വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 53

പ്രകൃ​തി​ശ​ക്തി​കളെ നിയ​ന്ത്രി​ക്കാൻ കഴിവുള്ള ഭരണാ​ധി​കാ​രി

പ്രകൃ​തി​ശ​ക്തി​കളെ നിയ​ന്ത്രി​ക്കാൻ കഴിവുള്ള ഭരണാ​ധി​കാ​രി

മത്തായി 14:22-36; മർക്കോസ്‌ 6:45-56; യോഹ​ന്നാൻ 6:14-25

  • ആളുകൾ യേശു​വി​നെ രാജാ​വാ​ക്കാൻ നോക്കു​ന്നു

  • യേശു വെള്ളത്തി​നു മുകളി​ലൂ​ടെ നടക്കുന്നു, കാറ്റിനെ ശാന്തമാ​ക്കു​ന്നു

ആയിര​ങ്ങളെ പോഷി​പ്പി​ക്കാ​നുള്ള യേശു​വി​ന്റെ അത്ഭുത​ക​ര​മായ പ്രാപ്‌തി കണ്ട്‌ ആളുകൾ അതിശ​യി​ക്കു​ന്നു. മാത്രമല്ല “ലോക​ത്തേക്കു വരാനി​രുന്ന പ്രവാ​ചകൻ,” അതായത്‌ മിശിഹ ഇദ്ദേഹ​മാ​ണെ​ന്നും ഇദ്ദേഹം തീർച്ച​യാ​യും നല്ലൊരു ഭരണാ​ധി​കാ​രി​യാ​യി​രി​ക്കു​മെ​ന്നും അവർ ചിന്തി​ക്കു​ന്നു. (യോഹ​ന്നാൻ 6:14; ആവർത്തനം 18:18) അതു​കൊണ്ട്‌ അവർ യേശു​വി​നെ പിടിച്ച്‌ രാജാ​വാ​ക്കാൻ ഒരുങ്ങു​ന്നു.

ആളുകൾ എന്താണ്‌ ആലോ​ചി​ക്കു​ന്ന​തെന്ന്‌ യേശു​വി​നു മനസ്സി​ലാ​കു​ന്നു. യേശു ജനക്കൂ​ട്ടത്തെ പറഞ്ഞു​വി​ട്ടിട്ട്‌ ശിഷ്യ​ന്മാ​രോ​ടു വള്ളത്തിൽ കയറാൻ പറയുന്നു. അവർ എങ്ങോ​ട്ടാ​ണു പോകു​ന്നത്‌? ബേത്ത്‌സ​യിദ വഴി കഫർന്ന​ഹൂ​മി​ലേക്ക്‌. പക്ഷേ യേശു​വോ? രാത്രി​യിൽ തനിച്ചി​രുന്ന്‌ പ്രാർഥി​ക്കാൻവേണ്ടി ഒരു മലയി​ലേക്കു പോകു​ന്നു.

നേരം വെളു​ക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ നിലാ​വെ​ളി​ച്ച​ത്തിൽ അങ്ങ്‌ ദൂരെ യേശു​വിന്‌ ആ വള്ളം കാണാം. അതിശ​ക്ത​മായ കാറ്റിൽ തിരമാ​ലകൾ ആഞ്ഞടി​ക്കു​ന്നു. ‘കാറ്റു പ്രതി​കൂ​ല​മാ​യ​തി​നാൽ അപ്പോസ്‌ത​ല​ന്മാർ വള്ളം തുഴയാൻ പാടു​പെ​ടു​ക​യാണ്‌.’ (മർക്കോസ്‌ 6:48) യേശു മലയിൽനിന്ന്‌ ഇറങ്ങി തിരകൾക്കു മീതെ അവരുടെ അടു​ത്തേക്കു നടക്കുന്നു. അപ്പോ​ഴേ​ക്കും “അവർ തുഴഞ്ഞ്‌ അഞ്ചോ ആറോ കിലോ​മീ​റ്റർ പിന്നി”ട്ടിട്ടുണ്ട്‌. (യോഹ​ന്നാൻ 6:19) യേശു അവരെ കടന്നു​പോ​കാൻ ഭാവി​ക്കു​ന്നു. അതു കണ്ട്‌ ശിഷ്യ​ന്മാർ “അയ്യോ! എന്തോ ഒരു രൂപം!” എന്നു പറഞ്ഞ്‌ നിലവി​ളി​ക്കു​ന്നു.​—മർക്കോസ്‌ 6:49.

യേശു അവരെ ആശ്വസി​പ്പി​ച്ചു​കൊണ്ട്‌ പറയുന്നു: “എന്തിനാ പേടി​ക്കു​ന്നത്‌? ഇതു ഞാനാണ്‌. ധൈര്യ​മാ​യി​രിക്ക്‌.” അപ്പോൾ പത്രോസ്‌, “കർത്താവേ, അത്‌ അങ്ങാ​ണെ​ങ്കിൽ, വെള്ളത്തി​നു മുകളി​ലൂ​ടെ നടന്ന്‌ അങ്ങയുടെ അടുത്ത്‌ വരാൻ എന്നോടു കല്‌പി​ക്കണേ” എന്ന്‌ അപേക്ഷി​ക്കു​ന്നു. “വരൂ” എന്ന്‌ യേശു പറയുന്നു. ഉടനെ പത്രോസ്‌ വള്ളത്തിൽനിന്ന്‌ ഇറങ്ങി വെള്ളത്തിനു മുകളി​ലൂ​ടെ നേരെ യേശു​വി​ന്റെ അടു​ത്തേക്കു നടക്കുന്നു. പക്ഷേ ആഞ്ഞുവീ​ശുന്ന കൊടു​ങ്കാറ്റ്‌ കാണു​മ്പോൾ പത്രോസ്‌ ആകെ പേടി​ക്കു​ന്നു. അങ്ങനെ മുങ്ങി​ത്താ​ഴാൻ തുടങ്ങുന്ന പത്രോസ്‌, “കർത്താവേ, എന്നെ രക്ഷിക്കണേ” എന്നു നിലവി​ളി​ക്കു​ന്നു. യേശു ഉടനെ കൈ നീട്ടി പത്രോ​സി​നെ പിടി​ച്ചിട്ട്‌, “നിനക്ക്‌ ഇത്ര വിശ്വാ​സമേ ഉള്ളോ? നീ എന്തിനാ​ണു സംശയി​ച്ചത്‌ ” എന്നു ചോദി​ക്കു​ന്നു.​—മത്തായി 14:27-31.

പത്രോ​സും യേശു​വും വള്ളത്തിൽ കയറു​ന്ന​തോ​ടെ കാറ്റു ശമിക്കു​ന്നു. ശിഷ്യ​ന്മാർ ഇതു കണ്ട്‌ അത്ഭുത​പ്പെ​ടു​ന്നു. പക്ഷേ, അവർ അതിശ​യി​ക്കേ​ണ്ട​തു​ണ്ടോ? ഏതാനും മണിക്കൂ​റു​കൾക്കു മുമ്പാണ്‌ ആയിര​ങ്ങളെ പോഷി​പ്പി​ച്ചു​കൊണ്ട്‌ യേശു അത്ഭുതം പ്രവർത്തി​ച്ചത്‌. “അത്ഭുത​ക​ര​മാ​യി അപ്പം നൽകിയ സംഭവ​ത്തിൽനിന്ന്‌ ഗ്രഹി​ക്കേ​ണ്ടത്‌ ” അവർ ഗ്രഹി​ച്ചി​രു​ന്നെ​ങ്കിൽ വെള്ളത്തി​നു മുകളി​ലൂ​ടെ നടക്കാ​നും കാറ്റിനെ ശമിപ്പി​ക്കാ​നും യേശു​വി​നു കഴിഞ്ഞത്‌ അവരെ അതിശ​യി​പ്പി​ക്ക​രു​താ​യി​രു​ന്നു. എന്തായാ​ലും അവർ, “ശരിക്കും അങ്ങ്‌ ദൈവ​പു​ത്ര​നാണ്‌ ” എന്നു പറഞ്ഞ്‌ യേശു​വി​നെ വണങ്ങുന്നു.​—മർക്കോസ്‌ 6:52; മത്തായി 14:33.

പെട്ടെ​ന്നു​ത​ന്നെ അവർ കഫർന്ന​ഹൂ​മി​നു തെക്കുള്ള ഗന്നേസ​രെ​ത്തിൽ എത്തുന്നു. ഫലപു​ഷ്ടി​യുള്ള വളരെ മനോ​ഹ​ര​മായ ഒരു സമതല​പ്ര​ദേ​ശ​മാണ്‌ അത്‌. വള്ളം നങ്കൂര​മിട്ട്‌ നിറു​ത്തി​യിട്ട്‌ അവർ കരയി​ലേക്കു വരുന്നു. ആളുകൾ യേശു​വി​നെ തിരി​ച്ച​റി​യു​ന്നു. അവരും അടുത്ത പ്രദേ​ശ​ത്തു​നി​ന്നു​ള്ള​വ​രും രോഗി​കളെ യേശു​വി​ന്റെ അടുക്കൽ കൊണ്ടു​വ​രു​ന്നു. കാരണം യേശു​വി​ന്റെ പുറങ്കു​പ്പാ​യ​ത്തി​ന്റെ അറ്റത്ത്‌ ഒന്നു തൊട്ടാൽ മതിയാ​യി​രു​ന്നു അവരുടെ രോഗം പാടേ മാറാൻ.

അതിനി​ട​യിൽ, യേശു ആയിര​ങ്ങളെ പോഷി​പ്പിച്ച ആ അത്ഭുതം കണ്ട ജനക്കൂട്ടം യേശു അവി​ടെ​നിന്ന്‌ പോ​യെന്ന്‌ അറിയു​ന്നു. തിബെ​ര്യാ​സിൽനി​ന്നുള്ള ചെറിയ വള്ളങ്ങൾ എത്തു​മ്പോൾ ആളുകൾ അതിൽ കയറി യേശു​വി​നെ കണ്ടുപി​ടി​ക്കാൻ കഫർന്ന​ഹൂ​മി​ലേക്കു യാത്ര​യാ​കു​ന്നു. യേശു​വി​നെ കാണു​മ്പോൾ അവർ, “റബ്ബീ, അങ്ങ്‌ എപ്പോ​ഴാണ്‌ ഇവിടെ എത്തിയത്‌ ” എന്നു ചോദി​ക്കു​ന്നു. (യോഹ​ന്നാൻ 6:25) യേശു അവരെ ശാസി​ക്കു​ന്നു. അതിനു കാരണ​മു​ണ്ടാ​യി​രു​ന്നു​താ​നും. അത്‌ എന്താ​ണെന്നു നമുക്കു നോക്കാം.