വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 39

ഇസ്രാ​യേ​ലി​ലെ ആദ്യത്തെ രാജാവ്‌

ഇസ്രാ​യേ​ലി​ലെ ആദ്യത്തെ രാജാവ്‌

ഇസ്രാ​യേ​ല്യ​രെ നയിക്കാൻ യഹോവ അവർക്കു ന്യായാ​ധി​പ​ന്മാ​രെ കൊടു​ത്തി​രു​ന്നു. പക്ഷേ അവർ ഒരു രാജാ​വി​നെ ചോദി​ച്ചു. അവർ ശമു​വേ​ലി​നോ​ടു പറഞ്ഞു: ‘ചുറ്റു​മുള്ള ജനതകൾക്കെ​ല്ലാം രാജാ​ക്ക​ന്മാ​രുണ്ട്‌. ഞങ്ങൾക്കും വേണം ഒരു രാജാ​വി​നെ.’ ഇതു തെറ്റാ​ണെന്നു ശമു​വേ​ലി​നു തോന്നി. അതു​കൊണ്ട്‌ ഇതെക്കു​റിച്ച്‌ ശമുവേൽ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. അപ്പോൾ യഹോവ ശമു​വേ​ലി​നോ​ടു പറഞ്ഞു: ‘ആളുകൾ തള്ളിക്ക​ള​യു​ന്നത്‌ നിന്നെയല്ല, എന്നെയാണ്‌. ഒരു രാജാ​വു​ണ്ടാ​യി​രി​ക്കു​ന്ന​തിൽ കുഴപ്പ​മി​ല്ലെ​ങ്കി​ലും രാജാവ്‌ അവരിൽനിന്ന്‌ പലതും ആവശ്യ​പ്പെ​ടും എന്ന കാര്യം​കൂ​ടി ജനത്തോ​ടു പറയണം.’ എന്നിട്ടും ജനം പറഞ്ഞു: ‘അതൊ​ന്നും ഒരു പ്രശ്‌നമല്ല. ഞങ്ങൾക്ക്‌ ഒരു രാജാ​വി​നെ വേണം.’

ശൗൽ എന്നു പേരുള്ള ഒരാളാ​യി​രി​ക്കും അവരുടെ ആദ്യത്തെ രാജാ​വെന്ന്‌ യഹോവ ശമു​വേ​ലി​നോ​ടു പറഞ്ഞു. ശമു​വേ​ലി​നെ കാണാൻ ശൗൽ രാമയിൽ ചെന്ന​പ്പോൾ ശമുവേൽ ശൗലിന്റെ തലയിൽ തൈലം ഒഴിച്ച്‌ രാജാ​വാ​യി അഭി​ഷേകം ചെയ്‌തു.

പുതിയ രാജാ​വി​നെ കാണി​ക്കാൻ ശമുവേൽ ഇസ്രാ​യേ​ല്യ​രെ​യെ​ല്ലാം വിളി​ച്ചു​കൂ​ട്ടി. പക്ഷേ ശൗലിനെ എങ്ങും കാണാ​നി​ല്ലാ​യി​രു​ന്നു. എന്തു​കൊ​ണ്ടാ​ണെന്ന്‌ അറിയാ​മോ? ശൗൽ സാധന​ങ്ങൾക്കി​ട​യിൽ ഒളിച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അവസാനം അവർ ശൗലിനെ കണ്ടുപി​ടി​ച്ചു. എന്നിട്ട്‌ ശൗലിനെ കൊണ്ടു​വന്ന്‌ ജനത്തിന്റെ നടുവിൽ നിറുത്തി. മറ്റെല്ലാ​വ​രെ​ക്കാ​ളും പൊക്ക​മു​ണ്ടാ​യി​രുന്ന ശൗൽ അതിസു​ന്ദ​ര​നാ​യി​രു​ന്നു. ശമുവേൽ പറഞ്ഞു: ‘യഹോവ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന ആൾ ഇതാ!’ അപ്പോൾ ജനം ‘രാജാവ്‌ നീണാൾ വാഴട്ടെ!’ എന്ന്‌ ആർത്തു​വി​ളി​ച്ചു.

ആദ്യ​മൊ​ക്കെ ശൗൽ രാജാവ്‌ ശമുവേൽ പറയു​ന്നതു കേൾക്കു​ക​യും യഹോ​വയെ അനുസ​രി​ക്കു​ക​യും ചെയ്‌തു. പക്ഷേ പിന്നീട്‌ ശൗലിന്റെ സ്വഭാവം ആകെ മാറി. ഉദാഹ​ര​ണ​ത്തിന്‌ ബലി അർപ്പി​ക്കാൻ തനിക്കു​വേണ്ടി കാത്തി​രി​ക്ക​ണ​മെന്ന്‌ ഒരിക്കൽ ശമുവേൽ ശൗലി​നോ​ടു പറഞ്ഞു. ശമുവേൽ പക്ഷേ വരാൻ വൈകി. അതു​കൊണ്ട്‌ ശൗൽതന്നെ ബലി അർപ്പി​ക്കാൻ തീരു​മാ​നി​ച്ചു. വാസ്‌ത​വ​ത്തിൽ രാജാവ്‌ ബലി അർപ്പി​ക്കാൻ പാടി​ല്ലാ​ത്ത​താണ്‌. ശൗൽ ചെയ്‌തത്‌ അറിഞ്ഞ​പ്പോൾ ശമുവേൽ, ‘താങ്കൾ ഈ കാണി​ച്ചത്‌ യഹോ​വ​യോ​ടുള്ള അനുസ​ര​ണ​ക്കേ​ടാണ്‌’ എന്നു പറഞ്ഞു. തന്റെ തെറ്റിൽനിന്ന്‌ ശൗൽ ഒരു പാഠം പഠിച്ചോ?

പിന്നീട്‌ ശൗൽ അമാ​ലേ​ക്യ​രോ​ടു യുദ്ധം ചെയ്യാൻപോ​യ​പ്പോൾ ആരെയും ജീവ​നോ​ടെ വെക്കരു​തെന്നു ശമുവേൽ പറഞ്ഞു. പക്ഷേ ആഗാഗ്‌ രാജാ​വി​നെ കൊ​ല്ലേ​ണ്ടെന്നു ശൗൽ തീരു​മാ​നി​ച്ചു. യഹോവ ശമു​വേ​ലി​നോ​ടു പറഞ്ഞു: ‘ശൗൽ എന്നെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു, എന്റെ വാക്ക്‌ അനുസരിക്കുന്നില്ല.’ ശമു​വേ​ലി​നു വളരെ സങ്കടമാ​യി. ശമുവേൽ ശൗലി​നോട്‌, ‘താങ്കൾ ഇപ്പോൾ യഹോ​വയെ അനുസ​രി​ക്കാ​ത്ത​തു​കൊണ്ട്‌ യഹോവ മറ്റൊരു രാജാ​വി​നെ തിര​ഞ്ഞെ​ടു​ക്കും’ എന്നു പറഞ്ഞു. ശമുവേൽ പോകാൻ തിരി​ഞ്ഞ​പ്പോൾ ശൗൽ ശമു​വേ​ലി​ന്റെ മേലങ്കി​യു​ടെ അറ്റത്ത്‌ കയറി​പ്പി​ടി​ച്ചു, അതു കീറി​പ്പോ​യി. ശമുവേൽ ശൗലി​നോ​ടു പറഞ്ഞു: ‘യഹോവ രാജഭ​രണം നിന്നിൽനിന്ന്‌ കീറി​മാ​റ്റി​യി​രി​ക്കു​ന്നു.’ തന്നെ സ്‌നേ​ഹി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യുന്ന ഒരാൾക്ക്‌ യഹോവ ഭരണം കൊടു​ക്കാൻപോ​കു​ക​യാ​യി​രു​ന്നു.

“അനുസ​രി​ക്കു​ന്നതു ബലി​യെ​ക്കാ​ളും . . . ഏറെ നല്ലത്‌.”​—1 ശമുവേൽ 15:22