വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 42

ധീരനും വിശ്വസ്‌ത​നും ആയ യോനാ​ഥാൻ

ധീരനും വിശ്വസ്‌ത​നും ആയ യോനാ​ഥാൻ

ശൗൽ രാജാ​വി​ന്റെ മൂത്ത മകനായ യോനാ​ഥാൻ ധൈര്യ​ശാ​ലി​യായ യോദ്ധാ​വാ​യി​രു​ന്നു. യോനാ​ഥാൻ കഴുക​നെ​ക്കാൾ വേഗമു​ള്ള​വ​നും സിംഹ​ത്തെ​ക്കാൾ ബലശാ​ലി​യും ആണെന്നു ദാവീദ്‌ പറഞ്ഞു. ഒരു ദിവസം യോനാ​ഥാൻ 20 ഫെലിസ്‌ത്യ​പ​ട​യാ​ളി​കളെ ഒരു കുന്നിൻമു​ക​ളിൽ കണ്ടു. യോനാ​ഥാൻ തന്റെ ആയുധ​വാ​ഹ​ക​നോ​ടു പറഞ്ഞു: ‘യഹോവ ഒരു അടയാളം തന്നാൽ മാത്രമേ നമ്മൾ അവരെ ആക്രമി​ക്കൂ. കയറി​വ​രാൻ ഫെലി​സ്‌ത്യർ പറഞ്ഞാൽ അവരെ ആക്രമി​ക്കാ​നുള്ള അടയാ​ള​മാ​യി നമ്മൾ അതിനെ കാണും.’ ഫെലി​സ്‌ത്യർ വിളി​ച്ചു​പ​റഞ്ഞു: ‘ഇങ്ങോട്ടു കയറി​വന്ന്‌ പോരാ​ടൂ.’ അങ്ങനെ രണ്ടു​പേ​രും​കൂ​ടെ കുന്ന്‌ കയറി​ച്ചെന്ന്‌ ആ പടയാ​ളി​കളെ കീഴ്‌പെ​ടു​ത്തി.

ശൗലിന്റെ മൂത്ത മകനെന്ന നിലയിൽ യോനാ​ഥാ​നാ​യി​രു​ന്നു ഇസ്രാ​യേ​ലിൽ അടുത്ത രാജാ​വാ​കേ​ണ്ടത്‌. പക്ഷേ അതിനാ​യി യഹോവ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നതു ദാവീ​ദി​നെ​യാ​ണെന്ന്‌ യോനാ​ഥാന്‌ അറിയാ​മാ​യി​രു​ന്നു. എങ്കിലും യോനാ​ഥാന്‌ ദാവീ​ദി​നോട്‌ അസൂയ​യൊ​ന്നും ഉണ്ടായി​രു​ന്നില്ല. യോനാ​ഥാ​നും ദാവീ​ദും ഉറ്റ ചങ്ങാതി​മാ​രാ​യി. പരസ്‌പരം സംരക്ഷി​ക്കു​ക​യും പിന്തു​ണയ്‌ക്കു​ക​യും ചെയ്യു​മെന്ന്‌ അവർ വാക്കു കൊടു​ത്തു. അവരുടെ സുഹൃദ്‌ബ​ന്ധ​ത്തി​ന്റെ അടയാ​ള​മാ​യി യോനാ​ഥാൻ തന്റെ മേലങ്കി​യും വാളും വില്ലും അരപ്പട്ട​യും ദാവീ​ദി​നു നൽകി.

ദാവീദ്‌ ശൗലിന്റെ അടുത്തു​നിന്ന്‌ ഓടി​പ്പോ​യ​പ്പോൾ യോനാ​ഥാൻ ദാവീ​ദി​ന്റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: ‘മനക്കരു​ത്തും ധൈര്യ​വും ഉള്ളവനാ​യി​രി​ക്കുക. അടുത്ത രാജാ​വാ​യി യഹോവ തിരഞ്ഞ​ടു​ത്തി​രി​ക്കു​ന്നതു നിന്നെ​യാണ്‌. എന്റെ അപ്പനും അത്‌ അറിയാം.’ യോനാ​ഥാ​നെ​പ്പോ​ലെ ഒരു നല്ല കൂട്ടു​കാ​രൻ ഉണ്ടായി​രി​ക്കാൻ നിങ്ങൾക്കും ആഗ്രഹ​മി​ല്ലേ?

കൂട്ടു​കാ​ര​നെ സഹായി​ക്കാൻ യോനാ​ഥാൻ പല തവണ സ്വന്തം ജീവൻപോ​ലും കളയാൻ തയ്യാറാ​യി. ശൗൽ രാജാവ്‌ ദാവീ​ദി​നെ കൊല്ലാൻ നോക്കുന്ന കാര്യം യോനാ​ഥാന്‌ അറിയാം. അതു​കൊണ്ട്‌ യോനാ​ഥാൻ അപ്പനോ​ടു പറഞ്ഞു: ‘ദാവീ​ദി​നെ കൊല്ല​രുത്‌; അതു പാപമാണ്‌. അവൻ ഒരു തെറ്റും ചെയ്‌തി​ട്ടില്ല.’ ശൗലിനു യോനാ​ഥാ​നോ​ടു കടുത്ത ദേഷ്യ​മാ​യി. കുറച്ച്‌ വർഷം കഴിഞ്ഞ്‌ ഒരു യുദ്ധത്തിൽ ശൗലും യോനാ​ഥാ​നും മരിച്ചു.

അതിനു ശേഷം ദാവീദ്‌ യോനാ​ഥാ​ന്റെ മകനായ മെഫി​ബോ​ശെ​ത്തി​നെ അന്വേ​ഷിച്ച്‌ കണ്ടെത്തി. എന്നിട്ട്‌ ദാവീദ്‌ പറഞ്ഞു: ‘താങ്കളു​ടെ അപ്പൻ എന്റെ നല്ല കൂട്ടു​കാ​ര​നാ​യി​രു​ന്നു. അതു​കൊണ്ട്‌ ഇനിയുള്ള കാല​മെ​ല്ലാം ഞാൻ താങ്കളെ നോക്കി​ക്കൊ​ള്ളാം. താങ്കൾക്ക്‌ എന്റെ കൊട്ടാ​ര​ത്തിൽ താമസിച്ച്‌ എന്റെ മേശയിൽനിന്ന്‌ ഭക്ഷണം കഴിക്കാം.’ ദാവീദ്‌ കൂട്ടു​കാ​ര​നായ യോനാ​ഥാ​നെ ഒരിക്ക​ലും മറന്നു​ക​ള​ഞ്ഞില്ല.

“ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ​തന്നെ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം. സ്‌നേ​ഹി​തർക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ക്കു​ന്ന​തി​നെ​ക്കാൾ വലിയ സ്‌നേ​ഹ​മില്ല.”​—യോഹ​ന്നാൻ 15:12, 13