വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 74

യേശു മിശി​ഹ​യാ​യി​ത്തീ​രു​ന്നു

യേശു മിശി​ഹ​യാ​യി​ത്തീ​രു​ന്നു

‘എന്നെക്കാൾ വലിയവൻ വരുന്നു’ എന്നു യോഹ​ന്നാൻ പ്രസം​ഗി​ക്കുന്ന സമയം. ഏകദേശം 30 വയസ്സാ​യ​പ്പോൾ യേശു ഗലീല​യിൽനിന്ന്‌ യോർദാൻ നദീതീ​ര​ത്തേക്കു ചെന്നു. യോഹ​ന്നാൻ അവിടെ ആളുകളെ സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. തന്നെയും യോഹ​ന്നാൻ സ്‌നാ​ന​പ്പെ​ടു​ത്ത​ണ​മെന്നു യേശു ആഗ്രഹി​ച്ചു. പക്ഷേ യോഹ​ന്നാൻ പറഞ്ഞു: ‘ഞാൻ നിന്നെയല്ല, നീ എന്നെയാ​ണു സ്‌നാ​ന​പ്പെ​ടു​ത്തേ​ണ്ടത്‌.’ യേശു യോഹ​ന്നാ​നോ​ടു പറഞ്ഞു: ‘നീ എന്നെ സ്‌നാ​ന​പ്പെ​ടു​ത്താ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌.’ അവർ യോർദാൻ നദിയി​ലേക്ക്‌ ഇറങ്ങി. യോഹ​ന്നാൻ യേശു​വി​നെ വെള്ളത്തിൽ പൂർണ​മാ​യി മുക്കി.

യേശു വെള്ളത്തിൽനിന്ന്‌ കയറി​യിട്ട്‌ പ്രാർഥി​ച്ചു. ആ നിമിഷം ആകാശം തുറന്നു. ദൈവ​ത്തി​ന്റെ ആത്മാവ്‌ പ്രാവു​പോ​ലെ യേശു​വി​ന്റെ മേൽ വന്നു. തുടർന്ന്‌ യഹോവ സ്വർഗ​ത്തിൽനിന്ന്‌ ഇങ്ങനെ പറഞ്ഞു: ‘നീ എന്റെ പ്രിയ​പു​ത്രൻ. നിന്നിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു.’

യഹോ​വ​യു​ടെ ആത്മാവ്‌ യേശു​വി​ന്റെ മേൽ വന്നപ്പോൾ യേശു, മിശിഹ അഥവാ ക്രിസ്‌തു ആയിത്തീർന്നു. യഹോവ യേശു​വി​നെ ഏൽപ്പിച്ച ജോലി തുടങ്ങാ​നുള്ള സമയമാ​യി.

സ്‌നാ​ന​പ്പെട്ട ഉടനെ യേശു വിജന​ഭൂ​മി​യിൽ ചെന്ന്‌ 40 ദിവസം അവിടെ കഴിഞ്ഞു. മടങ്ങി വന്ന യേശു യോഹ​ന്നാ​നെ കാണാൻ പോയി. യേശു അടു​ത്തേക്കു വരുന്നതു കണ്ട്‌ യോഹ​ന്നാൻ പറഞ്ഞു: ‘ലോക​ത്തി​ന്റെ പാപം നീക്കി​ക്ക​ള​യുന്ന ദൈവ​ത്തി​ന്റെ കുഞ്ഞാട്‌!’ ഇതു പറഞ്ഞതി​ലൂ​ടെ യേശു​വാ​ണു മിശി​ഹ​യെന്നു യോഹ​ന്നാൻ ആളുകളെ അറിയി​ക്കു​ക​യാ​യി​രു​ന്നു. വിജന​ഭൂ​മി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​വിന്‌ എന്തു സംഭവി​ച്ചെന്നു നിങ്ങൾക്ക്‌ അറിയാ​മോ? നമുക്ക്‌ അതു കണ്ടുപി​ടി​ക്കാം.

“‘നീ എന്റെ പ്രിയ​പു​ത്രൻ, നിന്നിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു’ എന്ന്‌ ആകാശ​ത്തു​നിന്ന്‌ ഒരു ശബ്ദവും ഉണ്ടായി.”​—മർക്കോസ്‌ 1:11