വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 102

കഴുത​ക്കു​ട്ടി​യു​ടെ പുറത്തി​രുന്ന്‌ യരുശ​ലേ​മി​ലേക്കു രാജാവ്‌ വരുന്നു

കഴുത​ക്കു​ട്ടി​യു​ടെ പുറത്തി​രുന്ന്‌ യരുശ​ലേ​മി​ലേക്കു രാജാവ്‌ വരുന്നു

മത്തായി 21:1-11, 14-17; മർക്കോസ്‌ 11:1-11; ലൂക്കോസ്‌ 19:29-44; യോഹ​ന്നാൻ 12:12-19

  • ജയഘോ​ഷ​ത്തോ​ടെ യേശു യരുശ​ലേ​മി​ലേക്ക്‌ വരുന്നു

  • യരുശ​ലേ​മി​ന്റെ നാശം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു

പിറ്റേന്നു പകൽ, നീസാൻ 9, ഞായറാഴ്‌ച. യേശു​വും ശിഷ്യ​ന്മാ​രും ബഥാന്യ വിട്ട്‌ യരുശ​ലേ​മി​ലേക്കു പോകു​ക​യാണ്‌. ഒലിവു​മ​ല​യി​ലുള്ള ബേത്ത്‌ഫാ​ഗ​യിൽ എത്തിയ​പ്പോൾ യേശു തന്റെ രണ്ടു ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു:

“ആ കാണുന്ന ഗ്രാമ​ത്തി​ലേക്കു പോകുക. അവിടെ എത്തു​മ്പോൾത്തന്നെ, ഒരു കഴുത​യെ​യും അതിന്റെ കുട്ടി​യെ​യും കെട്ടി​യി​ട്ടി​രി​ക്കു​ന്നതു കാണും. അവയെ അഴിച്ച്‌ എന്റെ അടുത്ത്‌ കൊണ്ടു​വ​രുക. ആരെങ്കി​ലും വല്ലതും ചോദി​ച്ചാൽ, ‘കർത്താ​വിന്‌ ഇവയെ ആവശ്യ​മുണ്ട്‌ ’ എന്നു പറഞ്ഞാൽ മതി. ഉടൻതന്നെ അയാൾ അവയെ വിട്ടു​ത​രും.”​—മത്തായി 21:2, 3.

യേശു നൽകിയ നിർദേ​ശ​ങ്ങ​ളിൽ ഒരു ബൈബിൾപ്ര​വ​ചനം അടങ്ങി​യി​രു​ന്നു എന്ന കാര്യം ശിഷ്യ​ന്മാർ അപ്പോൾ മനസ്സി​ലാ​ക്കി​യി​രു​ന്നില്ല. എന്നാൽ സെഖര്യ​യു​ടെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി​രു​ന്നു ഇതെന്ന്‌ പിന്നീട്‌ അവർ ഗ്രഹിച്ചു. ദൈവം വാഗ്‌ദാ​നം ചെയ്‌ത രാജാവ്‌ യരുശ​ലേ​മി​ലേക്കു ‘താഴ്‌മ​യോ​ടെ കഴുത​പ്പു​റത്ത്‌ വരും. കഴുത​ക്കു​ട്ടി​യു​ടെ, പെൺക​ഴു​ത​യു​ടെ കുട്ടി​യു​ടെ, പുറത്ത്‌ കയറി വരും’ എന്ന്‌ സെഖര്യ പ്രവചി​ച്ചി​രു​ന്നു.​—സെഖര്യ 9:9.

ബേത്ത്‌ഫാ​ഗ​യിൽ എത്തിയ ശിഷ്യ​ന്മാർ അവി​ടെ​യു​ണ്ടാ​യി​രുന്ന ഒരു കഴുത​യെ​യും അതിന്റെ കുട്ടി​യെ​യും അഴിക്കാൻ തുടങ്ങി​യ​പ്പോൾ അവിടെ നിന്ന ചിലർ ചോദി​ച്ചു: “നിങ്ങൾ എന്താണ്‌ ഈ ചെയ്യു​ന്നത്‌, കഴുത​ക്കു​ട്ടി​യെ അഴിക്കു​ന്നോ?” (മർക്കോസ്‌ 11:5) എന്നാൽ ഇവ കർത്താ​വി​നു​വേ​ണ്ടി​യാ​ണെന്നു പറഞ്ഞ​പ്പോൾ അവയെ കൊണ്ടു​പോ​കാൻ അവർ ശിഷ്യ​ന്മാ​രെ അനുവ​ദി​ച്ചു. ശിഷ്യ​ന്മാർ അവരുടെ പുറങ്കു​പ്പാ​യം കഴുത​യു​ടെ​യും കുട്ടി​യു​ടെ​യും പുറത്തി​ട്ടു. എന്നാൽ യേശു കഴുത​ക്കു​ട്ടി​യു​ടെ പുറത്താണ്‌ കയറി​യത്‌.

യരുശ​ലേ​മി​ലേക്കു യേശു വന്നപ്പോൾ ജനം കൂടാൻതു​ടങ്ങി. പലരും അവരുടെ പുറങ്കു​പ്പാ​യങ്ങൾ വഴിയിൽ വിരിച്ചു. മറ്റു ചിലർ “പറമ്പിൽനിന്ന്‌ പച്ചില​ക്കൊ​മ്പു​കൾ” വെട്ടി​ക്കൊ​ണ്ടു​വന്നു നിലത്തു വിരിച്ചു. അവർ ഇങ്ങനെ ആർത്തു​വി​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു: “ഓശാന! യഹോ​വ​യു​ടെ നാമത്തിൽ വരുന്നവൻ അനുഗൃ​ഹീ​തൻ! നമ്മുടെ പിതാ​വായ ദാവീ​ദി​ന്റെ വരുവാ​നുള്ള രാജ്യം അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടത്‌!” (മർക്കോസ്‌ 11:8-10) പരീശ​ന്മാർക്ക്‌ ഇതൊക്കെ കണ്ടിട്ട്‌ ഒട്ടും സഹിച്ചില്ല. അവർ യേശു​വി​നോട്‌: “ഗുരുവേ, അങ്ങയുടെ ശിഷ്യ​ന്മാ​രെ ശകാരി​ക്കുക” എന്നു പറഞ്ഞു. എന്നാൽ യേശു പറഞ്ഞു: “ഒരു കാര്യം ഞാൻ പറയാം, ഇവർ മിണ്ടാ​തി​രു​ന്നാൽ ഈ കല്ലുകൾ ആർത്തു​വി​ളി​ക്കും.”​—ലൂക്കോസ്‌ 19:39, 40.

യരുശ​ലേ​മി​നെ നോക്കി കരഞ്ഞു​കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “സമാധാ​ന​ത്തി​നുള്ള മാർഗങ്ങൾ ഇന്നെങ്കി​ലും നീ ഒന്നു തിരി​ച്ച​റി​ഞ്ഞെ​ങ്കിൽ കൊള്ളാ​മാ​യി​രു​ന്നു! എന്നാൽ ഇപ്പോൾ അതു നിന്റെ കണ്ണുകൾക്കു മറഞ്ഞി​രി​ക്കു​ക​യാ​ണ​ല്ലോ.” മനഃപൂർവം അനുസ​ര​ണ​ക്കേടു കാണി​ച്ച​തിന്‌ യരുശ​ലേം വില ഒടു​ക്കേ​ണ്ടി​വ​രും. യേശു ഇങ്ങനെ മുൻകൂ​ട്ടി പറഞ്ഞു: “നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും കൂർത്ത മരത്തൂ​ണു​കൾകൊണ്ട്‌ കോട്ട കെട്ടി നിന്നെ വളഞ്ഞ്‌ എല്ലാ വശത്തു​നി​ന്നും നിന്നെ ഉപരോ​ധി​ക്കുന്ന കാലം വരാൻപോ​കു​ന്നു. അവർ നിന്നെ​യും നിന്റെ മതിൽക്കെ​ട്ടി​നു​ള്ളിൽ കഴിയുന്ന നിന്റെ മക്കളെ​യും നിലം​പ​രി​ചാ​ക്കും. ഒരു കല്ലിന്മേൽ അവർ മറ്റൊരു കല്ല്‌ അവശേ​ഷി​പ്പി​ക്കില്ല.” (ലൂക്കോസ്‌ 19:42-44) യേശു​വി​ന്റെ വാക്കു​കൾപോ​ലെ​തന്നെ എ.ഡി. 70 എന്ന വർഷം യരുശ​ലേ​മി​ന്റെ നാശം സംഭവി​ക്കു​ന്നു.

യേശു യരുശ​ലേ​മിൽ എത്തിയ​പ്പോൾ ‘നഗരത്തി​ലാ​കെ ബഹളമാ​യി. “ഇത്‌ ആരാണ്‌ ”’ എന്ന്‌ അവരെ​ല്ലാം ചോദി​ക്കാൻതു​ടങ്ങി. “ഇതു ഗലീല​യി​ലെ നസറെ​ത്തിൽനി​ന്നുള്ള പ്രവാ​ച​ക​നായ യേശു​വാണ്‌ ” എന്നു ജനക്കൂട്ടം പറയു​ന്നു​ണ്ടാ​യി​രു​ന്നു. (മത്തായി 21:10, 11) യേശു ലാസറി​നെ ഉയിർപ്പി​ച്ചത്‌ കണ്ടിട്ടുള്ള ജനക്കൂ​ട്ട​ത്തി​ലെ ചിലർ, ആ അത്ഭുത​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാൻതു​ടങ്ങി. പരീശ​ന്മാർ ഇപ്പോൾ എന്തു ചെയ്യണ​മെന്ന്‌ അറിയാ​തെ വിഷമി​ക്കു​ന്നു. അവർ അന്യോ​ന്യം ഇങ്ങനെ പറയുന്നു: “ലോകം മുഴുവൻ ഇവന്റെ പിന്നാ​ലെ​യാണ്‌.”​—യോഹ​ന്നാൻ 12:18, 19.

യരുശ​ലേ​മിൽ വരു​മ്പോൾ പതിവു​ള്ള​തു​പോ​ലെ യേശു ദേവാ​ല​യ​ത്തിൽ പഠിപ്പി​ക്കാൻ പോകു​ന്നു. അവിടെ അന്ധരെ​യും മുടന്ത​രെ​യും യേശു സുഖ​പ്പെ​ടു​ത്തു​ന്നു. യേശു ചെയ്യുന്ന കാര്യ​ങ്ങ​ളും “ദാവീ​ദു​പു​ത്രനു രക്ഷ നൽകണേ” എന്നു ദേവാ​ല​യ​ത്തിൽ കുട്ടികൾ ആർത്തു​വി​ളി​ക്കു​ന്ന​തും കണ്ടപ്പോൾ മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും ദേഷ്യ​പ്പെട്ട്‌ യേശു​വി​നോട്‌, “ഇവർ പറയു​ന്നതു നീ കേൾക്കു​ന്നി​ല്ലേ” എന്നു ചോദി​ച്ചു. യേശു അവരോട്‌, “‘ശിശു​ക്ക​ളു​ടെ​യും മുലകു​ടി​ക്കു​ന്ന​വ​രു​ടെ​യും വായിൽനിന്ന്‌ നീ സ്‌തുതി പൊഴി​ക്കു​ന്നു’ എന്നു നിങ്ങൾ ഒരിക്ക​ലും വായി​ച്ചി​ട്ടി​ല്ലേ” എന്നു ചോദി​ച്ചു.​—മത്തായി 21:15, 16.

ദേവാ​ല​യ​ത്തിൽ നടന്നു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളൊ​ക്കെ യേശു നിരീ​ക്ഷി​ച്ചു. സമയം വൈകി​യ​തി​നാൽ അപ്പോസ്‌ത​ല​ന്മാ​രോ​ടൊ​പ്പം യേശു അവി​ടെ​നിന്ന്‌ തിരി​ക്കു​ന്നു. നീസാൻ 10 തുടങ്ങു​ന്ന​തി​നു മുമ്പേ ബഥാന്യ​യി​ലേക്കു യേശു പോകു​ന്നു. ഞായറാഴ്‌ച രാത്രി അവിടെ തങ്ങുന്നു.