വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 69

ഗബ്രി​യേൽ മറിയയെ സന്ദർശി​ക്കു​ന്നു

ഗബ്രി​യേൽ മറിയയെ സന്ദർശി​ക്കു​ന്നു

എലിസ​ബ​ത്തിന്‌ ചെറു​പ്പ​ക്കാ​രി​യായ ഒരു ബന്ധു ഉണ്ടായി​രു​ന്നു. പേര്‌ മറിയ. ഗലീല​യി​ലെ നസറെത്ത്‌ എന്ന നഗരത്തി​ലാ​ണു മറിയ താമസി​ച്ചി​രു​ന്നത്‌. ഒരു മരപ്പണി​ക്കാ​ര​നായ യോ​സേ​ഫു​മാ​യി മറിയ​യു​ടെ വിവാഹം നിശ്ചയി​ച്ചി​രു​ന്നു. എലിസ​ബത്ത്‌ ആറു മാസം ഗർഭി​ണി​യാ​യി​രി​ക്കു​മ്പോൾ ദൈവ​ദൂ​ത​നായ ഗബ്രി​യേൽ മറിയയ്‌ക്കു പ്രത്യ​ക്ഷ​പ്പെട്ടു. ദൂതൻ പറഞ്ഞു: ‘മറിയേ, നമസ്‌കാ​രം! യഹോ​വയ്‌ക്കു നിന്നോ​ടു വളരെ പ്രീതി തോന്നി​യി​രി​ക്കു​ന്നു.’ ഗബ്രി​യേൽ പറഞ്ഞതി​ന്റെ അർഥം മറിയയ്‌ക്കു മനസ്സി​ലാ​യില്ല. ദൂതൻ മറിയ​യോ​ടു പറഞ്ഞു: ‘നീ ഗർഭി​ണി​യാ​യി ഒരു മകനെ പ്രസവി​ക്കും. അവന്‌ യേശു എന്നു പേരി​ടണം. അവൻ രാജാ​വാ​യി ഭരിക്കും. അവന്റെ ഭരണത്തിന്‌ അവസാ​ന​മു​ണ്ടാ​കില്ല.’

മറിയ പറഞ്ഞു: ‘പക്ഷേ എന്റെ കല്യാണം കഴിഞ്ഞി​ട്ടി​ല്ല​ല്ലോ? പിന്നെ എങ്ങനെയാ എനിക്കു കുട്ടി​ക​ളു​ണ്ടാ​കുക?’ ഗബ്രി​യേൽ പറഞ്ഞു: ‘യഹോ​വയ്‌ക്ക്‌ ഒരു കാര്യ​വും അസാധ്യ​മല്ല. പരിശു​ദ്ധാ​ത്മാവ്‌ നിന്റെ മേൽ വരും. അങ്ങനെ നിനക്ക്‌ ഒരു മകനു​ണ്ടാ​കും. നിന്റെ ബന്ധുവായ എലിസ​ബ​ത്തും ഗർഭി​ണി​യാണ്‌.’ അപ്പോൾ മറിയ പറഞ്ഞു: ‘യഹോ​വ​യു​ടെ ദാസി​യായ ഞാൻ ഇതാ. അങ്ങ്‌ പറഞ്ഞതു​പോ​ലെ എനിക്കു സംഭവി​ക്കട്ടെ.’

എലിസ​ബ​ത്തി​നെ കാണാൻ മറിയ മലനാ​ട്ടി​ലെ ഒരു നഗരത്തി​ലേക്കു പോയി. മറിയ വന്ന്‌ അഭിവാ​ദ്യം ചെയ്‌ത​പ്പോൾ തന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞ്‌ തുള്ളി​യത്‌ എലിസ​ബത്ത്‌ അറിഞ്ഞു. പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ്‌ എലിസ​ബത്ത്‌ പറഞ്ഞു: ‘മറിയേ, യഹോവ നിന്നെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. കർത്താ​വി​ന്റെ അമ്മ എന്നെ കാണാൻ വന്നല്ലോ. എത്ര വലിയ ഒരനു​ഗ്രഹം!’ മറിയ പറഞ്ഞു: ‘ഞാൻ മുഴു​മ​ന​സ്സോ​ടു​കൂ​ടെ യഹോ​വയെ സ്‌തു​തി​ക്കു​ന്നു.’ മറിയ എലിസ​ബ​ത്തി​ന്റെ​കൂ​ടെ മൂന്നു മാസം താമസി​ച്ചിട്ട്‌ നസറെ​ത്തി​ലുള്ള വീട്ടി​ലേക്കു പോയി.

മറിയ ഗർഭി​ണി​യാ​ണെന്ന്‌ അറിഞ്ഞ​പ്പോൾ മറിയയെ വിവാഹം കഴി​ക്കേണ്ടാ എന്നു യോ​സേ​ഫി​നു തോന്നി. എന്നാൽ ഒരു ദൈവ​ദൂ​തൻ യോ​സേ​ഫിന്‌ സ്വപ്‌ന​ത്തിൽ പ്രത്യ​ക്ഷ​പ്പെട്ട്‌ ഇങ്ങനെ പറഞ്ഞു: ‘അവളെ വിവാഹം കഴിക്കാൻ പേടി​ക്കേണ്ടാ. അവൾ ഒരു തെറ്റും ചെയ്‌തി​ട്ടില്ല.’ അതു​കൊണ്ട്‌ യോ​സേഫ്‌ മറിയയെ കല്യാണം കഴിച്ച്‌ വീട്ടി​ലേക്കു കൊണ്ടു​വന്നു.

“സ്വർഗ​ത്തി​ലും ഭൂമി​യി​ലും, സമു​ദ്ര​ങ്ങ​ളി​ലും അഗാധ​ങ്ങ​ളി​ലും യഹോവ തനിക്ക്‌ ഇഷ്ടമു​ള്ള​തെ​ല്ലാം ചെയ്യുന്നു.”​—സങ്കീർത്തനം 135:6