വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 49

ദുഷ്ടരാ​ജ്ഞി​ക്കു കിട്ടിയ ശിക്ഷ

ദുഷ്ടരാ​ജ്ഞി​ക്കു കിട്ടിയ ശിക്ഷ

ആഹാബ്‌ രാജാ​വിന്‌ ജസ്രീ​ലി​ലെ തന്റെ കൊട്ടാ​ര​ത്തി​ന്റെ ജനലി​ലൂ​ടെ നോക്കു​മ്പോൾ ഒരു മുന്തി​രി​ത്തോ​ട്ടം കാണാ​മാ​യി​രു​ന്നു. നാബോത്ത്‌ എന്നു പേരുള്ള ഒരാളു​ടേ​താ​യി​രു​ന്നു അത്‌. ആ മുന്തി​രി​ത്തോ​ട്ടം കിട്ടാൻ ആഹാബിന്‌ ഒരു കൊതി! അതു വാങ്ങി​ക്കാൻ ആഹാബ്‌ നോക്കി. പക്ഷേ നാബോത്ത്‌ കൊടു​ക്കാൻ തയ്യാറാ​യില്ല. കാരണം പിതാ​ക്ക​ന്മാ​രിൽനിന്ന്‌ കൈമാ​റി​ക്കി​ട്ടിയ നിലം വിൽക്കു​ന്നത്‌ യഹോ​വ​യു​ടെ നിയമ​ത്തിന്‌ എതിരാ​യി​രു​ന്നു. ശരിയായ കാര്യം ചെയ്‌ത​തി​നു നാബോ​ത്തി​നോട്‌ ആഹാബിന്‌ ആദരവ്‌ തോന്നി​യോ? ഇല്ല. ആഹാബി​നു ഭയങ്കര​ദേ​ഷ്യം വന്നു. ആഹാബ്‌ ആകെ അസ്വസ്ഥ​നാ​യി. ഭക്ഷണം കഴിക്കാൻപോ​ലും കൂട്ടാ​ക്കാ​തെ ആഹാബ്‌ കിടപ്പു​മു​റി​യിൽത്ത​ന്നെ​യാ​യി​രു​ന്നു.

ആഹാബി​ന്റെ ഭാര്യ​യായ ഇസബേൽ എന്ന ദുഷ്ടരാ​ജ്ഞി പറഞ്ഞു: ‘അങ്ങാണ്‌ ഇസ്രാ​യേ​ലി​ലെ രാജാവ്‌. ഇഷ്ടമുള്ള എന്തും അങ്ങയ്‌ക്കു സ്വന്തമാ​ക്കാ​മ​ല്ലോ. നാബോ​ത്തി​ന്റെ നിലം അങ്ങയ്‌ക്കു നേടി​ത്ത​രുന്ന കാര്യം ഞാൻ ഏറ്റു.’ ഇസബേൽ നഗരത്തി​ലെ മൂപ്പന്മാർക്ക്‌ കത്തുകൾ എഴുതി. ദൈവത്തെ അപമാ​നി​ച്ചു എന്ന കുറ്റം ആരോ​പിച്ച്‌ നാബോ​ത്തി​നെ കല്ലെറിഞ്ഞ്‌ കൊല്ലാ​നാ​യി​രു​ന്നു കത്തിൽ എഴുതി​യി​രു​ന്നത്‌. ഇസബേൽ ആവശ്യ​പ്പെ​ട്ടതു മൂപ്പന്മാർ ചെയ്‌തു. പിന്നെ ഇസബേൽ ആഹാബി​നെ വിവരം അറിയി​ച്ചു: ‘നാബോ​ത്തി​ന്റെ കഥ കഴിഞ്ഞു. ഇനി മുന്തി​രി​ത്തോ​ട്ടം അങ്ങയു​ടേ​താണ്‌.’

നാബോ​ത്തി​നെ മാത്രമല്ല നിഷ്‌ക​ള​ങ്ക​രായ വേറെ​യും ആളുകളെ ഇസബേൽ കൊന്നി​ട്ടുണ്ട്‌. യഹോ​വയെ സ്‌നേ​ഹിച്ച അനേകർ അക്കൂട്ട​ത്തിൽപ്പെ​ടു​ന്നു. വിഗ്ര​ഹ​ങ്ങളെ ആരാധി​ച്ച​തി​നു പുറമേ മോശ​മായ മറ്റു പല കാര്യ​ങ്ങ​ളും ഇസബേൽ ചെയ്‌തു. ഇസബേൽ ചെയ്‌ത ചീത്ത കാര്യ​ങ്ങ​ളെ​ല്ലാം യഹോവ കാണു​ന്നു​ണ്ടാ​യി​രു​ന്നു. യഹോവ ഇസബേ​ലി​നെ എന്തു ചെയ്യും?

ആഹാബ്‌ മരിച്ച​ശേഷം മകൻ യഹോ​രാം രാജാ​വാ​യി. ഇസബേ​ലി​നെ​യും കുടും​ബ​ത്തെ​യും ശിക്ഷി​ക്കാൻ യേഹു എന്നു പേരുള്ള ഒരാളെ യഹോവ അയച്ചു.

യേഹു രഥം ഓടിച്ച്‌ ഇസബേൽ താമസി​ച്ചി​രുന്ന ജസ്രീ​ലി​ലേക്ക്‌ പോയി. യേഹു​വി​നെ കാണാൻ വന്ന യഹോ​രാം ചോദി​ച്ചു: ‘നീ വരുന്നതു സമാധാ​ന​ത്തി​നാ​ണോ?’ യേഹു പറഞ്ഞു: ‘നിന്റെ അമ്മ ഇസബേൽ ദുഷ്ടത ചെയ്യു​ന്നി​ട​ത്തോ​ളം എന്തു സമാധാ​നം!’ യഹോ​രാം തന്റെ രഥം തിരിച്ച്‌ കടന്നു​ക​ള​യാൻ ശ്രമിച്ചു. പക്ഷേ യേഹു യഹോ​രാ​മി​നെ അമ്പ്‌ എയ്‌തു. യഹോ​രാം മരിച്ചു.

പിന്നെ യേഹു ഇസബേ​ലി​ന്റെ കൊട്ടാ​ര​ത്തി​ലേക്കു പോയി. യേഹു വരു​ന്നെന്നു കേട്ട​പ്പോൾ ഇസബേൽ മുടി​യൊ​ക്കെ ചീകി, നന്നായിട്ട്‌ ഒരുങ്ങി മുകളി​ലത്തെ ജനലിന്റെ അടുത്ത്‌ കാത്തി​രു​ന്നു. യേഹു എത്തിയ​പ്പോൾ ഇസബേൽ മോശ​മായ വാക്കു​ക​ളോ​ടെ യേഹു​വി​നെ എതി​രേറ്റു. യേഹു ഇസബേ​ലി​ന്റെ കൂടെ​യുള്ള ദാസന്മാ​രോട്‌, ‘അവളെ താഴേക്ക്‌ തള്ളിയിട്‌!’ എന്നു വിളി​ച്ചു​പ​റഞ്ഞു. അവർ ഇസബേ​ലി​നെ ജനലിൽക്കൂ​ടി താഴേക്കു തള്ളിയി​ട്ടു. ഇസബേൽ മരിച്ചു.

അതിനു ശേഷം ആഹാബി​ന്റെ 70 ആൺമക്കളെ യേഹു കൊന്നു. ബാലാ​രാ​ധന നിറഞ്ഞ ദേശം ശുദ്ധീ​ക​രി​ക്കു​ക​യും ചെയ്‌തു. യഹോ​വയ്‌ക്ക്‌ എല്ലാം അറിയാ​മെ​ന്നും മോശ​മായ കാര്യങ്ങൾ ചെയ്യു​ന്ന​വരെ കൃത്യ​സ​മ​യത്ത്‌ യഹോവ ശിക്ഷി​ക്കു​മെ​ന്നും നിങ്ങൾക്കു മനസ്സി​ലാ​യോ?

“ആദ്യം അത്യാ​ഗ്ര​ഹ​ത്തോ​ടെ കൈക്ക​ലാ​ക്കിയ അവകാശം അവസാനം അനു​ഗ്ര​ഹ​മാ​യി​രി​ക്കില്ല.”​—സുഭാ​ഷി​തങ്ങൾ 20:21