വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 82

പെരി​യ​യിൽ യേശു​വി​ന്റെ ശുശ്രൂഷ

പെരി​യ​യിൽ യേശു​വി​ന്റെ ശുശ്രൂഷ

ലൂക്കോസ്‌ 13:22–14:6

  • ഇടുക്കു​വാ​തി​ലി​ലൂ​ടെ അകത്ത്‌ കടക്കാ​നുള്ള കഠിന​ശ്രമം

  • യേശു യരുശ​ലേ​മിൽവെച്ച്‌ മരിക്കണം

യേശു യഹൂദ്യ​യി​ലും യരുശ​ലേ​മി​ലും ആളുകളെ പഠിപ്പി​ക്കു​ക​യും സുഖ​പ്പെ​ടു​ത്തു​ക​യും ആയിരു​ന്നു. ഇപ്പോൾ യോർദാൻ നദിക്ക്‌ അക്കരെ​യുള്ള പെരിയ ജില്ലയിൽ പട്ടണം​തോ​റും പഠിപ്പി​ക്കു​ക​യാണ്‌. അധികം വൈകാ​തെ യരുശ​ലേ​മിൽ തിരി​ച്ചെ​ത്തും.

പെരി​യ​യിൽവെച്ച്‌ ഒരാൾ യേശു​വി​നോ​ടു ചോദി​ക്കു​ന്നു: “കർത്താവേ, കുറച്ച്‌ ആളുകളേ രക്ഷപ്പെ​ടു​ക​യു​ള്ളോ?” ഇയാൾക്ക്‌ ഒരുപക്ഷേ മതനേ​താ​ക്ക​ന്മാർക്കി​ട​യി​ലെ ആ തർക്ക​ത്തെ​ക്കു​റിച്ച്‌ അറിയാം; അതായത്‌ അനേകർ രക്ഷപ്പെ​ടു​മോ അതോ കുറച്ച്‌ പേരേ രക്ഷപ്പെ​ടു​ക​യു​ള്ളോ എന്ന തർക്ക​ത്തെ​ക്കു​റിച്ച്‌. എന്നാൽ യേശു ഇപ്പോൾ, എത്ര പേർ രക്ഷപ്പെ​ടും എന്നു പറയാതെ, രക്ഷപ്പെ​ടാൻ എന്തു ചെയ്യണം എന്നതി​ലേക്കു ശ്രദ്ധ തിരി​ക്കു​ന്നു. “ഇടുക്കു​വാ​തി​ലി​ലൂ​ടെ അകത്ത്‌ കടക്കാൻ കഠിന​ശ്രമം ചെയ്യുക” എന്നു യേശു പറയുന്നു. അതെ, കഠിന​ശ്രമം വേണം. ഒരു പോരാ​ട്ടം​തന്നെ ആവശ്യ​മാണ്‌. എന്തു​കൊണ്ട്‌? യേശു വിശദീ​ക​രി​ക്കു​ന്നു: “അനേകർ അകത്ത്‌ കടക്കാൻ നോക്കും. പക്ഷേ സാധി​ക്കില്ല.”​—ലൂക്കോസ്‌ 13:23, 24.

കഠിന​മാ​യി ശ്രമി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ത്തെ​ക്കു​റിച്ച്‌ യേശു ഒരു ദൃഷ്ടാന്തം പറയുന്നു: “വീട്ടു​കാ​രൻ എഴു​ന്നേറ്റ്‌ വാതിൽ അടച്ചു​ക​ഴി​യു​മ്പോൾ നിങ്ങൾ പുറത്ത്‌ നിന്ന്‌ വാതി​ലിൽ മുട്ടി, ‘യജമാ​നനേ, വാതിൽ തുറന്നു​ത​രണേ’ എന്ന്‌ അപേക്ഷി​ക്കും. . . . എന്നാൽ വീട്ടു​കാ​രൻ നിങ്ങ​ളോ​ടു പറയും: ‘നിങ്ങൾ എവി​ടെ​നി​ന്നു​ള്ള​വ​രാ​ണെന്ന്‌ എനിക്ക്‌ അറിയില്ല. നീതി​കേടു കാണി​ക്കു​ന്ന​വരേ, എന്റെ അടുത്തു​നിന്ന്‌ പോകൂ!’”​—ലൂക്കോസ്‌ 13:25-27.

വൈകി വരുന്ന ഒരു വ്യക്തി​യു​ടെ ഗതി എന്താകും എന്നു വ്യക്തമാ​ക്കു​ന്ന​താണ്‌ ഈ ദൃഷ്ടാന്തം. സാധ്യ​ത​യ​നു​സ​രിച്ച്‌ തനിക്കു സൗകര്യ​മുള്ള ഒരു സമയത്താണ്‌ അയാൾ വരുന്നത്‌. പക്ഷേ അപ്പോ​ഴേ​ക്കും വാതിൽ അടച്ച്‌ പൂട്ടി​യി​രു​ന്നു. അസൗക​ര്യ​മു​ണ്ടെ​ങ്കി​ലും അയാൾ നേരത്തേ വരേണ്ട​താ​യി​രു​ന്നു. അവി​ടെ​യുള്ള പലരും ചെയ്യു​ന്നത്‌ ഇതു​പോ​ലുള്ള ഒരു കാര്യ​മാണ്‌. യേശു ഇപ്പോൾ അവരുടെ ഇടയിൽ പഠിപ്പി​ക്കുന്ന സ്ഥിതിക്ക്‌ അവർക്ക്‌ അതിൽനിന്ന്‌ പ്രയോ​ജനം നേടാ​വു​ന്ന​താണ്‌. പക്ഷേ സത്യാ​രാ​ധ​നയ്‌ക്ക്‌ ജീവി​ത​ത്തിൽ മുഖ്യ​സ്ഥാ​നം കൊടു​ക്കാ​നുള്ള ആ അവസരം അവർ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നില്ല. ആരുടെ അടു​ത്തേ​ക്കാ​ണോ യേശു അയയ്‌ക്ക​പ്പെ​ട്ടത്‌ അവരിൽ മിക്കവ​രും രക്ഷയ്‌ക്കുള്ള ദൈവ​ത്തി​ന്റെ കരുതൽ സ്വീക​രി​ച്ചി​ട്ടില്ല. പുറന്ത​ള്ള​പ്പെ​ടു​മ്പോൾ അവർ “കരഞ്ഞ്‌ നിരാ​ശ​യോ​ടെ പല്ലിറു​മ്മും” എന്നു യേശു പറയുന്നു. പക്ഷേ “കിഴക്കു​നി​ന്നും പടിഞ്ഞാ​റു​നി​ന്നും വടക്കു​നി​ന്നും തെക്കു​നി​ന്നും,” അതായത്‌ സകല ജനതക​ളിൽനി​ന്നും, ഉള്ള “ആളുകൾ വന്ന്‌ ദൈവ​രാ​ജ്യ​ത്തിൽ വിരു​ന്നിന്‌ ഇരിക്കും.”​—ലൂക്കോസ്‌ 13:28, 29.

യേശു വിശദീ​ക​രി​ക്കു​ന്നു: “മുമ്പന്മാ​രാ​യി​ത്തീ​രുന്ന പിമ്പന്മാ​രുണ്ട്‌. (ജൂതന്മാർ അല്ലാത്ത​വ​രും അടിച്ച​മർത്ത​പ്പെട്ട ജൂതന്മാ​രും ഇതിൽപ്പെ​ടു​ന്നു.) പിമ്പന്മാ​രാ​യി​ത്തീ​രുന്ന മുമ്പന്മാ​രു​മുണ്ട്‌. (അബ്രാ​ഹാ​മി​ന്റെ സന്തതി​ക​ളാ​യി​രി​ക്കു​ന്ന​തിൽ അഭിമാ​നം​കൊ​ള്ളുന്ന, മതപര​മാ​യി ഉന്നതസ്ഥാ​ന​ത്തുള്ള ജൂതന്മാർ ഇതിൽപ്പെ​ടു​ന്നു.)” (ലൂക്കോസ്‌ 13:30) അവർ ‘പിമ്പന്മാ​രാ​യി​ത്തീ​രും’ എന്നതിന്റെ അർഥം, നന്ദിയി​ല്ലാത്ത അവരെ ദൈവ​രാ​ജ്യ​ത്തിൽ കാണു​കയേ ഇല്ല എന്നാണ്‌.

ചില പരീശ​ന്മാർ ഇപ്പോൾ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ പറയുന്നു: “ഇവിടം വിട്ട്‌ പൊയ്‌ക്കൊ​ള്ളൂ. ഹെരോദ്‌ (അന്തിപ്പാസ്‌) അങ്ങയെ കൊല്ലാൻ പദ്ധതി​യി​ട്ടി​ട്ടുണ്ട്‌.” ഈ പ്രദേ​ശ​ത്തു​നിന്ന്‌ യേശു​വി​നെ ഓടി​ക്കാൻ ഒരുപക്ഷേ ഹെരോദ്‌ രാജാ​വു​ത​ന്നെ​യാ​യി​രി​ക്കാം ഇങ്ങനെ​യൊ​രു വാർത്ത പ്രചരി​പ്പി​ക്കു​ന്നത്‌. സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ കൊല​പാ​ത​ക​ത്തിന്‌ ഉത്തരവാ​ദി​യാ​യ​തു​പോ​ലെ താൻ മറ്റൊരു പ്രവാ​ച​കന്റെ മരണത്തി​നും ഉത്തരവാ​ദി​യാ​കു​മോ എന്ന പേടി​കൊ​ണ്ടാ​യി​രി​ക്കാം അദ്ദേഹം അതു ചെയ്യു​ന്നത്‌. പക്ഷേ യേശു പരീശ​ന്മാ​രോ​ടു പറയുന്നു: “നിങ്ങൾ ചെന്ന്‌ ആ കുറു​ക്ക​നോ​ടു പറയണം: ‘ഇന്നും നാളെ​യും ഞാൻ ഭൂതങ്ങളെ പുറത്താ​ക്കു​ക​യും ആളുകളെ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്യും. എന്നാൽ മൂന്നാം ദിവസ​മാ​കു​മ്പോ​ഴേ​ക്കും എനിക്കു ചെയ്യാ​നു​ള്ളതു തീർന്നി​രി​ക്കും.’” (ലൂക്കോസ്‌ 13:31, 32) കുറു​ക്ക​നെ​പ്പോ​ലെ കൗശല​ത്തോ​ടെ പ്രവർത്തി​ക്കു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കാം യേശു ഹെരോ​ദി​നെ ‘കുറുക്കൻ’ എന്നു വിളി​ക്കു​ന്നത്‌. എങ്കിലും ഹെരോ​ദി​നോ മറ്റാർക്കെ​ങ്കി​ലു​മോ ഇത്തരം തന്ത്രങ്ങ​ളി​ലൂ​ടെ യേശു​വി​നെ പിന്തി​രി​പ്പി​ക്കാ​നോ ഇവി​ടെ​നിന്ന്‌ ഓടി​ക്കാ​നോ കഴിയില്ല. കാരണം യേശു ചെയ്യാൻപോ​കു​ന്നത്‌ പിതാവ്‌ കൊടുത്ത നിയമ​ന​മാണ്‌. അതു​കൊണ്ട്‌ മനുഷ്യ​ന്റെയല്ല ദൈവ​ത്തി​ന്റെ സമയപ്പ​ട്ടി​ക​യ​നു​സ​രിച്ച്‌ യേശു അതു ചെയ്യും.

യേശു യരുശ​ലേ​മി​ലേ​ക്കുള്ള യാത്ര തുടരു​ന്നു. കാരണം യേശു​തന്നെ പറയു​ന്ന​തു​പോ​ലെ, “യരുശ​ലേ​മി​നു പുറത്തു​വെച്ച്‌ ഒരു പ്രവാ​ചകൻ കൊല്ല​പ്പെ​ട​രു​ത​ല്ലോ.” (ലൂക്കോസ്‌ 13:33) മിശിഹ മരിക്കു​ന്നത്‌ യരുശ​ലേ​മി​ലാ​യി​രി​ക്കു​മെന്ന്‌ ഒരു ബൈബിൾപ്ര​വ​ച​ന​വും പറയു​ന്നില്ല. പിന്നെ എന്തു​കൊ​ണ്ടാ​യി​രി​ക്കും അവി​ടെ​വെച്ച്‌ മരിക്കു​മെന്ന്‌ യേശു പറയു​ന്നത്‌? കാരണം തലസ്ഥാ​ന​ന​ഗ​രി​യായ യരുശ​ലേ​മി​ലാണ്‌ 71 അംഗങ്ങ​ളുള്ള സൻഹെ​ദ്രിൻ ഹൈ​ക്കോ​ട​തി​യു​ള്ളത്‌. അവി​ടെ​യാ​ണു കള്ളപ്ര​വാ​ച​ക​ന്മാ​രെന്നു കുറ്റം ആരോ​പി​ക്ക​പ്പെ​ട്ട​വരെ വിചാരണ ചെയ്യു​ന്നത്‌. കൂടാതെ അവി​ടെ​യാ​ണു മൃഗബലി അർപ്പി​ക്കു​ന്ന​തും. അതു​കൊണ്ട്‌ ഒരു കാരണ​വ​ശാ​ലും താൻ മറ്റെവി​ടെ​യെ​ങ്കി​ലും​വെച്ച്‌ കൊല്ല​പ്പെ​ടി​ല്ലെന്ന്‌ യേശു തിരി​ച്ച​റി​യു​ന്നു.

യേശു ഇങ്ങനെ വിലപി​ക്കു​ന്നു: “യരുശ​ലേമേ, യരുശ​ലേമേ, പ്രവാ​ച​ക​ന്മാ​രെ കൊല്ലു​ക​യും നിന്റെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്ന​വരെ കല്ലെറി​യു​ക​യും ചെയ്യു​ന്ന​വളേ, കോഴി കുഞ്ഞു​ങ്ങളെ ചിറകിൻകീ​ഴിൽ ഒന്നിച്ചു​കൂ​ട്ടു​ന്ന​തു​പോ​ലെ നിന്റെ മക്കളെ ഒന്നിച്ചു​കൂ​ട്ടാൻ ഞാൻ എത്രയോ തവണ ആഗ്രഹി​ച്ചു! പക്ഷേ നിങ്ങൾക്ക്‌ അത്‌ ഇഷ്ടമല്ലാ​യി​രു​ന്നു. ഇതാ, നിങ്ങളു​ടെ ഈ ഭവനത്തെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു!” (ലൂക്കോസ്‌ 13:34, 35) ഈ ജനത ദൈവ​പു​ത്ര​നെ​യാ​ണു തള്ളിക്ക​ള​യു​ന്നത്‌. അവർ അതിന്റെ ഭവിഷ്യത്ത്‌ അനുഭ​വി​ക്കണം!

യേശു യരുശ​ലേ​മിൽ എത്തുന്ന​തി​നു മുമ്പ്‌ പരീശ​ന്മാ​രു​ടെ ഒരു നേതാവ്‌ യേശു​വി​നെ ശബത്തു​ദി​വസം ഭക്ഷണത്തി​നു വീട്ടി​ലേക്കു വിളി​ക്കു​ന്നു. ശരീരം മുഴുവൻ നീരു​വെച്ച ഒരു മനുഷ്യൻ അവി​ടെ​യുണ്ട്‌. യേശു ഇപ്പോൾ അയാളു​ടെ കാര്യ​ത്തിൽ എന്തു ചെയ്യു​മെന്നു കാണാൻ നോക്കി​യി​രി​ക്കു​ക​യാണ്‌ അവിടെ വന്നിരി​ക്കുന്ന എല്ലാവ​രും. അതു​കൊണ്ട്‌ യേശു അവി​ടെ​യുള്ള പരീശ​ന്മാ​രോ​ടും നിയമ​പ​ണ്ഡി​ത​ന്മാ​രോ​ടും, “ശബത്തിൽ സുഖ​പ്പെ​ടു​ത്തു​ന്നതു ശരിയാ​ണോ” എന്നു ചോദി​ക്കു​ന്നു.​—ലൂക്കോസ്‌ 14:3.

ആരും ഒന്നും മിണ്ടു​ന്നില്ല. യേശു അയാളെ സുഖ​പ്പെ​ടു​ത്തി. എന്നിട്ട്‌ ഇങ്ങനെ ചോദി​ക്കു​ന്നു: “നിങ്ങളിൽ ആരു​ടെ​യെ​ങ്കി​ലും മകനോ കാളയോ ശബത്തു​ദി​വസം കിണറ്റിൽ വീണാൽ ഉടൻതന്നെ നിങ്ങൾ പിടി​ച്ചു​ക​യ​റ്റി​ല്ലേ?” (ലൂക്കോസ്‌ 14:5) യേശു​വി​ന്റെ ശക്തമായ ന്യായ​വാ​ദം കേട്ട്‌ വീണ്ടും അവർക്ക്‌ ഒന്നും പറയാ​നാ​കു​ന്നില്ല.