വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 69

അവരുടെ പിതാവ്‌ അബ്രാ​ഹാ​മോ അതോ പിശാ​ചോ?

അവരുടെ പിതാവ്‌ അബ്രാ​ഹാ​മോ അതോ പിശാ​ചോ?

യോഹ​ന്നാൻ 8:37-59

  • അബ്രാ​ഹാ​മാണ്‌ അവരുടെ പിതാവ്‌ എന്നു ജൂതന്മാർ അവകാ​ശ​പ്പെ​ടു​ന്നു

  • അബ്രാ​ഹാ​മി​നു മുമ്പേ യേശു ഉണ്ടായി​രു​ന്നു

കൂടാ​രോ​ത്സ​വ​ത്തി​നു​വേണ്ടി ഇപ്പോ​ഴും യരുശ​ലേ​മിൽത്തന്നെ കഴിയുന്ന യേശു വളരെ പ്രധാ​ന​പ്പെട്ട സത്യങ്ങൾ പഠിപ്പി​ക്കു​ക​യാണ്‌. അവി​ടെ​യു​ണ്ടാ​യി​രുന്ന ചില ജൂതന്മാർ യേശു​വി​നോട്‌, “ഞങ്ങൾ അബ്രാ​ഹാ​മി​ന്റെ സന്തതി​ക​ളാണ്‌. ഞങ്ങൾ ഒരിക്ക​ലും ആരു​ടെ​യും അടിമ​ക​ളാ​യി​രു​ന്നി​ട്ടില്ല” എന്നു പറഞ്ഞു​ക​ഴി​ഞ്ഞതേ ഉള്ളൂ. യേശു അവരോ​ടു പറയുന്നു: “നിങ്ങൾ അബ്രാ​ഹാ​മി​ന്റെ സന്തതി​ക​ളാ​ണെന്ന്‌ എനിക്ക്‌ അറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലാൻ നോക്കു​ന്നു. കാരണം, എന്റെ വചനം നിങ്ങളിൽ ഒരു മാറ്റവും ഉണ്ടാക്കു​ന്നില്ല. പിതാ​വി​ന്റെ​കൂ​ടെ​യാ​യി​രു​ന്ന​പ്പോൾ കണ്ട കാര്യ​ങ്ങ​ളെ​പ്പ​റ്റി​യാ​ണു ഞാൻ സംസാ​രി​ക്കു​ന്നത്‌. എന്നാൽ നിങ്ങൾ നിങ്ങളു​ടെ പിതാ​വിൽനിന്ന്‌ കേട്ട കാര്യ​ങ്ങ​ളാ​ണു ചെയ്യു​ന്നത്‌.”​—യോഹ​ന്നാൻ 8:33, 37, 38.

യേശു പറയുന്ന ആശയം വ്യക്തമാണ്‌: യേശു​വി​ന്റെ പിതാ​വും അവരുടെ പിതാ​വും രണ്ടും രണ്ടാണ്‌. യേശു പറയു​ന്ന​തി​ന്റെ അർഥം മനസ്സി​ലാ​ക്കാ​തെ അവർ വീണ്ടും പറയുന്നു: “അബ്രാ​ഹാ​മാ​ണു ഞങ്ങളുടെ പിതാവ്‌.” (യോഹ​ന്നാൻ 8:39; യശയ്യ 41:8) അവർ ശരിക്കും അബ്രാ​ഹാ​മി​ന്റെ സന്തതി​ക​ളാണ്‌. അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ സ്‌നേ​ഹി​ത​നായ അബ്രാ​ഹാ​മി​ന്റെ അതേ വിശ്വാ​സ​മാണ്‌ അവർക്കും ഉള്ളതെ​ന്നാണ്‌ അവർ കരുതു​ന്നത്‌.

പക്ഷേ അവരെ ഞെട്ടി​ക്കുന്ന ഒരു മറുപ​ടി​യാണ്‌ യേശു പറയു​ന്നത്‌. “നിങ്ങൾ അബ്രാ​ഹാ​മി​ന്റെ മക്കളാ​യി​രു​ന്നെ​ങ്കിൽ അബ്രാ​ഹാ​മി​ന്റെ പ്രവൃ​ത്തി​കൾ ചെയ്‌തേനേ,” യേശു പറയുന്നു. ശരിക്കുള്ള ഒരു മകൻ അപ്പൻ ചെയ്യു​ന്ന​തു​പോ​ലെ​തന്നെ കാര്യങ്ങൾ ചെയ്യും. “എന്നാൽ അതിനു പകരം, ദൈവ​ത്തിൽനിന്ന്‌ കേട്ട സത്യം നിങ്ങ​ളോ​ടു പറഞ്ഞ എന്നെ നിങ്ങൾ കൊല്ലാൻ ശ്രമി​ക്കു​ന്നു. അങ്ങനെ​യൊ​രു കാര്യം അബ്രാ​ഹാം ചെയ്‌തി​ട്ടില്ല” എന്നും യേശു പറയുന്നു. എന്നിട്ട്‌ യേശു അവരെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കുന്ന ആ പ്രസ്‌താ​വന നടത്തുന്നു: “നിങ്ങൾ നിങ്ങളു​ടെ പിതാ​വി​ന്റെ പ്രവൃ​ത്തി​കൾ ചെയ്യുന്നു.”​—യോഹ​ന്നാൻ 8:39-41.

യേശു ആരെക്കു​റി​ച്ചാ​ണു പറയു​ന്ന​തെന്നു ജൂതന്മാർക്ക്‌ ഇപ്പോ​ഴും മനസ്സി​ലാ​കു​ന്നില്ല. തങ്ങൾ ജാരസ​ന്ത​തി​കളല്ല, നിയമ​പ്ര​കാ​ര​മുള്ള മക്കളാ​ണെന്ന്‌ അവർ അവകാ​ശ​പ്പെ​ടു​ന്നു. “ഞങ്ങൾ അവിഹി​ത​ബ​ന്ധ​ത്തിൽ ഉണ്ടായ​വരല്ല. ഞങ്ങൾക്ക്‌ ഒരു പിതാവേ ഉള്ളൂ, ദൈവം,” അവർ പറയുന്നു. പക്ഷേ, ശരിക്കും ദൈവ​മാ​ണോ അവരുടെ പിതാവ്‌? “ദൈവ​മാ​യി​രു​ന്നു നിങ്ങളു​ടെ പിതാ​വെ​ങ്കിൽ നിങ്ങൾ എന്നെ സ്‌നേ​ഹി​ച്ചേനേ. കാരണം, ദൈവ​ത്തി​ന്റെ അടുത്തു​നി​ന്നാ​ണു ഞാൻ ഇവിടെ വന്നത്‌. ഞാൻ സ്വന്തം തീരു​മാ​ന​മ​നു​സ​രിച്ച്‌ വന്നതല്ല. ദൈവം എന്നെ അയച്ചതാണ്‌,” യേശു പറയുന്നു. തുടർന്ന്‌ യേശു ഒരു ചോദ്യം ചോദി​ച്ചിട്ട്‌ യേശു​തന്നെ അതിന്‌ ഉത്തരം പറയുന്നു: “ഞാൻ പറയു​ന്ന​തൊ​ന്നും നിങ്ങൾക്കു മനസ്സി​ലാ​കാ​ത്തത്‌ എന്താണ്‌? എന്റെ വചനം സ്വീക​രി​ക്കാൻ നിങ്ങൾക്കു പറ്റുന്നില്ല.”​—യോഹ​ന്നാൻ 8:41-43.

യേശു​വി​നെ തള്ളിക്ക​ള​യു​ന്ന​തി​ന്റെ ഫലം എന്തായി​രി​ക്കു​മെന്നു കാണി​ക്കാൻ യേശു ശ്രമിച്ചു. എന്നാൽ ഇപ്പോൾ കുറെ​ക്കൂ​ടി വ്യക്തമാ​യി യേശു പറയുന്നു: “നിങ്ങൾ നിങ്ങളു​ടെ പിതാ​വായ പിശാ​ചിൽനി​ന്നു​ള്ളവർ. നിങ്ങളു​ടെ പിതാ​വിന്‌ ഇഷ്ടമു​ള്ളതു ചെയ്യാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു.” അവരുടെ പിതാവ്‌ എങ്ങനെ​യു​ള്ള​വ​നാണ്‌? യേശു വ്യക്തമാ​ക്കു​ന്നു: “അവൻ ആദ്യം​മു​തലേ ഒരു കൊല​പാ​ത​കി​യാ​യി​രു​ന്നു. അവനിൽ സത്യമി​ല്ലാ​ത്ത​തു​കൊണ്ട്‌ അവൻ സത്യത്തിൽ ഉറച്ചു​നി​ന്നില്ല.” യേശു ഇങ്ങനെ​യും കൂട്ടി​ച്ചേർക്കു​ന്നു: “ദൈവ​ത്തിൽനി​ന്നു​ള്ളവൻ ദൈവ​ത്തി​ന്റെ വചനങ്ങൾ ശ്രദ്ധി​ക്കു​ന്നു. എന്നാൽ ദൈവ​ത്തിൽനി​ന്നു​ള്ള​വ​ര​ല്ലാ​ത്ത​തു​കൊണ്ട്‌ നിങ്ങൾ അവ ശ്രദ്ധി​ക്കു​ന്നില്ല.”​—യോഹ​ന്നാൻ 8:44, 47.

യേശു അവരെ ഇങ്ങനെ കുറ്റ​പ്പെ​ടു​ത്തി​യ​പ്പോൾ ജൂതന്മാർക്കു ദേഷ്യം വരുന്നു. അവർ പറയുന്നു: “നീ ഒരു ശമര്യ​ക്കാ​ര​നാ​ണെ​ന്നും നിന്നിൽ ഭൂതമു​ണ്ടെ​ന്നും ഞങ്ങൾ പറയു​ന്നതു ശരിയല്ലേ?” യേശു​വി​നെ ‘ശമര്യ​ക്കാ​രൻ’ എന്നു വിളി​ക്കു​ന്ന​തി​ലൂ​ടെ യേശു​വി​നോ​ടുള്ള അങ്ങേയ​റ്റത്തെ വെറു​പ്പാണ്‌ അവർ കാണി​ക്കു​ന്നത്‌. പക്ഷേ യേശു അത്‌ അവഗണി​ക്കു​ന്നു. എന്നിട്ട്‌ പറയുന്നു: “എന്നിൽ ഭൂതമില്ല. ഞാൻ എന്റെ പിതാ​വി​നെ ബഹുമാ​നി​ക്കു​ന്നു. നിങ്ങളോ എന്നെ അപമാ​നി​ക്കു​ന്നു.” പക്ഷേ ഇത്‌ അത്ര നിസ്സാര കാര്യ​മ​ല്ലെന്നു യേശു​വി​ന്റെ തുടർന്നുള്ള വാക്കുകൾ വ്യക്തമാ​ക്കു​ന്നു: “എന്റെ വചനം അനുസ​രി​ക്കു​ന്ന​യാൾ ഒരിക്ക​ലും മരിക്കില്ല.” അതിന്റെ അർഥം യേശു​വി​നെ അനുഗ​മി​ക്കുന്ന അപ്പോസ്‌ത​ല​ന്മാ​രും മറ്റുള്ള​വ​രും ഒരിക്ക​ലും മരിക്കില്ല എന്നല്ല. മറിച്ച്‌ അവർക്കു നിത്യ​നാ​ശം ഉണ്ടാകില്ല എന്നാണ്‌. അതായത്‌ ഒരു പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ ഇല്ലാ​തെ​യുള്ള ‘രണ്ടാം മരണം’ അവർക്ക്‌ ഉണ്ടാകില്ല എന്ന്‌.​—യോഹ​ന്നാൻ 8:48-51; വെളി​പാട്‌ 21:8.

എന്നാൽ യേശു​വി​ന്റെ വാക്കുകൾ ജൂതന്മാർ അക്ഷരാർഥ​ത്തിൽ എടുക്കു​ന്നു. അവർ പറയുന്നു: “തനിക്കു ഭൂതമു​ണ്ടെന്നു ഞങ്ങൾക്ക്‌ ഇപ്പോൾ ഉറപ്പായി. അബ്രാ​ഹാം മരിച്ചു. പ്രവാ​ച​ക​ന്മാ​രും മരിച്ചു. എന്നാൽ, ‘എന്റെ വചനം അനുസ​രി​ക്കു​ന്ന​യാൾ ഒരിക്ക​ലും മരിക്കില്ല’ എന്നാണു താൻ പറയു​ന്നത്‌. ഞങ്ങളുടെ പിതാ​വായ അബ്രാ​ഹാ​മി​നെ​ക്കാൾ വലിയ​വ​നാ​ണോ താൻ? . . . താൻ ആരാ​ണെ​ന്നാ​ണു തന്റെ വിചാരം?”​—യോഹ​ന്നാൻ 8:52, 53.

താൻ മിശി​ഹ​യാ​ണെന്ന കാര്യം വ്യക്തമാ​ക്കാൻ ശ്രമി​ക്കു​ക​യാണ്‌ യേശു. പക്ഷേ താൻ ആരാ​ണെന്നു നേരിട്ടു പറയു​ന്ന​തി​നു പകരം യേശു പറയുന്നു: “ഞാൻ എന്നെത്തന്നെ മഹത്ത്വ​പ്പെ​ടു​ത്തി​യാൽ എന്റെ മഹത്ത്വം ഒന്നുമല്ല. എന്റെ പിതാ​വാണ്‌ എന്നെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നത്‌, നിങ്ങളു​ടെ ദൈവ​മെന്നു നിങ്ങൾ പറയുന്ന ആ വ്യക്തി. എന്നിട്ടും നിങ്ങൾക്ക്‌ ആ ദൈവത്തെ അറിയില്ല. എന്നാൽ എനിക്ക്‌ ആ ദൈവത്തെ അറിയാം. ദൈവത്തെ അറിയില്ല എന്നു പറഞ്ഞാൽ നിങ്ങ​ളെ​പ്പോ​ലെ ഞാനും ഒരു നുണയ​നാ​കും.”​—യോഹ​ന്നാൻ 8:54, 55.

അവരുടെ വിശ്വസ്‌ത​നായ പൂർവ​പി​താ​വു വെച്ച മാതൃ​ക​യെ​ക്കു​റിച്ച്‌ യേശു ഇപ്പോൾ പറയുന്നു: “നിങ്ങളു​ടെ പിതാ​വായ അബ്രാ​ഹാം എന്റെ ദിവസം കാണാ​മെന്ന പ്രതീ​ക്ഷ​യിൽ അങ്ങേയറ്റം സന്തോ​ഷി​ച്ചു. അബ്രാ​ഹാം അതു കാണു​ക​യും സന്തോ​ഷി​ക്കു​ക​യും ചെയ്‌തു.” അതെ, ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തിൽ വിശ്വ​സിച്ച്‌ അബ്രാ​ഹാം മിശിഹ വരാൻവേണ്ടി കാത്തി​രു​ന്നു. അപ്പോൾ ജൂതന്മാർ യേശു​വി​നോട്‌, “തനിക്ക്‌ 50 വയസ്സു​പോ​ലു​മാ​യി​ട്ടി​ല്ല​ല്ലോ. എന്നിട്ടും താൻ അബ്രാ​ഹാ​മി​നെ കണ്ടെന്നോ” എന്നു ചോദി​ക്കു​ന്നു. യേശു അവരോട്‌, “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: അബ്രാ​ഹാം ജനിക്കു​ന്ന​തി​നും മുമ്പേ ഞാനു​ണ്ടാ​യി​രു​ന്നു.” മനുഷ്യ​നാ​യി വരുന്ന​തി​നു മുമ്പ്‌ താൻ സ്വർഗ​ത്തിൽ ശക്തനായ ഒരു ദൂതനാ​യി ഉണ്ടായി​രു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌ യേശു പറയു​ന്നത്‌.​—യോഹ​ന്നാൻ 8:56-58.

അബ്രാ​ഹാ​മി​നും മുമ്പേ ഉണ്ടായി​രു​ന്നു എന്ന യേശു​വി​ന്റെ വാക്കു കേട്ട്‌ ആ ജൂതന്മാർക്കു നല്ല ദേഷ്യം വരുന്നു. അവർ യേശു​വി​നെ കല്ലെറി​യാൻ ഒരുങ്ങു​ന്നു. പക്ഷേ ഒരു കുഴപ്പ​വും കൂടാതെ യേശു അവി​ടെ​നിന്ന്‌ രക്ഷപ്പെ​ടു​ന്നു.