വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 99

അന്ധന്മാരെ സുഖ​പ്പെ​ടു​ത്തു​ന്നു, സക്കായി​യെ സഹായി​ക്കു​ന്നു

അന്ധന്മാരെ സുഖ​പ്പെ​ടു​ത്തു​ന്നു, സക്കായി​യെ സഹായി​ക്കു​ന്നു

മത്തായി 20:29-34; മർക്കോസ്‌ 10:46-52; ലൂക്കോസ്‌ 18:35–19:10

  • യരീ​ഹൊ​യിൽവെച്ച്‌ യേശു അന്ധന്മാരെ സുഖ​പ്പെ​ടു​ത്തു​ന്നു

  • നികു​തി​പി​രി​വു​കാ​ര​നായ സക്കായി മാനസാ​ന്ത​ര​പ്പെ​ടു​ന്നു

യേശു​വും കൂടെ​യു​ള്ള​വ​രും യരീ​ഹൊ​യി​ലെ​ത്തു​ന്നു. ഇനി യരുശ​ലേ​മി​ലേക്ക്‌ ഒരു ദിവസത്തെ യാത്ര മാത്രം. യരീഹൊ ഒരു ഇരട്ടന​ഗ​ര​മാ​ണെന്നു പറയാം. പഴയ നഗരം പുതിയ റോമൻ നഗരത്തിൽനിന്ന്‌ ഏകദേശം 1.6 കിലോ​മീ​റ്റർ ദൂരെ​യാണ്‌. ഏതായാ​ലും യേശു​വും കൂടെ​യു​ള്ള​വ​രും ഇതി​ലേ​തോ ഒരു നഗരത്തിൽനിന്ന്‌ മറ്റേ നഗരത്തി​ലേക്കു പോകു​മ്പോൾ, ജനക്കൂട്ടം കടന്നു​പോ​കുന്ന ശബ്ദം അവി​ടെ​യി​രി​ക്കുന്ന രണ്ട്‌ അന്ധന്മാർ കേൾക്കു​ന്നു. അതി​ലൊ​രാ​ളു​ടെ പേര്‌ ബർത്തി​മാ​യി എന്നാണ്‌.

യേശു അതിലെ കടന്നു​പോ​കു​ന്നെന്നു കേട്ട്‌ ബർത്തി​മാ​യി​യും കൂട്ടു​കാ​ര​നും ഉച്ചത്തിൽ, “കർത്താവേ, ദാവീ​ദു​പു​ത്രാ, ഞങ്ങളോ​ടു കരുണ കാണി​ക്കണേ” എന്ന്‌ വിളി​ച്ചു​പ​റ​യു​ന്നു. (മത്തായി 20:30) ജനക്കൂ​ട്ട​ത്തിൽ ചിലർ അവരോ​ടു മിണ്ടാ​തി​രി​ക്കാൻ പറഞ്ഞെ​ങ്കി​ലും അവർ കൂടുതൽ ഉച്ചത്തിൽ യേശു​വി​നെ വിളി​ക്കു​ന്നു. ഈ ബഹളം കേട്ട്‌ യേശു കൂടെ​യു​ള്ള​വ​രോട്‌ അവരെ വിളി​ക്കാൻ പറയുന്നു. അവർ പോയി ഭിക്ഷക്കാ​രിൽ ഒരാ​ളോ​ടു പറഞ്ഞു: “ധൈര്യ​മാ​യി​രി​ക്കൂ. യേശു നിന്നെ വിളി​ക്കു​ന്നു. എഴു​ന്നേറ്റ്‌ വരൂ.” (മർക്കോസ്‌ 10:49) സന്തോഷം സഹിക്ക​വ​യ്യാ​തെ അയാൾ ചാടി​യെ​ഴു​ന്നേറ്റ്‌, പുറങ്കു​പ്പാ​യം വലി​ച്ചെ​റിഞ്ഞ്‌ യേശു​വി​ന്റെ അടു​ത്തേക്ക്‌ ചെല്ലുന്നു.

“ഞാൻ എന്താണു ചെയ്‌തു​ത​രേ​ണ്ടത്‌ ” എന്നു യേശു ചോദി​ച്ചു. ആ രണ്ടു ഭിക്ഷക്കാ​രും യേശു​വി​നോ​ടു “കർത്താവേ, ഞങ്ങളുടെ കണ്ണു തുറന്നു​ത​രണേ!” എന്നു യാചിച്ചു. (മത്തായി 20:32, 33) അലിവ്‌ തോന്നിയ യേശു അവരുടെ കണ്ണുക​ളിൽ തൊട്ടു. എന്നിട്ട്‌ അവരിൽ ഒരാളെ നോക്കി പറഞ്ഞു: “പൊയ്‌ക്കൊ​ള്ളൂ. നിന്റെ വിശ്വാ​സം നിന്നെ സുഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.” (മർക്കോസ്‌ 10:52) ആ രണ്ടു ഭിക്ഷക്കാർക്കും കാഴ്‌ച തിരി​ച്ചു​കി​ട്ടു​ന്നു. അവർ ഇരുവ​രും ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തി, സംഭവി​ച്ചതു കണ്ട ജനക്കൂ​ട്ട​വും ദൈവത്തെ സ്‌തു​തി​ച്ചു. അന്ധരാ​യി​രുന്ന ആ രണ്ടു പേരും യേശു​വി​നെ അനുഗ​മി​ക്കു​ന്നു.

യേശു യരീ​ഹൊ​യി​ലൂ​ടെ പോകു​മ്പോൾ യേശു​വി​നു ചുറ്റും ആളുകൾ തടിച്ചു​കൂ​ടി പിന്നാലെ ചെല്ലുന്നു. അന്ധരായ മനുഷ്യ​രെ സുഖ​പ്പെ​ടു​ത്തി​യത്‌ ആരാ​ണെന്നു കാണാൻ എല്ലാവർക്കും വലിയ ആകാം​ക്ഷ​യാ​യി​രു​ന്നു. ജനക്കൂ​ട്ട​ത്തി​ന്റെ ഈ തിക്കും തിരക്കും കാരണം ചിലർക്ക്‌ യേശു​വി​നെ ഒന്നു കാണാൻപോ​ലും പറ്റിയില്ല. സക്കായി​ക്കും യേശു​വി​നെ കാണാൻ കഴിഞ്ഞില്ല. യരീ​ഹൊ​യി​ലും ചുറ്റു​വ​ട്ട​ത്തും ഉള്ള നികു​തി​പി​രി​വു​കാ​രു​ടെ പ്രമാ​ണി​യാണ്‌ സക്കായി. പൊക്കം കുറവാ​യ​തു​കൊണ്ട്‌ എന്താണ്‌ സംഭവി​ക്കു​ന്ന​തെന്ന്‌ അയാൾക്ക്‌ കാണാൻ പറ്റുന്നി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ യേശു പോകുന്ന വഴിയേ അവരു​ടെ​യെ​ല്ലാം മുന്നിൽ ഓടി അയാൾ ഒരു അത്തി മരത്തിൽ കയറി ഇരുന്നു. അവിടെ ഇരുന്നാൽ നടക്കു​ന്ന​തൊ​ക്കെ നന്നായി​ട്ടു കാണാ​മാ​യി​രു​ന്നു. യേശു അതിന്‌ അടുത്ത്‌ എത്തിയ​പ്പോൾ അത്തി മരത്തിൽ സക്കായി ഇരിക്കു​ന്നതു കണ്ട്‌ അയാ​ളോ​ടു പറഞ്ഞു: “സക്കായീ, വേഗം ഇറങ്ങിവാ. ഞാൻ ഇന്നു താങ്കളു​ടെ വീട്ടി​ലാ​ണു താമസി​ക്കു​ന്നത്‌.” (ലൂക്കോസ്‌ 19:5) സക്കായി പെട്ടെന്ന്‌ മരത്തിൽനിന്ന്‌ ഇറങ്ങി തിടു​ക്ക​ത്തിൽ വീട്ടി​ലേക്കു ചെന്നു. തന്റെ വിശി​ഷ്ടാ​തി​ഥി​യെ സ്വീക​രി​ക്കാൻ തയ്യാ​റെ​ടു​പ്പു​കൾ തുടങ്ങു​ന്നു.

യേശു സക്കായി​യു​ടെ വീട്ടിൽ താമസി​ക്കാൻ പോകു​ന്നെന്നു കേട്ട​പ്പോൾ കൂടെ​യു​ള്ളവർ പിറു​പി​റു​ക്കാൻതു​ടങ്ങി. ഒരു പാപി​യാ​യി അവർ കണക്കാ​ക്കിയ ആളുടെ അതിഥി​യാ​യി യേശു ചെല്ലു​ന്നത്‌ ശരിയ​ല്ലെ​ന്നാണ്‌ അവർ കരുതി​യത്‌. ആളുക​ളിൽനിന്ന്‌ അന്യാ​യ​മാ​യി നികുതി ഈടാ​ക്കി​യാണ്‌ സക്കായി സമ്പന്നനാ​യത്‌.

സക്കായി​യു​ടെ വീട്ടി​ലേക്കു കയറുന്ന യേശു​വി​നെ കണ്ട്‌ ആളുകൾ “അവൻ പാപി​യായ ഒരു മനുഷ്യ​ന്റെ വീട്ടിൽ അതിഥി​യാ​യി പോയി​രി​ക്കു​ന്നു” എന്നു പിറു​പി​റു​ത്തു. എന്നാൽ സക്കായി മാനസാ​ന്ത​ര​പ്പെ​ടു​മെ​ന്നു​തന്നെ യേശു വിചാ​രി​ക്കു​ന്നു. സക്കായി യേശു​വി​നെ നിരാ​ശ​പ്പെ​ടു​ത്തി​യില്ല. കാരണം സക്കായി എഴു​ന്നേ​റ്റു​നിന്ന്‌ യേശു​വി​നോ​ടു പറഞ്ഞു: “കർത്താവേ, എന്റെ വസ്‌തു​വ​ക​ക​ളിൽ പകുതി​യും ഞാൻ ഇതാ, ദരി​ദ്രർക്കു കൊടു​ക്കു​ന്നു. ഞാൻ ആളുക​ളിൽനിന്ന്‌ അന്യാ​യ​മാ​യി ഈടാ​ക്കി​യ​തെ​ല്ലാം നാല്‌ ഇരട്ടി​യാ​യി തിരി​ച്ചു​നൽകു​ന്നു.”​—ലൂക്കോസ്‌ 19:7, 8.

തന്റെ മാനസാ​ന്തരം ശരിക്കു​ള്ള​താ​ണെന്നു കാണി​ക്കാൻ എത്ര നല്ലൊരു മാർഗ​മാണ്‌ സക്കായി കണ്ടെത്തി​യത്‌! സാധ്യ​ത​യ​നു​സ​രിച്ച്‌, രേഖകൾ പരി​ശോ​ധി​ച്ചാൽ ഏതൊക്കെ ജൂതന്മാ​രിൽനി​ന്നാണ്‌ നികുതി പിരി​ച്ചെ​ടു​ത്ത​തെ​ന്നും അത്‌ എത്രയാ​ണെ​ന്നും കണ്ടുപി​ടി​ക്കാൻ കഴിയു​മാ​യി​രു​ന്നു. അന്യാ​യ​മാ​യി ഈടാ​ക്കി​യ​തി​ന്റെ നാലി​രട്ടി അവർക്കു തിരി​ച്ചു​കൊ​ടു​ക്കാ​നാണ്‌ ഇപ്പോൾ അയാൾ തീരു​മാ​നി​ച്ചി​രി​ക്കു​ന്നത്‌. ദൈവ​ത്തി​ന്റെ നിയമം ആവശ്യ​പ്പെ​ട്ട​തി​നെ​ക്കാൾ കൂടു​ത​ലാണ്‌ ഇത്‌. (പുറപ്പാട്‌ 22:1; ലേവ്യ 6:2-5) ഇതു കൂടാതെ തനിക്കു​ള്ള​തി​ന്റെ പകുതി പാവ​പ്പെ​ട്ട​വർക്കു കൊടു​ക്കു​മെ​ന്നും സക്കായി ഉറപ്പു നൽകുന്നു.

മാനസാ​ന്ത​ര​ത്തി​ന്റെ തെളി​വാ​യി സക്കായി സ്വീക​രിച്ച ഈ നടപടി​കൾ യേശു​വി​നെ സന്തോ​ഷി​പ്പി​ച്ചു. യേശു അയാ​ളോ​ടു പറയുന്നു: “താങ്കളും അബ്രാ​ഹാ​മി​ന്റെ മകനാ​യ​തു​കൊണ്ട്‌ ഇന്ന്‌ ഈ വീടിനു രക്ഷ ലഭിച്ചി​രി​ക്കു​ന്നു. കാണാ​തെ​പോ​യ​തി​നെ കണ്ടെത്തി രക്ഷിക്കാ​നാ​ണ​ല്ലോ മനുഷ്യ​പു​ത്രൻ വന്നത്‌.”​—ലൂക്കോസ്‌ 19:9, 10.

“കാണാ​തെ​പോയ” മകനെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്ത​ത്തിൽ അത്തരം ഒരാളു​ടെ അവസ്ഥ​യെ​ക്കു​റിച്ച്‌ യേശു വിശദീ​ക​രി​ച്ചി​രു​ന്നു. (ലൂക്കോസ്‌ 15:11-24) ഇതു​പോ​ലെ കാണാ​തെ​പോയ ഒരാളാ​യി​രു​ന്നു ഈ സക്കായി. ഇപ്പോൾ, യേശു അയാളെ കണ്ടെത്തി​യി​രി​ക്കു​ന്നു. സക്കായി​യെ​പ്പോ​ലുള്ള ആളുകൾക്ക്‌ യേശു ശ്രദ്ധ നൽകു​ന്നത്‌ മതനേ​താ​ക്ക​ന്മാർക്കും അവരുടെ അനുയാ​യി​കൾക്കും ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. അതു​കൊണ്ട്‌ അവർ പിറു​പി​റു​ത്തേ​ക്കാം. എങ്കിലും കാണാ​തെ​പോയ അബ്രാ​ഹാ​മി​ന്റെ മക്കളുടെ അവസ്ഥ മനസ്സി​ലാ​ക്കുന്ന യേശു ഈ രീതി​യിൽ അവരെ കണ്ടെത്തി രക്ഷിക്കു​ന്ന​തിൽ തുടരു​ന്നു.