വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 121

“ധൈര്യ​മാ​യി​രി​ക്കുക! ഞാൻ ലോകത്തെ കീഴട​ക്കി​യി​രി​ക്കു​ന്നു”

“ധൈര്യ​മാ​യി​രി​ക്കുക! ഞാൻ ലോകത്തെ കീഴട​ക്കി​യി​രി​ക്കു​ന്നു”

യോഹന്നാൻ 16:1-33

  • കുറച്ച്‌ കഴിഞ്ഞാൽ പിന്നെ അപ്പോ​സ്‌ത​ല​ന്മാർ യേശു​വി​നെ കാണില്ല

  • അപ്പോ​സ്‌ത​ല​ന്മാ​രു​ടെ ദുഃഖം ആനന്ദമാ​യി മാറും

യേശു​വും അപ്പോ​സ്‌ത​ല​ന്മാ​രും പെസഹ ആഘോ​ഷിച്ച ആ മുറി​യിൽനിന്ന്‌ താഴേക്ക്‌ ഇറങ്ങാൻ തുടങ്ങു​ക​യാണ്‌. പ്രധാ​ന​പ്പെട്ട ചില മുന്നറി​യി​പ്പു​കൾ കൊടു​ത്ത​ശേഷം യേശു ഇങ്ങനെ​യും പറയുന്നു: “നിങ്ങൾ വീണു​പോ​കാ​തി​രി​ക്കാ​നാ​ണു ഞാൻ ഇക്കാര്യ​ങ്ങൾ നിങ്ങ​ളോ​ടു പറഞ്ഞത്‌.” അത്തരം ഒരു മുന്നറി​യിപ്പ്‌ ഉചിത​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? യേശു അവരോ​ടു പറയുന്നു: “ആളുകൾ നിങ്ങളെ സിന​ഗോ​ഗിൽനിന്ന്‌ പുറത്താ​ക്കും. നിങ്ങളെ കൊല്ലു​ന്നവർ, ദൈവ​ത്തി​നു​വേണ്ടി ഒരു പുണ്യ​പ്ര​വൃ​ത്തി ചെയ്യു​ക​യാ​ണെന്നു കരുതുന്ന സമയം വരുന്നു.”​—യോഹ​ന്നാൻ 16:1, 2.

യേശു​വി​ന്റെ ഈ വാക്കുകൾ അപ്പോ​സ്‌ത​ല​ന്മാ​രെ അസ്വസ്ഥ​രാ​ക്കി​യി​ട്ടു​ണ്ടാ​കും. ലോകം അവരെ വെറു​ക്കു​മെന്നു യേശു പറഞ്ഞി​രു​ന്നു. എന്നിരു​ന്നാ​ലും അവർ കൊല്ല​പ്പെ​ടു​മെന്നു യേശു അവരോ​ടു നേരിട്ടു പറഞ്ഞി​രു​ന്നില്ല. എന്തു​കൊണ്ട്‌? യേശു പറയുന്നു: “ഞാൻ നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണു തുടക്ക​ത്തിൽ ഈ കാര്യങ്ങൾ നിങ്ങ​ളോ​ടു പറയാ​തി​രു​ന്നത്‌.” (യോഹ​ന്നാൻ 16:4) എന്നാൽ ഇപ്പോൾ പോകു​ന്ന​തി​നു മുമ്പ്‌ ചില മുന്നറി​യി​പ്പു​കൾകൂ​ടി യേശു കൊടു​ക്കു​ക​യാ​യി​രു​ന്നു. പിന്നീട്‌ വീണു​പോ​കാ​തി​രി​ക്കാൻ ഇത്‌ അവരെ സഹായി​ക്കു​മാ​യി​രു​ന്നു.

യേശു തുടരു​ന്നു: “ഇപ്പോൾ ഞാൻ എന്നെ അയച്ച വ്യക്തി​യു​ടെ അടു​ത്തേക്കു പോകു​ന്നു. പക്ഷേ നിങ്ങൾ ആരും എന്നോട്‌, ‘അങ്ങ്‌ എവി​ടേക്കു പോകു​ന്നു’ എന്നു ചോദി​ക്കു​ന്നില്ല.” എന്നാൽ യേശു എവി​ടേ​ക്കാ​ണു പോകു​ന്ന​തെന്ന്‌ അന്നു വൈകു​ന്നേരം അവർ ചോദി​ച്ചി​രു​ന്നു. (യോഹ​ന്നാൻ 13:36; 14:5; 16:5) പക്ഷേ ഇപ്പോൾ, അവർ നേരി​ടാൻപോ​കുന്ന ഉപദ്ര​വ​ത്തെ​ക്കു​റിച്ച്‌ യേശു പറഞ്ഞ കാര്യ​ങ്ങ​ളാണ്‌ അവരുടെ മനസ്സിൽ. ഇതെക്കു​റിച്ച്‌ ഓർത്ത്‌ അവർ ആകെ വിഷമി​ച്ചി​രി​ക്കു​ക​യാണ്‌. അതു​കൊണ്ട്‌ യേശു​വി​നു ലഭിക്കാ​നി​രി​ക്കുന്ന മഹത്ത്വ​ത്തെ​ക്കു​റി​ച്ചോ സത്യാ​രാ​ധ​കർക്കു​ണ്ടാ​കുന്ന പ്രയോ​ജ​ന​ത്തെ​ക്കു​റി​ച്ചോ കൂടു​ത​ലൊ​ന്നും അവർക്കു ചോദി​ക്കാ​നാ​കു​ന്നില്ല. അതു മനസ്സി​ലാ​ക്കിയ യേശു പറയുന്നു: “ഞാൻ ഇക്കാര്യ​ങ്ങൾ പറഞ്ഞതു​കൊണ്ട്‌ നിങ്ങളു​ടെ ഹൃദയ​ത്തിൽ ദുഃഖം നിറഞ്ഞി​രി​ക്കു​ന്നു.”​—യോഹ​ന്നാൻ 16:6.

അപ്പോൾ യേശു വിശദീ​ക​രി​ക്കു​ന്നു: “നിങ്ങളു​ടെ പ്രയോ​ജ​ന​ത്തി​നാ​ണു ഞാൻ പോകു​ന്നത്‌. ഞാൻ പോയി​ല്ലെ​ങ്കിൽ സഹായി നിങ്ങളു​ടെ അടുത്ത്‌ വരില്ല. പോയാ​ലോ ഞാൻ സഹായി​യെ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കും.” (യോഹ​ന്നാൻ 16:7) യേശു മരിച്ച്‌ സ്വർഗ​ത്തി​ലേക്കു പോയാൽ മാത്രമേ യേശു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​ക​യു​ള്ളൂ. ഭൂമി​യിൽ എവി​ടെ​യും ഉള്ള തന്റെ ജനത്തിനു പരിശു​ദ്ധാ​ത്മാ​വി​നെ നൽകി യേശു​വിന്‌ അവരെ സഹായി​ക്കാ​നാ​കും.

പരിശുദ്ധാത്മാവ്‌  “പാപ​ത്തെ​യും നീതി​യെ​യും ന്യായ​വി​ധി​യെ​യും കുറിച്ച്‌ ലോക​ത്തി​നു ബോധ്യം വരുത്തും.” (യോഹ​ന്നാൻ 16:8) അതെ, ദൈവ​പു​ത്ര​നിൽ വിശ്വ​സി​ക്കാൻ പരാജ​യ​പ്പെട്ട ലോകത്തെ അതു തുറന്നു​കാ​ട്ടും. യേശു ഉയിർത്തെ​ഴു​ന്നേറ്റ്‌ സ്വർഗ​ത്തി​ലേക്കു പോകു​ന്നതു യേശു നീതി​മാ​നാ​ണെന്ന കാര്യ​ത്തി​നു ശക്തമായ ഒരു തെളി​വാ​യി​രി​ക്കും. കൂടാതെ, ‘ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി​യായ’ സാത്താൻ ന്യായ​വി​ധിക്ക്‌ അർഹനാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നും അതു വെളി​പ്പെ​ടു​ത്തും.​—യോഹ​ന്നാൻ 16:11.

“ഇനിയും ഒരുപാ​ടു കാര്യങ്ങൾ എനിക്കു നിങ്ങ​ളോ​ടു പറയാ​നുണ്ട്‌ ” എന്ന്‌ യേശു പറയുന്നു. എന്നിട്ട്‌ ഇങ്ങനെ തുടരു​ന്നു: “പക്ഷേ ഇപ്പോൾ നിങ്ങൾക്ക്‌ അതൊ​ന്നും ഉൾക്കൊ​ള്ളാൻ പറ്റില്ല.” യേശു പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ക്കു​മ്പോൾ അത്‌ അവരെ വഴിന​യി​ക്കും, അങ്ങനെ “സത്യം മുഴു​വ​നാ​യി” മനസ്സി​ലാ​ക്കാൻ അവർക്കാ​കും. കൂടാതെ ആ സത്യത്തി​നു ചേർച്ച​യിൽ ജീവി​ക്കാ​നും അവർ പ്രാപ്‌ത​രാ​കും.​—യോഹ​ന്നാൻ 16:12, 13.

യേശു​വി​ന്റെ തുടർന്നുള്ള പ്രസ്‌താ​വന അവരെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കി. “കുറച്ച്‌ കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്നെ കാണില്ല. എന്നാൽ പിന്നെ​യും കുറച്ച്‌ കഴിയു​മ്പോൾ നിങ്ങൾ എന്നെ കാണും.” യേശു പറഞ്ഞതി​ന്റെ അർഥം എന്താ​ണെന്ന്‌ അവർ തമ്മിൽത്ത​മ്മിൽ ചോദി​ക്കു​ന്നു. അവർ അതെക്കു​റിച്ച്‌ തന്നോടു ചോദി​ക്കാൻ ആഗ്രഹി​ക്കു​ന്നെന്നു മനസ്സി​ലാ​ക്കിയ യേശു അവരോ​ടു വിശദീ​ക​രി​ക്കു​ന്നു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: നിങ്ങൾ കരഞ്ഞു​വി​ല​പി​ക്കും, പക്ഷേ ലോകം സന്തോ​ഷി​ക്കും. നിങ്ങൾ ദുഃഖി​ക്കും, എന്നാൽ നിങ്ങളു​ടെ ദുഃഖം ആനന്ദമാ​യി മാറും.” (യോഹ​ന്നാൻ 16:16, 20) പിറ്റേന്ന്‌ ഉച്ചകഴിഞ്ഞ്‌ യേശു കൊല്ല​പ്പെ​ടു​മ്പോൾ മതനേ​താ​ക്കൾ സന്തോ​ഷി​ക്കു​ന്നു, പക്ഷേ യേശു​വി​ന്റെ ശിഷ്യ​ന്മാർ കരഞ്ഞു​വി​ല​പി​ക്കു​ന്നു. എന്നാൽ യേശു ഉയിർത്തെ​ഴു​ന്നേൽക്കു​ക​യും അവരുടെ മേൽ പരിശു​ദ്ധാ​ത്മാ​വി​നെ പകരു​ക​യും ചെയ്‌ത​തോ​ടെ അവരുടെ ദുഃഖം ആനന്ദമാ​യി മാറി!

അപ്പോ​സ്‌ത​ല​ന്മാ​രു​ടെ സാഹച​ര്യ​ത്തെ പ്രസവ​വേദന അനുഭ​വി​ക്കുന്ന ഒരു സ്‌ത്രീ​യോട്‌ താരത​മ്യ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “പ്രസവ​സ​മ​യ​മാ​കു​മ്പോൾ ഒരു സ്‌ത്രീ അവളുടെ വേദന ഓർത്ത്‌ ദുഃഖി​ക്കു​ന്നു. എന്നാൽ കുഞ്ഞിനെ പ്രസവി​ച്ചു​ക​ഴി​യു​മ്പോൾ, ഒരു മനുഷ്യൻ ലോക​ത്തിൽ പിറന്നു​വീ​ണ​തു​കൊ​ണ്ടുള്ള സന്തോഷം കാരണം അവൾ അനുഭ​വിച്ച കഷ്ടം പിന്നെ ഓർക്കില്ല.” ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ യേശു ശിഷ്യ​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “നിങ്ങൾക്കും ഇപ്പോൾ ദുഃഖ​മുണ്ട്‌. എന്നാൽ ഞാൻ നിങ്ങളെ വീണ്ടും കാണും. അപ്പോൾ നിങ്ങളു​ടെ ഹൃദയം സന്തോ​ഷി​ക്കും. നിങ്ങളു​ടെ സന്തോഷം ആരും കവർന്നു​ക​ള​യില്ല.”​—യോഹ​ന്നാൻ 16:21, 22.

ഇതുവരെ, അപ്പോ​സ്‌ത​ല​ന്മാർ യേശു​വി​ന്റെ നാമത്തിൽ ഒന്നും അപേക്ഷി​ച്ചി​ട്ടില്ല. ഇപ്പോൾ യേശു പറയുന്നു: “അന്ന്‌ എന്റെ നാമത്തിൽ നിങ്ങൾ പിതാ​വി​നോട്‌ അപേക്ഷി​ക്കും.” എന്തു​കൊ​ണ്ടാണ്‌ അവർ അങ്ങനെ ചെയ്യേ​ണ്ടി​യി​രു​ന്നത്‌? പിതാവ്‌ അവരുടെ അപേക്ഷകൾ കേൾക്കാ​തി​രു​ന്ന​തു​കൊ​ണ്ടല്ല. യേശു പറയുന്നു: “നിങ്ങൾ എന്നെ സ്‌നേ​ഹി​ച്ച​തു​കൊ​ണ്ടും ഞാൻ പിതാ​വി​ന്റെ പ്രതി​നി​ധി​യാ​യി വന്നെന്നു വിശ്വ​സി​ച്ച​തു​കൊ​ണ്ടും പിതാ​വു​തന്നെ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ട​ല്ലോ.”​—യോഹ​ന്നാൻ 16:26, 27.

യേശു​വി​ന്റെ ഈ വാക്കുകൾ അപ്പോ​സ്‌ത​ല​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടു​ണ്ടാ​കും. അവർ ഉറപ്പോ​ടെ ഇങ്ങനെ പറഞ്ഞു: “അതു​കൊണ്ട്‌ അങ്ങ്‌ ദൈവ​ത്തി​ന്റെ അടുത്തു​നിന്ന്‌ വന്നതാ​ണെന്നു ഞങ്ങൾ വിശ്വ​സി​ക്കു​ന്നു.” എന്നാൽ അവരുടെ ആ ബോധ്യം ഉടൻതന്നെ പരി​ശോ​ധി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. എന്താണ്‌ സംഭവി​ക്കാൻ പോകു​ന്ന​തെന്ന്‌ യേശു വിശദീ​ക​രി​ക്കു​ന്നു: “എന്നാൽ ഇതാ, നിങ്ങ​ളെ​ല്ലാം എന്നെ തനിച്ചാ​ക്കി​യിട്ട്‌ സ്വന്തം വീടു​ക​ളി​ലേക്ക്‌ ഓടി​പ്പോ​കുന്ന സമയം വരുന്നു. അത്‌ ഇപ്പോൾത്തന്നെ വന്നുക​ഴി​ഞ്ഞു.” എങ്കിലും യേശു അവർക്ക്‌ ഉറപ്പു കൊടു​ക്കു​ന്നു: “ഞാൻ മുഖാ​ന്തരം നിങ്ങൾക്കു സമാധാ​ന​മു​ണ്ടാ​കാ​നാണ്‌ ഈ കാര്യങ്ങൾ ഞാൻ നിങ്ങ​ളോ​ടു പറഞ്ഞത്‌. ഈ ലോക​ത്തിൽ നിങ്ങൾക്കു കഷ്ടതക​ളു​ണ്ടാ​കും. എങ്കിലും ധൈര്യ​മാ​യി​രി​ക്കുക! ഞാൻ ലോകത്തെ കീഴട​ക്കി​യി​രി​ക്കു​ന്നു.” (യോഹ​ന്നാൻ 16:30-33) യേശു ഇപ്പോൾ അവരുടെ അടുക്കൽനിന്ന്‌ പോകു​ക​യാ​ണെ​ങ്കി​ലും തുടർന്നും അവരെ പിന്തു​ണ​യ്‌ക്കു​മാ​യി​രു​ന്നു. സാത്താ​നും അവന്റെ ലോക​വും അപ്പോ​സ്‌ത​ല​ന്മാ​രു​ടെ വിശ്വ​സ്‌ത​തയെ തകർക്കാൻ ശ്രമി​ക്കും. എങ്കിലും വിശ്വ​സ്‌ത​മാ​യി ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്‌തു​കൊണ്ട്‌ അവർക്കും തന്നെ​പ്പോ​ലെ​തന്നെ ലോകത്തെ കീഴട​ക്കാ​നാ​കു​മെന്ന്‌ യേശു​വിന്‌ ഉറപ്പാ​യി​രു​ന്നു.