വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 30

ഒറ്റു​നോ​ക്കാൻ വന്നവരെ രാഹാബ്‌ ഒളിപ്പി​ച്ചു

ഒറ്റു​നോ​ക്കാൻ വന്നവരെ രാഹാബ്‌ ഒളിപ്പി​ച്ചു

യരീഹൊ നഗരം ഒറ്റു​നോ​ക്കാൻ പോയ രണ്ട്‌ ഇസ്രാ​യേ​ല്യർ രാഹാബ്‌ എന്നു പേരുള്ള ഒരു സ്‌ത്രീ​യു​ടെ വീട്ടി​ലാ​ണു താമസി​ച്ചത്‌. ഇത്‌ അറിഞ്ഞ്‌ യരീ​ഹൊ​യി​ലെ രാജാവ്‌ രാഹാ​ബി​ന്റെ വീട്ടി​ലേക്കു പടയാ​ളി​കളെ അയച്ചു. ഒറ്റു​നോ​ക്കാൻ വന്നവരെ രാഹാബ്‌ വീടിന്റെ മേൽക്കൂ​ര​യിൽ ഒളിപ്പി​ച്ചിട്ട്‌ പടയാ​ളി​കളെ മറ്റൊരു വഴിക്കു പറഞ്ഞയച്ചു. ഒറ്റു​നോ​ക്കാൻ വന്നവ​രോ​ടു രാഹാബ്‌ പറഞ്ഞു: ‘ഞാൻ നിങ്ങളെ എന്തായാ​ലും സഹായി​ക്കാം. കാരണം യഹോവ നിങ്ങളു​ടെ കൂടെ​യു​ണ്ടെ​ന്നും നിങ്ങൾ ഈ ദേശം പിടി​ച്ച​ട​ക്കു​മെ​ന്നും എനിക്ക്‌ ഉറപ്പുണ്ട്‌. എന്നെയും കുടും​ബ​ത്തെ​യും രക്ഷിക്കു​മെന്നു നിങ്ങൾ എനിക്കു വാക്കു തരാമോ?’

ആ പുരു​ഷ​ന്മാർ രാഹാ​ബി​നോ​ടു പറഞ്ഞു: ‘രാഹാ​ബി​ന്റെ വീട്ടി​ലാ​യി​രി​ക്കുന്ന ആർക്കും ആപത്ത്‌ വരി​ല്ലെന്നു ഞങ്ങൾ വാക്കു തരുന്നു.’ അവർ ഇങ്ങനെ​യും പറഞ്ഞു: ‘വീടിന്റെ ജനലിൽ ഒരു ചുവന്ന ചരടു കെട്ടണം. എങ്കിൽ രാഹാ​ബി​ന്റെ കുടും​ബം രക്ഷപ്പെ​ടും.’

രാഹാബ്‌ വീടിന്റെ ജനൽവഴി ഒരു കയറിൽക്കൂ​ടി ആ പുരു​ഷ​ന്മാ​രെ ഇറക്കി​വി​ട്ടു. അവർ പർവത​പ്ര​ദേ​ശ​ത്തേക്കു പോയി മൂന്നു ദിവസം അവിടെ ഒളിച്ചി​രു​ന്നു. എന്നിട്ടാണ്‌ യോശു​വ​യു​ടെ അടു​ത്തേക്കു മടങ്ങി​പ്പോ​യത്‌. പിന്നെ ഇസ്രാ​യേ​ല്യർ യോർദാൻ നദി കടന്ന്‌ ദേശം പിടി​ച്ച​ട​ക്കാ​നാ​യി എത്തി. അവർ ആദ്യം പിടി​ച്ച​ട​ക്കിയ നഗരമാ​യി​രു​ന്നു യരീഹൊ. ദിവസം ഒരു പ്രാവ​ശ്യം വീതം ആറു ദിവസ​ത്തേക്കു നഗരത്തെ ചുറ്റാൻ യഹോവ അവരോ​ടു പറഞ്ഞു. ഏഴാം ദിവസം അവർ ഏഴു പ്രാവ​ശ്യം നഗരത്തെ ചുറ്റി. അതിനു ശേഷം പുരോ​ഹി​ത​ന്മാർ കാഹളം ഊതി. പടയാ​ളി​കൾ പരമാ​വധി ഉച്ചത്തിൽ ആർപ്പു​വി​ളി​ച്ചു. നഗരമ​തിൽ തകർന്ന​ടി​ഞ്ഞു. എന്നാൽ നഗരമ​തി​ലിൽ ഉണ്ടായി​രുന്ന രാഹാ​ബി​ന്റെ വീടിന്‌ ഒരു കുഴപ്പ​വും സംഭവി​ച്ചില്ല. യഹോ​വ​യിൽ ആശ്രയി​ച്ച​തു​കൊണ്ട്‌ രാഹാ​ബും കുടും​ബ​വും രക്ഷപ്പെട്ടു.

‘രാഹാ​ബി​നെ​യും പ്രവൃ​ത്തി​ക​ളാ​ലല്ലേ നീതി​യു​ള്ള​വ​ളാ​യി പ്രഖ്യാ​പി​ച്ചത്‌? രാഹാബ്‌ സന്ദേശ​വാ​ഹ​കർക്ക്‌ ആതിഥ്യ​മ​രു​ളു​ക​യും അവരെ മറ്റൊരു വഴിക്കു പറഞ്ഞയയ്‌ക്കു​ക​യും ചെയ്‌ത​ല്ലോ.’​—യാക്കോബ്‌ 2:25