വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 78

യേശു ദൈവ​രാ​ജ്യ​സ​ന്ദേശം അറിയി​ക്കു​ന്നു

യേശു ദൈവ​രാ​ജ്യ​സ​ന്ദേശം അറിയി​ക്കു​ന്നു

യേശു സ്‌നാ​ന​മേറ്റ്‌ അധികം വൈകാ​തെ, ‘ദൈവ​രാ​ജ്യം അടുത്തി​രി​ക്കു​ന്നു’ എന്നു പ്രസം​ഗി​ക്കാൻതു​ടങ്ങി. ഗലീല​യി​ലും യഹൂദ്യ​യി​ലും യേശു യാത്ര ചെയ്യു​മ്പോൾ ശിഷ്യ​ന്മാ​രും ഒപ്പം പോയി. തന്റെ ജന്മനാ​ടായ നസറെ​ത്തിൽ തിരികെ എത്തിയ യേശു സിന​ഗോ​ഗിൽ ചെന്ന്‌ യശയ്യ പ്രവാ​ച​കന്റെ ചുരുൾ തുറന്ന്‌ ഉച്ചത്തിൽ ഇങ്ങനെ വായിച്ചു: ‘സന്തോ​ഷ​വാർത്ത അറിയി​ക്കാൻ യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ എനിക്കു തന്നിരി​ക്കു​ന്നു.’ യേശു അത്ഭുതങ്ങൾ ചെയ്‌ത്‌ കാണാൻ ആളുകൾക്ക്‌ ആഗ്രഹ​മു​ണ്ടെ​ങ്കി​ലും, യേശു​വി​നു പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ത്തതു മുഖ്യ​മാ​യും സന്തോ​ഷ​വാർത്ത അറിയി​ക്കാ​നാണ്‌ എന്നായി​രു​ന്നു അതിന്‌ അർഥം. എന്നിട്ട്‌ യേശു തന്റെ കേൾവി​ക്കാ​രോ​ടു പറഞ്ഞു: ‘ഈ പ്രവചനം ഇന്നു നിറ​വേ​റി​യി​രി​ക്കു​ന്നു!’

യേശു അടുത്ത​താ​യി ഗലീല​ക്ക​ടൽക്ക​ര​യി​ലേക്കു പോയി. അവിടെ യേശു, പിന്നീടു തന്റെ ശിഷ്യ​ന്മാ​രാ​യി​ത്തീർന്ന നാലു മീൻപി​ടു​ത്ത​ക്കാ​രെ കണ്ടു. ‘എന്റെ കൂടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​ക്കാം’ എന്നു പറഞ്ഞ്‌ യേശു അവരെ ക്ഷണിച്ചു. പത്രോസ്‌, അന്ത്ര​യോസ്‌, യാക്കോബ്‌, യോഹ​ന്നാൻ എന്നിവ​രാ​യി​രു​ന്നു അവർ. ഉടനെ അവർ മീൻപി​ടു​ത്ത​മൊ​ക്കെ ഉപേക്ഷിച്ച്‌ യേശു​വി​നെ അനുഗ​മി​ച്ചു. അവർ ഗലീല​യി​ലെ​ങ്ങും യാത്ര ചെയ്‌ത്‌ യഹോ​വ​യു​ടെ രാജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ച്ചു. സിന​ഗോ​ഗു​ക​ളി​ലും ചന്തസ്ഥല​ത്തും തെരു​വു​ക​ളി​ലും അവർ പ്രസം​ഗി​ച്ചു. അവർ പോയി​ട​ത്തെ​ല്ലാം ഒരു വലിയ ജനക്കൂട്ടം അവരെ പിന്തു​ടർന്നു. യേശു​വി​നെ​ക്കു​റി​ച്ചുള്ള വാർത്ത എല്ലായി​ട​ത്തും പരന്നു; അങ്ങു ദൂരെ സിറി​യ​യിൽപ്പോ​ലും എത്തി.

പിന്നീട്‌ യേശു തന്റെ ശിഷ്യ​ന്മാ​രിൽ ചിലർക്ക്‌ ആളുകളെ സുഖ​പ്പെ​ടു​ത്താ​നും ഭൂതങ്ങളെ പുറത്താ​ക്കാ​നും ഉള്ള ശക്തി കൊടു​ത്തു. മറ്റുള്ളവർ, യേശു ഓരോ​രോ നഗരങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും പ്രസം​ഗി​ച്ച​പ്പോൾ ഒപ്പം പോയി. മഗ്‌ദ​ല​ക്കാ​രി മറിയ, യോഹന്ന, സൂസന്ന എന്നിവ​രെ​പ്പോ​ലെ വിശ്വസ്‌ത​രായ പല സ്‌ത്രീ​ക​ളും അതു​പോ​ലെ മറ്റുള്ള​വ​രും, യേശു​വി​നും ശിഷ്യ​ന്മാർക്കും വേണ്ട​തെ​ല്ലാം ചെയ്‌തു​കൊ​ടു​ത്തു.

വേണ്ട പരിശീ​ലനം കൊടു​ത്തിട്ട്‌ യേശു ശിഷ്യ​ന്മാ​രെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ അയച്ചു. അവർ ഗലീല​യി​ലെ​ങ്ങും പ്രവർത്തി​ച്ചു. പുതു​താ​യി അനേകർ സ്‌നാ​ന​മേറ്റ്‌ ശിഷ്യ​ന്മാ​രാ​യി. ധാരാളം പേർ ശിഷ്യ​ന്മാ​രാ​കാൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ യേശു അവരെ വിളഞ്ഞു​കി​ട​ക്കുന്ന ഒരു വയലി​നോ​ടാണ്‌ ഉപമി​ച്ചത്‌. യേശു പറഞ്ഞു: ‘വിള​വെ​ടു​പ്പി​നു​വേണ്ടി കൂടുതൽ പണിക്കാ​രെ അയയ്‌ക്കാൻ യഹോ​വ​യോ​ടു പ്രാർഥി​ക്കുക.’ പിന്നീട്‌ യേശു 70 ശിഷ്യ​ന്മാ​രെ തിര​ഞ്ഞെ​ടുത്ത്‌ യഹൂദ്യ​യി​ലെ​ല്ലാം ദൈവ​രാ​ജ്യ​സ​ന്ദേശം അറിയി​ക്കാൻ ഈരണ്ടു പേരെ വീതം അയച്ചു. അവർ എല്ലാ തരം ആളുക​ളെ​യും പഠിപ്പി​ച്ചു. മടങ്ങി വന്നപ്പോൾ ശിഷ്യ​ന്മാർക്ക്‌, നടന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം യേശു​വി​നോ​ടു പറയാൻ വലിയ ഉത്സാഹ​മാ​യി​രു​ന്നു. പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു തടയി​ടാൻ പിശാച്‌, പഠിച്ച പണി പതി​നെ​ട്ടും നോക്കി; പക്ഷേ കഴിഞ്ഞില്ല.

താൻ സ്വർഗ​ത്തി​ലേക്കു മടങ്ങി പോയ​തി​നു ശേഷവും തന്റെ ശിഷ്യ​ന്മാർ ഈ പ്രധാ​ന​പ്പെട്ട വേല തുടരു​മെന്ന്‌ യേശു ഉറപ്പാക്കി. യേശു അവരോ​ടു പറഞ്ഞു: ‘ഭൂമി​യി​ലെ​ങ്ങും സന്തോ​ഷ​വാർത്ത അറിയി​ക്കുക. ആളുകളെ ദൈവ​വ​ചനം പഠിപ്പി​ക്കുക, സ്‌നാ​ന​പ്പെ​ടു​ത്തുക.’

“മറ്റു നഗരങ്ങ​ളി​ലും എനിക്കു ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കേ​ണ്ട​തുണ്ട്‌. അതിനു​വേ​ണ്ടി​യാണ്‌ എന്നെ അയച്ചി​രി​ക്കു​ന്നത്‌.”​—ലൂക്കോസ്‌ 4:43