വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 62

വലിയ മരം​പോ​ലെ ഒരു രാജ്യം

വലിയ മരം​പോ​ലെ ഒരു രാജ്യം

ഒരു രാത്രി നെബൂ​ഖദ്‌നേസർ പേടി​പ്പെ​ടു​ത്തുന്ന ഒരു സ്വപ്‌നം കണ്ടു. സ്വപ്‌ന​ത്തി​ന്റെ അർഥം വിശദീ​ക​രി​ക്കാൻ രാജാവ്‌ ജ്ഞാനികളെ വിളിച്ചുകൂട്ടി. പക്ഷേ ആർക്കും അതു വിശദീ​ക​രി​ക്കാ​നാ​യില്ല. അവസാനം രാജാവ്‌ ദാനി​യേ​ലി​നോ​ടു സംസാ​രി​ച്ചു.

നെബൂ​ഖദ്‌നേ​സർ ദാനി​യേ​ലി​നോ​ടു പറഞ്ഞു: ‘സ്വപ്‌ന​ത്തിൽ ഞാൻ ഒരു മരം കണ്ടു. അതു വളർന്ന്‌ ആകാശം​വരെ എത്തി. ഭൂമി​യിൽ എവി​ടെ​നിന്ന്‌ നോക്കി​യാ​ലും അതു കാണാ​മാ​യി​രു​ന്നു. അതിൽ മനോ​ഹ​ര​മായ ഇലകളും ധാരാളം പഴങ്ങളും ഉണ്ടായി​രു​ന്നു. മൃഗങ്ങൾ അതിന്റെ തണലിൽ വിശ്ര​മി​ച്ചു. കൊമ്പു​ക​ളിൽ പക്ഷികൾ കൂടു കൂട്ടി. അപ്പോൾ ഒരു ദൈവ​ദൂ​തൻ സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി വന്നു. ദൂതൻ വിളി​ച്ചു​പ​റഞ്ഞു: “ആ മരം വെട്ടി​യി​ടൂ! കൊമ്പു​കൾ മുറിക്കൂ! എന്നാൽ അതിന്റെ കുറ്റി വേരോ​ടെ നിലത്തെ പുല്ലു​കൾക്കി​ട​യിൽത്തന്നെ നിൽക്കട്ടെ. അതിനെ ചുറ്റി ഇരുമ്പു​കൊ​ണ്ടും ചെമ്പു​കൊ​ണ്ടും ഉള്ള പട്ട വെക്കണം. മരത്തിനു മനുഷ്യ​ഹൃ​ദയം മാറി മൃഗത്തി​ന്റെ ഹൃദയം കിട്ടും. അങ്ങനെ ഏഴു കാലം കടന്നു​പോ​കും. ദൈവ​മാ​ണു ഭരണാ​ധി​കാ​രി​യെ​ന്നും ഒരു രാജ്യ​ത്തി​ന്റെ ഭരണം തനിക്ക്‌ ഇഷ്ടമു​ള്ള​വനെ ഏൽപ്പി​ക്കാൻ ദൈവ​ത്തി​നു കഴിയു​മെ​ന്നും എല്ലാവ​രും അറിയും.”’

ആ സ്വപ്‌ന​ത്തി​ന്റെ അർഥം യഹോവ ദാനി​യേ​ലി​നു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു. അതു മനസ്സി​ലാ​യ​പ്പോൾ ദാനി​യേ​ലി​നു പേടി​യാ​യി. ദാനി​യേൽ പറഞ്ഞു: ‘രാജാവേ, ഈ സ്വപ്‌ന​ത്തിൽ കണ്ടത്‌ അങ്ങയുടെ ശത്രു​ക്കൾക്ക്‌ സംഭവി​ച്ചി​രു​ന്നെ​ങ്കിൽ എന്നു ഞാൻ ആശിച്ചു​പോ​കു​ന്നു. പക്ഷേ ഇത്‌ അങ്ങയെ​ക്കു​റി​ച്ചു​ള്ള​താണ്‌. വെട്ടി​യിട്ട ആ വലിയ മരം അങ്ങാണ്‌. അങ്ങയ്‌ക്ക്‌ രാജ്യം നഷ്ടമാ​കും. ഒരു കാട്ടു​മൃ​ഗ​ത്തെ​പ്പോ​ലെ അങ്ങ്‌ നിലത്തെ പുല്ലു തിന്നും. എന്നാൽ മരത്തിന്റെ കുറ്റി വേരോ​ടെ അവി​ടെ​ത്തന്നെ നിറു​ത്ത​ണ​മെന്നു ദൈവ​ദൂ​തൻ പറഞ്ഞതു​പോ​ലെ അങ്ങ്‌ വീണ്ടും രാജാ​വാ​കും.’

ഒരു വർഷം കഴിഞ്ഞ്‌ നെബൂ​ഖദ്‌നേസർ ബാബി​ലോ​ണി​ന്റെ മഹിമ​യൊ​ക്കെ ആസ്വദിച്ച്‌ രാജ​കൊ​ട്ടാ​ര​ത്തി​ന്റെ മുകളി​ലൂ​ടെ ഉലാത്തു​ക​യാ​യി​രു​ന്നു. രാജാവ്‌ പറഞ്ഞു: ‘ഞാൻ പണിത ഈ നഗരം എത്ര ഗംഭീ​ര​മാണ്‌! ഓ, ഞാൻ എത്ര മഹാനാണ്‌!’ രാജാവ്‌ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾത്തന്നെ സ്വർഗ​ത്തിൽനിന്ന്‌ ഒരു ശബ്ദം കേട്ടു: ‘നെബൂ​ഖദ്‌നേ​സറേ, ഇപ്പോൾ നിനക്ക്‌ രാജ്യം നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു!’

ആ നിമി​ഷം​തന്നെ സുബോ​ധം നഷ്ടപ്പെട്ട്‌ നെബൂ​ഖദ്‌നേസർ ഒരു കാട്ടു​മൃ​ഗ​ത്തെ​പ്പോ​ലെ​യാ​യി. രാജാ​വി​നു കൊട്ടാ​രം വിട്ട്‌ കാട്ടുമൃഗങ്ങളുടെകൂടെ ജീവി​ക്കേണ്ടി വന്നു. നെബൂ​ഖദ്‌നേ​സ​റി​ന്റെ രോമം കഴുകന്റെ തൂവൽപോ​ലെ നീണ്ടു; നഖം പക്ഷിയു​ടെ നഖം​പോ​ലെ​യും വളർന്നു.

അങ്ങനെ ഏഴു വർഷം കഴിഞ്ഞു. നെബൂ​ഖദ്‌നേ​സ​റി​നു സുബോ​ധം വീണ്ടു​കി​ട്ടി. യഹോവ നെബൂ​ഖദ്‌നേ​സ​റി​നെ ബാബി​ലോ​ണി​ന്റെ രാജാ​വാ​ക്കി. നെബൂ​ഖദ്‌നേസർ പറഞ്ഞു: ‘ഞാൻ സ്വർഗാ​ധി​സ്വർഗ​ങ്ങ​ളു​ടെ രാജാ​വായ യഹോ​വയെ വാഴ്‌ത്തു​ന്നു. യഹോ​വ​യാണ്‌ ഭരണാ​ധി​കാ​രി​യെന്ന്‌ എനിക്ക്‌ ഇപ്പോൾ മനസ്സി​ലാ​യി. അഹങ്കാ​രി​കളെ താഴ്‌ത്താ​നും ഒരു രാജ്യ​ത്തി​ന്റെ ഭരണം തനിക്ക്‌ ഇഷ്ടമു​ള്ള​വനെ ഏൽപ്പി​ക്കാ​നും ദൈവ​ത്തി​നു കഴിയും.’

“തകർച്ച​യ്‌ക്കു മുമ്പ്‌ അഹങ്കാരം; വീഴ്‌ച​യ്‌ക്കു മുമ്പ്‌ അഹംഭാ​വം.”​—സുഭാ​ഷി​തങ്ങൾ 16:18