വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 43

ദാവീദ്‌ രാജാവ്‌ ചെയ്‌ത പാപം

ദാവീദ്‌ രാജാവ്‌ ചെയ്‌ത പാപം

ശൗൽ മരിച്ച്‌ കഴിഞ്ഞ്‌ ദാവീദ്‌ രാജാ​വാ​യി. ദാവീ​ദിന്‌ അപ്പോൾ 30 വയസ്സാ​യി​രു​ന്നു. കുറച്ച്‌ വർഷങ്ങൾ കഴിഞ്ഞു. ഒരു രാത്രി ദാവീദ്‌ രാജാവ്‌ കൊട്ടാ​ര​ത്തി​ന്റെ മട്ടുപ്പാ​വിൽനിന്ന്‌ നോക്കി​യ​പ്പോൾ സുന്ദരി​യായ ഒരു സ്‌ത്രീ​യെ കണ്ടു. അതു പടയാ​ളി​യായ ഊരി​യാ​വി​ന്റെ ഭാര്യ ബത്ത്‌-ശേബയാ​ണെന്നു ദാവീദ്‌ മനസ്സി​ലാ​ക്കി. ദാവീദ്‌ ബത്ത്‌-ശേബയെ കൊട്ടാ​ര​ത്തി​ലേക്കു വരുത്തി. അവർ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ടു. ബത്ത്‌-ശേബ ഗർഭി​ണി​യാ​യി. തന്റെ തെറ്റ്‌ മറച്ചു​വെ​ക്കാൻവേണ്ടി ഊരി​യാ​വി​നെ കൊല്ലി​ക്കാൻ ദാവീദ്‌ ശ്രമിച്ചു. അതിനു​വേണ്ടി യുദ്ധം നടക്കു​മ്പോൾ ഊരി​യാ​വി​നെ മുൻനി​ര​യിൽ നിറു​ത്താ​നും എന്നിട്ട്‌ അയാളു​ടെ പിന്നിൽനിന്ന്‌ മാറി​ക്ക​ള​യാ​നും ദാവീദ്‌ സൈന്യാ​ധി​പ​നോ​ടു പറഞ്ഞു. യുദ്ധത്തിൽ ഊരി​യാവ്‌ കൊല്ല​പ്പെട്ടു. ദാവീദ്‌ ബത്ത്‌-ശേബയെ വിവാഹം കഴിക്കു​ക​യും ചെയ്‌തു.

ആ മോശ​മായ കാര്യ​ങ്ങ​ളെ​ല്ലാം യഹോവ കണ്ടു. യഹോവ ഇപ്പോൾ എന്താണു ചെയ്യാൻപോ​കു​ന്നത്‌? നാഥാൻ പ്രവാ​ച​കനെ യഹോവ ദാവീ​ദി​ന്റെ അടു​ത്തേക്ക്‌ അയച്ചു. നാഥാൻ പറഞ്ഞു: ‘ഒരു ധനവാനു ധാരാളം ചെമ്മരി​യാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. പാവപ്പെട്ട ഒരു മനുഷ്യന്‌ ആകെയു​ണ്ടാ​യി​രു​ന്നത്‌ ഒരു ചെമ്മരി​യാ​ട്ടിൻകു​ട്ടി​യാണ്‌. അയാൾക്ക്‌ അതിനെ വലിയ ഇഷ്ടമാ​യി​രു​ന്നു. ധനവാൻ പക്ഷേ പാവ​പ്പെ​ട്ട​വന്റെ ആ ആട്ടിൻകു​ട്ടി​യെ തട്ടി​യെ​ടു​ത്തു.’ അതു കേട്ട്‌ ദേഷ്യം വന്ന ദാവീദ്‌ പറഞ്ഞു: ‘ആ ധനവാൻ മരിക്കണം!’ അപ്പോൾ നാഥാൻ ദാവീ​ദി​നോട്‌, ‘താങ്കളാണ്‌ ആ ധനവാൻ’ എന്നു പറഞ്ഞു. അതു കേട്ട്‌ ഹൃദയം തകർന്ന ദാവീദ്‌ നാഥാ​നോട്‌ ഇങ്ങനെ സമ്മതി​ച്ചു​പ​റഞ്ഞു: ‘ഞാൻ യഹോ​വ​യോ​ടു പാപം ചെയ്‌തു​പോ​യി.’ ഈ പാപം ദാവീ​ദി​നും കുടും​ബ​ത്തി​നും ഒരുപാട്‌ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​ക്കി. യഹോവ ദാവീ​ദി​നെ ശിക്ഷിച്ചു. എങ്കിലും ദാവീദ്‌ സത്യസ​ന്ധ​നും താഴ്‌മ​യു​ള്ള​വ​നും ആയിരു​ന്ന​തു​കൊണ്ട്‌ ജീവി​ക്കാൻ അനുവ​ദി​ച്ചു.

യഹോ​വയ്‌ക്ക്‌ ഒരു ആലയം പണിയ​ണ​മെന്നു ദാവീ​ദിന്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. പക്ഷേ ആലയം പണിയാൻ യഹോവ തിര​ഞ്ഞെ​ടു​ത്തത്‌ ദാവീ​ദി​ന്റെ മകനായ ശലോ​മോ​നെ​യാണ്‌. ദാവീദ്‌ ആലയം പണിയാ​നുള്ള സാധന​ങ്ങ​ളെ​ല്ലാം ശലോ​മോ​നു​വേണ്ടി ശേഖരി​ക്കാൻതു​ടങ്ങി. ദാവീദ്‌ പറഞ്ഞു: ‘യഹോ​വ​യു​ടെ ആലയം അതി​ശ്രേഷ്‌ഠ​മാ​യി​രി​ക്കണം. ശലോ​മോൻ ഇപ്പോ​ഴും ചെറു​പ്പ​മാണ്‌. അതു​കൊണ്ട്‌ പണിക്കുള്ള സാധന​ങ്ങ​ളെ​ല്ലാം അവനു​വേണ്ടി ഞാൻ ഒരുക്കി​വെ​ക്കും.’ പണിക്കു​വേണ്ടി ദാവീദ്‌ സ്വന്തം പണംതന്നെ ധാരാ​ള​മാ​യി സംഭാവന ചെയ്‌തു. നല്ല കഴിവുള്ള ജോലി​ക്കാ​രെ കണ്ടുപി​ടി​ച്ചു. സ്വർണ​വും വെള്ളി​യും ശേഖരി​ച്ചു. സോരിൽനി​ന്നും സീദോ​നിൽനി​ന്നും ദേവദാ​രു​ത്തടി കൊണ്ടു​വന്നു. മരിക്കാ​റാ​യ​പ്പോൾ ദാവീദ്‌ ആലയം എങ്ങനെ പണിയ​ണ​മെ​ന്നു​ള്ള​തി​ന്റെ രൂപരേഖ ശലോ​മോ​നു കൊടു​ത്തു. ദാവീദ്‌ പറഞ്ഞു: ‘നിനക്കു​വേണ്ടി ഇതെല്ലാം എന്നെ​ക്കൊണ്ട്‌ എഴുതി​ച്ചത്‌ യഹോ​വ​യാണ്‌. യഹോവ നിന്നെ സഹായി​ക്കും. പേടി​ക്കേണ്ടാ. ധൈര്യ​ത്തോ​ടെ പണി തുടങ്ങി​ക്കൊ​ള്ളൂ.’

“സ്വന്തം തെറ്റുകൾ മൂടി​വെ​ക്കു​ന്നവൻ വിജയി​ക്കില്ല; അവ ഏറ്റുപ​റഞ്ഞ്‌ ഉപേക്ഷി​ക്കു​ന്ന​വനു കരുണ ലഭിക്കും.”​—സുഭാ​ഷി​തങ്ങൾ 28:13