വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 16

ഇയ്യോബ്‌ ആരായി​രു​ന്നു?

ഇയ്യോബ്‌ ആരായി​രു​ന്നു?

ഊസ്‌ ദേശത്ത്‌ യഹോ​വയെ ആരാധി​ച്ചി​രുന്ന ഒരു മനുഷ്യ​നു​ണ്ടാ​യി​രു​ന്നു. ഇയ്യോബ്‌ എന്നായി​രു​ന്നു പേര്‌. ഇയ്യോ​ബിന്‌ ഇഷ്ടം​പോ​ലെ സമ്പത്തും വലിയ ഒരു കുടും​ബ​വും ഉണ്ടായി​രു​ന്നു. പാവങ്ങളെ സഹായി​ച്ചി​രുന്ന ദയാലു​വായ ഒരു മനുഷ്യ​നാ​യി​രു​ന്നു അദ്ദേഹം. ഭർത്താവ്‌ മരിച്ചു​പോയ സ്‌ത്രീ​ക​ളെ​യും അനാഥ​ക്കു​ഞ്ഞു​ങ്ങ​ളെ​യും അദ്ദേഹം സഹായി​ച്ചി​രു​ന്നു. എന്നാൽ ശരിയായ കാര്യങ്ങൾ ചെയ്‌തു എന്നുക​രു​തി ഇയ്യോ​ബി​ന്റെ ജീവി​ത​ത്തിൽ ഒരിക്ക​ലും ഒരു പ്രശ്‌ന​വും ഇല്ലായി​രു​ന്നു എന്നാണോ?

ഇയ്യോ​ബിന്‌ അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും പിശാ​ചായ സാത്താൻ അവനെ നോട്ട​മി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. യഹോവ സാത്താ​നോ​ടു പറഞ്ഞു: ‘എന്റെ ദാസനായ ഇയ്യോ​ബി​നെ നീ ശ്രദ്ധി​ച്ചോ? അവനെ​പ്പോ​ലെ മറ്റാരും ഭൂമി​യി​ലില്ല. ഞാൻ പറയു​ന്ന​തെ​ല്ലാം കേട്ടനു​സ​രിച്ച്‌ അവൻ ശരിയായ കാര്യങ്ങൾ ചെയ്യുന്നു.’ സാത്താൻ പറഞ്ഞു: ‘ശരിയാ, ഇയ്യോബ്‌ അനുസ​രി​ക്കു​ന്നുണ്ട്‌. അങ്ങ്‌ അവനെ സംരക്ഷി​ക്കു​ക​യും അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യു​ക​യല്ലേ? അവനു സ്ഥലവും മൃഗസ​മ്പ​ത്തും കൊടു​ത്തി​രി​ക്കു​ന്നു. അതെല്ലാം ഒന്നു തിരി​ച്ചെ​ടുക്ക്‌. പിന്നെ അവൻ അങ്ങയെ ആരാധി​ക്കില്ല.’ യഹോവ പറഞ്ഞു: ‘നിനക്ക്‌ ഇയ്യോ​ബി​നെ പരീക്ഷി​ച്ചു​നോ​ക്കാം. പക്ഷേ ഒരു കാര്യം, അവനെ കൊല്ലാൻ പാടില്ല.’ എന്തു​കൊ​ണ്ടാണ്‌ ഇയ്യോ​ബി​നെ പരീക്ഷി​ക്കാൻ യഹോവ സാത്താനെ അനുവ​ദി​ച്ചത്‌? ഇയ്യോബ്‌ പരാജ​യ​പ്പെ​ടി​ല്ലെന്ന്‌ യഹോ​വയ്‌ക്ക്‌ അത്ര ഉറപ്പു​ണ്ടാ​യി​രു​ന്നു.

ഒന്നിനു​പു​റ​കേ ഒന്നായി ദുരന്തങ്ങൾ വരുത്തി​ക്കൊണ്ട്‌ സാത്താൻ ഇയ്യോ​ബി​നെ പരീക്ഷി​ക്കാൻതു​ടങ്ങി. ആദ്യം, സെബായർ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന ഒരു കൂട്ടം ആളുകളെ സാത്താൻ അയച്ചു. അവർ ചെന്ന്‌ ഇയ്യോ​ബി​ന്റെ കാളക​ളെ​യും കഴുത​ക​ളെ​യും മോഷ്ടി​ച്ചു. അടുത്ത​താ​യി തീ ഇറങ്ങി ഇയ്യോ​ബി​ന്റെ ആടുകളെ മുഴുവൻ നശിപ്പി​ച്ചു. പിന്നെ, കൽദയർ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന വേറൊ​രു കൂട്ടം ആളുകൾ ഒട്ടകങ്ങളെ മോഷ്ടി​ച്ചു. മൃഗങ്ങളെ നോക്കി​യി​രുന്ന ദാസന്മാ​രെ​ല്ലാം കൊല്ല​പ്പെട്ടു. അടുത്ത ദുരന്ത​മാ​യി​രു​ന്നു ഏറ്റവും ഭയങ്കരം. ഇയ്യോ​ബി​ന്റെ മക്കളെ​ല്ലാം​കൂ​ടി ഒരു വിരു​ന്നി​നു കൂടി​വ​ന്നി​രി​ക്കു​മ്പോൾ ആ വീട്‌ അവരുടെ മേൽ വീണ്‌ അവർ എല്ലാം മരിച്ചു. ഇയ്യോ​ബി​നു സങ്കടം സഹിക്കാ​നാ​യില്ല. എങ്കിലും യഹോ​വയെ ആരാധി​ക്കു​ന്നത്‌ ഇയ്യോബ്‌ നിറു​ത്തി​ക്ക​ള​ഞ്ഞില്ല.

സാത്താൻ പക്ഷേ വിട്ടു​കൊ​ടു​ക്കാൻ തയ്യാറ​ല്ലാ​യി​രു​ന്നു. ഇയ്യോ​ബി​ന്റെ ശരീരം മുഴുവൻ പരുക്കൾ വരുത്തി​ക്കൊണ്ട്‌ സാത്താൻ ഇയ്യോ​ബി​നെ കൂടുതൽ കഷ്ടപ്പെ​ടു​ത്തി. വേദന​കൊണ്ട്‌ ഇയ്യോബ്‌ പുളഞ്ഞു. എന്തു​കൊ​ണ്ടാ​ണു തനിക്ക്‌ ഇങ്ങനെ​യൊ​ക്കെ വരുന്ന​തെന്ന്‌ ഇയ്യോ​ബി​നു പിടി​കി​ട്ടി​യില്ല. എന്നിട്ടും ഇയ്യോബ്‌ യഹോ​വ​യെ​ത്തന്നെ ആരാധി​ച്ചു. ഇത്ര​യെ​ല്ലാം സഹി​ക്കേണ്ടി വന്നിട്ടും ഇയ്യോബ്‌ വിശ്വസ്‌ത​നാ​യി​രി​ക്കു​ന്നതു കണ്ടപ്പോൾ യഹോ​വയ്‌ക്കു സന്തോഷം തോന്നി.

അടുത്ത​താ​യി, ഇയ്യോ​ബി​നെ പരീക്ഷി​ക്കാൻ സാത്താൻ മൂന്നു പേരെ അയച്ചു. അവർ പറഞ്ഞു: ‘നീ എന്തോ പാപം ചെയ്‌തിട്ട്‌ അതു മറച്ചു​വെ​ക്കാൻനോ​ക്കി. അതിനു ദൈവം നിന്നെ ശിക്ഷി​ക്കു​ക​യാണ്‌ ഇപ്പോൾ.’ ഇയ്യോബ്‌ പറഞ്ഞു: ‘ഞാൻ ഒരു തെറ്റും ചെയ്‌തി​ട്ടില്ല.’ എങ്കിലും, യഹോ​വ​യാണ്‌ ഈ പ്രശ്‌ന​ങ്ങ​ളെ​ല്ലാം വരുത്തു​ന്ന​തെന്ന്‌ ഇയ്യോബ്‌ ചിന്തി​ക്കാൻതു​ടങ്ങി. ദൈവം ഈ കാണി​ക്കു​ന്നത്‌ ന്യായ​മ​ല്ലെ​ന്നും ഇയ്യോബ്‌ പറഞ്ഞു.

എലീഹു എന്നു പേരുള്ള ഒരു ചെറു​പ്പ​ക്കാ​രൻ മിണ്ടാ​തി​രുന്ന്‌ ഈ സംസാ​ര​മെ​ല്ലാം കേട്ടു. എന്നിട്ട്‌ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ എല്ലാവ​രും പറഞ്ഞതു തെറ്റാണ്‌. നമു​ക്കൊ​ക്കെ മനസ്സി​ലാ​ക്കാൻ കഴിയു​ന്ന​തി​നെ​ക്കാൾ ഉന്നതനാണ്‌ യഹോവ. ദൈവ​ത്തിന്‌ ഒരിക്ക​ലും ഒരു ദുഷ്ടത​യും ചെയ്യാൻ പറ്റില്ല. ദൈവം എല്ലാം കാണു​ന്നുണ്ട്‌. പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ ആളുകളെ സഹായി​ക്കു​ക​യും ചെയ്യുന്നു.’

തുടർന്ന്‌ യഹോവ ഇയ്യോ​ബി​നോ​ടു സംസാ​രി​ച്ചു. യഹോവ ചോദി​ച്ചു: ‘ഞാൻ ആകാശ​വും ഭൂമി​യും ഉണ്ടാക്കി​യ​പ്പോൾ നീ എവി​ടെ​യാ​യി​രു​ന്നു? ഞാൻ അനീതി കാണി​ക്കു​ന്നെന്നു നീ പറഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌? നീ എന്തൊ​ക്കെ​യോ പറയുന്നു, പക്ഷേ എന്തു​കൊ​ണ്ടാണ്‌ ഇതൊക്കെ സംഭവി​ക്കു​ന്ന​തെന്നു നിനക്ക്‌ അറിയില്ല.’ ഇയ്യോബ്‌ കുറ്റം സമ്മതി​ച്ചു​കൊണ്ട്‌ പറഞ്ഞു: ‘എനിക്കു തെറ്റു പറ്റി. ഞാൻ അങ്ങയെ​ക്കു​റിച്ച്‌ കേട്ടി​ട്ടു​ണ്ടാ​യി​രു​ന്നു, പക്ഷേ ഇപ്പോ​ഴാണ്‌ അങ്ങയെ ശരിക്കും അറിഞ്ഞത്‌. അങ്ങയ്‌ക്കു ചെയ്യാൻ പറ്റാത്ത​താ​യി ഒന്നുമില്ല. ഞാൻ ഓരോ​ന്നു പറഞ്ഞു​പോ​യ​തിന്‌ എന്നോടു ക്ഷമിക്കണം.’

പരീക്ഷണം അവസാ​നി​ച്ച​പ്പോൾ യഹോവ ഇയ്യോ​ബിന്‌ ആരോ​ഗ്യം തിരി​ച്ചു​കൊ​ടു​ത്തു. മുമ്പു​ണ്ടാ​യി​രു​ന്ന​തെ​ല്ലാം ഇരട്ടി​യാ​യി നൽകി. ഇയ്യോബ്‌ ദീർഘ​കാ​ലം സന്തോ​ഷ​ത്തോ​ടെ ജീവിച്ചു. യഹോ​വയെ അനുസ​രി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി​രു​ന്ന​പ്പോ​ഴും അങ്ങനെ ചെയ്‌ത​തു​കൊണ്ട്‌ ഇയ്യോ​ബി​നെ യഹോവ അനു​ഗ്ര​ഹി​ച്ചു. ജീവി​ത​ത്തിൽ എന്തെല്ലാം സംഭവി​ച്ചാ​ലും ഇയ്യോ​ബി​നെ​പ്പോ​ലെ നിങ്ങളും യഹോ​വയെ ആരാധി​ക്കു​ന്ന​തിൽ തുടരു​മോ?

“ഇയ്യോബ്‌ സഹിച്ചു​നി​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾ കേൾക്കു​ക​യും യഹോവ ഒടുവിൽ നൽകിയ അനു​ഗ്ര​ഹങ്ങൾ കാണു​ക​യും ചെയ്‌തി​രി​ക്കു​ന്നു.”​—യാക്കോബ്‌ 5:11