വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 63

ഭിത്തി​യി​ലെ കൈ​യെ​ഴുത്ത്‌

ഭിത്തി​യി​ലെ കൈ​യെ​ഴുത്ത്‌

കുറച്ച്‌ കാലം കഴിഞ്ഞ്‌ ബേൽശസ്സർ ബാബി​ലോ​ണി​ന്റെ രാജാ​വാ​യി. ഒരു രാത്രി ദേശത്തെ പ്രധാ​നി​ക​ളിൽ ആയിരം പേരെ രാജാവ്‌ ഒരു വിരു​ന്നിന്‌ ക്ഷണിച്ചു. യഹോ​വ​യു​ടെ ആലയത്തിൽനിന്ന്‌ നെബൂ​ഖദ്‌നേസർ എടുത്ത സ്വർണ​പാ​ത്രങ്ങൾ കൊണ്ടു​വ​രാൻ രാജാവ്‌ ദാസന്മാ​രോ​ടു കല്‌പി​ച്ചു. ബേൽശ​സ്സ​രും അതിഥി​ക​ളും അതിൽനിന്ന്‌ കുടി​ക്കു​ക​യും തങ്ങളുടെ ദൈവ​ങ്ങളെ സ്‌തു​തി​ക്കു​ക​യും ചെയ്‌തു. പെട്ടെന്ന്‌ ഒരു മനുഷ്യ​ന്റെ കൈ പ്രത്യ​ക്ഷ​പ്പെട്ട്‌ ഊണു​മു​റി​യു​ടെ ഭിത്തി​യിൽ വിചി​ത്ര​മായ വാക്കുകൾ എഴുതാൻതു​ടങ്ങി.

ബേൽശസ്സർ പേടി​ച്ചു​വി​റച്ചു. രാജാവ്‌ തന്റെ മാന്ത്രി​കരെ വിളിച്ച്‌ ഇങ്ങനെ വാക്കു കൊടു​ത്തു: ‘ഈ എഴുതി​യി​രി​ക്കു​ന്നതു വായിച്ച്‌ അതിന്റെ അർഥം പറഞ്ഞു​ത​രു​ന്ന​യാ​ളെ ബാബി​ലോ​ണി​ലെ മൂന്നാ​മ​നാ​യി വാഴി​ക്കും.’ അവർ ശ്രമി​ച്ചെ​ങ്കി​ലും ആർക്കും അർഥം വിശദീ​ക​രി​ക്കാ​നാ​യില്ല. അപ്പോൾ രാജ്ഞി വന്ന്‌ പറഞ്ഞു: ‘ദാനി​യേൽ എന്നു പേരുള്ള ഒരാളുണ്ട്‌. അയാളാ​ണു നെബൂ​ഖദ്‌നേ​സ​റി​നു കാര്യ​ങ്ങ​ളൊ​ക്കെ വിശദീ​ക​രി​ച്ചു​കൊ​ടു​ത്തി​രു​ന്നത്‌. അങ്ങയ്‌ക്ക്‌ ഇതിന്റെ അർഥം വിശദീ​ക​രിച്ച്‌ തരാൻ ദാനി​യേ​ലി​നു കഴിയും.’

ദാനി​യേൽ രാജാ​വി​ന്റെ അടുത്ത്‌ വന്നു. ബേൽശസ്സർ ദാനി​യേ​ലി​നോ​ടു പറഞ്ഞു: ‘ഈ എഴുതി​യി​രി​ക്കു​ന്നതു വായിച്ച്‌ അർഥം പറഞ്ഞു​ത​ന്നാൽ ഞാൻ താങ്കൾക്ക്‌ ഒരു സ്വർണ​മാല തരാം. ബാബി​ലോ​ണി​ലെ മൂന്നാ​മ​നാ​യി വാഴി​ക്കു​ക​യും ചെയ്യാം.’ ദാനി​യേൽ പറഞ്ഞു: ‘സമ്മാന​മൊ​ന്നും തരേണ്ടാ. എങ്കിലും ഈ വാക്കു​ക​ളു​ടെ അർഥം ഞാൻ പറഞ്ഞു​ത​രാം. അങ്ങയുടെ അപ്പനായ നെബൂ​ഖദ്‌നേസർ അഹങ്കാ​രി​യാ​യി​രു​ന്നു. അതു​കൊണ്ട്‌ യഹോവ അദ്ദേഹത്തെ താഴ്‌ത്തി. അദ്ദേഹ​ത്തി​നു സംഭവി​ച്ച​തെ​ല്ലാം അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ. എന്നിട്ടും യഹോ​വ​യു​ടെ ആലയത്തിൽനിന്ന്‌ എടുത്ത സ്വർണ​പാ​ത്ര​ങ്ങ​ളിൽനിന്ന്‌ വീഞ്ഞു കുടി​ച്ചു​കൊണ്ട്‌ അങ്ങ്‌ യഹോ​വ​യോട്‌ അനാദ​രവ്‌ കാണിച്ചു. അതു​കൊണ്ട്‌ ദൈവം ഈ വാക്കുകൾ എഴുതി​യി​രി​ക്കു​ന്നു: മെനേ, മെനേ, തെക്കേൽ, പർസീൻ. ഈ വാക്കു​ക​ളു​ടെ അർഥം, മേദ്യ​രും പേർഷ്യ​ക്കാ​രും ബാബി​ലോൺ കീഴട​ക്കു​മെ​ന്നും അങ്ങ്‌ ഇനി രാജാ​വാ​യി​രി​ക്കില്ല എന്നും ആണ്‌.’

ബാബി​ലോ​ണി​നെ ആർക്കും ഒരിക്ക​ലും കീഴട​ക്കാൻ പറ്റി​ല്ലെ​ന്നാ​ണു കരുതി​യി​രു​ന്നത്‌. കാരണം നഗരത്തെ സംരക്ഷി​ക്കാൻ ചുറ്റും കനത്ത മതിലും ആഴമുള്ള നദിയും ഉണ്ടായി​രു​ന്നു. പക്ഷേ അന്നു രാത്രി മേദ്യ​രും പേർഷ്യ​ക്കാ​രും ബാബി​ലോ​ണി​നെ ആക്രമി​ച്ചു. പേർഷ്യൻ രാജാ​വായ കോ​രെശ്‌ നദിയു​ടെ ഒഴുക്ക്‌ തിരി​ച്ചു​വി​ട്ടു. അങ്ങനെ പടയാ​ളി​കൾക്കു നഗരക​വാ​ടം​വരെ എത്താൻ കഴിഞ്ഞു. അപ്പോൾ അതാ, കവാടങ്ങൾ തുറന്നു​കി​ട​ക്കു​ന്നു! സൈന്യം ഇരച്ചു​ക​യറി, നഗരം പിടി​ച്ച​ടക്കി. രാജാ​വി​നെ കൊന്നു​ക​ളഞ്ഞു. പിന്നെ കോ​രെശ്‌ ബാബി​ലോ​ണി​ന്റെ ഭരണാ​ധി​കാ​രി​യാ​യി.

ഒരു വർഷത്തി​നു​ള്ളിൽ കോ​രെശ്‌ പ്രഖ്യാ​പി​ച്ചു: ‘യരുശ​ലേ​മി​ലെ ദേവാ​ലയം പുതു​ക്കി​പ്പ​ണി​യ​ണ​മെന്നു യഹോവ എന്നോടു പറഞ്ഞി​ട്ടുണ്ട്‌. ആലയം പണിയാൻ ആഗ്രഹ​മുള്ള ജൂതന്മാർക്കു സഹായി​ക്കാ​നാ​യി അവിടെ പോകാം.’ അങ്ങനെ യഹോവ പറഞ്ഞതു​പോ​ലെ, യരുശ​ലേം നശിപ്പി​ക്ക​പ്പെട്ട്‌ 70 വർഷത്തി​നു ശേഷം അനേകം ജൂതന്മാർ സ്വന്തം നാട്ടി​ലേക്കു മടങ്ങി​വന്നു. ദേവാ​ല​യ​ത്തിൽനിന്ന്‌ നെബൂ​ഖദ്‌നേസർ എടുത്തു​കൊ​ണ്ടു​വന്ന സ്വർണ​പാ​ത്ര​ങ്ങ​ളും വെള്ളി​പ്പാ​ത്ര​ങ്ങ​ളും മറ്റു സാധന​സാ​മ​ഗ്രി​ക​ളും കോ​രെശ്‌ തിരിച്ച്‌ കൊടു​ത്തു​വി​ട്ടു. തന്റെ ജനത്തെ സഹായി​ക്കാൻ യഹോവ കോ​രെ​ശി​നെ ഉപയോ​ഗി​ച്ചത്‌ എങ്ങനെ​യെന്നു കണ്ടോ?

‘അവൾ വീണു​പോ​യി! ബാബി​ലോൺ എന്ന മഹതി വീണു​പോ​യി! അവൾ ഭൂതങ്ങ​ളു​ടെ പാർപ്പി​ടം ആയിത്തീർന്നി​രി​ക്കു​ന്നു.’​—വെളി​പാട്‌ 18:2