വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 38

യഹോവ ശിം​ശോ​നെ ശക്തനാക്കി

യഹോവ ശിം​ശോ​നെ ശക്തനാക്കി

പല ഇസ്രാ​യേ​ല്യ​രും വീണ്ടും വിഗ്ര​ഹ​ങ്ങളെ ആരാധി​ക്കാൻതു​ടങ്ങി. അതു​കൊണ്ട്‌ അവരുടെ ദേശം നിയ​ന്ത്രി​ക്കാൻ യഹോവ ഫെലിസ്‌ത്യ​രെ അനുവ​ദി​ച്ചു. എന്നാൽ യഹോ​വയെ സ്‌നേ​ഹി​ച്ചി​രുന്ന ചില ഇസ്രാ​യേ​ല്യർ അപ്പോ​ഴു​മു​ണ്ടാ​യി​രു​ന്നു. അങ്ങനെ​യുള്ള ഒരാളാ​യി​രു​ന്നു മനോഹ. മനോ​ഹയ്‌ക്കും ഭാര്യ​ക്കും കുട്ടി​ക​ളി​ല്ലാ​യി​രു​ന്നു. ഒരു ദിവസം മനോ​ഹ​യു​ടെ ഭാര്യ​യു​ടെ അടു​ത്തേക്ക്‌ യഹോവ ഒരു ദൂതനെ അയച്ചു. ദൂതൻ പറഞ്ഞു: ‘നിനക്ക്‌ ഒരു മകൻ ജനിക്കും. അവൻ ഇസ്രാ​യേ​ല്യ​രെ ഫെലിസ്‌ത്യ​രു​ടെ കൈയിൽനിന്ന്‌ രക്ഷിക്കും. അവൻ ഒരു നാസീ​രാ​യി​രി​ക്കും.’ എങ്ങനെ​യു​ള്ള​വ​രെ​യാ​ണു നാസീർ എന്നു വിളി​ച്ചി​രു​ന്ന​തെന്ന്‌ അറിയാ​മോ? യഹോ​വ​യു​ടെ പ്രത്യേ​ക​ദാ​സ​ന്മാ​രാ​യി​രു​ന്നു അവർ. അവരുടെ മുടി വെട്ടാൻ പാടി​ല്ലാ​യി​രു​ന്നു.

പിന്നീട്‌ മനോ​ഹയ്‌ക്ക്‌ ഒരു മകൻ ജനിച്ചു. അവർ അവനു ശിം​ശോൻ എന്നു പേരിട്ടു. വളർന്ന​പ്പോൾ ശിം​ശോ​നെ യഹോവ വളരെ ശക്തനാക്കി. ഒരു ആയുധ​വും ഇല്ലാതെ കൈകൾകൊണ്ട്‌ ഒരു സിംഹത്തെ കൊല്ലാൻ ശിം​ശോ​നു കഴിഞ്ഞു. ഒരിക്കൽ ശിം​ശോൻ ഒറ്റയ്‌ക്ക്‌ 30 ഫെലിസ്‌ത്യ​രെ കൊന്നു. ഫെലിസ്‌ത്യർക്കു ശിം​ശോ​നോട്‌ അങ്ങേയറ്റം വെറു​പ്പാ​യി​രു​ന്നു. അവർ ശിം​ശോ​നെ കൊല്ലാ​നുള്ള മാർഗങ്ങൾ തേടി. ഒരു രാത്രി ശിം​ശോൻ ഗസ്സ നഗരത്തിൽ ഉറങ്ങു​മ്പോൾ അവർ നഗരക​വാ​ട​ത്തി​ലേക്കു ചെന്ന്‌ അവിടെ കാത്തി​രു​ന്നു. നേരം വെളു​ക്കു​മ്പോൾ ശിം​ശോ​നെ കൊല്ലാ​നാ​യി​രു​ന്നു പദ്ധതി. പക്ഷേ ശിം​ശോൻ അർധരാ​ത്രി എഴു​ന്നേറ്റ്‌ നഗരക​വാ​ട​ത്തി​ലേക്കു ചെന്ന്‌ അതിന്റെ വാതി​ലു​കൾ മതിലിൽനിന്ന്‌ പറി​ച്ചെ​ടു​ത്തു. എന്നിട്ട്‌ അതും തോളിൽ വെച്ചു​കൊണ്ട്‌ ഹെ​ബ്രോന്‌ അടുത്തുള്ള ഒരു മലയുടെ മുകൾവരെ പോയി!

പിന്നീട്‌ ഫെലിസ്‌ത്യർ ശിം​ശോൻ സ്‌നേ​ഹി​ച്ചി​രുന്ന ദലീല എന്ന യുവതി​യു​ടെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പറഞ്ഞു: ‘ശിം​ശോ​ന്റെ ശക്തിയു​ടെ രഹസ്യം കണ്ടുപി​ടി​ച്ചാൽ ഞങ്ങൾ ആയിര​ക്ക​ണ​ക്കി​നു വെള്ളി​ക്കാശ്‌ തരാം. ഞങ്ങൾക്ക്‌ അവനെ പിടിച്ച്‌ തടവറ​യി​ലാ​ക്കണം.’ പണം മോഹിച്ച ദലീല അതിനു സമ്മതിച്ചു. ആദ്യ​മൊ​ക്കെ തന്റെ ശക്തിയു​ടെ രഹസ്യം വെളി​പ്പെ​ടു​ത്താൻ ശിം​ശോൻ തയ്യാറാ​യില്ല. ദലീല പക്ഷേ സ്വൈരം കൊടു​ത്തില്ല. അവസാനം ശിം​ശോൻ ആ രഹസ്യം വെളി​പ്പെ​ടു​ത്തി: ‘ഞാൻ ഒരു നാസീ​രാ​യ​തു​കൊണ്ട്‌ ഒരിക്കൽപ്പോ​ലും എന്റെ മുടി വെട്ടി​യി​ട്ടില്ല. മുടി മുറി​ച്ചാൽ എന്റെ ശക്തി​യെ​ല്ലാം നഷ്ടപ്പെ​ടും.’ പക്ഷേ ദലീല​യോട്‌ ആ രഹസ്യം വെളി​പ്പെ​ടു​ത്തി​യതു വലിയ മണ്ടത്തര​മാ​യി​പ്പോ​യി!

ഉടനെ ദലീല ഫെലിസ്‌ത്യ​രോ​ടു പറഞ്ഞു: ‘അയാളു​ടെ രഹസ്യം പിടി​കി​ട്ടി!’ ശിം​ശോ​നെ ദലീല മടിയിൽ കിടത്തി ഉറക്കി​യിട്ട്‌ ഒരാ​ളെ​ക്കൊണ്ട്‌ മുടി വെട്ടിച്ചു. എന്നിട്ട്‌ ദലീല വിളി​ച്ചു​പ​റഞ്ഞു: ‘ശിം​ശോ​നേ, ഫെലിസ്‌ത്യർ വന്നിരി​ക്കു​ന്നു!’ ശിം​ശോൻ ഉറക്കത്തിൽനിന്ന്‌ എഴു​ന്നേറ്റു. ശിം​ശോ​ന്റെ ശക്തി​യെ​ല്ലാം നഷ്ടപ്പെ​ട്ടി​രു​ന്നു. ഫെലിസ്‌ത്യർ ശിം​ശോ​നെ പിടിച്ച്‌ അന്ധനാക്കി തടവറ​യി​ലി​ട്ടു.

ഒരു ദിവസം ആയിര​ക്ക​ണ​ക്കി​നു ഫെലിസ്‌ത്യർ അവരുടെ ദൈവ​മായ ദാഗോ​ന്റെ ക്ഷേത്ര​ത്തിൽ ഒരുമി​ച്ചു​കൂ​ടി. അവർ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: ‘നമ്മുടെ ദൈവം ശിം​ശോ​നെ നമുക്കു തന്നിരി​ക്കു​ന്നു. അയാളെ പുറത്ത്‌ കൊണ്ടു​വരൂ! അയാളു​ടെ പ്രകട​നങ്ങൾ കണ്ട്‌ നമുക്കു രസിക്കാം.’ ശിം​ശോ​നെ അവർ രണ്ടു തൂണു​കൾക്കി​ട​യിൽ നിറുത്തി. അവർ ശിം​ശോ​നെ കളിയാ​ക്കി. ശിം​ശോൻ യഹോ​വ​യോ​ടു നിലവി​ളി​ച്ചു​പ​റഞ്ഞു: ‘യഹോവേ, ദയവായി ഒരു പ്രാവ​ശ്യം​കൂ​ടി എനിക്കു ശക്തി തരേണമേ.’ ആ സമയമാ​യ​പ്പോ​ഴേ​ക്കും ശിം​ശോ​ന്റെ മുടി വീണ്ടും വളർന്നി​രു​ന്നു. ശിം​ശോൻ സർവശ​ക്തി​യു​മെ​ടുത്ത്‌ ക്ഷേത്ര​ത്തി​ന്റെ തൂണു​ക​ളിൽ തള്ളി. ആ കെട്ടിടം തകർന്നു​വീ​ണു! അവിടെ ഉണ്ടായി​രു​ന്ന​വ​രെ​ല്ലാം മരിച്ചു. ശിം​ശോ​നും മരിച്ചു.

“എല്ലാം ചെയ്യാ​നുള്ള ശക്തി, എന്നെ ശക്തനാ​ക്കുന്ന ദൈവ​ത്തിൽനിന്ന്‌ എനിക്കു കിട്ടുന്നു.”​—ഫിലി​പ്പി​യർ 4:13