വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 10

ലോത്തി​ന്റെ ഭാര്യയെ ഓർത്തു​കൊ​ള്ളുക

ലോത്തി​ന്റെ ഭാര്യയെ ഓർത്തു​കൊ​ള്ളുക

കനാൻ ദേശത്ത്‌ ലോത്തും അബ്രാ​ഹാ​മും ഒരുമി​ച്ചാ​ണു താമസി​ച്ചി​രു​ന്നത്‌. അബ്രാ​ഹാ​മി​ന്റെ സഹോ​ദ​രന്റെ മകനാണ്‌ ലോത്ത്‌. അബ്രാ​ഹാ​മി​നും ലോത്തി​നും ഉണ്ടായി​രുന്ന മൃഗങ്ങ​ളു​ടെ എണ്ണം കൂടി​ക്കൂ​ടി വന്നു. അതു​കൊണ്ട്‌ അവർക്ക്‌ അവിടെ സ്ഥലം തികയാ​തെ​യാ​യി. അബ്രാ​ഹാം ലോത്തി​നോ​ടു പറഞ്ഞു: ‘നമുക്ക്‌ ഒരുമിച്ച്‌ ഒരു സ്ഥലത്ത്‌ താമസി​ക്കാൻ പറ്റാത്ത സ്ഥിതി​യാ​യ​ല്ലോ. അതു​കൊണ്ട്‌ എങ്ങോട്ടു പോക​ണ​മെന്ന്‌ ആദ്യം നീ തീരു​മാ​നി​ച്ചു​കൊ​ള്ളൂ. ഞാൻ മറ്റൊരു വഴിക്കു പൊയ്‌ക്കൊ​ള്ളാം.’ സ്വന്തം നേട്ടം നോക്കുന്ന ആളായി​രു​ന്നില്ല അബ്രാ​ഹാം, ശരിയല്ലേ?

സൊ​ദോം നഗരത്തിന്‌ അടുത്താ​യി ലോത്ത്‌ മനോ​ഹ​ര​മായ ഒരു പ്രദേശം കണ്ടു. ഇഷ്ടം​പോ​ലെ പുല്ലും വെള്ളവും ഉള്ള സ്ഥലമാ​യി​രു​ന്നു അത്‌. അതു​കൊണ്ട്‌ ലോത്ത്‌ ആ സ്ഥലം തിര​ഞ്ഞെ​ടുത്ത്‌ കുടും​ബ​ത്തോ​ടൊ​പ്പം അങ്ങോട്ടു താമസം മാറി.

സൊ​ദോ​മി​ലും അതിന്‌ അടുത്തുള്ള നഗരമായ ഗൊ​മോ​റ​യി​ലും വളരെ ചീത്ത ആളുക​ളാണ്‌ ഉണ്ടായി​രു​ന്നത്‌. യഹോവ ആ നഗരങ്ങളെ നശിപ്പി​ക്കാൻ തീരു​മാ​നി​ച്ചു. അത്ര മോശ​മാ​യി​രു​ന്നു അവി​ടെ​യുള്ള ആളുകൾ. പക്ഷേ ലോത്തി​നെ​യും കുടും​ബ​ത്തെ​യും രക്ഷിക്കാൻ ദൈവം ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ രണ്ടു ദൈവ​ദൂ​ത​ന്മാ​രെ അയച്ച്‌ ദൈവം അവർക്ക്‌ ഈ മുന്നറി​യി​പ്പു കൊടു​ത്തു: ‘യഹോവ ഈ നഗരം നശിപ്പി​ക്കാൻപോ​കു​ക​യാണ്‌. പെട്ടെന്ന്‌ ഇവി​ടെ​നിന്ന്‌ പുറത്ത്‌ കടക്കുക; വേഗമാ​കട്ടെ!’

ലോത്ത്‌ പക്ഷേ പോകാ​തെ മടിച്ചു​മ​ടിച്ച്‌ നിന്നു. അതു​കൊണ്ട്‌ ദൈവ​ദൂ​ത​ന്മാർ ലോത്തി​നെ​യും ഭാര്യ​യെ​യും രണ്ടു പെൺമ​ക്ക​ളെ​യും കൈക്കു പിടിച്ച്‌ വേഗം നഗരത്തി​നു വെളി​യിൽ എത്തിച്ചു. എന്നിട്ട്‌ അവരോ​ടു പറഞ്ഞു: ‘ജീവനും​കൊണ്ട്‌ ഓടി രക്ഷപ്പെ​ട്ടോ! തിരി​ഞ്ഞു​നോ​ക്ക​രുത്‌. തിരി​ഞ്ഞു​നോ​ക്കി​യാൽ നിങ്ങൾ മരിക്കും!’

അവർ സോവർ നഗരത്തിൽ എത്തിയ​പ്പോൾ യഹോവ സൊ​ദോം, ഗൊ​മോറ എന്നീ നഗരങ്ങ​ളു​ടെ മേൽ തീയും ഗന്ധകവും വർഷിച്ചു. ആ രണ്ടു നഗരങ്ങ​ളും പൂർണ​മാ​യി നശിച്ചു. യഹോവ പറഞ്ഞത്‌ അനുസ​രി​ക്കാ​തെ ലോത്തി​ന്റെ ഭാര്യ പുറ​കോ​ട്ടു തിരി​ഞ്ഞു​നോ​ക്കി. അവൾ ഒരു ഉപ്പുതൂ​ണാ​യി മാറി! എന്നാൽ യഹോ​വയെ അനുസ​രി​ച്ച​തു​കൊണ്ട്‌ ലോത്തും പെൺമ​ക്ക​ളും രക്ഷപ്പെട്ടു. ലോത്തി​ന്റെ ഭാര്യ അനുസ​ര​ണ​ക്കേടു കാണി​ച്ച​തിൽ അവർക്കു വലിയ സങ്കടം തോന്നി​ക്കാ​ണും. യഹോ​വ​യു​ടെ നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെന്ന്‌ ഇതു പഠിപ്പി​ക്കു​ന്നു.

“ലോത്തി​ന്റെ ഭാര്യയെ ഓർത്തു​കൊ​ള്ളുക.”​—ലൂക്കോസ്‌ 17:32