വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 51

യോദ്ധാ​വും ചെറിയ പെൺകു​ട്ടി​യും

യോദ്ധാ​വും ചെറിയ പെൺകു​ട്ടി​യും

സിറിയ എന്ന ദേശത്ത്‌ ഇസ്രാ​യേൽക്കാ​രി​യായ ഒരു ചെറിയ പെൺകു​ട്ടി​യു​ണ്ടാ​യി​രു​ന്നു. വീട്ടിൽനി​ന്നും വീട്ടു​കാ​രിൽനി​ന്നും ഒക്കെ വളരെ അകലെ​യാ​യി​രു​ന്നു അവൾ. സിറിയൻ സൈന്യം അവളെ അവി​ടെ​നിന്ന്‌ പിടി​ച്ചു​കൊ​ണ്ടു​പോ​ന്ന​താണ്‌. സൈന്യാ​ധി​പ​നായ നയമാന്റെ ഭാര്യ​യു​ടെ പരിചാ​രി​ക​യാണ്‌ അവൾ ഇപ്പോൾ. ചുറ്റു​മു​ള്ള​വ​രൊ​ക്കെ യഹോ​വയെ ആരാധി​ക്കാ​ത്ത​വ​രാ​ണെ​ങ്കി​ലും ആ കൊച്ചു പെൺകു​ട്ടി യഹോ​വയെ ആരാധി​ച്ചു.

നയമാന്‌ തൊലി​പ്പു​റത്ത്‌ ഒരു രോഗം ഉണ്ടായി​രു​ന്നു. പേടി​പ്പെ​ടു​ത്തുന്ന ആ അസുഖം കാരണം നയമാന്‌ എപ്പോ​ഴും വല്ലാത്ത വേദന​യാ​യി​രു​ന്നു. ആ കൊച്ചു​പെൺകു​ട്ടി തന്റെ യജമാ​നനെ സഹായി​ക്കാൻ ആത്മാർഥ​മാ​യി ആഗ്രഹി​ച്ചു. അവൾ നയമാന്റെ ഭാര്യ​യോ​ടു പറഞ്ഞു: ‘യജമാ​നന്റെ രോഗം മാറ്റാൻ കഴിവുള്ള ഒരാളെ എനിക്ക​റി​യാം. ഇസ്രാ​യേ​ലി​ലുള്ള എലീശ പ്രവാ​ചകൻ. യഹോ​വ​യു​ടെ ആ പ്രവാ​ച​കന്‌ യജമാ​നനെ സുഖ​പ്പെ​ടു​ത്താ​നാ​കും.’

പെൺകു​ട്ടി പറഞ്ഞ കാര്യം ഭാര്യ നയമാ​നോ​ടു പറഞ്ഞു. രോഗം മാറു​ന്ന​തിന്‌ എന്തും ചെയ്യാൻ അയാൾ തയ്യാറാ​യി​രു​ന്നു. അതു​കൊണ്ട്‌ നയമാൻ ഇസ്രാ​യേ​ലി​ലുള്ള എലീശ​യു​ടെ വീട്ടി​ലേക്കു പോയി. തന്നെ ഒരു പ്രധാ​ന​പ്പെട്ട വ്യക്തി​യെ​പ്പോ​ലെ എലീശ സ്വീക​രി​ക്കു​മെ​ന്നാ​ണു നയമാൻ പ്രതീ​ക്ഷി​ച്ചത്‌. പക്ഷേ എലീശ നേരിട്ട്‌ വന്നു കാണാതെ നയമാ​നോ​ടു സംസാ​രി​ക്കാൻ ദാസനെ വിട്ടു. ഇങ്ങനെ​യൊ​രു സന്ദേശ​വും നൽകി: ‘പോയി യോർദാൻ നദിയിൽ ഏഴു തവണ കുളി​ക്കുക. അപ്പോൾ താങ്കളു​ടെ അസുഖം ഭേദമാ​കും.’

നയമാന്‌ ആകെ നിരാ​ശ​യാ​യി. നയമാൻ പറഞ്ഞു: ‘ഞാൻ വിചാ​രി​ച്ചത്‌ ഈ പ്രവാ​ചകൻ തന്റെ ദൈവത്തെ വിളിച്ച്‌ എന്റെ മേൽ കൈവീ​ശി അത്ഭുത​ക​ര​മാ​യി എന്നെ സുഖ​പ്പെ​ടു​ത്തു​മെ​ന്നാണ്‌. എന്നിട്ട്‌ ചെയ്‌ത​തോ? ഇസ്രാ​യേ​ലി​ലുള്ള ഒരു നദിയിൽ പോയി കുളി​ക്കാൻ എന്നോടു പറയുന്നു. ഇതി​നെ​ക്കാൾ എത്രയോ നല്ല നദികൾ സിറി​യ​യി​ലുണ്ട്‌. എനിക്ക്‌ അവിടെ പോയാൽ പോരേ?’ നയമാൻ ദേഷ്യ​ത്തോ​ടെ എലീശ​യു​ടെ വീട്ടിൽനിന്ന്‌ പോയി.

ശരിയാ​യി ചിന്തി​ക്കാൻ ദാസന്മാർ നയമാനെ സഹായി​ച്ചു. അവർ പറഞ്ഞു: ‘അസുഖം മാറാൻ അങ്ങ്‌ എന്തും ചെയ്യില്ലേ? പ്രവാ​ചകൻ ഇപ്പോൾ ആവശ്യ​പ്പെ​ട്ടത്‌ എത്ര ചെറിയ കാര്യ​മാണ്‌. അതൊന്നു ചെയ്‌തു​നോ​ക്കി​ക്കൂ​ടേ?’ നയമാൻ അവർ പറഞ്ഞതു​പോ​ലെ ചെയ്‌തു. യോർദാൻ നദിയിൽ പോയി ഏഴു പ്രാവ​ശ്യം മുങ്ങി. ഏഴാം തവണ മുങ്ങി​പ്പൊ​ങ്ങി​യ​പ്പോൾ അസുഖം പൂർണ​മാ​യും ഭേദമാ​യി. നന്ദി നിറഞ്ഞ ഹൃദയ​ത്തോ​ടെ നയമാൻ എലീശ​യു​ടെ അടുത്ത്‌ തിരികെ ചെന്ന്‌ പറഞ്ഞു: ‘യഹോ​വ​യാ​ണു സത്യ​ദൈ​വ​മെന്ന്‌ ഇപ്പോൾ എനിക്കു മനസ്സി​ലാ​യി.’ നയമാന്റെ അസുഖം ഭേദമാ​യി. നയമാൻ സുഖ​പ്പെട്ട്‌ തിരിച്ച്‌ വന്നപ്പോൾ ആ ഇസ്രാ​യേ​ല്യ​പെൺകു​ട്ടിക്ക്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും?

“ശിശു​ക്ക​ളു​ടെ​യും മുലകു​ടി​ക്കു​ന്ന​വ​രു​ടെ​യും വായിൽനിന്ന്‌ നീ സ്‌തുതി പൊഴി​ക്കു​ന്നു.”​—മത്തായി 21:16