വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 130

യേശു​വി​നെ ജൂതന്മാർക്ക്‌ വിട്ടു​കൊ​ടു​ക്കു​ന്നു

യേശു​വി​നെ ജൂതന്മാർക്ക്‌ വിട്ടു​കൊ​ടു​ക്കു​ന്നു

മത്തായി 27:31, 32; മർക്കോസ്‌ 15:20, 21; ലൂക്കോസ്‌ 23:24-31; യോഹ​ന്നാൻ 19:6-17

  • പീലാ​ത്തൊസ്‌ യേശു​വി​നെ വിട്ടയ​യ്‌ക്കാൻ ശ്രമി​ക്കു​ന്നു

  • യേശു​വി​നെ ഒരു കുറ്റവാ​ളി​യാ​ക്കി മരണശി​ക്ഷ​യ്‌ക്കു വിധി​ക്കു​ന്നു

യേശു​വി​നെ പരിഹ​സി​ക്കു​ക​യും ക്രൂര​മാ​യി ഉപദ്ര​വി​ക്കു​ക​യും ചെയ്‌തെ​ങ്കി​ലും അതു​കൊ​ണ്ടൊ​ന്നും മുഖ്യ​പു​രോ​ഹി​ത​ന്മാർക്കും കൂട്ടാ​ളി​കൾക്കും മതിയാ​കു​ന്നില്ല. യേശു​വി​നെ കൊല്ലുക എന്നതാണ്‌ അവരുടെ ഒരേ ഒരു ലക്ഷ്യം. അതു​കൊണ്ട്‌ യേശു​വി​നെ വിട്ടയ​യ്‌ക്കാ​നുള്ള പീലാ​ത്തൊ​സി​ന്റെ ശ്രമം വിജയി​ക്കു​ന്നില്ല. “അവനെ സ്‌തം​ഭ​ത്തി​ലേറ്റ്‌! അവനെ സ്‌തം​ഭ​ത്തി​ലേറ്റ്‌!” എന്ന്‌ അവർ അലറി​വി​ളി​ക്കു​ന്നു. എന്നാൽ പീലാ​ത്തൊസ്‌ അവരോ​ടു പറയുന്നു: “നിങ്ങൾതന്നെ ഇയാളെ കൊണ്ടു​പോ​യി സ്‌തം​ഭ​ത്തി​ലേ​റ്റി​ക്കൊ​ള്ളൂ. ഞാൻ ഇയാളിൽ ഒരു കുറ്റവും കാണു​ന്നില്ല.”​—യോഹ​ന്നാൻ 19:6.

യേശു രാജ്യ​ദ്രോ​ഹം​പോ​ലുള്ള ഗുരു​ത​ര​മായ കുറ്റം ചെയ്‌തെ​ന്നും അതിനാൽ മരണശിക്ഷ അർഹി​ക്കു​ന്നെ​ന്നും പീലാ​ത്തൊ​സി​നെ ബോധ്യ​പ്പെ​ടു​ത്താൻ ജൂതന്മാർക്കു കഴിയു​ന്നില്ല. അതു​കൊണ്ട്‌ ഇപ്പോൾ അവർ മതപര​മായ ഒരു കുറ്റം ആരോ​പി​ക്കു​ന്നു. യേശു ദൈവ​ദൂ​ഷ​ക​നാ​ണെന്നു സൻഹെ​ദ്രി​നു മുമ്പാകെ അവർ പറഞ്ഞ അതേ കുറ്റം ഇപ്പോൾ അവർ പീലാ​ത്തൊ​സി​നു മുമ്പാ​കെ​യും ഉന്നയി​ക്കു​ന്നു. “ഞങ്ങൾക്ക്‌ ഒരു നിയമ​മുണ്ട്‌. അതനു​സ​രിച്ച്‌ ഇവൻ മരിക്കണം. കാരണം ഇവൻ ദൈവ​പു​ത്ര​നെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു” എന്ന്‌ അവർ പീലാ​ത്തൊ​സി​നോട്‌ പറയുന്നു. (യോഹ​ന്നാൻ 19:7) ഇപ്പോൾ പീലാ​ത്തൊസ്‌ യേശു​വിന്‌ എതിരെ പുതി​യൊ​രു ആരോ​പ​ണ​മാണ്‌ കേൾക്കു​ന്നത്‌.

ഈ ഉപദ്ര​വ​ങ്ങ​ളെ​ല്ലാം നേരി​ട്ടി​ട്ടും യേശു പതറാതെ നിൽക്കു​ന്ന​തും തന്റെ ഭാര്യ യേശു​വി​നെ​ക്കു​റിച്ച്‌ സ്വപ്‌നം കണ്ട കാര്യ​വും പീലാ​ത്തൊ​സി​ന്റെ മനസ്സി​ലുണ്ട്‌. യേശു​വി​നെ വിട്ടയ​യ്‌ക്കാൻ എന്തെങ്കി​ലും വഴിയു​ണ്ടോ എന്ന്‌ ചിന്തി​ച്ചു​കൊണ്ട്‌ ഇപ്പോൾ പീലാ​ത്തൊസ്‌ തന്റെ വസതി​ക്കു​ള്ളി​ലേക്കു പോകു​ന്നു. (മത്തായി 27:19) ‘എന്താണാ​വോ ഈ പുതിയ ആരോ​പണം? യേശു ദൈവ​പു​ത്ര​നാ​ണെ​ന്നോ?’ യേശു ഗലീല​യിൽനി​ന്നാ​ണെന്ന്‌ പീലാ​ത്തൊ​സിന്‌ അറിയാം. (ലൂക്കോസ്‌ 23:5-7) എങ്കിലും യേശു​വി​നോട്‌, “താൻ എവി​ടെ​നി​ന്നാണ്‌ ” എന്നു ചോദി​ക്കു​ന്നു. (യോഹ​ന്നാൻ 19:9) യേശു ഇതിനു മുമ്പു സ്വർഗ​ത്തിൽ ജീവി​ച്ചി​രു​ന്നോ എന്നും ദൈവ​ത്തി​ന്റെ അടുത്തു​നിന്ന്‌ വന്നയാ​ളാ​ണോ എന്നും പീലാ​ത്തൊസ്‌ ചിന്തി​ച്ചു​കാ​ണു​മോ?

യേശു ഒരു രാജാ​വാ​ണെ​ന്നും യേശു​വി​ന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമ​ല്ലെ​ന്നും യേശു പറയു​ന്നത്‌ പീലാ​ത്തൊസ്‌ നേരിട്ട്‌ കേട്ടി​ട്ടുണ്ട്‌. ഇപ്പോൾ ഇതെക്കു​റിച്ച്‌ കൂടുതൽ വിശദീ​ക​ര​ണ​ത്തി​നൊ​ന്നും പോകാ​തെ യേശു മൗനം പാലി​ക്കു​ന്നു. യേശു നിശ്ശബ്ദ​നാ​യി നിന്നത്‌ പീലാ​ത്തൊ​സി​ന്റെ അഭിമാ​ന​ത്തി​നു ക്ഷതം ഏൽപ്പി​ക്കു​ന്നു. ദേഷ്യ​ത്തോ​ടെ പീലാ​ത്തൊസ്‌ യേശു​വി​നോട്‌ ചോദി​ച്ചു: “എന്താ, എന്നോട്‌ ഒന്നും പറയി​ല്ലെ​ന്നാ​ണോ? തന്നെ വിട്ടയ​യ്‌ക്കാ​നും വധിക്കാ​നും എനിക്ക്‌ അധികാ​ര​മു​ണ്ടെന്ന്‌ അറിയി​ല്ലേ?”​—യോഹ​ന്നാൻ 19:10.

യേശു ഇങ്ങനെ മാത്രം പറയുന്നു: “മുകളിൽനിന്ന്‌ തന്നി​ല്ലെ​ങ്കിൽ അങ്ങയ്‌ക്ക്‌ എന്റെ മേൽ ഒരു അധികാ​ര​വും ഉണ്ടാകു​മാ​യി​രു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ എന്നെ അങ്ങയുടെ കൈയിൽ ഏൽപ്പി​ച്ചു​തന്ന മനുഷ്യ​ന്റെ പാപം കൂടുതൽ ഗൗരവ​മു​ള്ള​താണ്‌.” (യോഹ​ന്നാൻ 19:11) അതു പറഞ്ഞ​പ്പോൾ യേശു ഒരു വ്യക്തിയെ മാത്ര​മാ​യി​രി​ക്കില്ല ഉദ്ദേശി​ച്ചത്‌. പകരം ആ പാപത്തിൽ പങ്കുണ്ടാ​യി​രുന്ന കയ്യഫ​യെ​യും അയാളു​ടെ സഹചാ​രി​ക​ളെ​യും യൂദാസ്‌ ഈസ്‌ക​ര്യോ​ത്ത​യെ​യും ഒക്കെയാ​യി​രി​ക്കാം യേശു ഉദ്ദേശി​ച്ചത്‌.

യേശു​വി​ന്റെ വാക്കു​ക​ളും പക്വത​യോ​ടെ​യുള്ള സമീപ​ന​വും പീലാ​ത്തൊ​സിൽ വലിയ മതിപ്പു​ള​വാ​ക്കു​ന്നു. യേശു ദൈവ​ത്തി​ന്റെ അടുക്കൽനിന്ന്‌ വന്നയാ​ളാ​ണോ എന്ന ഭയവും പീലാ​ത്തൊ​സി​നുണ്ട്‌. അതു​കൊണ്ട്‌ വീണ്ടും യേശു​വി​നെ വെറുതെ വിടാൻ പീലാ​ത്തൊസ്‌ ശ്രമി​ക്കു​ന്നു. എന്നാൽ ഇപ്പോൾ പീലാ​ത്തൊസ്‌ ഒരുപക്ഷേ ഭയപ്പെ​ട്ടി​രുന്ന കാര്യം​തന്നെ ജൂതന്മാർ അദ്ദേഹ​ത്തോ​ടു പറയുന്നു. അവർ ഇങ്ങനെ ഭീഷണി​പ്പെ​ടു​ത്തു​ന്നു: “ഇവനെ വിട്ടയ​ച്ചാൽ അങ്ങ്‌ സീസറി​ന്റെ സ്‌നേ​ഹി​തനല്ല. തന്നെത്തന്നെ രാജാ​വാ​ക്കുന്ന ഒരാൾ സീസറി​നെ എതിർക്കു​ന്നു.”—യോഹ​ന്നാൻ 19:12.

ഗവർണർ ഒരിക്കൽക്കൂ​ടി യേശു​വി​നെ പുറ​ത്തേക്കു കൊണ്ടു​വ​ന്നിട്ട്‌, ന്യായാ​സ​ന​ത്തി​ലി​രു​ന്നു​കൊണ്ട്‌ ഇങ്ങനെ പറയുന്നു: “ഇതാ, നിങ്ങളു​ടെ രാജാവ്‌.” ഇപ്പോ​ഴും ജൂതന്മാ​രു​ടെ മനസ്സിന്‌ ഒരു മാറ്റവും ഇല്ല. “അവന്റെ കഥ കഴിക്ക്‌! അവനെ കൊന്നു​ക​ള​യണം! അവനെ സ്‌തം​ഭ​ത്തി​ലേറ്റ്‌!” എന്ന്‌ അവർ അലറി​വി​ളി​ക്കു​ന്നു. എന്നാൽ പീലാ​ത്തൊസ്‌ ഇങ്ങനെ ചോദി​ക്കു​ന്നു: “നിങ്ങളു​ടെ രാജാ​വി​നെ ഞാൻ വധിക്ക​ണ​മെ​ന്നോ?” റോമൻ ഭരണത്തിൻ കീഴിൽ ജൂതന്മാർ വളരെ​യ​ധി​കം കഷ്ടത അനുഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, “ഞങ്ങൾക്കു സീസറ​ല്ലാ​തെ മറ്റൊരു രാജാ​വില്ല” എന്ന്‌ മുഖ്യ​പു​രോ​ഹി​ത​ന്മാർ തറപ്പിച്ച്‌ പറയുന്നു.​—യോഹ​ന്നാൻ 19:14, 15.

ഒടുവിൽ പീലാ​ത്തൊസ്‌ ജൂതന്മാ​രു​ടെ സമ്മർദ​ത്തി​നു വഴങ്ങി യേശു​വി​നെ വധിക്കു​ന്ന​തി​നാ​യി അവർക്ക്‌ വിട്ടു​കൊ​ടു​ക്കു​ന്നു. അവർ യേശു​വി​ന്റെ പർപ്പിൾ നിറത്തി​ലുള്ള മേലങ്കി അഴിച്ചു​മാ​റ്റി യേശു​വി​നെ സ്വന്തം പുറങ്കു​പ്പാ​യം ധരിപ്പി​ക്കു​ന്നു. കൊല്ലാൻ കൊണ്ടു​പോ​കു​മ്പോൾ തന്റെ ദണ്ഡനസ്‌തം​ഭം ചുമക്കു​ന്നത്‌ യേശു തന്നെയാണ്‌.

നീസാൻ 14 വെള്ളി​യാഴ്‌ച. സമയം ഇപ്പോൾ ഉച്ചയോ​ട​ടു​ത്തു. വ്യാഴാഴ്‌ച അതിരാ​വി​ലെ എഴുന്നേറ്റ യേശു ഇതുവരെ ഉറങ്ങി​യി​ട്ടില്ല. ഒന്നിനു പുറകേ ഒന്നായി കഠിന​മായ പീഡന​ങ്ങ​ളി​ലൂ​ടെ കടന്നു​പോയ യേശു​വിന്‌ ഇപ്പോൾ ദണ്ഡനസ്‌തം​ഭ​ത്തി​ന്റെ ഭാരം താങ്ങാൻ കഴിയു​ന്നില്ല. യേശു​വി​ന്റെ ബലമെ​ല്ലാം ചോർന്നു​പോ​യി. പടയാ​ളി​കൾ അതു കണ്ട്‌ അതുവഴി കടന്നു​പോയ ആഫ്രി​ക്ക​യി​ലെ കുറേ​ന​യിൽനി​ന്നുള്ള ശിമോ​നെ ദണ്ഡനസ്‌തം​ഭം ചുമക്കാൻ നിർബ​ന്ധി​ക്കു​ന്നു. സംഭവി​ക്കുന്ന കാര്യങ്ങൾ കണ്ടു​കൊണ്ട്‌ പല ആളുക​ളും കരഞ്ഞും വിലപി​ച്ചും കൊണ്ട്‌ യേശു​വി​ന്റെ പിന്നാലെ പോകു​ന്നു.

വിലപി​ക്കുന്ന സ്‌ത്രീ​ക​ളോട്‌ യേശു ഇങ്ങനെ പറയുന്നു: “യരുശ​ലേം​പു​ത്രി​മാ​രേ, എന്നെ ഓർത്ത്‌ കരയേണ്ടാ. നിങ്ങ​ളെ​യും നിങ്ങളു​ടെ മക്കളെ​യും ഓർത്ത്‌ കരയൂ. കാരണം, ‘പ്രസവി​ക്കു​ക​യോ മുലയൂ​ട്ടു​ക​യോ ചെയ്യാത്ത വന്ധ്യമാ​രായ സ്‌ത്രീ​കൾ സന്തുഷ്ടർ’ എന്ന്‌ ആളുകൾ പറയുന്ന കാലം ഇതാ വരുന്നു. അന്ന്‌ അവർ മലക​ളോട്‌, ‘ഞങ്ങളുടെ മേൽ വന്നുവീ​ഴൂ!’ എന്നും കുന്നു​ക​ളോട്‌, ‘ഞങ്ങളെ മൂടൂ!’ എന്നും പറയും. മരം പച്ചയാ​യി​രി​ക്കു​മ്പോൾ സ്ഥിതി ഇതാ​ണെ​ങ്കിൽ അത്‌ ഉണങ്ങി​ക്ക​ഴി​യു​മ്പോൾ എന്തായി​രി​ക്കും അവസ്ഥ?”​—ലൂക്കോസ്‌ 23:28-31.

യേശു അതു പറഞ്ഞ​പ്പോൾ ഉദ്ദേശി​ച്ചത്‌ ജൂതജ​ന​ത​യെ​യാണ്‌. അവർ ഉണങ്ങി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു മരം​പോ​ലെ​യാണ്‌. എന്നാൽ ആ ജനതയിൽ ഇപ്പോ​ഴും അൽപ്പം പച്ചപ്പ്‌ അവശേ​ഷി​ക്കു​ന്നുണ്ട്‌. കാരണം യേശു​വും യേശു​വിൽ വിശ്വ​സി​ക്കുന്ന കുറച്ച്‌ ജൂതന്മാ​രും അവി​ടെ​യുണ്ട്‌. എന്നാൽ യേശു മരിക്കു​ക​യും ശിഷ്യ​ന്മാർ ജൂതമതം ഉപേക്ഷി​ക്കു​ക​യും ചെയ്യു​മ്പോൾ ആ ജനത ആത്മീയ​മാ​യി കരിഞ്ഞു​ണ​ങ്ങും. ഒരു ഉണങ്ങിയ മരം​പോ​ലെ​യാ​യി​ത്തീ​രും അവർ, ആത്മീയത ഒട്ടുമി​ല്ലാത്ത വെറും ഒരു ജനത! റോമൻ സൈന്യം ദൈവ​ത്തി​ന്റെ വധനിർവാ​ഹ​ക​രാ​യി ഈ ജനത്തെ ആക്രമി​ക്കു​മ്പോൾ അവിടെ വലിയ നിലവി​ളി​കൾ ഉയരും.