വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 46

കർമേൽ പർവത​ത്തി​ലെ പരീക്ഷണം

കർമേൽ പർവത​ത്തി​ലെ പരീക്ഷണം

പത്തു-ഗോത്ര ഇസ്രാ​യേ​ലിൽ പല ചീത്ത രാജാ​ക്ക​ന്മാ​രും ഉണ്ടായി​രു​ന്നു. അവിടെ ഉണ്ടായി​രുന്ന ഏറ്റവും മോശം രാജാ​ക്ക​ന്മാ​രിൽ ഒരാളാ​യി​രു​ന്നു ആഹാബ്‌. ബാലിനെ ആരാധി​ച്ചി​രുന്ന ഇസബേൽ എന്ന ദുഷ്ടസ്‌ത്രീ​യെ​യാണ്‌ ആഹാബ്‌ വിവാഹം കഴിച്ചത്‌. ആഹാബും ഇസബേ​ലും ദേശം മുഴുവൻ ബാലാ​രാ​ധ​ന​കൊണ്ട്‌ നിറച്ചു. യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാ​രെ കൊല്ലു​ക​യും ചെയ്‌തു. അപ്പോൾ യഹോവ എന്തു ചെയ്‌തു? ആഹാബിന്‌ ഒരു സന്ദേശ​വു​മാ​യി ഏലിയ പ്രവാ​ച​കനെ അയച്ചു.

ആഹാബി​ന്റെ ദുഷ്ടത കാരണം ഇസ്രാ​യേ​ലിൽ ഇനി മഴ ഉണ്ടാകി​ല്ലെന്ന്‌ രാജാ​വി​നോട്‌ ഏലിയ പറഞ്ഞു. മൂന്നു വർഷത്തിൽ അധികം അവിടെ ധാന്യങ്ങൾ ഒന്നും വിളയാ​തെ ആളുകൾ പട്ടിണി​യി​ലാ​യി. പിന്നീട്‌ യഹോവ ഏലിയയെ വീണ്ടും ആഹാബി​ന്റെ അടു​ത്തേക്ക്‌ അയച്ചു. രാജാവ്‌ പറഞ്ഞു: ‘നീയാണ്‌ എല്ലാത്തി​നും കാരണം. എല്ലാം നിന്റെ കുറ്റം​കൊ​ണ്ടാണ്‌.’ ഏലിയ പറഞ്ഞു: ‘ഞാനല്ല ഈ വരൾച്ച​യ്‌ക്കു കാരണം. അങ്ങ്‌ ബാലിനെ ആരാധി​ച്ച​തി​ന്റെ ഫലമാണ്‌ ഇത്‌. നമുക്ക്‌ ഒരു പരീക്ഷണം നടത്താം. കർമേൽ പർവത​ത്തി​ന്റെ മുകളിൽ മുഴു​ജ​ന​ത്തെ​യും ബാൽപ്ര​വാ​ച​ക​ന്മാ​രെ​യും കൂട്ടി​വ​രു​ത്തുക.’

ജനം പർവത​ത്തിൽ കൂടി​വന്നു. ഏലിയ പറഞ്ഞു: ‘ഒരു തീരു​മാ​ന​ത്തി​ലെ​ത്തുക. യഹോ​വ​യാ​ണു സത്യ​ദൈ​വ​മെ​ങ്കിൽ യഹോ​വയെ സേവി​ക്കുക. അല്ല, ബാലാ​ണെ​ങ്കിൽ ബാലിനെ സേവി​ക്കുക! ഞാൻ വെല്ലു​വി​ളി​ക്കു​ന്നു: 450 ബാൽപ്ര​വാ​ച​ക​ന്മാർ യാഗവ​സ്‌തു ഒരുക്കി​യിട്ട്‌ അവരുടെ ദൈവത്തെ വിളി​ക്കട്ടെ. ഞാനും യാഗവ​സ്‌തു ഒരുക്കി യഹോ​വയെ വിളി​ക്കാം. ഉത്തരമാ​യി തീ അയയ്‌ക്കുന്ന ദൈവ​മാ​യി​രി​ക്കും സത്യ​ദൈവം.’ ജനം സമ്മതിച്ചു.

ബാൽപ്ര​വാ​ച​ക​ന്മാർ ഒരു യാഗം ഒരുക്കി. ദിവസം മുഴുവൻ അവർ അവരുടെ ദൈവത്തെ വിളിച്ചു: ‘ബാലേ, ഉത്തരമ​രു​ളേ​ണമേ!’ ബാൽ ഉത്തര​മൊ​ന്നും പറയാ​തി​രു​ന്ന​പ്പോൾ ഏലിയ അവരെ കളിയാ​ക്കി​ക്കൊണ്ട്‌ പറഞ്ഞു: ‘പറ്റാവു​ന്നത്ര ഉച്ചത്തിൽ വിളി​ച്ചു​നോക്ക്‌. ചില​പ്പോൾ ബാൽ ഉറങ്ങി​പ്പോ​യി​ട്ടു​ണ്ടാ​കും; അങ്ങനെ​യാ​ണെ​ങ്കിൽ ആരെങ്കി​ലും ബാലിനെ ഉണർത്തേ​ണ്ടി​വ​രും.’ വൈകു​ന്നേരം ആയി. ബാൽപ്ര​വാ​ച​ക​ന്മാർ ബാലിനെ വിളി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. എന്നിട്ടും മറുപ​ടി​യൊ​ന്നും ഉണ്ടായില്ല.

ഏലിയ തന്റെ യാഗവ​സ്‌തു യാഗപീ​ഠ​ത്തിൽ വെച്ച്‌ അതി​ന്റെ​യെ​ല്ലാം മുകളിൽ വെള്ളം ഒഴിച്ചു. എന്നിട്ട്‌ ഇങ്ങനെ പ്രാർഥി​ച്ചു: ‘യഹോവേ, അങ്ങാണു സത്യ​ദൈ​വ​മെന്നു ജനത്തിനു വെളി​പ്പെ​ടു​ത്തേ​ണമേ.’ ഉടനെ യാഗം ദഹിപ്പി​ക്കാ​നുള്ള തീ യഹോവ സ്വർഗ​ത്തിൽനിന്ന്‌ അയച്ചു. അപ്പോൾ ആളുകൾ ഒരുമിച്ച്‌, ‘യഹോ​വ​യാ​ണു സത്യ​ദൈവം!’ എന്നു വിളി​ച്ചു​പ​റ​യാൻതു​ടങ്ങി. ‘ബാലിന്റെ പ്രവാ​ച​ക​ന്മാർ ആരും രക്ഷപ്പെ​ടാൻ അനുവ​ദി​ക്ക​രുത്‌’ എന്ന്‌ ഏലിയ പറഞ്ഞു. 450 ബാൽപ്ര​വാ​ച​ക​ന്മാ​രാണ്‌ അന്നു കൊല്ല​പ്പെ​ട്ടത്‌.

ഒരു ചെറിയ മേഘം കടലിനു മുകളിൽ പ്രത്യ​ക്ഷ​പ്പെ​ട്ട​പ്പോൾ ഏലിയ ആഹാബി​നോ​ടു പറഞ്ഞു: ‘ഒരു കൊടു​ങ്കാ​റ്റു വരുന്നുണ്ട്‌. രഥം പൂട്ടി വീട്ടി​ലേക്ക്‌ പോകുക.’ ആകാശം മേഘങ്ങൾ നിറഞ്ഞ്‌ കറുത്ത്‌ ഇരുണ്ടു. കാറ്റു വീശി; ശക്തിയാ​യി മഴ പെയ്‌തു. അങ്ങനെ വരൾച്ച അവസാ​നി​ച്ചു. ആഹാബ്‌ തന്നെ​ക്കൊ​ണ്ടാ​കു​ന്നത്ര വേഗത്തിൽ രഥം ഓടിച്ചു. എന്നാൽ യഹോ​വ​യു​ടെ സഹായ​ത്താൽ ഏലിയ രഥത്തെ​ക്കാൾ വേഗത്തിൽ ഓടി. പക്ഷേ ഏലിയ​യു​ടെ പ്രശ്‌ന​ങ്ങ​ളെ​ല്ലാം തീർന്നോ? നമുക്കു നോക്കാം.

“യഹോവ എന്നു പേരുള്ള അങ്ങ്‌ മാത്രം മുഴു​ഭൂ​മി​ക്കും മീതെ അത്യു​ന്നതൻ എന്ന്‌ ആളുകൾ അറിയട്ടെ.”​—സങ്കീർത്തനം 83:18