വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 106

മുന്തി​രി​ത്തോ​ട്ട​ത്തെ​ക്കു​റി​ച്ചുള്ള രണ്ട്‌ ദൃഷ്ടാ​ന്തങ്ങൾ

മുന്തി​രി​ത്തോ​ട്ട​ത്തെ​ക്കു​റി​ച്ചുള്ള രണ്ട്‌ ദൃഷ്ടാ​ന്തങ്ങൾ

മത്തായി 21:28-46; മർക്കോസ്‌ 12:1-12; ലൂക്കോസ്‌ 20:9-19

  • രണ്ട്‌ മക്കളെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം

  • മുന്തി​രി​ത്തോ​ട്ട​ത്തി​ലെ കൃഷി​ക്കാ​രു​ടെ ദൃഷ്ടാന്തം

ദേവാ​ല​യ​ത്തിൽ യേശു ചെയ്‌ത കാര്യങ്ങൾ എന്ത്‌ അധികാ​ര​ത്തി​ലാ​ണെന്ന്‌ മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ജനത്തിലെ മൂപ്പന്മാ​രും ചോദി​ച്ച​പ്പോൾ യേശു അതിനു വിദഗ്‌ധ​മാ​യി മറുപടി നൽകി. യേശു​വി​ന്റെ ഉത്തരം അവരെ നിശ്ശബ്ദ​രാ​ക്കി. അവർ യഥാർഥ​ത്തിൽ എങ്ങനെ​യു​ള്ള​വ​രാ​ണെന്ന്‌ വെളി​പ്പെ​ടു​ത്തുന്ന ഒരു ദൃഷ്ടാന്തം യേശു പറയുന്നു:

“ഒരു മനുഷ്യ​നു രണ്ടു മക്കളു​ണ്ടാ​യി​രു​ന്നു. അയാൾ മൂത്ത മകന്റെ അടുത്ത്‌ ചെന്ന്‌ അവനോട്‌, ‘മോനേ, നീ ഇന്നു മുന്തി​രി​ത്തോ​ട്ട​ത്തിൽ പോയി ജോലി ചെയ്യ്‌ ’ എന്നു പറഞ്ഞു. ‘എനിക്കു പറ്റില്ല’ എന്ന്‌ അവൻ പറഞ്ഞെ​ങ്കി​ലും പിന്നീടു കുറ്റ​ബോ​ധം തോന്നി അവൻ പോയി. അയാൾ ഇളയ മകന്റെ അടുത്ത്‌ ചെന്ന്‌ അങ്ങനെ​തന്നെ പറഞ്ഞു. ‘ഞാൻ പോകാം അപ്പാ’ എന്നു പറഞ്ഞെ​ങ്കി​ലും അവൻ പോയില്ല. ഈ രണ്ടു പേരിൽ ആരാണ്‌ അപ്പന്റെ ഇഷ്ടം​പോ​ലെ ചെയ്‌തത്‌?” (മത്തായി 21:28-31) ഉത്തരം വ്യക്തമാണ്‌. ഒടുവിൽ അപ്പന്റെ ഇഷ്ടം ചെയ്‌തത്‌ മൂത്ത മകനാണ്‌.

അതു​കൊണ്ട്‌ യേശു തന്നെ എതിർക്കാൻ വന്നവ​രോട്‌ ഇങ്ങനെ പറയുന്നു: “നികു​തി​പി​രി​വു​കാ​രും വേശ്യ​ക​ളും നിങ്ങൾക്കു മുമ്പേ ദൈവ​രാ​ജ്യ​ത്തി​ലേക്കു പോകു​ന്നു എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.” നികു​തി​പി​രി​വു​കാ​രും വേശ്യ​ക​ളും ദൈവത്തെ സേവി​ക്കു​ന്ന​വ​ര​ല്ലാ​യി​രു​ന്നു. എന്നാൽ അവർ മൂത്ത മകനെ​പ്പോ​ലെ പിന്നീട്‌ മാനസാ​ന്ത​ര​പ്പെട്ട്‌ ദൈവത്തെ സേവി​ക്കു​ന്നു. എന്നാൽ അതിനു വിപരീ​ത​മാ​യി, രണ്ടാമത്തെ മകനെ​പ്പോ​ലെ മതനേ​താ​ക്ക​ന്മാർ ദൈവത്തെ സേവി​ക്കു​ന്നെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നെ​ങ്കി​ലും യഥാർഥ​ത്തിൽ അവർ അങ്ങനെയല്ല ചെയ്യു​ന്നത്‌. യേശു പറയുന്നു: “(സ്‌നാപക) യോഹ​ന്നാൻ നീതി​യു​ടെ വഴിയേ നിങ്ങളു​ടെ അടുത്ത്‌ വന്നു. പക്ഷേ നിങ്ങൾ യോഹ​ന്നാ​നെ വിശ്വ​സി​ച്ചില്ല. എന്നാൽ നികു​തി​പി​രി​വു​കാ​രും വേശ്യ​ക​ളും യോഹ​ന്നാ​നെ വിശ്വ​സി​ച്ചു. അതു കണ്ടിട്ടും നിങ്ങൾ പശ്ചാത്ത​പി​ച്ചില്ല, യോഹ​ന്നാ​നിൽ വിശ്വ​സി​ച്ചില്ല.”​—മത്തായി 21:31, 32.

ഇതോ​ടൊ​പ്പം യേശു മറ്റൊരു ദൃഷ്ടാ​ന്ത​വും പറയുന്നു. മതനേ​താ​ക്ക​ന്മാർ ദൈവത്തെ സേവി​ക്കു​ന്നി​ല്ലെന്നു മാത്രമല്ല, അതിലും മോശ​മായ ചിലത്‌ ചെയ്‌തി​രി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ അവർ ദുഷ്ടരാണ്‌. യേശു പറയുന്നു: “ഒരാൾ ഒരു മുന്തി​രി​ത്തോ​ട്ടം നട്ടുപി​ടി​പ്പി​ച്ചു. അതിനു ചുറ്റും വേലി കെട്ടി. ഒരു മുന്തി​രി​ച്ചക്കു സ്ഥാപിച്ച്‌ വീഞ്ഞു​സം​ഭ​രണി കുഴി​ച്ചു​ണ്ടാ​ക്കി. ഒരു കാവൽഗോ​പു​ര​വും പണിതു. എന്നിട്ട്‌ അതു കൃഷി ചെയ്യാൻ പാട്ടത്തി​നു കൊടു​ത്തിട്ട്‌ വിദേ​ശ​ത്തേക്കു പോയി. വിള​വെ​ടു​പ്പി​നു സമയമാ​യ​പ്പോൾ തോട്ട​ത്തി​ലെ മുന്തി​രി​പ്പ​ഴ​ങ്ങ​ളു​ടെ ഓഹരി വാങ്ങാൻ അദ്ദേഹം ഒരു അടിമയെ ആ കൃഷി​ക്കാ​രു​ടെ അടു​ത്തേക്ക്‌ അയച്ചു. എന്നാൽ അവർ അയാളെ പിടിച്ച്‌ തല്ലി വെറു​ങ്കൈ​യോ​ടെ തിരി​ച്ച​യച്ചു. വീണ്ടും അദ്ദേഹം മറ്റൊരു അടിമയെ അവരുടെ അടു​ത്തേക്ക്‌ അയച്ചു. അവർ അയാളു​ടെ തലയ്‌ക്ക്‌ അടിച്ച്‌ പരി​ക്കേൽപ്പി​ക്കു​ക​യും അപമാ​നി​ക്കു​ക​യും ചെയ്‌തു. അദ്ദേഹം മറ്റൊ​രാ​ളെ​യും അയച്ചു. അവർ അയാളെ കൊന്നു​ക​ളഞ്ഞു. മറ്റു പലരെ​യും അദ്ദേഹം അയച്ചു. ചിലരെ അവർ തല്ലുക​യും ചിലരെ കൊല്ലു​ക​യും ചെയ്‌തു.”​—മർക്കോസ്‌ 12:1-5.

യേശു​വി​ന്റെ ദൃഷ്ടാന്തം അവിടെ കൂടി​നി​ന്ന​വർക്ക്‌ മനസ്സി​ലാ​യി​ക്കാ​ണു​മോ? ഒരുപക്ഷേ, യശയ്യയു​ടെ വാക്കുകൾ അവർ ഓർത്തി​രി​ക്കാം: “ഇസ്രാ​യേൽഗൃ​ഹം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ മുന്തി​രി​ത്തോ​ട്ടം! യഹൂദാ​പു​രു​ഷ​ന്മാർ ദൈവ​ത്തി​ന്റെ പ്രിയ​പ്പെട്ട തോട്ടം. നീതി​യുള്ള വിധി​കൾക്കാ​യി ദൈവം കാത്തി​രു​ന്നു, എന്നാൽ ഇതാ അനീതി!” (യശയ്യ 5:7) യേശു​വി​ന്റെ ദൃഷ്ടാ​ന്ത​വും അതിനു സമാന​മാണ്‌. ഇതിൽ കൃഷി​യി​ട​ത്തി​ന്റെ ഉടമ യഹോ​വ​യാണ്‌. മുന്തി​രി​ത്തോ​ട്ടം ഇസ്രാ​യേൽ ജനതയും. ദൈവ​നി​യ​മം​കൊണ്ട്‌ അവരെ വേലി​കെട്ടി സംരക്ഷി​ച്ചി​രി​ക്കു​ന്നു. മാത്രമല്ല, തന്റെ ജനത്തെ പഠിപ്പി​ക്കാ​നും നല്ല ഗുണങ്ങൾ പ്രകടി​പ്പി​ക്കാ​നുള്ള പരിശീ​ല​ന​ത്തി​നും ആയി യഹോവ പ്രവാ​ച​ക​ന്മാ​രെ അവരുടെ ഇടയി​ലേക്ക്‌ അയയ്‌ക്കു​ക​യും ചെയ്‌തു.

എന്നാൽ “കൃഷി​ക്കാർ” ഈ “അടിമ​കളെ” ഉപദ്ര​വി​ക്കു​ക​യും കൊല്ലു​ക​യും ചെയ്‌തു. യേശു വിശദീ​ക​രി​ക്കു​ന്നു: “(മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ ഉടമയ്‌ക്ക്‌) അയയ്‌ക്കാൻ ഇനി ഒരാൾക്കൂ​ടെ​യു​ണ്ടാ​യി​രു​ന്നു, അദ്ദേഹ​ത്തി​ന്റെ പ്രിയ​പ്പെട്ട മകൻ! ‘എന്റെ മകനെ അവർ മാനി​ക്കും’ എന്നു പറഞ്ഞ്‌ ഒടുവിൽ മകനെ​യും അയച്ചു. എന്നാൽ ആ കൃഷി​ക്കാർ തമ്മിൽത്ത​മ്മിൽ ഇങ്ങനെ പറഞ്ഞു: ‘ഇവനാണ്‌ അവകാശി. വരൂ, നമുക്ക്‌ ഇവനെ കൊന്നു​ക​ള​യാം. അപ്പോൾ സ്വത്തു നമ്മുടെ കൈയി​ലാ​കും.’ അങ്ങനെ, അവർ അവനെ പിടിച്ച്‌ കൊന്നു.”​—മർക്കോസ്‌ 12:6-8.

ഇപ്പോൾ യേശു ചോദി​ക്കു​ന്നു: “മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ ഉടമ ഇപ്പോൾ എന്തു ചെയ്യും?” (മർക്കോസ്‌ 12:9) മതനേ​താ​ക്ക​ന്മാർ ഇങ്ങനെ ഉത്തരം പറയുന്നു: “അവർ ദുഷ്ടന്മാ​രാ​യ​തു​കൊണ്ട്‌ അയാൾ അവരെ കൊന്നു​ക​ള​യും. എന്നിട്ട്‌ കൃത്യ​സ​മ​യത്ത്‌ തന്റെ ഓഹരി തരുന്ന മറ്റു കൃഷി​ക്കാർക്കു മുന്തി​രി​ത്തോ​ട്ടം പാട്ടത്തി​നു കൊടു​ക്കും.”​—മത്തായി 21:41.

അങ്ങനെ അവർതന്നെ അവരുടെ ന്യായ​വി​ധി ഉച്ചരി​ക്കു​ന്നു. യഹോ​വ​യു​ടെ ‘മുന്തി​രി​ത്തോ​ട്ട​ത്തി​ലെ’ “കൃഷി​ക്കാ​രിൽ” ചിലർ ഈ മതനേ​താ​ക്ക​ന്മാ​രാണ്‌. ആ കൃഷി​ക്കാ​രിൽനിന്ന്‌ യഹോവ പ്രതീ​ക്ഷി​ച്ചി​രുന്ന ഫലം, തന്റെ പുത്ര​നി​ലുള്ള, അതായത്‌ മിശി​ഹ​യി​ലുള്ള, വിശ്വാ​സ​മാ​യി​രു​ന്നു. യേശു മതനേ​താ​ക്ക​ന്മാ​രു​ടെ നേരെ നോക്കി ഇങ്ങനെ പറയുന്നു: “നിങ്ങൾ ഈ തിരു​വെ​ഴുത്ത്‌ ഇതുവരെ വായി​ച്ചി​ട്ടി​ല്ലേ? ‘പണിയു​ന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്ക​ല്ലാ​യി​ത്തീർന്നി​രി​ക്കു​ന്നു. ഇതിനു പിന്നിൽ യഹോ​വ​യാണ്‌; നമുക്ക്‌ ഇതൊരു അതിശ​യം​തന്നെ.’” (മർക്കോസ്‌ 12:10, 11) ഇപ്പോൾ താൻ പറയാൻ പോകുന്ന കാര്യം യേശു വ്യക്തമാ​ക്കു​ന്നു: “അതു​കൊണ്ട്‌ ദൈവ​രാ​ജ്യം നിങ്ങളിൽനിന്ന്‌ എടുത്ത്‌ ഫലം കായ്‌ക്കുന്ന ഒരു ജനതയ്‌ക്കു കൊടു​ക്കു​മെന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.”​—മത്തായി 21:43.

യേശു “തങ്ങളെ ഉദ്ദേശി​ച്ചാണ്‌ ഈ ദൃഷ്ടാന്തം പറഞ്ഞ​തെന്നു” ശാസ്‌ത്രി​മാ​രും മുഖ്യ​പു​രോ​ഹി​ത​ന്മാ​രും മനസ്സി​ലാ​ക്കി. (ലൂക്കോസ്‌ 20:19) അവർക്ക്‌ ഇപ്പോൾ എന്തായാ​ലും ‘അവകാ​ശി​യായ’ യേശു​വി​നെ കൊല്ല​ണ​മെ​ന്നാ​യി. എന്നാൽ അവർ ജനക്കൂ​ട്ടത്തെ ഭയന്നു. കാരണം ജനം യേശു​വി​നെ ഒരു പ്രവാ​ച​ക​നാ​യി വീക്ഷി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ അപ്പോൾത്തന്നെ യേശു​വി​നെ കൊല്ലാൻ അവർ മുതിർന്നില്ല.