വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 111

അപ്പോ​സ്‌ത​ല​ന്മാർ അടയാ​ള​ത്തെ​ക്കു​റിച്ച്‌ ചോദി​ക്കു​ന്നു

അപ്പോ​സ്‌ത​ല​ന്മാർ അടയാ​ള​ത്തെ​ക്കു​റിച്ച്‌ ചോദി​ക്കു​ന്നു

മത്തായി 24:3-51; മർക്കോസ്‌ 13:3-37; ലൂക്കോസ്‌ 21:7-38

  • നാല്‌ ശിഷ്യ​ന്മാർ അടയാ​ള​ത്തെ​ക്കു​റിച്ച്‌ ചോദി​ക്കു​ന്നു

  • ഒന്നാം നൂറ്റാ​ണ്ടി​ലും അതിനു ശേഷവും ഉള്ള നിവൃ​ത്തി​കൾ

  • നമ്മൾ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം

ചൊവ്വാഴ്‌ച ഉച്ചകഴി​ഞ്ഞു. നീസാൻ 11 അവസാ​നി​ക്കാ​റാ​യി. യേശു​വി​ന്റെ സജീവ​മായ പ്രവർത്ത​ന​വും അവസാ​നി​ക്കാൻപോ​കു​ക​യാണ്‌. പകൽസ​മ​യത്ത്‌ യേശു ദേവാ​ല​യ​ത്തിൽ പഠിപ്പി​ക്കു​ക​യും രാത്രി നഗരത്തി​നു പുറത്തു​പോ​യി താമസി​ക്കു​ക​യും ചെയ്യും. ആളുകൾക്ക്‌ യേശു​വി​ന്റെ പഠിപ്പി​ക്കൽ വലിയ ഇഷ്ടമാ​യി​രു​ന്നു. അതു​കൊണ്ട്‌ അവർ “അതിരാ​വി​ലെ​തന്നെ യേശു പറയു​ന്നതു കേൾക്കാൻ ദേവാ​ല​യ​ത്തി​ലേക്കു വരുമാ​യി​രു​ന്നു.” (ലൂക്കോസ്‌ 21:37, 38) അതെല്ലാം കഴിഞ്ഞു​പോയ കഥകൾ. ഇപ്പോൾ യേശു​വി​നോ​ടു​കൂ​ടെ അപ്പോ​സ്‌ത​ല​ന്മാ​രായ പത്രോസ്‌, അന്ത്ര​യോസ്‌, യാക്കോബ്‌, യോഹ​ന്നാൻ എന്നിവർ ഒലിവു​മ​ല​യിൽ ഇരിക്കു​ന്നു.

ഇവർ നാലു പേർ സ്വകാ​ര്യ​മാ​യി യേശു​വി​ന്റെ അടുക്കൽ വന്നിരി​ക്കു​ക​യാണ്‌. ദേവാ​ല​യ​ത്തെ​ക്കു​റിച്ച്‌ കേട്ട കാര്യം അവരെ ആശങ്ക​പ്പെ​ടു​ത്തു​ന്നു. കാരണം ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതി​യിൽ ആലയത്തെ ഇടിച്ചു​ത​കർക്കു​മെന്ന്‌ യേശു തൊട്ടു​മുമ്പ്‌ പറഞ്ഞതേ ഉള്ളൂ. എന്നാൽ മറ്റു പല കാര്യ​ങ്ങ​ളും അവരുടെ മനസ്സിനെ അലട്ടുന്നു. യേശു നേരത്തേ അവരെ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു: “മനുഷ്യ​പു​ത്രൻ വരുന്ന​തും നിങ്ങൾ പ്രതീ​ക്ഷി​ക്കാത്ത സമയത്താ​യി​രി​ക്കും. അതു​കൊണ്ട്‌ നിങ്ങൾ ഒരുങ്ങി​യി​രി​ക്കണം.” (ലൂക്കോസ്‌ 12:40) കൂടാതെ ‘മനുഷ്യ​പു​ത്രൻ വെളി​പ്പെ​ടുന്ന നാളി​നെ​ക്കു​റി​ച്ചും’ യേശു പറഞ്ഞി​രു​ന്നു. (ലൂക്കോസ്‌ 17:30) യേശു ഈ പറഞ്ഞ കാര്യ​ങ്ങൾക്ക്‌ ദേവാ​ല​യ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ കാര്യ​ങ്ങ​ളു​മാ​യി എന്തെങ്കി​ലും ബന്ധമു​ണ്ടോ? അപ്പോ​സ്‌ത​ല​ന്മാർക്ക്‌ ആകാം​ക്ഷ​യാ​യി. “ഇതെല്ലാം എപ്പോ​ഴാ​യി​രി​ക്കും സംഭവി​ക്കുക? അങ്ങയുടെ സാന്നി​ധ്യ​ത്തി​ന്റെ​യും വ്യവസ്ഥി​തി അവസാ​നി​ക്കാൻപോ​കു​ന്നു എന്നതി​ന്റെ​യും അടയാളം എന്തായി​രി​ക്കും, ഞങ്ങൾക്കു പറഞ്ഞു​ത​രാ​മോ?” എന്ന്‌ അവർ യേശു​വി​നോ​ടു ചോദി​ക്കു​ന്നു.​—മത്തായി 24:3.

അവരുടെ കൺവെ​ട്ട​ത്തു​ത​ന്നെ​യുള്ള ദേവാ​ല​യ​ത്തി​ന്റെ നാശ​ത്തെ​ക്കു​റി​ച്ചാ​യി​രി​ക്കു​മോ യേശു പറഞ്ഞ​തെന്ന്‌ അവർ ചിന്തി​ച്ചു​കാ​ണും. കൂടാതെ മനുഷ്യ​പു​ത്രന്റെ സാന്നി​ധ്യ​ത്തെ​ക്കു​റി​ച്ചും അവർ ചോദി​ക്കു​ന്നു. ഈ സന്ദർഭ​ത്തിൽ “കുലീ​ന​നായ ഒരു മനുഷ്യൻ” ‘രാജാ​ധി​കാ​രം നേടി​യിട്ട്‌ വരാൻ യാത്ര​യാ​യി’ എന്നു യേശു പറഞ്ഞ ദൃഷ്ടാ​ന്ത​ത്തെ​ക്കു​റി​ച്ചും അവർ ചിന്തി​ച്ചി​രി​ക്കാം. (ലൂക്കോസ്‌ 19:11, 12) എന്നാൽ ഏറ്റവും പ്രധാ​ന​മാ​യി അവരെ അമ്പരപ്പി​ച്ചി​രി​ക്കാൻ സാധ്യ​ത​യു​ള്ളത്‌ ‘വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തിൽ’ എന്താണ്‌ സംഭവി​ക്കാൻ പോകു​ന്ന​തെന്ന കാര്യ​മാ​യി​രി​ക്കും.

അന്ന്‌ നിലവി​ലി​രുന്ന ജൂതവ്യ​വ​സ്ഥി​തി​യും അവിടത്തെ ദേവാ​ല​യ​വും എപ്പോ​ഴാ​യി​രി​ക്കും നശിപ്പി​ക്ക​പ്പെ​ടുക എന്നത്‌ മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ഒരു അടയാളം യേശു തന്റെ മറുപ​ടി​യിൽ നൽകുന്നു. എന്നാൽ ഈ അടയാ​ള​ത്തിൽ മറ്റു ചില വിവര​ങ്ങ​ളും യേശു കൊടു​ക്കു​ന്നുണ്ട്‌. ഈ വിവരങ്ങൾ, എപ്പോ​ഴാ​യി​രി​ക്കും യേശു​വി​ന്റെ ‘സാന്നി​ധ്യ​മെ​ന്നും’ വ്യവസ്ഥി​തി​യു​ടെ അവസാ​ന​മെ​ന്നും മനസ്സി​ലാ​ക്കാൻ ഭാവി​യിൽ ജീവി​ച്ചി​രി​ക്കുന്ന ക്രിസ്‌ത്യാ​നി​കളെ സഹായി​ക്കു​മാ​യി​രു​ന്നു.

വർഷങ്ങൾ കടന്നു​പോ​യ​പ്പോൾ, യേശു​വി​ന്റെ പ്രവചനം നിറ​വേ​റു​ന്നത്‌ അപ്പോ​സ്‌ത​ല​ന്മാർ നിരീ​ക്ഷി​ച്ചു. യേശു പറഞ്ഞ പല കാര്യ​ങ്ങ​ളും അവരുടെ കാലത്തു​തന്നെ സംഭവി​ക്കാൻതു​ടങ്ങി. അതു​കൊണ്ട്‌ 37 വർഷം കഴിഞ്ഞ്‌, അതായത്‌ എ.ഡി. 70-ൽ ജൂതവ്യ​വ​സ്ഥി​തി​യു​ടെ​യും അവരുടെ ദേവാ​ല​യ​ത്തി​ന്റെ​യും നാശം അടുത്തു​വ​ന്ന​പ്പോൾ അന്ന്‌ ജീവി​ച്ചി​രുന്ന ജാഗ്ര​ത​യുള്ള ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരുങ്ങി​യി​രി​ക്കാ​നാ​യി. എന്നാൽ യേശു മുൻകൂ​ട്ടി​പ്പറഞ്ഞ എല്ലാ കാര്യ​ങ്ങ​ളും ആ കാലത്ത്‌ സംഭവി​ച്ചില്ല. അപ്പോൾ, ദൈവ​രാ​ജ്യ​ത്തി​ന്റെ ഭരണാ​ധി​കാ​രി​യെന്ന നിലയിൽ യേശു​വി​ന്റെ സാന്നി​ധ്യം തിരി​ച്ച​റി​യി​ക്കുന്ന അടയാളം എന്തായി​രി​ക്കും? യേശു അപ്പോ​സ്‌ത​ല​ന്മാർക്ക്‌ അതിന്റെ ഉത്തരം വെളി​പ്പെ​ടു​ത്തു​ന്നു.

“യുദ്ധ​കോ​ലാ​ഹ​ല​ങ്ങ​ളും യുദ്ധങ്ങ​ളെ​ക്കു​റി​ച്ചുള്ള വാർത്ത​ക​ളും” കേൾക്കു​മെ​ന്നും “ജനത ജനതയ്‌ക്ക്‌ എതി​രെ​യും രാജ്യം രാജ്യ​ത്തിന്‌ എതി​രെ​യും എഴു​ന്നേൽക്കും” എന്നും യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (മത്തായി 24:6, 7) കൂടാതെ, “വലിയ ഭൂകമ്പ​ങ്ങ​ളും ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാ​മ​ങ്ങ​ളും മാരക​മായ പകർച്ച​വ്യാ​ധി​ക​ളും ഉണ്ടാകും” എന്നും യേശു പറഞ്ഞു. (ലൂക്കോസ്‌ 21:11) ‘ആളുകൾ നിങ്ങളെ പിടിച്ച്‌ ഉപദ്ര​വി​ക്കും’ എന്ന മുന്നറി​യി​പ്പും യേശു ശിഷ്യ​ന്മാർക്ക്‌ കൊടു​ക്കു​ന്നു. (ലൂക്കോസ്‌ 21:12) കള്ളപ്ര​വാ​ച​ക​ന്മാർ എഴു​ന്നേറ്റ്‌ പലരെ​യും വഴി​തെ​റ്റി​ക്കും, നിയമ​ലം​ഘനം വർധി​ക്കും, പലരു​ടെ​യും സ്‌നേഹം തണുത്തു​പോ​കും എന്നിങ്ങ​നെ​യുള്ള കാര്യ​ങ്ങ​ളും യേശു പറഞ്ഞു. കൂടാതെ “ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളും അറിയാ​നാ​യി ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും. അപ്പോൾ അവസാനം വരും” എന്ന കാര്യ​വും യേശു പറഞ്ഞു.​—മത്തായി 24:14.

റോമാ​ക്കാർ യരുശ​ലേ​മി​നെ നശിപ്പിച്ച സമയത്തും അതിനു മുമ്പും യേശു​വി​ന്റെ പ്രവചനം ചെറിയ തോതിൽ നിറ​വേ​റി​യെ​ങ്കി​ലും ആ പ്രവച​ന​ത്തി​ന്റെ വലി​യൊ​രു നിവൃത്തി പിന്നീ​ടു​ണ്ടാ​കു​മെന്ന്‌ യേശു ഉദ്ദേശി​ച്ചി​രു​ന്നോ? യേശു പറഞ്ഞ അതീവ​പ്രാ​ധാ​ന്യ​മുള്ള പ്രവച​ന​ത്തി​ന്റെ വലിയ നിവൃത്തി ഈ ആധുനി​ക​നാ​ളു​ക​ളിൽ നടക്കു​ന്നത്‌ നിങ്ങൾക്ക്‌ കാണാ​നാ​കു​ന്നു​ണ്ടോ?

തന്റെ സാന്നി​ധ്യ​ത്തി​ന്റെ അടയാ​ള​മാ​യി യേശു പറഞ്ഞ ഒരു കാര്യം “നാശം വിതയ്‌ക്കുന്ന മ്ലേച്ഛവ​സ്‌തു” വിശു​ദ്ധ​സ്ഥ​ലത്ത്‌ നിൽക്കും എന്നാണ്‌. (മത്തായി 24:15) എ.ഡി. 66-ൽ ‘മ്ലേച്ഛവ​സ്‌തു​വായ’ റോമൻ സൈന്യം യരുശ​ലേ​മിൽ പാളയ​മ​ടി​ച്ചു. വിഗ്ര​ഹാ​രാ​ധ​നാ​പ​ര​മായ പതാക​ക​ളു​മാ​യി​ട്ടാണ്‌ അവർ അവിടെ എത്തിയത്‌. അവർ യരുശ​ലേ​മി​നെ വളഞ്ഞ്‌ മതിലു​കൾ ഇടിച്ചു​ത​കർക്കാ​നുള്ള ശ്രമം തുടങ്ങി. (ലൂക്കോസ്‌ 21:20) ജൂതന്മാർ യരുശ​ലേ​മി​നെ ‘വിശു​ദ്ധ​സ്ഥ​ല​മാ​യി’ കണക്കാ​ക്കി​യി​രു​ന്നു. അവി​ടെ​യാണ്‌ ഇപ്പോൾ ഈ “മ്ലേച്ഛവ​സ്‌തു” വന്നു നിൽക്കു​ന്നത്‌.

യേശു ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റഞ്ഞു: “ലോകാ​രം​ഭം​മു​തൽ ഇന്നുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തും പിന്നെ ഒരിക്ക​ലും സംഭവി​ക്കി​ല്ലാ​ത്ത​തും ആയ മഹാകഷ്ടത അന്ന്‌ ഉണ്ടാകും.” എ.ഡി. 70-ൽ റോമാ​ക്കാർ യരുശ​ലേം നശിപ്പി​ച്ചു. ദേവാ​ലയം ഉൾപ്പെ​ടുന്ന ജൂതന്മാ​രു​ടെ ‘വിശു​ദ്ധ​ന​ഗ​രത്തെ’ പിടി​ച്ച​ടക്കി, അനേകാ​യി​രങ്ങൾ കൊല്ല​പ്പെട്ടു. അത്‌ ഒരു മഹാക​ഷ്ട​ത​യാ​യി​രു​ന്നു. (മത്തായി 4:5; 24:21) ആ നഗരത്തി​നും ജൂതജ​ന​ത​യ്‌ക്കും ഉണ്ടായി​ട്ടു​ള്ള​തിൽവെച്ച്‌ ഏറ്റവും വലിയ ഒരു നാശമാ​യി​രു​ന്നു അത്‌. നൂറ്റാ​ണ്ടു​ക​ളാ​യി ജൂതന്മാർ പിൻപ​റ്റി​പ്പോന്ന സംഘടി​ത​മായ ആരാധന അതോടെ അവസാ​നി​ച്ചു. യേശു​വി​ന്റെ വാക്കു​ക​ളു​ടെ വലിയ നിവൃത്തി എത്ര പേടി​പ്പെ​ടു​ത്തുന്ന ഒന്നായി​രി​ക്കും!

മുൻകൂ​ട്ടി​പ്പറഞ്ഞ നാളു​ക​ളിൽ ധൈര്യ​ത്തോ​ടെ

രാജ്യാ​ധി​കാ​ര​ത്തി​ലുള്ള യേശു​വി​ന്റെ സാന്നി​ധ്യ​ത്തി​ന്റെ​യും ഈ വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തി​ന്റെ​യും അടയാ​ള​ത്തെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ചർച്ച അവസാ​നി​ച്ചി​ട്ടില്ല. യേശു ഇപ്പോൾ അപ്പോ​സ്‌ത​ല​ന്മാർക്ക്‌ ‘കള്ളക്രി​സ്‌തു​ക്ക​ളെ​യും കള്ളപ്ര​വാ​ച​ക​ന്മാ​രെ​യും’ കുറി​ച്ചുള്ള മുന്നറി​യിപ്പ്‌ കൊടു​ക്കു​ന്നു. “കഴിയു​മെ​ങ്കിൽ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​വ​രെ​പ്പോ​ലും” അവർ “വഴി​തെ​റ്റി​ക്കാൻ” ശ്രമി​ക്കു​മെന്ന്‌ യേശു പറയുന്നു. (മത്തായി 24:24) എന്നാൽ അവർ വഴി​തെ​റ്റി​ക്ക​പ്പെ​ടില്ല. കാരണം കള്ളക്രി​സ്‌തു​ക്കൾ കാണാൻ പറ്റുന്ന രീതി​യി​ലാ​യി​രി​ക്കും വരുന്നത്‌. എന്നാൽ അതിനു വിപരീ​ത​മാ​യി യേശു​വി​ന്റെ സാന്നി​ധ്യം അദൃശ്യ​മാ​യി​രി​ക്കും.

ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തിൽ പൊട്ടി​പ്പു​റ​പ്പെ​ടാൻ പോകുന്ന മഹാക​ഷ്ട​തയെ പരാമർശി​ച്ചു​കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “സൂര്യൻ ഇരുണ്ടു​പോ​കും. ചന്ദ്രൻ വെളിച്ചം തരില്ല. നക്ഷത്രങ്ങൾ ആകാശ​ത്തു​നിന്ന്‌ വീഴും. ആകാശ​ത്തി​ലെ ശക്തികൾ ആടിയു​ല​യും.” (മത്തായി 24:29) എന്താണ്‌ കൃത്യ​മാ​യി സംഭവി​ക്കാൻ പോകു​ന്ന​തെന്ന്‌ അപ്പോ​സ്‌ത​ല​ന്മാർക്ക്‌ ശരിക്കും മനസ്സി​ലാ​യില്ല. പക്ഷേ യേശു​വി​ന്റെ വാക്കുകൾ അവരെ ഭയപ്പെ​ടു​ത്തി.

ഈ ഞെട്ടി​പ്പി​ക്കുന്ന സംഭവങ്ങൾ മാനവ​കു​ടും​ബത്തെ എങ്ങനെ ബാധി​ക്കും? യേശു പറയുന്നു: “ആകാശ​ത്തി​ലെ ശക്തികൾ ആടിയു​ല​യു​ന്ന​തു​കൊണ്ട്‌ ഭൂലോ​ക​ത്തിന്‌ എന്തു സംഭവി​ക്കാൻ പോകു​ന്നു എന്ന ആശങ്ക കാരണം ആളുകൾ പേടിച്ച്‌ ബോധം​കെ​ടും.” (ലൂക്കോസ്‌ 21:26) അതെ, മനുഷ്യ​ച​രി​ത്ര​ത്തി​ലെ ഏറ്റവും ഇരുളടഞ്ഞ സമയമാ​യി​ട്ടാണ്‌ യേശു അതിനെ വരച്ചു​കാ​ട്ടി​യി​രി​ക്കു​ന്നത്‌.

എന്നാൽ “മനുഷ്യ​പു​ത്രൻ ശക്തി​യോ​ടെ​യും വലിയ മഹത്ത്വ​ത്തോ​ടെ​യും” വരുന്നത്‌ കാണുന്ന എല്ലാവ​രും വിലപി​ക്കി​ല്ലെന്ന്‌ യേശു തന്റെ അപ്പോ​സ്‌ത​ല​ന്മാർക്ക്‌ വ്യക്തമാ​ക്കി​ക്കൊ​ടു​ക്കു​ന്നു. (മത്തായി 24:30) “തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ​പ്രതി” ദൈവം ഇടപെ​ടു​മെന്ന്‌ യേശു ഇതി​നോ​ട​കം​തന്നെ സൂചി​പ്പി​ച്ചി​രു​ന്നു. (മത്തായി 24:22) യേശു പറഞ്ഞ ഞെട്ടി​ക്കുന്ന സംഭവ​വി​കാ​സ​ങ്ങ​ളോട്‌ ആ വിശ്വ​സ്‌ത​ശി​ഷ്യ​ന്മാർ എങ്ങനെ പ്രതി​ക​രി​ക്ക​ണ​മാ​യി​രു​ന്നു? യേശു തന്റെ അനുഗാ​മി​കളെ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “ഇതെല്ലാം സംഭവി​ച്ചു​തു​ട​ങ്ങു​മ്പോൾ, നിങ്ങളു​ടെ മോചനം അടുത്തു​വ​രു​ന്ന​തു​കൊണ്ട്‌ നിവർന്നു​നിൽക്കുക, നിങ്ങളു​ടെ തല ഉയർത്തി​പ്പി​ടി​ക്കുക.”​—ലൂക്കോസ്‌ 21:28.

യേശു മുൻകൂ​ട്ടി​പ്പറഞ്ഞ ആ നാളു​ക​ളിൽ ജീവി​ക്കുന്ന ശിഷ്യ​ന്മാർക്ക്‌ എങ്ങനെ​യാണ്‌ അന്ത്യം അടുത്തി​രി​ക്കു​ന്നെന്ന്‌ മനസ്സി​ലാ​ക്കാൻ കഴിയുക? അത്തി മരത്തെ​ക്കു​റി​ച്ചുള്ള ഒരു ദൃഷ്ടാന്തം യേശു പറയുന്നു: “അത്തി മരത്തിന്റെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ പഠിക്കുക: അതിന്റെ ഇളങ്കൊ​മ്പു തളിർക്കു​മ്പോൾ വേനൽ അടു​ത്തെന്നു നിങ്ങൾ അറിയു​ന്ന​ല്ലോ. അതു​പോ​ലെ, ഇതെല്ലാം കാണു​മ്പോൾ മനുഷ്യ​പു​ത്രൻ അടുത്ത്‌ എത്തി​യെന്ന്‌, അവൻ വാതിൽക്ക​ലു​ണ്ടെന്ന്‌, മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക. ഇതെല്ലാം സംഭവി​ക്കു​ന്ന​തു​വരെ ഈ തലമുറ ഒരു കാരണ​വ​ശാ​ലും നീങ്ങി​പ്പോ​കില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”​—മത്തായി 24:32-34.

യേശു പറഞ്ഞ അടയാ​ള​ത്തി​ന്റെ വ്യത്യ​സ്‌ത​സ​വി​ശേ​ഷ​തകൾ നിറ​വേ​റു​ന്നത്‌ കാണു​മ്പോൾ അവസാനം അടുത്തി​രി​ക്കു​ന്നെന്ന കാര്യം യേശു​വി​ന്റെ ശിഷ്യ​ന്മാർ തിരി​ച്ച​റി​യ​ണ​മാ​യി​രു​ന്നു. ആ നിർണാ​യ​ക​നാ​ളു​ക​ളിൽ ജീവി​ക്കുന്ന തന്റെ ശിഷ്യ​ന്മാർക്ക്‌ യേശു ഈ ഉദ്‌ബോ​ധനം നൽകുന്നു:

“ആ ദിവസവും മണിക്കൂറും പിതാവിനല്ലാതെ ആർക്കും, സ്വർഗ​ത്തി​ലെ ദൂതന്മാർക്കോ പുത്ര​നു​പോ​ലു​മോ അറിയില്ല. നോഹ​യു​ടെ നാളു​കൾപോ​ലെ​തന്നെ ആയിരി​ക്കും മനുഷ്യ​പു​ത്രന്റെ സാന്നി​ധ്യ​വും. ജലപ്ര​ള​യ​ത്തി​നു മുമ്പുള്ള നാളു​ക​ളിൽ, നോഹ പെട്ടക​ത്തിൽ കയറിയ നാൾവരെ അവർ തിന്നും കുടി​ച്ചും പുരു​ഷ​ന്മാർ വിവാഹം കഴിച്ചും സ്‌ത്രീ​കളെ വിവാഹം കഴിച്ചു​കൊ​ടു​ത്തും പോന്നു. ജലപ്ര​ളയം വന്ന്‌ അവരെ എല്ലാവ​രെ​യും തുടച്ചു​നീ​ക്കു​ന്ന​തു​വരെ അവർ ശ്രദ്ധ കൊടു​ത്തതേ ഇല്ല. മനുഷ്യ​പു​ത്രന്റെ സാന്നി​ധ്യ​വും അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കും.” (മത്തായി 24:36-39) ഈ സംഭവത്തെ നോഹ​യു​ടെ നാളിൽ നടന്ന ആഗോ​ള​പ്ര​ളയം എന്ന ചരി​ത്ര​സം​ഭ​വ​വു​മാ​യി​ട്ടാണ്‌ യേശു താരത​മ്യ​പ്പെ​ടു​ത്തി​യത്‌.

യേശു​വി​നെ ശ്രദ്ധി​ച്ചു​കൊണ്ട്‌ ഒലിവു​മ​ല​യിൽ ഇരുന്ന അപ്പോ​സ്‌ത​ല​ന്മാർ ജാഗ്ര​ത​യോ​ടെ ഇരി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ശരിക്കും മനസ്സി​ലാ​ക്കി​യി​ട്ടു​ണ്ടാ​കണം. യേശു പറയുന്നു: “നിങ്ങളു​ടെ ഹൃദയം അമിത​മായ തീറ്റി​യും കുടി​യും ജീവി​ത​ത്തി​ലെ ഉത്‌ക​ണ്‌ഠ​ക​ളും കാരണം ഭാര​പ്പെ​ട്ടിട്ട്‌, പ്രതീ​ക്ഷി​ക്കാത്ത നേരത്ത്‌ ആ ദിവസം പെട്ടെ​ന്നൊ​രു കെണി​പോ​ലെ നിങ്ങളു​ടെ മേൽ വരാതി​രി​ക്കാൻ സൂക്ഷി​ക്കണം. കാരണം അതു ഭൂമു​ഖ​ത്തുള്ള എല്ലാവ​രു​ടെ മേലും വരും. അതു​കൊണ്ട്‌ സംഭവി​ക്കാ​നി​രി​ക്കുന്ന ഇക്കാര്യ​ങ്ങ​ളിൽനി​ന്നെ​ല്ലാം രക്ഷപ്പെ​ടാ​നും മനുഷ്യ​പു​ത്രന്റെ മുന്നിൽ നിൽക്കാ​നും കഴി​യേ​ണ്ട​തിന്‌ എപ്പോ​ഴും ഉള്ളുരു​കി പ്രാർഥി​ച്ചു​കൊണ്ട്‌ ഉണർന്നി​രി​ക്കുക.”​—ലൂക്കോസ്‌ 21:34-36.

താൻ മുൻകൂ​ട്ടി​പ്പ​റ​യുന്ന കാര്യ​ങ്ങൾക്ക്‌ വിശാ​ല​മായ അർഥമു​ണ്ടെന്ന കാര്യം യേശു ഒരിക്കൽക്കൂ​ടി കാണി​ച്ചു​കൊ​ടു​ക്കു​ന്നു. ഏതാനും ദശാബ്ദ​ങ്ങൾക്കു​ള്ളിൽ യരുശ​ലേം നഗരത്തി​നും ജൂതജ​ന​ത​യ്‌ക്കും മാത്രം സംഭവി​ക്കാൻ പോകുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചല്ല യേശു മുൻകൂ​ട്ടി​പ്പ​റ​യു​ന്നത്‌. അത്‌ “ഭൂമു​ഖ​ത്തുള്ള എല്ലാവ​രു​ടെ മേലും വരും” എന്നാണ്‌ യേശു പറയു​ന്നത്‌.

ജാഗ്ര​ത​യോ​ടെ ഉണർന്നി​രി​ക്കാ​നും തയ്യാറാ​യി​രി​ക്കാ​നും യേശു ശിഷ്യ​ന്മാ​രോട്‌ പറയുന്നു. മറ്റൊരു ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ യേശു ഇതേകാ​ര്യം വീണ്ടും എടുത്തു​പ​റ​യു​ന്നു: “ഒരു കാര്യം ഓർക്കുക: കള്ളൻ വരുന്ന സമയം വീട്ടു​കാ​രന്‌ അറിയാ​മാ​യി​രു​ന്നെ​ങ്കിൽ അയാൾ ഉണർന്നി​രുന്ന്‌ കള്ളൻ വീടു കവർച്ച ചെയ്യാ​തി​രി​ക്കാൻ നോക്കി​ല്ലാ​യി​രു​ന്നോ? അതു​പോ​ലെ​തന്നെ, നിങ്ങൾ പ്രതീ​ക്ഷി​ക്കാത്ത സമയത്താ​യി​രി​ക്കും മനുഷ്യ​പു​ത്രൻ വരുന്നത്‌. അതു​കൊണ്ട്‌ നിങ്ങളും ഒരുങ്ങി​യി​രി​ക്കുക.”​—മത്തായി 24:43, 44.

പ്രതീ​ക്ഷ​യോ​ടി​രി​ക്കാൻ സഹായി​ക്കുന്ന ചില കാര്യങ്ങൾ യേശു ശിഷ്യ​ന്മാ​രോ​ടു പറയുന്നു. താൻ മുൻകൂ​ട്ടി​പ്പറഞ്ഞ കാര്യങ്ങൾ നിറ​വേ​റുന്ന സമയത്ത്‌ ജാഗ്ര​ത​യും ഉത്സാഹ​വും ഉള്ള ഒരു “അടിമ” ഉണ്ടായി​രി​ക്കു​മെന്നു യേശു അവർക്ക്‌ ഉറപ്പ്‌ കൊടു​ക്കു​ന്നു. അപ്പോ​സ്‌ത​ല​ന്മാർക്കു പെട്ടെന്നു മനസ്സി​ലാ​കുന്ന ഒരു കാര്യം യേശു ഇപ്പോൾ പറയുന്നു: “വീട്ടു​ജോ​ലി​ക്കാർക്കു തക്കസമ​യത്ത്‌ ഭക്ഷണം കൊടു​ക്കാൻ യജമാനൻ അവരുടെ മേൽ നിയമിച്ച വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ ആരാണ്‌? ഏൽപ്പിച്ച ആ ജോലി അടിമ ചെയ്യു​ന്ന​താ​യി, യജമാനൻ വരു​മ്പോൾ കാണു​ന്നെ​ങ്കിൽ ആ അടിമ​യ്‌ക്കു സന്തോ​ഷി​ക്കാം! യജമാനൻ തന്റെ എല്ലാ സ്വത്തു​ക്ക​ളു​ടെ​യും ചുമതല അയാളെ ഏൽപ്പി​ക്കും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.” എന്നാൽ ആ “അടിമ” ഒരു ദുഷ്ടനാ​യി​ത്തീ​രു​ക​യും മറ്റുള്ള​വ​രോ​ടു മോശ​മാ​യി പെരു​മാ​റു​ക​യും ചെയ്യു​ന്നെ​ങ്കിൽ യജമാനൻ വന്ന്‌ ‘അയാളെ കഠിന​മാ​യി ശിക്ഷി​ക്കും.’​—മത്തായി 24:45-51; ലൂക്കോസ്‌ 12:45, 46 താരത​മ്യം ചെയ്യുക.

തന്റെ അനുഗാ​മി​ക​ളിൽ കുറെ​പ്പേർ ഒരു ദുഷ്ടമ​നോ​ഭാ​വം വളർത്തി​യെ​ടു​ക്കു​മെന്നല്ല യേശു പറഞ്ഞതി​ന്റെ അർഥം. പിന്നെ എന്തു കാര്യ​മാണ്‌ തന്റെ ശിഷ്യ​ന്മാർ മനസ്സി​ലാ​ക്കാൻ യേശു ആഗ്രഹി​ച്ചത്‌? അവർ ജാഗ്ര​ത​യോ​ടെ​യും ശ്രദ്ധ​യോ​ടും ഇരിക്ക​ണ​മെന്ന കാര്യം. ഇത്‌ യേശു മറ്റൊരു ദൃഷ്ടാ​ന്ത​ത്തിൽ വ്യക്തമാ​ക്കു​ന്നു.