വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 15

യഹോവ യോ​സേ​ഫി​നെ ഒരിക്ക​ലും മറന്നു​ക​ള​ഞ്ഞില്ല

യഹോവ യോ​സേ​ഫി​നെ ഒരിക്ക​ലും മറന്നു​ക​ള​ഞ്ഞില്ല

യോ​സേഫ്‌ തടവറ​യി​ലാ​യി​രു​ന്ന​പ്പോൾ ഫറവോൻ രണ്ടു സ്വപ്‌നങ്ങൾ കണ്ടു. (ഈജിപ്‌തി​ലെ രാജാ​ക്ക​ന്മാ​രെ ഫറവോൻ എന്നാണു വിളി​ച്ചി​രു​ന്നത്‌.) ആർക്കും അർഥം വിശദീ​ക​രി​ക്കാൻ കഴിയാ​തി​രുന്ന സ്വപ്‌ന​ങ്ങ​ളാ​യി​രു​ന്നു അവ. സ്വപ്‌ന​ത്തി​ന്റെ അർഥം വിശദീ​ക​രി​ക്കാൻ യോ​സേ​ഫി​നു കഴിയു​മെന്ന്‌ അവിടത്തെ ഒരു ദാസൻ ഫറവോ​നോ​ടു പറഞ്ഞു. പെട്ടെ​ന്നു​തന്നെ ഫറവോൻ യോ​സേ​ഫി​നെ ആളയച്ച്‌ വരുത്തി.

ഫറവോൻ യോ​സേ​ഫി​നോ​ടു ചോദി​ച്ചു: ‘ഞാൻ കണ്ട സ്വപ്‌നം വിശദീ​ക​രി​ക്കാൻ നിനക്കു പറ്റുമോ?’ യോ​സേഫ്‌ വിശദീ​ക​രി​ച്ചു: ‘ഈജിപ്‌തിൽ ഏഴു വർഷം ഇഷ്ടം​പോ​ലെ ഭക്ഷ്യവസ്‌തു​ക്കൾ ഉണ്ടായി​രി​ക്കും. അതിനു ശേഷം ഏഴു വർഷം ക്ഷാമമാ​യി​രി​ക്കും. അതു​കൊണ്ട്‌ അങ്ങയുടെ ജനം പട്ടിണി കിടക്കാ​തി​രി​ക്കേ​ണ്ട​തി​നു ഭക്ഷ്യവസ്‌തു​ക്കൾ ശേഖരി​ച്ചു​വെ​ക്കാൻ ജ്ഞാനി​യായ ഒരാളെ കണ്ടെത്തി​യാ​ലും.’ മറുപ​ടി​യാ​യി ഫറവോൻ പറഞ്ഞു: ‘അതിനാ​യി നിന്നെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു! അധികാ​ര​ത്തി​ന്റെ കാര്യ​ത്തിൽ ഈജിപ്‌തിൽ നിനക്കാ​യി​രി​ക്കും രണ്ടാം സ്ഥാനം.’ ഫറവോൻ കണ്ട സ്വപ്‌ന​ത്തി​ന്റെ അർഥം യോ​സേ​ഫിന്‌ എങ്ങനെ മനസ്സി​ലാ​യി? യഹോവ യോ​സേ​ഫി​നെ സഹായി​ച്ച​തു​കൊണ്ട്‌.

അടുത്ത ഏഴു വർഷം​കൊണ്ട്‌ യോ​സേഫ്‌ ഭക്ഷ്യവസ്‌തു​ക്കൾ ശേഖരി​ച്ചു. യോ​സേഫ്‌ പറഞ്ഞതു​പോ​ലെ​തന്നെ പിന്നീടു ഭൂമി​യി​ലെ​ങ്ങും ക്ഷാമം ഉണ്ടായി. എല്ലായി​ട​ത്തു​നി​ന്നു​മുള്ള ആളുകൾ ആഹാര​സാ​ധ​നങ്ങൾ മേടി​ക്കാൻ യോ​സേ​ഫി​ന്റെ അടുത്ത്‌ വന്നു. ഈജിപ്‌തിൽ ഭക്ഷ്യവസ്‌തു​ക്കൾ ഉണ്ടെന്നു യോ​സേ​ഫി​ന്റെ അപ്പൻ യാക്കോ​ബും കേട്ടു. അതു​കൊണ്ട്‌ ആഹാര​സാ​ധ​നങ്ങൾ വാങ്ങാൻ യാക്കോബ്‌ തന്റെ ആൺമക്ക​ളിൽ പത്തു പേരെ ഈജിപ്‌തി​ലേക്ക്‌ അയച്ചു.

യാക്കോ​ബി​ന്റെ മക്കൾ യോ​സേ​ഫി​ന്റെ അടുത്ത്‌ ചെന്നു. യോ​സേഫ്‌ അവരെ പെട്ടെ​ന്നു​തന്നെ തിരി​ച്ച​റി​ഞ്ഞു. പക്ഷേ അതു യോ​സേ​ഫാ​ണെന്നു ചേട്ടന്മാർക്കു മനസ്സി​ലാ​യില്ല. അവർ യോ​സേ​ഫി​ന്റെ മുന്നിൽ കുമ്പിട്ടു. ചെറു​പ്പ​ത്തിൽ യോ​സേഫ്‌ സ്വപ്‌ന​ത്തിൽ കണ്ടതും അതുത​ന്നെ​യാ​യി​രു​ന്നു. ചേട്ടന്മാ​രു​ടെ സ്വഭാ​വ​ത്തി​നു മാറ്റം വന്നിട്ടു​ണ്ടോ എന്ന്‌ അറിയാൻ യോ​സേഫ്‌ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ യോ​സേഫ്‌ പറഞ്ഞു: ‘നിങ്ങൾ രഹസ്യം ചോർത്താൻ വന്ന ചാരന്മാ​രാണ്‌. ഞങ്ങളുടെ ദേശത്തി​ന്റെ ദുർബ​ല​ഭാ​ഗം കണ്ടെത്താ​നാ​ണു നിങ്ങൾ വന്നത്‌.’ അവർ പറഞ്ഞു: ‘അല്ല! ഞങ്ങൾ കനാനിൽനി​ന്നുള്ള 12 സഹോ​ദ​ര​ന്മാ​രാണ്‌. ഒരാൾ മരിച്ചു​പോ​യി. ഏറ്റവും ഇളയവൻ അപ്പന്റെ​കൂ​ടെ​യുണ്ട്‌.’ അപ്പോൾ യോ​സേഫ്‌ പറഞ്ഞു: ‘നിങ്ങളു​ടെ ഏറ്റവും ഇളയ അനിയനെ എന്റെ അടുത്ത്‌ കൊണ്ടു​വാ. അപ്പോൾ ഞാൻ വിശ്വ​സി​ക്കാം.’ അങ്ങനെ അവർ തിരിച്ച്‌ വീട്ടി​ലേക്കു പോയി.

വീട്ടിലെ ഭക്ഷ്യവസ്‌തു​ക്കൾ തീർന്ന​പ്പോൾ യാക്കോബ്‌ വീണ്ടും മക്കളെ ഈജിപ്‌തി​ലേക്ക്‌ അയച്ചു. ഇത്തവണ ഏറ്റവും ഇളയ അനിയ​നായ ബന്യാ​മീ​നെ​യും അവർ കൊണ്ടു​പോ​യി. ചേട്ടന്മാ​രെ പരീക്ഷി​ക്കാൻവേണ്ടി യോ​സേഫ്‌ തന്റെ വെള്ളി​പ്പാ​ന​പാ​ത്രം ബന്യാ​മീ​ന്റെ ധാന്യ​ച്ചാ​ക്കിൽ ഒളിപ്പി​ച്ചു​വെച്ചു. എന്നിട്ട്‌ അതു ചേട്ടന്മാർ മോഷ്ടി​ച്ച​താ​ണെന്ന്‌ ആരോ​പി​ച്ചു. യോ​സേ​ഫി​ന്റെ ദാസന്മാർ ബന്യാ​മീ​ന്റെ ചാക്കിൽനിന്ന്‌ ആ പാനപാ​ത്രം കണ്ടെടു​ത്ത​പ്പോൾ ചേട്ടന്മാർ ഞെട്ടി​പ്പോ​യി. ബന്യാ​മീ​നു പകരം തങ്ങളെ ശിക്ഷി​ച്ചു​കൊ​ള്ളാൻ അവർ യോ​സേ​ഫി​നോ​ടു കെഞ്ചി.

ചേട്ടന്മാർക്കു മാറ്റം വന്നെന്നു യോ​സേ​ഫി​നു മനസ്സി​ലാ​യി. അതോടെ യോ​സേ​ഫി​നു തന്റെ വികാ​രങ്ങൾ നിയ​ന്ത്രി​ക്കാ​നാ​യില്ല. പൊട്ടി​ക്ക​ര​ഞ്ഞു​കൊണ്ട്‌ യോ​സേഫ്‌ പറഞ്ഞു: ‘ഞാൻ നിങ്ങളു​ടെ സഹോ​ദരൻ യോ​സേ​ഫാണ്‌. എന്റെ അപ്പൻ ഇപ്പോ​ഴും ജീവ​നോ​ടെ​യു​ണ്ടോ?’ അവർ ആകെ അമ്പരന്നു​പോ​യി. യോ​സേഫ്‌ അവരോ​ടു പറഞ്ഞു: ‘എന്നോടു നിങ്ങൾ ചെയ്‌തത്‌ ഓർത്ത്‌ വിഷമി​ക്കേണ്ടാ. നിങ്ങളു​ടെ ജീവൻ സംരക്ഷി​ക്കാൻവേണ്ടി ദൈവ​മാണ്‌ എന്നെ ഇങ്ങോട്ട്‌ അയച്ചത്‌. വേഗം ചെന്ന്‌ അപ്പനെ കൂട്ടി​ക്കൊണ്ട്‌ വരൂ.’

ഈ സന്തോ​ഷ​വാർത്ത അപ്പനെ അറിയി​ക്കാ​നും അപ്പനെ ഈജിപ്‌തി​ലേക്കു കൊണ്ടു​വ​രാ​നും അവർ വീട്ടി​ലേക്കു മടങ്ങി. അങ്ങനെ വർഷങ്ങൾക്കു ശേഷം യോ​സേ​ഫും അപ്പനും വീണ്ടും ഒരുമി​ച്ചു.

“നിങ്ങൾ അവരുടെ തെറ്റുകൾ ക്ഷമിക്കാ​തി​രു​ന്നാൽ നിങ്ങളു​ടെ പിതാവ്‌ നിങ്ങളു​ടെ തെറ്റു​ക​ളും ക്ഷമിക്കില്ല.”​—മത്തായി 6:15