വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 79

യേശു പല അത്ഭുത​ങ്ങ​ളും ചെയ്യുന്നു

യേശു പല അത്ഭുത​ങ്ങ​ളും ചെയ്യുന്നു

ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ക്കാ​നാ​ണു യേശു ഭൂമി​യി​ലേക്കു വന്നത്‌. അത്ഭുതങ്ങൾ ചെയ്യാൻ യഹോവ യേശു​വി​നു പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ത്തു. യേശു രാജാ​വാ​കു​മ്പോൾ എന്തെല്ലാം ചെയ്യു​മെന്നു കാണി​ക്കാ​നാ​യി​രു​ന്നു അത്‌. ഏതു രോഗ​വും സുഖ​പ്പെ​ടു​ത്താൻ യേശു​വി​നു കഴിയു​മാ​യി​രു​ന്നു. യേശു എവിടെ പോയാ​ലും രോഗി​കൾ യേശു​വി​നെ തേടി വന്നിരു​ന്നു. അവരെ​യെ​ല്ലാം യേശു സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. അന്ധർക്കു കാഴ്‌ച​യും ബധിരർക്കു കേൾവി​ശ​ക്തി​യും കിട്ടി. തളർന്നു​പോ​യ​വർക്കു നടക്കാൻ കഴിഞ്ഞു. ഭൂതങ്ങ​ളു​ടെ പിടി​യി​ലാ​യി​രു​ന്നവർ അതിൽനിന്ന്‌ സ്വത​ന്ത്ര​രാ​യി. യേശു​വി​ന്റെ വസ്‌ത്ര​ത്തി​ന്റെ അറ്റത്ത്‌ ഒന്നു തൊട്ടാൽപ്പോ​ലും അവർ സുഖം​പ്രാ​പി​ക്കു​മാ​യി​രു​ന്നു. യേശു പോകു​ന്നി​ട​ത്തൊ​ക്കെ ആളുകൾ യേശു​വി​നെ അനുഗ​മി​ച്ചു. ഒറ്റയ്‌ക്കാ​യി​രി​ക്കാൻ ആഗ്രഹി​ച്ച​പ്പോൾപ്പോ​ലും യേശു അവരെ ആരെയും മടക്കി അയച്ചില്ല.

ഒരിക്കൽ ആളുകൾ ശരീരം തളർന്നു​പോയ ഒരാളെ യേശു താമസി​ക്കു​ന്നി​ടത്ത്‌ കൊണ്ടു​വന്നു. ആളുകൾ തിങ്ങി​നി​റ​ഞ്ഞി​രു​ന്ന​തു​കൊണ്ട്‌ അവർക്ക്‌ അകത്ത്‌ കടക്കാ​നാ​യില്ല. അതു​കൊണ്ട്‌ അവർ മേൽക്കൂ​ര​യിൽ മതിയായ ഒരു ദ്വാരം ഉണ്ടാക്കി​യിട്ട്‌ അയാളെ യേശു​വി​ന്റെ അടുത്താ​യി താഴേക്ക്‌ ഇറക്കി. അപ്പോൾ യേശു അയാ​ളോ​ടു പറഞ്ഞു: ‘എഴു​ന്നേറ്റ്‌ നടക്കുക.’ അയാൾ എഴു​ന്നേറ്റ്‌ നടന്ന​പ്പോൾ ആളുകൾ അതിശ​യി​ച്ചു.

മറ്റൊ​രി​ക്കൽ യേശു ഒരു ഗ്രാമ​ത്തിൽ ചെന്ന​പ്പോൾ പത്തു കുഷ്‌ഠ​രോ​ഗി​കൾ ദൂരത്ത്‌ നിന്നു​കൊണ്ട്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: ‘യേശുവേ, ഞങ്ങളെ സഹായി​ക്കണേ!’ അക്കാലത്ത്‌ കുഷ്‌ഠ​രോ​ഗി​കൾക്കു മറ്റുള്ള​വ​രു​ടെ അടുത്ത്‌ വരാൻ അനുവാ​ദ​മി​ല്ലാ​യി​രു​ന്നു. അവരോ​ടു ദേവാ​ല​യ​ത്തി​ലേക്കു പോകാൻ യേശു പറഞ്ഞു. കുഷ്‌ഠ​രോ​ഗം മാറു​മ്പോൾ അങ്ങനെ ചെയ്യണ​മെന്ന്‌ യഹോ​വ​യു​ടെ നിയമം ആവശ്യ​പ്പെ​ട്ടി​രു​ന്നു. അങ്ങോട്ടു പോകുന്ന വഴിക്ക്‌ അവരുടെ അസുഖം മാറി. തന്റെ കുഷ്‌ഠ​രോ​ഗം മാറി​യെന്ന്‌ മനസ്സി​ലാ​യ​പ്പോൾ അവരിൽ ഒരാൾ യേശു​വി​നോ​ടു നന്ദി പറയാ​നും ദൈവത്തെ സ്‌തു​തി​ക്കാ​നും വേണ്ടി തിരിച്ച്‌ വന്നു. ആ പത്തു പേരിൽ ഈ ഒരാൾ മാത്ര​മാ​ണു യേശു​വി​നോ​ടു നന്ദി പറഞ്ഞത്‌.

12 വർഷമാ​യി രോഗ​ത്താൽ വലഞ്ഞി​രുന്ന ഒരു സ്‌ത്രീ എങ്ങനെ​യും രോഗം മാറി​ക്കി​ട്ടാൻ ആഗ്രഹി​ച്ചു. ജനക്കൂ​ട്ട​ത്തിന്‌ ഇടയി​ലൂ​ടെ ആ സ്‌ത്രീ യേശു​വി​ന്റെ പുറകിൽ ചെന്ന്‌ പുറങ്കു​പ്പാ​യ​ത്തി​ന്റെ അറ്റത്ത്‌ തൊട്ടു. അപ്പോൾത്തന്നെ അവരുടെ രോഗം ഭേദമാ​യി. യേശു ചോദി​ച്ചു: ‘ആരാണ്‌ എന്നെ തൊട്ടത്‌?’ സ്‌ത്രീ ആകെ പേടി​ച്ചു​പോ​യി; എങ്കിലും മുന്നോ​ട്ടു വന്ന്‌ യേശു​വി​നോ​ടു സത്യം പറഞ്ഞു. യേശു ആ സ്‌ത്രീ​യെ ആശ്വസി​പ്പി​ച്ചു​കൊണ്ട്‌, ‘മകളേ, സമാധാ​ന​ത്തോ​ടെ പൊയ്‌ക്കൊ​ള്ളൂ’ എന്നു പറഞ്ഞു.

യായീ​റൊസ്‌ എന്നു പേരുള്ള ഒരു ഉദ്യോ​ഗസ്ഥൻ യേശു​വി​നോട്‌ ഇങ്ങനെ അപേക്ഷി​ച്ചു: ‘എന്റെ വീട്ടി​ലേക്കു വരാമോ? എന്റെ മോൾക്കു തീരെ സുഖമില്ല.’ പക്ഷേ യേശു യായീ​റൊ​സി​ന്റെ വീട്ടിൽ എത്തുന്ന​തി​നു മുമ്പേ കുട്ടി മരിച്ചു. യേശു എത്തിയ​പ്പോൾ വീട്ടി​ലു​ള്ള​വ​രും അവി​ടെ​യുള്ള മറ്റ്‌ അനേക​രും കരയു​ന്നതു കണ്ടു. യേശു അവരോ​ടു പറഞ്ഞു: ‘കരയേണ്ടാ. അവൾ ഉറങ്ങു​ക​യാണ്‌.’ എന്നിട്ട്‌ ആ പെൺകു​ട്ടി​യു​ടെ കൈ പിടിച്ച്‌ യേശു പറഞ്ഞു: ‘മോളേ, എഴു​ന്നേൽക്ക്‌!’ ഉടനെ അവൾ എഴു​ന്നേ​റ്റി​രു​ന്നു. അവളുടെ അപ്പനും അമ്മയ്‌ക്കും അപ്പോൾ എന്തു തോന്നി​ക്കാ​ണു​മെന്ന്‌ ഒന്ന്‌ ആലോ​ചി​ച്ചു​നോ​ക്കൂ! യേശു അവളുടെ മാതാ​പി​താ​ക്ക​ളോട്‌ കഴിക്കാൻ അവൾക്ക്‌ എന്തെങ്കി​ലും കൊടു​ക്കാൻ പറഞ്ഞു.

“യേശു​വി​നെ ദൈവം പരിശു​ദ്ധാ​ത്മാ​വി​നാ​ലും ശക്തിയാ​ലും അഭി​ഷേകം ചെയ്‌തെ​ന്നും ദൈവം കൂടെ​യു​ണ്ടാ​യി​രു​ന്ന​തി​നാൽ യേശു ദേശം മുഴുവൻ സഞ്ചരിച്ച്‌ നല്ല കാര്യങ്ങൾ ചെയ്യു​ക​യും പിശാച്‌ കഷ്ടപ്പെ​ടു​ത്തി​യി​രുന്ന എല്ലാവ​രെ​യും സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തെ​ന്നും ഉള്ള വാർത്ത നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ.”​—പ്രവൃ​ത്തി​കൾ 10:38