വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 41

ദാവീ​ദും ശൗലും

ദാവീ​ദും ശൗലും

ദാവീദ്‌ ഗൊല്യാ​ത്തി​നെ കൊന്ന​ശേഷം ശൗൽ രാജാവ്‌ തന്റെ സൈന്യ​ത്തി​ന്റെ ചുമതല ദാവീ​ദി​നെ ഏൽപ്പിച്ചു. ദാവീദ്‌ പല യുദ്ധങ്ങ​ളും ജയിച്ച്‌ വളരെ പ്രശസ്‌തി നേടി. ദാവീദ്‌ യുദ്ധം കഴിഞ്ഞ്‌ വീട്ടി​ലേക്കു തിരി​ച്ചു​വ​രു​മ്പോ​ഴെ​ല്ലാം, ‘ശൗൽ ആയിര​ങ്ങളെ കൊന്നു, ദാവീ​ദോ പതിനാ​യി​ര​ങ്ങ​ളെ​യും’ എന്നു പാടി​ക്കൊണ്ട്‌ സ്‌ത്രീ​കൾ നൃത്തം ചെയ്‌ത്‌ ഇറങ്ങി​വ​രു​മാ​യി​രു​ന്നു. ഇതു കേട്ട്‌ അസൂയ തോന്നിയ ശൗലിനു ദാവീ​ദി​നെ കൊല്ല​ണ​മെന്ന ചിന്തയാ​യി.

ദാവീ​ദി​നു നന്നായി കിന്നരം വായി​ക്കാൻ അറിയാ​മാ​യി​രു​ന്നു. ഒരു ദിവസം ദാവീദ്‌ ശൗലി​നു​വേണ്ടി കിന്നരം വായി​ക്കു​ന്ന​തി​നി​ടെ ശൗൽ ദാവീ​ദി​ന്റെ നേരെ കുന്തം എറിഞ്ഞു. ദാവീദ്‌ കഷ്ടിച്ച്‌ രക്ഷപ്പെട്ടു. കുന്തം നേരെ ഭിത്തി​യിൽ ചെന്ന്‌ തറച്ചു. ശൗൽ പിന്നീ​ടും പല തവണ ദാവീ​ദി​നെ കൊല്ലാൻ ശ്രമിച്ചു. അവസാനം ദാവീദ്‌ അവി​ടെ​നിന്ന്‌ ഓടി​പ്പോ​യി മരുഭൂ​മി​യിൽ ഒളിച്ചു​താ​മ​സി​ച്ചു.

ശൗൽ 3,000 പേരെ​യും കൂട്ടി ദാവീ​ദി​നെ പിടി​ക്കാൻ പുറ​പ്പെട്ടു. ദാവീ​ദും കൂട്ടരും ഒളിച്ചി​രുന്ന അതേ ഗുഹയിൽത്തന്നെ, അറിയാ​തെ ഇവരും ചെന്ന്‌ കയറി. കൂടെ​യു​ള്ളവർ ദാവീ​ദി​നോ​ടു മന്ത്രിച്ചു: ‘ഇതാണ്‌ അങ്ങയ്‌ക്കു ശൗലിനെ കൊല്ലാ​നുള്ള അവസരം.’ ദാവീദ്‌ പതുങ്ങി​ച്ചെന്ന്‌ ശൗലിന്റെ മേലങ്കി​യു​ടെ ഒരു അറ്റം മുറി​ച്ചെ​ടു​ത്തു. പക്ഷേ ശൗൽ ഇതൊ​ന്നും അറിഞ്ഞില്ല. യഹോ​വ​യു​ടെ അഭിഷി​ക്ത​നായ രാജാ​വി​നോട്‌ അനാദ​രവ്‌ കാണി​ച്ച​ല്ലോ എന്ന്‌ ഓർത്ത്‌ ദാവീ​ദി​നു പിന്നീട്‌ വളരെ വിഷമം തോന്നി. തന്റെ കൂടെ​യു​ള്ളവർ ശൗലിനെ ഉപദ്ര​വി​ക്കാൻ ദാവീദ്‌ സമ്മതി​ച്ചില്ല. തനിക്കു വേണ​മെ​ങ്കിൽ ശൗലിനെ കൊല്ലാൻപോ​ലു​മുള്ള അവസര​മു​ണ്ടാ​യി​രു​ന്നെന്നു പിന്നീട്‌ ദാവീദ്‌ ശൗലി​നോ​ടു വിളി​ച്ചു​പ​റഞ്ഞു. ദാവീ​ദി​നോ​ടുള്ള മനോ​ഭാ​വം ശൗൽ മാറ്റു​മോ?

ഇല്ല. ദാവീ​ദി​നെ പിടി​കൂ​ടാ​നുള്ള ശ്രമം ശൗൽ തുടർന്നു. ഒരു രാത്രി ദാവീ​ദും പെങ്ങളു​ടെ മകനായ അബീശാ​യി​യും ശൗലിന്റെ പാളയ​ത്തി​ലേക്കു പതുങ്ങി​ച്ചെന്നു. ശൗലിന്റെ അംഗര​ക്ഷ​ക​നായ അബ്‌നേ​രും നല്ല ഉറക്കമാ​യി​രു​ന്നു. അബീശാ​യി പറഞ്ഞു: ‘ഇതാണു പറ്റിയ അവസരം. ഞാൻ അയാളെ കൊല്ലാം.’ ദാവീദ്‌ പറഞ്ഞു: ‘വേണ്ടാ, ശൗലിന്റെ കാര്യം യഹോവ നോക്കി​ക്കൊ​ള്ളും. നമുക്ക്‌ ശൗലിന്റെ കുന്തവും ജലപാ​ത്ര​വും എടുത്തു​കൊണ്ട്‌ പോകാം.’

ദാവീദ്‌ അടുത്തുള്ള ഒരു പർവത​ത്തിൽ കയറി. അവി​ടെ​നിന്ന്‌ നോക്കി​യാൽ ശൗലിന്റെ പാളയം കാണാം. ദാവീദ്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: ‘അബ്‌നേരേ, നിന്റെ രാജാ​വി​നെ നീ രക്ഷിക്കാ​തി​രു​ന്നത്‌ എന്താണ്‌? ശൗലിന്റെ കുന്തവും ജലപാ​ത്ര​വും എവിടെ?’ ശൗൽ ദാവീ​ദി​ന്റെ ശബ്ദം തിരി​ച്ച​റിഞ്ഞ്‌ ഇങ്ങനെ പറഞ്ഞു: ‘നിനക്കു വേണ​മെ​ങ്കിൽ എന്നെ കൊല്ലാ​മാ​യി​രു​ന്നു. എന്നിട്ടും നീ അതു ചെയ്‌തില്ല. ഇസ്രാ​യേ​ലി​ന്റെ അടുത്ത രാജാവ്‌ നീയാ​യി​രി​ക്കും എന്ന്‌ എനിക്ക്‌ അറിയാം.’ ശൗൽ തന്റെ കൊട്ടാ​ര​ത്തി​ലേക്കു തിരിച്ച്‌ പോയി. ശൗലിന്റെ കുടും​ബ​ത്തി​ലെ എല്ലാവർക്കു​മൊ​ന്നും ദാവീ​ദി​നോ​ടു വെറു​പ്പി​ല്ലാ​യി​രു​ന്നു.

“എല്ലാവ​രു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ നിങ്ങളു​ടെ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കുക. പ്രിയ​പ്പെ​ട്ട​വരേ, നിങ്ങൾതന്നെ പ്രതി​കാ​രം ചെയ്യാതെ ദൈവ​ക്രോ​ധ​ത്തിന്‌ ഇടം കൊടു​ക്കുക.”​—റോമർ 12:18, 19