വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 66

എസ്ര ദൈവ​നി​യമം പഠിപ്പി​ച്ചു

എസ്ര ദൈവ​നി​യമം പഠിപ്പി​ച്ചു

ഇസ്രാ​യേ​ല്യ​രിൽ മിക്കവ​രും യരുശ​ലേ​മി​ലേക്കു മടങ്ങി​പ്പോ​യിട്ട്‌ ഏതാണ്ട്‌ 70 വർഷം കഴിഞ്ഞു. പക്ഷേ ചിലർ അപ്പോ​ഴും പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലാ​യി താമസി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അവരിൽ ഒരാളാ​യി​രു​ന്നു യഹോ​വ​യു​ടെ നിയമങ്ങൾ പഠിപ്പി​ച്ചി​രുന്ന എസ്ര പുരോ​ഹി​തൻ. മോശ​യി​ലൂ​ടെ ദൈവം കൊടുത്ത നിയമം യരുശ​ലേ​മി​ലു​ള്ളവർ അനുസ​രി​ക്കു​ന്നി​ല്ലെന്ന്‌ എസ്ര തിരി​ച്ച​റി​ഞ്ഞു. അതു​കൊണ്ട്‌ അവിടെ ചെന്ന്‌ അവരെ സഹായി​ക്ക​ണ​മെന്ന്‌ എസ്രയ്‌ക്കു തോന്നി. പേർഷ്യൻ രാജാ​വായ അർഥഹ്‌ശഷ്ട എസ്ര​യോ​ടു പറഞ്ഞു: ‘ദൈവം ജ്ഞാനം തന്നിട്ടു​ള്ള​തു​കൊണ്ട്‌ താങ്കൾക്ക്‌ ദൈവ​ത്തി​ന്റെ നിയമം പഠിപ്പി​ക്കാം. താങ്കൾ പൊയ്‌ക്കൊ​ള്ളൂ, കൂടെ പോരാൻ ആഗ്രഹി​ക്കു​ന്ന​വരെ കൊണ്ടു​പോ​കു​ക​യും ചെയ്യാം.’ യരുശ​ലേ​മി​ലേക്കു തിരികെ പോകാൻ താത്‌പ​ര്യ​മുള്ള എല്ലാവ​രെ​യും എസ്ര വിളി​ച്ചു​കൂ​ട്ടി. അങ്ങോ​ട്ടുള്ള ആ നീണ്ട യാത്ര​യു​ടെ മേൽ യഹോ​വ​യു​ടെ സംരക്ഷ​ണ​ത്തി​നാ​യി പ്രാർഥി​ച്ചിട്ട്‌ അവർ യാത്ര ആരംഭി​ച്ചു.

നാലു മാസത്തി​നു ശേഷം അവർ യരുശ​ലേ​മിൽ എത്തി. അവി​ടെ​യുള്ള പ്രഭു​ക്ക​ന്മാർ എസ്ര​യോ​ടു പറഞ്ഞു: ‘ഇസ്രാ​യേ​ല്യർ യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേട്‌ കാണിച്ചു. വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ക്കുന്ന സ്‌ത്രീ​കളെ അവർ കല്യാണം കഴിച്ചി​രി​ക്കു​ന്നു.’ എസ്ര എന്തു ചെയ്‌തു? ആളുകൾ കാൺകെ മുട്ടു​കു​ത്തി നിന്ന്‌ എസ്ര ഇങ്ങനെ പ്രാർഥി​ച്ചു: ‘യഹോവേ, അങ്ങ്‌ ഞങ്ങൾക്കു​വേണ്ടി വളരെ​യ​ധി​കം കാര്യങ്ങൾ ചെയ്‌തു. പക്ഷേ ഞങ്ങൾ അങ്ങയോ​ടു പാപം ചെയ്‌തു​പോ​യി.’ ആളുകൾ പശ്ചാത്ത​പി​ച്ചു. പക്ഷേ അവർ അപ്പോ​ഴും തെറ്റായ കാര്യങ്ങൾ ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. ഇതെക്കു​റിച്ച്‌ അന്വേ​ഷി​ക്കാൻ എസ്ര മൂപ്പന്മാ​രെ​യും ന്യായാ​ധി​പ​ന്മാ​രെ​യും നിയമി​ച്ചു. യഹോ​വയെ ആരാധി​ക്കാ​ത്ത​വ​രെ​യെ​ല്ലാം അടുത്ത മൂന്നു മാസം​കൊണ്ട്‌ പറഞ്ഞയച്ചു.

അങ്ങനെ പന്ത്രണ്ടു വർഷം കടന്നു​പോ​യി. അതിനി​ടെ യരുശ​ലേ​മി​ന്റെ മതിലു​കൾ പുതു​ക്കി​പ്പ​ണി​തു. ദൈവ​വ​ചനം വായിച്ച്‌ കേൾപ്പി​ക്കാൻ എസ്ര ആളുക​ളെ​യെ​ല്ലാം പൊതു​സ്ഥ​ലത്ത്‌ വിളി​ച്ചു​കൂ​ട്ടി. എസ്ര വായി​ക്കാൻ പുസ്‌തകം തുറന്ന​പ്പോൾ ആളുകൾ എഴു​ന്നേറ്റ്‌ നിന്നു. എസ്ര യഹോ​വയെ സ്‌തു​തി​ച്ചു. അതി​നോ​ടു യോജി​ച്ചു​കൊണ്ട്‌ ആളുകൾ കൈ ഉയർത്തി. പിന്നെ എസ്ര ദൈവ​നി​യമം വായിച്ച്‌ വിശദീ​ക​രി​ച്ചു. ആളുകൾ ശ്രദ്ധ​യോ​ടെ കേട്ടു. തങ്ങൾ വീണ്ടും യഹോ​വ​യിൽനിന്ന്‌ അകന്നു​പോ​യെന്നു തുറന്ന്‌ സമ്മതി​ച്ചു​കൊണ്ട്‌ അവരെ​ല്ലാം കരഞ്ഞു. പിറ്റേന്ന്‌ എസ്ര അവരെ കൂടുതൽ ദൈവ​നി​യ​മങ്ങൾ വായി​ച്ചു​കേൾപ്പി​ച്ചു. എത്രയും പെട്ടെന്ന്‌ കൂടാ​രോ​ത്സവം ആഘോ​ഷി​ക്ക​ണ​മെന്ന്‌ അവർക്കു മനസ്സി​ലാ​യി. ഉടനെ അവർ ആഘോ​ഷ​ത്തി​നുള്ള ഒരുക്കങ്ങൾ തുടങ്ങി.

ഉത്സവത്തി​ന്റെ ഏഴു ദിവസ​വും ജനം സന്തോ​ഷി​ച്ചു. നല്ല വിളവ്‌ നൽകി​യ​തിന്‌ അവർ യഹോ​വയ്‌ക്കു നന്ദി കൊടു​ത്തു. യോശു​വ​യു​ടെ കാലത്തി​നു ശേഷം ഇതു​പോ​ലൊ​രു കൂടാ​രോ​ത്സവം വേറെ നടന്നി​ട്ടി​ല്ലാ​യി​രു​ന്നു. ഉത്സവം കഴിഞ്ഞ്‌ ആളുകൾ ഒന്നിച്ചു​കൂ​ടി ഇങ്ങനെ പ്രാർഥി​ച്ചു: ‘യഹോവേ, അങ്ങ്‌ ഞങ്ങളെ അടിമ​ത്ത​ത്തിൽനിന്ന്‌ രക്ഷിച്ചു, മരുഭൂ​മി​യിൽ വെച്ച്‌ ഞങ്ങൾക്ക്‌ ആഹാരം തന്നു, ഈ മനോ​ഹ​ര​മായ ദേശവും ഞങ്ങൾക്കു തന്നു. പക്ഷേ ഞങ്ങൾ പിന്നെ​യും​പി​ന്നെ​യും അങ്ങയോട്‌ അനുസ​ര​ണ​ക്കേടു കാണിച്ചു. പ്രവാ​ച​ക​ന്മാ​രെ അയച്ച്‌ ഞങ്ങൾക്കു മുന്നറി​യി​പ്പു തന്നെങ്കി​ലും ഞങ്ങൾ ശ്രദ്ധി​ച്ചില്ല. എന്നിട്ടും അങ്ങ്‌ ഞങ്ങളോ​ടു ക്ഷമ കാണിച്ചു. അബ്രാ​ഹാ​മി​നോ​ടു ചെയ്‌ത വാഗ്‌ദാ​നം അങ്ങ്‌ പാലിച്ചു. അങ്ങയെ അനുസ​രി​ച്ചു​കൊ​ള്ളാ​മെന്നു ഞങ്ങളി​പ്പോൾ വാക്കു തരുന്നു.’ എന്നിട്ട്‌ ആ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം അവർ എഴുതി ഉണ്ടാക്കി. പ്രഭു​ക്ക​ന്മാ​രും ലേവ്യ​രും പുരോ​ഹി​ത​ന്മാ​രും അതിൽ മുദ്ര വെച്ചു.

“ദൈവ​ത്തി​ന്റെ വചനം കേട്ടനു​സ​രി​ക്കു​ന്ന​വ​രാണ്‌ അനുഗൃ​ഹീ​തർ.”​—ലൂക്കോസ്‌ 11:28