വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 119

യേശു​—വഴിയും സത്യവും ജീവനും

യേശു​—വഴിയും സത്യവും ജീവനും

യോഹന്നാൻ 14:1-31

  • യേശു സ്ഥലം ഒരുക്കാ​നാ​യി പോകു​ന്നു

  • തന്റെ അനുഗാ​മി​കൾക്ക്‌ യേശു ഒരു സഹായി​യെ വാഗ്‌ദാ​നം ചെയ്യുന്നു

  • യേശു​വി​നെ​ക്കാൾ വലിയ​വ​നാണ്‌ പിതാവ്‌

സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു ശേഷം യേശു​വും അപ്പോ​സ്‌ത​ല​ന്മാ​രും ഇപ്പോ​ഴും മുകളി​ലത്തെ മുറി​യിൽത്ത​ന്നെ​യാണ്‌. “നിങ്ങളു​ടെ ഹൃദയം അസ്വസ്ഥ​മാ​ക​രുത്‌. ദൈവ​ത്തിൽ വിശ്വ​സി​ക്കുക. എന്നിലും വിശ്വ​സി​ക്കുക” എന്നു പറഞ്ഞ്‌ യേശു അവരെ ധൈര്യ​പ്പെ​ടു​ത്തു​ന്നു.​—യോഹ​ന്നാൻ 13:36; 14:1.

താൻ പോകു​ന്ന​തിൽ അസ്വസ്ഥ​രാ​കാ​തി​രി​ക്കാൻ വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാ​രോട്‌ യേശു ഇങ്ങനെ പറയുന്നു: “എന്റെ പിതാ​വി​ന്റെ ഭവനത്തിൽ അനേകം താമസ​സ്ഥ​ല​ങ്ങ​ളുണ്ട്‌ . . . ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കാ​നാ​ണു പോകു​ന്നത്‌. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കി​യിട്ട്‌ വീണ്ടും വരുക​യും ഞാനു​ള്ളി​ടത്ത്‌ നിങ്ങളു​മു​ണ്ടാ​യി​രി​ക്കാൻ നിങ്ങളെ എന്റെ വീട്ടിൽ സ്വീക​രി​ക്കു​ക​യും ചെയ്യും.” യേശു സ്വർഗ​ത്തിൽ പോകു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌ സംസാ​രി​ച്ചത്‌ എന്ന കാര്യം അപ്പോ​സ്‌ത​ല​ന്മാർ ഗ്രഹി​ക്കു​ന്നില്ല. ഇപ്പോൾ തോമസ്‌ ചോദി​ക്കു​ന്നു: “കർത്താവേ, അങ്ങ്‌ എവി​ടേ​ക്കാ​ണു പോകു​ന്ന​തെന്നു ഞങ്ങൾക്ക്‌ അറിഞ്ഞു​കൂ​ടാ. പിന്നെ എങ്ങനെ വഴി അറിയും?”​—യോഹ​ന്നാൻ 14:2-5.

“ഞാൻത​ന്നെ​യാ​ണു വഴിയും സത്യവും ജീവനും” എന്ന്‌ യേശു പറയുന്നു. യേശു​വി​നെ സ്വീക​രി​ക്കു​ക​യും യേശു​വി​ന്റെ പഠിപ്പി​ക്ക​ലും ജീവി​ത​ഗ​തി​യും പിൻപ​റ്റു​ക​യും ചെയ്‌താൽ മാത്രമേ ഒരാൾക്കു പിതാ​വി​ന്റെ സ്വർഗീ​യ​ഭ​വ​ന​ത്തിൽ പ്രവേ​ശി​ക്കാൻ കഴിയൂ. യേശു പറയുന്നു: “എന്നിലൂ​ടെ​യ​ല്ലാ​തെ ആരും പിതാ​വി​ന്റെ അടു​ത്തേക്കു വരുന്നില്ല.”​—യോഹ​ന്നാൻ 14:6.

ശ്രദ്ധ​യോ​ടെ കേട്ടി​രുന്ന ഫിലി​പ്പോസ്‌ ഇങ്ങനെ അപേക്ഷി​ക്കു​ന്നു: “കർത്താവേ, ഞങ്ങൾക്കു പിതാ​വി​നെ കാണി​ച്ചു​ത​രണേ. അതു മാത്രം മതി.” മോശ, ഏലിയ, യശയ്യ എന്നിവർക്കു ലഭിച്ച ദർശന​ങ്ങ​ളിൽ അവർ ദൈവത്തെ കണ്ടതു​പോ​ലെ സാധ്യ​ത​യ​നു​സ​രിച്ച്‌ ഫിലി​പ്പോ​സും ഇപ്പോൾ ദൈവത്തെ കാണാൻ ആഗ്രഹി​ക്കു​ന്നു. എന്നാൽ അപ്പോ​സ്‌ത​ല​ന്മാർക്ക്‌ അതിലും മെച്ചമാ​യ​തുണ്ട്‌. ഈ കാര്യം എടുത്തു​പ​റ​ഞ്ഞു​കൊണ്ട്‌ യേശു പറയുന്നു: “ഞാൻ ഇത്രയും കാലം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നി​ട്ടും ഫിലി​പ്പോ​സേ, നിനക്ക്‌ എന്നെ അറിയി​ല്ലേ? എന്നെ കണ്ടിട്ടു​ള്ളവൻ പിതാ​വി​നെ​യും കണ്ടിരി​ക്കു​ന്നു.” തന്റെ പിതാ​വി​ന്റെ വ്യക്തി​ത്വം യേശു പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. യേശു​വി​നെ നിരീ​ക്ഷി​ക്കു​ക​യും യേശു​വി​ന്റെ​കൂ​ടെ ജീവി​ക്കു​ക​യും ചെയ്യു​ന്നത്‌ പിതാ​വി​നെ കാണു​ന്ന​തു​പോ​ലെ​ത​ന്നെ​യാണ്‌. തീർച്ച​യാ​യും പിതാവ്‌ പുത്ര​നെ​ക്കാൾ വലിയ​വ​നാണ്‌. യേശു ഇങ്ങനെ പറയുന്നു: “ഞാൻ നിങ്ങ​ളോ​ടു സംസാ​രി​ക്കുന്ന കാര്യങ്ങൾ ഞാൻ സ്വന്തമാ​യി പറയു​ന്നതല്ല.” (യോഹ​ന്നാൻ 14:8-10) യേശു തന്റെ പഠിപ്പി​ക്ക​ലി​ന്റെ എല്ലാ മഹത്ത്വ​വും തന്റെ പിതാ​വി​നു കൊടു​ക്കു​ന്നത്‌ അപ്പോ​സ്‌ത​ല​ന്മാർക്ക്‌ കാണാൻ കഴിയു​മാ​യി​രു​ന്നു.

യേശു അത്ഭുത​ക​ര​മായ പ്രവൃ​ത്തി​കൾ ചെയ്യു​ന്ന​തും ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തും അപ്പോ​സ്‌ത​ല​ന്മാർ കാണു​ക​യും കേൾക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. ഇപ്പോൾ യേശു അവരോട്‌ ഇങ്ങനെ പറയുന്നു: “എന്നെ വിശ്വ​സി​ക്കു​ന്നവൻ ഞാൻ ചെയ്യുന്ന പ്രവൃ​ത്തി​കൾ ചെയ്യും. . . . അതിലും വലിയ​തും അവൻ ചെയ്യും.” (യോഹ​ന്നാൻ 14:12) യേശു ചെയ്‌ത​തി​നെ​ക്കാൾ വലിയ അത്ഭുതങ്ങൾ ചെയ്യു​മെന്നല്ല യേശു പറയു​ന്നത്‌. പകരം അവർ കൂടുതൽ സമയം ശുശ്രൂഷ ചെയ്യും, വളരെ വിസ്‌തൃ​ത​മായ പ്രദേശം പ്രവർത്തി​ച്ചു​തീർക്കും, കൂടുതൽ ആളുക​ളു​ടെ അടുത്ത്‌ സുവി​ശേഷം എത്തിക്കും എന്നാണ്‌ യേശു ഉദ്ദേശി​ച്ചത്‌.

യേശു പോയ​തി​നു ശേഷം അവർ ഒറ്റയ്‌ക്കാ​കു​മാ​യി​രു​ന്നില്ല. കാരണം യേശു ഇങ്ങനെ വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു: “നിങ്ങൾ എന്റെ നാമത്തിൽ ചോദി​ക്കു​ന്നത്‌ എന്തും ഞാൻ ചെയ്‌തു​ത​രും. ഞാൻ പിതാ​വി​നോട്‌ അപേക്ഷി​ക്കു​മ്പോൾ പിതാവ്‌ മറ്റൊരു സഹായി​യെ നിങ്ങൾക്കു തരും. അത്‌ എന്നും നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും. ആ സഹായി സത്യത്തി​ന്റെ ആത്മാവാണ്‌.” (യോഹ​ന്നാൻ 14:14, 16, 17) പരിശു​ദ്ധാ​ത്മാവ്‌ എന്ന സഹായി​യെ അവർക്കു ലഭിക്കു​മെന്ന്‌ യേശു ഉറപ്പു കൊടു​ക്കു​ന്നു. പെന്തി​ക്കോ​സ്‌ത്‌ ദിവസം അവർക്ക്‌ ആ സഹായം ലഭിക്കു​ന്നു.

യേശു പറയുന്നു: “അൽപ്പം​കൂ​ടെ കഴിഞ്ഞാൽ പിന്നെ ലോകം എന്നെ കാണില്ല. എന്നാൽ നിങ്ങൾ എന്നെ കാണും. കാരണം, ഞാൻ ജീവി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങളും ജീവി​ക്കും.” (യോഹ​ന്നാൻ 14:19) പുനരു​ത്ഥാ​ന​ത്തി​നു ശേഷം യേശു സ്വർഗ​ത്തി​ലേക്കു പോകു​ന്ന​തി​നു മുമ്പ്‌ ശിഷ്യ​ന്മാർ യേശു​വി​നെ കാണും. പിന്നീട്‌ ശിഷ്യ​ന്മാ​രും യേശു​വി​നോ​ടൊ​പ്പം സ്വർഗ​ത്തി​ലാ​യി​രി​ക്കും.

ഇപ്പോൾ യേശു ലളിത​മായ ഒരു സത്യം പറയുന്നു: “എന്റെ കല്‌പ​നകൾ സ്വീക​രിച്ച്‌ അവ അനുസ​രി​ക്കു​ന്ന​വ​നാണ്‌ എന്നെ സ്‌നേ​ഹി​ക്കു​ന്നവൻ. എന്നെ സ്‌നേ​ഹി​ക്കു​ന്ന​വനെ എന്റെ പിതാ​വും സ്‌നേ​ഹി​ക്കും. ഞാനും അവനെ സ്‌നേ​ഹിച്ച്‌ എന്നെ അവനു വ്യക്തമാ​യി കാണി​ച്ചു​കൊ​ടു​ക്കും.” ഈ സമയത്ത്‌ തദ്ദായി എന്നുകൂ​ടി അറിയ​പ്പെ​ടുന്ന അപ്പോ​സ്‌ത​ല​നായ യൂദാസ്‌ ചോദി​ക്കു​ന്നു: “കർത്താവേ, അങ്ങ്‌ ലോക​ത്തി​നല്ല മറിച്ച്‌ ഞങ്ങൾക്ക്‌ അങ്ങയെ വ്യക്തമാ​യി കാണി​ച്ചു​ത​രാൻ ഉദ്ദേശി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?” യേശു മറുപടി പറഞ്ഞത്‌: “എന്നെ സ്‌നേ​ഹി​ക്കു​ന്നവൻ എന്റെ വചനം അനുസ​രി​ക്കും. എന്റെ പിതാവ്‌ അവനെ സ്‌നേ​ഹി​ക്കും. . . . എന്നെ സ്‌നേ​ഹി​ക്കാ​ത്തവൻ എന്റെ വചനം അനുസ​രി​ക്കില്ല.” (യോഹ​ന്നാൻ 14:21-24) തന്റെ അനുഗാ​മി​ക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി യേശു​വാ​ണു വഴിയും സത്യവും ജീവനും എന്ന കാര്യം ലോക​ത്തി​ലു​ള്ളവർ തിരി​ച്ച​റി​യു​ന്നില്ല.

യേശു ഇപ്പോൾ പോകു​ക​യാണ്‌. അപ്പോൾ എങ്ങനെ​യാ​ണു യേശു​വി​ന്റെ ശിഷ്യ​ന്മാർക്കു യേശു പഠിപ്പിച്ച കാര്യ​ങ്ങ​ളെ​ല്ലാം ഓർത്തെ​ടു​ക്കാൻ കഴിയു​ന്നത്‌? യേശു വിശദീ​ക​രി​ക്കു​ന്നു: “പിതാവ്‌ എന്റെ നാമത്തിൽ അയയ്‌ക്കാ​നി​രി​ക്കുന്ന പരിശു​ദ്ധാ​ത്മാവ്‌ എന്ന സഹായി നിങ്ങളെ എല്ലാ കാര്യ​ങ്ങ​ളും പഠിപ്പി​ക്കു​ക​യും ഞാൻ നിങ്ങ​ളോ​ടു പറഞ്ഞ​തൊ​ക്കെ നിങ്ങളെ ഓർമി​പ്പി​ക്കു​ക​യും ചെയ്യും.” പരിശു​ദ്ധാ​ത്മാ​വിന്‌ എത്ര ശക്തമായി പ്രവർത്തി​ക്കാൻ കഴിയു​മെന്ന കാര്യം അപ്പോ​സ്‌ത​ല​ന്മാർ കണ്ടിട്ടുണ്ട്‌. അതു​കൊണ്ട്‌ ഈ ഉറപ്പ്‌ അവർക്കു വലി​യൊ​രു ആശ്വാ​സ​മാണ്‌. യേശു കൂട്ടി​ച്ചേർക്കു​ന്നു: “സമാധാ​നം ഞാൻ നിങ്ങൾക്കു തന്നിട്ടു​പോ​കു​ന്നു. എന്റെ സമാധാ​നം ഞാൻ നിങ്ങൾക്കു തരുന്നു. . . . നിങ്ങളു​ടെ ഹൃദയം അസ്വസ്ഥ​മാ​ക​രുത്‌, ഭയപ്പെ​ടു​ക​യു​മ​രുത്‌.” (യോഹ​ന്നാൻ 14:26, 27) ശിഷ്യ​ന്മാർ അസ്വസ്ഥ​രാ​ക​രു​തെന്ന കാര്യ​വും യേശു അവരോ​ടു പറയുന്നു. അവർക്ക്‌ യേശു​വി​ന്റെ പിതാ​വിൽനിന്ന്‌ വേണ്ട നിർദേ​ശ​വും സംരക്ഷ​ണ​വും ലഭിക്കും.

ദൈവ​ത്തി​ന്റെ സംരക്ഷ​ണ​ത്തി​ന്റെ തെളി​വു​കൾ അവർക്കു പെട്ടെ​ന്നു​തന്നെ കാണാൻ കഴിയും. യേശു പറയുന്നു: “ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി വരുന്നു. അയാൾക്ക്‌ എന്റെ മേൽ ഒരു അധികാ​ര​വു​മില്ല.” (യോഹ​ന്നാൻ 14:30) പിശാ​ചിന്‌ യൂദാ​സിൽ കടക്കാ​നും യൂദാ​സി​നെ സ്വാധീ​നി​ക്കാ​നും സാധിച്ചു. എന്നാൽ യേശു​വി​ന്റെ കാര്യ​ത്തി​ലാ​കട്ടെ, ദൈവ​ത്തി​നെ​തി​രെ തിരി​ക്കാൻ കഴിയുന്ന ഏതെങ്കി​ലും ഒരു ബലഹീനത യേശു​വിൽ കണ്ടെത്താൻ സാത്താനു കഴിഞ്ഞില്ല. യേശു​വി​നെ മരണത്തി​ന്റെ പിടി​യിൽ ഒതുക്കി​നി​റു​ത്താ​നും സാത്താനു കഴിയു​മാ​യി​രു​ന്നില്ല. എന്തു​കൊണ്ട്‌? കാരണം യേശു പറയുന്നു, “പിതാവ്‌ എന്നോടു കല്‌പി​ച്ച​തെ​ല്ലാം ഞാൻ അങ്ങനെ​തന്നെ ചെയ്യു​ക​യാണ്‌.” തന്റെ പിതാവ്‌ തന്നെ ഉയിർപ്പി​ക്കു​മെന്നു യേശു​വിന്‌ ഉറച്ച ബോധ്യ​മുണ്ട്‌.​—യോഹ​ന്നാൻ 14:31.