വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 36

യിഫ്‌താഹ്‌ കൊടുത്ത വാക്ക്‌

യിഫ്‌താഹ്‌ കൊടുത്ത വാക്ക്‌

ഇസ്രാ​യേ​ല്യർ വീണ്ടും യഹോ​വയെ ഉപേക്ഷിച്ച്‌ വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ക്കാൻതു​ടങ്ങി. അമ്മോ​ന്യർ ഇസ്രാ​യേ​ല്യ​രെ ആക്രമിച്ച്‌ അവർക്കെ​തി​രെ പോരാ​ടി​യ​പ്പോൾ രക്ഷിക്കാൻ ആ വ്യാജ​ദൈ​വങ്ങൾ ഉണ്ടായി​രു​ന്നില്ല. വർഷങ്ങ​ളോ​ളം ഇസ്രാ​യേ​ല്യർ ദുരിതം അനുഭ​വി​ച്ചു. ഒടുവിൽ അവർ യഹോ​വ​യോ​ടു പറഞ്ഞു: ‘ഞങ്ങൾ പാപം ചെയ്‌തു​പോ​യി. ശത്രു​ക്ക​ളു​ടെ കൈയിൽനിന്ന്‌ ദയവു​ചെയ്‌ത്‌ ഞങ്ങളെ രക്ഷി​ക്കേ​ണമേ.’ ഇസ്രാ​യേ​ല്യർ വിഗ്ര​ഹ​ങ്ങ​ളൊ​ക്കെ നശിപ്പിച്ച്‌ വീണ്ടും യഹോ​വയെ ആരാധി​ക്കാൻതു​ടങ്ങി. ഇനിയും അവർ ദുരിതം അനുഭ​വി​ക്കു​ന്നതു കാണാൻ യഹോവ ആഗ്രഹി​ച്ചില്ല.

അമ്മോ​ന്യർക്കെ​തി​രെ​യുള്ള പോരാ​ട്ട​ത്തിൽ ജനത്തെ നയിക്കാൻ യിഫ്‌താഹ്‌ എന്നു പേരുള്ള ഒരു യോദ്ധാവ്‌ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ടു. യിഫ്‌താഹ്‌ യഹോ​വ​യോ​ടു പറഞ്ഞു: ‘ഈ പോരാ​ട്ട​ത്തിൽ ജയിക്കാൻ ഞങ്ങളെ സഹായി​ച്ചാൽ, തിരി​ച്ചു​ചെ​ല്ലു​മ്പോൾ എന്നെ സ്വീക​രി​ക്കാൻ ആദ്യം വീട്ടിൽനിന്ന്‌ വരുന്ന​യാ​ളെ അങ്ങയ്‌ക്കു നൽകും എന്നു ഞാൻ വാക്കു തരുന്നു.’ യഹോവ യിഫ്‌താ​ഹി​ന്റെ പ്രാർഥന കേട്ടു. യുദ്ധത്തിൽ ജയിക്കാൻ സഹായി​ച്ചു.

യിഫ്‌താഹ്‌ വീട്ടി​ലേക്കു മടങ്ങി​ച്ചെ​ന്ന​പ്പോൾ, സ്വീക​രി​ക്കാൻ ആദ്യം ഇറങ്ങി വന്നത്‌ സ്വന്തം മകളാ​യി​രു​ന്നു, യിഫ്‌താ​ഹി​നുള്ള ഒരേ ഒരു മകൾ! അവൾ തപ്പു കൊട്ടി നൃത്തം ചെയ്യു​ക​യാ​യി​രു​ന്നു. യിഫ്‌താഹ്‌ ഇപ്പോൾ എന്തു ചെയ്യും? താൻ കൊടുത്ത വാക്ക്‌ ഓർത്ത്‌ യിഫ്‌താഹ്‌ പറഞ്ഞു: ‘അയ്യോ, എന്റെ മകളേ! നീ എന്റെ ഹൃദയം തകർത്തു​ക​ള​ഞ്ഞ​ല്ലോ! ഞാൻ യഹോ​വയ്‌ക്കു വാക്കു കൊടു​ത്തു​പോ​യി. അതനു​സ​രിച്ച്‌ നിന്നെ ശീലോ​യി​ലെ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ സേവി​ക്കാ​നാ​യി അയയ്‌ക്കണം.’ പക്ഷേ മകൾ പറഞ്ഞു: ‘അപ്പാ, അപ്പൻ യഹോ​വയ്‌ക്ക്‌ വാക്കു കൊടു​ത്തെ​ങ്കിൽ അതു​പോ​ലെ ചെയ്യണം. എനിക്ക്‌ ഈ ഒരു കാര്യം ചെയ്‌തു​ത​ന്നാൽ മതി: രണ്ടു മാസം കൂട്ടു​കാ​രി​ക​ളോ​ടൊ​പ്പം മലകളിൽ ചെലവ​ഴി​ക്കാൻ എന്നെ അനുവ​ദി​ക്കണം. അതു കഴിഞ്ഞ്‌ ഞാൻ പൊയ്‌ക്കൊ​ള്ളാം.’ അതിനു ശേഷം യിഫ്‌താ​ഹി​ന്റെ മകൾ ജീവി​ത​കാ​ലം മുഴുവൻ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ വിശ്വസ്‌ത​മാ​യി സേവിച്ചു. അവളെ കാണാൻ എല്ലാ വർഷവും കൂട്ടു​കാ​രി​കൾ ശീലോ​യിൽ പോകാ​റു​ണ്ടാ​യി​രു​ന്നു.

“എന്നെക്കാൾ അധികം അപ്പനെ​യോ അമ്മയെ​യോ സ്‌നേ​ഹി​ക്കു​ന്നവൻ എന്റെ ശിഷ്യ​നാ​യി​രി​ക്കാൻ യോഗ്യ​നല്ല.”​—മത്തായി 10:37