വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 128

യേശു നിരപ​രാ​ധി​യാ​ണെന്നു പീലാ​ത്തൊ​സും ഹെരോ​ദും മനസ്സി​ലാ​ക്കു​ന്നു

യേശു നിരപ​രാ​ധി​യാ​ണെന്നു പീലാ​ത്തൊ​സും ഹെരോ​ദും മനസ്സി​ലാ​ക്കു​ന്നു

മത്തായി 27:12-14, 18, 19; മർക്കോസ്‌ 15:2-5; ലൂക്കോസ്‌ 23:4-16; യോഹ​ന്നാൻ 18:36-38

  • യേശു പീലാ​ത്തൊ​സി​ന്റെ​യും ഹെരോ​ദി​ന്റെ​യും മുന്നിൽ

താൻ ഒരു രാജാ​വാ​ണെന്ന കാര്യം യേശു പീലാ​ത്തൊ​സിൽനിന്ന്‌ മറച്ചു​പി​ടി​ക്കാൻ ശ്രമി​ക്കു​ന്നില്ല. വാസ്‌ത​വ​ത്തിൽ യേശു​വി​ന്റെ രാജ്യം റോമിന്‌ ഒരു ഭീഷണി​യല്ല. കാരണം യേശു പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല. എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമാ​യി​രു​ന്നെ​ങ്കിൽ എന്നെ ജൂതന്മാ​രു​ടെ കൈയി​ലേക്കു വിട്ടു​കൊ​ടു​ക്കാ​തി​രി​ക്കാൻ എന്റെ സേവകർ പോരാ​ടി​യേനേ. എന്നാൽ എന്റെ രാജ്യം ഈ ലോക​ത്തു​നി​ന്നു​ള്ളതല്ല.” (യോഹ​ന്നാൻ 18:36) യേശു​വിന്‌ ഒരു രാജ്യ​മുണ്ട്‌, എന്നാൽ അത്‌ ഈ ലോക​ത്തി​ന്റേതല്ല.

പീലാ​ത്തൊ​സിന്‌ വിടാൻ ഭാവമില്ല. പീലാ​ത്തൊസ്‌ ചോദി​ച്ചു: “അപ്പോൾ, നീ ഒരു രാജാ​വാ​ണോ?” പീലാ​ത്തൊസ്‌ മനസ്സി​ലാ​ക്കി​യത്‌ ശരിയാ​ണെന്ന്‌ സൂചി​പ്പി​ച്ചു​കൊണ്ട്‌ യേശു ഇങ്ങനെ പറയുന്നു: “ഞാൻ ഒരു രാജാ​വാ​ണെന്ന്‌ അങ്ങുതന്നെ പറയു​ന്ന​ല്ലോ. സത്യത്തി​നു സാക്ഷി​യാ​യി നിൽക്കാൻവേ​ണ്ടി​യാ​ണു ഞാൻ ജനിച്ചത്‌. ഞാൻ ലോക​ത്തേക്കു വന്നിരി​ക്കു​ന്ന​തും അതിനാ​യി​ട്ടാണ്‌. സത്യത്തി​ന്റെ പക്ഷത്തു​ള്ള​വ​രെ​ല്ലാം എന്റെ സ്വരം കേട്ടനു​സ​രി​ക്കു​ന്നു.”​—യോഹ​ന്നാൻ 18:37.

യേശു മുമ്പ്‌ തോമ​സി​നോട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഞാൻത​ന്നെ​യാ​ണു വഴിയും സത്യവും ജീവനും.” ‘സത്യത്തി​നു’ സാക്ഷി​യാ​യി നിൽക്കാ​നാണ്‌ യേശു​വി​നെ ഭൂമി​യി​ലേക്ക്‌ അയച്ചതെന്ന കാര്യം ഇപ്പോൾ പീലാ​ത്തൊ​സും കേൾക്കു​ന്നു, പ്രത്യേ​കിച്ച്‌ യേശു​വി​ന്റെ രാജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യത്തിന്‌. സ്വന്തം ജീവൻ ബലിക​ഴി​ച്ചി​ട്ടാ​ണെ​ങ്കിൽക്കൂ​ടി സത്യത്തി​നു​വേണ്ടി വിശ്വ​സ്‌ത​നാ​യി നിൽക്കാൻ യേശു ഉറച്ച തീരു​മാ​നം എടുത്തി​രി​ക്കു​ന്നു. പീലാ​ത്തൊസ്‌ യേശു​വി​നോട്‌ ചോദി​ക്കു​ന്നു: “എന്താണു സത്യം?” എന്നാൽ അതെക്കു​റി​ച്ചുള്ള കൂടുതൽ വിശദീ​ക​രണം കേൾക്കാൻ പീലാ​ത്തൊസ്‌ നിൽക്കു​ന്നില്ല. യേശു​വി​ന്റെ കേസ്‌ വിധി​ക്കാൻ ആവശ്യ​മായ വിവരങ്ങൾ കിട്ടി​യെന്ന്‌ അദ്ദേഹ​ത്തിന്‌ തോന്നി.​—യോഹ​ന്നാൻ 14:6; 18:38.

പീലാ​ത്തൊസ്‌ വീണ്ടും കൊട്ടാ​ര​ത്തി​നു പുറത്ത്‌ ചെന്ന്‌, “ഞാൻ അയാളിൽ ഒരു കുറ്റവും കാണു​ന്നില്ല” എന്ന്‌ മുഖ്യ​പു​രോ​ഹി​ത​ന്മാ​രോ​ടും അവരുടെ കൂടെ​യു​ള്ള​വ​രോ​ടും പറയുന്നു. ഇതു പറയു​മ്പോൾ ഒരുപക്ഷേ യേശു പീലാ​ത്തൊ​സി​ന്റെ അടുത്തു​തന്നെ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആ തീരു​മാ​ന​ത്തിൽ കുപി​ത​രായ ജനം ഉറച്ച സ്വരത്തിൽ, “ഇവൻ അങ്ങു ഗലീല മുതൽ ഇവിടം വരെ യഹൂദ്യ​യി​ലെ​ങ്ങും പഠിപ്പി​ച്ചു​കൊണ്ട്‌ ജനത്തെ ഇളക്കി​വി​ടു​ന്നു” എന്നു പറഞ്ഞു.​—ലൂക്കോസ്‌ 23:4, 5.

ജൂതന്മാ​രു​ടെ കടുത്ത മതഭ്രാന്ത്‌ പീലാ​ത്തൊ​സി​നെ അതിശ​യി​പ്പി​ച്ചി​ട്ടു​ണ്ടാ​കും. മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ജനത്തിലെ മുതിർന്ന​വ​രും വളരെ കുപി​ത​രാ​യി ബഹളം വെക്കു​ക​യാണ്‌. അപ്പോൾ പീലാ​ത്തൊസ്‌ യേശു​വി​നോ​ടു ചോദി​ക്കു​ന്നു: “താങ്കൾക്കെ​തി​രെ ഇവർ സാക്ഷി പറയു​ന്നതു കേട്ടില്ലേ? എത്ര​യെത്ര കാര്യ​ങ്ങ​ളാണ്‌ ഇവർ പറയു​ന്നത്‌?” (മത്തായി 27:13) യേശു ഇതി​നൊ​ന്നും ഉത്തരം പറയു​ന്നില്ല. ജനം അങ്ങേയറ്റം കുറ്റ​പ്പെ​ടു​ത്തി​യി​ട്ടും യേശു​വി​ന്റെ മുഖത്ത്‌ കാണുന്ന ശാന്തത പീലാ​ത്തൊ​സി​നെ അതിശ​യി​പ്പി​ക്കു​ന്നു.

യേശു ‘ഗലീല മുതൽ പഠിപ്പി​ച്ചു’ എന്നു ജൂതന്മാർ പറഞ്ഞത്‌ കേട്ട​പ്പോ​ഴാണ്‌, യേശു ഒരു ഗലീല​ക്കാ​ര​നാ​ണെന്ന കാര്യം പീലാ​ത്തൊസ്‌ മനസ്സി​ലാ​ക്കു​ന്നത്‌. ഇത്‌ യേശു​വി​നെ ന്യായം വിധി​ക്കു​ന്ന​തിൽനിന്ന്‌ രക്ഷപ്പെ​ടാ​നുള്ള ഒരു വഴിയാ​യി പീലാ​ത്തൊസ്‌ കാണുന്നു. മഹാനായ ഹെരോ​ദി​ന്റെ മകനായ ഹെരോദ്‌ അന്തിപ്പാസ്‌ ആണ്‌ ഗലീല ഭരിക്കു​ന്നത്‌. ഇപ്പോൾ പെസഹ​യു​ടെ സമയത്ത്‌ അദ്ദേഹം യരുശ​ലേ​മി​ലുണ്ട്‌. അതു​കൊണ്ട്‌ പീലാ​ത്തൊസ്‌ യേശു​വി​നെ ഹെരോ​ദി​ന്റെ അടുക്ക​ലേക്ക്‌ അയയ്‌ക്കു​ന്നു. ഈ ഹെരോദ്‌ അന്തിപ്പാ​സാണ്‌ സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ തല വെട്ടി​യത്‌. യേശു ചെയ്‌ത അത്ഭുത​പ്ര​വൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ ഹെരോദ്‌ കേട്ട​പ്പോൾ, മരിച്ച​വ​രിൽനിന്ന്‌ ഉയിർത്തെ​ഴു​ന്നേറ്റ യോഹ​ന്നാ​നാണ്‌ യേശു​വെന്നു ഹെരോദ്‌ കരുതു​ന്നു.​—ലൂക്കോസ്‌ 9:7-9.

യേശു​വി​നെ കാണാൻ പറ്റു​മെ​ന്നോർത്ത്‌ ഹെരോദ്‌ സന്തോ​ഷി​ക്കു​ന്നു. ഇത്‌ യേശു​വി​നെ സഹായി​ക്കാ​നോ യേശു​വിന്‌ എതിരെ കൊണ്ടു​വ​ന്നി​രി​ക്കുന്ന ആരോ​പ​ണ​ങ്ങ​ളിൽ കഴമ്പു​ണ്ടോ എന്നു പരി​ശോ​ധി​ക്കാ​നോ ഉള്ള ആഗ്രഹം കൊ​ണ്ടൊ​ന്നു​മല്ല. ‘യേശു എന്തെങ്കി​ലും അടയാളം ചെയ്യു​ന്നതു കാണാ​മെന്ന പ്രതീ​ക്ഷ​യി​ലാ​യി​രു​ന്നു.’ (ലൂക്കോസ്‌ 23:8) എന്നാൽ യേശു അടയാ​ള​മൊ​ന്നും കാണി​ക്കു​ന്നില്ല. ഹെരോദ്‌ യേശു​വി​നെ ചോദ്യം ചെയ്യു​മ്പോൾ യേശു ഒന്നും മിണ്ടു​ന്നില്ല. നിരാ​ശ​രായ ഹെരോ​ദും കാവൽഭ​ട​ന്മാ​രും യേശു​വി​നോട്‌ “ആദരവി​ല്ലാ​തെ പെരു​മാ​റി.” (ലൂക്കോസ്‌ 23:11) എന്നിട്ട്‌ യേശു​വി​നെ നിറപ്പ​കി​ട്ടുള്ള ഒരു വസ്‌ത്രം ധരിപ്പിച്ച്‌ കളിയാ​ക്കു​ന്നു. അതിനു ശേഷം പീലാ​ത്തൊ​സി​ന്റെ അടു​ത്തേ​ക്കു​തന്നെ യേശു​വി​നെ തിരി​ച്ച​യ​യ്‌ക്കു​ന്നു. പീലാ​ത്തൊ​സും ഹെരോ​ദും ശത്രു​ക്ക​ളാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ അവർ നല്ല സുഹൃ​ത്തു​ക്ക​ളാ​യി മാറി.

പീലാ​ത്തൊ​സി​ന്റെ അടുത്ത്‌ യേശു തിരി​ച്ചെ​ത്തു​മ്പോൾ, അദ്ദേഹം മുഖ്യ​പു​രോ​ഹി​ത​ന്മാ​രെ​യും ജൂത​നേ​താ​ക്ക​ന്മാ​രെ​യും മറ്റാളു​ക​ളെ​യും വിളി​ച്ചിട്ട്‌ ഇങ്ങനെ പറയുന്നു: “നിങ്ങളു​ടെ മുന്നിൽവെച്ച്‌ ഞാൻ ഇയാളെ വിസ്‌ത​രി​ച്ചി​ട്ടും നിങ്ങൾ ഇയാൾക്കെ​തി​രെ ഉന്നയി​ക്കുന്ന ആരോ​പ​ണ​ങ്ങൾക്ക്‌ ഒരു അടിസ്ഥാ​ന​വും കണ്ടില്ല. ഹെരോ​ദും കണ്ടില്ല. ഹെരോദ്‌ ഇയാളെ നമ്മുടെ അടു​ത്തേ​ക്കു​തന്നെ തിരി​ച്ച​യ​ച്ച​ല്ലോ. മരണശിക്ഷ അർഹി​ക്കുന്ന ഒന്നും ഇയാൾ ചെയ്‌തി​ട്ടില്ല. അതു​കൊണ്ട്‌ വേണ്ട ശിക്ഷ കൊടു​ത്തിട്ട്‌ ഞാൻ ഇയാളെ വിട്ടയ​യ്‌ക്കാൻപോ​കു​ക​യാണ്‌.”​—ലൂക്കോസ്‌ 23:14-16.

യേശു​വി​നെ വിട്ടയ​യ്‌ക്കാൻ പീലാ​ത്തൊ​സി​നു താത്‌പ​ര്യ​മാ​യി​രു​ന്നു. കാരണം, പുരോ​ഹി​ത​ന്മാർക്കു യേ​ശു​വി​നോ​ടുള്ള അസൂയ കാരണ​മാണ്‌ തന്റെ അടുക്കൽ യേശു​വി​നെ കൊണ്ടു​വ​ന്നി​രി​ക്കു​ന്ന​തെന്ന്‌ പീലാ​ത്തൊസ്‌ മനസ്സി​ലാ​ക്കു​ന്നു. യേശു​വി​നെ വെറുതെ വിടാൻ എന്തെങ്കി​ലും വഴിയു​ണ്ടോ എന്നു ചിന്തി​ക്കുന്ന സമയത്ത്‌, അങ്ങനെ ചെയ്യാൻ പ്രേരി​പ്പി​ക്കുന്ന മറ്റൊരു കാര്യം​കൂ​ടി സംഭവി​ക്കു​ന്നു. പീലാ​ത്തൊസ്‌ ന്യായാ​സ​ന​ത്തിൽ ഇരിക്കു​മ്പോൾ അദ്ദേഹ​ത്തി​ന്റെ ഭാര്യ ആളയച്ച്‌ ഇങ്ങനെ അറിയി​ക്കു​ന്നു: “ആ നീതി​മാ​ന്റെ കാര്യ​ത്തിൽ ഇടപെ​ട​രുത്‌. അദ്ദേഹം കാരണം ഞാൻ ഇന്നു സ്വപ്‌ന​ത്തിൽ (ദൈവ​ത്തിൽനി​ന്നുള്ള ഒന്നാകാം.) ഒരുപാ​ടു കഷ്ടപ്പെട്ടു.”​—മത്തായി 27:19.

നിരപ​രാ​ധി​യായ യേശു​വി​നെ വിട്ടയ​യ്‌ക്കേ​ണ്ട​താ​ണെന്നു പീലാ​ത്തൊ​സിന്‌ അറിയാം. പക്ഷേ, എങ്ങനെ വിട്ടയ​യ്‌ക്കും?