വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 43

സ്വർഗ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്തങ്ങൾ

സ്വർഗ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്തങ്ങൾ

മത്തായി 13:1-53; മർക്കോസ്‌ 4:1-34; ലൂക്കോസ്‌ 8:4-18

  • യേശു സ്വർഗ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്തങ്ങൾ പറയുന്നു

പരീശ​ന്മാ​രെ ശകാരി​ക്കുന്ന സമയത്ത്‌ യേശു സാധ്യ​ത​യ​നു​സ​രിച്ച്‌ കഫർന്ന​ഹൂ​മി​ലാണ്‌. ആ ദിവസം​തന്നെ കുറെ കഴിഞ്ഞ്‌ യേശു വീട്ടിൽനിന്ന്‌ ഇറങ്ങി അടുത്തുള്ള ഗലീല കടൽത്തീ​ര​ത്തേക്കു പോകു​ന്നു. അവിടെ വലി​യൊ​രു ജനക്കൂട്ടം വന്നുകൂ​ടു​ന്നു. അപ്പോൾ യേശു ഒരു വള്ളത്തിൽ കയറി കരയിൽനിന്ന്‌ അൽപ്പം മാറി ഇരുന്ന്‌ സ്വർഗ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ അവരെ പഠിപ്പി​ക്കാൻതു​ട​ങ്ങു​ന്നു. കുറെ ദൃഷ്ടാ​ന്തങ്ങൾ അഥവാ ഉപമകൾ ഉപയോ​ഗി​ച്ചാ​ണു യേശു പഠിപ്പി​ക്കു​ന്നത്‌. യേശു പറയുന്ന മിക്ക കാര്യ​ങ്ങ​ളു​ടെ​യും പശ്ചാത്ത​ല​വും പ്രത്യേ​ക​ത​ക​ളും കേൾവി​ക്കാർക്കു പരിച​യ​മു​ള്ള​വ​യാണ്‌. അതു​കൊ​ണ്ടു​തന്നെ രാജ്യ​ത്തി​ന്റെ വ്യത്യസ്‌ത വശങ്ങ​ളെ​ക്കു​റിച്ച്‌ അവർക്കു പെട്ടെന്നു മനസ്സി​ലാ​കു​ന്നു.

ആദ്യം യേശു പറയു​ന്നതു വിത്തു വിതയ്‌ക്കുന്ന ഒരു വിതക്കാ​ര​നെ​ക്കു​റി​ച്ചാണ്‌. കുറെ വിത്ത്‌ വഴിയ​രി​കിൽ വീണിട്ട്‌ പക്ഷികൾ അവ തിന്നു​ക​ള​യു​ന്നു. ചിലത്‌ അധികം മണ്ണില്ലാത്ത പാറസ്ഥ​ല​ത്താ​ണു വീഴു​ന്നത്‌. വേരു മുളയ്‌ക്കു​ന്നെ​ങ്കി​ലും ആഴത്തിൽ ഇറങ്ങാൻ പറ്റുന്നില്ല. അങ്ങനെ വെയി​ലത്ത്‌ അതു വാടി​പ്പോ​കു​ന്നു. വേറെ കുറച്ച്‌ വിത്ത്‌ മുൾച്ചെ​ടി​കൾക്കി​ട​യിൽ വീഴുന്നു. മുൾച്ചെ​ടി​കൾ വളരു​മ്പോൾ അവയെ ഞെരു​ക്കി​ക്ക​ള​യു​ന്നു. അവസാനം, കുറെ വിത്ത്‌ നല്ല നിലത്ത്‌ വീഴുന്നു. അവ ഫലം തരുന്നു. “ചിലത്‌ 100 മേനി​യും ചിലത്‌ 60 മേനി​യും വേറെ ചിലത്‌ 30 മേനി​യും.”​—മത്തായി 13:8.

മറ്റൊരു ദൃഷ്ടാ​ന്ത​ത്തിൽ യേശു രാജ്യത്തെ, ഒരു മനുഷ്യൻ വിത്ത്‌ വിതയ്‌ക്കു​ന്ന​തി​നോ​ടു താരത​മ്യം ചെയ്യുന്നു. ആ മനുഷ്യൻ ഉറങ്ങി​യാ​ലും ശരി, ഉണർന്നി​രു​ന്നാ​ലും ശരി, വിത്ത്‌ വളരുന്നു. പക്ഷേ “എങ്ങനെ​യെന്ന്‌ അയാൾ അറിയു​ന്നില്ല.” (മർക്കോസ്‌ 4:27) അതു തനിയെ വളർന്ന്‌ ധാന്യം വിളയു​ന്നു. അയാൾക്ക്‌ അതു കൊയ്യാ​നാ​കു​ന്നു.

വിതയ്‌ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള മൂന്നാ​മ​തൊ​രു ദൃഷ്ടാ​ന്ത​വും യേശു പറയുന്നു. ഒരു മനുഷ്യൻ നല്ല വിത്ത്‌ വിതയ്‌ക്കു​ന്നു. പക്ഷേ “ആളുകൾ ഉറക്കമാ​യ​പ്പോൾ” ശത്രു വന്ന്‌ ഗോത​മ്പി​ന്റെ ഇടയിൽ കളകൾ വിതച്ചിട്ട്‌ പൊയ്‌ക്ക​ള​യു​ന്നു. കളകൾ പറിച്ച്‌ മാറ്റണോ എന്ന്‌ അയാളു​ടെ അടിമകൾ ചെന്ന്‌ ചോദി​ക്കു​ന്നു. അയാൾ പറയുന്നു: “വേണ്ടാ; കളകൾ പറിക്കു​മ്പോൾ ഗോത​മ്പും​കൂ​ടെ പിഴു​തു​പോ​രും. കൊയ്‌ത്തു​വരെ രണ്ടും ഒന്നിച്ച്‌ വളരട്ടെ. ആ സമയത്ത്‌ ഞാൻ കൊയ്‌ത്തു​കാ​രോട്‌, ആദ്യം കളകൾ പറിച്ചു​കൂ​ട്ടി ചുട്ടു​ക​ള​യേ​ണ്ട​തി​നു കെട്ടു​ക​ളാ​ക്കാ​നും പിന്നെ ഗോതമ്പ്‌ എന്റെ സംഭര​ണ​ശാ​ല​യിൽ ശേഖരി​ക്കാ​നും പറയും.”​—മത്തായി 13:24-30.

യേശു​വി​ന്റെ കേൾവി​ക്കാ​രിൽ പലർക്കും കൃഷി​യെ​ക്കു​റിച്ച്‌ അറിയാം. പരക്കെ അറിയാ​വുന്ന മറ്റൊരു കാര്യ​ത്തെ​ക്കു​റി​ച്ചും യേശു പറയുന്നു, ചെറിയ കടുകു​മ​ണി​യെ​ക്കു​റിച്ച്‌. അതു വളർന്ന്‌ ഒരു മരമാ​കു​ന്നു, പക്ഷികൾക്കു ചേക്കേ​റാൻ പാകത്തിന്‌ അത്ര വലുതാണ്‌ അത്‌. ആ കടുകു​മ​ണി​യെ​ക്കു​റിച്ച്‌ യേശു പറയുന്നു: “സ്വർഗ​രാ​ജ്യം ഒരു മനുഷ്യൻ അയാളു​ടെ വയലിൽ വിതച്ച കടുകു​മ​ണി​പോ​ലെ​യാണ്‌.” (മത്തായി 13:31) യേശു ഇവിടെ സസ്യശാ​സ്‌ത്രം പഠിപ്പി​ക്കു​ക​യാ​യി​രു​ന്നില്ല. അസാധാ​ര​ണ​മായ വളർച്ച​യെ​ക്കു​റിച്ച്‌, അതായത്‌ വളരെ ചെറു​തായ ഒന്നിന്‌ എങ്ങനെ വളർന്ന്‌ വളരെ വലുതാ​കാം അല്ലെങ്കിൽ വികസി​ക്കാം എന്നതി​നെ​ക്കു​റിച്ച്‌, പറയു​ക​യാ​യി​രു​ന്നു.

കേൾവി​ക്കാ​രിൽ പലർക്കും പരിച​യ​മുള്ള മറ്റൊരു കാര്യ​ത്തെ​ക്കു​റി​ച്ചാണ്‌ അടുത്ത​താ​യി യേശു പറയു​ന്നത്‌. “പുളി​പ്പി​ക്കാൻ ഉപയോ​ഗി​ക്കുന്ന മാവു​പോ​ലെ​യാണ്‌ ” സ്വർഗ​രാ​ജ്യം എന്നു യേശു പറയുന്നു. “ഒരു സ്‌ത്രീ അത്‌ എടുത്ത്‌ മൂന്നു സെയാ മാവിൽ കലർത്തി”വെക്കുന്നു. (മത്തായി 13:33) പുളി​ക്കുന്ന വിധം നമുക്കു കാണാൻ കഴിയില്ല. പക്ഷേ, അതു മാവിനെ മുഴുവൻ പുളി​പ്പിച്ച്‌ അതു പൊങ്ങാൻ ഇടയാ​ക്കു​ന്നു. പെട്ടെന്നു തിരി​ച്ച​റി​യാൻ പറ്റാത്ത വലിയ വർധന​വും മാറ്റങ്ങ​ളും അതു വരുത്തു​ന്നു.

ഈ ദൃഷ്ടാ​ന്തങ്ങൾ പറഞ്ഞിട്ട്‌ യേശു ജനക്കൂ​ട്ടത്തെ പിരി​ച്ചു​വി​ടു​ന്നു. എന്നിട്ട്‌ താമസി​ക്കുന്ന വീട്ടിൽ വരുന്നു. ഉടനെ ശിഷ്യ​ന്മാർ അടുത്ത്‌ വരുന്നു. യേശു പറഞ്ഞതി​ന്റെ ഒക്കെ അർഥം എന്താ​ണെന്ന്‌ അവർക്ക്‌ അറിയണം.

യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ങ്ങ​ളിൽനിന്ന്‌ പ്രയോ​ജനം നേടുന്നു

യേശു ദൃഷ്ടാ​ന്തങ്ങൾ പറയു​ന്നത്‌ ശിഷ്യ​ന്മാർ മുമ്പും കേട്ടി​ട്ടുണ്ട്‌. പക്ഷേ, ഒറ്റയടിക്ക്‌ ഇത്രയ​ധി​കം ദൃഷ്ടാ​ന്തങ്ങൾ പറയു​ന്നത്‌ ആദ്യമാ​യി​ട്ടാണ്‌. അവർ യേശു​വി​നോട്‌, “അങ്ങ്‌ എന്തിനാണ്‌ അവരോ​ടു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗിച്ച്‌ സംസാ​രി​ക്കു​ന്നത്‌ ” എന്നു ചോദി​ക്കു​ന്നു.​—മത്തായി 13:10.

ഒരു കാരണം ബൈബിൾപ്ര​വ​ച​നങ്ങൾ നിറ​വേ​റണം എന്നതാണ്‌. മത്തായി​യു​ടെ വിവരണം പറയുന്നു: “ദൃഷ്ടാ​ന്തങ്ങൾ കൂടാതെ യേശു അവരോട്‌ ഒന്നും പറയാ​റി​ല്ലാ​യി​രു​ന്നു. അങ്ങനെ ഈ പ്രവാ​ച​ക​വ​ചനം നിറ​വേറി: ‘ഞാൻ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗിച്ച്‌ സംസാ​രി​ക്കും. തുടക്കം​മു​തൽ മറഞ്ഞി​രി​ക്കു​ന്നവ ഞാൻ പ്രസി​ദ്ധ​മാ​ക്കും.’”​—മത്തായി 13:34, 35; സങ്കീർത്തനം 78:2.

പക്ഷേ യേശു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ച​തി​നു വേറെ​യും കാരണ​മുണ്ട്‌. അതിലൂ​ടെ ആളുക​ളു​ടെ മനോ​ഭാ​വം വെളി​പ്പെ​ടും. യേശു നല്ലനല്ല കഥകൾ പറയും, അത്ഭുതങ്ങൾ ചെയ്യും എന്നതിന്റെ പേരിൽ മാത്ര​മാ​ണു പലരും യേശു​വിൽ താത്‌പ​ര്യം കാണി​ച്ചത്‌. കർത്താ​വാ​യി അനുസ​രി​ക്കേണ്ട വ്യക്തി​യാ​യി​ട്ടോ നിസ്സ്വാർഥ​മാ​യി അനുഗ​മി​ക്കേണ്ട ആളായി​ട്ടോ അവർ യേശു​വി​നെ കണക്കാ​ക്കു​ന്നില്ല. (ലൂക്കോസ്‌ 6:46, 47) കാര്യങ്ങൾ വീക്ഷി​ക്കുന്ന വിധത്തി​നോ ജീവിതം നയിക്കുന്ന രീതി​ക്കോ എന്തെങ്കി​ലും മാറ്റം വരുത്താൻ അവർക്കു താത്‌പ​ര്യ​മില്ല. സന്ദേശം ഹൃദയ​ത്തിൽ അത്ര​ത്തോ​ളം ആഴത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലാൻ അവർ ആഗ്രഹി​ക്കു​ന്നില്ല.

ശിഷ്യ​ന്മാ​രു​ടെ ചോദ്യ​ത്തിന്‌ യേശു ഇങ്ങനെ മറുപടി പറയുന്നു: “അതു​കൊ​ണ്ടാണ്‌ ഞാൻ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗിച്ച്‌ അവരോ​ടു സംസാ​രി​ക്കു​ന്നത്‌. കാരണം അവർ നോക്കു​ന്നുണ്ട്‌. പക്ഷേ അതു​കൊണ്ട്‌ ഒരു കാര്യ​വു​മില്ല. അവർ കേൾക്കു​ന്നുണ്ട്‌. പക്ഷേ അതു​കൊണ്ട്‌ ഒരു ഗുണവു​മില്ല. പറയു​ന്ന​തി​ന്റെ സാരം അവർ മനസ്സി​ലാ​ക്കു​ന്നു​മില്ല. അങ്ങനെ യശയ്യയു​ടെ ഈ പ്രവചനം അവരിൽ നിറ​വേ​റു​ക​യാണ്‌: ‘. . . ഈ ജനത്തിന്റെ ഹൃദയം തഴമ്പി​ച്ചി​രി​ക്കു​ന്നു.’”​—മത്തായി 13:13-15; യശയ്യ 6:9, 10.

പക്ഷേ, യേശു പറഞ്ഞത്‌ കേട്ടു​കൊ​ണ്ടി​രുന്ന എല്ലാവ​രു​ടെ​യും കാര്യ​ത്തിൽ ഇതു സത്യമല്ല. യേശു പറയുന്നു: “നിങ്ങളു​ടെ കണ്ണുകൾ കാണു​ന്ന​തു​കൊ​ണ്ടും ചെവികൾ കേൾക്കു​ന്ന​തു​കൊ​ണ്ടും അവ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​താണ്‌. കാരണം അനേകം പ്രവാ​ച​ക​ന്മാ​രും നീതി​മാ​ന്മാ​രും നിങ്ങൾ കാണു​ന്നതു കാണാൻ ആഗ്രഹി​ച്ചി​ട്ടും കണ്ടില്ല, നിങ്ങൾ കേൾക്കു​ന്നതു കേൾക്കാൻ ആഗ്രഹി​ച്ചി​ട്ടും കേട്ടില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”​—മത്തായി 13:16, 17.

അതെ, 12 അപ്പോസ്‌ത​ല​ന്മാ​രും വിശ്വസ്‌ത​രായ ശിഷ്യ​ന്മാ​രും യേശു പറയു​ന്നതു സ്വീക​രി​ക്കാൻ മനസ്സൊ​രു​ക്ക​മു​ള്ള​വ​രാ​യി​രു​ന്നു. അതു​കൊണ്ട്‌ യേശു പറയുന്നു: “സ്വർഗ​രാ​ജ്യ​ത്തി​ന്റെ പാവന​ര​ഹ​സ്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ നിങ്ങളെ അനുവ​ദി​ച്ചി​രി​ക്കു​ന്നു. പക്ഷേ അവരെ അനുവ​ദി​ച്ചി​ട്ടില്ല.” (മത്തായി 13:11) കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ ശിഷ്യ​ന്മാർ ആത്മാർഥ​മാ​യി ആഗ്രഹി​ച്ച​തു​കൊണ്ട്‌ യേശു അവർക്കു വിതക്കാ​രന്റെ ദൃഷ്ടാന്തം വിശദീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്നു.

യേശു പറയുന്നു: “വിത്ത്‌ ദൈവ​വ​ചനം.” (ലൂക്കോസ്‌ 8:11) മണ്ണ്‌ ഹൃദയ​മാണ്‌. ഈ ദൃഷ്ടാ​ന്ത​ത്തി​ന്റെ അർഥം മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന സുപ്ര​ധാ​ന​മായ ഒരു സംഗതി​യാണ്‌ അത്‌.

വഴിയ​രി​കിൽ, ആളുകൾ ചവിട്ടി നടന്ന്‌ തറഞ്ഞു​കി​ട​ക്കുന്ന മണ്ണിൽ വീണ വിത്തി​നെ​ക്കു​റിച്ച്‌ യേശു പറയുന്നു: “ചിലർ ആ വചനം കേൾക്കു​ന്നെ​ങ്കി​ലും അവർ വിശ്വ​സിച്ച്‌ രക്ഷ നേടാ​തി​രി​ക്കാൻ പിശാച്‌ വന്ന്‌ അവരുടെ ഹൃദയ​ങ്ങ​ളിൽനിന്ന്‌ വചനം എടുത്തു​ക​ള​യു​ന്നു.” (ലൂക്കോസ്‌ 8:12) പാറസ്ഥ​ലത്ത്‌ വീണ വിത്തി​നെ​ക്കു​റിച്ച്‌ പറയു​മ്പോൾ യേശു അർഥമാ​ക്കു​ന്നത്‌, വചനം സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ക്കു​ന്നെ​ങ്കി​ലും ആഴത്തിൽ വേരു​പി​ടി​ക്കാത്ത ഹൃദയ​നി​ല​യു​ള്ള​വ​രെ​യാണ്‌. “ദൈവ​വ​ച​ന​ത്തി​ന്റെ പേരിൽ കഷ്ടതയോ ഉപദ്ര​വ​മോ ഉണ്ടാകു​മ്പോൾ” അവർ വീണു​പോ​കു​ന്നു. അതെ, “പരീക്ഷ​ണ​ങ്ങ​ളു​ടെ സമയത്ത്‌ ” ഒരുപക്ഷേ, കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നോ മറ്റുള്ള​വ​രിൽനി​ന്നോ എതിർപ്പ്‌ ഉണ്ടാകു​മ്പോൾ, അവർ വീണു​പോ​കു​ന്നു.​—മത്തായി 13:21; ലൂക്കോസ്‌ 8:13.

മുള്ളു​കൾക്കി​ട​യിൽ വീഴുന്ന വിത്തിന്റെ കാര്യ​മോ? ഇതു വചനം കേട്ട ആളുക​ളെ​ക്കു​റി​ച്ചാണ്‌ എന്നു യേശു ശിഷ്യ​ന്മാ​രോ​ടു പറയുന്നു. “ഈ വ്യവസ്ഥി​തി​യി​ലെ ഉത്‌കണ്‌ഠ​ക​ളും ധനത്തിന്റെ വഞ്ചകശ​ക്തി​യും” അവരെ ഞെരു​ക്കി​ക്ക​ള​യു​ന്നു. (മത്തായി 13:22) വചനം അവരുടെ ഹൃദയ​ത്തി​ലു​ണ്ടാ​യി​രു​ന്നു, പക്ഷേ ഇപ്പോൾ അതു ഞെരി​ഞ്ഞ​മർന്ന്‌ ഫലം കായ്‌ക്കാത്ത സ്ഥിതി​യി​ലാ​യി.

അവസാ​ന​മാ​യി യേശു പറയു​ന്നതു നല്ല മണ്ണി​നെ​ക്കു​റി​ച്ചാണ്‌. വചനം കേട്ട്‌ അതു ഹൃദയ​ത്തിൽ സ്വീക​രി​ക്കുന്ന, അതിന്റെ ശരിക്കുള്ള അർഥം മനസ്സി​ലാ​ക്കുന്ന, ആളുക​ളെ​യാ​ണു യേശു ഉദ്ദേശി​ക്കു​ന്നത്‌. ഫലമോ? അവർ ‘ഫലം പുറ​പ്പെ​ടു​വി​ക്കു​ന്നു.’ പ്രായം, ആരോ​ഗ്യ​സ്ഥി​തി എന്നിങ്ങനെ ഓരോ​രു​ത്ത​രു​ടെ​യും സാഹച​ര്യം വ്യത്യസ്‌ത​മാണ്‌. അതു​കൊണ്ട്‌ എല്ലാവർക്കും ഒരേ രീതി​യിൽ ചെയ്യാൻ പറ്റുന്നില്ല. ചിലർ 100 മേനി​യും ചിലർ 60 മേനി​യും വേറെ ചിലർ 30 മേനി​യും വിളവ്‌ ഉത്‌പാ​ദി​പ്പി​ക്കു​ന്നു. അതെ, “ആത്മാർഥ​ത​യുള്ള നല്ലൊരു ഹൃദയ​ത്തോ​ടെ ദൈവ​വ​ചനം കേട്ടിട്ട്‌ ഉള്ളിൽ സംഗ്ര​ഹി​ക്കു​ക​യും സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കു​ക​യും ചെയ്യുന്ന”വർക്ക്‌ ദൈവത്തെ സേവി​ക്കു​ന്ന​തി​ന്റെ അനു​ഗ്ര​ഹങ്ങൾ കിട്ടുന്നു.​—ലൂക്കോസ്‌ 8:15.

യേശു പഠിപ്പിച്ച കാര്യ​ങ്ങ​ളു​ടെ വിശദീ​ക​രണം തേടി വന്ന ശിഷ്യ​ന്മാർക്ക്‌ ആ വാക്കുകൾ കേട്ട​പ്പോൾ എത്ര സന്തോഷം തോന്നി​ക്കാ​ണും! ആ ദൃഷ്ടാ​ന്ത​ങ്ങ​ളെ​ക്കു​റിച്ച്‌ കുറെ​ക്കൂ​ടി ആഴത്തി​ലുള്ള ഗ്രാഹ്യം അവർക്കു കിട്ടി​യി​രി​ക്കു​ന്നു. ഈ ദൃഷ്ടാ​ന്ത​ങ്ങ​ളു​ടെ അർഥം അവർ മനസ്സി​ലാ​ക്കാൻ യേശു ആഗ്രഹി​ക്കു​ന്നു. കാരണം അപ്പോ​ഴല്ലേ ഈ സത്യങ്ങൾ മറ്റുള്ള​വർക്കു പറഞ്ഞു​കൊ​ടു​ക്കാൻ അവർക്കു കഴിയൂ. യേശു ചോദി​ക്കു​ന്നു: “വിളക്കു കത്തിച്ച്‌ ആരെങ്കി​ലും കൊട്ട​യു​ടെ കീഴെ​യോ കട്ടിലി​ന്റെ അടിയി​ലോ വെക്കാ​റു​ണ്ടോ? വിളക്കു​ത​ണ്ടി​ലല്ലേ വെക്കുക?” എന്നിട്ട്‌ യേശു പറയുന്നു: “കേൾക്കാൻ ചെവി​യു​ള്ളവൻ കേൾക്കട്ടെ.”—മർക്കോസ്‌ 4:21-23.

കൂടുതൽ നിർദേ​ശങ്ങൾ നൽകുന്നു

വിതക്കാ​ര​നെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്ത​ത്തി​ന്റെ വിശദീ​ക​രണം കിട്ടി​ക്ക​ഴി​ഞ്ഞ​പ്പോൾ കൂടുതൽ അറിയാൻ ശിഷ്യ​ന്മാർക്ക്‌ ആഗ്രഹ​മാ​യി. “വയലിലെ കളകളു​ടെ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീ​ക​രി​ച്ചു​ത​രാ​മോ” എന്ന്‌ അവർ ചോദി​ക്കു​ന്നു.​—മത്തായി 13:36.

ആ ചോദ്യം ചോദി​ച്ച​തി​ലൂ​ടെ, കടൽത്തീ​രത്ത്‌ ഉണ്ടായി​രുന്ന മറ്റുള്ള​വ​രിൽനിന്ന്‌ വ്യത്യസ്‌ത​മായ ഒരു മനോ​ഭാ​വ​മാ​ണു തങ്ങൾക്കു​ള്ള​തെന്ന്‌ അവർ കാണിച്ചു. തെളി​വ​നു​സ​രിച്ച്‌ ആ ആളുക​ളും യേശു പറഞ്ഞ​തെ​ല്ലാം കേട്ടതാണ്‌. പക്ഷേ, ആ ദൃഷ്ടാ​ന്ത​ങ്ങ​ളു​ടെ അർഥമോ യേശു എന്തിനു​വേ​ണ്ടി​യാണ്‌ അതു പറഞ്ഞ​തെ​ന്നോ അറിയാൻ അവർക്കു താത്‌പ​ര്യ​മില്ല. ദൃഷ്ടാ​ന്തം​കൊ​ണ്ടു​തന്നെ അവർ തൃപ്‌ത​രാണ്‌. കടൽത്തീ​രത്ത്‌ കൂടിവന്ന മറ്റാളു​ക​ളും കൂടുതൽ പഠിക്കാ​നുള്ള ആഗ്രഹ​ത്തോ​ടെ തന്റെ അടുക്കൽ വന്ന ശിഷ്യ​ന്മാ​രും തമ്മിലുള്ള വ്യത്യാ​സം എടുത്തു​കാ​ണി​ച്ചു​കൊണ്ട്‌ യേശു പറയുന്നു:

“കേൾക്കുന്ന കാര്യ​ങ്ങൾക്കു ശ്രദ്ധ കൊടു​ക്കുക. നിങ്ങൾ അളന്നു​കൊ​ടു​ക്കുന്ന പാത്രം​കൊ​ണ്ടു​തന്നെ നിങ്ങൾക്കും അളന്നു​കി​ട്ടും; അതിൽ അധിക​വും കിട്ടും.” (മർക്കോസ്‌ 4:24) യേശു പറയുന്ന കാര്യ​ങ്ങൾക്കു ശിഷ്യ​ന്മാർ നല്ല ശ്രദ്ധ കൊടു​ക്കു​ന്നു. അവർ ആത്മാർഥ​മായ താത്‌പ​ര്യ​വും ശ്രദ്ധയും യേശു​വിന്‌ അളന്നു​കൊ​ടു​ക്കു​ന്നു, അപ്പോൾ കൂടുതൽ നിർദേ​ശ​ങ്ങ​ളും ഗ്രാഹ്യ​വും കിട്ടു​ന്ന​തി​ന്റെ അനു​ഗ്രഹം അവർക്ക്‌ ആസ്വദി​ക്കാ​നാ​കു​ന്നു. ഗോത​മ്പി​നെ​യും കളയെ​യും കുറി​ച്ചുള്ള ദൃഷ്ടാ​ന്ത​ത്തെ​പ്പറ്റി ശിഷ്യ​ന്മാർ ചോദി​ച്ച​പ്പോൾ യേശു നൽകുന്ന വിശദീ​ക​രണം അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌. യേശു പറയുന്നു:

“നല്ല വിത്തു വിതയ്‌ക്കു​ന്നവൻ മനുഷ്യ​പു​ത്രൻ. വയൽ ലോകം. നല്ല വിത്തു ദൈവ​രാ​ജ്യ​ത്തി​ന്റെ പുത്ര​ന്മാർ. കളകളോ ദുഷ്ടന്റെ പുത്ര​ന്മാർ. കളകൾ വിതച്ച ശത്രു പിശാച്‌. കൊയ്‌ത്ത്‌, വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലം. കൊയ്യു​ന്നവർ ദൂതന്മാർ.”​—മത്തായി 13:37-39.

ആ ദൃഷ്ടാ​ന്ത​ത്തി​ന്റെ ഓരോ ഭാഗ​ത്തെ​യും കുറിച്ച്‌ പറഞ്ഞ​ശേഷം എന്തായി​രി​ക്കും സംഭവി​ക്കാൻപോ​കു​ന്ന​തെന്നു യേശു വിശദീ​ക​രി​ക്കു​ന്നു. വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലത്ത്‌ കൊയ്‌ത്തു​കാർ അഥവാ ദൂതന്മാർ യഥാർഥ​ത്തി​ലുള്ള “രാജ്യ​ത്തി​ന്റെ പുത്രന്മാ”രിൽനിന്ന്‌ കളയ്‌ക്കു തുല്യ​രായ ആളുകളെ, അഥവാ ക്രിസ്‌ത്യാ​നി​ക​ളെന്നു ഭാവി​ക്കു​ന്ന​വരെ വേർതി​രി​ക്കും. പക്ഷേ, “നീതി​മാ​ന്മാ”രെ കൂട്ടി​ച്ചേർക്കും. അവർ പിന്നീട്‌ “പിതാ​വി​ന്റെ രാജ്യ​ത്തിൽ സൂര്യ​നെ​പ്പോ​ലെ പ്രകാ​ശി​ക്കും.” “ദുഷ്ടന്റെ പുത്രന്മാ”രുടെ കാര്യ​മോ? നാശമാ​യി​രി​ക്കും അവർക്കു കിട്ടാൻപോ​കു​ന്നത്‌. ‘കരയാ​നും നിരാ​ശ​യോ​ടെ പല്ലിറു​മ്മാ​നും’ അവർക്കു ന്യായ​മായ കാരണ​മുണ്ട്‌.​—മത്തായി 13:41-43.

ശിഷ്യ​ന്മാർക്ക്‌ യേശു​വിൽനിന്ന്‌ മൂന്നു ദൃഷ്ടാ​ന്ത​ങ്ങൾകൂ​ടി കേൾക്കാ​നുള്ള അവസരം കിട്ടി. ഒന്നാമ​താ​യി യേശു പറയുന്നു: “സ്വർഗ​രാ​ജ്യം വയലിൽ മറഞ്ഞി​രി​ക്കുന്ന ഒരു നിധി​പോ​ലെ​യാണ്‌. ഒരു മനുഷ്യൻ അതു കണ്ടപ്പോൾ അവി​ടെ​ത്തന്നെ ഒളിപ്പി​ച്ചു​വെ​ച്ചിട്ട്‌ സന്തോ​ഷ​ത്തോ​ടെ പോയി തനിക്കു​ള്ള​തെ​ല്ലാം വിറ്റ്‌ ആ വയൽ വാങ്ങി.”​—മത്തായി 13:44.

യേശു ഇങ്ങനെ​യും പറയുന്നു: “സ്വർഗ​രാ​ജ്യം മേന്മ​യേ​റിയ മുത്തുകൾ തേടി സഞ്ചരി​ക്കുന്ന ഒരു വ്യാപാ​രി​യെ​പ്പോ​ലെ​യാണ്‌. അയാൾ വില​യേ​റിയ ഒരു മുത്തു കണ്ടെത്തി​യ​പ്പോൾ പോയി ഉടൻതന്നെ തനിക്കു​ള്ള​തെ​ല്ലാം വിറ്റ്‌ അതു വാങ്ങി.”​—മത്തായി 13:45, 46.

ശരിക്കും മൂല്യ​മുള്ള ഒന്നിനു​വേണ്ടി ത്യാഗം ചെയ്യാ​നുള്ള ഒരാളു​ടെ മനസ്സൊ​രു​ക്ക​ത്തെ​യാണ്‌ ഈ രണ്ടു ദൃഷ്ടാ​ന്ത​ത്തി​ലും യേശു എടുത്തു​കാ​ണി​ക്കു​ന്നത്‌. വില​യേ​റിയ ഒരു മുത്തു വാങ്ങാൻവേണ്ടി ആ വ്യാപാ​രി ഉടനടി “തനിക്കു​ള്ള​തെ​ല്ലാം” വിൽക്കു​ന്നു. വില​യേ​റിയ മുത്തി​നെ​ക്കു​റി​ച്ചുള്ള ആ ദൃഷ്ടാന്തം യേശു​വി​ന്റെ ശിഷ്യ​ന്മാർക്കു മനസ്സി​ലാ​കും. വയലിൽ മറഞ്ഞി​രി​ക്കുന്ന നിധി കാണു​മ്പോൾ ഒരു മനുഷ്യൻ അതു വാങ്ങാൻ ‘തനിക്കു​ള്ള​തെ​ല്ലാം വിൽക്കു​ന്നു.’ ഈ രണ്ടു ദൃഷ്ടാ​ന്ത​ത്തി​ലും വില​യേ​റിയ ഒന്ന്‌ ലഭ്യമാ​യി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ യേശു പറയുന്നു. അമൂല്യ​മാ​യി കാണേ​ണ്ട​തും കൈവ​ശ​മാ​ക്കേ​ണ്ട​തും ആയ ഒന്നാണത്‌. ആത്മീയാ​വ​ശ്യ​ങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താൻവേണ്ടി ഒരാൾ ചെയ്യുന്ന ത്യാഗ​ത്തോട്‌ ഇതിനെ ഉപമി​ക്കാം. (മത്തായി 5:3) യേശു​വി​ന്റെ ഈ ദൃഷ്ടാ​ന്തങ്ങൾ കേട്ടു​കൊ​ണ്ടി​രി​ക്കുന്ന ചിലർ, അപ്പോൾത്തന്നെ ആത്മീയാവശ്യങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താ​നും യേശു​വി​ന്റെ യഥാർഥ അനുഗാ​മി​ക​ളാ​യി​രി​ക്കാ​നും വലിയ ത്യാഗങ്ങൾ ചെയ്‌ത​വ​രാണ്‌.​—മത്തായി 4:19, 20; 19:27.

അവസാ​ന​മാ​യി യേശു സ്വർഗ​രാ​ജ്യ​ത്തെ ഒരു വലയോട്‌, എല്ലാ തരം മീനു​ക​ളെ​യും പിടി​ക്കുന്ന ഒരു വലയോട്‌, ഉപമി​ക്കു​ന്നു. (മത്തായി 13:47) മീനു​കളെ വേർതി​രി​ക്കു​മ്പോൾ അവയിൽ നല്ലവ പാത്ര​ങ്ങ​ളിൽ ശേഖരി​ക്കു​ന്നു. കൊള്ളാ​ത്തവ എറിഞ്ഞു​ക​ള​യു​ന്നു. വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ല​ത്തും ഇതു​പോ​ലെ​ത​ന്നെ​യാ​യി​രി​ക്കു​മെന്നു യേശു പറയുന്നു​—ദൂതന്മാർ നീതി​മാ​ന്മാ​രിൽനിന്ന്‌ ദുഷ്ടന്മാ​രെ വേർതി​രി​ക്കും.

“മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​ക്കാം” എന്നു പറഞ്ഞ്‌ യേശു ആദ്യത്തെ ശിഷ്യ​ന്മാ​രെ വിളി​ച്ച​പ്പോൾ യേശു​തന്നെ ആത്മീയാർഥ​ത്തിൽ മീൻപി​ടി​ക്കു​ക​യാ​യി​രു​ന്നു. (മർക്കോസ്‌ 1:17) പക്ഷേ വലയെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം ശരിക്കും ഭാവി​യിൽ, “വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലത്ത്‌ ” നടക്കു​ന്ന​താ​ണെന്നു യേശു പറയുന്നു. (മത്തായി 13:49) അങ്ങനെ, യേശു പറയു​ന്നതു കേട്ടു​കൊ​ണ്ടി​രി​ക്കുന്ന അപ്പോസ്‌ത​ല​ന്മാർക്കും ശിഷ്യ​ന്മാർക്കും ഒരു കാര്യം മനസ്സി​ലാ​കു​ന്നു, വളരെ രസകര​മായ പലതും ഭാവി​യിൽ നടക്കാ​നി​രി​പ്പുണ്ട്‌.

യേശു വള്ളത്തിൽ ഇരുന്ന്‌ പറഞ്ഞ ദൃഷ്ടാ​ന്തങ്ങൾ കേട്ടവർ ഇപ്പോൾ ആത്മീയാർഥ​ത്തിൽ കൂടുതൽ സമ്പന്നരാ​യി. “ശിഷ്യ​ന്മാ​രു​ടെ​കൂ​ടെ തനിച്ചാ​യി​രി​ക്കു​മ്പോൾ യേശു അവർക്ക്‌ എല്ലാം വിശദീ​ക​രി​ച്ചു​കൊ​ടു”ക്കാൻ മനസ്സു​കാ​ണി​ക്കു​ന്നു. (മർക്കോസ്‌ 4:34) “തന്റെ അമൂല്യ​വസ്‌തു​ക്ക​ളു​ടെ ശേഖര​ത്തിൽനിന്ന്‌ പുതി​യ​തും പഴയതും പുറ​ത്തെ​ടു​ക്കുന്ന ഒരു വീട്ടു​കാ​ര​നെ​പ്പോ​ലെ​യാണ്‌ ” യേശു. (മത്തായി 13:52) തന്റെ പഠിപ്പി​ക്കൽ പ്രാപ്‌തി പ്രദർശി​പ്പി​ക്കാ​നല്ല യേശു ഈ ദൃഷ്ടാ​ന്തങ്ങൾ പറയു​ന്നത്‌. പകരം അമൂല്യ​നി​ധി​പോ​ലെ​യുള്ള സത്യങ്ങൾ ശിഷ്യ​ന്മാർക്കു പറഞ്ഞു​കൊ​ടു​ക്കു​ക​യാണ്‌ യേശു. ശരിക്കും പറഞ്ഞാൽ യേശു​വി​നെ​പ്പോ​ലെ ഒരു ‘ഉപദേ​ഷ്ടാവ്‌ ’ വേറെ​യില്ല.