വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 12

യാക്കോ​ബിന്‌ അവകാശം കിട്ടി

യാക്കോ​ബിന്‌ അവകാശം കിട്ടി

റിബെ​ക്കയെ കല്യാണം കഴിക്കു​മ്പോൾ യിസ്‌ഹാ​ക്കിന്‌ 40 വയസ്സാ​യി​രു​ന്നു. യിസ്‌ഹാക്ക്‌ റിബെ​ക്കയെ ഒരുപാട്‌ സ്‌നേ​ഹി​ച്ചു. പിന്നീട്‌ അവർക്കു രണ്ട്‌ ആൺമക്കൾ ഉണ്ടായി. അവർ ഇരട്ടക​ളാ​യി​രു​ന്നു.

മൂത്തയാ​ളു​ടെ പേര്‌ ഏശാവ്‌ എന്നും ഇളയവ​ന്റേത്‌ യാക്കോബ്‌ എന്നും ആയിരു​ന്നു. ഏശാവ്‌ നല്ലൊരു വേട്ടക്കാ​ര​നാ​യി​രു​ന്നു. വീടിനു പുറത്ത്‌ ആയിരി​ക്കു​ന്ന​താ​യി​രു​ന്നു അവന്‌ ഇഷ്ടം. പക്ഷേ യാക്കോ​ബിന്‌ ഇഷ്ടം വീട്ടിൽ ആയിരി​ക്കാ​നാ​യി​രു​ന്നു.

അക്കാലത്ത്‌, അച്ഛൻ മരിക്കു​മ്പോൾ പണത്തി​ന്റെ​യും സ്ഥലത്തി​ന്റെ​യും ഭൂരി​ഭാ​ഗ​വും മൂത്ത മകനാണു കിട്ടി​യി​രു​ന്നത്‌. ആ സ്വത്തിനെ വിളി​ച്ചി​രു​ന്നത്‌ അവകാശം എന്നാണ്‌. യിസ്‌ഹാ​ക്കി​ന്റെ കുടും​ബ​ത്തി​ന്റെ കാര്യ​ത്തിൽ, സ്വത്ത്‌ മാത്രമല്ല ഈ അവകാ​ശ​ത്തിൽ ഉൾപ്പെ​ട്ടി​രു​ന്നത്‌. യഹോവ അബ്രാ​ഹാ​മി​നു നൽകിയ വാഗ്‌ദാ​ന​ങ്ങ​ളിൽ ഒരു പങ്കുണ്ടാ​യി​രി​ക്കു​ന്ന​തും അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. ഏശാവ്‌ പക്ഷേ ഈ വാഗ്‌ദാ​ന​ങ്ങൾക്കൊ​ന്നും ഒരു പ്രാധാ​ന്യ​വും കൊടു​ത്തില്ല. എന്നാൽ അവ വളരെ പ്രധാ​ന​പ്പെ​ട്ട​താ​ണെന്നു യാക്കോ​ബിന്‌ അറിയാ​മാ​യി​രു​ന്നു.

ഒരു ദിവസം വലി​യൊ​രു നായാട്ടു കഴിഞ്ഞ്‌ വളരെ ക്ഷീണിച്ച്‌ അവശനാ​യി​ട്ടാണ്‌ ഏശാവ്‌ വീട്ടിൽ എത്തുന്നത്‌. യാക്കോബ്‌ ഉണ്ടാക്കുന്ന ഭക്ഷണത്തി​ന്റെ നല്ല മണം വന്നപ്പോൾ ഏശാവ്‌ പറഞ്ഞു: ‘ഞാൻ വിശന്ന്‌ ചാകാ​റാ​യി. ആ ചുവന്ന സൂപ്പ്‌ കുറച്ച്‌ എനിക്കു തരൂ.’ അപ്പോൾ യാക്കോബ്‌ പറഞ്ഞു: ‘ഞാൻ തരാം. പക്ഷേ മൂത്ത മകൻ എന്ന അവകാശം എനിക്കു തരാ​മെന്ന്‌ ആദ്യം എന്നോടു സത്യം ചെയ്യണം.’ അതിന്‌ ഏശാവ്‌ പറഞ്ഞു: ‘ഈ അവകാ​ശം​കൊണ്ട്‌ എനിക്ക്‌ എന്താ പ്രയോ​ജനം? അതു നീ എടുത്തോ. എനിക്ക്‌ എന്തെങ്കി​ലും കഴിക്കാൻ കിട്ടി​യാൽ മതി.’ ഏശാവ്‌ ചെയ്‌തത്‌ ബുദ്ധി​യാ​യി​രു​ന്നോ? അല്ല, മണ്ടത്തര​മാ​യി​രു​ന്നു. വെറും ഒരു പാത്രം സൂപ്പി​നു​വേണ്ടി വളരെ വിലപ്പെട്ട ഒന്നാണ്‌ ഏശാവ്‌ വിറ്റു​ക​ള​ഞ്ഞത്‌.

വയസ്സാ​യ​പ്പോൾ യിസ്‌ഹാക്ക്‌ മൂത്ത മകന്‌ ഒരു അനു​ഗ്രഹം കൊടു​ക്കാൻ തീരു​മാ​നി​ച്ചു. എന്നാൽ ആ അനു​ഗ്രഹം ഇളയ മകനായ യാക്കോ​ബി​നു കിട്ടാൻ റിബെക്ക യാക്കോ​ബി​നെ സഹായി​ച്ചു. ഇതെക്കു​റിച്ച്‌ അറിഞ്ഞ​പ്പോൾ ഏശാവി​നു ഭയങ്കര​ദേ​ഷ്യം വന്നു. സ്വന്തം അനിയനെ കൊല്ലാൻ അവൻ തീരു​മാ​നി​ച്ചു. ഏശാവി​ന്റെ കൈയിൽനിന്ന്‌ യാക്കോ​ബി​നെ രക്ഷിക്കാൻ ആഗ്രഹി​ച്ച​തു​കൊണ്ട്‌ യിസ്‌ഹാ​ക്കും റിബെ​ക്ക​യും അവനോ​ടു പറഞ്ഞു: ‘ഏശാവി​ന്റെ ദേഷ്യം കുറയു​ന്ന​തു​വരെ നിന്റെ അമ്മയുടെ ആങ്ങളയായ ലാബാന്റെ അടുത്ത്‌ പോയി താമസി​ക്കുക.’ മാതാ​പി​താ​ക്കൾ കൊടുത്ത ആ ഉപദേശം യാക്കോബ്‌ അനുസ​രി​ച്ചു. അങ്ങനെ യാക്കോബ്‌ അവി​ടെ​നിന്ന്‌ രക്ഷപ്പെട്ടു.

“ഒരാൾ ലോകം മുഴുവൻ നേടി​യാ​ലും ജീവൻ നഷ്ടപ്പെ​ട്ടാൽ പിന്നെ എന്തു പ്രയോ​ജനം? അല്ല, ഒരാൾ തന്റെ ജീവനു പകരമാ​യി എന്തു കൊടു​ക്കും?”​—മർക്കോസ്‌ 8:36, 37