനം ആവശ്യ​മാ​യി​രു​ന്നു.

യോ​സേഫ്‌ ഇതെക്കു​റി​ച്ചൊ​ക്കെ ആലോ​ചി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ ഉറങ്ങി​പ്പോ​കു​ന്നു. അപ്പോൾ യഹോ​വ​യു​ടെ ഒരു ദൂതൻ സ്വപ്‌ന​ത്തിൽ യോ​സേ​ഫി​നു പ്രത്യ​ക്ഷ​നാ​കു​ന്നു. ദൂതൻ പറയുന്നു: “നിന്റെ ഭാര്യ​യായ മറിയയെ വീട്ടി​ലേക്കു കൊണ്ടു​വ​രാൻ പേടി​ക്കേണ്ടാ; കാരണം അവൾ ഗർഭി​ണി​യാ​യി​രി​ക്കു​ന്നതു പരിശു​ദ്ധാ​ത്മാ​വി​നാ​ലാണ്‌. അവൾ ഒരു മകനെ പ്രസവി​ക്കും. നീ അവനു യേശു എന്നു പേരി​ടണം. കാരണം അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങ​ളിൽനിന്ന്‌ രക്ഷിക്കും.”​—മത്തായി 1:20, 21.

യോ​സേഫ്‌ ഉറക്കം​തെ​ളി​യു​ന്നു. ഇപ്പോൾ കാര്യ​ങ്ങ​ളെ​ല്ലാം കൃത്യ​മാ​യി മനസ്സി​ലാ​യ​തിൽ യോ​സേ​ഫിന്‌ എത്ര നന്ദി തോന്നി​യി​രി​ക്കണം! ദൂതൻ നിർദേ​ശിച്ച കാര്യങ്ങൾ ചെയ്യാൻ യോ​സേഫ്‌ ഒട്ടും വൈകി​ക്കു​ന്നില്ല. അദ്ദേഹം മറിയയെ വീട്ടി​ലേക്കു കൊണ്ടു​പോ​കു​ന്നു. യോ​സേ​ഫും മറിയ​യും ഇപ്പോൾ വിവാ​ഹി​ത​രാ​ണെന്നു കാണി​ക്കുന്ന ഒരു പ്രവൃ​ത്തി​യാ​ണത്‌, ഒരു വിവാ​ഹ​ച്ച​ട​ങ്ങു​പോ​ലെ. എങ്കിലും യേശു​വി​നെ ഗർഭി​ണി​യാ​യി​രി​ക്കു​മ്പോൾ മറിയ​യു​മാ​യി യോ​സേഫ്‌ ലൈം​ഗി​ക​ബ​ന്ധ​ത്തി​ലൊ​ന്നും ഏർപ്പെ​ടു​ന്നില്ല.

കുറച്ച്‌ മാസങ്ങൾക്കു ശേഷം യോ​സേ​ഫും പൂർണ​ഗർഭി​ണി​യായ മറിയ​യും നസറെ​ത്തി​ലുള്ള വീട്ടിൽനിന്ന്‌ വളരെ അകലെ​യുള്ള ഒരു സ്ഥലത്തേക്കു പോകാൻ തയ്യാ​റെ​ടു​ക്കണം. മറിയ​യ്‌ക്കു പ്രസവം അടുത്തി​രി​ക്കുന്ന ഈ സമയത്ത്‌ അവർ എങ്ങോ​ട്ടാ​ണു പോ​കേ​ണ്ടത്‌?