വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 71

യഹോവ യേശു​വി​നെ സംരക്ഷി​ച്ചു

യഹോവ യേശു​വി​നെ സംരക്ഷി​ച്ചു

ഇസ്രാ​യേ​ലി​നു കിഴക്കുള്ള ഒരു ദേശത്ത്‌ താമസി​ച്ചി​രുന്ന ആളുകൾ വിശ്വ​സി​ച്ചി​രു​ന്നത്‌ നക്ഷത്ര​ങ്ങൾക്കു തങ്ങളെ വഴി കാട്ടാൻ കഴിയു​മെ​ന്നാണ്‌. കിഴക്കു​നി​ന്നുള്ള ചിലർ ഒരു രാത്രി, നല്ല പ്രകാ​ശ​മുള്ള നക്ഷത്രംപോലെ എന്തോ ഒന്ന്‌ ആകാശ​ത്തു​കൂ​ടി നീങ്ങു​ന്നതു കണ്ടു. അവർ അതിനെ പിന്തു​ടർന്നു. ഈ ‘നക്ഷത്രം’ അവരെ യരുശ​ലേ​മി​ലേക്കു നയിച്ചു. അവർ ആളുക​ളോട്‌ ഇങ്ങനെ ചോദി​ക്കാൻതു​ടങ്ങി: ‘ജൂതന്മാ​രു​ടെ രാജാ​വാ​കാൻപോ​കുന്ന കുട്ടി എവി​ടെ​യാണ്‌? ഞങ്ങൾ അവന്റെ മുന്നിൽ കുമ്പി​ടാൻ വന്നതാണ്‌.’

യരുശ​ലേം​രാ​ജാ​വായ ഹെരോദ്‌ ഒരു പുതിയ രാജാ​വി​നെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ ആകെ അസ്വസ്ഥ​നാ​യി. ഹെരോദ്‌ മുഖ്യ​പു​രോ​ഹി​ത​ന്മാ​രോട്‌, ‘ഈ രാജാവ്‌ എവി​ടെ​യാ​യി​രി​ക്കും ജനിക്കു​ന്നത്‌’ എന്നു ചോദി​ച്ചു. ‘പ്രവാ​ച​ക​ന്മാർ പറഞ്ഞത​നു​സ​രിച്ച്‌ ബേത്ത്‌ലെ​ഹെ​മിൽ’ എന്ന്‌ അവർ പറഞ്ഞു. അതു​കൊണ്ട്‌ ഹെരോദ്‌ കിഴക്കു​നി​ന്നുള്ള ആ ആളുകളെ വിളി​ച്ചിട്ട്‌ പറഞ്ഞു: ‘ബേത്ത്‌ലെ​ഹെ​മി​ലേക്കു പോയി കുട്ടിയെ കണ്ടുപി​ടി​ക്കുക. എന്നിട്ട്‌ മടങ്ങി വന്ന്‌ അവൻ എവി​ടെ​യു​ണ്ടെന്നു പറയണം. എനിക്കും അവന്റെ മുന്നിൽ കുമ്പി​ടണം.’ അത്‌ ഒരു കള്ളമാ​യി​രു​ന്നു.

ആ ‘നക്ഷത്രം’ വീണ്ടും നീങ്ങാൻതു​ടങ്ങി. അവർ ബേത്ത്‌ലെ​ഹെം വരെ അതിനെ പിന്തു​ടർന്നു. ഒരു വീടിനു മുകളിൽ എത്തിയ​പ്പോൾ ‘നക്ഷത്രം’ നിന്നു. അവർ വീടിന്‌ അകത്ത്‌ ചെന്ന്‌ യേശു​വി​നെ​യും അമ്മ മറിയ​യെ​യും കണ്ടു. അവർ കുട്ടി​യു​ടെ മുന്നിൽ കുമ്പിട്ടു; സ്വർണം, കുന്തി​രി​ക്കം, മീറ എന്നിവ സമ്മാന​മാ​യി കൊടു​ത്തു. യേശു​വി​നെ കണ്ടുപി​ടി​ക്കാൻ ഈ ആളുകളെ അയച്ചത്‌ ശരിക്കും യഹോ​വ​യാ​യി​രു​ന്നോ? അല്ല.

ആ രാത്രി ഒരു സ്വപ്‌ന​ത്തിൽ യഹോവ യോ​സേ​ഫി​നോ​ടു പറഞ്ഞു: ‘ഹെരോദ്‌ യേശു​വി​നെ കൊല്ലാൻനോ​ക്കു​ന്നു. അതു​കൊണ്ട്‌ ഭാര്യ​യെ​യും മകനെ​യും കൂട്ടി വേഗം ഈജിപ്‌തി​ലേക്കു പോകുക. സാഹച​ര്യം മാറി മടങ്ങി​വ​രാ​റാ​കു​മ്പോൾ ഞാൻ പറയാം. അതുവരെ അവി​ടെ​ത്തന്നെ താമസി​ക്കണം.’ ഉടനെ യോ​സേ​ഫും കുടും​ബ​വും ഈജിപ്‌തി​ലേക്കു പോയി.

കിഴക്കു​നി​ന്നു​ള്ള ആളുക​ളോട്‌ ഹെരോ​ദി​ന്റെ അടു​ത്തേക്കു തിരികെ പോക​രു​തെന്ന്‌ യഹോവ പറഞ്ഞി​രു​ന്നു. അവർ തിരി​ച്ചു​വ​രു​ന്നി​ല്ലെന്നു കണ്ടപ്പോൾ ഹെരോ​ദിന്‌ വല്ലാതെ ദേഷ്യം വന്നു. യേശു​വി​നെ കണ്ടുപി​ടി​ക്കാൻ കഴിയാ​ത്ത​തു​കൊണ്ട്‌ ബേത്ത്‌ലെ​ഹെ​മിൽ യേശു​വി​ന്റെ പ്രായ​ത്തി​ലുള്ള എല്ലാ ആൺകു​ഞ്ഞു​ങ്ങ​ളെ​യും കൊന്നു​ക​ള​യാൻ ഹെരോദ്‌ ആജ്ഞാപി​ച്ചു. പക്ഷേ യേശു, അങ്ങ്‌ ദൂരെ ഈജിപ്‌തിൽ സുരക്ഷി​ത​നാ​യി​രു​ന്നു.

കുറച്ച്‌ നാളുകൾ കഴിഞ്ഞ്‌ ഹെരോദ്‌ മരിച്ചു. യഹോവ യോ​സേ​ഫി​നോ​ടു പറഞ്ഞു: ‘ഇനി നിങ്ങൾക്കു പേടി​ക്കാ​തെ മടങ്ങി​പ്പോ​കാം.’ യോ​സേ​ഫും മറിയ​യും യേശു​വും ഇസ്രാ​യേ​ലി​ലേക്കു തിരി​ച്ചു​പോ​യി. നസറെത്ത്‌ നഗരത്തിൽ അവർ താമസ​മാ​ക്കി.

“എന്റെ വായിൽനിന്ന്‌ പുറ​പ്പെ​ടുന്ന വാക്കും അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കും. .  . . ഞാൻ അയച്ച കാര്യം ഉറപ്പാ​യും നടത്തും!”​—യശയ്യ 55:11