വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 5

നോഹ​യു​ടെ പെട്ടകം

നോഹ​യു​ടെ പെട്ടകം

കുറെ കഴിഞ്ഞ​പ്പോൾ ഭൂമി​യിൽ ആളുക​ളു​ടെ എണ്ണം കൂടി. അവരിൽ മിക്കവ​രും ചീത്ത ആളുക​ളാ​യി​രു​ന്നു. സ്വർഗ​ത്തി​ലുള്ള ചില ദൂതന്മാ​രു​ടെ സ്വഭാ​വം​പോ​ലും മോശ​മാ​യി. അവർ സ്വർഗ​ത്തി​ലെ ജീവിതം ഉപേക്ഷിച്ച്‌ ഭൂമി​യി​ലേക്കു വന്നു. എന്തു​കൊ​ണ്ടാണ്‌ അവർ അങ്ങനെ ചെയ്‌ത​തെന്ന്‌ അറിയാ​മോ? മനുഷ്യ​രു​ടേ​തു​പോ​ലുള്ള ശരീര​ത്തോ​ടെ വന്ന്‌ സ്‌ത്രീ​കളെ കല്യാണം കഴിക്കാൻവേണ്ടി.

മനുഷ്യസ്‌ത്രീ​കളെ കല്യാണം കഴിച്ച ഈ ദൈവ​ദൂ​ത​ന്മാർക്ക്‌ മക്കളു​ണ്ടാ​യി. അവർ അതിശ​ക്ത​രാ​യി വളർന്ന്‌ തെമ്മാ​ടി​ക​ളാ​യി. അവർ ആളുകളെ ഉപദ്ര​വി​ച്ചു. പക്ഷേ ഇത്‌ എന്നും ഇങ്ങനെ തുടരാൻ യഹോവ സമ്മതി​ക്കു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ ഒരു ജലപ്ര​ളയം അഥവാ ഒരു വലിയ വെള്ള​പ്പൊ​ക്കം വരുത്തി ഈ ചീത്ത ആളുകളെ മുഴുവൻ നശിപ്പി​ക്കാൻ ദൈവം തീരു​മാ​നി​ച്ചു.

എന്നാൽ നോഹ എന്നൊരു മനുഷ്യ​നു​ണ്ടാ​യി​രു​ന്നു. നോഹ മറ്റ്‌ ആളുക​ളെ​പ്പോ​ലെ ആയിരു​ന്നില്ല. നോഹ യഹോ​വയെ സ്‌നേ​ഹി​ച്ചി​രു​ന്നു. നോഹ​യ്‌ക്കു ഭാര്യ​യും മൂന്ന്‌ ആൺമക്ക​ളു​മു​ണ്ടാ​യി​രു​ന്നു—ശേം, ഹാം, യാഫെത്ത്‌. അവരും കല്യാണം കഴിച്ചി​രു​ന്നു. നോഹ​യ്‌ക്കും കുടും​ബ​ത്തി​നും പ്രളയ​ത്തിൽനിന്ന്‌ രക്ഷപ്പെ​ടാൻവേണ്ടി ഒരു വലിയ പെട്ടകം ഉണ്ടാക്കാൻ യഹോവ നോഹ​യോ​ടു പറഞ്ഞു. പെട്ടകം എന്നത്‌ തടി​കൊ​ണ്ടുള്ള, വളരെ​വ​ളരെ വലുപ്പ​മുള്ള ഒരു പെട്ടി​യാണ്‌. അതു വെള്ളത്തിൽ പൊങ്ങി​ക്കി​ട​ക്കും. പ്രളയ​ത്തിൽ നശിച്ചു​പോ​കാ​തി​രി​ക്കാൻ കുറെ മൃഗങ്ങ​ളെ​യും പെട്ടക​ത്തിൽ കയറ്റണ​മെന്ന്‌ യഹോവ ആവശ്യ​പ്പെട്ടു.

പെട്ടെ​ന്നു​ത​ന്നെ നോഹ പെട്ടക​ത്തി​ന്റെ പണി തുടങ്ങി. പെട്ടകം പണിതു തീർക്കാൻ നോഹ​യ്‌ക്കും കുടും​ബ​ത്തി​നും ഏതാണ്ട്‌ 50 വർഷം വേണ്ടി​വന്നു. യഹോവ പറഞ്ഞ രീതി​യിൽത്തന്നെ അവർ ആ പെട്ടകം ഉണ്ടാക്കി. പ്രളയം വരുമെന്ന കാര്യം ആ സമയ​ത്തെ​ല്ലാം നോഹ ആളുക​ളോ​ടു പറയു​ന്നു​ണ്ടാ​യി​രു​ന്നു. പക്ഷേ ആരും നോഹ പറഞ്ഞതു ശ്രദ്ധി​ച്ചില്ല.

അവസാനം പെട്ടക​ത്തിൽ കയറാ​നുള്ള സമയമാ​യി. അടുത്ത​താ​യി എന്തു സംഭവി​ച്ചു? നമുക്കു നോക്കാം.

“നോഹ​യു​ടെ നാളു​കൾപോ​ലെ​തന്നെ ആയിരി​ക്കും മനുഷ്യ​പു​ത്രന്റെ സാന്നി​ധ്യ​വും.”​—മത്തായി 24:37