വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 81

യേശു​വും പിതാ​വും ഒന്നായി​രി​ക്കു​ന്നത്‌ എങ്ങനെ?

യേശു​വും പിതാ​വും ഒന്നായി​രി​ക്കു​ന്നത്‌ എങ്ങനെ?

യോഹ​ന്നാൻ 10:22-42

  • “ഞാനും പിതാ​വും ഒന്നാണ്‌ ”

  • താൻ ദൈവ​മാ​ണെന്ന്‌ അവകാ​ശ​പ്പെ​ട്ടെന്ന ആരോ​പണം യേശു നിഷേ​ധി​ക്കു​ന്നു

സമർപ്പ​ണോ​ത്സ​വ​ത്തി​നു​വേണ്ടി (അഥവാ ഹനുക്കയ്‌ക്കു​വേണ്ടി) യേശു ഇപ്പോൾ യരുശ​ലേ​മിൽ എത്തിയി​രി​ക്കു​ക​യാണ്‌. ദേവാ​ലയം പുനർസ​മർപ്പണം ചെയ്‌ത​തി​ന്റെ ഓർമയ്‌ക്കാ​യി​ട്ടാണ്‌ ഈ ആഘോഷം. ഏതാണ്ട്‌ ഒരു നൂറ്റാണ്ടു മുമ്പ്‌ സിറി​യ​യി​ലെ രാജാ​വായ ആന്റി​യോ​ക്കസ്‌ നാലാമൻ എപ്പിഫാ​നസ്‌, ദൈവ​ത്തി​ന്റെ ആലയത്തി​ലെ വലിയ യാഗപീ​ഠ​ത്തി​നു മുകളിൽ ഒരു യാഗപീ​ഠം പണിതു. പക്ഷേ, പിന്നീട്‌ ജൂതപു​രോ​ഹി​തന്റെ മക്കൾ യരുശ​ലേം തിരി​ച്ചു​പി​ടിച്ച്‌ ദേവാ​ലയം യഹോ​വയ്‌ക്കു വീണ്ടും സമർപ്പി​ച്ചു. അന്നുമു​തൽ എല്ലാ വർഷവും കിസ്ലേവ്‌ മാസം 25-ാം തീയതി ഈ ആഘോഷം നടത്താ​റുണ്ട്‌. നമ്മുടെ കലണ്ടറ​നു​സ​രിച്ച്‌ നവംബർ പകുതി​മു​തൽ ഡിസംബർ പകുതി​വരെ നീളുന്ന മാസമാ​ണു കിസ്ലേവ്‌.

ഇതു ശീതകാ​ല​മാണ്‌, നല്ല തണുപ്പുള്ള സമയം. ദേവാ​ല​യ​ത്തിൽ യേശു ശലോ​മോ​ന്റെ മണ്ഡപത്തി​ലൂ​ടെ നടക്കു​ക​യാണ്‌. അവി​ടെ​വെച്ച്‌ ജൂതന്മാർ യേശു​വി​നെ വളഞ്ഞ്‌ ഇങ്ങനെ ചോദി​ക്കു​ന്നു: “ഞങ്ങൾ എത്ര കാലം ഇങ്ങനെ ആകാംക്ഷ അടക്കി കാത്തി​രി​ക്കണം? താങ്കൾ ക്രിസ്‌തു​വാ​ണെ​ങ്കിൽ അതു തുറന്നു​പ​റയൂ.” (യോഹ​ന്നാൻ 10:22-24) യേശു എങ്ങനെ പ്രതി​ക​രി​ക്കും? യേശു പറയുന്നു: “ഞാൻ പറഞ്ഞി​ട്ടും നിങ്ങൾ വിശ്വ​സി​ക്കു​ന്നി​ല്ല​ല്ലോ.” കിണറിന്‌ അരി​കെ​വെച്ച്‌ ശമര്യ​ക്കാ​രി​യോ​ടു പറഞ്ഞതു​പോ​ലെ, ഇവരോ​ടു താൻ ക്രിസ്‌തു​വാ​ണെന്നു യേശു തുറന്നു​പ​റ​ഞ്ഞില്ല. (യോഹ​ന്നാൻ 4:25, 26) പക്ഷേ, “അബ്രാ​ഹാം ജനിക്കു​ന്ന​തി​നും മുമ്പേ ഞാനു​ണ്ടാ​യി​രു​ന്നു” എന്നു പറഞ്ഞു​കൊണ്ട്‌ താൻ ആരാ​ണെന്നു യേശു സൂചി​പ്പി​ച്ചു.​—യോഹ​ന്നാൻ 8:58.

തന്റെ പ്രവർത്ത​ന​ങ്ങ​ളും ക്രിസ്‌തു ചെയ്യു​മെന്നു മുൻകൂ​ട്ടി​പ്പറഞ്ഞ പ്രവർത്ത​ന​ങ്ങ​ളും ആളുകൾ താരത​മ്യം ചെയ്‌ത്‌ താനാണു ക്രിസ്‌തു​വെന്ന്‌ അവർ സ്വയം മനസ്സി​ലാ​ക്കാൻ യേശു ആഗ്രഹി​ച്ചു. അതു​കൊ​ണ്ടാണ്‌ പലപ്പോ​ഴും താനാണു മിശിഹ എന്ന്‌ ആരോ​ടും പറയരു​തെന്നു യേശു ശിഷ്യ​ന്മാ​രോട്‌ ആവശ്യ​പ്പെ​ട്ടത്‌. എന്നാൽ ദേഷ്യം​പി​ടി​ച്ചി​രി​ക്കുന്ന ജൂതന്മാ​രോ​ടു യേശു ഇപ്പോൾ വെട്ടി​ത്തു​റന്ന്‌ പറയുന്നു: “എന്റെ പിതാ​വി​ന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃ​ത്തി​കൾതന്നെ എന്നെക്കു​റിച്ച്‌ സാക്ഷി പറയുന്നു. എന്നാൽ നിങ്ങൾക്കു വിശ്വാ​സം​വ​രു​ന്നില്ല.”​—യോഹ​ന്നാൻ 10:25, 26.

യേശു​വാ​ണു ക്രിസ്‌തു​വെന്ന്‌ അവർ വിശ്വ​സി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? യേശു പറയുന്നു: “നിങ്ങൾക്കു വിശ്വാ​സം​വ​രു​ന്നില്ല. കാരണം നിങ്ങൾ എന്റെ ആടുകളല്ല. എന്റെ ആടുകൾ എന്റെ ശബ്ദം കേട്ടനു​സ​രി​ക്കു​ന്നു. എനിക്ക്‌ അവയെ അറിയാം. അവ എന്നെ അനുഗ​മി​ക്കു​ക​യും ചെയ്യുന്നു. ഞാൻ അവയ്‌ക്കു നിത്യ​ജീ​വൻ കൊടു​ക്കു​ന്നു. അവ ഒരുനാ​ളും നശിച്ചു​പോ​കില്ല. ആരും അവയെ എന്റെ കൈയിൽനിന്ന്‌ തട്ടി​യെ​ടു​ക്കു​ക​യു​മില്ല. മറ്റ്‌ എന്തി​നെ​ക്കാ​ളും വില​പ്പെ​ട്ട​താണ്‌ എന്റെ പിതാവ്‌ എനിക്കു തന്നിരി​ക്കു​ന്നത്‌.” തുടർന്ന്‌ പിതാ​വു​മാ​യുള്ള തന്റെ ബന്ധം എത്ര ശക്തമാ​ണെന്നു വെളി​പ്പെ​ടു​ത്തി​ക്കൊണ്ട്‌ യേശു പറയുന്നു: “ഞാനും പിതാ​വും ഒന്നാണ്‌.” (യോഹ​ന്നാൻ 10:26-30) യേശു ഭൂമി​യി​ലും പിതാവ്‌ സ്വർഗ​ത്തി​ലും ആണ്‌. അതു​കൊണ്ട്‌ യേശു​വും പിതാ​വും അക്ഷരാർഥ​ത്തിൽ ഒന്നാ​ണെന്നു പറയാൻ കഴിയില്ല. പക്ഷേ അവരുടെ രണ്ടു പേരു​ടെ​യും ഉദ്ദേശ്യം ഒന്നാണ്‌, അതായത്‌ അവർ ഐക്യ​ത്തി​ലാണ്‌.

യേശു​വി​ന്റെ വാക്കുകൾ കേട്ട്‌ ജൂതന്മാർക്കു ദേഷ്യം അടക്കാ​നാ​കു​ന്നില്ല. യേശു​വി​നെ കൊല്ലാൻ അവർ വീണ്ടും കല്ലെടു​ക്കു​ന്നു. യേശു​വി​നു പക്ഷേ ഒരു പേടി​യു​മില്ല. “പിതാ​വിൽനി​ന്നുള്ള കുറെ നല്ല പ്രവൃ​ത്തി​കൾ ഞാൻ നിങ്ങൾക്കു കാണി​ച്ചു​തന്നു” എന്നു യേശു പറയുന്നു. “അവയിൽ ഏതിന്റെ പേരി​ലാ​ണു നിങ്ങൾ എന്നെ കല്ലെറി​യു​ന്നത്‌?” അവർ പറയുന്നു: “നല്ല പ്രവൃ​ത്തി​യു​ടെ പേരിലല്ല, ദൈവ​നിന്ദ പറഞ്ഞതു​കൊ​ണ്ടാ​ണു ഞങ്ങൾ നിന്നെ കല്ലെറി​യു​ന്നത്‌. . . . നീ നിന്നെ​ത്തന്നെ ദൈവ​മാ​ക്കു​ക​യല്ലേ?” (യോഹ​ന്നാൻ 10:31-33) യേശു ഒരിക്ക​ലും താൻ ഒരു ദൈവ​മാ​ണെന്ന്‌ അവകാ​ശ​പ്പെ​ട്ടില്ല. പിന്നെ എന്തു​കൊ​ണ്ടാണ്‌ അവർ ഇങ്ങനെ ഒരു ആരോ​പണം ഉന്നയി​ക്കു​ന്നത്‌?

ദൈവ​ത്തി​നു മാത്രം ഉള്ളതായി ജൂതന്മാർ വിശ്വ​സി​ക്കുന്ന ആ ശക്തി തനിക്കു​ണ്ടെന്നു യേശു പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌ ‘ആടുക​ളെ​ക്കു​റിച്ച്‌ ’ യേശു പറഞ്ഞു: “ഞാൻ അവയ്‌ക്കു നിത്യ​ജീ​വൻ കൊടു​ക്കു​ന്നു.” ഒരു സാധാ​ര​ണ​മ​നു​ഷ്യ​നു പറ്റുന്ന കാര്യമല്ല അത്‌. (യോഹ​ന്നാൻ 10:28) തനിക്കു പിതാ​വിൽനിന്ന്‌ അധികാ​രം കിട്ടി​യി​ട്ടു​ണ്ടെന്നു യേശു തുറന്നു​സ​മ്മ​തിച്ച കാര്യം ജൂതന്മാർ അവഗണി​ക്കു​ക​യാണ്‌.

അവരുടെ വ്യാജാ​രോ​പ​ണ​ങ്ങളെ നിഷേ​ധി​ച്ചു​കൊണ്ട്‌ യേശു ചോദി​ക്കു​ന്നു: “‘“നിങ്ങൾ ദൈവ​ങ്ങ​ളാണ്‌ ” എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളു​ടെ നിയമ​ത്തിൽ (സങ്കീർത്തനം 82:6-ൽ) എഴുതി​യി​ട്ടി​ല്ലേ? ദൈവ​ത്തി​ന്റെ വചനം കുറ്റം വിധി​ച്ച​വരെ ‘ദൈവങ്ങൾ’ എന്നാണ​ല്ലോ ദൈവം വിളി​ച്ചത്‌ . . . അങ്ങനെ​യെ​ങ്കിൽ, പിതാവ്‌ വിശു​ദ്ധീ​ക​രിച്ച്‌ ലോക​ത്തേക്ക്‌ അയച്ച എന്നോട്‌, ‘നീ ദൈവ​നിന്ദ പറയുന്നു’ എന്നു നിങ്ങൾ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അതും ‘ഞാൻ ദൈവ​പു​ത്ര​നാണ്‌ ’ എന്നു ഞാൻ പറഞ്ഞതി​ന്റെ പേരിൽ.”​—യോഹ​ന്നാൻ 10:34-36.

നീതി​കെ​ട്ട​വ​രാ​യ മനുഷ്യ​ന്യാ​യാ​ധി​പ​ന്മാ​രെ​പ്പോ​ലും തിരു​വെ​ഴു​ത്തു​കൾ “ദൈവങ്ങൾ” എന്നു വിളി​ക്കു​ന്നു. അപ്പോൾ “ഞാൻ ദൈവ​പു​ത്ര​നാണ്‌ ” എന്നു പറഞ്ഞതി​ന്റെ പേരിൽ ഈ ജൂതന്മാർക്ക്‌ എങ്ങനെ യേശു​വി​നെ കുറ്റ​പ്പെ​ടു​ത്താ​നാ​കും? അതു​കൊണ്ട്‌ യേശു​വി​ന്റെ പിൻവ​രുന്ന വാക്കുകൾ കേൾക്കു​മ്പോ​ഴെ​ങ്കി​ലും അവർക്കു ബോധ്യ​മാ​കേ​ണ്ട​താണ്‌: “ഞാൻ ചെയ്യു​ന്നത്‌ എന്റെ പിതാ​വി​ന്റെ പ്രവൃ​ത്തി​ക​ള​ല്ലെ​ങ്കിൽ നിങ്ങൾ എന്നെ വിശ്വ​സി​ക്കേണ്ടാ. എന്നാൽ ഞാൻ പിതാ​വി​ന്റെ പ്രവൃ​ത്തി​ക​ളാ​ണു ചെയ്യു​ന്ന​തെ​ങ്കിൽ എന്നെ വിശ്വ​സി​ച്ചി​ല്ലെ​ങ്കി​ലും, ആ പ്രവൃ​ത്തി​കൾ വിശ്വ​സി​ക്കുക. എങ്കിൽ, പിതാവ്‌ എന്നോ​ടും ഞാൻ പിതാ​വി​നോ​ടും യോജി​പ്പി​ലാ​ണെന്നു നിങ്ങൾ അറിയും, നിങ്ങൾക്ക്‌ അതു കൂടുതൽ വ്യക്തമാ​കു​ക​യും ചെയ്യും.”​—യോഹ​ന്നാൻ 10:37, 38.

ഇതു കേട്ട​പ്പോൾ ജൂതന്മാർ യേശു​വി​നെ പിടി​ക്കാൻ നോക്കു​ന്നു. പക്ഷേ യേശു വീണ്ടും രക്ഷപ്പെ​ടു​ന്നു. യേശു യരുശ​ലേം വിട്ട്‌ യോർദാൻ നദിക്ക്‌ അക്കരെ​യുള്ള ഒരു പ്രദേ​ശ​ത്തേക്കു പോകു​ന്നു. അവി​ടെ​യാണ്‌ ഏതാണ്ട്‌ നാലു വർഷം മുമ്പ്‌ യോഹ​ന്നാൻ ആദ്യം സ്‌നാ​ന​പ്പെ​ടു​ത്തി​യി​രു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഇതു ഗലീല​ക്ക​ട​ലി​ന്റെ തെക്കേ അറ്റത്തു​നിന്ന്‌ അധികം അകലെയല്ല.

ജനക്കൂട്ടം യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ ഇങ്ങനെ പറയുന്നു: “യോഹ​ന്നാൻ അടയാ​ള​മൊ​ന്നും കാണി​ച്ചില്ല. പക്ഷേ ഈ മനുഷ്യ​നെ​പ്പറ്റി യോഹ​ന്നാൻ പറഞ്ഞതു മുഴുവൻ സത്യമാണ്‌.” (യോഹ​ന്നാൻ 10:41) അങ്ങനെ ധാരാളം ജൂതന്മാർ യേശു​വിൽ വിശ്വ​സി​ക്കു​ന്നു.