വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 67

“ആ മനുഷ്യൻ സംസാ​രി​ക്കു​ന്ന​തു​പോ​ലെ ആരും ഒരിക്ക​ലും സംസാ​രി​ച്ചി​ട്ടില്ല”

“ആ മനുഷ്യൻ സംസാ​രി​ക്കു​ന്ന​തു​പോ​ലെ ആരും ഒരിക്ക​ലും സംസാ​രി​ച്ചി​ട്ടില്ല”

യോഹ​ന്നാൻ 7:32-52

  • യേശു​വി​നെ അറസ്റ്റു ചെയ്യാൻ ഭടന്മാരെ അയയ്‌ക്കു​ന്നു

  • നിക്കോ​ദേ​മൊസ്‌ യേശു​വി​നു​വേണ്ടി സംസാ​രി​ക്കു​ന്നു

കൂടാ​രോ​ത്സ​വ​ത്തി​നു​വേണ്ടി യേശു ഇപ്പോ​ഴും യരുശ​ലേ​മിൽത്ത​ന്നെ​യുണ്ട്‌. “ജനക്കൂ​ട്ട​ത്തിൽ അനേകർ യേശു​വിൽ വിശ്വ​സിച്ച”തുകൊണ്ട്‌ യേശു​വി​നു സന്തോ​ഷ​മാ​കു​ന്നു. പക്ഷേ മതനേ​താ​ക്ക​ന്മാർക്ക്‌ അതു തീരെ പിടി​ക്കു​ന്നില്ല. യേശു​വി​നെ അറസ്റ്റു ചെയ്യാൻ അവർ ഭടന്മാരെ അയയ്‌ക്കു​ന്നു. (യോഹ​ന്നാൻ 7:31, 32) പക്ഷേ യേശു ഒളിക്കാൻ ശ്രമി​ക്കു​ന്നില്ല.

പകരം, യേശു യരുശ​ലേ​മിൽ പരസ്യ​മാ​യി പഠിപ്പി​ക്കു​ക​യാണ്‌. യേശു പറയുന്നു: “ഞാൻ അൽപ്പസ​മ​യം​കൂ​ടെ നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും. പിന്നെ ഞാൻ എന്നെ അയച്ച വ്യക്തി​യു​ടെ അടു​ത്തേക്കു പോകും. നിങ്ങൾ എന്നെ അന്വേ​ഷി​ക്കും. എന്നാൽ കണ്ടെത്തില്ല. ഞാൻ പോകു​ന്നി​ട​ത്തേക്കു വരാനും നിങ്ങൾക്കു കഴിയില്ല.” (യോഹ​ന്നാൻ 7:33, 34) ജൂതന്മാർക്ക്‌ ഇതു മനസ്സി​ലാ​കു​ന്നില്ല. അതു​കൊണ്ട്‌ അവർ തമ്മിൽത്ത​മ്മിൽ ഇങ്ങനെ ചോദി​ക്കു​ന്നു: “നമുക്കു കണ്ടുപി​ടി​ക്കാൻ പറ്റാത്ത ഏതു സ്ഥലത്തേ​ക്കാ​യി​രി​ക്കും ഈ മനുഷ്യൻ പോകു​ന്നത്‌? ഗ്രീക്കു​കാ​രു​ടെ ഇടയിൽ ചിതറി​പ്പാർക്കുന്ന ജൂതന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ അവി​ടെ​യുള്ള ഗ്രീക്കു​കാ​രെ പഠിപ്പി​ക്കാ​നാ​ണോ ഇയാളു​ടെ ഉദ്ദേശ്യം? ‘നിങ്ങൾ എന്നെ അന്വേ​ഷി​ക്കും. എന്നാൽ കണ്ടെത്തില്ല. ഞാൻ പോകു​ന്നി​ട​ത്തേക്കു വരാനും നിങ്ങൾക്കു കഴിയില്ല’ എന്ന്‌ ഇപ്പോൾ പറഞ്ഞതി​ന്റെ അർഥം എന്തായി​രി​ക്കും?” (യോഹ​ന്നാൻ 7:35, 36) യേശു പറയു​ന്നതു തന്റെ മരണ​ത്തെ​ക്കു​റി​ച്ചും സ്വർഗ​ത്തി​ലേ​ക്കുള്ള പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചും ആണ്‌. ശത്രു​ക്കൾക്ക്‌ എന്തായാ​ലും അവിടെ പോകാൻ പറ്റില്ല.

ഉത്സവത്തി​ന്റെ ഏഴാം ദിവസ​മാണ്‌ ഇത്‌. ഉത്സവദി​വ​സ​ങ്ങ​ളിൽ എന്നും രാവിലെ പുരോ​ഹി​തൻ ശിലോ​ഹാം കുളത്തിൽനിന്ന്‌ എടുത്ത വെള്ളം ആലയത്തി​ലെ യാഗപീ​ഠ​ത്തിൽ ഒഴിക്കും. അത്‌ യാഗപീ​ഠ​ത്തി​ന്റെ ചുവടു​വരെ ഒഴുകി​യെ​ത്തു​ന്നു. ഈ രീതിയെ ഓർമി​പ്പി​ച്ചു​കൊ​ണ്ടാ​യി​രി​ക്കാം യേശു ഇങ്ങനെ ഉറക്കെ വിളി​ച്ചു​പ​റ​യു​ന്നു: “ആർക്കെ​ങ്കി​ലും ദാഹി​ക്കു​ന്നെ​ങ്കിൽ അയാൾ എന്റെ അടുത്ത്‌ വന്ന്‌ കുടി​ക്കട്ടെ. എന്നിൽ വിശ്വ​സി​ക്കു​ന്ന​വന്റെ കാര്യ​ത്തിൽ തിരു​വെ​ഴു​ത്തു പറയു​ന്നതു സത്യമാ​കും: ‘അവന്റെ ഉള്ളിൽനിന്ന്‌ ജീവജ​ല​ത്തി​ന്റെ അരുവി​കൾ ഒഴുകും.’”​—യോഹ​ന്നാൻ 7:37, 38.

തന്റെ ശിഷ്യ​ന്മാർ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെട്ട്‌ സ്വർഗീ​യ​ജീ​വ​നി​ലേക്കു വിളി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ നിരയിൽ ആകുമ്പോൾ സംഭവിക്കുന്ന കാര്യ​മാ​ണു യേശു ഇവിടെ സൂചി​പ്പി​ക്കു​ന്നത്‌. യേശു​വി​ന്റെ മരണ​ശേ​ഷ​മാണ്‌ ഈ അഭി​ഷേകം നടക്കുക. പിറ്റേ വർഷത്തെ പെന്തി​ക്കോസ്‌തു ദിവസം​മു​തൽ ജീവജ​ല​ത്തി​ന്റെ അരുവി​കൾ ഒഴുകാൻ തുടങ്ങു​ന്നു. പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യപ്പെട്ട ശിഷ്യ​ന്മാർ ആളുക​ളു​മാ​യി സത്യം പങ്കു​വെ​ക്കു​മ്പോ​ഴാണ്‌ ഇതു നടക്കു​ന്നത്‌.

യേശു പഠിപ്പി​ക്കു​ന്നതു കേട്ടിട്ട്‌ ചിലർ, “ഇതുത​ന്നെ​യാണ്‌ ആ പ്രവാ​ചകൻ” എന്നു പറയുന്നു. മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രുന്ന, മോശ​യെ​ക്കാൾ വലിയ പ്രവാ​ച​ക​നെ​യാ​യി​രി​ക്കാം അവർ ഉദ്ദേശി​ക്കു​ന്നത്‌. “ഇതു ക്രിസ്‌തു​തന്നെ” എന്നു മറ്റു ചിലർ പറയുന്നു. എന്നാൽ വേറെ ചിലർ ഇങ്ങനെ വാദി​ക്കു​ന്നു: “അതിനു ക്രിസ്‌തു ഗലീല​യിൽനി​ന്നാ​ണോ വരുന്നത്‌? ക്രിസ്‌തു ദാവീ​ദി​ന്റെ വംശജ​നാ​യി, ദാവീ​ദി​ന്റെ ഗ്രാമ​മായ ബേത്ത്‌ലെ​ഹെ​മിൽനിന്ന്‌ വരു​മെ​ന്നല്ലേ തിരു​വെ​ഴു​ത്തു പറയു​ന്നത്‌?”​—യോഹ​ന്നാൻ 7:40-42.

അങ്ങനെ ജനക്കൂ​ട്ട​ത്തി​നി​ട​യിൽ ഭിന്നി​പ്പു​ണ്ടാ​കു​ന്നു. യേശു​വി​നെ അറസ്റ്റു ചെയ്യാൻ പലർക്കും ആഗ്രഹ​മു​ണ്ടെ​ങ്കി​ലും ആരും യേശു​വി​നെ പിടി​ക്കാൻ ധൈര്യ​പ്പെ​ടു​ന്നില്ല. ഭടന്മാർ വെറു​ങ്കൈ​യോ​ടെ മതനേ​താ​ക്ക​ന്മാ​രു​ടെ അടുത്ത്‌ മടങ്ങി​ച്ചെ​ന്ന​പ്പോൾ മുഖ്യ​പു​രോ​ഹി​ത​ന്മാ​രും പരീശ​ന്മാ​രും അവരോട്‌, “നിങ്ങൾ അവനെ കൊണ്ടു​വ​രാ​ഞ്ഞത്‌ എന്താണ്‌ ” എന്നു ചോദി​ക്കു​ന്നു. “ആ മനുഷ്യൻ സംസാ​രി​ക്കു​ന്ന​തു​പോ​ലെ ആരും ഒരിക്ക​ലും സംസാ​രി​ച്ചി​ട്ടില്ല” എന്ന്‌ അവർ പറയുന്നു. അപ്പോൾ മതനേ​താ​ക്ക​ന്മാർ ദേഷ്യ​ത്തോ​ടെ അവരെ അധി​ക്ഷേ​പി​ക്കാ​നും ചീത്തവി​ളി​ക്കാ​നും തുടങ്ങു​ന്നു: “നിങ്ങ​ളെ​യും അവൻ വഴി​തെ​റ്റി​ച്ചോ? പ്രമാ​ണി​മാ​രി​ലോ പരീശ​ന്മാ​രി​ലോ ആരെങ്കി​ലും അവനിൽ വിശ്വ​സി​ച്ചി​ട്ടു​ണ്ടോ, ഇല്ലല്ലോ? എന്നാൽ നിയമം അറിഞ്ഞു​കൂ​ടാത്ത ഈ ജനം ശപിക്ക​പ്പെ​ട്ട​വ​രാണ്‌.”​—യോഹ​ന്നാൻ 7:45-49.

അപ്പോൾ സൻഹെ​ദ്രി​നി​ലെ ഒരു അംഗമായ നിക്കോ​ദേ​മൊസ്‌ എന്ന പരീശൻ യേശു​വി​നു​വേണ്ടി സംസാ​രി​ക്കാൻ ധൈര്യം കാണി​ക്കു​ന്നു. ഏതാണ്ട്‌ രണ്ടര വർഷം മുമ്പ്‌ ഒരിക്കൽ ഇരുട്ടി​ന്റെ മറവിൽ നിക്കോദേമൊസ്‌ യേശുവിനെ കാണാൻ വന്നതാണ്‌. അന്ന്‌ അദ്ദേഹം യേശു​വി​ലുള്ള വിശ്വാ​സം തുറന്നു​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. നിക്കോ​ദേ​മൊസ്‌ ഇപ്പോൾ പറയുന്നു: “ഒരാൾക്കു പറയാ​നു​ള്ളതു കേൾക്കാ​തെ​യും അയാൾ ചെയ്യു​ന്നത്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കാ​തെ​യും അയാളെ വിധി​ക്കു​ന്നതു നമ്മുടെ നിയമ​മ​നു​സ​രിച്ച്‌ ശരിയാ​ണോ?” അവർക്ക്‌ എന്തു മറുപ​ടി​യാ​ണു പറയാ​നു​ള്ളത്‌: “എന്താ, താങ്കളും ഒരു ഗലീല​ക്കാ​ര​നാ​ണോ? തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ച്ചു​നോക്ക്‌, ഗലീല​യിൽനിന്ന്‌ ഒരു പ്രവാ​ച​ക​നും എഴു​ന്നേൽക്കി​ല്ലെന്ന്‌ അപ്പോൾ മനസ്സി​ലാ​കും.”​—യോഹ​ന്നാൻ 7:51, 52.

ഗലീല​യിൽനിന്ന്‌ ഒരു പ്രവാ​ചകൻ വരു​മെന്ന്‌ തിരു​വെ​ഴു​ത്തു​കൾ നേരിട്ടു പറയു​ന്നില്ല. എന്നാൽ ക്രിസ്‌തു അവി​ടെ​നിന്ന്‌ വരുന്ന​തി​നെ​ക്കു​റി​ച്ചുള്ള സൂചനകൾ തിരു​വെ​ഴു​ത്തു​ക​ളിൽ ഉണ്ടുതാ​നും. “ജനതക​ളു​ടെ ഗലീല”യിൽ “വലി​യൊ​രു വെളിച്ചം” കാണു​മെന്ന്‌ അതു പ്രവചി​ച്ചു. (യശയ്യ 9:1, 2; മത്തായി 4:13-17) കൂടാതെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ യേശു ദാവീ​ദി​ന്റെ വംശജ​നാ​യി ബേത്ത്‌ലെ​ഹെ​മി​ലാ​ണു ജനിച്ചത്‌. ഇക്കാര്യം പരീശ​ന്മാർക്ക്‌ അറിയാ​മാ​യി​രു​ന്നി​രി​ക്കാം. എന്നാലും യേശു​വി​നെ​ക്കു​റിച്ച്‌ ആളുകൾക്കി​ട​യിൽ തെറ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കി​യത്‌ ഇവർത​ന്നെ​യാ​യി​രി​ക്കാം.