വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 32

ഒരു പുതിയ നേതാ​വും രണ്ട്‌ ധീരവ​നി​ത​ക​ളും

ഒരു പുതിയ നേതാ​വും രണ്ട്‌ ധീരവ​നി​ത​ക​ളും

വർഷങ്ങ​ളോ​ളം യഹോ​വ​യു​ടെ ജനത്തെ നയിച്ച​ശേഷം 110-ാം വയസ്സിൽ യോശുവ മരിച്ചു. യോശുവ ജീവി​ച്ചി​രുന്ന കാല​മെ​ല്ലാം ഇസ്രാ​യേ​ല്യർ യഹോ​വയെ ആരാധി​ച്ചു. എന്നാൽ യോശുവ മരിച്ചു​ക​ഴിഞ്ഞ്‌ അവർ കനാന്യ​രെ​പ്പോ​ലെ വിഗ്ര​ഹ​ങ്ങളെ ആരാധി​ക്കാൻതു​ടങ്ങി. ഇസ്രാ​യേ​ല്യർ യഹോ​വയെ അനുസ​രി​ക്കാ​തി​രു​ന്ന​തു​കൊണ്ട്‌ അവരുടെ ജീവിതം ദുരി​ത​പൂർണ​മാ​ക്കാൻ യഹോവ യാബീൻ എന്നു പേരുള്ള ഒരു കനാന്യ​രാ​ജാ​വി​നെ അനുവ​ദി​ച്ചു. ആളുകൾ സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ച്ചു. അതു​കൊണ്ട്‌ യഹോവ അവർക്കു ബാരാക്ക്‌ എന്നു പേരുള്ള ഒരു പുതിയ നേതാ​വി​നെ കൊടു​ത്തു. യഹോ​വ​യി​ലേക്കു മടങ്ങി​വ​രാൻ ബാരാക്ക്‌ ജനത്തെ സഹായി​ക്കു​മാ​യി​രു​ന്നു.

പ്രവാ​ചി​ക​യാ​യ ദബോര ബാരാ​ക്കി​നെ ആളയച്ച്‌ വിളി​പ്പി​ച്ചു. യഹോ​വ​യിൽനി​ന്നുള്ള ഒരു സന്ദേശം ബാരാ​ക്കി​നെ അറിയി​ക്കാ​നാ​യി​രു​ന്നു അത്‌. ദബോര പറഞ്ഞു: ‘10,000 പുരു​ഷ​ന്മാ​രെ​യും​കൊണ്ട്‌ കീശോൻ തോട്ടി​ലേക്കു ചെന്ന്‌ യാബീന്റെ സൈന്യ​ത്തെ നേരി​ടുക. യാബീന്റെ സൈന്യാ​ധി​പ​നായ സീസെ​രയെ അങ്ങ്‌ പരാജ​യ​പ്പെ​ടു​ത്തും.’ ബാരാ​ക്കി​ന്റെ മറുപടി, ‘ദബോര കൂടെ വരുക​യാ​ണെ​ങ്കിൽ ഞാൻ പോകാം’ എന്നായി​രു​ന്നു. ദബോര പറഞ്ഞു: ‘ഞാൻ വരാം. എന്നാൽ സീസെ​രയെ കൊല്ലു​ന്നത്‌ അങ്ങായി​രി​ക്കില്ല, ഒരു സ്‌ത്രീ​യാ​യി​രി​ക്കും എന്ന്‌ യഹോവ പറഞ്ഞി​ട്ടുണ്ട്‌.’

യുദ്ധത്തി​നു തയ്യാ​റെ​ടു​ക്കാൻ ബാരാ​ക്കി​ന്റെ​യും സൈന്യ​ത്തി​ന്റെ​യും കൂടെ ദബോ​ര​യും താബോർ പർവത​ത്തി​ലേക്കു പോയി. സീസെര ഇതു കേട്ട ഉടനെ തന്റെ യുദ്ധര​ഥ​ങ്ങ​ളെ​യും സൈന്യ​ത്തെ​യും പർവത​ത്തി​ന്റെ താഴ്‌വ​ര​യിൽ കൂട്ടി​വ​രു​ത്തി. ദബോര ബാരാ​ക്കി​നോ​ടു പറഞ്ഞു: ‘യഹോവ അങ്ങയ്‌ക്കു വിജയം നൽകുന്ന ദിവസ​മാണ്‌ ഇത്‌.’ സീസെ​ര​യു​ടെ ശക്തമായ സൈന്യ​ത്തെ നേരി​ടാൻ ബാരാ​ക്കും 10,000 പുരു​ഷ​ന്മാ​രും പർവത​ത്തി​ന്റെ അടിവാ​ര​ത്തി​ലേക്കു പാഞ്ഞു​ചെന്നു.

കീശോൻ തോടു നിറഞ്ഞ്‌ കവിയാൻ യഹോവ ഇടയാക്കി. സീസെ​ര​യു​ടെ യുദ്ധര​ഥങ്ങൾ ചെളി​യിൽ പൂണ്ടു​പോ​യി. അയാൾ രഥം ഉപേക്ഷിച്ച്‌ ഇറങ്ങി ഓടി. ബാരാ​ക്കും പടയാ​ളി​ക​ളും സീസെ​ര​യു​ടെ സൈന്യ​ത്തെ തോൽപ്പി​ച്ചു. പക്ഷേ സീസെര രക്ഷപ്പെട്ടു. അയാൾ ഓടി​ച്ചെന്ന്‌ യായേൽ എന്നു പേരുള്ള ഒരു സ്‌ത്രീ​യു​ടെ കൂടാ​ര​ത്തിൽ ഒളിച്ചു. യായേൽ സീസെ​രയ്‌ക്കു കുടി​ക്കാൻ പാൽ കൊടു​ത്തു, എന്നിട്ട്‌ ഒരു പുതപ്പു​കൊണ്ട്‌ അയാളെ മൂടി. ക്ഷീണിച്ച്‌ അവശനായ ആ പോരാ​ളി ഉറങ്ങി​പ്പോ​യി. അപ്പോൾ യായേൽ പതുങ്ങി​ച്ചെന്ന്‌ ഒരു കൂടാ​ര​ക്കു​റ്റി സീസെ​ര​യു​ടെ തലയിൽ അടിച്ചു​ക​യറ്റി. അയാൾ മരിച്ചു.

സീസെ​ര​യെ അന്വേ​ഷിച്ച്‌ ബാരാക്ക്‌ അവിടെ എത്തി. യായേൽ കൂടാ​ര​ത്തി​നു പുറത്ത്‌ ചെന്ന്‌ ഇങ്ങനെ പറഞ്ഞു: ‘അകത്ത്‌ വരൂ, അങ്ങ്‌ അന്വേ​ഷി​ക്കു​ന്ന​യാ​ളെ ഞാൻ കാണി​ച്ചു​ത​രാം.’ ബാരാക്ക്‌ അകത്ത്‌ ചെന്ന​പ്പോൾ സീസെര മരിച്ച്‌ കിടക്കു​ന്നതു കണ്ടു. ഇസ്രാ​യേ​ല്യർക്ക്‌ ശത്രു​ക്ക​ളു​ടെ മേൽ വിജയം നൽകി​യ​തി​നു ബാരാ​ക്കും ദബോ​ര​യും യഹോ​വയെ പാടി സ്‌തു​തി​ച്ചു. അടുത്ത 40 വർഷ​ത്തേക്ക്‌ ഇസ്രാ​യേ​ല്യർക്കു സമാധാ​നം ഉണ്ടായി.

“സന്തോ​ഷ​വാർത്ത ഘോഷി​ക്കുന്ന സ്‌ത്രീ​കൾ ഒരു വൻസൈ​ന്യം.”​—സങ്കീർത്തനം 68:11