വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 20

അടുത്ത ആറ്‌ ബാധകൾ

അടുത്ത ആറ്‌ ബാധകൾ

‘എന്റെ ജനത്തെ വിട്ടയ​ച്ചി​ല്ലെ​ങ്കിൽ ഞാൻ ദേശത്ത്‌ രക്തം കുടി​ക്കുന്ന ഈച്ചകളെ അയയ്‌ക്കും.’ മോശ​യും അഹരോ​നും ദൈവ​ത്തി​ന്റെ ഈ സന്ദേശം അറിയി​ക്കാൻ ഫറവോ​ന്റെ അടു​ത്തേക്കു ചെല്ലുന്നു. അങ്ങനെ ഈച്ചകൾ വലിയ കൂട്ടങ്ങ​ളാ​യി വന്ന്‌ എല്ലാ ഈജിപ്‌തു​കാ​രു​ടെ​യും, പാവ​പ്പെ​ട്ട​വ​രു​ടെ​യും പണക്കാ​രു​ടെ​യും, വീടുകൾ ആക്രമി​ച്ചു. ദേശം മുഴുവൻ ഈച്ചകൾ! പക്ഷേ ഇസ്രാ​യേ​ല്യർ താമസി​ച്ചി​രുന്ന ഗോശെൻ ദേശത്ത്‌ മാത്രം ഈച്ചകൾ ഇല്ല! ഈ നാലാ​മത്തെ ബാധമു​തൽ പിന്നെ ഉണ്ടായ ബാധകൾ ഈജിപ്‌തു​കാ​രെ മാത്രമേ ബാധി​ച്ചു​ള്ളൂ. അതു കണ്ടപ്പോൾ ഫറവോൻ ഇങ്ങനെ യാചിച്ചു: ‘ഈ ഈച്ചകളെ ഇവി​ടെ​നിന്ന്‌ ഓടി​ച്ചു​ക​ള​യാൻ യഹോ​വ​യോ​ടു അപേക്ഷി​ക്കൂ. ഞാൻ നിങ്ങളെ വിട്ടയയ്‌ക്കാം.’ പക്ഷേ യഹോവ ഈച്ചകളെ അവി​ടെ​നിന്ന്‌ നീക്കി​യ​പ്പോൾ ഫറവോ​ന്റെ മനസ്സു​മാ​റി. ഫറവോൻ എന്നെങ്കി​ലും നന്നാകു​മോ?

യഹോവ പറഞ്ഞു: ‘ഫറവോൻ എന്റെ ജനത്തെ വിട്ടയയ്‌ക്കാൻ സമ്മതി​ക്കു​ന്നി​ല്ലെ​ങ്കിൽ ഈജിപ്‌തു​കാ​രു​ടെ മൃഗങ്ങൾ രോഗം വന്ന്‌ ചത്തു​പോ​കും.’ പിറ്റേ​ന്നു​തന്നെ മൃഗങ്ങൾ ചാകാൻതു​ടങ്ങി. പക്ഷേ ഇസ്രാ​യേ​ല്യ​രു​ടെ മൃഗങ്ങൾ ചത്തില്ല. എന്നിട്ടും വഴങ്ങി​ക്കൊ​ടു​ക്കാൻ തയ്യാറാ​കാ​തെ ഫറവോൻ ദുശ്ശാ​ഠ്യം കാണിച്ചു.

ഫറവോ​ന്റെ അടുത്ത്‌ തിരിച്ച്‌ ചെന്ന്‌ ചാരം വായു​വി​ലേക്ക്‌ എറിയാൻ യഹോവ മോശ​യോ​ടു പറഞ്ഞു. ചാരം പൊടി​യാ​യി​ത്തീർന്ന്‌ വായു​വിൽ വ്യാപിച്ച്‌ ഈജിപ്‌തു​കാ​രു​ടെ​യെ​ല്ലാം ദേഹത്ത്‌ വീണു. അവരു​ടെ​യും അവരുടെ മൃഗങ്ങ​ളു​ടെ​യും മേൽ വേദന​യുള്ള വലിയ കുരുക്കൾ പൊങ്ങാൻതു​ടങ്ങി. എന്നിട്ടു​പോ​ലും ഫറവോൻ ഇസ്രാ​യേ​ല്യ​രെ വിട്ടയയ്‌ക്കാൻ കൂട്ടാ​ക്കി​യില്ല.

യഹോവ മോശയെ ഫറവോ​ന്റെ അടു​ത്തേക്കു തിരിച്ച്‌ അയച്ച്‌ ഈ സന്ദേശം അറിയി​ച്ചു: ‘എന്റെ ജനത്തെ വിട്ടയയ്‌ക്കാൻ നീ ഇപ്പോ​ഴും തയ്യാറല്ല, അല്ലേ? നാളെ ദേശത്ത്‌ ആലിപ്പഴം പെയ്യും.’ അടുത്ത ദിവസം യഹോവ ആലിപ്പ​ഴ​വും (മഞ്ഞുക​ട്ടകൾ) ഇടിമു​ഴ​ക്ക​വും തീയും അയച്ചു. ഈജിപ്‌തിൽ ഉണ്ടായി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും ശക്തമായ കൊടു​ങ്കാ​റ്റാ​യി​രു​ന്നു അത്‌. എല്ലാ മരങ്ങളും വിളവു​ക​ളും നശിച്ചു. പക്ഷേ ഗോശെൻ ദേശത്തുള്ള ഒന്നിനും ഒരു കുഴപ്പ​വും പറ്റിയില്ല. ഫറവോൻ പറഞ്ഞു: ‘ഇതൊന്നു നിറു​ത്താൻ യഹോ​വ​യോ​ടു യാചിക്കൂ. അതിനു ശേഷം നിങ്ങൾക്കു പോകാം.’ എന്നാൽ ആലിപ്പ​ഴ​വും മഴയും നിന്ന​പ്പോൾ ഫറവോൻ മനസ്സു​മാ​റ്റി.

മോശ പറഞ്ഞു: ‘ആലിപ്പഴം വീണ്‌ നശിക്കാത്ത ചെടി​ക​ളെ​ല്ലാം വെട്ടു​ക്കി​ളി​കൾ തിന്നും.’ അങ്ങനെ വയലി​ലും മരങ്ങളി​ലും ബാക്കി​യു​ണ്ടാ​യി​രു​ന്നതു ലക്ഷക്കണ​ക്കി​നു​വന്ന വെട്ടു​ക്കി​ളി​കൾ തിന്ന്‌ തീർത്തു. ഫറവോൻ ഇങ്ങനെ യാചിച്ചു: ‘ഈ വെട്ടു​ക്കി​ളി​കളെ മാറ്റാൻ യഹോ​വ​യോട്‌ അപേക്ഷി​ക്കൂ.’ പക്ഷേ യഹോവ വെട്ടു​ക്കി​ളി​കളെ മാറ്റി​യ​പ്പോൾ ഫറവോൻ വീണ്ടും ശാഠ്യം കാണിച്ചു.

യഹോവ മോശ​യോ​ടു പറഞ്ഞു: ‘നിന്റെ കൈ ആകാശ​ത്തേക്കു നീട്ടുക.’ പെട്ടെ​ന്നു​തന്നെ ആകാശം മുഴുവൻ കൂരി​രു​ട്ടാ​യി. മൂന്നു ദിവസ​ത്തേക്ക്‌ ഈജിപ്‌തു​കാർക്ക്‌ ഒന്നും കാണാൻ പറ്റിയില്ല! ഇസ്രാ​യേ​ല്യ​രു​ടെ വീട്ടിൽ മാത്രമേ വെട്ടം ഉണ്ടായി​രു​ന്നു​ള്ളൂ.

ഫറവോൻ മോശ​യോ​ടു പറഞ്ഞു: ‘നിനക്കും നിന്റെ ജനത്തി​നും പോകാം. പക്ഷേ മൃഗങ്ങളെ കൊണ്ടു​പോ​കേണ്ടാ.’ മോശ പറഞ്ഞു: ‘ഞങ്ങളുടെ ദൈവ​ത്തി​നു യാഗം അർപ്പി​ക്കാൻ മൃഗങ്ങ​ളെ​യും കൊണ്ടു​പോ​കണം.’ ഫറവോ​നു കടുത്ത​ദേ​ഷ്യം വന്നു. ഫറവോൻ അലറി: ‘എന്റെ കൺമു​ന്നിൽനിന്ന്‌ കടന്നു​പോ​കൂ. നിന്നെ ഇനി ഇവിടെ കണ്ടാൽ, ഞാൻ കൊല്ലും.’

“നീതി​മാ​നും ദുഷ്ടനും തമ്മിലും ദൈവത്തെ സേവി​ക്കു​ന്ന​വ​നും സേവി​ക്കാ​ത്ത​വ​നും തമ്മിലും ഉള്ള വ്യത്യാ​സം നിങ്ങൾ വീണ്ടും കാണും.”​—മലാഖി 3:18