വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 86

യേശു ലാസറി​നെ ഉയിർപ്പി​ക്കു​ന്നു

യേശു ലാസറി​നെ ഉയിർപ്പി​ക്കു​ന്നു

ബഥാന്യ​യിൽ യേശു​വിന്‌ മൂന്ന്‌ ഉറ്റ ചങ്ങാതി​മാ​രു​ണ്ടാ​യി​രു​ന്നു. ലാസറും ലാസറി​ന്റെ പെങ്ങന്മാ​രായ മറിയ​യും മാർത്ത​യും. ഒരിക്കൽ യേശു യോർദാ​ന്റെ മറുക​ര​യിൽ ആയിരു​ന്ന​പ്പോൾ മറിയ​യും മാർത്ത​യും യേശു​വിന്‌ അടിയ​ന്തി​ര​മാ​യി ഒരു സന്ദേശം അയച്ചു: ‘ലാസറി​നു തീരെ വയ്യാ. എത്രയും പെട്ടെന്ന്‌ ഇവി​ടെ​വരെ ഒന്നു വരാമോ?’ പക്ഷേ യേശു ഉടനെ പോയില്ല. രണ്ടു ദിവസം കഴിഞ്ഞ​പ്പോൾ യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: ‘നമുക്കു ബഥാന്യ​യി​ലേക്കു പോകാം. ലാസർ ഉറങ്ങു​ക​യാണ്‌. ഞാൻ ചെന്ന്‌ അവനെ ഉണർത്തട്ടെ.’ അപ്പോസ്‌ത​ല​ന്മാർ പറഞ്ഞു: ‘ഉറങ്ങു​ന്നത്‌ അസുഖം മാറാൻ നല്ലതാണ്‌.’ അപ്പോൾ യേശു അവരോ​ടു വ്യക്തമാ​യി പറഞ്ഞു: ‘ലാസർ മരിച്ചു​പോ​യി.’

യേശു ബഥാന്യ​യിൽ എത്തിയ​പ്പോൾ ലാസറി​നെ അടക്കി​യിട്ട്‌ നാലു ദിവസം കഴിഞ്ഞി​രു​ന്നു. മാർത്ത​യെ​യും മറിയ​യെ​യും ആശ്വസി​പ്പി​ക്കാൻ ധാരാളം ആളുകൾ ഉണ്ടായി​രു​ന്നു. യേശു എത്തി​യെന്ന്‌ അറിഞ്ഞ ഉടനെ മാർത്ത കാണാൻ ഓടി​ച്ചെന്നു. മാർത്ത പറഞ്ഞു: ‘കർത്താവേ, അങ്ങ്‌ ഇവി​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ എന്റെ ആങ്ങള മരിക്കി​ല്ലാ​യി​രു​ന്നു.’ യേശു പറഞ്ഞു: ‘നിന്റെ ആങ്ങള വീണ്ടും ജീവി​ക്കും. മാർത്തേ, നീ അതു വിശ്വ​സി​ക്കു​ന്നു​ണ്ടോ?’ മാർത്ത പറഞ്ഞു: ‘അവസാ​ന​നാ​ളി​ലെ പുനരു​ത്ഥാ​ന​ത്തിൽ ലാസർ എഴു​ന്നേ​റ്റു​വ​രു​മെന്ന്‌ എനിക്ക്‌ അറിയാം.’ യേശു മാർത്ത​യോട്‌, ‘ഞാനാണു പുനരു​ത്ഥാ​ന​വും ജീവനും’ എന്നു പറഞ്ഞു.

എന്നിട്ട്‌ മാർത്ത ചെന്ന്‌ മറിയ​യോട്‌, ‘യേശു വന്നിട്ടുണ്ട്‌’ എന്നു പറഞ്ഞു. മറിയ യേശു​വി​ന്റെ അടു​ത്തേക്ക്‌ ഓടി​ച്ചെന്നു. പുറകേ അവിടെ കൂടി​യി​രുന്ന ആളുക​ളും. മറിയ യേശു​വി​ന്റെ കാൽക്കൽ വീണു. മറിയയ്‌ക്ക്‌ കരച്ചിൽ അടക്കാ​നാ​യില്ല. മറിയ പറഞ്ഞു: ‘കർത്താവേ, അങ്ങ്‌ ഇവി​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ ഞങ്ങളുടെ ആങ്ങള ഇപ്പോ​ഴും ജീവ​നോ​ടെ ഉണ്ടായി​രു​ന്നേനേ.’ മറിയ എത്രമാ​ത്രം സങ്കട​പ്പെ​ടു​ന്നെന്നു കണ്ടപ്പോൾ യേശു​വും കരയാൻതു​ടങ്ങി. യേശു കരയു​ന്നതു കണ്ടിട്ട്‌ ആളുകൾ പറഞ്ഞു: ‘യേശു​വിന്‌ ലാസറി​നെ എത്ര ഇഷ്ടമാ​യി​രു​ന്നെന്നു കണ്ടോ!’ പക്ഷേ മറ്റു ചിലർ ഇങ്ങനെ​യും പറഞ്ഞു: ‘ഇയാൾ എന്താ സ്വന്തം കൂട്ടു​കാ​രനെ രക്ഷിക്കാ​തി​രു​ന്നത്‌?’ യേശു ഇപ്പോൾ എന്തു ചെയ്യു​മാ​യി​രു​ന്നു?

യേശു കല്ലറയി​ലേക്കു പോയി. അതിന്റെ വാതിൽ ഒരു വലിയ കല്ലു​കൊണ്ട്‌ അടച്ചി​രു​ന്നു. ‘ഈ കല്ല്‌ ഉരുട്ടി​മാ​റ്റൂ’ എന്നു യേശു കല്‌പി​ച്ചു. മാർത്ത പറഞ്ഞു: ‘പക്ഷേ നാലു ദിവസ​മാ​യ​ല്ലോ. ദുർഗന്ധം കാണും.’ എങ്കിലും അവർ കല്ല്‌ ഉരുട്ടി​മാ​റ്റി. യേശു അപ്പോൾ ഇങ്ങനെ പ്രാർഥി​ച്ചു: ‘പിതാവേ, അങ്ങ്‌ എന്റെ അപേക്ഷ കേട്ടതി​നു നന്ദി. അങ്ങ്‌ എപ്പോ​ഴും എന്റെ അപേക്ഷ കേൾക്കാ​റു​ണ്ടെന്ന്‌ എനിക്ക്‌ അറിയാം. എന്നാൽ അങ്ങാണ്‌ എന്നെ അയച്ച​തെന്ന്‌ ഈ ആളുകൾ അറിയാൻവേ​ണ്ടി​യാണ്‌ ഞാൻ ഉച്ചത്തിൽ ഇങ്ങനെ പറയു​ന്നത്‌.’ എന്നിട്ട്‌ യേശു ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: ‘ലാസറേ, പുറത്ത്‌ വരൂ!’ അപ്പോൾ അത്ഭുത​പ്പെ​ടു​ത്തുന്ന ഒരു കാര്യം സംഭവി​ച്ചു: ലാസർ കല്ലറയിൽനിന്ന്‌ പുറത്ത്‌ വന്നു. ദേഹം മുഴുവൻ അപ്പോ​ഴും തുണി ചുറ്റി​യി​രു​ന്നു. യേശു പറഞ്ഞു: ‘അവന്റെ കെട്ട്‌ അഴിക്കൂ, അവൻ പോകട്ടെ.’

ഇതു കണ്ട്‌ പലരും യേശു​വിൽ വിശ്വ​സി​ച്ചു. പക്ഷേ ചിലർ പരീശ​ന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ ഇതെക്കു​റിച്ച്‌ പറഞ്ഞു. അതോടെ പരീശ​ന്മാർക്കു ലാസറി​നെ​യും യേശു​വി​നെ​യും കൊല്ല​ണ​മെ​ന്നാ​യി. 12 അപ്പോസ്‌ത​ല​ന്മാ​രിൽ ഒരാളായ യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ പരീശ​ന്മാ​രു​ടെ അടുത്ത്‌ രഹസ്യ​മാ​യി ചെന്ന്‌ ഇങ്ങനെ ചോദി​ച്ചു: ‘യേശു​വി​നെ കണ്ടുപി​ടി​ക്കാൻ സഹായി​ച്ചാൽ നിങ്ങൾ എനിക്ക്‌ എന്തു തരും?’ 30 വെള്ളി​ക്കാശ്‌ കൊടു​ക്കാ​മെന്ന്‌ അവർ സമ്മതിച്ചു. യേശു​വി​നെ പരീശ​ന്മാ​രു​ടെ കൈയിൽ ഏൽപ്പി​ക്കാ​നുള്ള അവസര​ത്തി​നാ​യി യൂദാസ്‌ നോക്കി​ക്കൊ​ണ്ടി​രു​ന്നു.

“സത്യ​ദൈവം നമ്മുടെ രക്ഷകനായ ദൈവ​മ​ല്ലോ; പരമാ​ധി​കാ​രി​യാം യഹോവ മരണത്തിൽനിന്ന്‌ രക്ഷിക്കു​ന്നു.”​—സങ്കീർത്തനം 68:20