വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 67

യരുശ​ലേ​മി​ന്റെ മതിൽ

യരുശ​ലേ​മി​ന്റെ മതിൽ

നമുക്ക്‌ ഇപ്പോൾ ഏതാനും വർഷം പിന്നി​ലേക്കു പോകാം. അർഥഹ്‌ശഷ്ട രാജാ​വി​ന്റെ ഒരു ദാസനാ​യി​രു​ന്നു നെഹമ്യ എന്ന ഇസ്രാ​യേ​ല്യൻ. പേർഷ്യൻ നഗരമായ ശൂശനി​ലാ​ണു നെഹമ്യ താമസി​ച്ചി​രു​ന്നത്‌. നെഹമ്യ​യു​ടെ സഹോ​ദരൻ യഹൂദ​യിൽനിന്ന്‌ മോശ​മായ ഒരു വാർത്ത​യു​മാ​യി വന്നു: ‘യരുശ​ലേ​മി​ലേക്കു മടങ്ങി​പ്പോ​യവർ സുരക്ഷി​തരല്ല. ബാബി​ലോ​ണി​യർ നശിപ്പിച്ച നഗരമ​തി​ലു​ക​ളും കവാട​ങ്ങ​ളും ഇതുവരെ പുതു​ക്കി​പ്പ​ണി​തി​ട്ടില്ല.’ നെഹമ്യക്ക്‌ ആകെ വിഷമ​മാ​യി, യരുശ​ലേ​മിൽ പോയി അവരെ സഹായി​ക്ക​ണ​മെന്നു തോന്നി. അതു​കൊണ്ട്‌ രാജാ​വിൽനിന്ന്‌ അനുവാ​ദം കിട്ടാൻ നെഹമ്യ പ്രാർഥി​ച്ചു.

നെഹമ്യക്ക്‌ എന്തോ സങ്കടമു​ണ്ടെന്നു രാജാവ്‌ ശ്രദ്ധിച്ചു. രാജാവ്‌ ചോദി​ച്ചു: ‘ഇതിനു മുമ്പ്‌ ഒരിക്ക​ലും നിന്നെ ഇങ്ങനെ കണ്ടിട്ടി​ല്ല​ല്ലോ. എന്തു പറ്റി?’ നെഹമ്യ പറഞ്ഞു: ‘എന്റെ നഗരമായ യരുശ​ലേം നശിച്ചു​കി​ട​ക്കു​മ്പോൾ ഞാൻ എങ്ങനെ സങ്കട​പ്പെ​ടാ​തി​രി​ക്കും?’ രാജാവ്‌ ചോദി​ച്ചു: ‘ഞാൻ എന്താണു ചെയ്‌തു​ത​രേ​ണ്ടത്‌?’ ഉടനെ നെഹമ്യ മൗനമാ​യി പ്രാർഥി​ച്ചു. എന്നിട്ട്‌ പറഞ്ഞു: ‘നഗരമ​തിൽ പണിയാൻവേണ്ടി യരുശ​ലേ​മി​ലേക്കു പോകാൻ ദയവു​ചെയ്‌ത്‌ എന്നെ അനുവ​ദി​ക്കണം.’ അർഥഹ്‌ശഷ്ട പോകാ​നുള്ള അനുവാ​ദം കൊടു​ത്തു. അങ്ങോ​ട്ടുള്ള ആ നീണ്ട യാത്ര സുരക്ഷി​ത​മാ​യി​രി​ക്കാ​നുള്ള ക്രമീ​ക​ര​ണ​ങ്ങ​ളും ചെയ്‌തു. കൂടാതെ നെഹമ്യ​യെ യഹൂദ​യു​ടെ ഗവർണ​റാ​യി നിയമി​ക്കു​ക​യും നഗരക​വാ​ട​ങ്ങൾക്കുള്ള തടി നൽകു​ക​യും ചെയ്‌തു.

യരുശ​ലേ​മിൽ എത്തിയ നെഹമ്യ നഗരമ​തി​ലു​കൾ പരി​ശോ​ധി​ച്ചു. എന്നിട്ട്‌ പുരോ​ഹി​ത​ന്മാ​രെ​യും ഭരണാ​ധി​കാ​രി​ക​ളെ​യും വിളി​ച്ചു​കൂ​ട്ടി അവരോ​ടു പറഞ്ഞു: ‘ഇതു വളരെ ദയനീ​യ​മാണ്‌. നമുക്കു പണി തുടങ്ങണം.’ ആളുകൾ സമ്മതിച്ചു. അവർ മതിൽ പുതു​ക്കി​പ്പ​ണി​യാൻതു​ടങ്ങി.

എന്നാൽ ഇസ്രാ​യേ​ല്യ​രു​ടെ ശത്രുക്കൾ അവരെ കളിയാ​ക്കി. അവർ പറഞ്ഞു: ‘നിങ്ങൾ പണിയുന്ന ഈ മതിൽ തകർക്കാൻ ഒരു കുറുക്കൻ മതി.’ ജോലി​ക്കാർ അതൊ​ന്നും വകവെ​ച്ചില്ല. അവർ മതിൽ കെട്ടി​പ്പൊ​ക്കു​ന്ന​തിൽ തുടർന്നു. മതിൽ ശക്തമാ​യി​ക്കൊ​ണ്ടി​രു​ന്നു!

പല ദിക്കിൽനി​ന്നും വന്ന്‌ യരുശ​ലേം നഗരത്തെ ഓർക്കാ​പ്പു​റത്ത്‌ ആക്രമി​ക്കാൻ ശത്രുക്കൾ തീരു​മാ​നി​ച്ചു. അതെക്കു​റിച്ച്‌ അറിഞ്ഞ ജൂതന്മാർ ആകെ പേടി​ച്ചു​പോ​യി. എന്നാൽ നെഹമ്യ പറഞ്ഞു: ‘ഒന്നും പേടി​ക്കേണ്ടാ. യഹോവ നമ്മുടെ കൂടെ​യുണ്ട്‌.’ ജോലി​ക്കാ​രെ സംരക്ഷി​ക്കാൻവേണ്ടി നെഹമ്യ കാവൽക്കാ​രെ നിയമി​ച്ചു. അതു​കൊണ്ട്‌ ശത്രു​ക്കൾക്ക്‌ ആക്രമി​ക്കാൻ കഴിഞ്ഞില്ല.

വെറും 52 ദിവസം​കൊണ്ട്‌ മതിലി​ന്റെ​യും വാതി​ലു​ക​ളു​ടെ​യും പണി പൂർത്തി​യാ​യി. ഉദ്‌ഘാ​ട​ന​ത്തി​നു​വേണ്ടി നെഹമ്യ എല്ലാ ലേവ്യ​രെ​യും യരുശ​ലേ​മി​ലേക്കു കൊണ്ടു​വന്നു. അവരെ പാട്ടു​കാ​രു​ടെ രണ്ടു കൂട്ടമാ​യി തിരിച്ചു. ഉറവ കവാട​ത്തി​ന്റെ അടുത്തുള്ള പടികൾ കയറി അവർ മതിലി​നു മുകളിൽ എത്തി. അവി​ടെ​നിന്ന്‌ രണ്ടു കൂട്ടവും നഗരത്തെ ചുറ്റി രണ്ടു ദിശയി​ലേക്കു നീങ്ങി. അവർ കാഹളം ഊതി, ഇലത്താ​ള​വും കിന്നര​വും വായിച്ചു, യഹോ​വയ്‌ക്കു സ്‌തുതി പാടി. ഒരു കൂട്ട​ത്തോ​ടൊ​പ്പം എസ്രയും മറ്റേ കൂട്ട​ത്തോ​ടൊ​പ്പം നെഹമ്യ​യും ഉണ്ടായി​രു​ന്നു. ആലയത്തിൽവെച്ച്‌ രണ്ടു കൂട്ടരും കൂടി കണ്ടു. എല്ലാവ​രും—പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും—യഹോ​വയ്‌ക്കു ബലികൾ അർപ്പിച്ച്‌ ഒരു വലിയ ആഘോ​ഷം​തന്നെ നടത്തി. അവരുടെ സന്തോ​ഷാ​രവം അങ്ങു ദൂരെ​വരെ കേൾക്കാ​മാ​യി​രു​ന്നു.

“നിനക്ക്‌ എതിരെ ഉണ്ടാക്കുന്ന ഒരു ആയുധ​വും ഫലിക്കില്ല.”​—യശയ്യ 54:17