വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 12

യേശു സ്‌നാ​ന​മേൽക്കു​ന്നു

യേശു സ്‌നാ​ന​മേൽക്കു​ന്നു

മത്തായി 3:13-17; മർക്കോസ്‌ 1:9-11; ലൂക്കോസ്‌ 3:21, 22; യോഹ​ന്നാൻ 1:32-34

  • യേശു​വി​ന്റെ സ്‌നാനം, അഭി​ഷേകം

  • യേശു തന്റെ പുത്ര​നാ​ണെന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു

സ്‌നാ​പ​ക​യോ​ഹ​ന്നാൻ പ്രസം​ഗ​പ്ര​വർത്തനം തുടങ്ങി​യിട്ട്‌ ഏകദേശം ആറു മാസം കഴിഞ്ഞി​രി​ക്കു​ന്നു. യേശു​വിന്‌ ഇപ്പോൾ ഏകദേശം 30 വയസ്സുണ്ട്‌. യേശു യോർദാൻ നദിയിൽ യോഹ​ന്നാ​ന്റെ അടുത്ത്‌ വരുന്നു. എന്തിനാണ്‌? ഇത്‌ വെറു​മൊ​രു സൗഹൃ​ദ​സ​ന്ദർശ​നമല്ല. യോഹ​ന്നാ​ന്റെ പ്രവർത്തനം എങ്ങനെ പുരോ​ഗ​മി​ക്കു​ന്നു എന്നു കാണാ​നു​മല്ല. യേശു വന്ന്‌ യോഹ​ന്നാ​നോട്‌ തന്നെ സ്‌നാനം കഴിപ്പി​ക്കാൻ പറയുന്നു.

നമുക്ക്‌ ഊഹി​ക്കാ​വു​ന്ന​തു​പോ​ലെ യോഹ​ന്നാൻ സമ്മതി​ക്കു​ന്നില്ല. “നീ എന്നെയല്ലേ സ്‌നാ​ന​പ്പെ​ടു​ത്തേ​ണ്ടത്‌, ആ നീ എന്റെ അടുക്കൽ വരുന്നോ” എന്നു പറഞ്ഞ്‌ യോഹ​ന്നാൻ എതിർക്കു​ന്നു. (മത്തായി 3:14) യേശു ദൈവ​ത്തി​ന്റെ ഇഷ്ടപു​ത്ര​നാ​ണെന്നു യോഹ​ന്നാന്‌ അറിയാം. മറിയ യേശു​വി​നെ ഗർഭം​ധ​രി​ച്ചി​രി​ക്കു​മ്പോൾ യോഹ​ന്നാ​ന്റെ അമ്മയായ എലിസ​ബ​ത്തി​നെ കാണാൻ ചെന്നതും യോഹ​ന്നാൻ അമ്മയുടെ വയറ്റിൽ കിടന്ന്‌ സന്തോ​ഷം​കൊണ്ട്‌ തുള്ളി​യ​തും ഓർക്കു​ന്നി​ല്ലേ? എന്തായാ​ലും അമ്മ അക്കാര്യം യോഹ​ന്നാ​നോ​ടു പറഞ്ഞി​ട്ടുണ്ട്‌. കൂടാതെ യേശു​വി​ന്റെ ജനന​ത്തെ​ക്കു​റിച്ച്‌ ദൈവ​ദൂ​ത​ന്മാർ അറിയി​ച്ച​തി​നെ​ക്കു​റി​ച്ചും യേശു ജനിച്ച രാത്രി​യിൽ ദൂതന്മാർ ഇടയന്മാർക്കു പ്രത്യ​ക്ഷ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചും യോഹ​ന്നാൻ കേട്ടി​ട്ടുണ്ട്‌.

പാപങ്ങ​ളെ​ക്കു​റിച്ച്‌ മാനസാ​ന്ത​ര​പ്പെ​ടു​ന്ന​വ​രെ​യാ​ണു താൻ സ്‌നാ​ന​പ്പെ​ടു​ത്തു​ന്ന​തെന്നു യോഹ​ന്നാന്‌ അറിയാം. യേശു​വി​നാ​ണെ​ങ്കിൽ പാപമി​ല്ല​താ​നും. പക്ഷേ യോഹ​ന്നാൻ എതിർത്തി​ട്ടും യേശു സമ്മതി​ക്കു​ന്നില്ല. “ഇപ്പോൾ ഇതു നടക്കട്ടെ; അങ്ങനെ നീതി​യാ​യതു ചെയ്യു​ന്ന​താ​ണ​ല്ലോ എന്തു​കൊ​ണ്ടും ഉചിതം,” യേശു പറയുന്നു.​—മത്തായി 3:15.

യേശു സ്‌നാ​ന​പ്പെ​ടു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? മാനസാ​ന്ത​ര​ത്തി​ന്റെ അടയാ​ള​മാ​യി​ട്ടുള്ള സ്‌നാ​നമല്ല ഇത്‌. പിതാ​വി​ന്റെ ഇഷ്ടം ചെയ്യാൻവേണ്ടി യേശു തന്നെത്തന്നെ വിട്ടു​കൊ​ടു​ക്കു​ന്നു എന്നാണ്‌ ഇതിന്റെ അർഥം. (എബ്രായർ 10:5-7) യേശു ഒരു മരപ്പണി​ക്കാ​ര​നാണ്‌. എന്നാൽ ഇപ്പോൾ ശുശ്രൂഷ ആരംഭി​ക്കാ​നുള്ള സമയമാ​യി. അതിനു​വേ​ണ്ടി​യാണ്‌ പിതാവ്‌ സ്വർഗ​ത്തിൽനിന്ന്‌ യേശു​വി​നെ ഭൂമി​യി​ലേക്ക്‌ അയച്ചത്‌. യേശു​വി​നെ സ്‌നാ​ന​പ്പെ​ടു​ത്തു​മ്പോൾ അസാധാ​ര​ണ​മായ എന്തെങ്കി​ലും നടക്കു​മെന്ന്‌ യോഹ​ന്നാൻ പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടോ?

യോഹ​ന്നാൻ പിന്നീട്‌ ഇങ്ങനെ പറയുന്നു: “വെള്ളത്തിൽ സ്‌നാ​ന​പ്പെ​ടു​ത്താൻ എന്നെ അയച്ച ദൈവം എന്നോട്‌, ‘ആത്മാവ്‌ ഇറങ്ങി​വന്ന്‌ ആരുടെ മേൽ വസിക്കു​ന്ന​താ​ണോ നീ കാണു​ന്നത്‌ അവനാണു പരിശു​ദ്ധാ​ത്മാ​വു​കൊണ്ട്‌ സ്‌നാ​ന​പ്പെ​ടു​ത്തു​ന്നവൻ’ എന്നു പറഞ്ഞു.” (യോഹ​ന്നാൻ 1:33) ഇക്കാര്യം മനസ്സി​ലു​ണ്ടാ​യി​രുന്ന യോഹ​ന്നാൻ, താൻ സ്‌നാ​ന​പ്പെ​ടു​ത്തുന്ന ആരു​ടെ​യെ​ങ്കി​ലും മേൽ പരിശു​ദ്ധാ​ത്മാവ്‌ വരാൻ പ്രതീ​ക്ഷി​ക്കു​ന്നു. അതു​കൊണ്ട്‌ യേശു വെള്ളത്തിൽനിന്ന്‌ കയറു​മ്പോൾ ‘ദൈവ​ത്തി​ന്റെ ആത്മാവ്‌ പ്രാവു​പോ​ലെ യേശു​വി​ന്റെ മേൽ ഇറങ്ങി​വ​രു​ന്നതു’ കണ്ട യോഹ​ന്നാന്‌ അതിൽ ഒട്ടും അതിശയം തോന്നു​ന്നില്ല.​—മത്തായി 3:16.

എന്നാൽ യേശു​വി​ന്റെ സ്‌നാ​ന​സ​മ​യത്ത്‌ മറ്റു പലതും സംഭവി​ക്കു​ന്നു. ‘ആകാശം തുറക്കു​ന്ന​താ​യി’ നമ്മൾ വായി​ക്കു​ന്നു. എന്താണ്‌ അതിന്റെ അർഥം? മനുഷ്യ​നാ​കു​ന്ന​തി​നു മുമ്പ്‌ യേശു സ്വർഗ​ത്തിൽ ആസ്വദി​ച്ചി​രുന്ന ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള ഓർമകൾ സ്‌നാ​ന​സ​മ​യത്ത്‌ യേശു​വി​നു തിരികെ കിട്ടി​യ​തി​നെ ആയിരി​ക്കാം അത്‌ അർഥമാ​ക്കു​ന്നത്‌. അങ്ങനെ ഭൂമി​യി​ലേക്കു വരുന്ന​തി​നു മുമ്പ്‌ താൻ യഹോ​വ​യു​ടെ ഒരു ആത്മപു​ത്ര​നാ​യി​രു​ന്നെന്ന്‌ യേശു ഓർക്കു​ന്നു. കൂടാതെ, സ്വർഗ​ത്തിൽവെച്ച്‌ യഹോവ പഠിപ്പിച്ച സത്യങ്ങ​ളും യേശു​വി​ന്റെ ഓർമ​യി​ലേക്കു വരുന്നു.

ഇതു കൂടാതെ സ്‌നാ​ന​സ​മ​യത്ത്‌ സ്വർഗ​ത്തിൽനിന്ന്‌ ഒരു ശബ്ദം ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “ഇവൻ എന്റെ പ്രിയ​പു​ത്രൻ, ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു.” (മത്തായി 3:17) ആരുടെ ശബ്ദമാണ്‌ അത്‌? എന്തായാ​ലും അത്‌ യേശു​വി​ന്റെ ശബ്ദമല്ല. കാരണം യേശു അപ്പോൾ അവിടെ യോഹ​ന്നാ​ന്റെ​കൂ​ടെ​യുണ്ട്‌. ആ ശബ്ദം ദൈവ​ത്തി​ന്റേ​താണ്‌. ഉറപ്പാ​യും യേശു ദൈവ​ത്തി​ന്റെ പുത്ര​നാണ്‌, ദൈവമല്ല.

ആദ്യമ​നു​ഷ്യ​നാ​യ ആദാമി​നെ​പ്പോ​ലെ​തന്നെ യേശു​വും ദൈവ​ത്തി​ന്റെ മനുഷ്യ​മ​ക്ക​ളിൽ ഒരാളാണ്‌ എന്നതു ശ്രദ്ധേ​യ​മാണ്‌. യേശു​വി​ന്റെ സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ വിവരി​ച്ച​ശേഷം ശിഷ്യ​നായ ലൂക്കോസ്‌ എഴുതു​ന്നു: “ശുശ്രൂഷ ആരംഭി​ക്കു​മ്പോൾ യേശു​വിന്‌ ഏകദേശം 30 വയസ്സാ​യി​രു​ന്നു. യേശു യോ​സേ​ഫി​ന്റെ മകനാ​ണെന്നു ജനം കരുതി. യോ​സേഫ്‌ ഹേലി​യു​ടെ മകൻ . . . ദാവീ​ദി​ന്റെ മകൻ . . . അബ്രാ​ഹാ​മി​ന്റെ മകൻ . . . നോഹ​യു​ടെ മകൻ . . . ആദാമി​ന്റെ മകൻ; ആദാം ദൈവ​ത്തി​ന്റെ മകൻ.”​—ലൂക്കോസ്‌ 3:23-38.

ആദാം “ദൈവ​ത്തി​ന്റെ മകൻ” ആയിരു​ന്നു. അതു​പോ​ലുള്ള ഒരു മകനാ​യി​രു​ന്നു മനുഷ്യ​നാ​യി ജനിച്ച യേശു​വും. സ്‌നാ​ന​സ​മ​യത്ത്‌ ദൈവ​ത്തി​ന്റെ ആത്മപു​ത്ര​നാ​കുക വഴി യേശു ദൈവ​വു​മാ​യി ഒരു പുതിയ ബന്ധത്തി​ലേക്കു വന്നു. അങ്ങനെ ദിവ്യ​സ​ത്യം പഠിപ്പി​ക്കാ​നും ജീവനി​ലേ​ക്കുള്ള വഴി കാണി​ക്കാ​നും പറ്റിയ സ്ഥാനത്താ​യി യേശു. അതെ, യേശു ഒരു പുതിയ ജീവിതം തുടങ്ങു​ക​യാണ്‌. ഒടുവിൽ ആ ജീവിതം പാപി​ക​ളായ മനുഷ്യർക്കു​വേണ്ടി തന്റെ മനുഷ്യ​ജീ​വൻ യാഗമാ​യി അർപ്പി​ക്കു​ന്ന​തിൽ ചെന്നെ​ത്തു​മാ​യി​രു​ന്നു.